Feb 28 • 11M

സൂര്യന്റെ അന്ത്യത്തിന്‌ മുന്‍പേ ഭൂമിയുടേയും മനുഷ്യന്റെയും അവസാനം

ഭൂമിയും സൂര്യനും മനുഷ്യരാശിയുമെല്ലാം എന്ന്‌ ഇല്ലാതാകുമെന്ന്‌ അറിയാം...

4
2
 
1.0×
0:00
-10:57
Open in playerListen on);
Episode details
2 comments

ലോകാവസാനത്തെക്കുറിച്ചെല്ലാം പല കഥകളും കെട്ടുകഥകളും കളും നമ്മുടെയിടയില്‍ വ്യാപകമാണ്‌. എന്നാല്‍ ഇതിന്റെയെല്ലാം പിന്നിലെ സത്യവസ്ഥയെന്താണ്‌ എന്ന്‌ അറിയാന്‍ കൗതുകമില്ലേ. നമ്മുടെ ഭൂമിയും സൂര്യനും മനുഷ്യരാശിയുമെല്ലാം എന്ന്‌ ഇല്ലാതാകുമെന്ന്‌ അറിയാം...


ഒരു ദിവസം ക്ലാസ്‌ വിട്ടു വന്ന ആറാം ക്ലാസുകാരി റിറ്റി അമ്മയോട്‌ ചോദിച്ചു, 'അമ്മേ വരുന്ന സെപ്‌തംബറില്‍ ലോകം അവസാനിക്കുമെന്ന്‌ സ്‌കൂളില്‍ ചില കൂട്ടുകാര്‍ പറഞ്ഞു. സത്യമായിരിക്കുമോ?' ഇതു കേട്ട്‌ ചിരിച്ചുകൊണ്ട്‌ റിറ്റിയുടെ അമ്മ പറഞ്ഞു. 'ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ ഇങ്ങനെ പല ലോകാവസാന തിയതികളും കേട്ടിട്ടുണ്ട്‌. ഇതുവരെയൊന്നും സംഭവിച്ചു കണ്ടില്ല. പിന്നെയാണ്‌ അടുത്ത സെപ്‌തംബര്‍.' അതു കേട്ട്‌ റിറ്റിയും ചിരിച്ചെങ്കിലും ലോകം എന്നായിരിക്കും യഥാര്‍ഥത്തില്‍ അവസാനിക്കുകയെന്ന്‌ ചിന്ത റിറ്റിയുടെ ഉള്ളില്‍ കടന്നുകൂടി.


ഇപ്പോഴും സൂര്യന്റെ ഉള്ളില്‍ ചുരുങ്ങിയത്‌ ആയിരം കോടി വര്‍ഷങ്ങള്‍ കൂടി കത്തി ജ്വലിച്ചു നില്‍ക്കാനുള്ള ഇന്ധനമുണ്ട്‌


അതേക്കുറിച്ച്‌ തന്റെ സയന്‍സ്‌ അധ്യാപികയോട്‌ നാളെ തന്നെ ചോദിക്കണമെന്ന്‌ തീരുമാനിക്കുകയും ചെയ്‌തു. പിറ്റേന്ന്‌ തന്നെ അവള്‍ തന്റെ അധ്യാപികയെ കണ്ട്‌ സംശയനിവാരണം നടത്തുകയും ചെയ്‌തു. അതായത്‌, പൊടുന്നനെ ഒരു ദിവസം ലോകം മുഴുവന്‍ ഇല്ലാതാവുകയല്ല ചെയ്യുക. മറിച്ച്‌ ഭൂമിയില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ അനവധി വര്‍ഷങ്ങള്‍ കൊണ്ട്‌ ഉണ്ടാവുകയും ഓക്‌സിജന്റെ ലഭ്യത കുറഞ്ഞ്‌ ഭൂമിയിലെ ജീവജാലങ്ങള്‍ പതിയെ ഇല്ലാതാവുകയുമാണ്‌ ചെയ്യുക. അതും പെട്ടെന്നൊന്നുമല്ല. നൂറ്‌ കോടി വര്‍ഷങ്ങള്‍ കൊണ്ടാണ്‌ ഈ പ്രതിഭാസങ്ങള്‍ സംഭവിക്കുകയെന്നാണ്‌ പുതിയ പഠനങ്ങള്‍ പറയുന്നത്‌, ടീച്ചര്‍ വിശദീകരിച്ചു. ഇതെല്ലാം കേട്ടപ്പോഴാണ്‌ റിറ്റിക്ക്‌ ആശ്വാസമായത്‌.

സൂര്യന്‍ ഇല്ലാതായാല്‍

ഭൂമി അടക്കമുള്ള ഈ പ്രപഞ്ചത്തിലെ സകല ജീവജാലങ്ങള്‍ക്കും ഊര്‍ജം നല്‍കുന്ന ശക്തിയാണ്‌ സൂര്യന്‍. സൂര്യനില്ലാതെ നമുക്ക്‌ നിലനില്‍പില്ലെന്നും പറയാം. എങ്കിലും എല്ലാ വസ്‌തുക്കള്‍ക്കും ഒരു കാലപരിധി ഉണ്ടല്ലോ. നമ്മുടെ പ്രപഞ്ചത്തിലെ ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കുമെല്ലാം ഇങ്ങനെ ഒരു ജീവിതാവസാനം ഉണ്ട്‌. ഒരു ദിവസം നമ്മുടെ സൗരയൂഥത്തിലെ സൂര്യനെന്ന നക്ഷത്രവും എന്നെന്നേക്കുമായി അസ്‌തമിക്കും. പക്ഷേ എങ്ങനെയായിരിക്കും അല്ലെങ്കില്‍ എപ്പോഴായിരിക്കും സൂര്യന്റെ ആ വിടപറയല്‍ എന്ന്‌ ചിന്തിച്ചിട്ടുണ്ടോ? നിരവധി തര്‍ക്കങ്ങള്‍ ഇക്കാര്യത്തില്‍ നടന്നിട്ടുണ്ടെങ്കിലും പുതിയ ചില പഠനങ്ങള്‍ സൂര്യന്റെ ആ മഹായാനവും ഭൂമിയുടേയും മനുഷ്യരാശിയുടേയുമെല്ലാം അവസാനത്തെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്‌.

എന്നാല്‍ അത്ര പെട്ടെന്നൊന്നും നമ്മുടെ സൂര്യന്‍ ഗുഡ്‌ബൈ പറഞ്ഞ്‌ പോകില്ല കേട്ടോ. ഇപ്പോഴും സൂര്യന്റെ ഉള്ളില്‍ ചുരുങ്ങിയത്‌ ആയിരം കോടി വര്‍ഷങ്ങള്‍ കൂടി കത്തി ജ്വലിച്ചു നില്‍ക്കാനുള്ള ഇന്ധനമുണ്ട്‌. പക്ഷേ അതിനു മുന്‍പ്‌ തന്നെ ഭൂമിയിലെ സകല ജീവജാലങ്ങളും മനുഷ്യനും ഇല്ലാതാകുമെന്നും പഠനം പറയുന്നു. യുകെയിലെ ശാസ്‌ത്ര ജേണലായ നേച്ചര്‍ അസ്‌ട്രോണമിയിലാണ്‌ സൂര്യന്റെയും ഭൂമിയുടേയും അന്ത്യത്തെക്കുറിച്ച്‌ വിവരിച്ചിട്ടുള്ളത്‌.

ഭൂമിക്കും സൂര്യനും അന്ത്യമുണ്ടോ

സൂര്യന്റെ അവസാനം സൂപ്പര്‍നോവയായി വലിയ പൊട്ടിത്തെറിയിലൂടെയായിരിക്കില്ല. കാരണം, അതിനുള്ള പിണ്ഡം സൂര്യനില്ല. സൂര്യന്റെ അകത്തെ ഹൈഡ്രജന്‍ ഇന്ധനം പൂര്‍ണമായി കത്തി തീരുമ്പോള്‍ ഉള്‍കാമ്പ്‌ ചുരുങ്ങുകയും പുറത്തെ പാളികള്‍ വികസിക്കുകയും ചെയ്യും. ഇങ്ങനെ വലിയ ഒരു ചുവന്ന ഗോളമായി (Red giant) സൂര്യന്‍ പരിണമിക്കും. ഇപ്പോഴുള്ളതിനെക്കാള്‍ 250 മടങ്ങ്‌ വലിപ്പം അന്ന്‌ സൂര്യനുണ്ടാകുമെന്നാണ്‌ കരുതുന്നത്‌. ഏകദേശം 500 കോടി വര്‍ഷങ്ങള്‍ കൊണ്ടായിരിക്കും ഈ പരിണാമം സംഭവിക്കുകയെന്നും പഠനം പറയുന്നു.


സൂര്യന്റെ പരിണാമത്തിനു മുന്‍പ്‌ തന്നെ ഭൂമി വാസയോഗ്യമല്ലാതായി തീരും


ഇത്തരത്തില്‍ റെഡ്‌ ജയന്റ്‌ എന്നറിയപ്പെടുന്ന ചുവന്ന ഭീമനായി മാറുന്ന സൂര്യന്‍, ഭൂമി അടക്കമുള്ള ഗ്രഹങ്ങളെ അകത്താക്കുകയും ചെയ്യുമത്രേ. എന്നാല്‍ ഇങ്ങനെയെല്ലാം സംഭവിക്കുന്നതിനും വളരെ മുന്‍പ്‌ തന്നെ മനുഷ്യനും ഭൂമിയിലെ സകല ജീവജാലങ്ങളും ഇല്ലാതാവുകയും ചെയ്യും. കാരണം, സൂര്യന്റെ പരിണാമത്തിനു മുന്‍പ്‌ തന്നെ ഭൂമി വാസയോഗ്യമല്ലാതായി തീരും. അങ്ങനെ സംഭവിക്കാതെയിരിക്കണമെങ്കില്‍ മനുഷ്യന്‌ താമസിക്കാന്‍ കഴിയുന്ന മറ്റേതെങ്കിലും അന്യഗ്രഹങ്ങള്‍ കണ്ടെത്തുകയും അവിടെ ജീവിക്കാനുള്ള ശേഷി കൈവരിക്കുകയും ചെയ്യണം. ചൊവ്വയിലെ വാസവും അപ്പോള്‍ ഗുണം ചെയ്യില്ല. ഭൂമിയെ ഉള്ളിലേക്ക്‌ വലിച്ചെടുക്കുന്ന പോലെ സൂര്യന്‍ അന്ന്‌ ചൊവ്വയേയും വലിച്ചകത്താക്കും.

നക്ഷത്ര സൂര്യന്റെ അന്ത്യം

സൂര്യനെ പോലുള്ള നക്ഷത്രങ്ങള്‍ ഉണ്ടാകുന്നത്‌ വലിയ വാതകങ്ങള്‍ മേഘം പോലെ രൂപീകൃതമായി അവയുടെ ഭാരം മൂലം സ്വയം പൊട്ടിത്തെറിക്കുമ്പോഴാണ്‌. ഹീലിയം, ഹൈഡ്രജന്‍ തുടങ്ങിയ വാതകങ്ങളായിരിക്കും ഇവയില്‍ കൂടുതലും. ഈ പൊട്ടിത്തെറിയുടെ സമയത്ത്‌ ഇവയുടെ മധ്യഭാഗത്തെ മര്‍ദ്ദം മൂലം ഉണ്ടാകുന്ന താപനില നമുക്ക്‌ ചിന്തിക്കാവുന്നതിനും അപ്പുറമായിരിക്കും. ഇങ്ങനെ ചൂട്‌ കൂടിയ ഹൈഡ്രജന്‍ കണികകള്‍ ഇലക്ട്രോണുകളെ വിഘടിക്കുകയും ചെയ്യും.

നമുക്ക്‌ നഗ്ന നേത്രങ്ങള്‍ കൊണ്ട്‌ കാണാന്‍ കഴിയാത്ത ഈ ഹൈഡ്രജന്‍ കണികകള്‍ ഹീലിയം കണികകളുമായി കൂടിച്ചേര്‍ന്ന്‌ ഒരു ഊര്‍ജം പുറത്തുവിടും. വാതക മേഘങ്ങളുടെ പൊട്ടിത്തെറിയിലൂടെണ്ടാകുന്ന വലിയ ഗുരുത്വാകര്‍ഷണ ബലത്തെ മറികടക്കാന്‍ ഈ ഊര്‍ജവും പരിശ്രമിക്കും. ഊര്‍ജവും ഗുരുത്വാകര്‍ഷണ ബലവും തമ്മിലുള്ള ഈ യുദ്ധമാണ്‌ യഥാര്‍ഥത്തില്‍ സൂര്യന്‌ വേണ്ട ശക്തിയും ഇന്ധനവും നല്‍കുന്നത്‌. സൂര്യന്‌ മാത്രമല്ല, ആകാശഗംഗയിലെ കോടിക്കണക്കിന്‌ നക്ഷത്രങ്ങള്‍ക്കെല്ലാം ഇങ്ങനെയാണ്‌ തിളങ്ങാനും പ്രകാശിക്കാനുമെല്ലാമുള്ള ഊര്‍ജം ലഭിക്കുന്നത്‌.ഒരു നക്ഷത്രത്തിന്റെ അന്ത്യത്തോട്‌ അടുക്കുമ്പോള്‍ അത്‌ വലിയ അളവില്‍ വാതകവും പൊടിപടലങ്ങളുമെല്ലാം പുറന്തള്ളും. ശൂന്യാകാശത്തേക്ക്‌ പോകുന്ന ഇവ ഒരു ആവരണം പോലെയാകുന്നു. നക്ഷത്രത്തിന്റെ പകുതി പിണ്ഡമുള്ള ഈ ആവരണത്തിന്‌ അകത്താവും പിന്നീട്‌ നക്ഷത്ര കാമ്പ്‌. നക്ഷത്രത്തിന്‌ അകത്തെ ഇന്ധനം തീരുന്നതും ഈ ഘട്ടത്തിലാണ്‌. അങ്ങനെ പതിയെ നക്ഷത്രത്തിന്റെ അവസാനമാകും. സൂര്യന്‌ ഇത്തരത്തില്‍ പൂര്‍ണമായി മാറാന്‍ 700 മുതല്‍ 1000 കോടി വര്‍ഷങ്ങളെടുക്കും.

ചുവന്ന ഭീമന്‍

4.6 ബില്യണ്‍ വര്‍ഷങ്ങള്‍ പ്രായമുള്ള സൂര്യന്‍ അടുത്ത അഞ്ച്‌ ബില്യണ്‍ വര്‍ഷങ്ങള്‍കൊണ്ട്‌ ചുവന്ന ഭീമനായി മാറുമെന്നാണ്‌ കണക്കുകൂട്ടല്‍. ചുവന്ന ഭീമനായി മാറുന്ന സൂര്യനില്‍ ഉണ്ടാകുന്ന ഊര്‍ജ സ്‌പന്ദനങ്ങള്‍ മൂലം സൂര്യന്റെ പുറം പാളികള്‍ അകന്നു മാറും. ഇങ്ങനെ ബാഹ്യപാളികള്‍ തെറിച്ചു പോകുന്നതിനു ശേഷം അവശേഷിക്കുന്നത്‌ ഉയര്‍ന്ന താപനിലയള്ള സൂര്യന്റെ ഉള്‍കാമ്പ്‌ മാത്രമായിരിക്കും. പിന്നീട്‌ കോടിക്കണക്കിന്‌ വര്‍ഷങ്ങള്‍ കൊണ്ട്‌ ഇതും പതുക്കെ മങ്ങി ഒരു വെള്ളക്കുള്ളനായി, പ്ലാനറ്ററി നെബ്യൂല ആയി സൂര്യന്‍ തുടരുമെന്നാണ്‌ നിഗമനം.


2018ല്‍ പുറത്തുവന്ന ഒരു പഠനമനുസരിച്ച്‌ ഏതാണ്ട്‌ 100 കോടി വര്‍ഷങ്ങള്‍ കൂടി മനുഷ്യന്‌ ഭൂമിയില്‍ ജീവിക്കാനാകുമെന്നാണ്‌ കണ്ടെത്തല്‍. ഓരോ നൂറ്‌ കോടി വര്‍ഷങ്ങള്‍ കൂടുന്തോറും സൂര്യന്റെ താനിലയും തിളക്കവും 10 ശതമാനത്തോളം ഉയരും


നക്ഷത്രങ്ങള്‍ ചുരുങ്ങി ഇത്തരത്തില്‍ പ്ലാനറ്ററി നെബ്യൂല ആകുമ്പോള്‍ അവയ്‌ക്ക്‌ ഗ്രഹങ്ങളുടെ മേല്‍ സ്വാധീനമൊന്നും ഇല്ലാതെയാവും. എങ്കിലും ഇവയ്‌ക്ക്‌ ചെറിയൊരു തിളക്കും അപ്പോഴും അവശേഷിക്കും. നിലവിലുള്ള പ്ലാനറ്ററി നെബ്യൂലകള്‍ കണ്ടെത്താനും അവയുടെ ദൂരം അളക്കാനും ഗവേഷകര്‍ക്ക്‌ കഴിയുന്നതും അതുകൊണ്ടാണ്‌. എന്നാല്‍ അപ്പോഴും സൂര്യന്റെ ഇരട്ടി പിണ്ഡമില്ലാത്തവ പ്ലാനറ്ററി നെബ്യൂല ആയാലും കണ്ടുപിടിക്കുക തന്നെ ബുദ്ധിമുട്ടാണ്‌. സൂര്യന്‌ പക്ഷേ ഈ അവസ്ഥയിലെത്തിയാലും പ്രകാശിക്കാന്‍ കഴിയുമെന്നാണ്‌ ശാസ്‌ത്രലോകം പറയുന്നത്‌. അതായത്‌ ദൃശ്യമായ നെബ്യൂല ആയി സൂര്യന്‍ മാറും.

എത്രനാള്‍ ഭൂമിയില്‍

ഇനി എത്ര നാളുകള്‍ കൂടി മനുഷ്യന്‌ ഭൂമിയില്‍ സുരക്ഷിതമായി ജീവിക്കാനാകും എന്നത്‌ ഒരു വലിയ ചോദ്യം തന്നെയാണ്‌. ഇപ്പോള്‍ തന്നെ പല പ്രതികൂല ഘടകങ്ങളും മനുഷ്യന്‌ ഭൂമിയില്‍ നേരിട്ടു തുടങ്ങിയിട്ടുണ്ട്‌. അതില്‍ ഏറിയ പങ്കും മനുഷ്യന്‍ തന്നെ വരുത്തി വച്ച കാഴ്‌ചപ്പാടില്ലാത്ത പ്രവൃത്തികളുടെ അനന്തര ഫലങ്ങളുമാണ്‌. ഇന്ന്‌ നമ്മള്‍ കാണുന്ന കാലാവസ്ഥാ മാറ്റങ്ങള്‍ മൂലം ഉണ്ടാകുന്ന നാശങ്ങളല്ലാതെ ഭൂമുഖത്തു നിന്ന്‌ പൂര്‍ണമായി മനുഷ്യന്‍ ഇല്ലാതാകുന്ന ഒരു ദിവസമുണ്ടാകും. 2018ല്‍ പുറത്തുവന്ന ഒരു പഠനമനുസരിച്ച്‌ ഏതാണ്ട്‌ 100 കോടി വര്‍ഷങ്ങള്‍ കൂടി മനുഷ്യന്‌ ഭൂമിയില്‍ ജീവിക്കാനാകുമെന്നാണ്‌ കണ്ടെത്തല്‍. ഓരോ നൂറ്‌ കോടി വര്‍ഷങ്ങള്‍ കൂടുന്തോറും സൂര്യന്റെ താനിലയും തിളക്കവും 10 ശതമാനത്തോളം ഉയരും. അതായത്‌, പണ്ട്‌ ഇന്നത്തേതിലും തിളക്കവും ചൂടും കുറവായിരുന്നു.

ഇനി വരും നൂറ്‌ വര്‍ഷങ്ങളില്‍ ഇത്‌ വലിയ തോതില്‍ വര്‍ദ്ധിക്കുമെന്നും സൗരതാപനിലയില്‍ മാറ്റങ്ങളുണ്ടാവുകയും ചെയ്യും. അങ്ങനെ ഭൂമിയിലെ ദ്രവരൂപത്തിലുള്ള ജലം ബാഷ്‌പീകരിച്ച്‌ പോകുമെന്നും അങ്ങനെ ഇത്‌ എല്ലാ ജീവജാലങ്ങളുടേയും നാശത്തിലേക്ക്‌ വഴിവയ്‌ക്കുമെന്നും കരുതുന്നു. ഇതിനു മുന്‍പും ഭൂമിയില്‍ വലിയ തോതിലുള്ള വംശനാശങ്ങള്‍ സംഭവിച്ചിട്ടുണ്ട്‌. ഒരു കാലത്ത്‌ ഭൂമി അടക്കി വാണിരുന്ന ഡൈനോസറുകളുടെ അടക്കം അന്നത്തെ ഒട്ടുമിക്ക ജീവജാലങ്ങളുടെയും അന്ത്യം 66 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഒരു വലിയ ചിന്നഗ്രഹം ഭൂമിയില്‍ പതിച്ചതാണെന്നാണ്‌ കരുതുന്നത്‌. അന്നത്തേത്‌ പോലെ അടുത്തൊന്നും സംഭവിക്കില്ലെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

നാശം പലവിധമാകാം

നാസയുടെ കണക്കുകൂട്ടല്‍ പ്രകാരം 100 മില്യണ്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരിക്കലായിരിക്കും വലിയ ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കുക. ചെറിയ ചില ഉല്‍ക്ക പോലുള്ളവ ഇടയ്‌ക്ക്‌ ഭൂമിയിലേക്ക്‌ എത്താമെങ്കിലും, ഭൂമിയിലെ ജീവജാലങ്ങളെ മുഴുവന്‍ തുടച്ചു മാറ്റാവുന്ന ഏതെങ്കിലും മാനവകുലത്തിന്റെ അന്ത്യം കുറിക്കാന്‍ എത്തുമോ എന്നു സംശയമാണ്‌. പിന്നീടുള്ള ഒരു സാധ്യത ഓക്‌സിജന്റെ ലഭ്യത കുറവാണ്‌. 2.5 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഭൂമിയില്‍ ഇന്ന്‌ നമുക്ക്‌ യഥേഷ്ടം ശ്വസിക്കാന്‍ ലഭിക്കുന്ന ഓക്‌സിജന്‍ ഉണ്ടായിത്തുടങ്ങി. ചില ബാക്ടീരിയകളും ആല്‍ഗകളുമാണ്‌ അതിന്‌ കാരണമായത്‌. നമ്മുടെ ചുറ്റുമുള്ള സകല ജീവജാലങ്ങളും ഉത്ഭവിച്ചതും അങ്ങനെയാണ്‌.


സൂര്യന്റെ മാറ്റങ്ങള്‍ക്കനുസരിച്ച്‌ അന്തരീക്ഷത്തിലെ ഓക്‌സിജന്‍ അടക്കമുള്ള വാതകങ്ങള്‍ക്കും മാറ്റങ്ങള്‍ സംഭവിക്കാം


ഇന്ന്‌ ഭൂമിക്കുണ്ടാകുന്ന പല കാലാവസ്ഥാ മാറ്റങ്ങളും നാളെ ഒരു കാലത്ത്‌ ഈ ഓക്‌സിജന്റെ ലഭ്യത ഇല്ലാതാക്കുമെന്നാണ്‌ പറയുന്നത്‌. അങ്ങനെ വന്നാല്‍ മനുഷ്യന്‌ ശ്വസിക്കാന്‍ പോലും ആവശ്യത്തിന്‌ ഓക്‌സിജന്‍ ഇല്ലാത്ത അവസ്ഥ ഉണ്ടാകും. അനന്തര ഫലമായി ഭൂമുഖത്തെ 80 ശതമാനത്തിലധികം ജീവജാലങ്ങള്‍ ഇല്ലാതാകുമെന്നാണ്‌ ചില പഠനങ്ങള്‍ പറയുന്നത്‌. ഇപ്പോള്‍ തന്നെ കാലാവസ്ഥാ മാറ്റങ്ങള്‍ മൂലം സമുദ്രങ്ങളിലെ ഓക്‌സിജന്റെ അളവ്‌ കുറഞ്ഞ്‌ സമുദ്രജീവികള്‍ക്ക്‌ ഭീഷണിയാണെന്നത്‌ ഈ സമയത്ത്‌ പ്രസക്തമാണ്‌.

നമ്മുടെ ഭൂമിയില്‍ എക്കാലത്തും ഓക്‌സിജന്‍ ഉണ്ടായിരുന്നില്ല. അത്‌ എന്നെന്നേക്കും നിലനില്‍ക്കുമെന്നും പറയാനാകില്ല. സൂര്യന്റെ മാറ്റങ്ങള്‍ക്കനുസരിച്ച്‌ അന്തരീക്ഷത്തിലെ ഓക്‌സിജന്‍ അടക്കമുള്ള വാതകങ്ങള്‍ക്കും മാറ്റങ്ങള്‍ സംഭവിക്കാം. ഒരു ഘട്ടത്തില്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡ്‌ വിഘടിക്കാന്‍ കഴിയാത്ത അവസ്ഥ വരുകയും പ്രകാശസംസ്ലേഷണം നടത്തുന്ന സസ്യങ്ങള്‍ ഇല്ലാതാവുകും ചെയ്യാം. അങ്ങനെ വന്നാലും ഓക്‌സിജന്‍ ഇല്ലാതാവും. ഇതെല്ലാം ഒറ്റ ദിവസം കൊണ്ട്‌ നടക്കുന്ന പ്രതിഭാസങ്ങളാവില്ല. മറിച്ച്‌ കാലങ്ങളെടുത്ത്‌ സംഭവിക്കാവുന്നതാണ്‌. അതും പല ഘടകങ്ങളെ ആശ്രയിച്ച്‌ നടക്കുന്നതും. പക്ഷേ ഒന്നുറപ്പാണ്‌, മനുഷ്യന്റെയും ഭൂമിയുടേയും സൂര്യന്റെയുമെല്ലാം അവസാനം ഒരിക്കല്‍ സംഭവിക്കുക തന്നെ ചെയ്യും.