Jan 25 • 12M

മിന്നലേറ്റാല്‍ 'മിന്നല്‍ മുരളി'യാകുമോ? സയന്‍സെന്ത്?

മിന്നലേറ്റാല്‍ ശരീരത്തിലെത്തുന്നത് മെഗാവാട്ട് കണക്കിന് വൈദ്യുതി-ഇത് സത്യമോ?

4
2
 
1.0×
0:00
-11:47
Open in playerListen on);
Episode details
2 comments

'ഒരാള്‍ക്ക് ഇടിമിന്നലേറ്റാല്‍ മെഗാവാട്ട് കണക്കിനാണ് പവര്‍ അയാളുടെ ശരീരത്തിലേക്ക് കയറുന്നത്. ഇത് കാര്‍ഡിയാക് അറസ്റ്റ്, ലംഗ്സ് ഫെയിലിയര്‍, സ്പൈനല്‍കോര്‍ഡ് ഡാമേജ്, ശക്തമായ പൊള്ളല്‍.. ദൈവാദീനം കൊണ്ട് ഇതൊന്നും സംഭവിച്ചിട്ടില്ല,'മലയാളക്കര മാത്രമല്ല ഇന്ത്യയൊട്ടൊക്കും തരംഗമായി മാറിയ ബേസില്‍ ജോസഫിന്റെ മിന്നല്‍ മുരളിയിലെ മാമുക്കോയ അവതരിപ്പിച്ച ഡോക്ടര്‍ കഥാപാത്രം മിന്നലേറ്റ് കിടക്കുന്ന ജെയ്സണിന്റെ ബന്ധുക്കളോടും നാട്ടുകാരോടും പറയുന്ന ഡയലോഗാണിത്.

നമ്മളില്‍ പലര്‍ക്കും ഇതൊരു പുതിയ അറിവായിരുന്നു. മിന്നലേറ്റാല്‍ ഷോക്കടിക്കും എന്നല്ലാതെ ശരീരത്തിലെത്തുന്ന വൈദ്യുതിയുടെ അളവും ശരീരത്തെ അത് എങ്ങനെയാണ് ബാധിക്കുന്നതെന്നും മിക്കവര്‍ക്കും വേണ്ടത്ര ബോധ്യമില്ല. മിന്നലേറ്റ് പ്രതിവര്‍ഷം ആയിരക്കണക്കിന് ആളുകളാണ് ലോകത്ത് മരണപ്പെടുന്നത്. അതേസമയം മിന്നലേല്‍ക്കുന്ന പത്തില്‍ ഒമ്പതുപേരും രക്ഷപ്പെടുന്നു എന്നത് ആശ്വാസകരമാണ്. എങ്കിലും ഇവര്‍ അതിജീവിച്ച മിന്നലാക്രമണം അത്യന്തം ഭീകരമാണ്. മിന്നലെന്ന നൈമിഷക പ്രതിഭാസത്തിന്റെ ശക്തി അതനുഭവിച്ചവര്‍ക്ക് മാത്രമേ അറിയൂ.

ഏതായാലും സിനിമയില്‍ മിന്നലേറ്റ് സൂപ്പര്‍ഹീറോസ് ആയി മാറിയ ജെയ്സണിനെയും ഷിബുവിനെയും പോലെ മിന്നലേറ്റാല്‍ സൂപ്പര്‍ പവറൊന്നും കിട്ടില്ലെന്നത് വീട്ടിലെ മിന്നല്‍മുരളി ഫാന്‍സിനെയൊക്കെ പറഞ്ഞ് മനസിലാക്കുന്നത് നല്ലതാണ്. ബൊളീവിയയിലെ ചയാന്തയില്‍ സ്പൈഡര്‍മാന്‍ ആകുമെന്ന പ്രതീക്ഷയില്‍ വിഷമുള്ള എട്ടുകാലിയെ കൊണ്ട് കടിപ്പിച്ച് എട്ടും പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരന്മാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ വാര്‍ത്ത കഴിഞ്ഞ വര്‍ഷം നാം കേട്ടതാണ്. സ്പൈഡര്‍മാന്‍ സിനിമയില്‍ എട്ടുകാലി കടിച്ചതിന് ശേഷമാണല്ലോ പീറ്റര്‍ പാര്‍ക്കറിന് അമാനുഷിക ശക്തി കൈവരുന്നതും സൂപ്പര്‍ഹീറോ ആയി മാറുന്നതും.

മിന്നല്‍ പക്ഷേ എട്ടുകാലിയെ പോലെയല്ല, ദശലക്ഷക്കണക്കിന് വോള്‍ട്ട് വൈദ്യുതിയും വഹിച്ചാണ് അതിന്റെ വരവ്. തന്റെ പാതയിലുള്ള എന്തിനെയും ദഹിപ്പിക്കാനുള്ള ശക്തിയുണ്ട് അതിന്. അതിനാല്‍ മിന്നലേറ്റാല്‍ എന്താണ് സംഭവിക്കുകയെന്ന് കൃത്യമായ ബോധ്യം നമുക്ക് വേണം. അത് വീട്ടിലെ കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് പറഞ്ഞ് കൊടുക്കുകയും വേണം. മിന്നലേറ്റാല്‍ ശരീരത്തിന് സംഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് സയന്‍സ് ഇന്‍ഡിക്കയുമായി പങ്കുവെക്കുകയാണ് ഡോ. അശ്വതി സോമന്‍.

മിന്നലേറ്റാല്‍ എന്തെല്ലാം സംഭവിക്കാം

മിന്നലേല്‍ക്കുന്ന രീതിയും വൈദ്യുതിയുടെ തോതും എത്രനേരം മിന്നലേറ്റു എന്നതും അനുസരിച്ച് മിന്നല്‍ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. അതേസമയം ചിലയാളുകള്‍ പലതവണ മിന്നലിനെ അതിജീവിച്ച സംഭവങ്ങളും ഉണ്ട്. ഉദാഹരണത്തിന് അമേരിക്കക്കാരനായ റോയ് ക്ലീവ്ലന്‍ഡ് സള്ളിവന്‍ എന്ന വ്യക്തിക്ക് 1942നും 1977നും ഇടയില്‍ ഏഴ് തവണ മിന്നലേറ്റിട്ടും അദ്ദേഹം അതിനെയെല്ലാം അതിജീവിച്ചു. 'ഹ്യൂമണ്‍ ലൈറ്റനിംഗ് കണ്ടക്ടര്‍' അഥവാ വൈദ്യുതി കടത്തിവിടുന്ന മനുഷ്യന്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. പക്ഷേ അത്തരം സംഭവങ്ങള്‍ വളരെ അപൂര്‍വ്വമാണ്. മിന്നലേല്‍ക്കുന്ന പത്ത് ശതമാനം ആളുകളും മരണപ്പെടുന്നുണ്ട് എന്ന് ഓര്‍ക്കുന്നത് നല്ലതാണ്.

പൊതുവെ മിന്നല്‍സമയത്തെ വെളിച്ചം, ചൂട്, വൈദ്യുതി, വായുവിന്റെ മര്‍ദ്ദത്തിലുള്ള വ്യതിയാനം (ബാരോട്രോമ) എന്നിവയെ അടിസ്ഥാനമാക്കി മിന്നല്‍ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ നാലായി തരംതിരിക്കാം.

മിന്നല്‍ വെളിച്ചം മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ - മിന്നല്‍ വെളിച്ചം പ്രധാനമായും കണ്ണുകള്‍ക്ക് കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. കണ്ണിലെ യൂവിയക്ക് സംഭവിക്കുന്ന കേടുപാട്, സിസ്റ്റിക് മാകുലാര്‍ എഡിമ, നേത്രപടലം വിട്ടുവരിക, ഒരു തരത്തിലുള്ള തിമിരം തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഇങ്ങനെ ഉണ്ടാകാറുണ്ട്. ചിലരില്‍ മിന്നല്‍ വെളിച്ചം മൂലം കാഴ്ച നഷ്ടപ്പെടുന്ന സ്ഥിതി വരെ ഉണ്ടാകാറുണ്ട്.

മിന്നല്‍ സമയത്തെ ചൂടേറ്റുള്ള അപകടങ്ങള്‍-8000 മുതല്‍ 15000 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് മിന്നലിന് ഉണ്ടാകാമെന്നാണ് പറയപ്പെടുന്നത്. മിന്നലേല്‍ക്കുന്ന വ്യക്തിയില്‍ എത്രത്തോളം ചൂടേറ്റു എന്നത് അനുസരിച്ചാണ് അതുമൂലമുള്ള പൊള്ളലിന്റെ തീവ്രത കണക്കാക്കുന്നത്. മിന്നലേറ്റ വ്യക്തിയുടെ വസ്ത്രങ്ങള്‍ കത്തിയതും മിന്നലേറ്റ ഇടത്തെ രോമങ്ങള്‍ കരിഞ്ഞതും, ത്വക്ക് പൊള്ളിയതുമായ സംഭവങ്ങള്‍ നാം കാണാറുണ്ട്. ബാഹ്യമായി കാണുന്ന പൊള്ളലുകള്‍ പോലെ തന്നെ ആന്തരികാവയങ്ങള്‍ക്കും മിന്നല്‍ മൂലം പൊള്ളലുകള്‍ സംഭവിക്കാറുണ്ട്.

വൈദ്യുതാഘാതം - മിന്നലേല്‍ക്കുമ്പോള്‍ ശരീരത്തിലെത്തുന്ന വൈദ്യുതോര്‍ജ്ജം പലതരത്തിലുള്ള ആഘാതങ്ങള്‍ ശരീരത്തിനുണ്ടാക്കാറുണ്ട്. ഇതില്‍ ഏറ്റവുമധികം ഭയക്കേണ്ടത് ഉയര്‍ന്ന അളവിലുള്ള വൈദ്യുതി ശരീരത്തില്‍ എത്തുമ്പോള്‍ ഹൃദയത്തിനുണ്ടാകുന്ന പ്രശ്നങ്ങളാണ്. ഹൃദയമിടിപ്പിന്റെ താളത്തില്‍ വ്യത്യാസമുണ്ടായും ഹൃദയസ്തംഭനം മൂലവും മിന്നലേറ്റ വ്യക്തി മരണപ്പെടാം. മറ്റൊരു അപകടകരമായ സാഹചര്യം മിന്നലേറ്റ് മസ്തിഷ്‌കത്തിന് ഉണ്ടാകുന്ന ക്ഷതമാണ്. ഇതുമൂലം പക്ഷാഘാതം സംഭവിക്കാനും തലച്ചോറിലെ രക്തക്കുഴലുകളില്‍ ഹെമറേജ് ഉണ്ടാകാനും സാധ്യതയുണ്ട്. മിന്നലാക്രമണത്തെ അതിജീവിച്ചവരില്‍ പിന്നീട് ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറഞ്ഞും (ഹൈപ്പേനെട്രീമിയ) അപസ്മാരം, സെറിബ്രല്‍ എഡിമ എന്നിവ മൂലവും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം. തലവേദന, ഓക്കാനം, ബോധക്ഷയം എന്നിവയൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ഇതുമൂലം മരണം വരെ സംഭവിക്കാം.

സോഡിയം മാത്രമല്ല ശരീരത്തിലെ മറ്റ് ധാതുലവണങ്ങളുടെ അളവിലും മിന്നലാക്രമണം മൂലം ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. മിന്നല്‍ മൂലമുള്ള വൈദ്യുതി ശരീരത്തിലെ പേശികള്‍ക്കും കേടുപാടുകള്‍ വരുത്താറുണ്ട്. അത് കിഡ്നി പോലുള്ള അവയവങ്ങളെ ബാധിക്കും. ചിലരില്‍ മിന്നല്‍ മൂലം ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് കുറച്ച് നേരം മാത്രം നീണ്ടുനില്‍ക്കുന്ന മരവിപ്പ് അല്ലെങ്കില്‍ തളര്‍ച്ച ഉണ്ടാകാറുണ്ട്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അത് ശരിയാകുകയും ചെയ്യും. മിന്നല്‍ സമയത്ത് നമ്മുടെ ശരീരത്തിലുള്ള ആഭരണങ്ങള്‍ ഉള്‍പ്പടെയുള്ള ലോഹവസ്തുക്കള്‍ ചാര്‍ജായും അപകടങ്ങള്‍ സംഭവിക്കാറുണ്ട്. പൊള്ളലുകള്‍, ലോഹവസ്തുക്കള്‍ പൊട്ടിത്തെറിച്ച് മുറിവ് എന്നിവയൊക്കെയാണ് ഇത്തരത്തില്‍ സംഭവിക്കാറ്.

മിന്നലേറ്റ വ്യക്തിയുടെ ശരീരത്തില്‍ വൈദ്യുതി കടന്നുപോയത് മൂലം ചില പ്രത്യേകതരം അടയാളങ്ങള്‍ കാണാറുണ്ട്. മരം പോലെ തോന്നിപ്പിക്കുന്നതും (ലിച്ചെന്‍ബെര്‍ഗ് ഫിഗര്‍) നക്ഷത്രം പോലുള്ളതുമായ ഈ അടയാളങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകുകയും ചെയ്യാം. മിന്നല്‍ സമയത്ത് ശരീരത്തിലെത്തുന്ന വൈദ്യുതി പുറത്ത് പോയതിന്റെ അടയാളങ്ങളും ചിലപ്പോള്‍ മിന്നലേറ്റവരുടെ ശരീരത്തില്‍ കാണാറുണ്ട്. ശാരീരികമായി മാത്രമല്ല, മിന്നലാക്രണം അതിജീവിച്ചവരില്‍ പിന്നീടുള്ള ജീവിതത്തില്‍ മാനസികമായ ആരോഗ്യ പ്രശ്നങ്ങളും കണ്ടുവരാറുണ്ട്.

ബാരോട്രോമ - മിന്നലിനെ തുടര്‍ന്നുള്ള ഇടിയൊച്ചയും മറ്റ് സ്ഫോടനാത്മക ശബ്ദങ്ങളും അന്തരീക്ഷമര്‍ദ്ദം കുത്തനെ ഉയരാന്‍ കാരണമാകുകയും അതുമൂലം ശരീരത്തിനുള്ളിലെ ചെവി, ശ്വാസകോശം, ദഹനനാളം പോലുള്ള പൊള്ളയായ അവയവങ്ങള്‍ക്ക് കേടുപാട് ഉണ്ടാകുകയും ചെയ്യുന്നതിനെയാണ് ബാരോട്രോമ എന്ന് പറയുന്നത്. സാധാരണയായി കേള്‍വിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇത്തരത്തില്‍ കണ്ടുവരുന്നത്.

അതിജീവിച്ചവരും ശ്രദ്ധിക്കണം

മിന്നലാക്രമണങ്ങളെ അതിജീവിച്ചവരാണെങ്കില്‍ പോലും ഒരു ഡോക്ടറെ കണ്ട് മിന്നല്‍ ആരോഗ്യത്തെ ബാധിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഡോക്ടര്‍ അശ്വതി പറയുന്നു. കാരണം ഇവര്‍ക്ക് ഭാവിയില്‍ രക്തപര്യയന വ്യവസ്ഥയുമായി ബന്ധപ്പെട്ട തകരാറുകള്‍, നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ട തകരാറുകള്‍, ഹോര്‍മാണുമായി ബന്ധപ്പെട്ട തകരാറുകള്‍, ലൈംഗിക അപര്യാപ്തത, മാനസികവും ബുദ്ധിപരമായ പ്രശ്നങ്ങള്‍, ഓര്‍മ്മക്കുറവ്, ഏകാഗ്രതക്കുറവ്, നിരാശ, വിഷാദരോഗം, ഉറക്കക്കുറവ്, വൈകാരിക പ്രശ്നങ്ങള്‍, ഭയം മറ്റ് പെരുമാറ്റ വൈകല്യങ്ങള്‍ എന്നിവയുണ്ടാകാമെന്നാണ് മിന്നലാക്രമണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


മിന്നലേറ്റുള്ള അപകടങ്ങള്‍ പലതരത്തില്‍ സംഭവിക്കാറുണ്ട്. ഏത് രീതിയിലാണ് മിന്നലേറ്റതെന്ന് കണ്ടുപിടിക്കുക ബുദ്ധിമുട്ടാണെങ്കിലും അവയെല്ലാം ഒരുപോലെ അപകടകരമാണെന്നതില്‍ സംശയമില്ല


അപകടങ്ങള്‍ ക്ഷണിച്ച് വരുത്താതിരിക്കുകയാണ് ഏറ്റവും പ്രധാനം. നാമാരും മിന്നല്‍ മുരളിയല്ലെന്ന് ഓര്‍മ്മ വേണം. ഇടിമിന്നല്‍ മുന്നറിയിപ്പുള്ളപ്പോള്‍ പുറത്തിറങ്ങാതിരിക്കുക. ഇനി അഥവാ പുറത്താണെങ്കില്‍ പൂര്‍ണമായും അടച്ചുറപ്പുള്ള ഒരിടത്ത് അഭയം പ്രാപിക്കുക. തുറസ്സായതും വെള്ളക്കെട്ടുള്ളതുമായ സ്ഥലങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുക. ഉയരമേറിയ മരങ്ങള്‍, ലോഹങ്ങള്‍, വൈദ്യുതക്കമ്പികള്‍ എന്നിവയില്‍ നിന്ന് അകന്ന് നില്‍ക്കുക. ഒന്നിലധികം ആള്‍ക്കാര്‍ ഉണ്ടെങ്കില്‍ കഴിവതും അകന്ന് നില്‍ക്കുക. കാരണം ഒരാള്‍ക്ക് മിന്നലേറ്റാല്‍ അയാളില്‍ നിന്ന് തൊട്ടടുത്ത് നില്‍ക്കുന്ന ആള്‍ക്കും വൈദ്യുതാഘാതം ഉണ്ടാകാനിടയുണ്ട്. വൈദ്യുതി കടത്തിവിടുന്ന ഒന്നും ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം.

പലതരത്തില്‍ മിന്നലേല്‍ക്കാം

മിന്നലേറ്റുള്ള അപകടങ്ങള്‍ പലതരത്തില്‍ സംഭവിക്കാറുണ്ട്. ഏത് രീതിയിലാണ് മിന്നലേറ്റതെന്ന് കണ്ടുപിടിക്കുക ബുദ്ധിമുട്ടാണെങ്കിലും അവയെല്ലാം ഒരുപോലെ അപകടകരമാണെന്നതില്‍ സംശയമില്ല.

നേരിട്ട്: നേരിട്ട് മിന്നലേല്‍ക്കുമ്പോള്‍ ഒരു വ്യക്തിയുടെ ശരീരത്തിലേക്ക് മിന്നല്‍ മൂലമുള്ള ഊര്‍ജ്ജപ്രവാഹം നേരിട്ടേല്‍ക്കുന്നു. തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കുന്നവര്‍ക്കാണ് മിക്കപ്പോഴും ഇത് സംഭവിക്കുന്നത്. നേരിട്ട് മിന്നലേല്‍ക്കുമ്പോള്‍ വൈദ്യുതി ത്വക്കിലൂടെ കയറി ശരീരത്തിനുള്ളിലൂടെ കടന്നുപോകുന്നു. രക്തപര്യയന, നാഡീവ്യവസ്ഥകളെയാണ് ഇത് പ്രധാനമായും ബാധിക്കുക. ഈ സമയം ശരീരം ചുട്ടുപൊള്ളുന്ന അനുഭവമുണ്ടാകുകയും പലയിടത്തും പൊള്ളലുണ്ടാകുകയും ചെയ്യും. ഉടനടി വൈദ്യസഹായം ലഭ്യമാക്കുന്നതിനൊപ്പം എത്രത്തോളം വൈദ്യുതി ശരീരത്തിനുള്ളിലെത്തി എന്നതും ഈ രീതിയില്‍ മിന്നലേല്‍ക്കുന്ന ആളുകള്‍ രക്ഷപ്പെടാനുള്ള സാധ്യതയെ ആശ്രയിച്ചിരിക്കുന്നു.

സൈഡ് ഫ്ളാഷ്/സൈഡ് സ്പ്ലാഷ്: ഇവിടെ മിന്നലേല്‍ക്കുന്ന ആള്‍ക്ക് സമീപമുള്ള ഉയരമുള്ള വസ്തുവിലൂടെ ആണ് വൈദ്യുതി അയാളിലെത്തുന്നത്. ഉദാഹരണത്തിന് ഒരു മരത്തില്‍ മിന്നലേറ്റാല്‍ അതിന് കീഴില്‍ നില്‍ക്കുന്ന ആളും മിന്നലിന് ഇരയാകാം. ഇവിടെ ഊര്‍ജ്ജപ്രവാഹത്തിന്റെ ഒരു ഭാഗമാണ് അയാളിലെത്തുക. മിന്നലേല്‍ക്കുന്ന വസ്തുവിന്റെ ഒന്നോ രണ്ടോ അടി ചുറ്റുവട്ടത്തില്‍ നില്‍ക്കുന്നവര്‍ക്കാണ് ഇത്തരത്തില്‍ മിന്നലേല്‍ക്കുന്നത്. ഇടിമിന്നലും മഴയുമൊക്കെ വരുമ്പോള്‍ മരത്തിനടിയിലും മറ്റും അഭയം പ്രാപിക്കുന്നവര്‍ക്കാണ് സാധാരണയായി ഇങ്ങനെ സംഭവിക്കുന്നത്.

തറയിലൂടെ എത്തുന്ന വൈദ്യുതപ്രവാഹം: തറയില്‍ നില്‍ക്കുന്ന ഒരു മരത്തിനോ മറ്റ് വസ്തുക്കള്‍ക്കോ മിന്നലേല്‍ക്കുമ്പോള്‍ ഊര്‍ജ്ജപ്രവാഹം അതുവഴി തറയിലേക്കും എത്തുന്നു. ഗ്രൗണ്ട് കറന്റ് എന്നാണ് ഇതറിയപ്പെടുന്നത്. ഇതുമൂലം ഈ മേഖലയില്‍ നില്‍ക്കുന്നവരിലേക്കും ഊര്‍ജ്ജപ്രവാഹം എത്താം. വലിയൊരു മേഖലയൊന്നാകെ ഊര്‍ജ്ജപ്രവാഹത്തിന് വേദിയാകുന്നു എന്നതിനാല്‍ ഇത് വലിയ അപകടത്തിന് കാരണമാകുന്നു. കന്നുകാലികള്‍ക്കെല്ലാം ഈ രീതിയില്‍ മിന്നലേല്‍ക്കാറുണ്ട്.

കണ്ടക്ഷന്‍ കേബിളുകളും ലോഹങ്ങളും അടക്കം വൈദ്യുതി കടത്തിവിടുന്ന വസ്തുക്കളിലൂടെ: ദീര്‍ഘദൂരം മിന്നലിലൂടെ എത്തുന്ന ഊര്‍ജ്ജപ്രവാഹം സഞ്ചരിക്കും. വീട്ടിനുള്ളില്‍ വെച്ച് മിന്നലേല്‍ക്കുമ്പോള്‍ മിക്കപ്പോഴും സംഭവിക്കുന്നത് ഇതാണ്. വീട്ടിനുള്ളിലായാലും പുറത്തായാലും ഊര്‍ജ്ജപ്രവാഹം കടന്നുപോകുന്ന പ്രതലത്തില്‍ സ്പര്‍ശിക്കുമ്പോഴാണ് ഇത്തരത്തില്‍ മിന്നലേല്‍ക്കുന്നത്. ഫ്രിഡ്ജ്, ഷവര്‍, ജനല്‍, വാതില്‍, ലാന്‍ഡ്ഫോണ്‍ എന്നിവയെല്ലാം ഊര്‍ജ്ജപ്രവാഹത്തെ വീട്ടിനുള്ളിലെത്തിക്കുന്നു.