Feb 9 • 11M

പത്ത് ലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷം കാഴ്ചയില്‍ മനുഷ്യന്‍ എങ്ങനെ ആയിരിക്കും?

സാങ്കേതികവിദ്യയുടെ സ്വാധീനം മൂലം പരിണാമ പ്രക്രിയ അല്‍പ്പം കൂടി വേഗത്തിലാകുമെന്ന് പറയുന്നതില്‍ തെറ്റില്ല.

3
1
 
1.0×
0:00
-10:35
Open in playerListen on);
Episode details
1 comment

കാഴ്ചയില്‍ കുരങ്ങന്മാര്‍ക്ക് സമാനരായ പൂര്‍വ്വികര്‍ നമുക്കുണ്ടായിരുന്നു. ഏതാണ്ട് ആറ് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് അവരില്‍ നിന്നുമാണ് മനുഷ്യ പരിണാമം ആരംഭിച്ചതെന്ന് ശാസ്ത്രം പറയുന്നു. ഇരുകൂട്ടരുടെയും ശാരീരികവും സ്വഭാവപരവുമായ സവിശേഷതകള്‍ അക്കാര്യം ഒന്നുകൂടി ഉറപ്പിക്കുന്നു. മനുഷ്യപരിണാമം സുദീര്‍ഘമായ ഒരു പ്രക്രിയ ആയിരുന്നു. അതായത് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടാണ് മനുഷ്യര്‍ ഇന്നീ കാണുന്ന ശാരീരിക, സ്വഭാവ സവിശേഷതകളെല്ലാം ആര്‍ജ്ജിച്ചത്.

നാല് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മനുഷ്യര്‍ രണ്ടു കാലില്‍ നടക്കാന്‍ പഠിച്ചത്. അതിന് ശേഷം പരിണാമ പ്രക്രിയയിലൂടെ പ്രധാനപ്പെട്ട മനുഷ്യസഹജമായ മറ്റ് സവിശേഷതകള്‍ രൂപപ്പെട്ടു. അതായത് വലിയ, സങ്കീര്‍ണ്ണമായ തലച്ചോറ്, ഉപകരണങ്ങള്‍ ഉണ്ടാക്കാനും ഉപയോഗിക്കാനുമുള്ള കഴിവ് തുടങ്ങിയവ. ഭാഷാപരമായുള്ള മനുഷ്യന്റെ ശേഷികള്‍ വികസിച്ചിട്ട് അധികകാലമായിട്ടില്ലെന്നാണ് ശാസ്ത്രം പറയുന്നത്. എന്നുകരുതി അത് കഴിഞ്ഞ  നൂറ്റാണ്ടിലൊന്നും അല്ലെന്നും ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പായിരിക്കുമെന്നും നമുക്ക് ഊഹിക്കാം. ഏറ്റവും നവീനവും ആധുനികവുമായ മനുഷ്യശേഷികള്‍, ഉദാഹരണത്തിന് സങ്കീര്‍ണ്ണമായ പ്രതീകാത്മകമായ ഭാവങ്ങള്‍, കല, സാംസ്‌കാരിക വൈവിധ്യങ്ങള്‍ എന്നിവ നാം ആര്‍ജ്ജിച്ചത് കഴിഞ്ഞ ഒരു ലക്ഷം വര്‍ഷങ്ങള്‍ക്കിടെയാണ്. 

പരിണാമ പ്രക്രിയ തുടര്‍ക്കഥയാണ്. നാമറിയാതെ മനുഷ്യവംശം ചില മാറ്റങ്ങള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുന്നുണ്ടാകില്ലേ. അങ്ങനെയെങ്കില്‍ ദശലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യന്‍ എങ്ങനെ ആയിരിക്കും. നമ്മുടെ പിന്‍ഗാമികള്‍ കൃത്രിമമായി നിര്‍മ്മിച്ച ശരീര ഭാഗങ്ങളോട് കൂടിയ സൈബോര്‍ഗുകള്‍ ആയിരിക്കുമോ, ഹൈടെക്ക് മെഷീനുകള്‍ അവര്‍ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുമോ, വീണ്ടും വളരുന്ന കൈകാലുകളും കണ്ണുകള്‍ക്ക് പകരം നല്ല പവറുള്ള ക്യാമറയും ഉള്ള, സയന്‍സ് ഫിക്ഷന്‍ നോവലുകളിലൂടെയും സിനിമകളിലൂടെയും മാത്രം നാമറിയുന്ന കൂട്ടരെ പോലെ ആയിരിക്കുമോ കാഴ്ചയില്‍ അവര്‍? ചിലയിനം നായ്ക്കുട്ടികളെയും പൂച്ചക്കൂട്ടികളെയും കന്നുകാലികളെയും ഒക്കെ പോലെ മനുഷ്യരുടെയും ഹൈബ്രിഡ് വര്‍ഗ്ഗങ്ങള്‍ ഭൂമിയില്‍ അവതരിക്കുമോ. ദശലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂമിയില്‍ ജീവിക്കാന്‍ പോകുന്നവര്‍ ഇപ്പോഴുള്ള മനുഷ്യരേക്കാള്‍ ഉയരം കൂടിയവരായിരിക്കുമോ, കുറഞ്ഞവരായിരിക്കുമോ. അവരുടെ നിറമെന്തായിരിക്കും, മുഖമെങ്ങനെ ഇരിക്കും. ഇവയൊന്നും നമുക്കറിയില്ല. അവയെല്ലാം പ്രവചനാതീതമായ കാര്യങ്ങളാണ്. എങ്കിലും ഭാവിയില്‍ സംഭവിക്കാനിടയുള്ള സാമൂഹികവും സാംസ്‌കാരികവും പാരിസ്ഥിതികവും കാലാവസ്ഥപരവും സാമ്പത്തികവുമായ മാറ്റങ്ങള്‍ കണക്കിലെടുത്ത് മനുഷ്യ പരിണാമത്തിന്റെ പോക്ക് എത്തരത്തിലായിരിക്കുമെന്ന് ചില അഭിപ്രായങ്ങള്‍ ഒക്കെ പലയിടങ്ങളില്‍ നിന്നും ഉയരുന്നുണ്ട്.

ഭാവി അറിയാന്‍ ഭൂതകാലത്തിലേക്ക് പിന്തിരിഞ്ഞ് നോക്കാം

ഭൂതകാലത്തെ പരിണാമ പ്രക്രിയയെ കുറിച്ച് നമുക്ക് ചില അറിവുകള്‍ ഒക്കെ ഉണ്ട്. ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യര്‍ എങ്ങനെ ആയിരുന്നു? ആധുനിക മനുഷ്യ വംശം ഉള്‍പ്പെടുന്ന ഹോമോ സാപ്പിയന്‍സ് അന്നുണ്ടായിരുന്നില്ല. ഹോമോ ഹൈഡല്‍ബെര്‍ജെന്‍സിസ് അടക്കം വളരെ കുറച്ച് മനുഷ്യ വംശങ്ങളാണ് അന്നുണ്ടായിരുന്നത്. ഹോമോ ഇറക്ടസ് വിഭാഗത്തിലുള്ളവരോടും ആധുനിക മനുഷ്യരോടും ഇവര്‍ക്ക് സാദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ നിയാണ്ടര്‍താല്‍ മനുഷ്യരേക്കാള്‍ വളരെ പ്രാകൃതമായ ശരീരമാണ് അവര്‍ക്കുണ്ടായിരുന്നത്. താരതമ്യേന നമ്മോട് അടുത്ത് നില്‍ക്കുന്ന പരിണാമ ചരിത്രത്തില്‍, അതായത് കഴിഞ്ഞ 10,000 വര്‍ഷങ്ങള്‍ക്കിടയില്‍ മനുഷ്യരില്‍ വലിയ മാറ്റങ്ങളുണ്ടായി. കൃഷിയെ ആശ്രയിച്ചുള്ള ജീവിതം ആരംഭിച്ചതും അമിതമായി ഭക്ഷണം കഴിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ചികിത്സ കണ്ടെത്താന്‍ തുടങ്ങിയതുമെല്ലാം ഈ കാലയളവിലാണ്. കാഴ്ചയില്‍ മനുഷ്യര്‍ തടിയുള്ളവരും ചിലയിടങ്ങളില്‍ നീളമുള്ളവരും ആയി മാറി. 

ഇനിയങ്ങോട്ടും പാരിസ്ഥിതികവും സാമൂഹികവുമായ മാറ്റങ്ങളോട് മനുഷ്യര്‍ പൊരുത്തപ്പെടേണ്ടി വരുമെന്ന് ഡെന്മാര്‍ക്കിലെ ആര്‍ഹസ് സര്‍വ്വകലാശാലയിലെ ബയോ ഇന്‍ഫോര്‍മാറ്റിക്‌സ് അസോസിയേറ്റ് പ്രഫസര്‍ തോമസ് മെലിയണ്ട് പറയുന്നു. വളരെയധികം ആളുകള്‍ക്കിടയില്‍ ജീവിക്കുക എന്നതിനോട് മനുഷ്യര്‍ക്ക് പൊരുത്തപ്പെടേണ്ടി വരും. കൂടുതല്‍ ആളുകള്‍ക്കിടയില്‍ ജീവിക്കേണ്ടി വരുമ്പോള്‍ പേരുകള്‍ ഓര്‍ത്തുവെക്കുക അടക്കം നിരവധി ശേഷികള്‍ മനുഷ്യര്‍ ആര്‍ജ്ജിക്കേണ്ടി വരും. ഇവിടെയാണ് സാങ്കേതികവിദ്യ മനുഷ്യര്‍ക്ക് ഉപകാരപ്പെടുക. തലച്ചോറില്‍ ആളുകളുടെ പേരുകള്‍ ഓര്‍ത്ത് വെക്കാന്‍ സഹായിക്കുന്ന ഒരു ഇംപ്ലാന്റ് ഘടിപ്പിച്ചാല്‍ എത്ര എളുപ്പമായിരിക്കും കാര്യങ്ങള്‍. പറയുമ്പോള്‍ സയന്‍സ് ഫിക്ഷന്‍ പോലെ തോന്നുന്നുണ്ടെങ്കിലും അതെല്ലാം മനുഷ്യര്‍ വിചാരിച്ചാല്‍ നടക്കാവുന്നതേയുള്ളു. ഒരുപക്ഷേ സമീപ ഭാവിയില്‍ തന്നെ. ഇപ്പോള്‍ തന്നെ അത്തരം ഉപകരണങ്ങള്‍ ഇംപ്ലാന്റ് ചെയ്യാമെങ്കിലും ഫലപ്രദമാകുന്ന രീതിയില്‍ തലച്ചോറില്‍ അവ എങ്ങനെ ഘടിപ്പിക്കണമെന്ന് നമുക്ക് അറിയില്ലെന്ന് തോമസ് മെലിയണ്ട് പറയുന്നു.

സാങ്കേതികതയിലൂന്നിയ പരിണാമം

ജൈവപരമായുള്ള പരിണാമ പ്രക്രിയയാണ് നാമിതുവരെ മനസിലാക്കിയിട്ടുള്ളത്. പക്ഷേ സാങ്കേതികവിദ്യയുടെ വര്‍ധിച്ച സ്വാധീനം മനുഷ്യ പരിണാമത്തിലും പ്രതിഫലിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ തന്നെ പരിക്ക് പറ്റിയ അല്ലെങ്കില്‍ ഉപയോഗയോഗ്യമല്ലാത്ത ശരീരഭാഗങ്ങള്‍ക്ക് പകരമായി നാം പലവിധ ഉപകരണങ്ങള്‍ ശരീരത്തില്‍ സന്നിവേശിപ്പിക്കുന്നുണ്ട്. പേസ്‌മേക്കറും ഹിപ് ഇംപ്ലാന്റുമെല്ലാം ഉദാഹരണങ്ങളാണ്. ഭാവിയില്‍ മനുഷ്യരുടെ ശേഷികള്‍ മെച്ചപ്പെടുത്തുന്ന ഇംപ്ലാന്റുകളും നിലവില്‍ വന്നേക്കും. തലച്ചോറിനുള്ളിലെ ഇംപ്ലാന്റുകള്‍, കൃത്രിമ കണ്ണുകള്‍ അങ്ങനെ പലതും.


തെരഞ്ഞെടുപ്പ് എന്ന വാക്ക് അപ്പോഴും പ്രസക്തമാണ്. പ്രകൃതിയുടെ തെരഞ്ഞെടുപ്പല്ല (natural selection), കൃത്രിമമായ തെരഞ്ഞെടുപ്പ് (artificial selection) ആണെന്ന് മാത്രം

ജനിക്കുന്നതിന് മുമ്പ് ജനിതക വ്യവസ്ഥയില്‍ മാറ്റം വരുത്തി നമുക്ക് ഇഷ്ടമുള്ള രീതിയില്‍ ഡിസൈന്‍ ചെയ്ത കുട്ടികളെ കുറിച്ച് നാം കേട്ടിരിക്കും. ഭ്രൂണാവസ്ഥയിലുള്ള ശിശുവില്‍ ജനിതക മാറ്റങ്ങള്‍ വരുത്താന്‍ ശേഷിയുള്ള സാങ്കേതികവിദ്യ നമ്മുടെ ശാസ്ത്രജ്ഞരുടെ പക്കല്‍ ഇപ്പോള്‍ തന്നെയുണ്ട്. പക്ഷേ അത് വിവാദപരമായ വിഷയമാണ്. നമ്മുടെ ഇഷ്ടമനുസരിച്ച് കുട്ടികളെ ജനിതകപരമായി ഡിസൈന്‍ ചെയ്യുന്നത് ധാര്‍മ്മികമല്ലെന്ന ശക്തമായ അഭിപ്രായം ലോകത്ത് നിലനില്‍ക്കുന്നുണ്ട്. പക്ഷേ ഭാവിയില്‍ ചില ജീനുകളില്‍ മാറ്റം വരുത്താതിരിക്കുകയെന്നത് ധാര്‍മ്മികമല്ലെന്ന അവസ്ഥ നിലവില്‍ വരുമെന്ന് മെയിലണ്ട് പറയുന്നു. കുട്ടികളുടെ സ്വഭാവ സവിശേഷതകളില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നത് സ്വീകാര്യമായ ഒന്നായി അപ്പോള്‍ മാറും. മാതാപിതാക്കള്‍ ആഗ്രഹിക്കുന്ന തരത്തിലായിരിക്കും കുട്ടികളുടെ രൂപം.

തെരഞ്ഞെടുപ്പ് എന്ന വാക്ക് അപ്പോഴും പ്രസക്തമാണ്. പ്രകൃതിയുടെ തെരഞ്ഞെടുപ്പല്ല (natural selection), കൃത്രിമമായ തെരഞ്ഞെടുപ്പ് (artificial selection) ആണെന്ന് മാത്രം. 

ജനസംഖ്യയും പരിണാമത്തെ സ്വാധീനിക്കും

മേല്‍പ്പറഞ്ഞവയെല്ലാം സാങ്കല്‍പ്പികമാണ്. അതെല്ലാം സംഭവിക്കുമെന്നതിന് യാതൊരു ഉറപ്പും ഇല്ല. പക്ഷേ ജനസംഖ്യാപരമായ ചില പ്രവണതകളിലൂടെ ഭാവിയില്‍ മനുഷ്യ വംശത്തിനുണ്ടാകാന്‍ ഇടയുള്ള ചില മാറ്റങ്ങള്‍ നമുക്ക് പ്രവചിക്കാം.

ദശലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മാറ്റങ്ങള്‍ തീര്‍ത്തും സാങ്കല്‍പ്പിക്കമാണെങ്കിലും ബയോഇന്‍ഫോമാറ്റിക്‌സിന്റെ സഹായത്താല്‍ സമീപഭാവിയില്‍ മനുഷ്യവംശത്തിനുണ്ടായേക്കാവുന്ന മാറ്റങ്ങള്‍ പ്രവചിക്കാന്‍ കഴിയുമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നിലവില്‍ കണ്ടുവരുന്ന ജനികത വ്യതിയാനങ്ങളും ഭാവിയില്‍ ജനസംഖ്യയില്‍ സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങളും സമന്വയിപ്പിച്ചാണ് അത് സാധ്യമാകുക. ലോകം മുഴുവനുമുള്ള ആളുകളുടെ ജനിതകഘടനകളുടെ സാമ്പിളുകള്‍ ഇന്ന് ലഭ്യമാണ്. ജനവിഭാഗങ്ങള്‍ക്കിടയില്‍ ജനിതക വ്യതിയാനം എത്തരത്തിലാണ് നടക്കുന്നത് എന്നത് സംബന്ധിച്ച് ജനിതക ശാസ്ത്രജ്ഞര്‍ക്ക് ഏകദേശ രൂപം ഉണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും ആളുകള്‍ക്കിടയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് ബയോഇന്‍ഫോമാറ്റിക്‌സ് രംഗത്തുള്ളവര്‍ പറയുന്നത്. ഗ്രാമങ്ങളില്‍ നിന്നും ആളുകള്‍ നഗരങ്ങളിലേക്ക് എത്തുന്നതോടെ നഗരങ്ങളില്‍ ജനിതക വൈവിധ്യം വര്‍ധിക്കുകയും ഗ്രാമങ്ങളില്‍ കുറയുകയും ചെയ്യും.


മനുഷ്യര്‍ക്കിടയില്‍ ജനിതക വ്യതിയാനം വര്‍ധിക്കുന്നുവെന്നത് തീര്‍ച്ചയാണ്. അതുപ്രകാരം ഒരു മില്യണ്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യന്‍ ഇതേ രൂപത്തില്‍ ആയിരിക്കാനുള്ള സാധ്യത വളരെ കുറവാണ്


പ്രത്യുല്‍പ്പാദനപരമായ മാറ്റങ്ങളും പരിണാമത്തെ സ്വാധീനിക്കും. ചില വിഭാഗങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന പ്രത്യുല്‍പ്പാദന നിരക്കും മറ്റ് ചില വിഭാഗങ്ങള്‍ക്കിടയില്‍ കുറഞ്ഞ നിരക്കും ആയിരിക്കും. ഉദാഹരണത്തിന് ആഫ്രിക്കന്‍ മേഖലകളില്‍ ജനസംഖ്യ വളരെ പെട്ടെന്ന് വര്‍ധിച്ച് വരികയാണ്. അതിനാല്‍ത്തന്നെ ആഗോളതലത്തില്‍ ആഫ്രിക്കയില്‍ നിന്നുള്ളവരുടെ അനുപാതം കൂടുതലായിരിക്കും. വെളുത്ത നിറമുള്ള ജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രത്യുല്‍പ്പാദന നിരക്ക് കുറയുന്ന പ്രവണത ഉള്ളതിനാല്‍ ആഗോളജനസംഖ്യയില്‍ വെളുത്ത നിറമുള്ളവര്‍ കുറയും. അങ്ങനെവരുമ്പോള്‍ ആഗോളതലത്തില്‍ ഇരുണ്ട നിറമുള്ളവരായിരിക്കും കൂടുതല്‍.

ബഹിരാകാശ നിവാസികളായ പിന്‍ഗാമികള്‍

ജനസംഖ്യാ വര്‍ധനവിനൊപ്പം ബഹിരാകാശത്ത് താമസമാക്കാനുള്ള മോഹവും ചേരുമ്പോള്‍ ചൊവ്വയിലടക്കം മനുഷ്യരുടെ കോളനികള്‍ സ്ഥാപിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാന്‍ ആകില്ല. അങ്ങനെയെങ്കില്‍ അവിടുത്തെ കുറഞ്ഞ ഗുരുത്വാകര്‍ഷണ സ്ഥിതിയില്‍ നമ്മുടെ പേശികളുടെ ഘടനയില്‍ മാറ്റമുണ്ടാകാന്‍ ഇടയുണ്ട്. അതിന്റെ ഫലമായി നീളമുള്ള കൈകാലുകളും നമ്മുടെ ബഹിരാകാശ നിവാസികളായ പിന്‍ഗാമികള്‍ക്ക് ഉണ്ടായേക്കും.

പക്ഷേ ഇതെല്ലാം സംഭവിക്കുമെന്ന് ശാസ്ത്രം യാതൊരുവിധത്തിലുള്ള ഉറപ്പുകളും നല്‍കുന്നില്ല. മനുഷ്യര്‍ക്കിടയില്‍ ജനിതക വ്യതിയാനം വര്‍ധിക്കുന്നുവെന്നത് തീര്‍ച്ചയാണ്. അതുപ്രകാരം ഒരു മില്യണ്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യന്‍ ഇതേ രൂപത്തില്‍ ആയിരിക്കാനുള്ള സാധ്യത വളരെ കുറവാണ്.

സാംസ്‌കാരിക മാറ്റങ്ങള്‍ തീര്‍ച്ച

ദശലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യര്‍ക്ക് ഉണ്ടാകാനിടയുള്ള ജനിതകവും ശാരീരികവുമായ മാറ്റങ്ങള്‍ പ്രവചിക്കുക അസാധ്യമാണെങ്കിലും സാംസ്‌കാരിക മാറ്റങ്ങള്‍ പ്രകടമായും അല്ലാതെയും നടന്നുകൊണ്ടേയിരിക്കുകയും അത് തലമുറകളില്‍ കൂടെ അറിഞ്ഞും അറിയാതെയും കടന്നുപോകുമെന്നും കണ്ണൂര്‍ സര്‍വ്വകലാശാലയിലെ നരവംശ ശാസ്ത്ര വിഭാഗം മുന്‍ മേധാവിയും പ്രഫസറുമായ ഡോ.ബിന്ദു പറയുന്നു.

ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ മാറ്റങ്ങള്‍ സാംസ്‌കാരിക മാറ്റങ്ങള്‍ക്ക് കാരണമാകും. കാലാവസ്ഥ വ്യതിയാനം പോലും മനുഷ്യ സംസ്‌കാരത്തെ മാറ്റത്തിലേക്ക് നയിക്കുമെന്ന് ഡോ.ബിന്ദു പറയുന്നു. കാലാവസ്ഥ വ്യതിയാനം മൂലമോ പ്രകൃതി ദുരന്തം മൂലമോ കാലകാലങ്ങളായി പിന്തുടരുന്ന സാംസ്‌കാരിക ശീലങ്ങളും അനുഷ്ഠാനങ്ങളും ആചാരങ്ങളുമൊക്കെ ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥ ഇപ്പോള്‍ തന്നെ പലയിടങ്ങളിലും ഉണ്ട്. അതുമൂലം അവരുടെ സാമുദായിക ഘടനയും രാഷ്ട്രീയസ്ഥിതിയുമെല്ലാം മാറും. അങ്ങനെ സംസ്‌കാരം തന്നെ മുഴുവനായി മാറുന്ന അവസ്ഥയുണ്ടാകും. സാംസ്‌കാരികമായ മാറ്റങ്ങള്‍ എപ്പോഴും സംഭവിച്ചുകൊണ്ടേയിരിക്കും. അത് വളരെ വേഗത്തില്‍ തന്നെ പ്രകടമാകുകയും ചെയ്യും. അതേസമയം ജൈവികമായ മാറ്റങ്ങള്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് മാത്രമേ സംഭവിക്കൂ. സാങ്കേതികവിദ്യയുടെ സ്വാധീനം മൂലം പരിണാമ പ്രക്രിയ അല്‍പ്പം കൂടി വേഗത്തിലാകുമെന്ന് പറയുന്നതില്‍ തെറ്റില്ല.