Dec 7, 2021 • 10M

ഗ്രേറ്റ് ബാരിയര്‍ റീഫിനെ രക്ഷിക്കാന്‍ മനുഷ്യ നിര്‍മിത മേഘങ്ങള്‍!

ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റുകള്‍ ഇന്ന് നാശത്തിന്റെ വക്കിലാണ്. കാലാവസ്ഥാ മാറ്റങ്ങള്‍ നമുക്ക് മാത്രമല്ല, സമുദ്രത്തിലെ ഈ 'പൊന്‍പാറ'ക്കൂട്ടങ്ങള്‍ക്കും തിരിച്ചടിയാണ്.

4
1
 
1.0×
0:00
-10:17
Open in playerListen on);
Episode details
1 comment

Summary

ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റുകള്‍ ഇന്ന് നാശത്തിന്റെ വക്കിലാണ്. കാലാവസ്ഥാ മാറ്റങ്ങള്‍ നമുക്ക് മാത്രമല്ല, സമുദ്രത്തിലെ ഈ 'പൊന്‍പാറ'ക്കൂട്ടങ്ങള്‍ക്കും തിരിച്ചടിയാണ്. എന്നാല്‍ ഈ പവിഴ ദ്വീപുകളെ രക്ഷിക്കാന്‍ മനുഷ്യ നിര്‍മിത മേഘങ്ങള്‍ക്ക് ആകുമോയെന്ന് നോക്കാം...


സമുദ്രത്തിലെ ഏറ്റവും ഭംഗിയുള്ള വസ്തുവാണ് പവിഴപുറ്റുകള്‍ (Coral reef) എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തി ഉണ്ടാകില്ല. കേരളത്തിലുള്ള സമുദ്രഭാഗങ്ങളില്‍ അധികം കാണാന്‍ കഴിയില്ലെങ്കിലും ലക്ഷദ്വീപില്‍ ധാരാളമായി ഇവയുണ്ട്. ലക്ഷദ്വീപിന്റെ സൗന്ദര്യം കൂട്ടുന്നതില്‍ ഈ പവിഴപുറ്റുകള്‍ക്കുള്ള പ്രാധാന്യം ചെറുതല്ല. ഇത് കാണാനും ആസ്വദിക്കാനും കൂടിയാണ് ലക്ഷദ്വീപിലേക്ക് സഞ്ചാരികള്‍ പ്രവഹിക്കുന്നതും. അപ്പോള്‍ ഈ പവിഴപ്പുറ്റുകള്‍ കൂടിയുണ്ടാകുന്ന വലിയ പാറക്കൂട്ടങ്ങളുടെ ഭംഗി പറഞ്ഞറിയിക്കാന്‍ കഴിയില്ലല്ലോ. അത്തരമൊരു പവിഴപ്പാറക്കൂട്ടമാണ് ഗ്രേറ്റ് ബാരിയര്‍ റീഫ് (Great Barrier Reef) എന്നറിയപ്പെടുന്നത്.

ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരത്തുള്ള ക്വീന്‍സ്ലന്‍ഡിലാണ് ഈ അപൂര്‍വ്വ സുന്ദര കാഴ്ചയുള്ളത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുള്ള ഈ പവിഴപ്പാറകള്‍ പക്ഷേ ഇന്ന് നാശത്തിന്റെ വക്കിലാണ്. ഇവിടുത്തെ അത്യപൂര്‍വ്വ സുന്ദര പവിഴപുറ്റുകള്‍ ഏറെയും നശിച്ചു കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനം ഇവിടെയും വില്ലനാകുമ്പോള്‍ മനുഷ്യന്‍ തന്നെ അതിന് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ്.

എന്താണ് ഗ്രേറ്റ് ബാരിയര്‍ റീഫ്?

ലോകത്തെ ഏറ്റവും വലിയ പവിഴപുറ്റുകളുള്ള, അതിന്റെ വലിയ കൂട്ടം തന്നെയുള്ള ഭാഗമാണ് ഗ്രേറ്റ് ബാരിയര്‍ റീഫ്. ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരത്തുള്ള കോറല്‍ സമുദ്രത്തിലായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഭൂമിക്ക് മുകളില്‍ നിന്നു നോക്കിയാല്‍ പോലും നീല പളുങ്കു പോലുള്ള സമുദ്രജലത്തില്‍ രത്നക്കല്ലുകള്‍ പിടിപ്പിച്ച മാല പോലെ തോന്നിക്കും വിധം അത്രയേറെ നയന മനോഹര കാഴ്ചയാണ് അത്. 900 ദ്വീപുകളിലായി 2,300 കിലോമീറ്റര്‍ നീളത്തിലാണ് ഈ പവിഴപ്പാറകളുള്ളത്.

അണുജീവികള്‍ നിര്‍മിച്ച നമ്മുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജീവനുള്ള ഒറ്റ നിര്‍മിതിയും കൂടിയാണിത്. കോടാനുകോടി സൂക്ഷ്മ ജീവികള്‍ കൂടി നിര്‍മിച്ചിരിക്കുന്നതാണ് ഈ പവിഴക്കാട്. ഇവിടെയുള്ള ജൈവവൈവിധ്യവും എല്ലാം കണക്കിലെടുത്ത് 1981ലാണ് യുനെസ്‌കോ ഇതിനെ ലോക പൈതൃക പദവി നല്‍കി അംഗീകരിച്ചത്.

എന്താണിതിന് സംഭവിക്കുന്നത്?

ഇത്രയും വലിയ പൈതൃക സ്വത്ത് പക്ഷേ ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്. അതിന്റെ ഭാവി വരെ തുലാസ്സില്‍ നില്‍ക്കാന്‍ കാരണം മറ്റൊന്നുമല്ല, കാലാവസ്ഥാ വ്യതിയാനം തന്നെ. ഭൂമി മുഴുവന്‍ അനുഭവപ്പെടുന്ന ആ മാറ്റം ഇവിടെയും വിനാശത്തിന്റെ വക്കിലെത്തിയിരിക്കുന്നു. ആഗോള താപനവും അന്തരീക്ഷത്തിലെ കാര്‍ബണ്‍ ബഹിര്‍ഗമനവും എല്ലാം ഇതിന് കാരണമാണെന്ന് പറയാം. അന്തരീക്ഷത്തിലെ ചൂട് കൂടുന്നതിനനുസരിച്ച് സമുദ്രത്തിലെ ചൂടും കൂടുന്നുണ്ട്. ഇത് സുമുദ്രജലത്തെ മാത്രമല്ല, സമുദ്രത്തിലുള്ള ജീവികളെയും പ്രതികൂലമായി ബാധിക്കുന്നു. അറുനൂറിലധികം വൈവിധ്യങ്ങളാര്‍ന്ന പവിഴപുറ്റുകളുള്ള ഇവിടെ 1500 ല്‍ അധികം ഇനങ്ങളിലുള്ള മത്സ്യങ്ങളുടെയും സങ്കേതമാണ്. ആറ് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായെന്ന് കരുതുന്ന ഈ പവിഴക്കാട് പക്ഷേ ഇങ്ങനെപോയാല്‍ അധിക കാലം നിലനില്‍ക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

1995 നു ശേഷം കഴിഞ്ഞ മുപ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ വന്ന കാലാവസ്ഥാ മാറ്റങ്ങള്‍ മൂലം അമ്പത് ശതമാനത്തിലധികം പവിഴപുറ്റുകള്‍ ഇവിടെ നശിച്ചെന്നാണ് കണ്ടെത്തിയത്! ഈ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത ഒരു അമ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവ 90 ശതമാനത്തിലധികം ഇല്ലാതാകുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. 2016-17 വര്‍ഷങ്ങളിലാണ് ഗ്രേറ്റ് ബാരിയര്‍ റീഫ് കണ്ടതില്‍ വച്ച് ഏറ്റവും നാശനഷ്ടങ്ങളുണ്ടായത്. ഈ വര്‍ഷങ്ങളില്‍ മാത്രം 29-50 ശതമാനത്തോളം പവിഴപ്പുറ്റുകള്‍ നശിച്ചുവെന്ന് പറയുമ്പോള്‍ തന്നെ മനസ്സിലാക്കാം ഇതിന്റെ ആഘാതവും ആഴവും എത്രയെന്ന്.

കോറല്‍ ബ്ലീച്ചിംഗ് എന്ന വെളുപ്പിക്കല്‍

ഇനി ഇവ നശിക്കുന്നത് എങ്ങനെയെന്ന് പറയാം. വിവിധ വര്‍ണങ്ങളിലുള്ള സുന്ദര പവിഴ പുറ്റുകളെ വെളുപ്പിച്ചാണ് ഇത് സ്വയം നശിക്കുന്നത്. കോറല്‍ ബ്ലീച്ചിംഗ് (Coral Bleaching) എന്നാണ് ഈ പ്രതിഭാസത്തിന് പറയുന്നത്. നമ്മള്‍ ബ്ലീച്ചിംഗ് ചെയ്ത് വെളുപ്പിക്കാറില്ലേ? അതുപോലെ തന്നെ. ഈ പവിഴപ്പുറ്റുകള്‍ക്ക് അകത്തെ കോശങ്ങളില്‍ ചില ആല്‍ഗകളുണ്ട്. ഈ ആല്‍ഗകളാണ് പവിഴപ്പുറ്റിന് ആരോഗ്യം നല്‍കുന്നത്. ഇവ വളരാന്‍ ആവശ്യമായ ഭൂരിഭാഗം ഭക്ഷണവും ഉല്‍പ്പാദിപ്പിക്കുന്നത് ആല്‍ഗകളാണ്. പവിഴപ്പുറ്റുകള്‍ ഉപയോഗിക്കുന്ന 90 ശതമാനം ഊര്‍ജം നല്‍കുന്നതും ഇതേ ആല്‍ഗകള്‍ തന്നെ. എന്നാല്‍ സമുദ്രത്തിലെ ജലത്തിന്റെ ഊഷ്മാവ് കൂടുന്നതനുസരിച്ച് ഈ പവിഴപ്പുറ്റുകള്‍ക്ക് മാറ്റങ്ങള്‍ വരും. ചൂട് കൂടിയാല്‍ അതിന്റെ സമ്മര്‍ദ്ദത്തില്‍ ഇവ ആല്‍ഗകളെ (Symbiotic Algae) പുറന്തള്ളും. അങ്ങനെയാണ് പവിഴപുറ്റുകള്‍ ഈ ബ്ലീച്ചിംഗ് നടത്തിയപോലെ മുഴുവന്‍ വെളുത്ത നിറത്തിലാകുന്നത്. അങ്ങനെ പവിഴപ്പുറ്റിന്റെ ആഹാരവും നിലച്ച് അതില്ലാതാകും. ശരാശരി ഊഷ്മാവിനെക്കാള്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് അധികം ചൂട് കൂടിയാല്‍ തന്നെ ബ്ലീച്ചിംഗ് സംഭവിക്കും. ഇത് സംഭവിച്ചാല്‍ വിവിധ രൂപത്തിലും നിറത്തിലുമുള്ള പവിഴപ്പുറ്റുകളെല്ലാം വെളുത്ത് ഒരു പോലെ തോന്നിക്കും.

രക്ഷിക്കാനൊരു കൈത്താങ്ങ്

ഗ്രേറ്റ് ബാരിയര്‍ റീഫിനെ രക്ഷിക്കാനുള്ള വഴികളില്‍ ഏറ്റവും വലിയ ഗവേഷണങ്ങള്‍ നടന്നത് മേഘങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചാണ്. മേഘങ്ങള്‍ വന്ന് ആകാശത്ത് മൂടിയാല്‍ ഒരു പരിധി വരെ സൂര്യപ്രകാശവും ചൂടും സമുദ്രത്തില്‍ എത്തുന്നത് കുറയ്ക്കാനാകും എന്നതിനാലാണിത്. ഇനി മനുഷ്യര്‍ക്ക് എങ്ങനെ മേഘങ്ങള്‍ നിര്‍മിക്കാം എന്നല്ലേ? മേഘങ്ങള്‍ ഉണ്ടാകാനായി ഉപ്പ് രസം നിറഞ്ഞ കടല്‍വെള്ളത്തിന്റെ നീരാവി ആകാശത്തേക്ക് വിടും. അങ്ങനെ അവ സാധാരണ മേഘം പോലെ സമുദ്രത്തിന് മുകളില്‍ കുട വിരിച്ച് നില്‍ക്കും. ഇതിനായി നടത്തിയ പരീക്ഷണങ്ങള്‍ വിജയം കണ്ടത് ശുഭ പ്രതീക്ഷ നല്‍കുന്നുണ്ട്. പരീക്ഷണമെന്ന നിലയ്ക്ക് ഇപ്പോള്‍ നടത്തിയത് ചെറിയ തോതിലാണെങ്കിലും വിചാരിക്കുന്ന ഫലം കിട്ടണമെങ്കില്‍ ഇത് വലിയ രീതിയില്‍ തന്നെ നടപ്പിലാക്കേണ്ടി വരും.

ഒരു ഫെറി ബോട്ട് മൊബീല്‍ സയന്‍സ് ലബോറട്ടറി പോലെ ആക്കിയാണ് കടലിലേക്ക് എത്തിച്ച് കോണ്‍ പോലുള്ള ടര്‍ബിനിലൂടെ നീരാവി കടലിന്റെ മുകളിലെ ആകാശത്തേക്ക് വിട്ട് പരീക്ഷണം നടത്തിയത്. ഇത് പതിയെ ആകാശത്തേക്ക് എത്തി മേഘങ്ങളായി തന്നെ രൂപാന്തരം പ്രാപിക്കും.


കാര്‍ബണ്‍ ബഹിര്‍ഗമനം നന്നേ കുറച്ചാലേ താപനം കുറച്ചെങ്കിലും കുറയ്ക്കാനാകൂ. പവിഴപ്പുറ്റുകള്‍ ഇല്ലാതായി പകുതിയായി കഴിഞ്ഞു. ഇതുപോലെ മനുഷ്യ വര്‍ഗവും ഇല്ലാതാകുന്ന അവസ്ഥ എത്രമാത്രം ഭീകരമാണെന്ന് ചിന്തിച്ച് നോക്കൂ


നടന്നത് വെറും ഫീല്‍ഡ് ടെസ്റ്റാണെങ്കിലും വിചാരിച്ചിരുന്നതിലും കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന ഫലമാണ് ഇപ്പോള്‍ കിട്ടിയത് എന്ന് ഓഷ്യാനോഗ്രാഫറും ഓസ്ട്രേലിയയിലെ സതേണ്‍ ക്രോസ് സര്‍വ്വലാശാലയിലെ എന്‍ജിനിയറുമായ ഡാനിയല്‍ ഹാരിസണ്‍ പറയുന്നു. എന്നാല്‍ വര്‍ഷങ്ങളായി നടന്ന പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ സമുദ്രത്തിന് മുകളില്‍ മേഘങ്ങള്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനത്തിലെത്തിയത്. എന്നിരുന്നാലും ആഗോള താപനത്തിന്റെ രൂക്ഷതയുടെ ഫലമായി ഒരിക്കല്‍ മനുഷ്യന്‍ തന്നെ ഭൂമിയിലെ കാലാവസ്ഥ മാറ്റിമറിക്കാന്‍ ശ്രമിക്കേണ്ടി വരുന്നത് കാലങ്ങളായി നിലനിന്നിരുന്ന ഭയങ്ങളുടെ ശേഷിപത്രം കൂടിയാണ്.

വേഗത്തിലാക്കാം സംരക്ഷണം

പ്രകൃതി നല്‍കുന്ന തിരിച്ചടിക്ക് മനുഷ്യന്‍ പ്രകൃതിയെ മാറ്റി മറിക്കാന്‍ ശ്രമിക്കുന്നു! വിരോധാഭാസം എന്ന് തോന്നാമെങ്കിലും വളരെ കുറച്ച് വഴികളേ ഇനി നമുക്ക് മുന്‍പിലുള്ളൂ. അതില്‍ അതിവേഗം നടപ്പിലാകുന്നതും പെട്ടെന്ന് ഫലം കിട്ടുന്നതുമായ പരിശ്രമങ്ങള്‍ക്കാണ് മുന്‍തൂക്കം കൊടുക്കുന്നതും. ഈ പരീക്ഷണം എത്രത്തോളം വിജയം നല്‍കുമെന്നെല്ലാം കണ്ടറിയേണ്ട കാര്യങ്ങളാണ്. പക്ഷേ ഇത് മാത്രം ഒരിക്കലും ഒരു പരിഹാരമാവില്ല. 2015ലെ പാരിസ് ഉച്ചകോടിയില്‍ ലോകത്തെ മിക്ക രാജ്യങ്ങളും ഒപ്പു വച്ച ആ കാലാവസ്ഥ ഉടമ്പടി പാലിച്ചേ മതിയാകൂ. കാര്‍ബണ്‍ ബഹിര്‍ഗമനം നന്നേ കുറച്ചാലേ താപനം കുറച്ചെങ്കിലും കുറയ്ക്കാനാകൂ. പവിഴപ്പുറ്റുകള്‍ ഇല്ലാതായി പകുതിയായി കഴിഞ്ഞു. ഇതുപോലെ മനുഷ്യ വര്‍ഗവും ഇല്ലാതാകുന്ന അവസ്ഥ എത്രമാത്രം ഭീകരമാണെന്ന് ചിന്തിച്ച് നോക്കൂ.

മേഘങ്ങളുടെ പരീക്ഷണമല്ലാതെ മറ്റ് ചിലതു കൂടി നടക്കുന്നുണ്ട്. പുതിയ വര്‍ഗത്തിലുള്ള, ചൂട് താങ്ങാന്‍ കെല്‍പ്പുള്ള പവിഴപ്പുറ്റുകളെ ഉണ്ടാക്കാനുള്ള പരീക്ഷണങ്ങള്‍ മുന്നേറുകയാണ്. ഇവയെ നിലനിര്‍ത്താനും പുനരുല്‍പ്പാദിപ്പിക്കാനുമുള്ള പരീക്ഷണങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. പക്ഷേ പവിഴപ്പുറ്റുകള്‍ ഇല്ലാതായാലും ചിലപ്പോള്‍ ദശാബ്ദങ്ങളെടുത്ത് ചിലതിനെങ്കിലും ജീവന്‍ വച്ചേക്കാമെന്ന് ഗവേഷകര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്. അതിനെല്ലാം അനുകൂല സാഹചര്യങ്ങള്‍ അത്രയും കാലം ഉണ്ടായാലേ മതിയാവൂ.