
സൗരയൂഥത്തിലെ ചൂടും തണുപ്പുമേറിയ ഗ്രഹങ്ങള്‍
ഗ്രഹങ്ങളുടെ ഘടനയും സൂര്യനില്‍ നിന്നുള്ള ദൂരവുമാണ് അതിന്റെ താപനില നിര്‍ണയിക്കുന്നത്.
Summary
നമ്മുടെ സ്വന്തം ഭൂമി ഉള്‍പ്പെടുന്ന സൗരയൂഥത്തിന് നിരവധി പ്രത്യേകതകളുണ്ട്. ഗ്രഹങ്ങളും അവയുടെ സ്വഭാവവും പലതാണ്. ജീവനും വെള്ളവും ശുദ്ധവായുവും എല്ലാമുള്ള ഭൂമിയില്‍ പോലും പല സ്ഥലങ്ങളിലും പല കാലാവസ്ഥയാണ്. എന്നാല്‍ ചുട്ടുപൊള്ളുന്നതും തണുത്ത് ഉറഞ്ഞതുമായ ഗ്രഹങ്ങളുണ്ട്. അവയേതൊക്കെയെന്ന് നോക്കാം...
സൂര്യനും എട്ട് ഗ്രഹങ്ങളും കുഞ്ഞന്‍ ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമായി ഒരു കൂട്ടുകുടുംബമാണ് നമ്മുടെ സൗരയൂഥമെന്ന് പറയാം. കൂട്ടുകുടുംബത്തിലെ പലരും പല സ്വഭാവക്കാരാണെങ്കിലും അവരെയെല്ലാം ഒന്നിച്ച് നിര്‍ത്തുന്ന ഒരു കാരണവരുണ്ടാകും വീട്ടില്‍. അതാണ് സൂര്യനെന്ന് സങ്കല്പിക്കുക. ആ വീട്ടിലെ കൊച്ചു കുടുംബങ്ങളാണ് ഓരോ ഗ്രഹവും. അവയെ ചുറ്റിയുള്ള ഉപഗ്രഹങ്ങള്‍ കുട്ടികളുമാണെന്ന് കരുതാം. കാരണം ഇവരെല്ലാം പരസ്പരം ആശ്രയിച്ചും സഹകരിച്ചുമാണ് കഴിയുന്നത്. ഒരേ വീട്ടില്‍ ഒത്തൊരുമയോടെ കഴിയുന്ന ഒരു കൂട്ടുകുടുംബം പോലെ ഗുരുത്വാകര്‍ഷണ ബലംകൊണ്ട് സൂര്യനു ചുറ്റും ഗ്രഹങ്ങളെല്ലാം ഭ്രമണപഥത്തിലൂടെ കറങ്ങുന്നു.
4.6 ലക്ഷം കോടി വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സൗരയൂഥം ഉണ്ടായതെന്ന് കരുതുന്നു. വലിയ ഭീമന് നക്ഷത്രക്കൂട്ടങ്ങള്‍ തമ്മിലുണ്ടായ കൂട്ടിയിടിയിലൂടെയാണ് സൗരയൂഥം രൂപം പ്രാപിച്ചത്. സൗരയൂഥത്തിലെ ഏറ്റവും പിണ്ഡമുള്ള വസ്തു സൂര്യനാണ്. സൂര്യനു ചുറ്റും വലയം ചെയ്യുന്ന ഗ്രഹങ്ങള്‍ രണ്ട് തരത്തിലാണ് ഉള്ളത്. ഗ്രഹങ്ങളുടെ ഘടനയനുസരിച്ച് ടെറസ്ട്രിയല്‍ പ്ലാനറ്റ് (പാറകളുള്ളത്), ഭീമന് പ്ലാനറ്റ് (Giant Planet വലിയ വാതകങ്ങളും ഹിമകട്ടകളുമുള്ളത്) എന്നിങ്ങനെ രണ്ടായി തരം തിരിച്ചിട്ടുണ്ട്.
ഗ്രഹങ്ങളുടെ ഘടനയും സൂര്യനില്‍ നിന്നുള്ള ദൂരവുമാണ് അതിന്റെ താപനില നിര്‍ണയിക്കുന്നത്. ഗ്രഹങ്ങളിലെ ഊഷ്മാവിനനുസരിച്ചാണ് അവയുടെ സ്വഭാവവും ഘടനയും തീരുമാനിക്കപ്പെടുന്നത്. ഒരേ വീട്ടിലെ പലര്‍ക്കും പല സ്വഭാവങ്ങളുള്ളത് പോലെ ഓരോ ഗ്രഹങ്ങള്‍ക്കും വ്യത്യസ്ത സ്വഭാവ സവിശേഷതകളാണുള്ളത്. ഇവയില്‍ ചൂടു കൂടിയതും തണുപ്പ് കൂടിയതുമായ ഗ്രഹങ്ങളുണ്ട്. സൂര്യനില്‍ നിന്നും അടുത്തു കിടക്കുന്ന ഗ്രഹങ്ങളില്‍ ചൂട് കൂടുതല്‍ അനുഭവപ്പെടും. സൂര്യനില്‍ നിന്ന് അകലുന്തോറും ചൂട് കുറഞ്ഞു വരുന്ന സ്വഭാവമാണ് പൊതുവേ ഗ്രഹങ്ങള്‍ക്ക് കണ്ടുവരുന്നത്.
ബുധന്‍(Mercury), ശുക്രന്(Venus), ഭൂമി(Earth), ചൊവ്വ(Mars), വ്യാഴം(Jupiter), ശനി(Saturn), യുറാനസ്(Uranus), നെപ്റ്റിയൂണ്‍(Neptune) എന്നിങ്ങനെ എട്ട് ഗ്രഹങ്ങളാണ് സൗരയൂഥത്തിലുള്ളത്. ഇവയില്‍ ആദ്യത്തെ നാല് ഗ്രഹങ്ങളായ ബുധന്‍, ശുക്രന്, ഭൂമി, ചൊവ്വ എന്നിവ പാറകള്‍ നിറഞ്ഞതും ലോഹങ്ങളും ധാതുക്കളുമുള്ള പ്രതലമായതിനാല്‍ ടെറസ്ട്രിയല്‍ ഗ്രഹങ്ങള്‍ എന്നറിയപ്പെടുന്നു. പ്രപഞ്ചം രൂപം പ്രാപിച്ചുവന്ന സമയത്ത് ഗ്രഹങ്ങളായിരുന്നു സൂര്യനെന്ന നക്ഷത്രത്തിന്റെ ചൂട് താങ്ങി നിന്നിരുന്ന ആദ്യത്തെ വസ്തുക്കള്‍. സൗരയൂഥത്തില്‍ അകലെയുള്ള ഗ്രഹങ്ങളെ അപേക്ഷിച്ച്, ഈ നാല് ഗ്രഹങ്ങളുടെയും ഉള്‍ഭാഗം കട്ടിയേറിയതും പാറയോ ലോഹങ്ങളോ ധാതുക്കളോ എല്ലാം നിറഞ്ഞതുമായിരിക്കും. അതുകൊണ്ടുതന്നെ ഇവയ്ക്ക് സൂര്യനില്‍ നിന്നും അകന്നു നില്ക്കുന്ന മറ്റ് നാല് ഗ്രഹങ്ങളെക്കാളും ശരാശരി ചൂട് കൂടുതലുമായിരിക്കും.
സൂര്യനോട് അടുത്ത് നില്ക്കുന്ന ഗ്രഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുറത്തുള്ള നാല് ഗ്രഹങ്ങളെയും വേര്‍തിരിക്കുന്ന ഒരു വലിയ നക്ഷത്ര വളയം ഇതിനിടയിലുണ്ട്. ഈ ഗ്രഹങ്ങളുടെ ഉള്‍ഭാഗത്തെക്കാള്‍ ചൂടു കുറഞ്ഞതും തണുത്തതുമാണ് ഇവയുടെ പ്രതലം. പാറകള്‍ക്ക് പകരം ഇവയുടെ ഉള്‍ഭാഗത്ത് ഹൈഡ്രജന്‍, ഹീലിയം തുടങ്ങിയ വാതകങ്ങളും ഹിമകട്ടകളും ആണുള്ളത്. ഇവയ്ക്കെല്ലാം അകത്തെ ഗ്രഹങ്ങളെക്കാള്‍ വലുപ്പമുണ്ടാകും. കൂടുതല്‍ വേഗത്തില്‍ ഭ്രമണം ചെയ്യുന്നവയും കറങ്ങുന്നവയുമാണ് അവ. വാതകങ്ങള്‍ മൂലപദാര്ഥങ്ങളായിട്ടുള്ളതുകൊണ്ടാണ് ഇവ ഭീമന് വാതക ഗ്രഹങ്ങളാകുന്നത്.
ശുക്രന്
എട്ട് ഗ്രഹങ്ങളിലും വച്ച് ഏറ്റവും ചൂടേറിയ ഗ്രഹമാണ് ശുക്രന് അഥവാ വീനസ്. സൂര്യനില്‍ നിന്നുള്ള രണ്ടാമത്തെ ഗ്രഹമാണെങ്കില്ക്കൂടി ചൂട് കൂടുതലുള്ളത് ശുക്രനിലാണ്. കൂടാതെ നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും തിളക്കമാര്‍ന്നതും പ്രകാശമുള്ളതുമായ ഗ്രഹവും ഇതാണ്. കാര്‍ബണ്‍ ഡയോക്സൈഡ് നിറഞ്ഞ അന്തരീക്ഷമാണ് ഇവിടെ. ഇതിനെ പൊതിയുന്ന മേഘങ്ങളാകട്ടെ സള്‍ഫ്യൂരിക് ആസിഡ് നിറഞ്ഞതും. ശുക്രന്റെ അന്തരീക്ഷം അത്രമേല്‍ ചൂട് നിറഞ്ഞതാണെന്ന് പറഞ്ഞല്ലോ. ഇത് ഗ്രഹത്തെ മുഴുവനും വറചട്ടി കണക്ക് എപ്പോഴും ചൂടോടെ നിലനിര്‍ത്തും.
880 ഫാരന്‍ഹീറ്റിന് അഥവാ 471.11 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ശുക്രന്റെ പ്രതലത്തിലെ താപനില. അന്തരീക്ഷ മര്ദ്ദമാകട്ടെ ഭൂമിയേക്കാള്‍ 90 ഇരട്ടിയാണ് കൂടുതല്‍.
ബുധന്‍
സൂര്യന്റെ ഏറ്റവും അടുത്ത് നില്ക്കുന്ന ഈ ഗ്രഹമാണ് സൗരയൂഥത്തിലെ രണ്ടാമത്തെ ചൂടേറിയത്. 800 ഡിഗ്രി ഫാരന്‍ഹീറ്റ് അഥവാ 430 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ പകല്‍ സമയങ്ങളിലെ ചൂട്. എന്നാല്‍ നേര് വിപരീതമായി ഈ ഗ്രഹത്തിന്റെ വിചിത്ര സ്വഭാവമെന്തെന്നാല്‍ ഇവിടെ രാത്രി കാലങ്ങളില്‍ -290 ഡിഗ്രി ഫാരന്‍ഹീറ്റ് അഥവാ -180 ഡിഗ്രി സെല്‍ഷ്യസ് ആണ് താപനില. അതായത്, പകല്‍ ചുട്ടുപൊള്ളുന്ന ചൂടും രാത്രി ഉറയുന്ന കോച്ചിപിടിക്കുന്ന തണുപ്പും.
അന്തരീക്ഷമില്ലാത്തതിനു സമമായ അഥവാ വളരെ കനം കുറഞ്ഞ അന്തരീക്ഷമായതുകൊണ്ടാണ് ഈ ഗ്രഹത്തില്‍ താപനിലയില്‍ ഇത്രത്തോളം വ്യതിയാനം അനുഭവപ്പെടുന്നത്.
ഭൂമി
നമ്മളെ ഉള്‍ക്കൊള്ളുന്ന ഭൂമിയാണ് വാസയോഗ്യമായ ഏക ഗ്രഹമായി ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇവിടെയുള്ള താപനില മനുഷ്യന് ജീവയോഗ്യമായ തരത്തില്‍ ആണെങ്കിലും ഭൂമിയില്‍ തന്നെ പല സ്ഥലങ്ങളിലും പല കാലാവസ്ഥയും താപനിലയുമാണ്. എന്തിനേറെ പറയുന്നു ഭൂമിയുടെ ഒരു കുഞ്ഞു അറ്റത്തുള്ള നമ്മുടെ കൊച്ചുകേരളത്തില്‍ പോലും എത്ര വൈവിധ്യമാര്‍ന്ന കാലാവസ്ഥയാണുള്ളത്. എന്നിരുന്നാലും ഭൂമിയിലെ താപനില മനുഷ്യ ശരീരത്തിന് താങ്ങാന്‍ കഴിയുന്ന തരത്തില്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നു.
ഭൂമിയിലെ ശരാശരി താപനില എടുത്താല്‍ 15 ഡിഗ്രി സെല്‍ഷ്യസാണ്. സൂര്യനില്‍ നിന്നുള്ള മൂന്നാമത്തെ ഗ്രഹമായ ഭൂമിക്ക് ചുറ്റുമുള്ള അന്തരീക്ഷത്തില്‍ പല പാളികളിലായി പല വാതകങ്ങളുണ്ട്. ശുക്രനിലും ചൊവ്വയിലും ഉള്ളതിനേക്കാള്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് ഭൂമിയില്‍ കുറവാണ്. അതുകൊണ്ട് ഭൂമിയുടെ താപനില ക്രമീകരിക്കുന്നതില്‍ വായുവിലെ ഈ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവിന് വലിയ പങ്കുണ്ട്. കാരണം, ചെടികള്‍ പ്രകാശസംശ്ലേഷണ(Photosynthesis) സമയത്ത് ഈ കാര്‍ബണ്‍ ഡയോക്സൈഡ് സ്വീകരിച്ച് ഓക്സിജന്‍ പുറന്തള്ളും.
ചൊവ്വ
സൂര്യനില്‍ നിന്നുള്ള നാലാമത്തെ ഗ്രഹമായ ചൊവ്വയിലാണ് ഇന്ന് മനുഷ്യന്റെ വലിയ പര്യവേഷണങ്ങള്‍ നടക്കുന്നത്. കാരണം, ഇവിടെ ജീവനുണ്ടോ അല്ലെങ്കില്‍ ജീവിക്കാന്‍ സാധ്യമാണോ എന്ന അന്വേഷണത്തിലാണ് മനുഷ്യന്. ബുധന്‍ ശേഷം സൗരയൂഥത്തിലെ രണ്ടാമത്തെ ചെറിയ ഗ്രഹമായ ചൊവ്വയില്‍ വളരെ കനം കുറഞ്ഞ അന്തരീക്ഷമാണുള്ളത്. ഇവിടുത്തെ താപനില -65 ഡിഗ്രി സെല്‍ഷ്യസ് ആണ്.
പാറക്കെട്ടുകള്‍ നിറഞ്ഞ ഗ്രഹത്തിന്റെ പ്രതലം അതിനെ ഭൂമിയെപ്പോലെ ഒരു ടെറസ്ട്രിയല്‍ ഗ്രഹമായി നിലനിര്‍ത്തുന്നു. ഈ ഗ്രഹത്തിലെ അന്തരീക്ഷത്തില്‍ 96% കാര്‍ബണ്‍ ഡയോക്സൈഡ്, 1.93% ആര്‍ഗണ്‍, 1.89% നൈട്രജന്‍ എന്നിവ കൂടാതെ ഓക്സിജനും ജലവുമാണ്.
വ്യാഴം
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം സൂര്യനില്‍ നിന്ന് അഞ്ചാം സ്ഥാനത്താണ്. -110 ഡിഗ്രി സെല്‍ഷ്യസ് താപനില ഉള്ള ഇവിടെ കൂടുതലും ഹൈഡ്രജനും കാല് ഭാഗം ഹീലിയവും ആണ്. ഗ്രഹത്തിലെ അന്തരീക്ഷത്തില്‍ അമോണിയയും അമോണിയം ഹൈഡ്രോസള്ഫൈഡുമാണെന്നാണ് ഗവേഷകരുടെ നിഗമനം.
ശനി
സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹമായ ശനി സൂര്യനില്‍ നിന്നും ഏഴാം സ്ഥാനത്താണ്. -140 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടുത്തെ താപനില. ഗ്രഹത്തിന്റെ ഉള്‍ഭാഗം ഇരുമ്പും നിക്കലും സിലിക്കണ്‍-ഓക്സിജന്‍ സങ്കരങ്ങള്‍ നിറഞ്ഞ പാറയുമാണ്. ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ 96.3% ഹൈഡ്രജന്‍ തന്മാത്രകളും വ്യാപ്തിയില്‍ 3.25% ഹീലിയവുമാണ്.
യുറാനസ്
സൂര്യനില്‍ നിന്നുള്ള ഏഴാം ഗ്രഹമായ ഇവിടെ -195 ഡിഗ്രി സെല്‍ഷ്യസാണ് താപനില. സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ വലിപ്പം വച്ച് മൂന്നാം സ്ഥാനവും പിണ്ഡത്തില്‍ നാലാം സ്ഥാനത്തും നില്ക്കുന്ന ഗ്രഹമാണ് യുറാനസ്. വ്യാഴത്തിന്റെയും ശനിയുടെയും പ്രധാന ഘടകങ്ങളായ ഹൈഡ്രജനും ഹീലിയവുമാണ് യുറാനസിന്റെയും അന്തരീക്ഷത്തില്‍. പക്ഷേ ഹൈഡ്രോകാര്‍ബണുകളുടെ ലക്ഷണം ഈ ഗ്രഹത്തില്‍ കാണുന്നുണ്ട്. അതുപോലെതന്നെ ജലം, അമോണിയ മീഥെയ്ന്‍ എന്നിവയും ഐസ് കട്ടകളുള്ള ഈ ഗ്രഹത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
നെപ്റ്റിയൂണ്‍
സൂര്യനില്‍ നിന്ന് എട്ടാമത്തെ ഗ്രഹമാണ് നെപ്റ്റിയൂണ്‍. -200 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ള ഇവിടെയാണ് ഏറ്റവും തണുപ്പുള്ളത്. അതായത് സൗരയൂഥത്തിലെ ഏറ്റവും തണുപ്പുള്ള ഗ്രഹമാണ് നെപ്റ്റിയൂണ്‍. സൂര്യനില്‍ നിന്നും അകലെ സ്ഥിതി ചെയ്യുന്ന നെപ്റ്റിയൂണ്‍ തന്നെയാണ് സൗരയൂഥത്തിലെ മൂന്നാമത്തെ ഭാരമുള്ള ഗ്രഹം. വ്യാസത്തില്‍ നാലാമത്തേതും സാന്ദ്രതയില്‍ ഏറ്റവും ഭീമനുമാണ് നെപ്റ്റിയൂണ്‍.
സൂര്യരശ്മികള്‍ പതിക്കുന്നില്ലെന്ന് തന്നെ പറയാം ഈ ഗ്രഹത്തില്‍. അതുകൊണ്ടുതന്നെ ഐസും വലിയ ഹിമകട്ടകളുമാണ് ഇവിടെയുള്ളത്. സൂര്യനുമായി 2.8 ബില്യണ്‍ മൈലുകള്‍ ദൂരത്തിലുള്ള ഈ ഗ്രഹം ഭൂമിയിലെ 16 മണിക്കൂറുകള്‍കൊണ്ടാണ് ഭ്രമണം ചെയ്യുന്നത്. സുതാര്യമായ അന്തരീക്ഷമുള്ള ഇവിടെ ഇടയ്ക്കിടെ വലിയ ശീതക്കാറ്റുകള്‍ വീശും. അതുകൊണ്ടുതന്നെ ഇവിടെ അതിശൈത്യമുള്ള ഊഷ്മാവാണ്. ഒരിക്കലും ജീവിതം ഇവിടെ സാധ്യമല്ലെന്ന് ചുരുക്കം.