
ആകാശം സ്വപ്നം കണ്ട് ആകാശം തന്നെ നേടിയവൾ. കല്പന ചൗളയെ ഓർമിക്കാം, അടുത്തറിയാം...!
ആകാശം സ്വപ്നം കണ്ട്, ആകാശത്തു ജ്വലിച്ച് ഇല്ലാതായ കല്പന ചൗള
2003 ഫെബ്രുവരി 1, അഭിമാനത്തോടെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിവരുന്ന കൊളംമ്പിയ സ്പേസ് ഷട്ടിലിലെ യാത്രികരെ സ്വീകരിക്കാന്‍ കാത്തുനില്ക്കുകയായിരുന്നു നാസയും ലോകം മുഴുവനും. എന്നാല്‍ അപ്രതീക്ഷിതമായിരുന്നു ആ പൊട്ടിത്തെറിയും അപകടവും. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്ന കൊളംമ്പിയ സ്പേസ് ഷട്ടില്‍ ഒരു തീഗോളമായി മാറി. അതിലുണ്ടായിരുന്ന 7 ബഹിരാകാശ സഞ്ചാരികളെയും ആ തീ വിഴുങ്ങി. ഇന്ത്യയ്ക്കും ഏറെ വേദനയുടെ ദിവസമായിരുന്നു അന്ന്. കാരണം, ആദ്യമായി ബഹിരാകാശം തൊട്ട ഇന്ത്യന്‍ വംശജയായ വനിത, കല്പന ചൗളയും അക്കൂട്ടത്തില്‍ എരിഞ്ഞടങ്ങിയിരുന്നു. എന്നും ഇന്ത്യയുടെ അഭിമാനമായ പ്രചോദനമായ കല്പന ചൗള എന്ന പ്രതിഭയെ അടുത്തറിയാം സയന്‍സ് ഇന്‍ഡിക്ക പീപ്പിള്‍ ഇന്‍ സയന്‍സിലൂടെ.
ആകാശവും അവിടുത്തെ കാഴ്ചകളുമായിരുന്നു കുഞ്ഞുനാള് മുതല്‍ കല്പനയ്ക്ക് കൗതുകം. ആകാശത്തോളം സ്വപ്നം കണ്ട്, ഒടുവില്‍ അവിടെയെത്തി പിന്നീട് അതേ ആകാശത്തു വച്ചുതന്നെ നക്ഷത്രമായി മാറിയവള്‍
ബഹിരാകാശത്തെ ആദ്യ ഇന്ത്യന്‍ വനിത
ഇന്ത്യക്കാരിയായി ജനിച്ച് പിന്നീട് സ്വപ്നങ്ങള്‍ക്ക് പിറകേ പറന്ന് അമേരിക്കന്‍ പൗരയായി മാറിയ കല്പന ചൗള പക്ഷേ എന്നും ഇന്ത്യയ്ക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള ഒട്ടേറെ വനിതകള്‍ക്ക് പ്രചോദനമാണ്. ഇന്ത്യയിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ജനിച്ച കല്പന തന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കിയത് കഠിന പ്രയത്നം കൊണ്ടായിരുന്നു. അങ്ങനെയാണ് അവള് ബഹിരാകാശത്ത് എത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയായി മാറിയത്. 1997ലാണ് കല്പന ചൗള ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. പിന്നീട് ആറു വര്‍ഷങ്ങള്‍ക്കു ശേഷം 2003ല്‍ അവള് ഒരിക്കല്‍ കൂടി ബഹിരാകാശം തൊട്ടു. പക്ഷേ ആ മടക്കയാത്ര അവളുടെ സ്വപ്നങ്ങള്‍ പോലെ എന്നെന്നും ആകാശം തൊട്ട് നിന്നു. ഭൂമിയിലേക്ക് അവള് തിരിച്ചെത്തിയില്ലെങ്കിലും അവള് തെളിച്ചുവച്ച ആ ജ്വാല കെടാതെ ഇന്നും പ്രകാശിക്കുന്നുണ്ട്.
പേര് അന്വര്ഥമാക്കിയവള്
താന്‍ കണ്ട സ്വപ്നങ്ങളും കാഴ്ചകളും സ്വന്തമാക്കാന്‍ കഠിനാധ്വാനം ചെയ്തവളായിരുന്നു കല്പന ചൗള. ആകാശവും അവിടുത്തെ കാഴ്ചകളുമായിരുന്നു കുഞ്ഞുനാള് മുതല്‍ കല്പനയ്ക്ക് കൗതുകം. ആകാശത്തോളം സ്വപ്നം കണ്ട്, ഒടുവില്‍ അവിടെയെത്തി പിന്നീട് അതേ ആകാശത്തു വച്ചുതന്നെ നക്ഷത്രമായി മാറിയവള്‍. 1962 മാര്‍ച്ച് 17ന് ഹരിയാനയിലെ കര്‍നാല്‍ എന്ന സ്ഥലത്തായിരുന്നു കല്പനയുടെ ജനനം. ബനാറസി ലാല്‍ ചൗളയുടെയും സഞ്ജ്യോതി ചൗളയുടേയും നാല് മക്കളില്‍ ഇളയവളായിരുന്നു കല്പന. എല്ലാവരും അവളെ സ്നേഹത്തോടെ മോണ്ടു എന്നാണ് വിളിച്ചിരുന്നത്.
സ്കൂളില്‍ പോകുന്നതു വരെ കല്പന ചൗളയ്ക്ക് പേരിട്ടിരുന്നില്ല എന്നതാണ് വാസ്തവം. സ്കൂളില്‍ ചേര്‍ത്തപ്പോള്‍ അവള് തന്റെ പേര് സ്വയം തിരഞ്ഞെടുത്ത് കല്പന ചൗള എന്ന് പറഞ്ഞു. ചിന്ത, ഭാവന എന്നെല്ലാമാണ് കല്പന എന്ന പേരിന്റെ അര്‍ഥം. അവിടെ നിന്നും അവള് തന്റെ ചിന്തകളുടെ ചിറക് വിടര്‍ത്തി തുടങ്ങുകയായിരുന്നു. തന്റെ മൂന്നാം വയസ്സു മുതലാണ് അവള് ആകാശം സ്വപ്നം കണ്ടു തുടങ്ങിയത്. ആകാശത്തു പറന്നു പോകുന്ന വിമാനം കണ്ട് അതിശയിച്ചിരുന്ന കുഞ്ഞ് മോണ്ടുവിന് പറക്കാനും ആകാശക്കാഴ്ചകളെക്കുറിച്ച് അറിയാനും എപ്പോഴും കൗതുകമായിരുന്നു. അച്ഛനോട് പറഞ്ഞ് തന്റെ നാട്ടിലുള്ള പ്രാദേശിക ഫ്ളൈയിംഗ് ക്ലബ്ബില്‍ കല്പന ഇടയ്ക്ക് സന്ദര്‍ശനം നടത്തുമായിരുന്നു. അങ്ങനെ സ്കൂളിലെത്തിയപ്പോള്‍ തന്നെ അവള്‍ക്ക് ഏവിയേഷന്‍ എന്ന സ്വപ്നത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരുന്നു.
ഇന്ത്യയെ ഹൃദയത്തോട് ചേര്‍ത്ത്
കര്‍ണാലിലെ ടാഗോര്‍ ബാല്നികേതന് സീനിയര്‍ സെക്കന്ററി സ്കൂളിലാണ് കല്പന സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് കല്പന നാസയില്‍ ജോലിക്ക് പ്രവേശിച്ച നാള് മുതല്‍ എല്ലാ വര്‍ഷവും നാസയുടെ സമ്മര്‍ സ്പേസ് എക്സ്പീരിയന്‍സ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ഈ സ്കൂളിന് അവസരം നല്‍കിയിരുന്നു. ഇന്ത്യയിലെ പെണ്‍കുട്ടികള്‍ക്ക് ശാസ്ത്ര വിദ്യാഭ്യാസം നല്‍കുന്നതിന് കല്പന ഏറെ ആഗ്രഹിച്ചിരുന്നു. അതിനുള്ള പരിശ്രമെന്ന നിലയ്ക്ക് 1998 മുതല്‍ കല്പന പഠിച്ച സ്കൂളിലെ രണ്ട് പെണ്‍കുട്ടികള്‍ക്ക് വീതം അമേരിക്കയിലെ ഹൂസ്റ്റണിലെ ഫൗണ്ടേഷന് ഫോര്‍ ഇന്റര്‍നാഷണല്‍ സ്പേസ് എഡ്യുക്കേഷന്‍സ് യുണൈറ്റഡ് സ്പേസ് സ്കൂളിലേക്കും പ്രവേശനം നല്കി വരുന്നു. ഇവിടെയെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു ദിവസം കല്പന ചൗളയുടെ വീട്ടില്‍ അത്താഴ വിരുന്നും ഒരുക്കി നല്‍കുമായിരുന്നു.
1994ലാണ് കല്പനയുടെ ബഹിരകാകാശ സ്വപ്നങ്ങള്‍ മൊട്ടിട്ടു തുടങ്ങിയത്. നാസയുടെ ബഹിരാകാശ സഞ്ചാരികള്‍ക്കായുള്ള പരിശീലനത്തില്‍ കല്പന പങ്കെടുക്കാന്‍ തുടങ്ങി. ഒരു വര്‍ഷം നീണ്ട പരിശീലനത്തിനൊടുവില്‍ ക്രൂ റെപ്രസന്റേറ്റീവായി കല്പന തിരഞ്ഞെടുക്കപ്പെട്ടു
പഞ്ചാബ് എന്‍ജിനിയറിങ് കോളേജില്‍ നിന്ന് എയറോനോട്ടിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയ കല്പന പിന്നീട് യുഎസിലേക്ക് ചേക്കേറി. അവിടെ ടെക്സസ് സര്‍വ്വകലാശാലയില്‍ നിന്ന് എയ്റോസ്പേസ് എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ കല്പന, 1986ല്‍ കൊളറാഡോ സര്‍വ്വകലാശാലയില്‍ നിന്ന് മറ്റൊരു ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. ഇതേ സര്‍വ്വകലാശാലയില്‍ നിന്നാണ് 1988ല്‍ എയ്റോസ്പേസ് എന്‍ജിനീയറിങ്ങില്‍ കല്പന ഡോക്ടറേറ്റും നേടിയത്.
നാസയിലേക്ക്
പഠനത്തിനും ഗവേഷണത്തിനും ശേഷം 1988ലാണ് നാസയില്‍ കല്പന എത്തുന്നത്. നാസയിലെ ഗവേഷണ വിഭാഗത്തില്‍ കംപ്യൂട്ടേഷനല്‍ ഫ്ളൂയിഡ് ഡൈനാമിക്സിലാണ് കല്പന റിസര്‍ച്ച് നടത്തിയത്. കല്പനയുടെ ഗവേഷണങ്ങള്‍ മിക്കതും അക്കാലത്തെ ടെക്നിക്കല്‍ ജേണലുകളിലും കോണ്‍ഫറന്‍സ് പേപ്പറുകളിലും ഉള്‍പ്പെടുത്തിയിരുന്നു. ഭാവി ജീവിതം അമേരിക്കയിലാകുമെന്ന് തീരുമാനിച്ച കല്പന 1991ല്‍ അമേരിക്കന്‍ പൗരത്വം സ്വീകരിച്ച് അമേരിക്കക്കാരിയായി. റിസര്‍ച്ച് സയന്റിസ്റ്റായി പ്രവര്‍ത്തിച്ചു വന്ന കല്പന വിമാനങ്ങളും ഗ്ലൈഡറുകളും സീപ്ലെയിനുകളും തുടങ്ങി എല്ലാ തരം സിംഗിള്‍-മള്‍ട്ടിപ്പിള്‍ എന്ജിന് വിമാനങ്ങളുടെ അടക്കം സര്‍ട്ടിഫൈഡ് ഫ്ളൈറ്റ് ഇന്‍സ്ട്രക്ടര്‍ ആയും കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സും നേടി തന്റെ കഴിവ് ഒരിക്കല്‍ കൂടി തെളിയിച്ചു.
ആകാശം തൊട്ട്
1994ലാണ് കല്പനയുടെ ബഹിരകാകാശ സ്വപ്നങ്ങള്‍ മൊട്ടിട്ടു തുടങ്ങിയത്. നാസയുടെ ബഹിരാകാശ സഞ്ചാരികള്‍ക്കായുള്ള പരിശീലനത്തില്‍ കല്പന പങ്കെടുക്കാന്‍ തുടങ്ങി. ഒരു വര്‍ഷം നീണ്ട പരിശീലനത്തിനൊടുവില്‍ ക്രൂ റെപ്രസന്റേറ്റീവായി കല്പന തിരഞ്ഞെടുക്കപ്പെട്ടു. റോബോട്ടിക്സിലും പ്രാവീണ്യം നേടിയിരുന്ന കല്പന, റോബോട്ടിക് സിറ്റുവേഷണല്‍ അവേര്‍നസ് ഡിസ്പ്ലേകളില്‍ ജോലി ചെയ്തു പോന്നു. ഇതുകൂടാതെ, സ്പേസ് ഷട്ടിലുകളിലെ സോഫ്റ്റ്വെയര് ടെസ്റ്റിങ്ങും കല്പന നടത്തിയിരുന്നു. 1997 നവംബറിലാണ് കല്പന ചൗള തന്റെ ആദ്യ ബഹിരാകാശ യാത്രയ്ക്ക് തയ്യാറെടുത്തത്. സ്പേസ് ഷട്ടില്‍ കൊളംമ്പിയ ഫ്ളൈറ്റ് എസ്റ്റിഎസ്-87 ല്‍ മറ്റ് ആറ് ബഹിരാകാശ സഞ്ചാരികള്‍ക്കൊപ്പം കല്പന അങ്ങനെ ആദ്യമായി ബഹിരാകാശം തൊട്ടു.
കൊളംമ്പിയ സ്പേസ് ഷട്ടിലില്‍ ആകാശവിതാനത്ത് എത്തിയ കല്പന രണ്ട് ആഴ്ചയ്ക്കുള്ളില്‍ 252 തവണ ഭൂമിയെ ഭ്രമണം ചെയ്തു. 15 ദിവസവും 12 മണിക്കൂറുകളും ബഹിരാകാശത്ത് ചിലവിട്ട കല്പന അവിടെ നിരവധി പരീക്ഷണങ്ങളും നടത്തി. കൊളംമ്പിയ തൊടുത്ത സ്പാര്ട്ടന് സാറ്റ്ലൈറ്റ് എന്ന ഉപഗ്രഹത്തിന്റെ സോഫ്റ്റ്വെയര് പ്രശ്നങ്ങള്‍ പഠിക്കുകയും കല്പനയുടെ ദൗത്യമായിരുന്നു. തന്റെ ആദ്യ ബഹിരാകാശ ദൗത്യത്തിനു ശേഷം തിരിച്ചെത്തിയ കല്പന സ്പേസ് സ്റ്റേഷനിലേക്കുള്ള അസ്ട്രോണട്ട് ഓഫീസില്‍ ടെക്നിക്കല്‍ ജോലികള്‍ കൈകാര്യം ചെയ്തു പോന്നു.
രണ്ടാം ദൗത്യം, അവസാന യാത്ര
തന്റെ രണ്ടാം ബഹിരാകാശ ദൗത്യത്തിനായി 2000 ത്തിലാണ് കല്പന തിരഞ്ഞെടുക്കപ്പെട്ടത്. എസ്റ്റിഎസ്-107 എന്ന ദൗത്യത്തിന്റെ മിഷന് സ്പെഷ്യലിസ്റ്റായാണ് കല്പനയെ നിയോഗിച്ചത്. എന്നാല്‍ പലവിധ സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ച കൊളംമ്പിയയുടെ വിക്ഷേപണം 2003 ജനുവരി 16നായിരുന്നു നടന്നത്. 16 ദിവസം ബഹിരാകാശത്ത് ചിലവഴിക്കാനായിരുന്നു ഏഴു പേരടങ്ങുന്ന സംഘം ഭൂമിയില്‍ നിന്നും യാത്ര തിരിച്ചത്. അവിടെയെത്തിയ സംഘം 80ല്‍ അധികം പരീക്ഷണങ്ങളും ബഹിരാകാശത്ത് നടത്തി. ഫെബ്രുവരി ഒന്നിനായിരുന്നു അവരുടെ ഭൂമിയിലേക്കുള്ള മടക്കയാത്ര. കൊളംമ്പിയയുടെ 28-ാം മിഷനായിരുന്നു അത്. കെന്നഡി സ്പേസ് സെന്ററില്‍ ലാന്‍ഡ് ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നത്.
എന്നാല്‍ സ്പേസ് ഷട്ടിലിന്റെ പുറത്തെ ടാങ്കിലുള്ള ഫോം ഇന്സുലേഷന് അടര്‍ന്നുപോയി. ഇത് പേടകത്തിന്റെ ചിറകുകളിലെ ചൂട് നിയന്ത്രിക്കുന്നതിനുള്ള സംവിധാനത്തെ തകര്‍ത്തു. ഭൂമിയിലേക്ക് തിരിച്ച് ഇറങ്ങുന്ന സമയത്ത് താപനില വ്യതിയാനത്തില്‍ നിന്നുമുള്ള സംരക്ഷണം അങ്ങനെ ഇല്ലാതായി. പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്നതും ചിറകുകളിലെ ചൂട് വാതകം കത്തിപ്പടര്‍ന്ന് പൊട്ടിച്ചിതറുകയായിരുന്നു. ഒരു മിനുറ്റില്‍ താഴെ സമയം കൊണ്ട് എല്ലാം ചിന്നഭിന്നമായി. ഭൂമിയില്‍ എത്താന്‍ മിനുറ്റുകള്‍ മാത്രം ശേഷിക്കെ അമേരിക്കയിലെ ടെക്സസിനു മുകളില്‍ വച്ച് കൊളംമ്പിയയും അതിലെ ഏഴ് യാത്രക്കാരും തിരികെയെത്താതെ മടങ്ങി.
കൊളംമ്പിയയുടെ വിക്ഷേപണം ഇതിനു മുന്‍പ് പല തവണ മാറ്റി വച്ചതും ഇത്തരത്തില്‍ ഫോം ഇന്സുലേഷന് തകരാര്‍ മൂലമായിരുന്നു. എന്നാല്‍ അതേ പ്രശ്നം വീണ്ടും ഉയര്‍ന്ന് കല്പനയുടേത് അടക്കം ഏഴു ജീവനുകള്‍ പൊലിഞ്ഞത് നാസയ്ക്ക് ക്ഷീണമായി. കൊളംമ്പിയ ദുരന്തത്തിന് ശേഷം രണ്ട് വര്‍ഷത്തിനു മുകളില്‍ നാസ പേടകങ്ങളുടെ വിക്ഷേപണം ഒന്നും നടത്തിയില്ല. 1986ല്‍ നടന്ന ചലഞ്ചര്‍ പേടകത്തിന്റെ ദുരന്തത്തിനു ശേഷം ഒന്നുകൂടിയായതും ബഹിരാകാശ ദൗത്യ രംഗത്ത് വലിയ ഞെട്ടലുണ്ടാക്കി. കല്പന ചൗളയെ കൂടാതെ, റിക്ക് ഹസ്ബന്റ്, ലോറല്‍ ക്ലാര്‍ക്ക്, എലാന്‍ റമന്‍, ഡേവിഡ് ബ്രൗണ്‍, വില്യം മക് കൂള്‍, മൈക്കിള്‍ ആന്ഡേഴ്സണ് എന്നിവരാണ് കൊളംമ്പിയ ദുരന്തത്തില്‍ ഇല്ലാതായത്.
രണ്ട് ദൗത്യങ്ങളിലുമായി 30 ദിവസവും 14 മണിക്കൂര്‍ 54 മിനിറ്റാണ് കല്പന ബഹിരാകാശത്ത് ചിലവിട്ടത്. തന്റെ ആദ്യ ദൗത്യത്തിനു ശേഷം ബഹിരാകാശ യാത്രയെക്കുറിച്ച് കല്പന പറഞ്ഞത് ഇങ്ങനെയായിരുന്നു, ആകാശവീഥിയും നക്ഷത്രങ്ങളും നോക്കുമ്പോള്‍ നമുക്ക് തോന്നുക നമ്മള് ഭൂമിയുടെ ഒരു ഭാഗമാണെന്നല്ല, സൗരയൂഥത്തിലെ തന്നെ ഒരു അംഗമാണെന്നാണ്.
ആ സ്വപ്നം
കല്പന മരിച്ച് 17 വര്‍ഷങ്ങള്‍ക്കു ശേഷം പിതാവ് ബനാറസി ലാല്‍ ചൗള മകളുടെ സ്വപ്നങ്ങളെക്കുറിച്ച് വെളിപ്പെടുത്തുകയുണ്ടായി. ഒരു കുട്ടിയും, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത അവസ്ഥയുണ്ടാകരുത് എന്നായിരുന്നു കല്പനയുടെ ആഗ്രഹം. മരിക്കും വരെ കല്പന ആ സ്വപ്നം നടപ്പിലാക്കാന്‍ വേണ്ടതെല്ലാം ചെയ്യുകയും ചെയ്തിരുന്നു. സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ കല്പന ചെയ്തു നല്‍കിയിരുന്നു.
കല്പനയോടുള്ള ആദര സൂചകമായി നാസ അവരുടെ ഒരു പേടകത്തിന് കല്പനയുടെ പേര് നല്‍കിയിരുന്നു. മാത്രമല്ല, നാസയുടെ ചൊവ്വാ പരീക്ഷണായ മാര്‍സ് എക്സ്പ്ലൊറേഷന്‍ റോവര്‍, ചൊവ്വയിലെ ഏഴ് മലനിരകള്‍ക്ക് കൊളംമ്പിയ ഹില്‍സ് എന്നു പേര് നല്‍കുകയും അവയില്‍ ഒന്നിന് ചൗള ഹില്‍ എന്നും പേരിട്ടത് കല്പനയോടുള്ള ആദര സൂചകമായാണ്. ഇന്ത്യയില്‍ യുവ വനിതാ ശാസ്ത്രജ്ഞര്ക്കുള്ള അവാര്‍ഡ് ഉള്‍പ്പെടെ ഹരിയാന അടക്കം വിവിധ സംസ്ഥാനങ്ങളില്‍ കല്പനയോടുള്ള ആദരാര്‍ഥം വിവിധ അവാര്‍ഡുകളും സ്മാരകങ്ങളുമുണ്ട്.
കുടുംബം
ജീന്‍ പിയറി ഹാരിസണ്‍ എന്ന അമേരിക്കന്‍ പൗരനെ 1983ലാണ് കല്പന വിവാഹം കഴിച്ചത്. കല്പനയുടെ മരണശേഷം ഒട്ടേറെ പേര് അവരുടെ ജീവിതം സിനിമയാക്കാനായി സമീപിച്ചെങ്കിലും ഹാരിസണ്‍ നിരസിക്കുകയായിരുന്നു. അവരുടെ ജീവിതം സ്വകാര്യത നിറഞ്ഞതാവാനാണ് ആഗ്രഹിക്കുന്നത് എന്നു ഹാരിസണ്‍ വ്യക്തമാക്കിയിരുന്നു. കാലിഫോര്‍ണിയയില്‍ പബ്ലിഷിങ് കമ്പനി നടത്തുന്ന ഹാരിസണ്‍ പിന്നീട് മറ്റൊരു വിവാഹം കഴിച്ചു.