
അച്ഛന് അടുത്തുണ്ടെങ്കില്‍ കുഞ്ഞാകും സൂപ്പര്‍ കിഡ്
രാജ്യം ഭരിക്കുന്ന തന്റെ പങ്കാളിയെ അവരുടെ ചുമതലകള്‍ക്ക് വിട്ടുകൊടുത്ത് കുഞ്ഞിന്റെ പരിപാലനവും വീട്ടുകാര്യങ്ങളും ഏറ്റെടുത്ത് ജസീന്തയുടെ പങ്കാളി ക്ലാര്‍ക് ഗേഫോര്‍ഡ് കൈയ്യടി നേടി
അച്ഛന്റെ സ്വാധീനം മക്കളില്‍ വളരെ വലുതാണ്. താങ്ങായും തണലായും നില്ക്കുന്ന അച്ഛന്റെ സാന്നിധ്യവും സാമീപ്യവും കുട്ടികളിലുണ്ടാക്കുന്ന മാറ്റം ചെറുതല്ല. അവരുടെ ബുദ്ധിയെയും ആരോഗ്യത്തെയും മാനസിക ശേഷിയേയുമെല്ലാം അച്ഛന്റെ പരിപാലനം സ്വാധീനിക്കും
ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്ഡന് താന്‍ പ്രധാനമന്ത്രിയായിരിക്കേ തന്നെ കുഞ്ഞിന് ജന്മം നല്‍കിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അന്ന് എല്ലാവരുടേയും മനസ്സിലുയര്‍ന്ന ഒരു ചോദ്യമായിരുന്നു ഒരു പ്രധാനമന്ത്രിക്ക് എങ്ങനെ തന്റെ കുഞ്ഞിനെയും രാജ്യത്തെയും ഒരുപോലെ പരിപാലിക്കാനാവും എന്നത്. എന്നാല്‍ രാജ്യം ഭരിക്കുന്ന തന്റെ പങ്കാളിയെ അവരുടെ ചുമതലകള്‍ക്ക് വിട്ടുകൊടുത്ത് കുഞ്ഞിന്റെ പരിപാലനവും വീട്ടുകാര്യങ്ങളും ഏറ്റെടുത്ത് ജസീന്തയുടെ പങ്കാളി ക്ലാര്‍ക് ഗേഫോര്‍ഡ് കൈയ്യടി നേടി. സാധാരണ വീടുകളില്‍ അമ്മമാര്‍ ഏറ്റെടുക്കുന്ന കുഞ്ഞിന്റെ ചുമതലകളെല്ലാം ക്ലാര്‍ക്ക് മനോഹരമായി ഇപ്പോഴും നിര്‍വഹിക്കുന്നു. തന്റെ ജോലി പോലും അതിനായി വേണ്ടെന്ന് വച്ചായിരുന്നു ക്ലാര്‍ക്ക് കുഞ്ഞിനെ നോക്കാന്‍ തീരുമാനിച്ചത്. ചെറിയൊരു ശതമാനമാണെങ്കിലും ഉയര്‍ന്ന ജോലിയുള്ള ഭാര്യമാരുടെ പല ഭര്ത്താക്കന്മാരും വിദേശരാജ്യങ്ങളില്‍ ഇന്ന് കുഞ്ഞിനെ നോട്ടം ഏറ്റെടുക്കുന്നുണ്ടെന്ന് സര്‍വേകള്‍ പറയുന്നു.
അച്ഛന്മാരുടെ സാമീപ്യവും പരിപാലനവും ലഭിക്കുന്ന കുട്ടികളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങുണ്ടാകുമെന്നാണ് സ്റ്റേറ്റ് ഓഫ് ദി വേള്‍ഡ്സ് ഫാദേഴ്സ് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്
ഈ കുഞ്ഞിനെ നോട്ടം അപ്പോള്‍ അമ്മയുടെ മാത്രം ജോലിയല്ല എന്നു പലരും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. അച്ഛന്മാര്ക്കും അതില്‍ വലിയ പങ്കു വഹിക്കാനാവും. ജീവശാസ്ത്രപരമായി കുട്ടികളെ നോക്കലും മറ്റ് ജോലികളും ഒന്നിച്ച് കൊണ്ടുപോകാന്‍ പുരുഷന്മാര്ക്ക് എളുപ്പമല്ല. എന്നാല്‍ മള്‍ട്ടിടാസ്കിങ് ഗുണമുള്ള സ്ത്രീകള്‍ എത്ര കഷ്ടപ്പെട്ടാണെങ്കിലും എല്ലാം ഒന്നിച്ച് കൈകാര്യം ചെയ്യും. ഇപ്പോള്‍ അച്ഛന്മാരുടെ പരിചരണം കുട്ടികള്‍ക്ക് എത്രത്തോളം പ്രാധാന്യമേറിയതാണ് എന്ന് പറയുകയാണ് ചില ഗവേഷണങ്ങള്‍. അമ്മമാര്‍ മാത്രമല്ല, അച്ഛന്മാരും കുട്ടികളുടെ പരിപാലനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാരണം മറ്റൊന്നുമല്ല, അച്ഛന്മാരുടെ പരിപാലനം ലഭിക്കുന്ന കുട്ടികള്‍ മറ്റ് കുട്ടികളെക്കാള്‍ സന്തോഷവാന്മാരും മിടുക്കരുമായിരിക്കുമത്രേ.
തണലൊരുക്കുന്ന അച്ഛന്
അച്ഛന്മാരുടെ സാമീപ്യവും പരിപാലനവും ലഭിക്കുന്ന കുട്ടികളുടെ
ജീവിതത്തില്‍ വലിയ മാറ്റങ്ങുണ്ടാകുമെന്നാണ് സ്റ്റേറ്റ് ഓഫ് ദി വേള്‍ഡ്സ് ഫാദേഴ്സ് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയില്‍ അച്ഛന് വലിയ സ്ഥാനമുണ്ടത്രേ. കുട്ടികള്‍ക്കൊപ്പം കൂടതല്‍ സമയം ചിലവിടുന്നത് പൊതുവേ അമ്മമാരാണ്. എന്നാല്‍ കുട്ടികള്‍ക്കൊപ്പം ഫലപ്രദമായി സമയം ചിലവിടാന്‍ അച്ഛന് കഴിയുകയാണെങ്കില്‍ അത് അവര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. സമാധാനപരമായി എല്ലാ കാര്യങ്ങളും കേട്ട് മനസ്സിലാക്കുന്ന അച്ഛന്മാരുടെ മക്കള്‍ വഴി തെറ്റിപ്പോകാനുള്ള സാധ്യതയും കുറവാണെന്ന് പഠനം പറയുന്നു.
തങ്ങളുടെ കൂടെ അച്ഛനും അമ്മയും എപ്പോഴുമുണ്ടെന്ന തോന്നല്‍ കുട്ടികളില്‍ സുരക്ഷിതത്വ ബോധം വളര്‍ത്തും. അതവരെ കൂടുതല്‍ ഉന്മേഷവാന്മാരും ആരോഗ്യവാന്മാരുമാക്കും. അച്ഛന്മാരുടെ കൂടെ പരിചരണം നന്നായി ലഭിക്കുന്ന കുട്ടികളില്‍ ആയുര്‍ദൈര്‍ഘ്യവും കൂടുതലായിരിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. തന്റെ സംരക്ഷണത്തിനായി ഒരാള്‍ കാവലായി കൂടെയുണ്ടെന്ന ബോധ്യം അവരെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങളില്‍ നിന്നും അകന്നു നില്ക്കാന് സഹായിക്കും. മുതിര്‍ന്നാലും അവര്‍ ചെയ്യുന്ന കാര്യങ്ങളിലെല്ലാം മികവ് പുലര്‍ത്തുമെന്നും പറയുന്നു പഠനം.
അച്ഛനുണ്ടെങ്കില്‍ എല്ലാം സൂപ്പര്‍
മിക്ക വീടുകളിലും രാവിലെ ജോലിക്കു പോകുന്ന അച്ഛന്മാര് തിരിച്ചു വരുന്നത് സന്ധ്യ കഴിഞ്ഞാവും. ആ സമയം കൊണ്ട് കുട്ടികള്‍ ഭക്ഷണം കഴിച്ച് ഉറങ്ങാറുമാകും. ഇങ്ങനെ അച്ഛന്മാരുടെ ജോലി സമയവും അധിക ജോലികളുമാണ് കുട്ടികളുടെ കൂടെ വേണ്ടത്ര സമയം ചിലവിടാന്‍ കഴിയാതെ പോകാന്‍ കാരണം. ഒരുപക്ഷേ കൊവിഡ് കാലമായതു മൂലം വീട്ടിലിരുന്നു ജോലി ചെയ്യുന്ന പലരും കുട്ടികളുടെ കൂടെ ആദ്യമായിട്ടാവും ഇത്രയധികം സമയം ചിലവിടുന്നതും. സര്‍വേ അനുസരിച്ച് 61 മുതല്‍ 77 ശതാനം വരെ അച്ഛന്മാര് പറയുന്നത് തങ്ങളുടെ ജോലി സമയം കുറവായിരുന്നെങ്കില്‍ കുട്ടികളോടൊപ്പം കൂടുതല്‍ സമയം ചിലവിടാമായിരുന്നു എന്നാണ്.
ജോലി സമയം ക്രമീകരിച്ച് കുട്ടികള്‍ക്കൊപ്പം ചിലവിടുമ്പോള്‍ മറ്റ് പല ഗുണങ്ങളുമുണ്ട്. അമ്മമാരുടെ അധിക ചുമതലയില്‍ അവര്‍ക്ക് അല്പം ആശ്വാസം ലഭിക്കും. അതോടെ അവരുടെ മാനസിക പിരിമുറുക്കങ്ങളും കുറയും. അച്ഛന് കൂടി കുട്ടികളുടെ കാര്യം ഏറ്റെടുക്കുന്നതോടെ കുടുംബാന്തരീക്ഷം തന്നെ മാറി മറിയുമെന്ന് ഉറപ്പ്. അച്ഛനും അമ്മയം കുട്ടികളും എല്ലാവരുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാവുകയും വീട്ടില്‍ സന്തോഷം ഇരട്ടിക്കുകയും ചെയ്യും. ജോലി തിരക്ക് മൂലം കുട്ടികളുടെ കൂടെ കളിചിരികള്‍ക്ക് സമയമില്ലാത്ത അച്ഛന്മാര് ഇനി സമയം കണ്ടെത്തിയേ തീരൂ. കാരണം, നിങ്ങളുടെ കുഞ്ഞിന്റെ മിടുക്കും കുടുംബത്തിന്റെ സന്തോഷവും ഭാര്യയുടെ മാത്രമല്ല, നിങ്ങളുടെ കൂടി ഉത്തരവാദിത്വമാണ്.
കുട്ടികളുടെ ജീവിതത്തില്‍ അച്ഛന്റെ സ്വാധീനം ഏതൊക്കെ തരത്തിലെന്ന് നോക്കാം:
വൈകാരിക വളര്‍ച്ച
മറ്റാര്‍ക്കും പകരം വയ്ക്കാന്‍ കഴിയാത്ത സ്ഥാനമാണ് ഒരു കുട്ടിയുടെ ജീവിതത്തില്‍ അവന്റെ അച്ഛനും അമ്മയ്ക്കുമുള്ളത്. അച്ഛന് വേണ്ട സ്ഥാനത്ത് അച്ഛന് തന്നെ വേണം എന്നു പറയാറുള്ളതുപോലെ അവിടെ മറ്റാര്‍ക്കും ആ കുഞ്ഞിന്റെ തണലാകാന്‍ കഴിഞ്ഞെന്നു വരില്ല. ഒരു കുട്ടിയുടെ വ്യക്തിത്വത്തെ തന്നെ വളര്‍ത്തുന്നതില്‍ അച്ഛനും വലിയ പങ്കുണ്ട്. ഒരു കുഞ്ഞിന്റെ മാനസിക വൈകാരിക വളര്‍ച്ചയില്‍ അച്ഛനും അമ്മയും രണ്ട് നെടും തൂണുകളാണ്. ശാരീരികവും മാനസികവുമായ സുരക്ഷിതത്വ ബോധം അച്ഛന് കൂടെയുള്ളപ്പോള്‍ കുട്ടികള്‍ക്ക് തോന്നും.
തങ്ങളുടെ അച്ഛന് അഭിമാനമുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കുട്ടികള്‍ക്കും ഉത്സാഹമായിരിക്കും. പക്ഷേ കുട്ടികളെ അവരുടെ ഉള്ളിലെ കഴിവുകളെയും ശക്തിയെയും പ്രോത്സാഹിപ്പിക്കുന്ന പിതാവ് കൂടിയായിരിക്കണം. പഠനങ്ങള്‍ തെളിയിക്കുന്നത് അച്ഛന്മാര് കുട്ടികളോട് വാത്സല്യമുള്ളവരും പിന്തുണക്കുന്നവരുമാണെങ്കില് അത് കുഞ്ഞിന്റെ സാമൂഹിക വളര്‍ച്ചയെയും ധാരണാ ശക്തിയെയും നന്നാക്കാന്‍ സഹായിക്കുമെന്നാണ്. അതുമാത്രമല്ല, കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും ഇത് ഇടയാക്കുമെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
ബന്ധങ്ങളുടെ അതിര്‍വരമ്പുകള്‍
ഒരു കുട്ടിയുടെ ഉള്ളിലെ ചിന്തകളെ മാത്രമല്ല അച്ഛന് സ്വാധീനിക്കാനാവുന്നത്. മറിച്ച് സമൂഹത്തോടും ചുറ്റുമുള്ളവരോടും ഏതെല്ലാം തരത്തിലുള്ള ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കണമെന്നും അച്ഛനില്‍ നിന്നും പഠിക്കുന്നു. ഒരു കുട്ടിയെ അച്ഛന് എങ്ങനെ പരിചരിക്കുന്നു എന്നതിനനുസരിച്ചാകും ആ കുട്ടിയും സമൂഹത്തെ വിലയിരുത്തുന്നത്. എങ്ങനെ മറ്റുള്ളവരോട് പെരുമാറണമെന്ന് കുട്ടി കണ്ടു പഠിക്കുന്നത് മാതാപിതാക്കളെയാണ്. തന്റെ അച്ഛന് പകര്‍ന്നുകൊടുക്കുന്ന മൂല്യങ്ങള്‍ക്കും ബന്ധങ്ങളുടെ ആഴവുമനുസരിച്ചായിരിക്കും സുഹൃത്തുക്കളെയും പങ്കാളികളെയും എല്ലാം തിരഞ്ഞെടുക്കുന്നത്.
ബന്ധങ്ങളെ തന്റെ അച്ഛന് എങ്ങനെ മുന്നോട്ടുകൊണ്ടുപോകുന്നു, ഏതു രീതിയിലാണ് അവയെ കൈകാര്യം ചെയ്യുന്നത് എന്നതെല്ലാം ആശ്രയിച്ചാണ് കുട്ടികളും മറ്റ് ആളുകളോട് ബന്ധപ്പെടാന്‍ പഠിക്കുന്നതും ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ പഠിക്കുന്നതും.
അച്ഛനും മകളും
പെണ്‍കുട്ടികള്‍ക്ക് അച്ഛന്മാരോട് അടുപ്പം കൂടുതലായിരിക്കും എന്ന് പൊതുവേ പറയാറുണ്ട്. പെണ്‍കുട്ടികള്‍ തങ്ങളുടെ വൈകാരികവും സാമൂഹികവുമായ സുരക്ഷയ്ക്കായി കൂടുതലും ആശ്രയിക്കുന്നത് പിതാക്കന്മാരെയായിരിക്കും. ഒരു അച്ഛനാണ് പെണ്‍കുഞ്ഞിന് മറ്റ് പുരുഷന്മാരുമായി എങ്ങനെ നല്ല ബന്ധം പുലര്‍ത്താമെന്നും ഏത് രീതിയിലായിരിക്കണം അതെന്നും ആദ്യം മനസ്സിലാക്കി കൊടുക്കുന്നത്.
തന്നോട് സ്നേഹവും വാത്സല്യവുമുള്ള പിതാവാണ് ഒരു പെണ്‍കുട്ടിക്ക് ഉള്ളതെങ്കില്‍ ഭാവിയില്‍ തന്റെ പങ്കാളിയെ തിരഞ്ഞെടുക്കുമ്പോഴും അത്തരം സ്നേഹവും കരുതലും ഉള്ള ആളെയായിരിക്കും അവളും കണ്ടെത്താന്‍ ശ്രമിക്കുക. അതേസമയം മറിച്ചാണ് പിതാവുമായുള്ള അവളുടെ അടുപ്പമെങ്കില്‍ തനിക്ക് വരാനിരിക്കുന്ന പങ്കാളിയും അത്തരക്കാരനാകുമോ എന്ന ഭയം അവളെ അലട്ടിക്കൊണ്ടിരിക്കും.
അച്ഛനും മകനും
പെണ്‍കുട്ടികള്‍ അച്ഛനെ മാതൃകയാക്കി അതുപോലെ മറ്റുള്ളവരോട് ഇടപെടാന്‍ ആഗ്രഹിക്കുമ്പോള്‍ ആണ്‍കുട്ടികള്‍ അച്ഛന്മാരെ അനുകരിക്കാന്‍ പരിശ്രമിക്കും. അവരുടെ സ്വഭാവം, നല്ലതായാലും മോശമായാലും അതെല്ലാം കണ്ട് താനും ഇതുപോലെയായിരിക്കണം എന്ന് ആണ്‍കുട്ടികള്‍ ചിന്തിക്കും. പ്രത്യേകിച്ച് ടീനേജ് പ്രായത്തില്‍ ഉള്ള ആണ്‍കുട്ടികള്‍. ഉദാഹരണത്തിന് മദ്യപാനവും പുകവലിയും നടത്തുന്ന അച്ഛനെ അനുകരിച്ച് തനിക്കും അതെല്ലാം ചെയ്യുന്നതില്‍ എന്താണ് തെറ്റ് എന്ന് ചിന്തിച്ച് അനുകരിക്കുന്ന മകനെ തനിയെ കുറ്റപ്പെടുത്താനാവില്ല. അവന് കാണുന്നത് അനുകരിക്കുകയാണ് ചെയ്യുന്നത്.
മനുഷ്യര്‍ അങ്ങനെയാണ് ചുറ്റമുള്ളവയില് നിന്ന് അനുകരിക്കാനുള്ള ത്വര കൂടുതലായിരിക്കും. ഈ ലോകത്തിലെ പലതും നമ്മള് സ്വീകരിക്കുന്നതും സ്വാംശീകരിക്കുന്നതും അങ്ങനെയാണ്. അച്ഛന് മറ്റുള്ളവരോട് ബഹുമാനത്തോടും നല്ല കരുതലോടെയുമാണ് സമൂഹത്തില്‍ ഇടപെടുന്നതെങ്കില് മകനും അത് ശീലിക്കാന്‍ പ്രേരിതനാകും. ഇനി അച്ഛനില്ലാത്തവരാണെങ്കില് ചുറ്റുമുള്ളലരില് അവരെ ഏറ്റവും സ്വാധീനിക്കുന്നത് ആരോണോ അവരെ അനുരിക്കാനാവും ശ്രമിക്കുന്നത്. അപ്പോഴും കൗമാരക്കാര്‍ക്ക് നല്ലതും ചീത്തയും തിരിച്ചറിയാനുള്ള വിവേകം എപ്പോഴുമുണ്ടാവണമെന്നില്ല. അതിന്റെ അപകടങ്ങളും പതിയിരിക്കുന്നുണ്ട്.