Mar 8 • 14M

വാസയോഗ്യമായ ഗ്രഹങ്ങളെ കണ്ടെത്താന്‍ എളുപ്പവഴി; ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് കൈയ്യടി

വാസയോഗ്യമായ ഗ്രഹങ്ങളെ കണ്ടെത്തുന്നതിന് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ മുന്നോട്ട് വെച്ച നവീന സമീപനം ശ്രദ്ധയാകര്‍ഷിക്കുന്ന

3
4
 
1.0×
0:00
-13:30
Open in playerListen on);
Episode details
4 comments

മനുഷ്യന് ഒരു നാള്‍ ഭൂമി വിട്ട് പോകേണ്ടി വരുമെന്ന് സ്റ്റീഫന്‍ ഹോക്കിംഗ് അടക്കം പല മഹാന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ എങ്ങോട്ട്? ഭൂമി ഒഴിച്ച് വാസയോഗ്യമായ മറ്റൊരു ഗ്രഹങ്ങളും നാമിത് വരെ കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി സൗരയൂഥത്തിന് വെളിയില്‍ ആയിരക്കണക്കിന് ഗ്രഹങ്ങള്‍(എക്‌സോപ്ലാനറ്റുകള്‍) ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ ആകാശഗംഗയായ ക്ഷീരപദത്തില്‍ തന്നെ ശതകോടിക്കണക്കിന് ഗ്രഹങ്ങള്‍(ഒരുപക്ഷേ നക്ഷത്രങ്ങളേക്കാള്‍ അധികം) ഉണ്ടാകുമെന്നാണ് ശാസ്ത്രലോകം ഇപ്പോള്‍ കരുതുന്നത്. ആത്യന്തികമായി നാം തിരയുന്നത് ഇവയില്‍ ഏതെങ്കിലും ഒന്ന് വാസയോഗ്യമാണോ അല്ലെങ്കില്‍ ഭാവിയില്‍ വാസയോഗ്യമാകാന്‍ ഇടയുണ്ടോ എന്നാണ്. പക്ഷേ അത് അത്ര എളുപ്പമല്ല. കാരണം ഇതുവരെ കണ്ടുപിടിച്ചിട്ടുള്ള ഗ്രഹങ്ങളുടെ എല്ലാ സ്വഭാവ സവിശേഷതകളും ഒന്നൊന്നായി വിലയിരുത്തി വേണം അവയുടെ വാസയോഗ്യത നിശ്ചയിക്കാന്‍. അത് വളരെ ശ്രമകരമായ ജോലിയാണ്. മാത്രമല്ല പുതിയ എക്‌സോപ്ലാനറ്റുകളെ കണ്ടെത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചിലപ്പോള്‍ ദശാബ്ദങ്ങളോ പതിറ്റാണ്ടുകളോ കൊണ്ടേ ഈ രീതിയില്‍ വാസയോഗ്യമായ ഒരു ഗ്രഹത്തെ കണ്ടെത്താന്‍ സാധിക്കുകയുള്ളു.

അതേസമയം നമുക്കറിയാവുന്നതില്‍ ചില ഗ്രഹങ്ങള്‍ ഒരുപക്ഷേ വാസയോഗ്യമായിരിക്കാം എന്ന അനുമാനങ്ങള്‍ ഏറെക്കാലമായി ശാസ്ത്രലോകത്തുണ്ട്. പക്ഷേ നിലവില്‍ നമുക്കറിയുന്ന, വാസയോഗ്യമായ ഏകഗ്രഹം ഭൂമി ആയതുകൊണ്ട് ഭൂമിയെ മുന്‍നിര്‍ത്തിയാകണം ഒരു ഗ്രഹത്തിന്റെ വാസയോഗ്യത കണക്കാക്കേണ്ടത്. കഴിഞ്ഞ കുറച്ച് കാലത്തിനിടയില്‍ ഒരു ഗ്രഹത്തിന്റെ വാസയോഗ്യത കണക്കാക്കുന്നതിനുള്ള പുതിയ പല രീതികളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. മാതൃകകളെ (modelling)അടിസ്ഥാനമാക്കിയും കൃത്രിമബുദ്ധിയെ അടിസ്ഥാനമാക്കിയും (supervised learning) വാസയോഗ്യമായ എക്‌സോപ്ലാനറ്റുകളെ വര്‍ഗ്ഗീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. പക്ഷേ ഈ രണ്ട് രീതികള്‍ക്കും അതിന്റേതായ പോരായ്മകള്‍ ഉണ്ട്. 


ഭൂമിയെ പോലെ ജീവസാന്നിധ്യമുള്ള ലോകങ്ങള്‍ പ്രപഞ്ചത്തില്‍ വേറെയും ഉണ്ടെന്ന് ചരിത്രാതീത കാലം മുതല്‍ക്കേ മനുഷ്യന്‍ വിശ്വസിച്ചിരുന്നു. ക്ഷീരപദത്തില്‍ മാത്രം ശതകോടിക്കണക്കിന് ഗ്രഹങ്ങള്‍ ഉണ്ടെന്ന കണക്കുകള്‍ പുറത്ത് വരുമ്പോള്‍ അവയില്‍ ജീവനെ പെറ്റ് വളര്‍ത്തുന്ന മറ്റ് ഗ്രഹങ്ങള്‍ ഉണ്ടായിരിക്കുമോ എന്ന സംശയം സ്വാഭാവികമാണ്


ഈ സാഹചര്യത്തിലാണ് വാസയോഗ്യമായ ഗ്രഹങ്ങളെ കണ്ടെത്തുന്നതിന്  ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ മുന്നോട്ട് വെച്ച നവീന സമീപനം ശ്രദ്ധയാകര്‍ഷിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സില്‍ അധിഷ്ഠിതമായ അല്‍ഗോരിതം ഉപയോഗിച്ച് വാസയോഗ്യമായ ഗ്രഹങ്ങളെ ഉയര്‍ന്ന സാധ്യതകളോടെ (high probability) കണ്ടെത്താമെന്നാണ് ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സിലെയും (ഐഐഎ) ബിറ്റ്‌സ് പിലാനി ഗോവയിലെയും ഗവേഷകര്‍ സംയുക്തമായി നടത്തിയ ഗവേഷണം പറയുന്നത്. ഇവരുടെ പഠനം 'Monthly Notices of the Royal Astronomical Society (MNRAS)'യില്‍ പ്രസിദ്ധീകരിച്ചിരുന്നു. തങ്ങള്‍ മുന്നോട്ട് വെക്കുന്ന  'anomaly detection method' എന്താണെന്നും വാസയോഗ്യമായ ഗ്രഹങ്ങളെ കണ്ടെത്തുന്നതില്‍ അവ എത്രത്തോളം ഉപകാരപ്രദമാകുമെന്നും സയന്‍സ് ഇന്‍ഡിക്കയോട് വിശദീകരിക്കുകയാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ബിറ്റ്‌സ് പിലാനി ഗോവ ക്യാംപസിലെ പ്രഫസറായ സ്‌നേഹാന്‍ഷു സാഹ.

ഗ്രഹം വാസയോഗ്യമാണോ? എങ്ങനെ തിരിച്ചറിയും

ഭൂമിയെ പോലെ ജീവസാന്നിധ്യമുള്ള ലോകങ്ങള്‍ പ്രപഞ്ചത്തില്‍ വേറെയും ഉണ്ടെന്ന് ചരിത്രാതീത കാലം മുതല്‍ക്കേ മനുഷ്യന്‍ വിശ്വസിച്ചിരുന്നു. ക്ഷീരപദത്തില്‍ മാത്രം ശതകോടിക്കണക്കിന് ഗ്രഹങ്ങള്‍ ഉണ്ടെന്ന കണക്കുകള്‍ പുറത്ത് വരുമ്പോള്‍ അവയില്‍ ജീവനെ പെറ്റ് വളര്‍ത്തുന്ന മറ്റ് ഗ്രഹങ്ങള്‍ ഉണ്ടായിരിക്കുമോ എന്ന സംശയം സ്വാഭാവികമാണ്. ഇനി അഥവാ ഉണ്ടെങ്കില്‍ നാം അവയെ എങ്ങനെ തിരിച്ചറിയും.


വാസയോഗ്യമായ ഗ്രഹങ്ങളുടെ എണ്ണം വാസയോഗ്യമല്ലാത്തവയേക്കാള്‍ വളരെ കുറവായതിനാല്‍ വാസയോഗ്യമായവയെ സാധാരണ സ്ഥിതിയില്‍ നിന്നും വ്യത്യസ്തമായവ അല്ലെങ്കില്‍ അസാധാരണ, അസ്വാഭാവിക ഗ്രഹങ്ങള്‍ എന്ന് വിളിക്കാമെന്ന് സ്‌നേഹാന്‍ഷു പറയുന്നു


വാസയോഗ്യമായ ഗ്രഹങ്ങള്‍ എന്ന് പറയുമ്പോള്‍ തന്നെ നമുക്ക് ഊഹിക്കാം  അവയുടെ എന്തെങ്കിലും സ്വഭാവ സവിശേഷതകള്‍ ജീവന് അനുകൂലമായിട്ടുള്ളവ ആയിരിക്കും. ഭൂമിയുമായി താരതമ്യപ്പെടുത്താവുന്ന ചില മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി നിരവധി വാസയോഗ്യമായേക്കാവുന്ന ഗ്രഹങ്ങളെ ജ്യോതിശാസ്ത്രജ്ഞര്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇവയെ ഒപ്ടിമിസ്റ്റിക് എന്നും കണ്‍സര്‍വേറ്റീവ് എന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. വാസയോഗ്യമായ ഗ്രഹങ്ങളെ അപേക്ഷിച്ച് വാസയോഗ്യമല്ലാത്ത ഗ്രഹങ്ങളാണ് പ്രപഞ്ചത്തില്‍ കൂടുതല്‍ ഉള്ളത് എന്നതിനാല്‍ വാസയോഗ്യമായ ഗ്രഹങ്ങളെ അസ്വാഭാവികം അല്ലെങ്കില്‍ അസാധാരണം എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ഇത്തരത്തില്‍ വാസയോഗ്യമായ ഗ്രഹങ്ങളെ കണ്ടെത്തുകയെന്ന സമസ്യയെ അസ്വാഭാവികത കണ്ടെത്തുന്ന സമസ്യയായി അവതരിപ്പിച്ചാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഈയൊരു ദുര്‍ഘട ദൗത്യത്തെ കൂടുതല്‍ എളുപ്പമാക്കുന്ന പുതിയ സമീപനം അവതരിപ്പിച്ചിരിക്കുന്നത്.

ഭൂമിയെന്ന അസ്വാഭാവിക ഗ്രഹം

വാസയോഗ്യമായ ഗ്രഹങ്ങളുടെ എണ്ണം വാസയോഗ്യമല്ലാത്തവയേക്കാള്‍ വളരെ കുറവായതിനാല്‍ വാസയോഗ്യമായവയെ സാധാരണ സ്ഥിതിയില്‍ നിന്നും വ്യത്യസ്തമായവ അല്ലെങ്കില്‍ അസാധാരണ, അസ്വാഭാവിക ഗ്രഹങ്ങള്‍ എന്ന് വിളിക്കാമെന്ന് സ്‌നേഹാന്‍ഷു പറയുന്നു. ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ആയിരക്കണക്കിന് ഗ്രഹങ്ങളില്‍ നിലവില്‍ നമുക്കറിയാവുന്ന ഏക വാസയോഗ്യമായ ഗ്രഹം ഭൂമിയാണ്. മാത്രമല്ല മറ്റൊരു ഗ്രഹത്തില്‍ ഭൂമിയിലെ പോലെ ജീവന്‍ ഉണ്ടായിരിക്കാനുള്ള സാധ്യത തീര്‍ത്തും വിരളമാണ്. അതിനാല്‍ ആയിരക്കണക്കിന് വാസയോഗ്യമല്ലാത്ത എക്‌സോപ്ലാനറ്റുകളില്‍ ഭൂമി ഒരു അസ്വാഭാവിക(അനോമലി) ഗ്രഹമാണ്. ഭൂമിയെ പോലെ അസ്വാഭാവികതകള്‍ ഉള്ള ഗ്രഹങ്ങള്‍ വാസയോഗ്യമായിരിക്കാം എന്ന അനുമാനത്തിലാണ് അവയെ കണ്ടെത്തുന്നതിന് അസ്വാഭാവികത വകയിരിത്തിയുള്ള രീതിയിലേക്ക് നമ്മുടെ ഗവേഷകര്‍ എത്തിച്ചേര്‍ന്നത്.

കണ്ടെത്തലിന്റെ പ്രാധാന്യം

ആയിരക്കണക്കിന് എക്‌സോപ്ലാനറ്റുകളെ കഴിഞ്ഞ ദശാബ്ദങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ ആകാശഗംഗയിലും നക്ഷത്രങ്ങളേക്കാള്‍ കൂടുതല്‍ ഗ്രഹങ്ങള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഈ സാഹചര്യത്തില്‍ എക്‌സോപ്ലാനറ്റുകളെ ഒന്നൊന്നായി ടെലസ്‌കോപ്പിലൂടെ നിരീക്ഷിച്ച് വാസയോഗ്യത കണക്കാക്കുകയെന്നത് കരുതുന്നത് പോലെ എളുപ്പമല്ല. എന്നാല്‍ അസ്വാഭാവികത കണ്ടെത്തിയുള്ള ഈ പുതിയ സമീപനം എക്‌സോപ്ലാനറ്റുകളില്‍ വാസയോഗ്യമാകാന്‍ സാധ്യതയുള്ളവയെ കണ്ടെത്തുന്നതിന് സഹായിക്കുന്ന ഒരു സ്‌ക്രീനിംഗ് ടൂള്‍ ആയി പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നതെന്ന് സ്‌നേഹാന്‍ഷു പറയുന്നു. മുമ്പുള്ള രീതികളെ അപേക്ഷിച്ച് വാസയോഗ്യമായ ഗ്രഹങ്ങളെ കണ്ടെത്തുന്നതിന് വേണ്ട സമയം വെട്ടിക്കുറയ്ക്കാന്‍ ഈ രീതിക്ക് സാധിക്കും. ചുരുക്കിപ്പറഞ്ഞാല്‍, എക്‌സോപ്ലാനറ്റുകളുടെ വിവരങ്ങള്‍ ലഭ്യമാക്കിയാല്‍ മിനിട്ടുകള്‍ കൊണ്ട് ഈ അല്‍ഗോരിതം അവയില്‍ അസ്വാഭാവികതകള്‍ ഉള്ളവ ഏതൊക്കെയാണെന്ന് കണ്ടെത്തും. 

എന്താണ് 'anomaly detection method'?

പ്രതീക്ഷകള്‍ക്ക് വിരുദ്ധമായ ചില വിന്യാസങ്ങളെയാണ് അനോമലി എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. സാധാരണ സ്വഭാവത്തില്‍ നിന്നും പ്രകടമായി വ്യതിചലിക്കുന്നതും അനോമലി ആണ്. അത്തരത്തിലുള്ള അനോമലികള്‍ കണ്ടെത്തുന്നതിനെ അനോമലി ഡിറ്റെക്ഷന്‍ എന്ന് വിളിക്കുന്നു. ബാങ്കിംഗ് രംഗത്ത് തട്ടിപ്പുകള്‍ കണ്ടെത്തുന്നതിനും യന്ത്രത്തകരാറുകള്‍ കണ്ടെത്തുന്നതിനും പ്രതിരോധ രംഗത്തുമടക്കം നിരവധി മേഖലകളില്‍ അനോമലി ഡിറ്റെക്ഷന്‍ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. അസ്വാഭാവികതകള്‍ നമുക്ക് ഉപകാരപ്രദമായ വിവരങ്ങളാക്കി മാറ്റാം എന്നത് കൊണ്ടാണിത്. ഉദാഹരണത്തിന് ഒരു എംആര്‍ഐ ഇമേജില്‍ ഏതെങ്കിലും രീതിയിലുള്ള അസ്വാഭാവികത കണ്ടാല്‍ അത് ഒരുപക്ഷേ ട്യൂമറിലേക്ക് വിരല്‍ ചൂണ്ടുന്നതായിരിക്കാം. ഇത്തരത്തില്‍ അസ്വാഭാവികതകള്‍ കണ്ടെത്തിയുള്ള രീതിക്ക് പറയുന്ന പേരാണ് അനോമലി ഡിറ്റെക്ഷന്‍ മെത്തേഡ്.

ഇവിടെ ഇന്ത്യന്‍ ഗവേഷകര്‍ ഭൂമിയെ ഒരു അസ്വാഭാവികതയായി കരുതിക്കൊണ്ട് അനോമലി ഡിറ്റെക്ഷന്‍ മെത്തേഡിലൂടെ അതേ രീതിയിലുള്ള അസ്വാഭാവികതകള്‍ ഉള്ള ഗ്രഹങ്ങളെ കണ്ടെത്താനാണ് ശ്രമിക്കുന്നത്. അയ്യായിരത്തോളം ഗ്രഹങ്ങളില്‍ അറുപത് ശതമാനം ഗ്രഹങ്ങള്‍ വാസയോഗ്യമാണെന്നാണ് അവരുടെ പഠനം പറയുന്നത്. ഭൂമിയുമായുള്ള അവയുടെ വളരെ അടുത്ത സാദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു വിലയിരുത്തല്‍. അനോമലി ഡിറ്റെക്ഷന്‍ മെത്തേഡിലൂടെ ഭൂമിയുടെ അതേ അസ്വാഭാവികതകള്‍ ഉള്ള ഗ്രഹങ്ങളെ കണ്ടെത്താനാണ് തങ്ങള്‍ ശ്രമിച്ചതെന്ന് സ്‌നേഹാന്‍ഷു പറയുന്നു.

എന്നാല്‍ നിരവധി എക്‌സോപ്ലാനറ്റുകളെ ഇന്ന് കണ്ടെത്തിയിട്ടുള്ളതിനാല്‍ വളരെ അപൂര്‍വ്വമായ അസ്വാഭാവികതകള്‍ ഉള്ള, ഭൂമിക്ക് സമാനമായ ഗ്രഹങ്ങളെ കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടേറിയ, വലിയ അധ്വാനം ആവശ്യമായ ജോലിയാണ്. ടെലസ്‌കോപ്പിലൂടെ മണിക്കൂറുകളോളം ഗ്രഹങ്ങളെ നിരീക്ഷിച്ച് അളവുകളും മറ്റ് പ്രത്യേകതകളും രേഖപ്പെടുത്തി മാത്രമേ അവയുടെ സവിശേഷതകളും മറ്റ് പല സ്വഭാവങ്ങളും കണ്ടെത്താന്‍ കഴിയൂ. ഇത് വളരെ ചിലവേറിയ സംഗതിയുമാണ്. ഈ ബുദ്ധിമുട്ടിനെ മറികടക്കുന്നതിനായി സ്‌നേഹാന്‍ഷുവും സംഘവും ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സില്‍ അധിഷ്ഠിതമായ ഒരു അല്‍ഗോരിതത്തിന് രൂപം നല്‍കി. മള്‍ട്ടി സ്റ്റേജ് മീമാറ്റിക് ബൈനറി ട്രീ അനോമലി ഐഡന്റിഫയര്‍ എന്നാണ് ഇതിന്റെ പേര്.

അസ്വാഭാവികത കണ്ടെത്തുന്ന MSMBTAI

Multi-Stage Memetic Binary Tree Anomaly Identifier അഥവാ MSMBTAI എന്നത് ഒരു സ്‌ക്രീനിംഗ് ടൂള്‍ ആണ്. അത് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ MSMA (multi-stage memetic algorithm) എന്നാണ് അറിയപ്പെടുന്നത്. ഒരു മീമിന്റെ സ്വഭാവരീതി തന്നെയാണ് MSMAയും ഉപയോഗപ്പെടുത്തുന്നത്. അതായത് ഒരു ആശയമോ അറിവോ അനുകരണത്തിലൂടെ ഒരു വ്യക്തിയില്‍ നിന്നും മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന രീതി. അനേകം മാനദണ്ഡങ്ങളെ നിശ്ചിത പരിധിക്കുള്ളില്‍ നിര്‍ത്തി വിവരവിശകലനം നടത്താന്‍ MSMAക്ക് സാധിക്കും. ഇതിനോടകം കണ്ടെത്തിയിട്ടുള്ള പ്രത്യേകതകളില്‍ നിന്നും അസ്വാഭാവികതയുടെ അടിസ്ഥാനത്തില്‍ ഒരു ഗ്രഹം വാസയോഗ്യമാണോ അല്ലെയോ എന്ന് വളരെ പെട്ടെന്ന് വിലയിരുത്താന്‍ MSMA അടിസ്ഥാനമാക്കി വികസിപ്പിച്ച MSMBTAI എന്ന സ്‌ക്രീനിംഗ് ടൂളിന് സാധിക്കും.

എഐ വിപ്ലവം

ലോകമിപ്പോള്‍ എഐ(ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്) വിപ്ലവത്തിന് വേദിയായിക്കൊണ്ടിരിക്കുകയാണ്. ഭൗതികശാസ്ത്രവും ജ്യോതിശാസ്ത്രവുമെല്ലാം എഐ വ്യാപകമായി ഉപയോഗപ്പെടുത്തി തുടങ്ങിയിരിക്കുന്നു. പക്ഷേ എന്താണ് ഇതിന്റെ ആവശ്യകത. ബിഗ് ഡാറ്റ എന്ന വാക്ക് നാം കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. പരമ്പരാഗത വിവര വിശകലന സംവിധാനങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്ത വിധത്തിലുള്ള സങ്കീര്‍ണ്ണവും വളരെ വലുതുമായ വിവരങ്ങളുടെ കൂട്ടം ആണ് ബിഗ് ഡാറ്റ. ബിഗ് ഡാറ്റ കൈകാര്യം ചെയ്യുന്നതിനും അവ വിശകലനം ചെയ്ത് നിഗമനങ്ങളിലെത്തുന്നതിനോ കണ്ടുപിടിത്തങ്ങള്‍ നടത്തുന്നതിനോ വര്‍ഗ്ഗീകരണത്തിനോ ഒക്കെ പുതിയ വിവര വിശകലന രീതികള്‍ ആവശ്യമാണ്. അതാണ് എഐയും എംഎല്ലുമൊക്കെ ചെയ്യുന്നത്. മനുഷ്യരെ പോലെ തന്നെ അനുഭവങ്ങളിലൂടെ പഠിക്കാനും ചിന്തിക്കാനും തീരുമാനങ്ങള്‍ എടുക്കാനും യന്ത്രങ്ങളെ പ്രാപ്തരാക്കുന്ന ശാസ്ത്രസാങ്കേതിക വിദ്യയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്. ചെസ്സ് കളിക്കുന്ന കംപ്യൂട്ടര്‍, സ്വന്തമായി ഓടുന്ന കാറുകള്‍ തുടങ്ങി ഇന്ന് നാം മനസിലാക്കിയിട്ടുള്ള എഐയുടെ ഉദാഹരണങ്ങള്‍ ഡീപ് ലേണിംഗ്(ഡിഎല്‍), നാച്ചുറല്‍ ലാന്‍ഗുവേജ് പ്രൊസസ്സിംഗ് എന്നീ സാങ്കേതികവിദ്യകളെയാണ് ആശ്രയിക്കുന്നത്. ഈ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വലിയ അളവിലുള്ള വിവരങ്ങള്‍ വിശകലനം ചെയ്തും അവയിലെ വിന്യാസങ്ങള്‍ തിരിച്ചറിഞ്ഞും പ്രത്യേക ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കംപ്യൂട്ടറുകളെ പരിശീലിപ്പിക്കാന്‍ സാധിക്കും. 

അതിവേഗത്തിലുള്ള, ആവര്‍ത്തിച്ച് വിശകലനം ചെയ്യുന്ന, മികച്ച അല്‍ഗോരിതങ്ങളുടെ സഹായത്താലാണ് എഐ ബിഗ് ഡാറ്റ കൈകാര്യം ചെയ്യുന്നത്. ഒരേസമയം തന്നെ ഇന്‍പുട്ടും ഔട്ട്പുട്ടും സ്വീകരിച്ച് കൊണ്ട് വിവരങ്ങള്‍ പഠിക്കുകയും പുതിയ ഇന്‍പുട്ടുകള്‍ ലഭിക്കുമ്പോള്‍ ഔട്ട്പുട്ട് കൊടുക്കുകയും ചെയ്യുന്ന അല്‍ഗോരിതങ്ങളെയാണ് എഐ അല്‍ഗോരിതം എന്ന് വിളിക്കുന്നത്. നല്‍കുന്ന വിവരങ്ങളുടെ വിന്യാസങ്ങളോ(പാറ്റേണ്‍) പ്രത്യേകതകളോ സ്വയമേ വളരെ വേഗം ഗ്രഹിച്ച് അല്‍ഗോരിതങ്ങള്‍ ഉപയോഗിച്ച് വിശകനം ചെയ്യാന്‍ എഐക്ക് കഴിയും. പല തരത്തിലുള്ള തിയറികളും രീതികളും സാങ്കേതികവിദ്യകളും എഎൈ ഉപയോഗപ്പെടുത്തുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചില ഉപവിഭാഗങ്ങളാണ് എംഎല്‍, എന്‍എന്‍,ഡിഎല്‍ എന്നിവ. മുമ്പ് പറഞ്ഞത് പോലെ ബില്യണ്‍ കണക്കിന് ഗ്രഹങ്ങളും ആയിരക്കണക്കിന് എക്‌സോപ്ലാനറ്റുകളും മുമ്പിലുള്ളപ്പോള്‍ ഇവയെ കുറിച്ചുള്ള വിവരങ്ങളും പഠനവിധേയമാക്കുകയെന്നത് ജ്യോതിശാസ്ത്രലോകം നേരിടുന്ന പുതിയ വെല്ലുവിളിയാണ്. ഇവിടെയാണ് എഐയും മെഷീന്‍ ലേണിംഗും(എംഎല്‍) അനുഗ്രഹമാകുന്നത്. 

അയല്‍ക്കാരെ കണ്ടെത്താനാകുമോ? 

മുമ്പ് എക്‌സോപ്ലാനറ്റുകള്‍ക്ക് അവയുടെ പ്രത്യേകതകള്‍ അനുസരിച്ച് നിശ്ചിത സ്‌കോറുകള്‍ നല്‍കി ആ സ്‌കോര്‍ ഭൂമിയുടെ സ്‌കോറിനോട്(1) എത്രത്തോളം അടുത്താണ് എന്ന് നോക്കിയായിരുന്നു ഗ്രഹങ്ങളുടെ വാസയോഗ്യത കണക്കാക്കിയിരുന്നത്. തെരഞ്ഞെടുത്ത ഗ്രഹങ്ങളുടെ പട്ടികയെ അടിസ്ഥാനപ്പെടുത്തി വാസയോഗ്യത കണക്കാക്കാന്‍ ഗ്രഹങ്ങളെ വര്‍ഗ്ഗീകരിക്കുന്ന രീതി കഴിഞ്ഞ കുറച്ച് കാലമായി നിലവിലുണ്ട്. എന്നാല്‍ ഇവയ്ക്ക് അതിന്റേതായ പോരായ്മകള്‍ ഉണ്ട്. എണ്ണായിരത്തില്‍ അധികം ഗ്രഹങ്ങളില്‍ വാസയോഗ്യമായ ഏകഗ്രഹം ഭൂമിയാണെന്ന അനുമാനത്തിലുള്ള ഒരു രീതിയാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ വികസിപ്പിച്ചിരിക്കുന്നത്. അപ്പോള്‍ ഭൂമി തീര്‍ച്ചയായും ഒരു അസ്വാഭാവിക ഗ്രഹം ആയിരിക്കണം. ഇതേ പോലുള്ള ചില ഗ്രഹങ്ങളെ കണ്ടെത്തിയാല്‍ അവയ്ക്കും അസ്വഭാവികതകള്‍ ഉണ്ടായിരിക്കുമെന്ന് സ്‌നേഹാന്‍ഷു പറയുന്നു. അതിനാലാണ് പതിവ് രീതികള്‍ വിട്ട് അസ്വാഭാവികതകള്‍ ഉള്ള ഗ്രഹങ്ങളെ കണ്ടെത്തുന്നതിനുള്ള ഒരു അല്‍ഗോരിതം വികസിപ്പിച്ചത്. ഈ പുതിയ രീതി ഉപയോഗിച്ച് ഭൂമിക്ക് സമാനമായ അസ്വാഭാവിക സ്വഭാവങ്ങള്‍ ഉള്ള ചില ഗ്രഹങ്ങളെ ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. സ്‌നേഹാന്‍ഷുവിനെ കൂടാതെ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സിലെ ഡോ.മാര്‍ഗരിറ്റ സഫോനോവയും ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. പ്രഫസര്‍ ശാന്തനു സര്‍ക്കാര്‍, ജ്യോതിര്‍മയി സര്‍ക്കാര്‍, കാര്‍ത്തിക് ബാട്ടിയ തുടങ്ങിയവരും ഗവേഷണത്തില്‍ പങ്കെടുത്തു.

'ഒരു ആകാശഗംഗയിലെ ഇരുന്നൂറില്‍ ഒരു നക്ഷത്രത്തിന്റെ ചുറ്റുമായി ഭൂമിയെ പോലുള്ള വാസയോഗ്യമായ ഗ്രഹങ്ങള്‍ ഉണ്ട്. അര ബില്യണ്‍ നക്ഷത്രങ്ങള്‍ക്ക് ചുറ്റും ഭൂമിയെ പോലുള്ള ഗ്രഹങ്ങള്‍ ഉണ്ട്. അതുകൊണ്ട് രാത്രിയില്‍ നാം ആകാശത്തേക്ക് നോക്കുമ്പോള്‍ അവിടെ നിന്നും ആരോ നമ്മളെയും നോക്കുന്നുണ്ടെന്ന് കരുതുന്നതില്‍ തെറ്റില്ല' . അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞനായ മിചിയോ കാകൂ പറഞ്ഞ വാക്കുകളാണിത്. നൂതന സാങ്കേതികവിദ്യകളുടെ സഹായത്താല്‍ ആ ആയല്‍ക്കാരെ തിരിച്ചറിയുന്ന കാലം വിദൂരമല്ലെന്നാണ് ഇന്ത്യന്‍ ഗവേഷകരുടെ ഈ കണ്ടെത്തല്‍ നല്‍കുന്ന സൂചന.