
ശാസ്ത്രത്തിന് സമര്‍പ്പിച്ച ജീവിതം, ജീവനെടുത്തതും അതേ ശാസ്ത്രം; മേരി ക്യൂറിയുടെ ത്രസിപ്പിക്കുന്ന കഥ
മരിച്ച് വര്‍ഷങ്ങള്‍ക്കു ശേഷവും ശരീരത്തില്‍ നിന്ന് റേഡിയോ ആക്റ്റീവ് വികിരണങ്ങള്‍ പുറത്തുവരിക എന്നു പറഞ്ഞാല്‍ ഒരു പക്ഷേ അവിശ്വസനീയം എന്ന് തോന്നിയേക്കാം. പക്ഷേ മേരി ക്യൂറി ഒരല്‍ഭുതമാണ് സമ്മാനിച്ചത്
മേരി ക്യൂറി എന്ന ഇതിഹാസത്തിന്റെ കഥ: ഭാഗം 1
Summary
ജീവിതവും ജീവനും ശാസ്ത്രത്തിന് വേണ്ടി ഉഴിഞ്ഞു വയ്ക്കുക; ലോകത്തിന് ഉപകാരപ്പെടുന്ന തരത്തിലേക്ക് അവയെ മാറ്റുക; അവസാനം അതേ ശാസ്ത്രത്തിന്റെ രക്തസാക്ഷിയാവുക. അതിശയവും അത്ഭുതവും മാത്രമല്ല, ഏറെ പ്രചോദനവും നല്‍കുന്നതാണ് മേരി ക്യൂറിയെന്ന അസാമാന്യ പ്രതിഭയുടെ ജീവിതം
മരിച്ച് വര്‍ഷങ്ങള്‍ക്കു ശേഷവും ശരീരത്തില്‍ നിന്ന് റേഡിയോ ആക്റ്റീവ് വികിരണങ്ങള്‍ പുറത്തുവരിക എന്നു പറഞ്ഞാല്‍ ഒരു പക്ഷേ അവിശ്വസനീയം എന്ന് തോന്നിയേക്കാം. പക്ഷേ മേരി ക്യൂറി എന്ന ശാസ്ത്ര പ്രതിഭ തന്റെ ജീവിതം പോലെതന്നെ അതിശയങ്ങള്‍ സമ്മാനിച്ചാണ് മരണശേഷവും ശാസ്ത്രജ്ഞരെ ഞെട്ടിച്ചത്. 1934ല്‍ അന്തരിച്ച മേരി ക്യൂറിയുടെ ഭൗതീകശരീര അവശിഷ്ടങ്ങള്‍ അറുപത് വര്‍ഷങ്ങള്‍ക്കു ശേഷം 1995ല്‍ പുറത്തെടുത്തപ്പോഴും അതില്‍ നിന്നും റേഡിയോ ആക്ടീവ് വികിരണങ്ങള്‍ ശക്തമായിരുന്നു. തന്റെ ശരീരത്തില്‍ നിന്നുവരെ അത്രയേറെ വികിരണങ്ങള്‍ പുറത്തുവരണമെങ്കില്‍ അവര്‍ എത്രയേറെ സമയം തന്റെ ജീവിതകാലത്ത് ഗവേഷണങ്ങള്‍ക്കു വേണ്ടി ഈ മൂലകങ്ങളോട് പൊരുതിയിരുന്നു എന്ന് ഊഹിക്കാം.
ഊര്‍ജതന്ത്രത്തിലും രസതന്ത്രത്തിലും പ്രാവീണ്യം തെളിയിച്ച് രണ്ടു തവണ നൊബേല്‍ സമ്മാനം ലഭിച്ച ആദ്യ വ്യക്തിയും ഏക വനിതയും മേരി ക്യൂറിയാണ്
അതെ, മേരി ക്യൂറി എന്ന മാഡം ക്യൂറിയുടെ ജീവിതവും മരണവും അത്രയേറെ ശാസ്ത്രവുമായി ബന്ധപ്പെട്ടായിരുന്നു. കുഞ്ഞുനാള് മുതല്‍ പ്രതിസന്ധികളോട് പടവെട്ടി തന്റെ ലക്ഷ്യത്തിലേക്ക് കുതിച്ച പെണ്‍കരുത്ത്. ഊര്‍ജതന്ത്രത്തിലും രസതന്ത്രത്തിലും പ്രാവീണ്യം തെളിയിച്ച് രണ്ടു തവണ നൊബേല്‍ സമ്മാനം ലഭിച്ച ആദ്യ വ്യക്തിയും ഏക വനിതയും. ആദ്യമായി നൊബേല്‍ സമ്മാനം നേടിയ വനിത. മേരിയല്ലാതെ രണ്ട് വ്യത്യസ്ത ശാസ്ത്ര ശാഖകളില്‍ നൊബേല്‍ നേടിയ മറ്റൊരു വ്യക്തിയും ഇന്നേവരെ ചരിത്രത്തിലില്ല. ഭര്‍ത്താവ് പിയറി ക്യൂറിയും മേരിയും നൊബേല്‍ സമ്മാനം പങ്കിടുന്ന ആദ്യത്തെ ഭാര്യാഭര്ത്താക്കന്മാരുമായി. ഇത്രയേറെ വിശേഷണങ്ങള്‍ മേരി ക്യൂറിക്ക് ഉണ്ടെങ്കിലും ഇവയെല്ലാം ജീവിതത്തോട് പൊരുതി നേടിയതാണ് എന്നതാണ് അതിന്റെയെല്ലാം തിളക്കം വര്‍ദ്ധിപ്പിക്കുന്നത്.
പ്രതിസന്ധികളുടെ തുടക്കം
മരിയ സലോമിയ സ്ക്ലോഡോവ്സ്ക എന്നായിരുന്നു മേരി ക്യൂറിയുടെ യഥാര്‍ത്ഥ പേര്. 1867ല്‍ റഷ്യയുടെ അധീനതയിലായിരുന്ന പോളണ്ടില്‍ അധ്യാപക ദമ്പതികളായ വ്ളാഡിസ്ളാ സ്ക്ലോഡോവ്സ്കയുടെയും ബ്രോണിസ്ളാവയുടെയും അഞ്ചാമത്തെ കുട്ടിയായി നവംബര്‍ ഏഴിനാണ് മരിയ ജനിച്ചത്. പോളണ്ട് വിമോചനകാലത്ത് സ്വത്തുക്കളെല്ലാം നഷ്ടപ്പെട്ട മേരിയുടെ കുടുംബം ഏറെ ഞെരുക്കത്തിലായി. കൂടാതെ ഒന്‍പതാം വയസ്സില്‍ സഹോദരിയുടെ മരണവും പതിനൊന്നാം വയസ്സില്‍ അമ്മയുടെ മരണവും മേരിയെയും സഹോദരങ്ങളെയുമെല്ലാം തളര്‍ത്തി. ക്രൈസ്തവ വിശ്വാസിയായിരുന്ന മേരി അതോടെ ദൈവവിശ്വാസം ഉപേക്ഷിച്ചു. പിന്നീട് അച്ഛനും സഹോദരങ്ങളും അടങ്ങിയ കുടുംബത്തില്‍ സാമ്പത്തിക ഞെരുക്കത്തിന്റെ നാളുകളിലും പഠിക്കാനുള്ള ആവേശം മേരിക്കുണ്ടായിരുന്നു.
അക്കാലത്ത് പോളണ്ട് നിവാസികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നു, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. പ്രാഥമിക പഠനം സ്വര്‍ണ മെഡലോടെ പൂര്‍ത്തിയാക്കിയ മേരി സ്ത്രീകള്‍ക്ക് പഠിക്കാന്‍ അവസരമില്ലാതിരുന്ന നാട്ടില്‍ രഹസ്യമായി പഠിച്ചു. മേരിയുടെ സഹോദരി ബ്രോണിസ്ലാവയ്ക്കും പഠിക്കാന്‍ അതിയായ ആഗ്രഹമായിരുന്നു. അങ്ങനെ ആദ്യം ബ്രോണിസ്ലാവ പാരീസിലേക്ക് പോയി. സഹോദരിയെ സഹായിക്കാന്‍ മേരി ചെറിയ ജോലികള്‍ ചെയ്തു. പക്ഷേ മേരിക്കും ഉന്നത പഠത്തിനായി ഫ്രാന്‍സിലേക്ക് പോകാതെ തരമില്ലെന്നായി. സാമ്പത്തികം വില്ലനായപ്പോള്‍ പ്രതിസന്ധികളെ അതിജീവിക്കാന്‍ വീടുകളില്‍ പോയി കുട്ടികള്‍ക്ക് ട്യൂഷനെടുത്ത് പണം സ്വരുക്കൂട്ടി.
അങ്ങനെ എട്ടു വര്‍ഷം കാത്തിരുന്ന് മേരിയും ഫ്രാന്‍സിലേക്ക് ഉന്നത പഠനത്തിനായി പോയി. ഒടുവില്‍ 1891ല്‍ ഫ്രാന്‍സിലെ സോര്‍ബോണ്‍ സര്‍വ്വകലാശാലയില്‍ ചേര്‍ന്ന മേരി ഊര്‍ജതന്ത്രത്തിലും രസതന്ത്രത്തിലും ഗണിതശാസ്ത്രത്തിലും ഉന്നത ബിരുദങ്ങള്‍ നേടി. സ്റ്റീലിന്റെ കാന്തിക സ്വഭാവത്തെക്കുറിച്ചു പഠിച്ചുകൊണ്ടാണ് ഗവേഷണങ്ങള്‍ ആരംഭിക്കുന്നത്. ഒരു നേരത്തെ ഭക്ഷണത്തിനു പോലും അന്ന് ബുദ്ധിമുട്ടിയിരുന്ന മേരി അവിടെയും പഠനത്തോടൊപ്പം ചെറിയ ജോലികള്‍ ചെയ്തുപോന്നു. അക്കാലത്ത് ശാസ്ത്രത്തില്‍ ഉന്നത ബിരുദമെടുത്ത ആദ്യ വനിതയായിരുന്നു മേരി. ചെറുപ്പം മുതല്‍ തന്നെ പ്രതിസന്ധികളുടെ കനല്ചൂളയിലൂടെ തന്നെയായിരുന്നു മേരി ക്യൂറിയെന്ന ലോകം അറിയുന്ന ശാസ്ത്രജ്ഞയിലേക്കുള്ള അവരുടെ വളര്‍ച്ച.
പിയറി ജീവിതത്തിലേക്ക്
ഫ്രാന്‍സിലെ പഠനത്തിനു ശേഷം തിരികെ നാട്ടിലെത്തിയെങ്കിലും ഒരു സ്ത്രീക്ക് അവിടെ തനിയെ പരീക്ഷണശാല തുടങ്ങാനുള്ള സാഹചര്യമില്ലായിരുന്നു. അങ്ങനെ വീണ്ടും ഫ്രാന്‍സിലേക്ക് മടങ്ങി വലിയൊരു പരീക്ഷണശാലയ്ക്കായുള്ള തിരച്ചില്‍ അവസാനിച്ചത് പിയറി ക്യൂറിയിലാണ്. ഭൗതികശാസ്ത്ര അധ്യാപകനും ഗവേഷകനുമായ പിയറി ക്യൂറി മേരിക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തു. അങ്ങനെ ആ സൗഹൃദം വളര്‍ന്ന് 1895ല്‍ വിവാഹത്തിലെത്തി. അവര്‍ ഒന്നിച്ച് പരീക്ഷണശാലയും തുടങ്ങി. ആദ്യ കാലത്ത് വെവ്വേറെ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഇരുവരും പിന്നീട് ഗവേഷണം ഒന്നിച്ചായി.
ഗവേഷണകാലം
ഫ്രഞ്ച് ഗവേഷകനായ ഹെന്റി ബെക്വറല്‍, യുറാനിയം പുറത്തുവിടുന്ന വികിരണങ്ങളെക്കുറിച്ച് നടത്തിയ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചത് ആയിടയ്ക്കായിരുന്നു. അദ്ദേഹത്തിന്റെ കണ്ടെത്തലുകളോട് കൂട്ടിചേര്‍ക്കാവുന്ന ചില പരീക്ഷണങ്ങളായിരുന്നു ക്യൂറി ദമ്പതികള്‍ നടത്തിയത്. യുറാനിയം ഏത് അവസ്ഥയിലായാലും അതില്‍ നിന്നും വരുന്ന വികിരണങ്ങള്‍ സ്ഥായിയായിരിക്കും എന്ന് മേരി കണ്ടെത്തി. യുറാനിയത്തിന്റെ അറ്റോമിക് ഘടനയില്‍ നിന്നാണ് ഈ കിരണങ്ങള്‍ വരുന്നതെന്നും മനസ്സിലാക്കി. അറ്റോമിക് ഫിസിക്സിന്റെ പുതിയ മേഖലകളിലേക്കുള്ള അടിത്തറയായിരുന്നു മേരിയുടെ ആ സിദ്ധാന്തം. മേരി കണ്ടെത്തിയ പുതിയ ഊര്‍ജത്തിനു പേരിട്ടു, റേഡിയോ ആക്ടിവിറ്റി.
ഈ പുതിയ കണ്ടെത്തലിലൂടെ മേരി റേഡിയോ ആക്ടീവ് വസ്തുക്കള്‍ നിര്‍മിച്ച് അത് പൊതു നന്മയ്ക്കായി ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം. അന്നത്തെ ആ കണ്ടെത്തലാണ് ഇന്ന് നമ്മള് ഉപയോഗിക്കുന്ന എക്സ്റേ മെഷീനുകളില്‍ തുടങ്ങി അണുബോംബ് ഉണ്ടാക്കാന്‍ വരെ ഉപയോഗപ്പെടുത്തുന്നത്. റേഡിയോ ആക്ടിവിറ്റിക്ക് ശേഷം മേരിയും പിയറിയും ചേര്‍ന്ന് രണ്ട് മൂലകങ്ങള്‍ കണ്ടെത്തി. അങ്ങനെ 1898ല്‍ ക്യൂറി ദമ്പതികള്‍ പുതിയ മൂലകം കണ്ടെത്തിയതായി പ്രഖ്യാപിച്ചു, പൊളോണിയം. തന്റെ ജന്മനാടായ പോളണ്ടിനോടുള്ള ഇഷ്ടം കൊണ്ടാണ് മേരി ഈ മൂലകത്തിന് പൊളോണിയം എന്ന പേര് നല്‍കിയത്. ഇത് കണ്ടെത്തി അഞ്ചു മാസങ്ങള്‍ക്കു ശേഷം മറ്റൊരു മൂലകം കൂടി ക്യൂറി ദമ്പതികള്‍ വേര്‍തിരിച്ചെടുത്തു, റേഡിയം. 'റേ' എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് റേഡിയം എന്ന് മൂലകത്തിന് പേരിട്ടത്.
നൊബേലിന്റെ നിറവില്‍
ഊര്ജതന്ത്രത്തിലെ സംഭാവനകളുടെ പേരില്‍ ഹെന്റി ബെക്വറലിനും പിയറി ക്യൂറിക്കും നൊബേല്‍ നല്‍കാനായിരുന്നു ആദ്യം വിധികര്‍ത്താക്കള്‍ തീരുമാനിച്ചിരുന്നത്. മേരിയെ പട്ടികയില്‍ പോലും ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് സമിതിയിലെ തന്നെ ഒരു അംഗത്തിന്റെ ഇടപെടല്‍ മൂലം ഇതറിഞ്ഞ പിയറി നൊബേല്‍ സമിതിക്ക് കത്തെഴുതി. റേഡിയോ ആക്ടിവിറ്റി തന്റെ മാത്രം കണ്ടെത്തലല്ലെന്നും മേരിക്കും അതില്‍ പങ്കുണ്ടെന്നും വിവരിച്ചു. അങ്ങനെയാണ് മേരിക്ക് നൊബേല്‍ നല്കാന് സമിതി തീരുമാനിക്കുന്നത്. 1903ല്‍ ബെക്വറലിനും പിയറി ക്യൂറിക്കും മേരി ക്യൂറിക്കുമായി ഫിസിക്സില്‍ നൊബേല്‍ പങ്കിട്ടു നല്കി.
1903ല്‍ അങ്ങനെ ബെക്വറലിനും പിയറി ക്യൂറിക്കും മേരി ക്യൂറിക്കുമായി ഫിസിക്സില്‍ നൊബേല്‍ പങ്കിട്ടു നല്കി
അങ്ങനെ ആദ്യമായി നൊബേല്‍ ചരിത്രത്തില്‍ ഒരു വനിത സ്ഥാനം പിടിച്ചു. അന്നുവരെ സ്ത്രീകള്‍ക്കെതിരെ നിലനിന്നിരുന്ന അസമത്വങ്ങളില്‍ നിന്നുകൊണ്ട് പോരാടി മേരി നേടിയ വിജയം. അക്കാലത്തെ ശാസ്ത്രജ്ഞരുടെ കൂട്ടത്തില്‍ മേരി മാത്രമായിരുന്നു ഏക വനിത. പക്ഷേ 1903ലെ നൊബേലില്‍ ക്യൂറി ദമ്പതികള്‍ കണ്ടെത്തിയ മൂലകങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ടായില്ല. മറ്റൊരിക്കല്‍ അതിനായി ഇരുവര്‍ക്കും ഒരിക്കല്‍ കൂടി നൊബേല്‍ നല്‍കാം എന്ന കണക്കുകൂട്ടലിലായിരുന്നു അത്. പക്ഷേ എല്ലാത്തിനേയും തകിടം മറിക്കുന്ന ഒന്ന് മേരിയെ തേടി എത്താനിരിക്കുന്നുണ്ടായിരുന്നു.
തുടരും
ഭാഗം 2: മരണത്തിലും തുടര്‍ന്ന റേഡിയോ ആക്റ്റിവിറ്റി