Dec 10, 2021 • 18M

ജൂണോയില്‍ വ്യാഴത്തിലേക്ക് പോയ ആ 'മൂന്ന് പേര്‍'

അടുത്തിടെയാണ് ജൂണോയ്ക്ക് പത്ത് വയസ് തികഞ്ഞത്. ആരാണ് ജൂണോയെന്നല്ലേ...വ്യാഴം അഥവാ ജൂപ്പിറ്റര്‍ ഗ്രഹത്തെ ഏറ്റവും അടുത്തറഞ്ഞ നാസയുടെ പേടകം...

4
 
1.0×
0:00
-18:16
Open in playerListen on);
Episode details
Comments

1600കളിലെ ഒരു ശൈത്യകാല രാത്രി. എന്നത്തേയും പോലെ ആകാശനിരീക്ഷണം നടത്തുകയായിരുന്നു ലോകപ്രശസ്ത ജ്യോതിശാസ്ത്രജ്ഞന്‍ ഗലീലിയോ ഗലീലി. ഒരു ഭീമന്‍ ഗ്രഹത്തിനെ വലംവെക്കുന്ന മൂന്ന് വിചിത്ര നക്ഷത്രങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. അദ്ദേഹം പ്രതീക്ഷിച്ചത് പോലെയായിരുന്നില്ല ആ നക്ഷത്രത്തിന്റെ സ്വഭാവരീതികള്‍. ആകാശത്തും അസാധാരണമായ വിന്യാസങ്ങള്‍ അദ്ദേഹം ശ്രദ്ധിച്ചു. ക്രമേണ തന്റെ ആ നക്ഷത്രങ്ങള്‍ സൗരയൂഥത്തിലെ ഭീമനായ വ്യാഴത്തിന്റെ (ജൂപ്പിറ്റര്‍) കൂട്ടാളികളാണെന്ന് ഗലീലിയോക്ക് മനസിലായി. നിരവധി മാസങ്ങള്‍ക്ക് ശേഷം താന്‍ നിരീക്ഷിക്കുന്നത് കേവലം നക്ഷത്രങ്ങളെ അല്ലെന്നും വ്യാഴത്തിന് ചുറ്റുമായി സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളാണെന്നും അദ്ദേഹം കണ്ടെത്തി. മാത്രമല്ല അവ മൂന്നായിരുന്നി്ല്ല, നാലെണ്ണം ഉണ്ടായിരുന്നു. അന്നദ്ദേഹം എഴുതി.''ലോകത്തിന്റെ തുടക്കം മുതല്‍ ഇക്കാലം വരെ കാണാതിരുന്ന നാല് ഉപഗ്രഹങ്ങളെ കണ്ടെത്താനും നിരീക്ഷിക്കാനും ഇടയായ മുഹൂര്‍ത്തം ഞാന്‍ ലോകത്തോട് വെളിപ്പെടുത്തുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. എനിക്ക് ഈ ദിവസം വരെ കണ്ടെത്താന്‍ സാധിക്കാത്ത അവയുടെ ഭ്രമണകാലം നിരീക്ഷിക്കാനും കണ്ടെത്താനും ഞാന്‍ എല്ലാ ജ്യോതിശാസ്ത്രജ്ഞരോടും ആവശ്യപ്പെടുകയാണ്.''

ഗലീലിയന്‍ ചന്ദ്രന്മാര്‍ എന്ന് പിന്നീട് ലോകമാകെ അറിയപ്പെട്ട വ്യാഴത്തിന്റെ നാല് ചന്ദ്രന്മാരുടെ (സ്വാഭാവിക ഉപഗ്രഹം) കണ്ടുപിടിത്തം രേഖപ്പെടുത്തിയ ഗലീലിയോയുടെ കുറിപ്പുകളിലൊന്നിന്റെ പകര്‍പ്പുമായി വ്യാഴത്തിന്റെ രഹസ്യങ്ങള്‍ തേടി നാസയുടെ ജൂണോ പേടകം (സ്‌പേസ്‌ക്രാഫ്റ്റ്) ഭൂമിയില്‍ നിന്നും കുതിച്ചുയര്‍ന്നിട്ട് പത്ത് വര്‍ഷം പിന്നിട്ടിരിക്കുന്നു. 2011 ഓഗസ്റ്റ് അഞ്ചിനാണ് ഫ്ളോറിഡയിലെ കേപ് കനാവെരല്‍ ബഹിരാകാശ നിലയത്തില്‍ (മുമ്പ് കേപ് കനാവരെല്‍ വ്യോമസേന താവളം എന്നാണ് ഈ നിലയം അറിയപ്പെട്ടിരുന്നത്) നിന്നും വ്യാഴത്തിലേക്കുള്ള നാസയുടെ ബഹിരാകാശ ദൗത്യമായ ജൂണോ വിക്ഷേപിച്ചത്. അഞ്ചുവര്‍ഷത്തിന് ശേഷം 2016 ജൂലൈ നാലിനാണ് ഉദ്വേഗജനകമായ യാത്രയ്ക്ക് വിരാമമിട്ട് ജൂണോ വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നത്. അന്ന് മുതല്‍ക്ക് വാതകങ്ങള്‍ നിറഞ്ഞ വ്യാഴത്തെ കുറിച്ചും അതിന്റെ ചന്ദ്രന്മാരെക്കുറിച്ചുമുള്ള നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലുകളാണ് ജൂണോ ജ്യോതിശാസ്ത്ര സമൂഹത്തിന് നല്‍കിക്കൊണ്ടിരിക്കുന്നത്.

ജൂണോ എന്ന പേര്

വെറുമൊരു പേരിനപ്പുറം ജൂപ്പിറ്റര്‍ ദൗത്യത്തിന് നാസ ജൂണോ എന്ന പേര് നല്‍കിയതിന് പിന്നില്‍ ഒരു കഥയുണ്ട്. റോമന്‍ പുരാണത്തില്‍ ജൂപ്പിറ്ററിന്റെ (സൂയസ്) ഭാര്യയാണ് ജൂണോ (ഹെറ). അവരുടെ വിശ്വാസം അനുസരിച്ച് തന്റെ ബുദ്ധിമോശങ്ങള്‍ മറയ്ക്കുന്നതിനായി ജൂപ്പിറ്റര്‍ സ്വയം എടുത്തണിഞ്ഞിരിക്കുന്ന മേഘങ്ങളുടെ മൂടുപടത്തിനുള്ളിലൂടെ ഒളിഞ്ഞുനോക്കി അദ്ദേഹത്തിന്റെ യഥാര്‍ത്ഥ സ്വഭാവം കണ്ടെത്താന്‍ ഭാര്യയായ ജൂണോയ്ക്ക കഴിവുണ്ട്. അപ്പോള്‍പ്പിന്നെ മേഘങ്ങളുടെ മേല്‍പ്പുതപ്പിനടിയില്‍ വ്യാഴമെന്ന ഗ്രഹമെന്താണെന്ന് അറിയുകയെന്ന ദൗത്യത്തിന് ഇതിലും ഉചിതമായ മറ്റൊരു പേരുണ്ടോ.

ലക്ഷ്യങ്ങള്‍

ഹെഡ്രജനും ഹീലിയവും ഉള്‍പ്പടെ വാതകങ്ങളുടെ കട്ടികൂടിയ പാളികള്‍ കൊണ്ട് നിര്‍മ്മിതമായ വ്യാഴത്തിന്റെ അന്തരീക്ഷത്തില്‍ കയറിക്കൂടി വിവരങ്ങള്‍ ശേഖരിക്കുകയാണ് ജൂണോ ചെയ്യുന്നത്. ജൂണോ വഴി ലഭ്യമാകുന്ന വിവരങ്ങള്‍ വ്യാഴത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ച് മാത്രമല്ല ഭൂമി ഉള്‍പ്പടെ സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളുടെ ഉല്‍പ്പത്തിയെക്കുറിച്ച് മനസിലാക്കുന്നതിലും നിര്‍ണ്ണായകമാകും. എന്നാല്‍ അതത്ര എളുപ്പമുള്ള കാര്യമല്ല. വ്യാഴത്തിന്റെ തീവ്രതയേറിയ കാന്തിക മണ്ഡലവും വികിരണ വലയങ്ങളും ഭേദിച്ച് വേണം ജൂണോയ്ക്ക് വ്യാഴത്തിന്റെ അന്തരീക്ഷത്തിലേക്ക് കടക്കാന്‍. വിവരശേഖരണത്തിനായുള്ള ജൂണോയിലെ ഇലക്ട്രാണിക്സ് ഉപകരണങ്ങളെ നശിപ്പിക്കാന്‍ വ്യാഴത്തിന്റെ അന്തരീക്ഷത്തിന് ശേഷിയുണ്ട്. ഇതൊഴിവാക്കുകയെന്ന ലക്ഷ്യത്തോടെ പേടകത്തിന് ടൈറ്റാനിയം കൊണ്ടുള്ള കവചം നല്‍കിയിട്ടുണ്ട്.


ഹെഡ്രജനും ഹീലിയവും ഉള്‍പ്പടെ വാതകങ്ങളുടെ കട്ടികൂടിയ പാളികള്‍ കൊണ്ട് നിര്‍മ്മിതമായ വ്യാഴത്തിന്റെ അന്തരീക്ഷത്തില്‍ കയറിക്കൂടി വിവരങ്ങള്‍ ശേഖരിക്കുകയാണ് ജൂണോ ചെയ്യുന്നത്. ജൂണോ വഴി ലഭ്യമാകുന്ന വിവരങ്ങള്‍ വ്യാഴത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ച് മാത്രമല്ല ഭൂമി ഉള്‍പ്പടെ സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളുടെ ഉല്‍പ്പത്തിയെക്കുറിച്ച് മനസിലാക്കുന്നതിലും നിര്‍ണ്ണായകമാകും


അപാര ശേഷിയുള്ള ഒരു ദൗത്യമാണ് ഇതെന്ന് ജൂണോയുടെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ സ്‌കോട്ട് ബോള്‍ട്ടണ്‍ പറയുന്നു. എന്നാല്‍ ജൈവസംയുക്തങ്ങള്‍ (സ്റ്റിറോയിഡുകള്‍) നിറഞ്ഞ ഗ്രഹമാണ് വ്യാഴമെന്നത് മുന്നിലുള്ള വലിയ പ്രശ്നമാണ്. വ്യാഴത്തെ സംബന്ധിക്കുന്ന എന്തും നാം കരുതുന്നതിനേക്കാള്‍ വളരെ വലുതായിരിക്കും.

വ്യാഴത്തിന് ചുറ്റുമായി ഒരു ഭ്രമണപഥത്തില്‍ പ്രവേശിച്ച് ശാസ്ത്രീയ ഉപകരണങ്ങളും കാമറകളും ഉപയോഗിച്ച് ഭീമന്‍ ഗ്രഹത്തിലെ ജലത്തിന്റെ തോത്, അന്തരീക്ഷം, കാന്തിക, വികിരണ മണ്ഡലങ്ങള്‍ എന്നിവയെക്കുറിച്ച് മനസിലാക്കുന്നതുള്‍പ്പടെ ശാസ്ത്രീയമായി വളരെ പ്രധാനപ്പെട്ട നിരവധി ലക്ഷ്യങ്ങള്‍ ജൂണോയ്ക്കുണ്ട്. വ്യാഴത്തില്‍ എത്ര ജലമുണ്ടെന്ന് അറിയാന്‍ സാധിച്ചാല്‍ സൗരയൂഥത്തിന്റെ തുടക്കകാലത്തുണ്ടായിരുന്ന ജലത്തെ കുറിച്ച് ഏകദേശധാരണ ലഭിക്കും. അന്തര്‍ഭാഗത്ത് പാറകള്‍ ഉണ്ടോയെന്നതുള്‍പ്പടെ വ്യാഴത്തിന്റെ ആന്തരികഘടന മനസിലാക്കാനും ഈ ദൗത്യം ഉപകാരപ്പെടുമെന്നാണ് ജൂണോ ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഇത്തരം വിവരങ്ങള്‍ ഒരു ഗ്രഹത്തിന്റെ രൂപീകരണം സംബന്ധിച്ചും ക്ഷീരപഥ ആകാശഗംഗയിലെ ലോകങ്ങളുടെ സ്വഭാവത്തെ കുറിച്ചും ഏകദേശ ധാരണ നല്‍കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. 'തീര്‍ച്ചയായും അത് വലിയ വെല്ലുവിളിയാണ്. പക്ഷേ, നമ്മെക്കുറിച്ചുള്ള കാര്യങ്ങള്‍ കണ്ടെത്താനും മനസിലാക്കാനും അത്തരം വെല്ലുവിളികള്‍ ഏറ്റെടുത്തേ മതിയാകൂ,' ബോള്‍ട്ടണ്‍ പറയുന്നു.

ഇതുവരെ ലഭിച്ച വിവരങ്ങള്‍

വ്യാഴത്തെ ലക്ഷ്യമാക്കി ജൂണോ കുതിച്ചുയര്‍ന്നിട്ട് പത്ത് വര്‍ഷം തികഞ്ഞെങ്കിലും അഞ്ച് വര്‍ഷത്തിന് ശേഷമാണ് വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കാന്‍ അതിന് കഴിഞ്ഞത്. ഏകദേശം മൂന്ന് ശകതോടി കിലോമീറ്ററുകളാണ് ഇതിനിടയില്‍ ജൂണോ സഞ്ചരിച്ചത്. വ്യാഴത്തിലേക്കുള്ള ജൂണോയുടെ യാത്ര ഏറെ അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതായിരുന്നു. വ്യാഴത്തിന്റെ ശക്തമായ കാന്തികമണ്ഡലങ്ങളെയും വികിരണ ബെല്‍റ്റുകളെയും അതിജീവിക്കാന്‍ ജൂണോയ്ക്ക് കഴിയുമോ എന്നതായിരുന്നു വലിയ സംശയം. എന്നാല്‍ ഭാഗ്യവശാല്‍ 2016 ജൂലൈയില്‍ വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത് മുതല്‍ ഈ ദിവസം വരെ സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹത്തെ അടുത്ത് നിന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ് ജൂണോ. വ്യാഴത്തിന്റെ ഏറ്റവും മനോഹരവും ഇതുവരെ കാണാത്തതുമായ നിരവധി ചിത്രങ്ങളാണ് ഈ അഞ്ചുവര്‍ഷ കാലയളവില്‍ ജൂണോ ഭൂമിയിലെ ജ്യോതിശാസ്ത്രപ്രേമികള്‍ക്ക് സമ്മാനമായി നല്‍കിയത്.

ഭ്രമണപഥത്തില്‍ പ്രവേശിച്ച് കേവലം ഒരു മാസം കൊണ്ട് (2016 ഓഗസ്റ്റ്) വ്യാഴത്തിന്റെ പ്രസിദ്ധമായ വലയങ്ങള്‍ കണ്ടെത്താന്‍ ജൂണോയ്ക്ക് കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ വ്യാഴത്തിന്റെ അന്തരീക്ഷത്തിനും പുറത്തേക്ക് വ്യാപിച്ച് കിടക്കുന്നവയാണ് ഇവ. ഈ വലയങ്ങളുടെ അകത്ത് നിന്നുള്ള ആദ്യ ദൃശ്യം നല്‍കുന്നതും ജൂണോയാണ്. ഭൂമിയുടെ പ്രകാശവലയങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ് വ്യാഴത്തിന്റെ വലയങ്ങളെന്ന് ശാസ്ത്രലോകം തിരിച്ചറിയുന്നത് ജൂണോ നല്‍കിയ വിവരങ്ങളിലൂടെയും ചിത്രങ്ങളിലൂടെയുമാണ്. വ്യാഴത്തിന്റെ ആന്തരിക കാന്തിക മണ്ഡലത്തെ നേരിട്ട് കണ്ടെത്താനും ജൂണോയ്ക്ക് കഴിഞ്ഞു. ഭൂമിയിലല്ലാതെ മറ്റൊരു ഗ്രഹത്തില്‍ ആന്തരിക കാന്തിക മണ്ഡലം കണ്ടെത്തുന്നത് ആദ്യമാണെന്നതിനാല്‍ ശാസ്ത്രലോകത്ത് ഈ കണ്ടെത്തല്‍ ഒരു നാഴികകല്ലായിരുന്നു. വ്യാഴത്തിലെ പ്രത്യേക മിന്നല്‍ പ്രതിഭാസങ്ങളെ കുറിച്ചും (ഷാലോ ലൈറ്റിംഗ്) ഉരുകിയ അമോണിയ ജലം കൊണ്ട് നിര്‍മ്മിതമായ ബോളുകളെ (മഷ്ബോള്‍) കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാന്‍ ജൂണോ ശാസ്ത്രജ്ഞരെ സഹായിച്ചു.

ഇതിനോടകം വ്യാഴത്തില്‍ ജൂണോ നടത്തിയ കണ്ടുപിടിത്തങ്ങള്‍ക്കും പര്യവേഷണങ്ങള്‍ക്കും പുറമേ, വ്യാഴത്തിന്റെ അമൂല്യങ്ങളായ നിരവധി ചിത്രങ്ങളും ജൂണോ ശേഖരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് 2017ല്‍, വ്യാഴത്തിലെ വിശ്വപ്രസിദ്ധമായ റെഡ് സ്പോട്ടിന്റെ (വ്യാഴത്തിന്റെ ദക്ഷിണാര്‍ദ്ധ ഗോളത്തില്‍ കാണപ്പെടുന്ന കടുംചുവപ്പ് വര്‍ണ്ണത്തിലുള്ള ചുഴലിക്കാറ്റ്. അതിവേഗത്തില്‍ എതിര്‍ഘടികാര ദിശയിലാണ് ഈ കാറ്റിന്റെ ചലനം) വിവിധ കോണുകളില്‍ നിന്നുള്ള ചിത്രങ്ങള്‍ ജൂണോ എടുത്തിരുന്നു. ദീര്‍ഘകാലം വളരെ അകലെ നിന്ന് മാത്രം റെഡ് സ്പോട്ട് വീക്ഷിച്ചിട്ടുള്ള വാനനിരീക്ഷകരെ സംബന്ധിച്ചെടുത്തോളം നയനാമൃതമായിരുന്നു ആ ചിത്രങ്ങള്‍.

വ്യാഴമെന്ന ഭീമന്‍ ഗ്രഹം

സൗരയൂഥത്തിലെ ഗ്രഹങ്ങളിലും ചന്ദ്രന്മാരിലും ഛിന്നഗ്രഹങ്ങളിലും വാല്‍നക്ഷത്രങ്ങളിലും വെച്ച് ഏറ്റവും വലിയ ബഹിരാകാശ വസ്തുവാണ് വ്യാഴം. സൂര്യനെ ഒഴിച്ച് ബാക്കിയെന്തിനെയും വ്യാഴത്തിനുള്ളില്‍ ഉള്‍ക്കൊള്ളിക്കാം. വ്യാഴത്തിന് ചുറ്റുമായി 79 ഉപഗ്രഹങ്ങള്‍ ഉണ്ടെന്നാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്. ചുരുക്കത്തില്‍ ഒരു മിനി സൗരയൂഥം പോലെയാണ് വ്യാഴവും അതിനെ ചുറ്റിയുള്ള ലോകവും. നഗ്‌നനേത്രങ്ങള്‍ കൊണ്ട് ആകാശത്ത് നമുക്ക് വ്യാഴത്തെ കാണാന്‍ സാധിക്കുമെങ്കിലും അതിന് ചുറ്റുമുള്ള ചന്ദ്രന്മാരെ കാണാന്‍ സാധിക്കില്ല. അതിനാല്‍ത്തന്നെ പതിനാറാം നൂറ്റാണ്ട് വരെ വ്യാഴത്തിന്റെ ചന്ദ്രന്മാര്‍ ശാസ്ത്രലോകത്തിന് പിടിതരാതെ ഒളിച്ചുനിന്നു. പിന്നീട് 1600കളിലാണ് ഗലീലിയോ ഗലീലി താന്‍ സ്വയം നിര്‍മ്മിച്ച ദൂരദര്‍ശിനി കൊണ്ട് വ്യാഴത്തിന്റെ നാല് വലിയ സ്വാഭാവിക ഉപഗ്രഹങ്ങളെ കണ്ടെത്തിയത്. ഇവ പിന്നീട് ഗലീലിയന്‍ ചന്ദ്രന്മാരെന്ന് അറിയപ്പെട്ട് തുടങ്ങി.

പിന്നീടുള്ള നൂറ്റാണ്ടുകളില്‍ രംഗത്തെത്തിയ കൂടുതല്‍ ശക്തിയുള്ള ദൂരദര്‍ശിനികള്‍ ഗ്രേറ്റ് റെഡ് സ്പോട്ട്, അന്തരീക്ഷത്തിലെ പല നിറങ്ങളിലുള്ള പാളികള്‍ തുടങ്ങി വ്യാഴത്തിലെ നിഗൂഢതകളുടെ മറകള്‍ ഒന്നൊന്നായി നീക്കി. വ്യാഴത്തിന്റെ രഹസ്യങ്ങള്‍ തേടി ബഹിരാരാകാശ പേടകങ്ങള്‍ ഭൂമിയില്‍ നിന്ന് കുതിച്ച് തുടങ്ങിയതോടെ വ്യാഴം നമുക്ക് മുമ്പില്‍ കൂടുതല്‍ തെളിഞ്ഞുതുടങ്ങി.

ജൂണോയില്‍ വ്യാഴത്തിലേക്ക് പോയ ആ മൂന്നുപേര്‍

പര്യവേഷണത്തിനാവശ്യമായ ഉപകരണങ്ങള്‍ മാത്രമല്ല ജൂണോ പേടകത്തില്‍ ഉണ്ടായിരുന്നത്. ഗലീലിയോയുടെ കൈപ്പടയിലുള്ള പേപ്പറിന്റെ പകര്‍പ്പും അലൂമിനിയത്തില്‍ തീര്‍ത്ത മൂന്ന് മനുഷ്യരൂപങ്ങളും 1.7 ബില്യണ്‍ മൈലുകള്‍ താണ്ടി വ്യാഴത്തിലെത്തിയിട്ടുണ്ട്. അവരാരൊക്കെയാണെന്ന് അറിയാമോ. ഒന്ന് ഗലീലിയോ തന്നെ. മറ്റ് രണ്ടുപേര്‍ പേടകത്തിന് ആ പേര് ലഭിക്കാന്‍ കാരണമായ ജൂണോ ദേവിയും ജൂപ്പിറ്റര്‍ ദേവനുമാണ്. ഇതില്‍ ജൂണോയുടെ കൈയ്യില്‍ സത്യം കണ്ടെത്തുന്നതിനായുള്ള ഭൂതക്കണ്ണാടിയും ജൂപ്പിറ്ററിന്റെ കൈവശം ഒരു മിന്നല്‍പ്പിണരും ഗലീലിയോയുടെ കയ്യില്‍ ടെലസ്‌കോപ്പും ഒരു കുഞ്ഞ് വ്യാഴവുമുണ്ട്. കുട്ടികളില്‍ ബഹിരാകാശ താല്‍പ്പര്യം ഉയര്‍ത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന ലിഗോ കൂട്ടായ്മയാണ് ഇത് സമ്മാനിച്ചത്. അതേസമയം ഇറ്റാലിയന്‍ ബഹിരാകാശ എജന്‍സിയാണ് ഗലീലിയോയുടെ ചിത്രവും എഴുത്തമുള്ള ഫലകം പേടകത്തിനായി സമര്‍പ്പിച്ചത്.

ജൂണോയെ കുറിച്ച് രസകരമായ ചില കാര്യങ്ങള്‍

സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും ദൂരയുള്ള പേടകം: സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റേതൊരു ബഹിരാകാശ പേടകത്തേക്കാളും ബഹിരാകാശത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ട പേടകമാണ് ജൂണോ. സാധാരണയായി, സൂര്യനില്‍ നിന്നും വളരെ അകലത്തേക്ക് അയക്കുന്ന പേടകങ്ങള്‍ റേഡിയോ ആക്ടീവ് ഊര്‍ജ്ജ സ്രോതസ്സിലാണ് പ്രവര്‍ത്തിക്കുന്നത്. പക്ഷേ ജൂണോ സൗരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനായി മൂന്ന് വലിയ കൈകളാണ്( ഓരോന്നിനും 9 മീറ്റര്‍ നീളം) ജൂണോയ്ക്കുള്ളത്.

മെമ്മറി ലാപ്ടോപ്പിനോളം: നിങ്ങളുടെ ലാപ്ടോപ്പിനുള്ള മെമ്മറി മാത്രമേ ജൂണോയിലെ പ്രധാന കംപ്യൂട്ടറിനും ഉള്ളൂ. വൈദ്യുതിതടസ്സം നേരിട്ടാല്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനടക്കം 256 മെഗാബൈറ്റിന്റെഫ്ളാഷ് മെമ്മറിയും 128 മെഗാബൈറ്റിന്റെ ഡൈനാമിക് റാന്‍ഡം ആക്സസ് മെമ്മറിയുമാണ് (ഡിറാം)ഈ കംപ്യൂട്ടറിനുള്ളത്. കുറഞ്ഞ ചിലവില്‍ കൂടുതല്‍ കപ്പാസിറ്റി ആവശ്യമായ ഘട്ടങ്ങളില്‍ ഡിറാം ഉപയോഗപ്പെടുമെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. എന്തുകൊണ്ടാണ് ഇത്രയും പ്രധാനപ്പെട്ട വിവരങ്ങള്‍ സൂക്ഷിക്കേണ്ട ജൂണോയ്ക്ക് കൂടുതല്‍ മെമ്മറി നല്‍കാത്തതെന്ന ചോദ്യം ഉയര്‍ന്നേക്കാം. ഉന്നത വികിരണ അന്തരീക്ഷങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ബിഎഇ സിസ്റ്റംസ് റാഡ്750 സിംഗിള്‍ ബോര്‍ഡ് കംപ്യൂട്ടറാണ് ജൂണോയിലുള്ളത്. ഇതിനുമുമ്പം ഈ കംപ്യട്ടര്‍ ബഹിരാകാശ പേടകങ്ങളില്‍ ഉപയോഗിച്ച് ക്ഷമത പരീക്ഷിച്ചിട്ടുള്ളതാണ്.

ജൂണോയിലെ ഉപകരണങ്ങള്‍: വ്യാഴത്തെ കുറിച്ച് പഠിക്കാനും തന്റെ ജോലികള്‍ ചെയ്യുന്നതിനുമായി ജൂണോയില്‍ ഒമ്പത് ഉപകരണങ്ങളാണ് ഉള്ളത്. വ്യാഴത്തിലെ വെള്ളത്തിന്റെ തോതും അന്തരീക്ഷത്തിലെ അമോണിയയുടെ തോതും താപനിലയും അറിയുന്നതിനുള്ള മൈക്രോവേവ് റേഡിയോമീറ്റര്‍, അന്തരീക്ഷത്തിന്റെ ഉയര്‍ന്ന തലങ്ങളിലുള്ള ഓറയുടെ ചിത്രങ്ങള്‍ നല്‍കുന്നതിനുള്ള ജോവിയന്‍ ഇന്‍ഫ്രാറെഡ് ഓറല്‍ മാപ്പര്‍, വ്യാഴത്തിന്റെ കാന്തികമണ്ഡലത്തെ ചിത്രീകരിക്കുന്നതിനും ഗ്രഹത്തിന്റെ ആന്തരിക മേഖലയിലെ ചലനം അറിയുന്നതിനുമുള്ള മാഗ്‌നറ്റോമീറ്റര്‍, പേടകത്തിന്റെ റേഡിയോ സിഗ്‌നലിലെ ഡോപ്ലര്‍ വ്യതിയാനങ്ങള്‍ അളന്ന് വ്യാഴത്തിനുള്ളില്‍ പിണ്ഡം വിന്യസിക്കപ്പെട്ടിരിക്കുന്നത് മനസിലാക്കുന്നതിനുള്ള ഗ്രാവിറ്റി സയന്‍സ്, ഓറയിലുള്ള വൈദ്യുത കണങ്ങളെക്കുറിച്ചും ഇലക്ട്രോണുകളെ കുറിച്ചും മനസിലാക്കുന്നിനുള്ള ജോവിയന്‍ ഓറല്‍ ഡിസ്ട്രിബ്യൂഷന്‍ എക്സ്പിരിമെന്റ്, ജോവിയന്‍ എനര്‍ജിറ്റിക് പാര്‍ട്ടിക്കിള്‍ ഡിറ്റെക്റ്റര്‍, ഓറ പ്രവാഹങ്ങളെ അറിയുന്നതിനുള്ള റേഡിയോ ആന്‍ഡ് പ്ലാസ്മ വേവ് സെന്‍സറുകള്‍, ധ്രുവങ്ങളിലെ കാന്തികമണ്ഡലങ്ങളിലെ അള്‍ട്രാവൈലറ്റ് ഓറയുടെ ചിത്രമെടുക്കുന്നതിനുള്ള അള്‍ട്രാവൈലറ്റ് സ്പെക്ട്രോഗ്രാഫ്, ജൂണോകാം എന്നിവയാണവ.

അസാധാരണ ഭ്രമണപഥം: ഒരു ഗ്രഹത്തെ ഏറ്റവും നല്ല രീതിയില്‍ ചിത്രീകരിക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗം ബഹിരാകാശ പേടകത്തെ ഗ്രഹത്തിന്റെ ധ്രുവങ്ങള്‍ക്ക് മുകളിലായി സഞ്ചരിപ്പിക്കുക എന്നതാണ്. പക്ഷേ വ്യാഴത്തിലെ തീവ്രമായ റേഡിയേഷന്‍ മൂലം ജൂണോയ്ക്ക് അത് സാധിക്കില്ല. റേഡിയേഷന്‍ ഏല്‍ക്കുന്നത് കുറയ്ക്കുന്നതിനായി ജൂണോ ദീര്‍ഘമായ ഭ്രമണപഥമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഭ്രമണപഥത്തിന്റെ തെക്കേയറ്റത്ത് എത്തുമ്പോള്‍ ജൂണോ വ്യാഴവുമായി ഏറ്റവുമടുത്തായിരിക്കും (5,000 കിലോമീറ്റര്‍). പക്ഷേ ദക്ഷിണ ധ്രുവ മേഖല വിടുമ്പോള്‍ വ്യാഴത്തിന്റെ 1.9 ദശലക്ഷം  കിലോമീറ്റര്‍ അകലെയുള്ള ഉപഗ്രഹമായ കാലിസ്റ്റോയേക്കാള്‍ അകലത്തില്‍ ആയിരിക്കും ജൂണോ. വര്‍ത്തുളാകൃതിയിലുള്ള ഈ സഞ്ചാരപഥം ഏപ്പോഴും സൗരോര്‍ജ്ജം ലഭിക്കാന്‍  ജൂണോയെ സഹായിക്കുന്നു.


2011 ഓഗസ്റ്റ് അഞ്ചിനാണ് ഫ്ളോറിഡയിലെ കേപ് കനാവെരല്‍ ബഹിരാകാശ നിലയത്തില്‍ നിന്നും വ്യാഴത്തിലേക്കുള്ള നാസയുടെ ബഹിരാകാശ ദൗത്യമായ ജൂണോ വിക്ഷേപിച്ചത്. അഞ്ചുവര്‍ഷത്തിന് ശേഷം 2016 ജൂലൈ നാലിനാണ് ഉദ്വേഗജനകമായ യാത്രയ്ക്ക് വിരാമമിട്ട് ജൂണോ വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്


നാടകീയ അന്ത്യം: 2018ഓടെ ദൗത്യം അവസാനിപ്പിച്ച് ജൂണോ വ്യാഴത്തിലേക്ക് പതിക്കുമെന്നായിരുന്നു മുന്‍ ധാരണ. എന്നാല്‍ വ്യാഴത്തിലെ കടുത്ത റേഡിയേഷന്‍ സാഹചര്യത്തിലും ജൂണോയിലെ ഉപകരണങ്ങളും സംവിധാനങ്ങളും കേടുകൂടാതെ ഇരുന്നതിനാല്‍ 2018ല്‍ നാസ ജൂണോയുടെ കാലാവധി ജൂലൈ 2021 വരെ നീട്ടി. എന്നാല്‍ 2021ലും ജൂണോ ആരോഗ്യവാനായി തുടര്‍ന്നത് മൂലം വ്യാഴത്തില്‍ നിന്നും കൂടുതല്‍ വിലപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെ നാസ ദൗത്യത്തിന്റെ കാലാവധി 2025 സെപ്റ്റംബര്‍ വരെയാക്കി. വ്യാഴത്തിലേക്ക് പതിച്ച് വളരെ നാടകീയമായ അന്ത്യത്തിന് കാത്തിരിക്കുന്ന ജൂണോ അത്തരത്തില്‍ അവസാനിക്കുന്ന ആദ്യത്തെ പേടകമല്ല.

മുമ്പ് 1995നും 2003നും ഇടയില്‍ വ്യാഴത്തിന് ചുറ്റും സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിച്ച ഗലീലിയോ ബഹിരാകാശ പേടകവും ഇതുപോലെ തന്നെയുള്ള അന്ത്യമാണ് വരിച്ചത്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു പേടകത്തെ ആത്മഹത്യയിലേക്ക് പറഞ്ഞുവിടുന്നത് എന്നല്ലേ. പ്രവര്‍ത്തനരഹിതമായ പേടകം അവിചാരിതമായി വ്യാഴത്തിന്റെ ഉപഗ്രഹങ്ങളില്‍ ഒന്നില്‍ പതിച്ച് ജൂണോയില്‍ ഉണ്ടായേക്കാവുന്ന ഭൂമിയിലെ സൂക്ഷമാണുക്കളെ കൊണ്ട് അവിടം മലിനമാക്കുന്നത് തടയുന്നതിനാണ് ജൂണോയ്ക്ക് ഇത്തരമൊരു അന്ത്യം നാസ ശാസ്ത്രജ്ഞര്‍ വിധിച്ചിരിക്കുന്നത്. അവസാനം വരെ ജൂണോയുടെ എല്ലാ ഭാഗങ്ങളും കേടുകൂടാതെ ഇരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നില്ല. വ്യാഴത്തിലെ തീവ്രതയേറിയ കാന്തിക, വികിരണ മണ്ഡലങ്ങള്‍ ജൂണോയിലെ ഇലക്ട്രോണിക്സ് സംവിധാനങ്ങള്‍ക്ക് നാശം വരുത്തിയേക്കാം. ഇതില്‍ നിന്ന് ജൂണോയെ രക്ഷിക്കുന്നതിന് ടൈറ്റാനിയം കവചമുണ്ടെങ്കിലും എക്കാലവും ജൂണോയെ സംരക്ഷിക്കാന്‍ അതിനാവില്ല.

ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച് പ്രവര്‍ത്തനരഹിതമാകാത്തിടത്തോളം കാലം നിലവിലെ തീരുമാനപ്രകാരം 2025 വരെ ജൂണോ വ്യാഴത്തിനൊപ്പമുണ്ടാകും. ഈ കാലയളവില്‍ വ്യാഴത്തെ മാത്രമല്ല ആ ഭീമന്‍, വാതക ഗ്രഹത്തെ ചുറ്റിപ്പറ്റിയുള്ള മുഴുവന്‍ ലോകത്തെ കുറിച്ചും ജൂണോ അന്വേഷണങ്ങളും കണ്ടെത്തലുകളും തുടരും. ഈ വര്‍ഷം പത്താംപിറന്നാള്‍ ആഘോഷിക്കുന്ന ജൂണോയ്ക്ക് ഒരിക്കല്‍ കൂടി ഹാപ്പി ബര്‍ത്ത്ഡേ..