
താപാഗ്നിയില്‍ ഉരുകി ഭൂമി, അത്യുഷ്ണത്തില്‍ മനുഷ്യര്‍ മരിച്ചുവീഴുന്നതെങ്ങനെ ?
ആയിരംവര്‍ഷങ്ങള്‍ കൂടുമ്പോഴാണ് ഇത്തരത്തിലുള്ള മാരകമായ താപതരംഗങ്ങള്‍ ഉണ്ടാകുക
റെക്കോഡ് ചൂടില്‍ നൂറുകണക്കിന് ആളുകളാണ് കാനഡയിലും അമേരിക്കയിലുമായി അടുത്തിടെ മരണമടഞ്ഞത്. രസകരമായ വസ്തുതയെന്തെന്നാല്‍ മുമ്പ് തണുത്ത കാലാവസ്ഥയ്ക്ക് പേരുകേട്ടിരുന്ന രാജ്യങ്ങളാണിവ. എന്നാല്‍ താപക്കുടം അല്ലെങ്കില്‍ ഹീറ്റ് ഡോം എന്ന പ്രതിഭാസം മൂലം ഇവിടുത്തെ താപനില 49 ഡിഗ്രി സെല്‍ഷ്യസ് (120.2 ഡിഗ്രി ഫാരന്‍ഹീറ്റ്) വരെ എത്തി.
റെക്കോഡ് താപനിലയുടെ കാരണമെന്താണ് ?
അമേരിക്കയിലെ ഒറിഗോണിലുള്ള പോര്‍ട്ട്ലന്‍ഡ് നഗരത്തില്‍ കഴിഞ്ഞിടെ 46 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. അതായത് ആവി പറക്കുന്ന ഒരു വലിയ കൊഞ്ച് ചൂടോടെ കഴിക്കുമ്പോള്‍ അനുഭവപ്പെടുന്ന ചൂടിനേക്കാള്‍ കുറച്ച്, അല്ലെങ്കില്‍ നമ്മുടെ രാജ്യതലസ്ഥാനമായ ന്യൂഡെല്‍ഹിയില്‍ വേനല്‍ക്കാലത്ത് അനുഭവപ്പെടുന്നതിനേക്കാള്‍ അല്‍പ്പം അധികം ചൂട്. പോര്ട്ട്ലന്ഡില് നിന്നും 72 കിലോമീറ്റര്‍ അകലെയുള്ള സലമില്‍ ജൂണ്‍ 28ന് 47 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്. അടുത്ത ദിവസം പോര്‍ട്ട്ലന്‍ഡിലെ താപനില 46.7 ഡിഗ്രി സെല്‍ഷ്യസിലെത്തി. ഇതോടെ പോര്‍ട്ട്ലന്‍ഡിലെ ദേശീയ കാലാവസ്ഥാ വകുപ്പ് അപകടസൂചന പുറത്തിറക്കി. തുടര്‍ച്ചയായ മൂന്ന് ദിവസത്തോളം ഇവിടെ റെക്കോഡ് താപനില റിപ്പോര്‍ട്ട് ചെയ്തു. ഇതിന് മുമ്പ് 1981 ഓഗസ്റ്റിലും 1965 ജൂലൈയിലുമാണ് പോര്‍ട്ട്ലന്‍ഡ് ഇതിന് സമാനമായഅവസ്ഥയിലൂടെ കടന്നുപോയത്. ഈ അത്യുഷ്ണത്തിന്റെ തീവ്രത നേരിട്ട് അനുഭവിച്ചവരെല്ലാം എയര്‍കണ്ടീഷണറുകള്‍ വാങ്ങാനോടിയെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍ പറയുന്നത്. പലരും ആദ്യമായാണ് ഒരു എസി വാങ്ങുന്നത്.
നാസയുടെ പക്കലുള്ള വിവരങ്ങള്‍ അനുസരിച്ച് പത്തൊമ്പതാം നൂറ്റാണ്ട് മുതല്ക്കാണ് ഭൂമിയില്‍ താപനില വര്‍ധിച്ചുതുടങ്ങിയത്
ശാന്തസമുദ്രത്തിന്റെ വടക്ക്പടിഞ്ഞാറന്‍ മേഖലയിലും കാനഡയുടെ ചില ഭാഗങ്ങളിലും അനുഭവപ്പെട്ട ഈ അസാധാരണ ഉഷ്ണത്തിന് കാരണം ഒരാഴ്ചയിലധികം നീണ്ടുനിന്ന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താപ തംരംഗങ്ങളാണെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇത്ര ശക്തമായ താപതരംഗങ്ങള്‍ക്ക് കാരണമായതോ താപക്കുടം അല്ലെങ്കില്‍ ഹീറ്റ് ഡോം എന്ന പ്രതിഭാസവും.
എന്താണ് ഹീറ്റ് ഡോം അല്ലെങ്കില്‍ താപക്കുടം?
ദേശീയ സമുദ്ര, താപനില കേന്ദ്രത്തിന്റെ (എന്‍ഒഎഎ) വാക്കുകള്‍ കടമെടുത്താല്‍ താപക്കുടം എന്താണെന്ന് മനസിലാക്കുന്നതിന് ശാന്തസമുദ്രത്തെ ഒരു സ്വിമ്മിംഗ് പൂളായി കണക്കാക്കണം. അതിനുള്ളില്‍ ഒരു ഹീറ്റര്‍ (വെള്ളം ചൂടാക്കുന്ന ഉപകരണം) ഓണ്‍ ചെയ്ത് വെച്ചിരിക്കുന്നുവെന്ന് കരുതുക. ഹീറ്ററിന്റെ ചൂടേറിയ ഹീറ്റിംഗ് കോയിലുകള്‍ക്ക് ചുറ്റമുള്ള വെള്ളം വളരെ വേഗം ചൂടാകും, അതിനാല്‍ അവിടെ താപനില വളരെ അധികമായിരിക്കും. അതേപോലെ, പടിഞ്ഞാറന്‍ ശാന്ത സമുദ്രത്തിന്റെ താപനിലയും കിഴക്കന്‍ ശാന്തസമുദ്രത്തെ അപേക്ഷിച്ച് കഴിഞ്ഞ കുറച്ച് ദശകങ്ങളായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
പടിഞ്ഞാറില്‍ നിന്നും കിഴക്കിലേക്ക് വരുമ്പോള്‍ സമുദ്ര താപനിലയിലുള്ള ഈ ശക്തമായ മാറ്റമാണ് താപക്കുടത്തിന് കാരണമാകുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ജലോപരിതലത്തിലെ ചൂട് അന്തരീക്ഷത്തില്‍ കുടുങ്ങിക്കിടക്കുകയും അത് താപതരംഗം ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യുന്നു. സൗരയൂഥത്തിലെ ചൂടന്‍ ഗ്രഹമായ ശുക്രനിലെ കട്ടികൂടിയ മേഘങ്ങളുടെ ആവരണം ഉപരിതലത്തിലെ ചൂട് പുറത്തുവിടാതെ പിടിച്ചുനിര്‍ത്തുന്നത് പോലെയുള്ള ഒരു പ്രതിഭാസമാണ് താപക്കുടവും. ശുക്രനിലെ താപനില 471 ഡിഗ്രി സെല്‍ഷ്യസ് വരെയെത്താനുള്ള കാരണമിതാണ്. രണ്ട് ദിവസത്തിലധികം നീണ്ടുനില്‍ക്കുന്ന അസാധാരണമായ ഉഷ്ണത്തെയാണ് താപതരംഗമെന്ന് പറയുന്നത്.
ജീവനെടുക്കുന്ന ചൂട്
താപനിലയിലുള്ള അസാധാരണ വര്‍ധനവ് കണക്കിലെടുത്ത് ഭരണകൂടങ്ങള്‍ കൂളിംഗ് സെന്ററുകള്‍ സ്ഥാപിച്ചിട്ടും വീടില്ലാത്തവര്‍ക്ക് വെള്ളം എത്തിച്ചുകൊടുത്തിട്ടും മറ്റ് മുന്‍കരുതലുകള്‍ എടുത്തിട്ടും ചൂട് മൂലം നിരവധി പേര് അവരുടെ വീടുകളില്‍ വെച്ച് തന്നെ മരിക്കുന്ന സ്ഥിതിവിശേഷം അമേരിക്കയിലും കാനഡയിലും ഈ വര്‍ഷം ഉണ്ടായി. ഫാനോ, എയര്‍കണ്ടീഷണറുകളോ പോലും ഇല്ലാതെ പലരും ഒറ്റക്കാണ് വീടുകളില്‍ മരിച്ചുവീണത്. ഇവരില്‍ കൂടുതല്‍ ആളുകളും പ്രായമായവരായിരുന്നു. ബിബിസിയുടെ കണക്ക് അനുസരിച്ച് കാനഡയിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയില്‍ 2021 ജൂണ്‍ തുടക്കത്തില്‍ അഞ്ച് ദിവസത്തോളം 486 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. സാധാരണയായി ഈ സമയത്ത് ഉണ്ടാകുന്ന മരണങ്ങളേക്കാള്‍ 195 ശതമാനം അധികമാണിത്. മരണസംഖ്യ ഇത്രയധികം ഉയരാനുള്ള കാരണം അസാധാരണ കാലാവസ്ഥയായിരിക്കുമെന്ന് ഭരണകര്‍ത്താക്കള്‍ കരുതുന്നു.
ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ വര്‍ഷങ്ങളായിരുന്നു 2016ഉം 2020ഉം, വരും വര്‍ഷങ്ങളില്‍ ഈ റെക്കോഡുകള്‍ ഭേദിക്കപ്പെടുമെന്നാണ് കരുതുന്നത്
കാരണം കാലാവസ്ഥാ വ്യതിയാനമോ?
ആഗോള താപനത്തിന്റെ ഫലമാണ് ഉഷ്ണ തരംഗങ്ങളെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. എങ്കിലും കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം മൂലമല്ലാതെ പടിഞ്ഞാറന്‍ കാനഡയിലും അമേരിക്കയിലും താപനില കുത്തനെ ഉയരാന്‍ സാധ്യതയില്ലെന്നാണ് ഒരു സംഘം ശാസ്ത്രജ്ഞര്‍ അടുത്തിടെ പറഞ്ഞത്. ആയിരംവര്‍ഷങ്ങള്‍ കൂടുമ്പോഴാണ് ഇത്തരത്തിലുള്ള മാരകമായ താപതരംഗങ്ങള്‍ ഉണ്ടാകുകയെന്നും അവര്‍ അഭിപ്രായപ്പെട്ടു. മനുഷ്യരുടെ ഇടപെടലുകള്‍ കാലാവസ്ഥയെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചിരുന്നില്ലെങ്കില്‍ താപതരംഗം മൂലമുള്ള ദുരന്തത്തിന്റെ ആഘാതം 150 മടങ്ങ് കുറവായിരിക്കുമെന്നും ആഗോളതാപനം മൂലം അന്തരീക്ഷ താപനില കരുതിയതിനേക്കാല് വേഗത്തില്‍ കുതിച്ചുയരുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ലോകം ചൂട് കൊണ്ട് വീര്പ്പുമുട്ടിക്കൊണ്ടിരിക്കുമ്പോള് ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ സാധാരണമാകുകയും അത്യുഷ്ണം കൊണ്ട് മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാന്‍ അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ നൂറ്റാണ്ടിന്റെ മധ്യത്തോടെ ചൂട് മൂലം മരിച്ചുവീഴുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടാകും.
ചൂട് മൂലം മരണം സംഭവിക്കുന്നതെങ്ങനെ?
ബ്രിട്ടീഷ് കൊളംബിയയില്‍ ജൂണ്‍ തുടക്കത്തില്‍ സംഭവിച്ച മരണങ്ങളിലേറെയും ഹൈപ്പര്‍തെര്‍മിയ മൂലമായിരുന്നു. അമിതചൂട് ശരീരത്തിലെ താപനില ക്രമപ്പെടുത്തുന്നതിനുള്ള സംവിധാനത്തെ ദുര്‍ബലമാക്കുന്ന അവസ്ഥയാണത്. ഇങ്ങനെ വരുമ്പോള്‍ ഒരു വ്യക്തിയുടെ ആന്തരിക താപനില ക്രമാതീതമായി ഉയരുന്നു. സാധാരണഗതിയില്‍ ശരീരതാപനില 37 ഡിഗ്രി സെല്‍ഷ്യസാണ്. ഇതിനേക്കാള്‍ 3.5 ഡിഗ്രി സെല്‍ഷ്യസ് കുറഞ്ഞ താപനിലയും കൂടിയ താപനിലയും അതിജീവിക്കാന്‍ മനുഷ്യര്‍ക്ക് കഴിയും. എന്നാല്‍ ആ പരിധി വിട്ട് കഴിഞ്ഞാല്‍ ശരീരം അപകടസൂചനകള്‍ കാണിച്ച് തുടങ്ങും.
തണുപ്പ് നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ശരീരം വിയര്‍പ്പ് ഉല്‍പ്പാദിപ്പിക്കുന്നത്. അതിനാല്‍ നിര്‍ജലീകരണം സംഭവിക്കുമ്പോഴോ പുറത്തെ ചൂടും ആര്‍ദ്രതയും വളരെയധികം ഉയരുകയും ചെയ്യുമ്പോഴോ ആണ് അന്തരീക്ഷ താപനില ശരീരത്തെ ബാധിക്കുന്നത്. ഈ സാഹചര്യത്തില്‍ ശരീരത്തെ തണുപ്പിക്കുന്നതിനായി വിയര്‍പ്പ് പുറത്തേക്കൊഴുക്കാന്‍ സാധിക്കുകയില്ല. ത്വക്കിനടുത്തേക്ക് രക്തം കൂടുതലായി പ്രവഹിക്കുമ്പോള്‍ ശരീരത്തിനുള്ളിലെ ചൂട് ത്വക്കിലേക്ക് കൈമാറാനുള്ള ശ്രമമാണ് മാംസം നടത്തുന്നത്. എന്നാല്‍ ശരീരത്തിലെ ലവണാംശം കുറഞ്ഞ് വരുന്നതോടെ, പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പേശികള്‍ കോച്ചിപ്പിടിക്കുകയും അവയവങ്ങള്‍ നീര് വെക്കുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ മയക്കവും തലകറക്കവുമെല്ലാം ഉണ്ടാകാം. ഈ അടിയന്തര ഘട്ടത്തില്‍ ശരീരത്തിലെ ഊര്‍ജം പാഴായിപ്പോകുന്നത് തടയുന്നതിനായി ഛര്‍ദ്ദിയും ഉണ്ടായെന്ന് വരാം. ദഹനത്തിനായി ഊര്‍ജം ഉപയോഗിക്കപ്പൈടുന്നത് തടയുന്നതിന് വേണ്ടിയാണിത്. ഈ അവസ്ഥ തുടര്‍ന്നാല്‍ ഹൃദയാഘാതം മൂലമോ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാകുക മൂലമോ മരണം സംഭവിക്കാം.
തലച്ചോറിനെയും വൃക്കകളെയും മറ്റ് അവയവങ്ങളെയും ബാധിക്കുന്ന താപാഘാതത്തിലൂടെ നേരിട്ടോ അല്ലെങ്കില്‍ ഹൃദയ തകരാറുകള്‍, സ്ട്രോക്ക്, ശ്വാസനപ്രശ്നങ്ങള് എന്നിവയിലൂടെയോ അത്യുഷ്ണത്തിന് ഒരു മനുഷ്യന്റെ ജീവനെടുക്കാന്‍ കഴിയും. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള പ്രായമായവരും വരുമാനം കുറഞ്ഞ കുടുംബങ്ങളില്‍ നിന്നുള്ളവരും വെയിലത്ത് ജോലി ചെയ്യുന്നവരും കടുത്ത ചൂടില്‍ മത്സരങ്ങളില്‍ അണിനിരക്കുന്ന കായികതാരങ്ങളുമൊക്കെയാണ് ഉഷ്ണതരംഗങ്ങള്‍ക്ക് കൂടുതലായും ഇരകളാകാറ്. എന്നാല്‍ അതികഠിനമായ ഉഷ്ണത്തിന് പ്രായഭേദമന്യേ ആരെയും വകവരുത്താനാകും.
ഇത്തരം കടുത്ത കാലാവസ്ഥകളില്‍ കഠിനമായ ചൂടില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാന്‍ കഴിയും. ഇതിനായി ചില കാര്യങ്ങള്‍ മനസില്‍ വെച്ചാല്‍ മതി. വിയര്പ്പുണ്ടാകാത്ത രീതിയില്‍ ശരീരത്തെ തണുപ്പിച്ച് നിര്‍ത്തുക. വെയിലേല്‍ക്കാതിരിക്കുക, വ്യായാമം പരിമിതപ്പെടുത്തുക, തണുപ്പുള്ള സ്ഥലത്ത് കിടന്നുറങ്ങുക, ഇടക്കിടക്ക് തണുത്ത വെള്ളം കുടിക്കുക, വീശിക്കൊടുത്തും നനഞ്ഞ തുണി കൊണ്ട് ഒപ്പിയും ശരീരത്തെ തണുപ്പിക്കുക, കനം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക...
എങ്കിലും ഭൂമിയിലെ ചൂട് കൂടിക്കൂടിവരുന്ന അവസ്ഥയില്‍ അത്യുഷ്ണത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയെന്നത് എക്കാലവും നടക്കുന്ന കാര്യമല്ല. താപനിലയും ആര്‍ദ്രതയും നിശ്ചിത അനുപാതത്തിലെത്തുന്ന ചില സാഹചര്യങ്ങളില്‍ മനുഷ്യര്‍ പൊടുന്നനെ മരിച്ചുവീഴുമെന്നാണ് സയന്‍സ് അഡ്വാന്‍സസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ പറയുന്നത്. വെറ്റ് ബള്‍ബ് എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്. ആര്‍ദ്രതയും ചൂടും പരമാവധിയിലെത്തുന്ന, വിയര്‍പ്പിലൂടെ ശരീരത്തെ തണുപ്പിക്കുന്നത് അസാധ്യമായി മാറുന്ന താപനിലയാണ് വെറ്റ് ബള്‍ബ് അവസ്ഥയിലുള്ളത്. 1979നും 2019നും ഇടയില്‍ വെറ്റ് ബള്‍ബ് സാഹചര്യം മൂലമുള്ള 7,000 മരണങ്ങള് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള മരണങ്ങള് കൂടിവരുന്നുവെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. സങ്കടകരമായ വസ്തുതയെന്തെന്നാല്‍ കാലാവസ്ഥ മാതൃകകള്‍ അനുസരിച്ച് 21ാം നൂറ്റാണ്ടിന്റെ പകുതി വരെ ഇത്തരം അത്യുഷ്ണ സാഹചര്യങ്ങള്‍ ശാസ്ത്രലോകം പ്രതീക്ഷിച്ചതല്ല.
ആപേക്ഷിക ആര്‍ദ്രത 95 ശതമാനത്തിന് മുകളിലും താപനില കുറഞ്ഞത് 31 ഡിഗ്രി സെല്‍ഷ്യസും ആയാല്‍ ഏത് ആരോഗ്യവാനും മരണം സംഭവിച്ചേക്കാമെന്നാണ് വെറ്റ് ബള്‍ബിനെ കുറിച്ചുള്ള പഠനങ്ങള്‍ പറയുന്നത്. ആരോഗ്യവാനായാലും തണുത്തിരിക്കുകയാണെങ്കിലും ചൂടിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാലും നിര്‍ജലീകരണത്തിന് ഒരു സാധ്യതയും ഇല്ലെങ്കില്‍ കൂടിയും വെറ്റ് ബള്‍ബ് മൂലം ആളുകള്‍ മരിക്കുമെന്ന് ഇത് സംബന്ധിച്ച് പഠനം നടത്തിയ കൊളംബിയ സര്‍വ്വകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ റാഡ്ലി ഹോര്‍ട്ടണ്‍ വിശദീകരിക്കുന്നു. അന്തരീക്ഷത്തില്‍ പരിധിയിലധികം ജലകണങ്ങള്‍ ഉണ്ടായാല്‍ തെര്‍മോഡൈനാമിക്സ്(താപവും മറ്റ് ഊര്‍ജരൂപങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠിക്കുന്ന ഭൗതികശാസ്ത്ര ശാഖ) അനുസരിച്ച് ശരീരത്തെ അമിതചൂടില്‍ നിന്നും രക്ഷിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.
തെക്കന്‍ ഏഷ്യ, പശ്ചിമേഷ്യ, ഓസ്ട്രേലിയ, അമേരിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവങ്ങളില്‍ വെറ്റ് ബള്‍ബ് സാഹചര്യങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ശാസ്ത്രലോകം പറയുന്നത്. മഞ്ഞ് പുതച്ച് കിടക്കുന്ന, പൂജ്യം ഡിഗ്രിയില്‍ താഴെ താപനിലയുള്ള ആര്‍ട്ടിക് മേഖലയിലെ വെര്ഖോജന്സ്കില് 2021 ജൂണ്‍ 20ന് അനുഭവപ്പെട്ട 48 ഡിഗ്രി സെല്‍ഷ്യസ് എന്ന താപനില ഇത്തരം അസാധാരണ പ്രതിഭാസങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമാണ്. താപനില കത്തിക്കയറുകയും തീവ്രമായ കാലാവസ്ഥാ സ്ഥിതിവിശേഷങ്ങള്‍ വര്‍ധിച്ചുവരികയും അതിനൊപ്പം പ്രകൃതിയില്‍ മനുഷ്യര്‍ നടത്തിയ അനാവശ്യ കൈകടത്തലുകള്‍ മൂലമുള്ള കാലാവസ്ഥ വ്യതിയാനം മാറ്റമില്ലാതെ തുടരുകയും ചെയ്യുമ്പോള്‍ മനുഷ്യരാശിയുടെ ഭാവി തീര്‍ത്തും ഭയാനകമായിരിക്കും എന്നുമാത്രമേ പ്രവചിക്കാന്‍ കഴിയൂ.