Feb 2 • 13M

ലോകം വാഴ്ത്തിയ ഇന്ത്യന്‍ ശാസ്ത്രജ്ഞരും നാമറിയാത്ത അവരുടെ ജീവിതകഥകളും

പ്രപഞ്ചത്തെയും അതിലെ നിഗൂഢതകളെയും വിശദീകരിക്കാന്‍ നമുക്ക് മുമ്പിലുള്ള ഏക ഭാഷയാണ് ശാസ്ത്രം

3
 
1.0×
0:00
-13:28
Open in playerListen on);
Episode details
Comments

പ്രപഞ്ചത്തെയും അതിലെ നിഗൂഢതകളെയും വിശദീകരിക്കാന്‍ നമുക്ക് മുമ്പിലുള്ള ഏക ഭാഷയാണ് ശാസ്ത്രം. നിത്യജീവിതത്തില്‍ ശാസ്ത്രത്തിനുള്ള പ്രാധാന്യം നാം കരുതുന്നതിനേക്കാള്‍ എത്രയോ വലുതാണ്. ഏതൊരു സംശയങ്ങള്‍ക്കും നാം പലപ്പോഴും തേടുന്നത് ശാസ്ത്രീയ വിശദീകരണങ്ങളാണ്. നമ്മുടെ കയ്യിലിരിക്കുന്ന ഫോണും ടാബും മുതല്‍ നിത്യജീവിതത്തില്‍ നമുക്ക് വേണ്ടെന്ന് വെക്കാന്‍ കഴിയാത്ത വീട്ടുപകരണങ്ങള്‍ വരെ പ്രകാശം പരത്തുന്ന ലൈറ്റ് മുതല്‍ ബഹിരാകാശ പര്യവേക്ഷണ വാഹനങ്ങള്‍ വരെ ശാസ്ത്രവും സാങ്കേതികവിദ്യയും നമുക്ക് നല്‍കിയ സംഭാവനകള്‍ അനവധിയാണ്.

ഇവയൊന്നും കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍ നമ്മുടെ അവസ്ഥ എന്താകുമായിരുന്നു? നമ്മുടെ ജീവിതത്തെ ഇത്ര സുന്ദരവും സുഗമമവുമാക്കാന്‍ സഹായിച്ച ഓരോ കണ്ടുപിടിത്തങ്ങള്‍ക്കും പിന്നിലുള്ള അസാധാരണ പ്രതിഭകളെ കുറിച്ച് നാം എപ്പോഴെങ്കിലും ആലോചിക്കാറുണ്ടോ? ലോകശ്രദ്ധ നേടിയ ചില ഇന്ത്യന്‍ ശാസ്ത്രജ്ഞരെ കുറിച്ചാണ് ഈ ലേഖനം ചര്‍ച്ച ചെയ്യുന്നത്.

സി വി രാമന്‍

നോബേല്‍ പുരസ്‌കാരം ആദ്യമായി ഇന്ത്യയിലേക്ക്, അല്ല ഏഷ്യയിലേക്ക് കൊണ്ടുവന്ന പ്രതിഭയാണ് ചന്ദ്രശേഖര വെങ്കട്ട രാമനെന്ന സി വി രാമന്‍. പ്രകാശത്തിന്റെ വിസരണം സംബന്ധിച്ച കണ്ടെത്തലിന് 1930നാണ് രാമന് ഭൗതികശാസ്ത്ര നോബേല്‍ ലഭിച്ചത്. സുതാര്യമായ ഒരു മാധ്യമത്തിലൂടെ പ്രകാശം സഞ്ചരിക്കുമ്പോള്‍ ചില രശ്മികളുടെ തരംഗദൈര്‍ഘ്യത്തില്‍ വ്യതിയാനം സംഭവിക്കുമെന്ന് അദ്ദേഹം കണ്ടെത്തി. ഇതാണ് പിന്നീട് രാമന്‍ വിസരണമെന്നും രാമന്‍ പ്രഭാവമെന്നും അറിയപ്പെട്ടത്. സംഗീതോപകരണങ്ങളുടെ ശബ്ദവിന്യാസങ്ങളും രാമന്‍ പഠന വിധേയമാക്കിയിരുന്നു. തബലയും മൃദംഗവും അടക്കമുള്ള സംഗീതോപകരണങ്ങളുടെ താളത്തിലുള്ള പ്രത്യേകതകളെ കുറിച്ച് അദ്ദേഹം പഠിച്ചു.

1970 ഒക്ടോബറില്‍ അദ്ദേഹം തന്റെ ലബോറട്ടറിയില്‍ ബോധരഹിതനായി വീണു. നാല് മണിക്കൂര്‍ മാത്രമേ അദ്ദേഹം ജീവനോടെ ഇരിക്കുകയുള്ളുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. പക്ഷേ അദ്ദേഹം സുഖം പ്രാപിക്കുകയും ആശുപത്രിയില്‍ തുടരാന്‍ വിസമ്മതിക്കുകയും ചെയ്തു. തന്റെ ഇന്‍സ്റ്റിസ്റ്റ്യൂട്ടിലെ( ബെംഗളൂരുവിലെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയട്ട്) പൂക്കള്‍ നിറഞ്ഞ ഉദ്യാനത്തില്‍ കിടന്ന് മരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഒരു മാസത്തിനുള്ളില്‍ അദ്ദേഹം മരണമടഞ്ഞു. 

ഹോമി ജെ ബാബ

1909 ഒക്ടോബര്‍ 30ന് മുംബെയിലാണ് ഹോമി ജഹാംഗീര്‍ ബാബയെന്ന, ക്വാണ്ടം തിയറിയില്‍ സുപ്രധാന പങ്ക് വഹിച്ച ഹോമി ജെ ബാബ ജനിക്കുന്നത്. ഇന്ത്യയുടെ ആണവോര്‍ജ്ജ കമ്മീഷന്റെ ആദ്യ ചെയര്‍മാനായിരുന്നു അദ്ദേഹം. ബ്രിട്ടനില്‍ വെച്ച് ആണവ ഭൗതികശാസ്ത്രത്തില്‍ ഔദ്യോഗികജീവിതം ആരംഭിച്ച ബാബ ഇന്ത്യയില്‍ തിരിച്ചെത്തി ആണവ പദ്ധതിയുടെ പ്രാധാന്യം ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ ബോധ്യപ്പെടുത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചു.

ഇന്ത്യയുടെ ആണവോര്‍ജ്ജത്തിന്റെ പിതാവെന്നാണ് ബാബ അറിയപ്പെടുന്നത്. പക്ഷേ ഇന്ത്യ അണുബോംബ് ഉണ്ടാക്കുന്നതിനോട് അദ്ദേഹത്തിന് ഒട്ടും യോജിപ്പില്ലായിരുന്നു. മറിച്ച് ആണവോര്‍ജ്ജ ഉല്‍പ്പാദനം രാജ്യത്തിന്റെ ദാരിദ്ര്യവും പട്ടിണിയും ഇല്ലാതാക്കാന്‍ ഉപയോഗപ്പെടുത്തണമെന്ന നിര്‍ദ്ദേശമായിരുന്നു അദ്ദേഹം മുന്നോട്ടുവെച്ചത്.

1966 ജനുവരി 24ന് വിമാനപകടത്തിലാണ് ഹോമി ജെ ബാബ മരിക്കുന്നത്. ഇന്ത്യയുടെ ആണവ പദ്ധതി മരവിപ്പിക്കാന്‍ അമേരിക്കയുടെ സിഐഎ(സെന്‍ട്രല്‍ ഇന്റെലിജന്‍സ് ഏജന്‍സി)യുടെ അറിവോടെ നടന്ന അപകടമെന്നടക്കം നിരവധി ആരോപണങ്ങള്‍ അന്ന് ഉന്നയിക്കപ്പെട്ടിരുന്നു.

വിശ്വേശ്വരയ്യ

അറിയപ്പെടുന്ന ഇന്ത്യന്‍ എഞ്ചിനീയറും പണ്ഡിതും മൈസൂര്‍ ദിവാനുമായിരുന്നു സര്‍ മോക്ഷഗുണ്ഡം വിശ്വേശ്വരയ്യ. വ്യവസായങ്ങളിലൂടെ ഇന്ത്യയില്‍ വികസനം കൊണ്ടുവരാനാകുമെന്നും ഇന്ത്യ വ്യാവസായിക രാജ്യങ്ങള്‍ക്ക് ഒപ്പമെത്തണമെന്നും ആഗ്രഹിച്ച വ്യക്തിയാണ് അദ്ദേഹം. എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന് ഉത്തമ ഉദാഹരണങ്ങളായ ഓട്ടോമാറ്റിക് ചീപ്പ് ചാല്‍ (automatic sluice gates), ബ്ലോക്ക് ഇറിഗേഷന്‍ സിസ്റ്റം എന്നിവ കണ്ടുപിടിക്കുന്നത് സര്‍ എംവി ആണ്. അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബര്‍ 15 ഇന്ത്യയില്‍ എഞ്ചിനീയര്‍മാരുടെ ദിനമായി ആഘോഷിക്കുന്നു.

വെങ്കട്ടരാമന്‍ രാധാകൃഷ്ണന്‍

ചെന്നൈയിലെ തൊണ്ടാരിപ്പേട്ട് എന്ന സ്ഥലത്ത് 1929നാണ് വെങ്കട്ടരാമന്‍ രാധാകൃഷ്ണന്‍ എന്ന ലോകപ്രശസ്ത ജ്യോതിശാസ്ത്രജ്ഞന്‍ ജനിച്ചത്. ഭാരംകുറഞ്ഞ എയര്‍ക്രാഫ്റ്റുകളും സെയില്‍ബോട്ടുകളും ഡിസൈന്‍ ചെയ്യുന്നതിലും നിര്‍മ്മിക്കുന്നതിലും വിദഗ്ധനായിരുന്നു അദ്ദേഹം. പള്‍സറുകള്‍ (ഭ്രമണം ചെയ്യുന്ന ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍), നക്ഷത്രങ്ങള്‍ക്കിടയിലുള്ള മേഘപടലങ്ങള്‍, ആകാശഗംഗയുടെ ഘടന അങ്ങനെ വിവിധതരം ബഹിരാകാശ വസ്തുക്കളെ കുറിച്ചുള്ള നിഗൂഢതകള്‍ നീക്കിയ ശാസ്ത്രജ്ഞനാണ് അദ്ദേഹം.

എസ് ചന്ദ്രശേഖര്‍

ബ്രിട്ടീഷ് ഇന്ത്യയിലെ ലാഹോറില്‍ 1910 ഒക്ടോബറിലാണ് ചന്ദ്രശേഖറിന്റെ ജനനം. തമോദ്വാരങ്ങളെ കുറിച്ചുള്ള ഗണിതശാസ്ത്ര സിദ്ധാന്തത്തില്‍ 1983ല്‍ അദ്ദേഹത്തിന് ഭൗതികശാസ്ത്ര നോബേല്‍ ലഭിച്ചു. ചന്ദ്രശേഖര്‍ പരിധി എന്ന പ്രയോഗം അദ്ദേഹത്തിന് ശേഷം ഉണ്ടായതാണ്.സി വി രാമന്റെ അനന്തരവനായിരുന്നു ചന്ദ്രശേഖര്‍. നക്ഷത്രങ്ങളില്‍ നിന്നുള്ള ഊര്‍ജ്ജ വികിരണം, പ്രത്യേകിച്ച് വെള്ളക്കുള്ളന്മാരില്‍ നിന്നുള്ളത് സംബന്ധിച്ച ചന്ദ്രശേഖറിന്റെ പഠനം വളരെ ശ്രദ്ധേയമാണ്. 1953ല്‍ അദ്ദേഹം അമേരിക്കന്‍ പൗരത്വം നേടിയ ചന്ദ്രശേഖര്‍ മരിക്കുന്നതും അമേരിക്കയില്‍ വെച്ചാണ്.

സത്യേന്ദ്ര നാഥ് ബോസ്

ക്വാണ്ടം മെക്കാനിക്‌സില്‍ അഗ്രഗണ്യനായ ഇന്ത്യന്‍ ഭൗതികശാസ്ത്രജ്ഞാണ് 1894ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച എസ് എന്‍ ബോസ്. സബ് ആറ്റോമിക് കണികയായ ബോസോണിന് ആ പേര് ലഭിക്കാനുള്ള കാരണം എസ് എന്‍ ബോസ് ആണ്. 'Planck's Law and the Hypothesis of Light Quanta' എന്ന പേരില്‍ ബോസ് തയ്യാറാക്കിയ ലേഖനം പിന്നീട് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ ജര്‍മ്മനിലേക്ക് പരിഭാഷപ്പെടുത്തി ബോസിന്റെ പേരില്‍ തന്നെ പ്രസിദ്ധീകരിക്കുകയുണ്ടായി. ബോസ്-ഐന്‍സ്‌റ്റൈന്‍ സ്റ്റാറ്റിസ്റ്റിക്‌സിന് അടിത്തറയായി മാറിയത് ഇതാണ്.

1937ല്‍ രവീന്ദ്രനാഥ ടാഗോര്‍ അദ്ദേഹത്തിന്റെ ഏക ശാസ്ത്ര രചനയായ വിശ്വ പരിചയ് സത്യേന്ദ്ര നാഥ ബോസിനാണ് സമര്‍പ്പിച്ചത്.

മേഘനാഥ് സാഹ

1893 ഒക്ടോബര്‍ ആറിന് ബംഗ്ലാദേശിലെ ധാക്കയില്‍ ജനിച്ച മേഘനാഥ് സാഹ 'സാഹ സമവാക്യ'ത്തിന്റെ പേരില്‍ ലോകപ്രശസ്തനാണ്. അസ്‌ട്രോഫിസിക്‌സില്‍ നക്ഷത്രങ്ങളുടെ നിറങ്ങളെ വ്യാഖ്യാനിക്കുന്നതില്‍ ഇന്നും വളരെ പ്രധാനപ്പെട്ട സമവാക്യമാണിത്. വിവിധ നക്ഷത്രങ്ങളുടെ നിറങ്ങള്‍ വിലയിരുത്തിക്കൊണ്ട്  ആ നക്ഷത്രത്തിന്റെ താപനിലയും അതില്‍ നിന്നും സാഹ സമവാക്യത്തിലൂടെ ആ നക്ഷത്രം നിര്‍മ്മിച്ചിരിക്കുന്ന മൂലകങ്ങളുടെ അയോണീകരണ നിലയും കണ്ടെത്താനാകും.

സൂര്യകിരണങ്ങളുടെ ഭാരവും മര്‍ദ്ദവും അളക്കുന്നതിനുള്ള ഒരു ഉപകരണവും സാഹ കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ നദികളുടെ ആസൂത്രണത്തിലും അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. ദാമോദര്‍ വാലി പ്രോജക്ടിനുള്ള യഥാര്‍ത്ഥ പ്ലാന്‍ തയ്യാറാക്കിയത് ഇദ്ദേഹമാണ്.

ശ്രീനിവാസ രാമാനുജന്‍

ഔപചാരിക വിദ്യാഭ്യാസമില്ലാതെ സ്വപ്രയത്‌നത്തിലൂടെ ലോകത്തിന്റെ നെറുകയിലെത്തിയ വ്യക്തിയാണ് 1887ല്‍ തമിഴ്‌നാട്ടില്‍ ജനിച്ച ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്‍. ശുദ്ധ ഗണിതത്തില്‍ പ്രത്യേക പരിശീലനമൊന്നും ലഭിക്കാത്ത അദ്ദേഹം ഗണിതശാസ്ത്ര അനാലിസിസ്, സംഖ്യാ സിദ്ധാന്തം, ഇന്‍ഫൈനേറ്റ് സിരീസ്, ഭിന്നസംഖ്യകള്‍ എന്നീ മേഖലകളില്‍ അതുല്യ സംഭാവനകള്‍ നല്‍കി. പതിനൊന്നാം വയസ്സില്‍ ത്രികോണമിതിയെ കുറിച്ചുള്ള എസ് എല്‍ ലോണിയുടെ പുസ്തകം അരച്ച് കലക്കി കുടിച്ച രാമാനുജന്‍ പതിമൂന്നാം വയസ്സില്‍ സ്വന്തമായി സിദ്ധാന്തങ്ങള്‍ ഉണ്ടാക്കിത്തുടങ്ങി.

മതിയായ സസ്യാഹാരം ലഭിക്കാത്തതിനാല്‍ ഇംഗ്ലണ്ടില്‍ വെച്ച് രാമാനുജന്റെ ആരോഗ്യസ്ഥിതി വഷളാകുകയും അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ച് വരികയും ചെയ്തു. എന്നാല്‍ 32ാം വയസ്സില്‍ ആ പ്രതിഭ ലോകത്ത് നിന്നും വിട പറഞ്ഞു.

ജഗദീഷ് ചന്ദ്ര ബോസ്

1858 നവംബര്‍ 30ന് പശ്ചിമ ബംഗാളിലെ ബിക്രംപൂറില്‍ ജനിച്ച ആചാര്യ ജെ സി ബോസ് ഒരു ബഹുമുഖ പ്രതിഭ ആയിരുന്നു. ഭൗതികശാസ്ത്രം, ജീവശാസ്ത്രം, സസ്യശാസ്ത്രം, പുരാവസ്തുഗവേഷണം തുടങ്ങിയ മേഖലകളിലെല്ലാം അദ്ദേഹം പ്രാവീണ്യനായിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ എക്‌സ്പിരിമെന്റല്‍ സയന്‍സിന് അടിത്തറ പാകിയ വ്യക്തികളില്‍ പ്രധാനിയാണ് അദ്ദേഹം. റേഡിയോ സിഗ്നലുകള്‍ തിരിച്ചറിയുന്നതിന് സെമിക്കണ്ടക്ടര്‍ ജംഗ്ഷനുകള്‍ ഉപയോഗിച്ച ആദ്യ വ്യക്തിയാണ് ജെ സി ബോസ്. വയര്‍ലെസ്സ് കമ്മ്യൂണിക്കേഷന്‍ എന്ന ആശയമാണ് അദ്ദേഹമന്ന് ലോകത്തിന് കാണിച്ച് കൊടുത്തത്. തന്റെ കണ്ടുപിടിത്തങ്ങള്‍ക്ക് പേറ്റന്റ് ഏര്‍പ്പെടുത്തുന്നതില്‍ കാണിച്ച വിമുഖത ജെ സി ബോസിനെ ശാസ്ത്രലോകത്തെ മഹാരഥന്മാര്‍ക്കിടയില്‍ വേറിട്ട് നിര്‍ത്തുന്നു.

ജെ സി ബോസിന്റെ വേറിട്ട ഒരു കണ്ടെത്തലായിരുന്നു ക്രെസ്‌കോഗ്രാഫ്. പല തരത്തിലുള്ള സംവേദനങ്ങളോട് സസ്യങ്ങള്‍ കാണിക്കുന്ന പ്രതികരണം അളക്കുന്ന ഒരു ഉപകരണമായിരുന്നു അത്. സസ്യങ്ങള്‍ക്കും വേദന അറിയാന്‍ കഴിയുമെന്നും സ്‌നേഹം മനസിലാകുമെന്നുമെല്ലാം അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ആദ്യകാല ശാസ്ത്ര സാഹിത്യകാരന്‍ കൂടിയാണ് ജെ സി ബോസ്.  ബംഗാളി ശാസ്ത്ര സാഹിത്യത്തിന്റെ പിതാവായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്.

വിക്രം സാരാഭായി

ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ പിതാവെന്ന് അറിയപ്പെടുന്ന വിക്രം സാരാഭായ് 1919 ആഗസ്റ്റ് 12ന് ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിലാണ് ജനിച്ചത്. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്(ഐസ്ആര്‍ഒ) തുടക്കമിടുന്നത് വിക്രം സാരാഭായിയുടെ നേതൃത്വത്തിലാണ്. രാജ്യത്തിന്റെ വികസനത്തില്‍ ബഹിരാകാശ പദ്ധതികള്‍ക്കുള്ള പ്രാധാന്യം സര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതില്‍ അദ്ദേഹം വിജയിച്ചു.

ഐസ്ആര്‍ഒ മാത്രമല്ല, അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയട്ട് ഓഫ് മാനേജ്‌മെന്റ്,  നെഹ്‌റു ഫൗണ്ടേഷന്‍ ഫോര്‍ ഡെവലപ്‌മെന്റ് എന്നിവയും വിക്രം സാരാഭായ് മുന്‍കൈ എടുത്ത് സ്ഥാപിച്ച രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളാണ്.

സലിം അലി

പരിസ്ഥിതി സ്‌നേഹിയും പക്ഷി ശാസ്ത്രജ്ഞനുമായ സലിം മൊയ്‌സുദ്ദീന്‍ അബ്ദുല്‍ അലി 1896 നവംബര്‍ 12ന് മുംബൈയിലാണ് ജനിക്കുന്നത്. രാജ്യത്തുടനീളം പക്ഷികളുടെ സര്‍വ്വേ നടത്തുന്നതില്‍ മുന്നില്‍ നിന്ന ആദ്യ ഇന്ത്യക്കാരില്‍ ഒരാളാണ് അദ്ദേഹം. പക്ഷികളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പക്ഷികളെ കുറിച്ചുള്ള വിജ്ഞാനകോശമാണ്. ബോംബൈ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി സ്ഥാപിക്കുന്നതില്‍ അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചു.

ഹര്‍ ഗോവിന്ദ് ഖുരാന

ഇപ്പോള്‍ പാക്കിസ്ഥാനിലുള്ള പടിഞ്ഞാറന്‍ പഞ്ചാബിലെ റായ്പൂര്‍ ഗ്രാമത്തില്‍ 1922 ജനുവരി ഒമ്പതിനാണ് ലോകപ്രശസ്ത ബയോകെമിസ്റ്റായ ഹര്‍ ഗോവിന്ദ് ഖുരാന ജനിക്കുന്നത്. കോശങ്ങളില്‍ ജനിതക വിവരം സൂക്ഷിക്കുന്ന ന്യൂക്ലിസ് ആസിഡിലെ ന്യൂക്ലിയോറ്റൈഡുകളുടെ ക്രമം കോശത്തിലെ പ്രോട്ടീന്‍ ഉല്‍പ്പാദനത്തെ എത്തരത്തിലാണ് നിയന്ത്രിക്കുന്നതെന്ന് കണ്ടെത്താന്‍ സഹായിച്ചതിന് 1968ല്‍ അദ്ദേഹത്തിന് വൈദ്യശാസ്ത്ര നോബേല്‍ ലഭിച്ചു. 

ജീവനുള്ള കോശത്തില്‍ കൃത്രിമ ജീന്‍ വികസിപ്പിച്ച ആദ്യ ശാസ്ത്രജ്ഞന്‍ ഖുരാനയാണ്. ബയോടെക്‌നോളജിയിലും ജീന്‍ തെറാപ്പിയിലും പിന്നീട് നടന്ന ഗവേഷണങ്ങള്‍ക്ക് അടിത്തറ പാകിയ കണ്ടെത്തലായിരുന്നു ഇത്. മാഡിസണിലെ വിസ്‌കണ്‍സില്‍ സര്‍വ്വകലാശാലയും ഇന്ത്യന്‍ സര്‍ക്കാരും ഇന്‍ഡോ-യുഎസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഫോറവും സംയുക്തമായി ചേര്‍ന്നാണ് 2007ല്‍ ഖുരാന പദ്ധതിക്ക് തുടക്കമിട്ടത്. ഇന്ത്യയിലും അമേരിക്കയിലും ശാസ്ത്രജ്ഞരുടെയും വ്യവസായികളുടെയും സാമൂഹിക സംരംഭകരുടെയും കൂട്ടായ്മയ്ക്ക് തുടക്കമിടുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം.

ബിര്‍ബല്‍ സഹ്നി

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സസ്യങ്ങളുടെ ഫോസിലുകളെ കുറിച്ച് ഗവേഷണം നടത്തിയ ശാസ്ത്രജ്ഞനാണ് സഹ്നി. പുരാവസ്തുശാസ്ത്രത്തിലും അദ്ദേഹത്തിന് കമ്പമുണ്ടായിരുന്നു. പുരാതനകാലത്തും ഇന്നുള്ളതുമായ സസ്യങ്ങളെ കുറിച്ചുള്ള പഠനമാണ് അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്. 1936ല്‍ സഹ്നി ലണ്ടനിലെ റോയല്‍ സൊസൈറ്റി ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഈ അംഗീകാരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ സസ്യശാസ്ത്രജ്ഞനാണ് സഹ്നി. ഇന്ത്യയില്‍ പാലിയോബൊട്ടാനിക്കല്‍ സൊസൈറ്റി ആരംഭിച്ചതും അദ്ദേഹമാണ്.

എപിജെ അബ്ദുല്‍കലാം

1931 ഒക്ടോബര്‍ 15ന് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച അവുല്‍ പകിര്‍ ജൈനുലബ്ദീന്‍ അബ്ദുല്‍ കലാം ഡിആര്‍ഡിഒയിലും ഐസ്ആര്‍ഒയിലും എയറോസ്‌പേസ് എഞ്ചിനീയര്‍ ആയിരുന്നു. ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി ചെറിയ ഹെലികോപ്ടറുകള്‍ ഡിസൈന്‍ ചെയ്തുകൊണ്ടാണ് കലാം തന്റെ കരിയര്‍ ആരംഭിക്കുന്നത്. വിക്രം സാരാഭായിക്ക് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്‍കോസ്പാര്‍ കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു. ഇന്ത്യ ആദ്യമായി വികസിപ്പിച്ച തദ്ദേശീയ ഉപഗ്രഹ വിക്ഷേപണ വാഹനമായ എസ്എല്‍വി-IIIന്റെ പ്രോജക്ട് ഡയറക്ടര്‍ കലാമായിരുന്നു.

2002ല്‍ രാജ്യത്തിന്റെ പതിനൊന്നാമത് രാഷ്ട്രപതിയായി കലാം തെരഞ്ഞെടുക്കപ്പെട്ടു. 'ഇന്ത്യ 2020' എന്ന പുസ്തകത്തില്‍ 2020ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമായി മാറ്റുന്നതിനുള്ള ആശയങ്ങള്‍ കലാം അവതരിപ്പിക്കുന്നുണ്ട്. കുട്ടികളെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച കലാം ഉറക്കത്തില്‍ കാണുന്നതല്ല, ഉറങ്ങാന്‍ നമ്മെ അനുവദിക്കാത്തതാണ് സ്വപ്‌നമെന്നും കുട്ടികള്‍ക്ക് പറഞ്ഞ് കൊടുത്തു.