Dec 21, 2021 • 14M

കടലിന്റെ കൂരിരുട്ട് നിറഞ്ഞ അടിത്തട്ടില്‍ ജീവന്റെ സ്പന്ദനം!

ആയിരക്കണക്കിന് അടി ഐസും പിന്നിട്ട് ആയിരക്കണക്കിന് അടി കടല്‍വെള്ളവും പിന്നിട്ട് കരയില്‍ നിന്നും അത്രയധികം താഴ്ചയില്‍ ജീവന്റെ സാന്നിധ്യം

4
 
1.0×
0:00
-14:04
Open in playerListen on);
Episode details
Comments

അന്റാര്‍ട്ടിക്ക, പേര് കേള്‍ക്കുമ്പോള്‍ തന്നെ കണ്ണെത്താദൂരം പരന്ന് കിടക്കുന്ന ഹിമസാഗരമല്ലേ ഓര്‍മ്മ വരുന്നത്. ഭൂമിയുടെ ദക്ഷിണധ്രുവത്തില്‍ തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന, സദാ മഞ്ഞിന്റെ മേലങ്കി പുതച്ചുറങ്ങുന്ന ആ ഭൂഖണ്ഡത്തിന് നിരവധി പ്രത്യേകതകളുണ്ട്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ളതും വരണ്ടതും എപ്പോഴും ശക്തമായ കാറ്റ് വീശുന്നതും, കൊടും തണുപ്പുള്ളതും സര്‍വ്വോപരി എറ്റവും കൂടുതല്‍ ഐസ് നിറഞ്ഞതുമായ (കരയുടെ ഏതാണ്ട് 98 ശതമാനവും ഐസ് മൂടിക്കിടക്കുകയാണ്) ഭൂഖണ്ഡമാണത്.

ഐസ് നിറഞ്ഞ ഭൂഖണ്ഡമെന്ന് പറയുമ്പോള്‍ തന്നെ ലോകത്ത് ഏറ്റവും കുറഞ്ഞ താപനിലയുള്ള സ്ഥലവും ഇതായിരിക്കുമെന്ന് ഊഹിക്കാമല്ലോ. ലോകത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് 89.2 ഡിഗ്രി സെല്‍ഷ്യസ് ഇവിടെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത്തരം പ്രതികൂല കാലാവസ്ഥ കാരണം വളരെ കുറച്ച് സസ്യങ്ങളും പെന്‍ഗ്വിനുകളും വെള്ളത്തില്‍ കഴിയുന്ന സസ്തനികളും കടല്‍പ്പക്ഷികളും മാത്രമാണ് ഇവിടെ ജീവനുള്ളവയെന്ന് പറയാന്‍ ഉള്ളൂ. പത്ത് ഡിഗ്രി സെല്‍ഷ്യസില്‍ താഴെയുള്ള താപനില പോലും താങ്ങാനാകാത്ത മനുഷ്യന്റെ കാര്യം പറയേണ്ടതില്ല. ഇവിടെ സ്ഥിരമായ മനുഷ്യവാസം സാധ്യമല്ല. പക്ഷേ പതിനെട്ടാം നൂറ്റാണ്ട് മുതല്‍ മനുഷ്യര്‍ ഇവിടെ വന്നുപോകാറുണ്ട്. പഠനങ്ങള്‍ക്കും ഗവേഷണ ആവശ്യങ്ങള്‍ക്കും പര്യവേഷണത്തിനുമായി നിരവധി രാജ്യങ്ങള്‍ അന്റാര്‍ട്ടിക്കയില്‍ സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്കിടെ അന്റാര്‍ട്ടിക്കയില്‍ മനുഷ്യര്‍ നടത്തിയ പര്യവേക്ഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയും പല പുതിയ കണ്ടെത്തലുകളും ജനിച്ചിട്ടുണ്ട്.

തെളിഞ്ഞുവന്ന അപൂര്‍വ്വ കാഴ്ച

ഒരു പഠനാവശ്യത്തിന് തന്നെയാണ് ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വ്വേയിലെ ജിയോളജിസ്റ്റായ ജെയിംസ് സ്മിത്ത് അന്റാര്‍ട്ടിക്കയിലെ ഫ്ളിച്ച്നര്‍ റോണ്‍ ഐസ് ഷെല്‍ഫില്‍ എത്തുന്നത്. അന്റാര്‍ട്ടിക്കയുടെ മറ്റൊരു പ്രത്യേകതയാണ് ഐസ് ഷെല്‍ഫുകള്‍. കരയോട് ചേര്‍ന്ന് കിടക്കുന്ന, പൊങ്ങിക്കിടക്കുന്ന (ഫ്ളോട്ടിംഗ്) ഭീമന്‍ ഐസുപാളികളാണ് ഐസ് ഷെല്‍ഫുകള്‍. കരയില്‍ നിന്ന് ജലാശയങ്ങളിലേക്ക് നീണ്ടുകിടക്കുന്ന ഹിമാനികളില്‍ നിന്നുമാണ് ഇവയുണ്ടാകുന്നത്. ഫ്ളിച്ച്നര്‍ റോണ്‍ ഐസ് ഷെല്‍ഫില്‍ ഉണങ്ങിയ ഭക്ഷണസാധനങ്ങള്‍ കഴിച്ച് ഒരു ടെന്റിനുള്ളില്‍ കിടന്നുറങ്ങി മൂന്നുമാസമാണ് സ്മിത്ത് കഴിച്ചുകൂട്ടിയത്. ഫ്ളോട്ടിംഗ് ഷെല്‍ഫുകളുടെ ചരിത്രം പഠിക്കാന്‍ ഇറങ്ങിത്തിരിച്ച സ്മിത്തിന് കൊടുംതണുപ്പില്‍ കഴിയുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. കാരണം തണുത്തുറഞ്ഞ മഞ്ഞുപാളികള്‍ക്കടിയില്‍, കടലിന്റെ അടിത്തട്ടില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുകയെന്ന ലക്ഷ്യവുമായിട്ടായിരുന്നു അദ്ദേഹം അവിടെ എത്തിയത്.

സാമ്പിളുകള്‍ ലഭിക്കുന്നതിന് സ്മിത്തിനും സംഘത്തിനും ഏതാണ്ട് 20 ടണ്‍ ഐസ് ഉരുക്കേണ്ടിയിരുന്നു. അതായത് ഐസ് ഷെല്‍ഫിലെ തണുത്തുറഞ്ഞ മഞ്ഞ് ഉരുക്കി 20,000 ലിറ്റര്‍ ചൂട് വെള്ളമാക്കി അത് പുറത്തേക്ക് പമ്പ് ചെയ്ത് കളഞ്ഞുവേണം ഗവേഷണ സംഘത്തിന് തങ്ങള്‍ക്കാവശ്യമായ സാമ്പിളുകള്‍ എടുക്കാന്‍. ഇഞ്ചിഞ്ചായി ഐസ് ഉരുക്കി ഐസ് ഷെല്‍ഫിനുള്ളിലൂടെ സാമ്പിളുകള്‍ ശേഖരിക്കുന്നതിനാവശ്യമായ ഉപകരണങ്ങള്‍ കടത്തിവിടാന്‍ സ്മിത്തും സംഘവും ഏതാണ്ട് 20 മണിക്കൂറുകള്‍ എടുത്തു. ഒടുവില്‍ അവര്‍ ആവശ്യമായ ഉപകരണങ്ങള്‍ താഴത്തേക്കിറക്കി. അതിനൊപ്പം ഉള്ളിലെ കാഴ്ചകള്‍ കാണുന്നതിനായി ഒരു ഗോപ്രോ ക്യാമറയും ഇറക്കി. പക്ഷേ സാമ്പിളെടുക്കാന്‍ താഴേക്കിറങ്ങിയ ഉപകരണം വെറുംകൈയ്യുമായി തിരിച്ചെത്തി. അവര്‍ ഒരിക്കല്‍ കൂടി ശ്രമിച്ചുനോക്കി. ആ ശ്രമവും വിഫലം. മണിക്കൂറുകളുടെ അധ്വാനം വ്യര്‍ഥമാകുന്ന അവസ്ഥ.

ഓരോ തവണയും സാമ്പിളെടുക്കാന്‍ ഇറക്കുന്ന ഉപകരണം ഏതാണ്ട് ഒരു മണിക്കൂര്‍ സമയമെടുത്താണ് തിരിച്ചെത്തുക. അങ്ങനെ പലതവണ ശ്രമിച്ചിട്ടും സാമ്പിളെടുക്കാന്‍ സാധിക്കാതെ വന്നതോടെ അവര്‍ അന്നത്തെ അധ്വാനം മതിയാക്കി. അന്നുരാത്രി ടെന്റിനുള്ളില്‍ സ്മിത്ത് സാമ്പിളെടുക്കാനുള്ള ഉപകരണത്തിനൊപ്പം കുഴിയിലിറങ്ങിയ ക്യാമറ ഒപ്പിയെടുത്ത കാഴ്ചകള്‍ പരിശോധിച്ചു. ഐസ് ഷെല്‍ഫില്‍ 3,000 അടി താഴ്ചയില്‍ നീലിമയാര്‍ന്ന ഐസിന്റെയും അതിനു ശേഷം ഇരുണ്ട കടല്‍വെള്ളത്തിന്റെയും ദൃശ്യങ്ങള്‍ തെളിഞ്ഞുവന്നു. കടലില്‍ ഏതാണ്ട് 1,600 അടി പിന്നിട്ട ശേഷം അടിത്തട്ട് ദൃശ്യമായി. ഇളംനിറമാര്‍ന്ന ചെളിയാണ് അടിത്തട്ടില്‍ ഉണ്ടായിരുന്നത്. പക്ഷേ കറുത്ത നിറത്തിലുള്ള മറ്റെന്തോ കൂടി സ്മിത്തിന്റെ ശ്രദ്ധയില്‍ പെട്ടു. അതൊരുപക്ഷേ പാറയായിരിക്കുമെന്ന് അദ്ദേഹം കരുതി. ആ വസ്തുവില്‍ ക്യാമറ തട്ടിയപ്പോള്‍ വലിയൊരു ശബ്ദം കേള്‍ക്കാമായിരുന്നു. ചെളിയില്‍ പൂണ്ടിരുക്കുന്ന അവസ്ഥയിലായിരുന്നു ഇത്. ഈ പാറയില്‍ സൂക്ഷ്മ പരിശോധന നടത്തിയപ്പോള്‍ കണ്ട കാഴ്ച ജിയോളജിസ്റ്റുകളെ സംബന്ധിച്ചെടുത്തോളം അവിശ്വസിനീയമായിരുന്നു. ആയിരക്കണക്കിന് അടി ഐസും പിന്നീട് ആയിരക്കണക്കിന് അടി കടല്‍വെള്ളവും പിന്നിട്ട് കരയില്‍ നിന്നും അത്രയധികം താഴ്ചയില്‍ ജീവന്റെ സാന്നിധ്യം.

അത് തീര്‍ത്തും അസാധ്യമാണെന്ന് സ്മിത്ത് പറയുന്നു. താരതമ്യേന പരന്ന് കിടക്കുന്ന കടലിന്റെ അടിത്തട്ടില്‍ ഒരു വലിയ പാറ. അതില്‍ ഒരു ജീവന്റെ നാമ്പും. സാമ്പിള്‍ ശേഖരണത്തിനായി താന്‍ തെരഞ്ഞെടുത്ത സ്ഥലം തെറ്റായിപ്പോയെന്ന് സ്മിത്തിന് മനസിലായി. പക്ഷേ സാമ്പിളെടുക്കാന്‍ സാധിച്ചില്ലെങ്കിലും ജീവന്‍ അസാധ്യമെന്ന് ശാസ്ത്രജ്ഞര്‍ കരുതിയിരുന്ന ഒരു അന്തരീക്ഷത്തില്‍ ജീവനെ കണ്ടെടുത്ത അപൂര്‍വ്വ കാഴ്ചയ്ക്ക് സാക്ഷ്യയാകാനുള്ള ഭാഗ്യം സ്മിത്തിന് ലഭിച്ചു. ജീവശാസ്ത്രജ്ഞന്‍ അല്ലാത്തതിനാല്‍ കടലിന്റെ അടിത്തട്ടിലെ ഈ അപൂര്‍വ്വ കാഴ്ച കൂടുതല്‍ വിലയിരുത്താന്‍ സ്മിത്തിന് സാധിച്ചില്ല. പക്ഷേ അദ്ദേഹത്തിന്റെ സുഹൃത്തായ ഹൂ ഗ്രിഫിത്ത്സ് ആ ദൃശ്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു. കടലിനടിയിലെ പാറയില്‍ ഒരു നേര്‍ത്ത പാളി അദ്ദേഹം ശ്രദ്ധിച്ചു. മൈക്രോബിയല്‍ മാറ്റ് (സൂക്ഷ്മാണുക്കളുടെ പാട) എന്നറിയപ്പെടുന്ന ബാക്ടീരിയകളുടെ ഒരു പാട പോലെയായിരുന്നു ഇത്. ഒരു അപൂര്‍വ്വയിനം സ്പോഞ്ചും ഒരറ്റം പാറയോട് പറ്റിപ്പിടിച്ച് തൂങ്ങിക്കിടക്കുന്ന ജീവികളും സിലിണ്ടര്‍ ആകൃതിയിലുള്ള മറ്റൊരു തരം സ്പോഞ്ചും ആ പാറയില്‍ ഉണ്ടായിരുന്നു. ഇതുകൂടാതെ ആ പാറയില്‍ രോമങ്ങള്‍ പോലെ നേര്‍ത്ത നാരുകളും ഉണ്ടായിരുന്നു. അത് ഒരുപക്ഷേ ബാക്ടീരിയല്‍ മാറ്റുകളുടെ ഭാഗമോ അല്ലെങ്കില്‍ ഹൈഡ്രോയിഡ് എന്നറിയപ്പെടുന്ന പ്രത്യേക ജീവിയോ ആയിരിക്കുമെന്ന് ഗ്രിഫിത്ത്സ് ഊഹിച്ചു.

അപൂര്‍വ്വ ജീവജാലങ്ങള്‍ക്ക് ഭക്ഷണം എവിടെ നിന്ന്?

സൂര്യപ്രകാശത്തില്‍ നിന്നും 160 മൈല്‍ അകലെ, അന്ന് സ്മിത്ത് ആകസ്മികമായി കണ്ടെത്തിയ പാറയും അതിലെ ജീവസാന്നിധ്യവും ജീവശാസ്ത്ര സമൂഹത്തിന് പുതിയൊരു അറിവായിരുന്നു. ഈ പാറയില്‍ നിന്നും നൂറ് മൈലോളം അകലെയുള്ള, ഒരു ആവാസവ്യവസ്ഥയെ പിന്തുണയ്ക്കാന്‍ തക്ക സൂര്യപ്രകാശം ലഭ്യമായ ഒരു മേഖലയില്‍ നിന്നാവണം ആ പാറയില്‍ കഴിയുന്ന ജീവിവര്‍ഗ്ഗത്തിന് ആവശ്യമായ ഭക്ഷണം ലഭിക്കുന്നത്. മാത്രമല്ല ആ പാറയുടെ സ്ഥാനവുമായി താരതമ്യം ചെയ്യുമ്പോള്‍ അവിടെയുള്ള ജീവികളിലേക്ക് ഭക്ഷണസാധനങ്ങള്‍ എത്തുന്നതിനാവശ്യമായ ശരിയായ ദിശയിലുള്ള ജലപ്രവാഹവും അവിടെയുണ്ടായിരിക്കണം.


ജലോപരിതലത്തില്‍ നീന്തിനടക്കുന്ന ജീവികള്‍ ചത്തൊടുങ്ങുമ്പോള്‍ അവയുടെ അവശിഷ്ടങ്ങള്‍ ആഴക്കടലിലേക്ക് മുങ്ങും. ഈ അവശിഷ്ടങ്ങള്‍ വിഘടിച്ച് അടിത്തട്ടിലേക്ക് വര്‍ഷിക്കുന്ന ജൈവപദാര്‍ത്ഥങ്ങളാണ് മറൈന്‍ സ്നോ എന്നറിയപ്പെടുന്നത്


എന്തായാലും സ്മിത്തിലൂടെ ലോകം അറിഞ്ഞ ഈ അപൂര്‍വ്വ ജീവജാലങ്ങള്‍ കൂരിരുട്ടിലാണ് കഴിയുന്നതെന്ന് തീര്‍ച്ച. അതത്ര അസാധരണമല്ല, ആഴക്കടലില്‍ വസിക്കുന്ന നിരവധി കടല്‍ജീവികള്‍ സൂര്യപ്രകാശം ഒട്ടുമെത്താത്ത കനത്ത ഇരുട്ടില്‍ കഴിയുന്നുണ്ട്. പക്ഷേ അവ നീന്തിനടന്ന് ഭക്ഷണം തേടിപ്പിടിക്കാന്‍ ശേഷിയുള്ളവ ആയിരിക്കും. എന്നാല്‍ കടലിന്റെ അടിത്തട്ടില്‍ ഒരു സ്ഥലത്ത് പറ്റിപ്പിടിച്ച് കഴിയുന്ന ജീവജാലങ്ങള്‍ക്ക് മുടങ്ങാതെ ആഹാരം ലഭ്യമാക്കുന്ന ഒരു ഭക്ഷണ സ്രോതസ്സ് ഉണ്ടായിരിക്കണം. ഇവിടെ മറൈന്‍ സ്നോ ആയിരിക്കും പാറയിലെ ജീവിവര്‍ഗ്ഗത്തിന്റെ മുഖ്യ ആഹാര സ്രോതസ്സ്.

ജലോപരിതലത്തില്‍ നീന്തിനടക്കുന്ന ജീവികള്‍ ചത്തൊടുങ്ങുമ്പോള്‍ അവയുടെ അവശിഷ്ടങ്ങള്‍ ആഴക്കടലിലേക്ക് മുങ്ങും. ഈ അവശിഷ്ടങ്ങള്‍ വിഘടിച്ച് അടിത്തട്ടിലേക്ക് വര്‍ഷിക്കുന്ന ജൈവപദാര്‍ത്ഥങ്ങളാണ് മറൈന്‍ സ്നോ എന്നറിയപ്പെടുന്നത്. അടിത്തട്ടില്‍ കഴിയുന്ന ജീവിവര്‍ഗ്ഗങ്ങള്‍ ഇവ ആഹാരമാക്കും. അന്റാര്‍ട്ടിക്കയിലെ ജലം ഇത്തരം ജൈവ പദാര്‍ത്ഥങ്ങളാല്‍ സമ്പുഷ്ടമാണ്. പക്ഷേ സ്മിത്ത് കണ്ടെത്തിയ ഈ പാറയിലെ ജീവികള്‍ മികച്ച ജലപ്രവാഹങ്ങള്‍ ഉള്ള മേഖലയിലല്ല കഴിയുന്നത്. മാത്രമല്ല, തണുത്തുറഞ്ഞ ഐസിന് താഴെയാണ് ഇവ കഴിയുന്നത്. ഭക്ഷണത്തിനായി പാറ വിട്ട് ചുറ്റിനടക്കാനും ഇവയ്ക്ക് കഴിയില്ല. അതിനാല്‍ത്തന്നെ ഇവയ്ക്ക് എങ്ങനെ ഭക്ഷണം ലഭിക്കുന്നുവെന്നത് ഗ്രിഫിത്തിനും മനസിലാകുന്നില്ല.

മറൈന്‍ സ്നോ ഒരുപക്ഷേ ഈ ജീവജാലങ്ങള്‍ക്ക് ഒരു വശത്ത് കൂടി കടന്നുപോകുന്നുണ്ടാകാം. അതായത് ഭക്ഷണസ്രോതസ്സ് ലംബമായി സഞ്ചരിക്കുന്നതിന് പകരം പാറക്ക് സമീപത്ത് കൂടി സമാന്തരമായി സഞ്ചരിക്കുന്നുണ്ടാകാം. പാറ സ്ഥിതി ചെയ്യുന്ന ഇടത്തെ ജലപ്രവാഹങ്ങളുടെ ഗതി നിരീക്ഷിക്കുമ്പോഴും അത്തരമൊരു സൂചനയാണ് ഗവേഷകര്‍ക്ക് ലഭിക്കുന്നത്. അപ്പോഴും നൂറുകണക്കിന് മൈല്‍ ദൂരെ നിന്നുള്ള ഭക്ഷണസ്രോതസ്സില്‍ നിന്ന് ഈ ജീവജാലങ്ങള്‍ക്ക് ഭക്ഷണമെത്തുന്നുവെന്നത് തികച്ചും അസാധാരണമാണ്. അന്റാര്‍ട്ടിക്കയിലെ ജലപ്രവാഹങ്ങളുടെ പ്രത്യേകത കണക്കിലെടുക്കുമ്പോള്‍ ഇതെല്ലാം തീര്‍ത്തും അസംഭവ്യമാണെന്ന് കാലിഫോര്‍ണിയ അക്കാഡമി ഓഫ് സയന്‍സിലെ റിച്ച് മൂയ് പറയുന്നു. കാരണം പാറ സ്ഥിതി ചെയ്യുന്നയിടത്ത് വെള്ളം തണുത്ത് ഉറയുന്നു. അത് അടിത്തട്ടിലേക്ക് നീങ്ങുമ്പോള്‍ വെള്ളം ഈ മേഖലയ്ക്ക് പുറത്തേക്ക് നീങ്ങുന്നു. അതേസമയം അവിടെയുള്ള വെള്ളം പുറത്തേക്ക് പോകുമ്പോള്‍ ആ ഒഴിഞ്ഞ മേഖലയില്‍ മറ്റെന്തെങ്കിലും വരേണ്ടതുണ്ട്. അങ്ങനെ ജലപ്രവഹാങ്ങള്‍ അവിടെ എത്തുകയും അതില്‍ ജീവജാലങ്ങള്‍ക്കാവശ്യമായ ജൈവ പദാര്‍ത്ഥങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നുണ്ടാകാം. ഭക്ഷണപദാര്‍ത്ഥങ്ങള്‍ മാത്രമല്ല, ഈ പാറയിലേക്ക് കൂടുതല്‍ ജീവജാലങ്ങള്‍ ഒഴുകിയെത്താനും ഇത്തരം ജലപ്രവാഹങ്ങള്‍ കാരണമാകുന്നുണ്ടാകാം.


ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ആയുസ്സ് ഉള്ളവയാണ് അന്റാര്‍ട്ടിക്കയിലെ സ്പോഞ്ചുകള്‍. അതിനാല്‍ ഒരുപക്ഷേ പാറയിലെ ജീവജാലങ്ങള്‍ പ്രാചീന ആവാസവ്യവസ്ഥയുടെ ഭാഗമാകാം


എന്നാല്‍ പാറയില്‍ വസിക്കുന്ന ജീവജാലങ്ങളുടെ സാമ്പിളുകള്‍ ലഭിക്കാത്തതിനാല്‍ ഗവേഷകര്‍ക്ക് അവയെന്താണ് ഭക്ഷിക്കുന്നതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മാത്രമല്ല ഈ മേഖലയില്‍ മത്സ്യങ്ങള്‍ അടക്കമുള്ള നീന്തിനടക്കുന്ന ജീവജാലങ്ങളും ഉണ്ടോ, ഇവിടെയുള്ള ജീവജാലങ്ങളെ മറ്റെന്തെങ്കിലും ജീവികള്‍ ഭക്ഷണമാക്കുന്നുണ്ടോ, അവക്കെല്ലാം ഒരേ സ്രോതസ്സില്‍ നിന്നാണോ ആഹാരം ലഭിക്കുന്നത്, ഇവ അന്യോന്യം പോഷകങ്ങള്‍ ലഭ്യമാക്കുന്നുണ്ടോ, ഈ ജീവിവിഭാഗത്തിന് ഭക്ഷണമെത്തിക്കുന്ന സഞ്ചരിക്കുന്ന ജീവിവര്‍ഗ്ഗം ഇവിടുണ്ടോ തുടങ്ങിയ സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്തന്‍ ഗ്രിഫിത്തിനും സംഘത്തിനും സാധിച്ചിട്ടില്ല. മറ്റൊരു പര്യവേഷണത്തിലൂടെ മാത്രമേ ഇത്തരം സംശയങ്ങളെല്ലാം നീങ്ങുകയുള്ളു. ഏതായാലും പാറക്ക് സമീപം എക്കല്‍ അവശിഷ്ടങ്ങള്‍ ഒരുപാട് ഇല്ലാത്തതിനാല്‍ ഈ ജീവജാലങ്ങള്‍ ചെളിയില്‍ പൂണ്ടുപോകുമെന്ന് ഭയപ്പെടേണ്ടതില്ല. പക്ഷേ എങ്ങനെയായിരിക്കും ഈ ചലിക്കാത്ത ജീവജാലങ്ങള്‍ ആദ്യമായി പാറയില്‍ എത്തിയതെന്ന വലിയ സംശയം അവശേഷിക്കുന്നു. ഒരുപക്ഷേ അവിടെത്തന്നെയുള്ള പാറകളില്‍ നിന്ന് മറ്റ് പാറകളിലേക്ക് വ്യാപിക്കുന്ന ജീവജാലങ്ങളായിരിക്കും ഇവ. അതല്ലെങ്കില്‍ നൂറുകണക്കിന് മൈല്‍ അകലെയുള്ള മാതാപിതാക്കളുടെ അണ്ഡവും ബീജവും ജലപ്രവാഹങ്ങളിലൂടെ സഞ്ചരിച്ച് സംയോജിച്ച് പാറയില്‍ ജീവജാലങ്ങള്‍ പിറന്നതാകാം. സാമ്പിളുകള്‍ ഇല്ലാത്തതിനാല്‍ ഈ ജീവജാലങ്ങള്‍ക്ക് എത്ര പ്രായമുണ്ടെന്ന് പറയാനും ഗവേഷകര്‍ക്ക് സാധിക്കുന്നില്ല.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ആയുസ്സ് ഉള്ളവയാണ് അന്റാര്‍ട്ടിക്കയിലെ സ്പോഞ്ചുകള്‍. അതിനാല്‍ ഒരുപക്ഷേ പാറയിലെ ജീവജാലങ്ങള്‍ പ്രാചീന ആവാസവ്യവസ്ഥയുടെ ഭാഗമാകാം. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവന്‍ തളിരിട്ട പാറയിലേക്ക് ഇതിനിടയില്‍ മറ്റ് പല ജീവജാലങ്ങളും കുടിയേറിയിരിക്കാം. കനത്ത ഐസ്‌ശേഖരത്തിനടിയിലെ കടലില്‍ ഇത്തരത്തിലുള്ള പാറകള്‍ അപൂര്‍വ്വമാണോ അതല്ല ഇത്തരത്തിലുള്ള ആവാസവ്യവസ്ഥകള്‍ സാധാരണമാണോ എന്ന കാര്യവും ഗവേഷകര്‍ക്ക് തീര്‍ച്ചയല്ല.560,000 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള ഐസ് ഷെല്‍ഫുകള്‍ക്കടിയില്‍ ഇത്തരത്തിലുള്ള ജീവജാലങ്ങള്‍ക്ക് ഇടമുണ്ടെന്ന പുതിയ തിരിച്ചറിവില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് ഗവേഷകര്‍.