Jan 20 • 15M

നൊബേല്‍ കുടംബത്തിന്റെ തലവന്‍; പിയറി ക്യൂറി

ഒരല്‍ഭുത കുടുംബമായിരുന്നു അത്, നൊബേല്‍ കുടുംബം. ശാസ്ത്രത്തിനായി സര്‍വവും നല്‍കിയ ആ കുടുംബത്തിന്റെ തലവനായിരുന്നു പിയറി ക്യൂറി

4
1
 
1.0×
0:00
-14:54
Open in playerListen on);
Episode details
1 comment

Summary

ജീവിതം കൊണ്ടും കണ്ടെത്തലുകള്‍ കൊണ്ടും ശാസ്‌ത്രലോകത്തെ അതിശയിപ്പിച്ചവരായിരുന്നു ക്യൂറി ദമ്പതികള്‍. തങ്ങളുടെ ജീവിതം തന്നെ ശാസ്‌ത്രത്തിനായി സമര്‍പ്പിച്ച രണ്ടു പേര്‍, പിയറി ക്യൂറിയും ഭാര്യ മേരി ക്യൂറിയും. നൊബേല്‍ കുടുംബം എന്ന്‌ വിശേഷിപ്പിക്കാവുന്ന ക്യൂറി കുടുംബത്തെക്കുറിച്ചും പിയറി ക്യൂറിയെക്കുറിച്ചും അടുത്തറിയാം സയന്‍സ്‌ ഇന്‍ഡിക്ക പീപ്പിള്‍ ഇന്‍ സയന്‍സില്‍


1903ല്‍ പിയറി ക്യൂറിക്ക്‌ നൊബേല്‍ കമ്മിറ്റിയുടെ ഒരു എഴുത്ത്‌ വന്നു. പിയറിക്കും ഹെന്‍റി ബക്വാറലിനും റേഡിയോ ആക്ടിവിറ്റിയുമായി ബന്ധപ്പെട്ട കണ്ടെത്തലുകളും ഫിസിക്‌സില്‍ നടത്തിയ സംഭാവനകളും പരിഗണിച്ച്‌ നൊബേല്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നായിരുന്നു അതിന്റെ ഉള്ളടക്കം. എന്നാല്‍ ഉടനേ പിയറി കത്തിനു മറുപടിയെഴുതി. തനിക്ക്‌ മാത്രമായി ഇങ്ങനെയൊരു നൊബേല്‍ സ്വീകരിക്കാനാവില്ല. കാരണം, തന്നെപ്പോലെ ഗവേഷണത്തില്‍ പങ്കാളിയായ തന്റെ ഭാര്യ മേരി ക്യൂറിക്കും ഇത്‌ അവകാശപ്പെട്ടതാണ്‌ എന്നറിയിച്ചായിരുന്നു മറുപടി കത്ത്‌.

ശാസ്‌ത്ര ഗവേഷണ രംഗത്ത്‌ പോലും സ്‌ത്രീകള്‍ക്കെതിരെ ഉണ്ടായിരുന്ന വിവേചനത്തെ എതിര്‍ത്ത്‌ അര്‍ഹിക്കുന്ന സ്ഥാനം അവര്‍ക്കും നല്‍കണമെന്ന്‌ അതിലൂടെ പിയറി വാദിച്ചു. അങ്ങനെയാണ്‌ മേരി ക്യൂറിയും പിയറി ക്യൂറിയും ഹെന്‍റി ബക്വാറലിനൊപ്പം നൊബേല്‍ പങ്കിട്ടതും ചരിത്രമായതും. ആദ്യമായി നൊബേല്‍ കരസ്ഥമാക്കുന്ന ഭാര്യാഭര്‍ത്താക്കന്മാരായി അവര്‍ മാറി. കൂടാതെ, മേരി ആദ്യമായി നൊബേല്‍ ലഭിക്കുന്ന വനിതയും. അന്നു വരെ അവര്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു അത്‌. എന്നാല്‍ ആ സന്തോഷങ്ങള്‍ക്ക്‌ അധികം ആയുസ്സുണ്ടായിരുന്നില്ല.

കണക്കിലെ കേമന്‍

ഫ്രാന്‍സിലെ പാരിസില്‍ 1859 മേയ്‌ 15ന്‌ യൂജിന്‍ ക്യൂറി എന്ന ഡോക്ടറുടേയും സോഫി ക്ലെയര്‍ ക്യൂറിയുടേയും മകനായാണ്‌ പിയറി ക്യൂറി ജനിച്ചത്‌. ചെറുപ്പത്തില്‍ തന്നെ കണക്കിനോടും ജ്യോമെട്രിയോടും താത്‌പര്യം കാണിച്ച പിയറിയെ പിതാവ്‌ പ്രോത്സാഹിപ്പിച്ചു. അങ്ങനെ തന്റെ 16-ാം വയസ്സില്‍ പിയറി കണക്കില്‍ ലൈസന്‍സ്‌ നേടിയെടുത്തു. 18 വയസ്സായപ്പോഴേക്കും യുഎസിലെ മാസ്‌റ്റേഴ്‌സ്‌ ഡിഗ്രിക്ക്‌ സമാനമായ ഫിസിക്‌സ്‌ ലൈസന്‍സ്‌ സോര്‍ബോണിലെ പാരിസ്‌ സര്‍വ്വകലാശാലയില്‍ നിന്നും നേടിയെടുത്തു. എന്നാല്‍ പിന്നീട്‌ സാമ്പത്തിക ഞെരുക്കം മൂലം പിയറിക്ക്‌ തന്റെ ഗവേഷണ പഠനം നീട്ടി വക്കേണ്ടി വന്നു.

ഇക്കാലയളവിലാണ്‌ പിയറി ലബോറട്ടറി ഇന്‍സ്‌ട്രക്ടറുടെ ജോലി ഏറ്റെടുക്കുന്നത്‌. അക്കാലത്തെല്ലാം തന്റേതായ രീതിയില്‍ ഗവേഷണങ്ങളും പിയറി തുടര്‍ന്നുകൊണ്ടിരുന്നു. മൂത്ത സഹോദരനായ പോള്‍ ജാക്വസിന്റെയൊപ്പം ചേര്‍ന്നാണ്‌ പിയറി 1880ല്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നത്‌. സ്‌ഫടികത്തെ സങ്കോചിപ്പിക്കുമ്പോള്‍ പീസോഇലക്ട്രിസിറ്റി എന്ന ഒരു ഇലക്ട്രിക്‌ പൊട്ടന്‍ഷ്യല്‍ ഉണ്ടാകുന്നുവെന്നും അവര്‍ തെളിയിച്ചു. ഇതിനെ സാധൂകരിക്കാനായി ഇരുവരും ചേര്‍ന്ന്‌ പീസോഇലക്ട്രിക്‌ ക്വാര്‍ട്‌സ്‌ ഇലക്ട്രോമീറ്ററും വികസിപ്പിച്ചു.

ഇതിനു വിപീരിത ഫലങ്ങളിലും പ്രവര്‍ത്തിക്കാനാകുമെന്ന്‌ കണ്ടെത്താന്‍ അടുത്ത വര്‍ഷം തന്നെ സഹോദരന്മാര്‍ക്കായി. അതായത്‌, സ്‌ഫടികങ്ങള്‍ ഒരു വൈദ്യുത വലയത്തില്‍ അകപ്പെട്ടാല്‍ അവ വിരൂപമാക്കാനും കഴിയുമെന്ന്‌ തെളിയിച്ചു. പിന്നീട്‌ കാന്തിക വലയങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി പിയറി ക്യൂറി ഒരു ക്യൂറി സ്‌കെയില്‍ എന്ന അളവും നിശ്ചയിച്ചു. ലബോറട്ടറി ഇന്‍സ്‌ട്രക്ടറുടെ ജോലിയില്‍ നിന്നും കിട്ടിയ വരുമാനം കൊണ്ട്‌ സ്വയം അധ്വാനിച്ച്‌ അങ്ങനെ പിയറി ഡോക്ടറല്‍ പഠനത്തിന്‌ ചേര്‍ന്നു. പാരിസ്‌ സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ്‌ എന്ന സ്വപ്‌നം 1895ല്‍ പിയറിക്ക്‌ കൈയ്യെത്തി.

മേരിയും ജീവിതവും ശാസ്‌ത്രവും

ഗവേഷണ പഠന സമയത്താണ്‌ പിയറി മേരിയെ കണ്ടുമുട്ടുന്നത്‌. മരിയ സ്‌ക്ലോഡോവ്‌സ്‌ക എന്ന പെണ്‍കുട്ടി അന്ന്‌ സ്വന്തമായി ഒരു ലബോറട്ടറി തുടങ്ങാനുള്ള സ്ഥലം അന്വേഷിച്ച്‌ നടക്കുകയായിരുന്നു. ഒരു സുഹൃത്ത്‌ വഴി പരസ്‌പരം പരിചയപ്പെട്ട മരിയയെ പിയറി തന്റെ ലാബിലേക്ക്‌ ക്ഷണിച്ചു. മറ്റൊരു സ്ഥലവും തനിച്ച്‌ നടത്താനാകില്ലെന്ന്‌ സാമ്പത്തിക ഞെരുക്കത്തിലായിരുന്ന മേരി തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. അങ്ങനെയാണ്‌ പിയറിയുടെ കൂടെ പരീക്ഷണശാല പങ്കിടാന്‍ മേരി തയ്യാറാവുന്നത്‌.

മേരിയിലെ ശാസ്‌ത്ര കുതുകിയെ തിരിച്ചറിഞ്ഞ പിയറിക്ക്‌ അവളോടുള്ള മതിപ്പ്‌ കൂടിവന്നു. തന്റെ ഗവേഷണങ്ങള്‍ക്കും കരിയറിനും മികച്ച പിന്തുണ നല്‍കാന്‍ മേരിക്ക്‌ കഴിയുമെന്ന്‌ തിരിച്ചറിഞ്ഞ പിയറി മേരിയോട്‌ തന്റെ ഇഷ്ടം തുറന്നുപറഞ്ഞു. ആദ്യം നിരസിച്ചെങ്കിലും പിന്നീട്‌ മേരിയും തന്റെ അതേ ചിന്താഗതിയുള്ള പിയറിയെ വിവാഹം ചെയ്യാന്‍ സമ്മതം മൂളി. അങ്ങനെ 1895 ജൂലൈ 26നായിരുന്നു രണ്ട്‌ അതുല്യ പ്രതിഭകള്‍ ഒന്നിച്ചത്‌. പരസ്‌പരം മനസ്സിലാക്കിയും ഗവേഷണങ്ങളില്‍ സഹായിച്ചും ഇരുവരുടേയും ജീവിതം മുന്നോട്ടു പോയി.


1895 പിയറിയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വര്‍ഷമായിരുന്നു. മേരിയെ ജീവിതസഖിയാക്കിയതും ഡോക്ടറല്‍ പദവി ലഭിച്ചതും ഇതേ വര്‍ഷമാണ്‌


ജീവിതത്തിലുടനീളം റേഡിയോ ആക്ടിവിറ്റിയും മൂലകങ്ങളും റേഡിയേഷനുമെല്ലാമായി ബന്ധപ്പെട്ടിരുന്ന ക്യൂറി ദമ്പതിമാരുടെ ജീവിതവും ശാസ്‌ത്രവും തമ്മില്‍ കെട്ടു പിണഞ്ഞു കിടക്കുന്നവയുമാണ്‌. ഒരു പക്ഷേ മറ്റ്‌ ദമ്പതികളെപ്പോലെ വീട്ടുകാര്യങ്ങളെക്കാള്‍ കൂടുതല്‍ അവര്‍ വീട്ടില്‍ ചര്‍ച്ച ചെയ്‌തിട്ടുണ്ടാവുക തങ്ങളുടെ ഗവേഷണങ്ങളെക്കുറിച്ചായിരിക്കും. അത്രയേറെ ശാസ്‌ത്രം അവരുടെ ജീവിതത്തെ സ്വാധീനിച്ചിരുന്നു. അവരെ തമ്മില്‍ അടുപ്പിച്ചതും അതേ ശാസ്‌ത്രമാണ്‌, ശാസ്‌ത്ര താത്‌പര്യങ്ങളാണ്‌.

ഗവേഷണ ജീവിതം

1895 പിയറിയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വര്‍ഷമായിരുന്നു. മേരിയെ ജീവിതസഖിയാക്കിയതും ഡോക്ടറല്‍ പദവി ലഭിച്ചതും ഇതേ വര്‍ഷമാണ്‌. മാഗ്നറ്റിസത്തെക്കുറിച്ചായിരുന്നു പിയറിയുടെ ഡോക്ടറല്‍ ഗവേഷണം. അതുമായി ബന്ധപ്പെട്ടാണ്‌ ക്യൂറീസ്‌ ലോ വികസിപ്പിച്ചത്‌. ഇതില്‍ ഉള്‍പ്പെടുന്ന സ്ഥായിയെ(constant) ക്യൂറി കോണ്‍സ്‌റ്റന്റ്‌ എന്നും അദ്ദേഹം വിളിച്ചു. ഇതു കൂടാതെ, ചില താപനിലയില്‍ ചില വസ്‌തുക്കള്‍ക്ക്‌ അവയുടെ കാന്തിക സ്വഭാവം നഷ്ടപ്പെടുന്നതായി കണ്ടെത്തുകയും അത്തരം അവസ്ഥയെ ക്യൂറി ടെംപറേച്ചര്‍ എന്ന്‌ വിശേഷിപ്പിക്കുകയും ചെയ്‌തു. ഇവിടെയും കഴിഞ്ഞില്ല, ക്യൂറി ഡിസ്സിമട്രി പ്രിന്‍സിപ്പള്‍ എന്ന സിദ്ധാന്തവും ക്യൂറി രൂപപ്പെടുത്തി. ഇങ്ങനെ പിയറിയുടേതായി ഊര്‍ജതന്ത്രത്തില്‍ അനവധി സംഭാവനകള്‍ നല്‍കി.


1900ത്തിലാണ്‌ സോര്‍ബോണിലെ പാരിസ്‌ സര്‍വ്വകലാശാലയില്‍ അധ്യാപകനായി പിയറി ജോലിക്ക്‌ കയറുന്നത്‌. ആ സമയത്താണ്‌ പിയറി തന്റെ വിദ്യാര്‍ഥിയായ ആല്‍ബര്‍ട്‌ ലാബോര്‍ടുമായി ചേര്‍ന്ന്‌ അണുശക്തിയെ (nuclear energy) കുറിച്ചുള്ള ആദ്യ കണ്ടെത്തല്‍ നടത്തുന്നത്‌


മേരിയുമായി ചേര്‍ന്നും നിരവധി ഗവേഷണങ്ങളും കണ്ടെത്തലുകളും പിയറിക്ക്‌ നടത്താനായി. 1898ല്‍ പൊളോണിയം, റേഡിയം എന്നീ രണ്ട്‌ മൂലകങ്ങളെ വേര്‍തിരിച്ചെടുത്ത ക്യൂറി ദമ്പതികള്‍ അങ്ങനെയും ശ്രദ്ധ നേടി. റേഡിയോആക്ടിവിറ്റി എന്ന പദം ആദ്യായി ഉപയോഗിച്ചതും ഇവരാണ്‌. ഇതുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ നടത്തിയതിനാണ്‌ 1903ല്‍ റോയല്‍ സൊസൈറ്റി ഓഫ്‌ ലണ്ടന്‍ പിയറി ക്യൂറിയെ ഗവേഷണ പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണിച്ചത്‌. എന്നാല്‍ അവിടെ മേരി ക്യൂറിക്ക്‌ അവതരിപ്പിക്കാന്‍ അവസരം അവര്‍ നിഷേധിച്ചു. പക്ഷേ അതേ വര്‍ഷം തന്നെ പിയറിക്കും മേരിക്കും ഹെന്‍റി ബക്വാറലിനും ഊര്‍ജതന്ത്രത്തില്‍ നൊബേല്‍ ലഭിച്ചു.

സ്വയം പരീക്ഷണങ്ങള്‍

പിയറിയുടെ ഗവേഷണങ്ങളുടെ ഭാഗമായി അദ്ദേഹം 1900ത്തില്‍ സ്വയം റേഡിയേഷന്‍ വികിരണങ്ങളുടെ പരീക്ഷണത്തിന്‌ വിധേയനായി. പിയറി മാത്രമല്ല, മേരിയും ഗവേഷണങ്ങളുടെ ഭാഗമായി നിരന്തരം റേഡിയോആക്ടീവ്‌ വികിരണങ്ങള്‍ക്ക്‌ വിധേയയായിരുന്നു. റേഡിയേഷന്‍ കാന്‍സര്‍ കോശങ്ങളെ ചുരുക്കാന്‍ സഹായിക്കുമെന്ന്‌ ആയിടയ്‌ക്ക്‌ അവര്‍ മനസ്സിലാക്കി. എന്നാല്‍ അതിന്റെ നിരന്തര വികിരണങ്ങള്‍ ഉണ്ടാക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ച്‌ തിരിച്ചറിയാന്‍ അവര്‍ വൈകിയിരുന്നു. എപ്പോഴും റേഡിയോആക്ടീവ്‌ വികിരണങ്ങള്‍ ശരീരത്തില്‍ ഏല്‍ക്കുന്നതിന്റെ ഭാഗമായി പിയറിക്കും പതിയെ മേരിക്കും ചില ശാരീരിക അസ്വാസ്ഥ്യങ്ങള്‍ വന്നു തുടങ്ങി. എന്നാലും തങ്ങളുടെ പരീക്ഷണങ്ങളില്‍ നിന്ന്‌ പിയറിയും മേരിയും പിന്മാറിയില്ല.

അങ്ങനെയിരിക്കെ 1900ത്തിലാണ്‌ സോര്‍ബോണിലെ പാരിസ്‌ സര്‍വ്വകലാശാലയില്‍ അധ്യാപകനായി പിയറി ജോലിക്ക്‌ കയറുന്നത്‌. ആ സമയത്താണ്‌ പിയറി തന്റെ വിദ്യാര്‍ഥിയായ ആല്‍ബര്‍ട്‌ ലാബോര്‍ടുമായി ചേര്‍ന്ന്‌ അണുശക്തിയെ (nuclear energy) കുറിച്ചുള്ള ആദ്യ കണ്ടെത്തല്‍ നടത്തുന്നത്‌. റേഡിയം കണങ്ങളില്‍ നിന്ന്‌ സ്ഥായിയായി ചൂട്‌ പറത്തുവരുന്നതായി കണ്ടെത്തി. ആല്‍ഫ, ബീറ്റ, ഗാമ റേഡിയേഷനുകള്‍ക്ക്‌ അനുസൃതമായി റേഡിയോആക്ടീവ്‌ വസ്‌തുക്കളില്‍ നിന്ന്‌ പുറത്തുവരുന്ന റേഡിയേഷന്‍ ചിലത്‌ പോസിറ്റീവും ചിലത്‌ നെഗറ്റീവും മറ്റ്‌ ചിലത്‌ ന്യൂട്രലുമായിരുന്നു എന്ന്‌ കണ്ടെത്തി.

പിന്നീട്‌ 1910ല്‍ റേഡിയോആക്ടിവിറ്റിയുടെ ഒരു യൂണിറ്റിന്‌ ക്യൂറി എന്ന്‌ പേര്‌ നല്‍കി. പിയറിയുടെ മരണശേഷം ആദരസൂചകമായി നല്‍കിയതായിരുന്നു ഈ പേര്‌. എങ്കിലും ഈ പേരിനെചൊല്ലി അന്ന്‌ ചില വിവാദങ്ങളും ഉണ്ടായി. പിയറിയോടുള്ള ആദരസൂചകമായാണോ അതോ മേരിയുടെ പേരിലാണോ ഇനി രണ്ടാളുടേയും കണ്ടെത്തലായിതുകൊണ്ട്‌ രണ്ട്‌ ക്യൂറിമാരുടേയും ബഹുമാനാര്‍ഥമാണോ എന്നെല്ലാം ചര്‍ച്ചകള്‍ നടന്നു. എന്നാലും ക്യൂറി എന്ന പേര്‌ ശാസ്‌ത്ര ലോകത്ത്‌ മാറ്റിനിര്‍ത്താനാവാത്ത ഒന്നായി അന്നു തന്നെ മാറിക്കഴിഞ്ഞിരുന്നു. 1903ല്‍ നൊബേല്‍ സമ്മാനിച്ചപ്പോഴും ഇവര്‍ കണ്ടെത്തിയ മൂലകങ്ങളുടെ പേരില്‍ ഇരുവര്‍ക്കും പിന്നീട്‌ മറ്റൊരു നൊബേല്‍ നല്‍കാന്‍ സമിതി തീരുമാനിച്ചിരുന്നു. എന്നാല്‍ അതിനായി കാത്തുനില്‍ക്കാന്‍ വിധി പിയറിയെ അനുവദിച്ചില്ല.

അപ്രതീക്ഷിത വിയോഗം

1903ല്‍ നൊബേല്‍ ലഭിച്ചതിനു ശേഷവും പിയറിയും മേരിയും ഗവേഷണങ്ങള്‍ ഒന്നിച്ചു തുടര്‍ന്നിരുന്നു. ശാസ്‌ത്രവും ജീവിതവും ഒന്നിച്ച്‌ കൊണ്ടുപോകാന്‍ കഴിഞ്ഞവരായിരുന്നു ക്യൂറി ദമ്പതികള്‍. ഇവര്‍ക്ക്‌ 1897ല്‍ ഐറിന്‍ ക്യൂറി, 1904ല്‍ ഈവ്‌ ക്യൂറി എന്നിങ്ങനെ രണ്ട്‌ പെണ്‍മക്കളും ഉണ്ടായി. സന്തോഷത്തോടെ കഴിഞ്ഞിരുന്ന ക്യൂറി കുടംബത്തിലേക്ക്‌ ഒരു ദിവസം പെട്ടെന്നാണ്‌ വിധി വില്ലനായി എത്തുന്നത്‌. 1906 ഏപ്രില്‍ 19. ഒരു നല്ല മഴ ദിവസമായിരുന്നു അന്ന്‌. പാരിസിലെ തിരക്കേറിയ ഒരു റോഡ്‌ മുറിച്ചുകടക്കുന്നതിനിടെ പിയറി തെന്നി വീണു. വീണ പിയറിയുടെ മേല്‍ ആറ്‌ ടണ്‍ ഭാരവുമേന്തി പാഞ്ഞു വന്ന ഒരു കുതിരവണ്ടി കയറിയിറങ്ങി. തല്‍ക്ഷണം പിയറി മരണത്തിന്‌ കീഴടങ്ങുകയും ചെയ്‌തു.

ഒന്‍പതും ഒന്നരയും വയസ്സ്‌ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ മേരിയുടെ കൈകളില്‍ ഏല്‍പിച്ച്‌ പിയറി ജീവിതത്തോടും ശാസ്‌ത്രത്തോടും തന്റെ നാല്‌പത്തിയാറാം വയസ്സില്‍, അകാലത്തില്‍ വിടപറഞ്ഞു. എന്നാല്‍ പിയറിയും മേരിയും അമിത റേഡിയേഷനു വിധേയരായിരുന്നു. അപകട മരണം സംഭവിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ റേഡിയേഷനു വിധേയമായിരുന്നതുകൊണ്ട്‌ അതിന്റെ അനന്തരഫലമെന്നോണം ആ മരണം സംഭവിക്കുമായിരുന്നു എന്നാണ്‌ വിദഗ്ധര്‍ പറയുന്നത്‌. കാരണം, മേരി ക്യൂറി 1934ല്‍ മരിച്ചത്‌ അമിത റേഡിയേഷന്‍ ശരീരത്തിലേറ്റതു മൂലമുണ്ടായ അപ്ലാസ്റ്റിക്‌ അനീമിയ എന്ന രോഗകാരണമാണ്‌. ഇപ്പോഴും പിയറിയും മേരിയും ഉപയോഗിച്ചിരുന്ന പേപ്പറുകളില്‍ നിന്ന്‌ റേഡിയോആക്ടീവ്‌ വികിരണങ്ങള്‍ പുറത്തുവരുന്നുണ്ടത്രേ!

ഇത്രയേറെ വര്‍ഷങ്ങള്‍ക്കു ശേഷവും അവരുടെ പുസ്‌തകങ്ങളിലും ഉപയോഗിച്ച വസ്‌തുക്കളിലും അപകടകരമായ വികിരണങ്ങള്‍ പുറത്തുവരുന്നതു മൂലം ഇവ ഈയ്യത്തില്‍ പൊതിഞ്ഞ പെട്ടികളിലായാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌. പിയറിയുടെ മകള്‍ ഐറിനും ഭര്‍ത്താവ്‌ ഫെഡ്രറിക്‌ ജോലിയട്ടും റേഡിയോആക്ടീവിറ്റിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ നടത്തിയവരായിരുന്നു. ഇവര്‍ ഇരുവരും ഇതേ വികിരണങ്ങള്‍ അമിതമായി ശരീരത്തില്‍ ഏറ്റതു മൂലം മരണത്തിന്‌ കീഴടങ്ങിയവരാണ്‌.

നൊബേല്‍ കുടുംബം

നൊബേല്‍ സമ്മാനം ആദ്യമായി ക്യൂറി കുടുംബത്തിലെത്തുന്നത്‌ 1903ല്‍ പിയറിക്കും മേരിക്കും ഒന്നിച്ചാണ്‌. ഊര്‍ജതന്ത്രത്തില്‍ ലഭിച്ച ആ നൊബേലിനു ശേഷം പിയറിയും മേരിയും ചേര്‍ന്ന്‌ കണ്ടെത്തിയ രണ്ട്‌ മൂലകങ്ങളുടെ അടിസ്ഥാനത്തില്‍ മേരിക്ക്‌ 1911ല്‍ രസതന്ത്രത്തിലും നൊബേല്‍ ലഭിച്ചു. അന്ന്‌ അതേറ്റുവാങ്ങാന്‍ പോയ മേരി അതിനു സാധിക്കാതെ പോയ പിയറിയെ വേദിയില്‍ അനുസ്‌മരിച്ചത്‌ കേട്ടിരുന്നവരുടെയെല്ലാം കണ്ണ്‌ നനയിച്ചു. പിയറി-മേരി ദമ്പതികളുടെ മൂത്ത മകള്‍ ഐറിനും ഭര്‍ത്താവ്‌ ഫെഡ്രറിക്‌ ജോലിയട്ടും ഊര്‍ജതന്ത്രജ്ഞരായിരുന്നു. ഇരുവര്‍ക്കും റേഡിയോആക്ടിവിറ്റിയുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ക്ക്‌ 1935ല്‍ ഒന്നിച്ച്‌ നൊബേല്‍ ലഭിച്ചു.

പിയറിയുടെ ഇളയ മകള്‍ ഈവ്‌ ക്യൂറി എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായിരുന്നു. മേരിയെക്കുറിച്ചുള്ള ജീവചരിത്രവും ഈവ്‌ രചിച്ചിരുന്നു. ഈവിന്റെ ഭര്‍ത്താവ്‌ ഹെന്‍റി ലാബൂസ്സി ജൂനിയര്‍ യൂനിസെഫിന്റെ എക്‌സിക്യൂട്ടീവ്‌ ഡയറക്ടറായിരുന്നു. ഹെന്‍റിക്കും 1965ല്‍ സമാധാനത്തിനുള്ള നൊബേല്‍ ലഭിച്ചിരുന്നു. അങ്ങനെ ഏറ്റവും കൂടുതല്‍ നൊബേല്‍ നേടിയിട്ടുള്ള കുടുംബമായി ക്യൂറി കുടുംബം മാറി. കുടുംബത്തിലെ അഞ്ച്‌ പേര്‍ക്കായി തന്നെ നാല്‌ നൊബേല്‍ എത്തി. പിയറി-മേരി 1903, മേരി 1911, ഐറിന്‍-ഫെഡ്രറിക്‌ 1935, ഹെന്‍റി 1965. ക്യൂറി കുടുംബത്തിന്റെ ഈ റെക്കോര്‍ഡ്‌ മറികടക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടുമില്ല.