
വിയര്‍പ്പ് മുതല്‍ മൂത്രം വരെ ശുദ്ധീകരിച്ച് വെള്ളമാക്കും; നീട്ടിയൊന്നു തുപ്പിയാല്‍ പണി കിട്ടും! ഇത് ബഹിരാകാശ ജീവിതം!
നമുക്ക് പരിചിതമല്ലാത്ത ബഹിരാകാശ സഞ്ചാരികളുടെ ജീവിതം അടുത്തറിയാം…
ഒന്നു പല്ലു തേച്ച് തുപ്പിക്കളയാനോ വെള്ളമൊഴിച്ച് ഒന്നു കുളിക്കാനോ കഴിയില്ല ബഹിരാകാശ നിലയത്തില്‍. വിയര്‍പ്പു തുള്ളി മുതല്‍ മൂത്രം വരെ ശുദ്ധീകരിച്ച് വെള്ളമായി വീണ്ടും ഉപയോഗിക്കണം. നമുക്ക് പരിചിതമല്ലാത്ത ബഹിരാകാശ സഞ്ചാരികളുടെ ജീവിതം അടുത്തറിയാം…
ഭൂമിയില്‍ ജീവിക്കുന്നതു പോലെ ഒരിക്കലും എളുപ്പമല്ല ബഹിരാകാശത്ത് ജീവിക്കുക എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. പക്ഷേ അവിടെ താമസിച്ച് ജോലി ചെയ്യുന്ന ബഹിരാകാശ സഞ്ചാരികള്‍ എങ്ങനെയായിരിക്കും ആ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നത്? അവരുടെ ദിനചര്യ എങ്ങനെയായിരിക്കും എന്നെല്ലാം അറിയാന്‍ കൗതുകമില്ലേ? ഭൂമിയിലെ അന്തരീക്ഷത്തില്‍ നിന്നും മാറി ശൂന്യാകാശത്ത് എത്തുന്ന ബഹിരാകാശ സഞ്ചാരികളുടെ ശരീരത്തിലും ചില മാറ്റങ്ങളുണ്ടാകും. അവരുടെ ആഹാരരീതിയിലും വ്യക്തിശുചിത്വ രീതികളിലും എല്ലാം ഈ മാറ്റങ്ങള്‍ പ്രകടമാകും. മാസങ്ങളോളം അവിടെ താമസിക്കാന്‍ ചെല്ലുന്ന ബഹിരാകാശ സഞ്ചാരികള്‍ എങ്ങനെയാണ് അവിടെ തങ്ങുന്നതെന്നും എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും നമുക്ക് നോക്കാം.
ആകാശവീട്ടിലെ ജീവിതം
ഒരു പ്രത്യേക മര്‍ദ്ദം നിലനിര്‍ത്തുന്ന ബഹിരാകാശ നിലയത്തിനകത്ത് എങ്ങനെ ജീവിതം സാധ്യമാകുമെന്ന് എല്ലാവര്ക്കും തോന്നുന്ന സംശയമായിരിക്കും. ഇവിടെ ഗുരുത്വാകര്‍ഷണ ബലം ഇല്ലെന്ന് അറിയാമല്ലോ. അതുകൊണ്ടു തന്നെ ഇവിടെ ജീവിക്കുന്നവരും അതിനനുസരിച്ച് അവരുടെ ശരീരങ്ങളെ പാകപ്പെടുത്തണം. ഭൂമിയില്‍ നമ്മുടെ ശരീര ഭാരം എല്ലുകളും മസിലുകളും താങ്ങുന്നതു മൂലം അവയുടെ പ്രവര്‍ത്തനവും അതിനനുസരിച്ച് ബലപ്പെട്ടിരിക്കും. പക്ഷേ ബഹിരാകാശത്ത് ശരീരം പറന്നു നടക്കുമെന്നതിനാല്‍ സഞ്ചാരികള്‍ക്ക് കാലുകള്‍ കൊണ്ട് അധികം ഉപയോഗം വരുന്നില്ല. ഇത് എല്ലുകള്‍ക്കും മസിലുകള്‍ക്കും ബലക്ഷയത്തിനു കാരണമായേക്കാം. ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ബഹിരാകാശ സഞ്ചാരികള്‍ ദിവസവും അവിടെ വ്യായാമം ചെയ്യാറുണ്ട്.
ദീര്‍ഘകാലം ബഹിരാകാശത്തു തങ്ങിയവരുടെ ശരീരത്തിലെ ജലാംശം കുറയാന്‍ സാധ്യത കൂടുതലാണ്
ദിവസം രണ്ട് മണിക്കൂറെങ്കിലും അവര്‍ ജിമ്മില്‍ വ്യായാമം ചെയ്താണ് തങ്ങളുടെ ശരീരവും ആരോഗ്യവും നിലനിര്‍ത്തുന്നത്. ഇനി ശരീരത്തിലെ രക്തവും ജലവുമെല്ലാം ഭൂമിയിലാകുമ്പോള്‍ എല്ലായിടത്തും ഒരുപോലെ ചലിച്ച് എത്തും. ഹൃദയത്തിലേക്കുള്ള രക്തധമനികളുടെ പ്രവര്‍ത്തനവും എല്ലാം താളം തെറ്റും. ഗുരുത്വാകര്‍ഷണം ഇല്ലാത്തതിനാല്‍ ബഹിരാകാശത്ത് ശരീരത്തിലെ രക്തവും ജലവും ശരീരത്തിന്റെ മുകള്‍ ഭാഗത്തേക്ക് കൂടുതലായി ചലിക്കും. ഇത് തലച്ചോറിനെയും സാരമായി ബാധിക്കും. ഇതിനെല്ലാം പരിഹാരമെന്നോണമാണ് ജിമ്മിലെ വ്യായാമം ഇവര്‍ക്ക് ഗുണകരമാകുന്നത്.
എന്നാല്‍ പോലും തിരികെ ഭൂമിയിലെത്തിയ ശേഷം ഇവര്‍ക്ക് കുറച്ചു ദിവസത്തെ വിശ്രമം നിര്‍ദേശിക്കാറുണ്ട്. കാരണം, ദീര്‍ഘകാലം ബഹിരാകാശത്തു തങ്ങിയ ഇവരുടെ ശരീരത്തിലെ ജലാംശം കുറയാന്‍ സാധ്യത കൂടുതലാണ്. ഇത് തിരികെ സാധാരണ നിലയിലേക്ക് എത്താനായുള്ള കാലാവധിയാണിത്. ഇതു ചെയ്തില്ലെങ്കില്‍ തല കറങ്ങി വീഴാന്‍ പോലുമുള്ള സാധ്യതകളുണ്ട്. ഇനി അടുത്തതായി ആരോഗ്യം സൂക്ഷിക്കാനായി ഭൂമിയിലെ പോലെ വ്യക്തി ശുചിത്വം പാലിക്കേണ്ടതും അത്യാവശ്യമാണ്. എന്നാല്‍ ഭൂമിയിലെപോലെ അത് അത്ര എളുപ്പമല്ല എന്നു മാത്രം.
കുടിക്കുന്നതും തുപ്പുന്നതുമെല്ലാം ശ്രദ്ധിച്ച്
രാവിലെ എഴുന്നേറ്റാല്‍ വീട്ടിലെ ഓര്‍മയില്‍ ഇവിടെ പല്ലു തേച്ചു നീട്ടി തുപ്പിയാല്‍ പണി കിട്ടും. കാരണം അത് മുഴുവന്‍ അന്തരീക്ഷത്തിലൂടെ പാറി നടക്കും! പല്ലു തേച്ചു കഴിഞ്ഞാലും നമ്മുടെ വീട്ടിലെ പോലെ തുപ്പാനുള്ള സിങ്ക് ഇവിടെയില്ല. സഞ്ചാരികള്‍ ഇതിനായി പ്രത്യേകമുള്ള തുണിയിലേക്കാണ് തുപ്പുന്നത്. നമ്മുടെ വീട്ടിലുള്ളതു പോലെയുള്ള ശുചിമുറിയുമല്ല അവിടെ. സഞ്ചാരികള്‍ക്ക് ബഹിരാകാശ നിലയത്തില്‍ ഉപയോഗിക്കാന്‍ പ്രത്യേക സോപ്പും ഷാംപൂവും ഒക്കെയാണുള്ളത്. ഈ സോപ്പും ഷാംപൂവും ഉപയോഗിച്ച് കുളിച്ചാല്‍ വെള്ളം ഉപയോഗിച്ച് കഴുകേണ്ട ആവശ്യമില്ല. സോപ്പ് ഉപയോഗിക്കുന്നത് പോലും സൂക്ഷ്മതയോടെ വേണം. ഇല്ലെങ്കില്‍ ഇവയുടെ പത അന്തരീക്ഷത്തില്‍ പാറി നടക്കും! സ്പോഞ്ച് ബാത്ത് കഴിഞ്ഞാല്‍ ഇനി ഒരു ടവ്വല്‍ വച്ച് സോപ്പും മറ്റും തുടച്ചെടുക്കുകയാണ് ചെയ്യുന്നത്.
നമ്മള് ഇവിടെ കൈ കഴുകാന്‍ ഉപയോഗിക്കുന്നതിന്റെ പത്തില്‍ ഒരു ശതമാനം വെള്ളം അവര്‍ തുണിയിലേക്ക് സ്പ്രേ ചെയ്ത് അതുപയോഗിച്ചാണ് കൈ കഴുകുന്നത്
അപ്പോള്‍ ഇവിടെ വെള്ളം ഉപയോഗിക്കാറില്ലേ എന്നു തോന്നാം. കുടിക്കാനും സ്പോഞ്ച് ബാത്തിനും ഉപയോഗിക്കാറുണ്ട്. പക്ഷേ നമുക്ക് ലഭിക്കുന്ന പോലെ സുലഭമല്ലല്ലോ. അതുകൊണ്ടുതന്നെ ജലത്തിന്റെ മൂല്യം അവര്‍ക്ക് നന്നായറിയാം. നമ്മള് ഇവിടെ കൈ കഴുകാന്‍ ഉപയോഗിക്കുന്നതിന്റെ പത്തില്‍ ഒരു ശതമാനം വെള്ളം അവര്‍ തുണിയിലേക്ക് സ്പ്രേ ചെയ്ത് അതുപയോഗിച്ചാണ് കൈ കഴുകുന്നത്. ഇവിടെ വെള്ളം താഴേക്ക് ഒഴുകില്ലാത്തതിനാല് ടാപ്പ് പോലുള്ളവയില്ല. മാത്രമല്ല, അവര്‍ക്കുള്ള വെള്ളം അവര്‍ തന്നെ പുനരുപയോഗിക്കുകയാണ് ബഹിരാകാശ നിലയത്തില്‍ ചെയ്യുന്നത്.
കാരണം, ഭൂമിയില്‍ നിന്നും വെള്ളം എപ്പോഴും എത്തിക്കുക പ്രായോഗികമല്ല എന്നതുതന്നെ. ഇവിടെ അന്തരീക്ഷത്തിലെ ഈര്‍പ്പവും ഫ്യുവല്‍ സെല്ലുകളിലെ വേസ്റ്റ് വെള്ളവും സഞ്ചാരികളുടെ കൈകഴുകുന്ന വെളള്ളവും വിയര്‍പ്പുതുള്ളിയും മൂത്രം പോലും റീസൈക്കിള്‍ ചെയ്യാറുണ്ട്. ഇവിടെ ഉപയോഗിക്കുന്ന എല്ലാ തരത്തിലുള്ള വെള്ളവും ഇങ്ങനെ ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുകയാണ് പതിവ്. അയ്യേ, എന്നു വിചാരിക്കേണ്ട. ഇവിടെ ശുദ്ധീകരിച്ചു വരുന്ന വെള്ളം ഭൂമിയില്‍ നമ്മള് കുടിക്കുന്ന വെള്ളത്തെക്കാള്‍ ശുദ്ധമായിരിക്കുമെന്നാണ് നാസ അവകാശപ്പെടുന്നത്. സഞ്ചാരികളുടെ ആരോഗ്യം ബഹിരാകാശ ഏജന്‍സികളുടെ ഉത്തരവാദിത്വമാണല്ലോ.
ഇനി അടുത്ത സംശയമാകും പ്രാഥമിക ആവശ്യങ്ങള്‍ എങ്ങനെ നിറവേറ്റും എന്നത്. മൂത്രമൊഴിക്കാനായി അവര്‍ക്ക് പ്രത്യേകം ട്യൂബ് പോലുള്ള സംവിധാനമാണുള്ളത്. മല വിസര്‍ജനം ചെയ്യാന്‍ നമ്മുടെ ശൗചാലയങ്ങളുടേതിനു സമാനമായി ക്ലോസറ്റുണ്ടെങ്കിലും വളരെ ശ്രദ്ധാപൂര്‍വ്വം മാത്രമേ അതുപയോഗിക്കാന്‍ കഴിയുകയുള്ളൂ. ഒരു നാട വച്ച് ബന്ധിച്ചാണ് അവര്‍ ടോയ്ലറ്റ് സീറ്റില്‍ ഇരിക്കുക. ഒരു ചെറിയ അബദ്ധം സംഭവിച്ചാല്‍ പോലും എന്താകും അവസ്ഥയെന്ന് ചിന്തിക്കാനാവില്ലല്ലോ. പക്ഷേ ബഹിരാകാശ നിലയത്തില്‍ എത്തുന്നവരെല്ലാം അതീവ ബുദ്ധിമാന്മാരായിരിക്കുമല്ലോ. അതുകൊണ്ടുതന്നെ അവര്‍ക്ക് ഇത്തരം സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും അതിനനുസരിച്ച് ജീവിക്കാനുമുള്ള കഴിവ് ലഭിക്കാറുണ്ട്.
ആദ്യ യാത്രികന്റെ അനുഭവപാഠം
1961ല്‍ അമേരിക്കയില്‍ നിന്നും ആദ്യമായി ബഹിരാകാശത്തേക്ക് പോയ അലന് ഷെപ്പേര്‍ഡിന്റെ അനുഭവം പിന്നീട് നാസയ്ക്ക് പുതിയ ഉള്‍ക്കാഴ്ചയാണ് നല്‍കിയത്. വളരെ ചുരുങ്ങിയ സമയത്തേക്ക് മാത്രം ബഹിരാകാശത്തേക്ക് യാത്ര നിശ്ചയിച്ച അലന് പക്ഷേ പല കാരണങ്ങള്‍ മൂലം സ്പേസ് ഷട്ടിലിന്റെ അകത്ത് ലോഞ്ചിനായി മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വന്നു. ഇതിനിടയില്‍ മൂത്രശങ്ക തോന്നിയ അലന് കണ്ട്രോള് റൂമില്‍ ആവശ്യം ഉന്നയിച്ചെങ്കിലും അതില്‍ നിന്നും ഇറക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ മൂലം വിസമ്മതിച്ചു. മാത്രമല്ല, അലനോട് ധരിച്ചിരിക്കുന്ന സ്പേസ് സ്യൂട്ടില്‍ തന്നെ കാര്യം സാധിക്കാന്‍ നിര്‍ദേശവും നല്കി. അങ്ങനെ ബഹിരാകാശത്ത് എത്തിയ ആദ്യ അമേരിക്കക്കാരന് നനഞ്ഞു കുതിര്‍ന്ന തന്റെ സ്യൂട്ടിലാണ് പോയിവരാന്‍ കഴിഞ്ഞത്.
ഇത് നാസയ്ക്ക് ബഹിരാകാശ സഞ്ചാരികളുടെ പ്രാഥമിക ആവശ്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. ശാസ്ത്രജ്ഞരെല്ലാം സാധാരണ മനുഷ്യര്‍ കൂടിയാണെന്നും അവരുടെ ജീവശാസ്ത്രപരമായ ആവശ്യങ്ങളും ചിന്തിക്കേണ്ട വിഷയമാണെന്നും നാസ തിരിച്ചറിഞ്ഞു. അതിനു ശേഷമാണ് സ്പേസ് ഷട്ടിലില്‍ പോകുന്നവര്‍ക്കും ബഹിരാകാശത്ത് നടക്കാനിറങ്ങുന്നവര്ക്കുമെല്ലാം സ്പേസ് ഡയപ്പറുകള്‍ (MAG) നല്കി തുടങ്ങിയത്. മുതിര്‍ന്നവര്‍ക്കുള്ള ഡയപ്പര്‍ പോലെയുള്ള ഇവ പിന്നീടുള്ള സഞ്ചാരികള്‍ക്ക് ആശ്വാസകരമായി. ഇത് മാത്രമല്ല, ഇവര്‍ ധരിക്കുന്ന സ്പേസ് സ്യൂട്ടിന്റെ ഭാഗമായി നനവ് വലിച്ചെടുക്കുന്ന തരത്തിലുള്ള ലിക്വിഡ് കൂളിങ് ആന്‍ഡ് വെന്റിലേഷന് ഗാര്‍മെന്റ് എന്ന വസ്ത്രവും ധരിക്കുന്നുണ്ട്. ഇതും നനവ് വലിച്ചെടുക്കാന്‍ പര്യാപ്തമാണ്.
ഭക്ഷണം ഭൂമിയില്‍ നിന്ന്
ഇനി അവിടുത്തെ വൃത്തിയാക്കലും മറ്റും ഇതുപോലെതന്നെ എളുപ്പമുള്ള ജോലിയല്ല. സഞ്ചാരികള്‍ വളരെ ചെറിയ സ്ഥലത്താണ് ജീവിക്കുന്നതെങ്കില്‍ പോലും ഭിത്തിയും തറയും ജനലുകളുമെല്ലാം അവര്‍ നിരന്തരം കീടാണുക്കളെയും മറ്റും നശിപ്പിക്കുന്ന പ്രത്യേക സോപ്പ് ഉപയോഗിച്ച് തുണി ഉപയോഗിച്ച് തുടയ്ക്കുകയാണ് പതിവ്. വാക്വം ക്ലീനറും ഉപയോഗിക്കാറുണ്ട്. പറന്നു പോകുന്ന ചില വസ്തുക്കള്‍ വലിച്ചെടുക്കാനും ഇത് അവര്‍ക്ക് ഉപകാരപ്പെടാറുണ്ട്. വെറ്റ് വൈപ്സ് ഉപയോഗിച്ചാണ് പാത്രങ്ങളും സ്പൂണും ഫോര്‍ക്കും പോലുള്ളവ തുടച്ചെടുക്കുന്നത്.
ഇവിടെയുള്ള ശാസ്ത്രജ്ഞര്‍ എന്ത് ഭക്ഷിക്കുമെന്നതും ഒരു ചോദ്യമാണ്. ആദ്യ കാലങ്ങളില്‍ പേയ്സ്റ്റ് രൂപത്തിലാക്കിയ ഭക്ഷണപഥാര്‍ഥങ്ങള്‍ ട്യൂബിലൂടെയും മറ്റുമായിരുന്നു സഞ്ചാരികള്‍ കഴിച്ചിരുന്നതും കുടിച്ചിരുന്നതും. ഇന്ന് ഏകദേശം ഭൂമിയില്‍ കഴിക്കുന്നതു പോലെയാണെന്ന് പറയാം. വെള്ളം പോലുള്ളവ പ്രത്യേക ടിന്നില്‍ സ്ട്രോ ഉപയോഗിച്ചാണ് കുടിക്കുന്നത്. ചൂടുവെള്ളവും തണുത്തവെള്ളവും ഇവിടെ ലഭിക്കും. ഭക്ഷണമാകട്ടെ ഭൂമിയില്‍ നിന്നും ഉണക്കി സൂക്ഷിച്ച് കൊണ്ടുപോകുന്നതാണ്. ഇവ ദീര്‍ഘകാലം കേടാകാതെ ഇരിക്കുകയും കഴിക്കുന്ന സമയത്ത് അതാത് സമയത്തേക്കുള്ള പൊതി എടുത്ത് വെള്ളം തളിക്കുകയോ അവനില്‍ 30 മിനുറ്റോളം ചൂടാക്കുകയോ ചെയ്താണ് കഴിക്കുന്നത്.
ഭക്ഷണ വസ്തുക്കള്‍ സൂക്ഷിക്കാനായി പ്രത്യേകം ലോക്കറുകളുണ്ട്. മാത്രമല്ല, ഇവ നിലയത്തിലെത്തിക്കുന്നതിനു മുന്‍പായി ദീര്‍ഘകാലം സൂക്ഷിക്കാനായി മാംസ ഭക്ഷണങ്ങള്‍ റേഡിയേഷന് നടത്താറുണ്ട്. നിലയത്തിനകത്തുള്ള സഞ്ചാരികള്‍ക്ക് ആവശ്യമായത്ര ഭക്ഷണസാധനങ്ങള്‍ തണുപ്പിച്ചോ ഉണക്കിയോ ഇവര്‍ നിലയത്തിലേക്ക് താമസത്തിനായി പോകുമ്പോള്‍ തന്നെ കൊണ്ടുപോവുകയാണ് പതിവ്. വാഷിങ് മെഷീന് പോലുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ട് ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ ഉപയോഗശേഷം ഉപേക്ഷിക്കുകയും ചെയ്യും.
നിലയത്തില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രത്യേകം സംവിധാനങ്ങളുമുണ്ട്. നനവുള്ളവയ്ക്കും അല്ലാത്തവയ്ക്കുമായി പ്രത്യേകം ട്രാഷ് ബിനുകളുണ്ട്. ഇവയില്‍ നിന്നും ദുര്‍ഗന്ധം വമിക്കാതെയിരിക്കാനും നിറയുന്നതിനനുസരിച്ച് പാക്ക് ചെയ്യാനുമുള്ള സംവിധാനങ്ങളുണ്ട്. ഇനി കിടക്കാന്‍ കിടപ്പറയുണ്ടെങ്കിലും വീട്ടിലെ പോലെ സുഖലോലുപരായി കിടക്കാന്‍ കഴിയുന്ന കിടക്കയല്ല. ഉറക്കത്തില്‍ പറന്നു നടക്കാതിരിക്കാനായി ഒരു സ്ലീപിങ് ബാഗില്‍ സ്വയം പൊതിഞ്ഞ് അത് ഭിത്തിയുമായി ബന്ധിപ്പിച്ചാണ് കിടക്കുന്നത്.