Oct 5, 2021 • 9M

ആമയുടെ ആ മെല്ലെനടപ്പ് വെറുതെയല്ല കേട്ടോ!

ലോകത്ത് ഏറ്റവും കൂടുതല്‍ ആയുസുള്ള ജീവികളില്‍ ഒന്നാണ് ആമ. എന്നാല്‍ ഇവയുടെ ആയുസ് എങ്ങനെയാണ് കൂടുന്നതെന്നറിയാമോ? കടലാമകള്‍ക്കാണോ കരയാമകള്‍ക്കാണോ ആയുസ് കൂടുതല്‍? കുഞ്ഞന്‍ ആമകളാണോ ഭീമന്മാരാണോ കൂടുതല്‍ ജീവി

7
3
 
1.0×
0:00
-9:29
Open in playerListen on);
Episode details
3 comments

ആമയെപോലെ പയ്യെ നടന്നാല്‍ എവിടെയെത്താനാണ് എന്ന് പലപ്പോഴും നമ്മള്‍ ചോദിക്കും. പക്ഷേ ആമയുടെ ആ നടപ്പ് വെറുതെയൊന്നുമല്ല. തന്റെ ജീവിതം പതുക്കെ നടന്ന് തീര്‍ക്കുകയാണ് കക്ഷി. ഏറ്റവും കൂടുതല്‍ ആയുസുള്ള ജീവികളില്‍ മുന്നിലാണ് ആമകള്‍. പ്രത്യേകിച്ച് വമ്പന്‍ കരയാമകള്‍ (Giant tortoise). ഇങ്ങനെ പതുങ്ങി നടക്കുന്ന ഇവര്‍ക്ക് നൂറ്റാണ്ടുകളോളം വരെ ജീവിക്കാന്‍ കഴിയും. അവയുടെ ജീവശാസ്ത്രപരമായ പ്രത്യേകതകളാണ് ആയുസ് വര്‍ദ്ധിപ്പിക്കുന്നത്. എന്നാലും എന്തുകൊണ്ടാണ് ആമകള്‍ക്ക് ഇത്രയധികം വര്‍ഷങ്ങള്‍ ജീവിക്കാന്‍ കഴിയുന്നത് എന്ന് നോക്കാം.

ഏറ്റവും ആയുസുള്ള ജീവിയാണ് ആമ എന്ന് പറഞ്ഞല്ലോ. പക്ഷേ എല്ലാ ആമകളുമല്ല കേട്ടോ. കരയാമകള്‍ക്കാണ് (tortoise) ആയുര്‍ദൈര്‍ഘ്യം കൂടുതല്‍. 200 വര്‍ഷത്തിലധികം ജീവിച്ച ആമകളെ വരെ മനുഷ്യന്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കടലാമകള്‍ക്കാണ് (turtle) കരയാമകളെ അപേക്ഷിച്ച് ആയുസ് കുറവ്. 50 മുതല്‍ 100 വര്‍ഷം വരെ കടലാമകള്‍ ജീവിക്കുമ്പോള്‍ ഭീമന്‍ കരയാമകള്‍ അവയെയും കടത്തിവെട്ടും. നമ്മുടെ നാട്ടില്‍ പൊതുവേ കാണുന്ന ആമകള്‍ അത്ര ഭീമന്മാരല്ല. പക്ഷേ ഭീമന്മാരായ ആമകള്‍ക്കാണ് ഏറ്റവും ആയുസുള്ളത്. ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിട്ടുള്ള ആമ വര്‍ഗം ഏതാണെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല.

ആയുസിന്റെ ബലം

ആമകളുടെ ആയുസിന് പിന്നില്‍ പരിണാമ സംബന്ധിയായ ഒരു കാരണവും ജീവശാസ്ത്രപരമായ കാരണങ്ങളും പറയുന്നുണ്ട്. പരിണാമ കാരണം ഇങ്ങനെയാണ്. ആമകള്‍ ഇടുന്ന മുട്ടകള്‍ പാമ്പുകളും മരപ്പട്ടിയുമെല്ലാം അകത്താക്കും. അതുകൊണ്ട് അവയുടെ അടുത്ത തലമുറയ്ക്കായി ഇടയ്ക്കിടയ്ക്ക് മുട്ടയിടുകയും അങ്ങനെ അതിനായി കാലങ്ങളോളം ജീവിക്കേണ്ടി വരുന്നുവെന്നുമാണ് പറയുന്നത്. ഇതുകൊണ്ടാണ് ഒരു വര്‍ഷത്തില്‍ തന്നെ പല തവണ ഇവ പ്രജനനം നടത്തുന്നതെന്നും അനവധി മുട്ടകളിടുന്നതെന്നുമാണ് ഒരു വാദം.

Image: Pixabay

ആമകള്‍ക്ക് പൊതുവേ ചെറിയ ഓടിച്ചാടി നടക്കുന്ന മൃഗങ്ങളെക്കാളും പതിയെയാണ് പരിണാമവും ചയാപചയവും (metabolism) സംഭവിക്കുന്നത്. അതുകൊണ്ടു തന്നെ ഇവയുടെ ഊര്‍ജം ചെലവാകുന്നതും പതിയെയാണ്. ഇതും ദീര്‍ഘായുസ്സിന്റെ ഒരു പൊതു കാരണമായി പറയപ്പെടാറുണ്ട്.

ജീവശാസ്ത്രപരമായ പ്രക്രിയ വിശദീകരിക്കുന്നത് കുറച്ചു കൂടി ആഴത്തിലാണ്. ആമകളുടെ നീണ്ട ജീവിതത്തിന് കാരണം ടെലുമിയേസ് (telomeres) ആണെന്നാണ് ഗവേഷകര്‍ പറയുന്നത്. അതായത്, ഓരോ ക്രോമസോമുകളുടെയും അഗ്രത്ത് കാണുന്ന ഭാഗം. നമ്മുടെ ഷൂ ലെയ്സിന്റെ അറ്റത്തുള്ള പ്ലാസ്റ്റിക് ഭാഗം പോലുള്ള ഇവയാണ് ക്രോമസോമുകള്‍ തമ്മില്‍ കൂട്ടിമുട്ടാതിരിക്കാന്‍ സഹായിക്കുന്നതും അവയ്ക്ക് കേടുപാട് സംഭവിക്കാതെ നോക്കുന്നതും. ഒരേ തരത്തിലുള്ള അനവധി ഡിഎന്‍എകള്‍ കൂടിയതാണ് ടെലുമിയേസ്. മാത്രമല്ല, കോശങ്ങള്‍ വിഭജിക്കുമ്പോള്‍ ഡിഎന്‍എകള്‍ ശരിയായി പകര്‍ത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതും ഈ ടെലുമിയേസിന്റെ ജോലിയാണ്. ഇതിലാണ് ജനിതക ഘടനയും അതിന്റെ സ്വഭാവങ്ങളും അടങ്ങുന്നതെന്ന് പറയാം.

ഓരോ തവണ കോശ വിഭജനം നടക്കുമ്പോളും ഈ ടെലുമിയേസ് ചെറുതായി വരും. പതുക്കെ കോശങ്ങള്‍ക്ക് വിഭജിക്കാന്‍ കഴിയാത്ത വിധം ടെലുമിയേസ് ചുരുങ്ങുകയോ നശിക്കുകയോ ചെയ്യും.

ഈ അവസ്ഥയെത്തുമ്പോള്‍ അവയ്ക്ക് ക്രോമസോമുകളെ സംരക്ഷിക്കാന്‍ കഴിയാതെ വരികയും ഡിഎന്‍എ പകര്‍പ്പുകളില്‍ പ്രശ്നങ്ങളുണ്ടാവുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങള്‍ ട്യൂമറുകള്‍ ഉണ്ടാക്കാനും കോശങ്ങളെ നശിപ്പിക്കാനും തുടങ്ങും. ഇതെല്ലാമാണ് സാധാരണ സംഭവിക്കാറുള്ളത്. പക്ഷേ ആമകളുടെ കാര്യത്തില്‍ ചില വ്യത്യാസങ്ങളുണ്ട്. മുകളില്‍ പറഞ്ഞ ടെലുമിയേസ് ചുരുങ്ങുന്നത് വളരെ പതുക്കെയാണ്, ആമകളെ പോലെതന്നെ. ജീവിതകാലം കുറഞ്ഞ മൃഗങ്ങളെ അപേക്ഷിച്ച് വളരെ പതുക്കെയാണ് എന്നുതന്നെ പറയേണ്ടി വരും. ഇത് സൂചിപ്പിക്കുന്നത് ഡിഎന്‍എ പകര്‍പ്പ് ഉണ്ടാകുമ്പോള്‍ വരാവുന്ന ചില തകരാറുകള്‍ക്ക് എതിരെ പ്രതിരോധിക്കാന്‍ ഇവയ്ക്ക് കഴിവുണ്ട് എന്നാണ്.

പഠിക്കാന്‍ ഇനിയുമേറെ

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇനിയുമേറെ പരീക്ഷണങ്ങള്‍ നടക്കാനുണ്ട്. ഭീമന്‍ ആമകള്‍ അടക്കം വിവിധ വര്‍ഗത്തിലുള്ളവയില്‍ ഇത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നെല്ലാം വിശദമായി പരിശോധിക്കാനിരിക്കുന്നതേയുള്ളൂ. എങ്കിലും മറ്റൊരു ഗവേഷണത്തില്‍ കണ്ടെത്തിയതനുസരിച്ച്, ഭീമന്‍ ആമകളെ പോലുള്ളവയ്ക്ക് കോശങ്ങള്‍ക്ക് ഉണ്ടാകുന്ന കേടുപാടുകളില്‍ നിന്നും ദീര്‍ഘകാലത്തേക്ക് സ്വയം സംരക്ഷിക്കാന്‍ കഴിവുണ്ടെന്നാണ്. ഇത് കേടുവന്ന കോശങ്ങള്‍ സ്വയം നശിപ്പിച്ചാണെന്നും പറയുന്നുണ്ട്. ഈ പ്രക്രിയയെ അപോപ്റ്റോസിസ് (apoptosis) എന്നാണ് വിളിക്കുന്നത്. നിയന്ത്രിതമായ രീതിയില്‍ അപോപ്റ്റോസിസ് നടത്താനായാല്‍ അത് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ഒരു ജീവിക്ക് കോശം കേടുവന്നാല്‍ സ്വയം നശിപ്പിക്കാന്‍ കഴിവുണ്ടെങ്കില്‍ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് പ്രതിവിധി കാണാനും ഭാവിയില്‍ ഇത് ഉപകരിക്കും.

കടലാമകളുടെ പുറംതോട് കനം കുറഞ്ഞതായിരിക്കും. നീന്താനും മറ്റും എളുപ്പത്തിനാണ് ഇവയുടെ പുറം തോടിന്റെ കട്ടി കുറഞ്ഞിരിക്കുന്നത്

മറ്റൊരു പരീക്ഷണത്തിലാകട്ടെ ഒരു വര്‍ഗത്തില്‍ പെട്ട ആമകള്‍ മാത്രം ലിഗെസ് (ligase) എന്ന എന്‍സൈമിനെ തടസ്സപ്പെടുത്താന്‍ നോക്കിയിട്ടും പ്രതികരിച്ചില്ല. ഈ ലിഗെസ് എന്‍സൈമാണ് ഡിഎന്‍എ പകര്‍പ്പില്‍ അത്യാവശ്യം വേണ്ടത്. ഡിഎന്‍എയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളോട് പ്രതിരോധിക്കാന്‍ ഈ എന്‍സൈമിനാകുന്നുണ്ട്. അതായത്, ആമകളിലെ ലിഗെസിന്റെ പ്രവര്‍ത്തനത്തിന് കുഴപ്പമൊന്നും സംഭവിച്ചില്ല. ഇതെല്ലാം ആമകളുടെ ആയുര്‍ദൈര്‍ഘ്യത്തിന് പിന്നിലെ കാരണങ്ങളാകാം.

ലോക കാരണവര്‍

സൗത്ത് അറ്റ്ലാന്റിക്കിലെ സെന്റ് ഹെലെന ദ്വീപിലുള്ള ഒരു ഭീമനാണ് ആമകളിലെ ഇപ്പോഴത്തെ കാരണവര്‍. ജോനാഥന്‍ എന്ന് പേരുള്ള ഈ ആമ ലോകത്തിലെ ഏറ്റവും പ്രായമേറിയ കര ജീവിക്കുള്ള ഗിന്നസ് ലോക റെക്കോര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. ജോനാഥന് എത്ര വയസ്സായെന്നല്ലേ? 189 വയസ്സുണ്ട് ഇപ്പോള്‍ കക്ഷിക്ക് ! സീഷെല്‍സ് ജയന്റ് ടൊര്‍ടോയ്സ് വിഭാഗത്തില്‍ പെട്ട ജോനാഥനാണ് ഇന്ന് ലോകത്തിലെ തന്നെ ജീവനോടെയള്ള ഏറ്റവും പ്രായമേറിയ ജീവി. 1832 ലാണ് ജോനാഥന്‍ ജനിച്ചതെന്നാണ് കണക്കുകൂട്ടല്‍. കാരണം, 1882ല്‍ സീഷെല്‍സിലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് ജോനാഥനെ കണ്ടെത്തുമ്പോള്‍ തന്നെ പൂര്‍ണ വളര്‍ച്ചയെത്തിയിരുന്നു. 50 വര്‍ഷമാണ് ഒരു ആമ പൂര്‍ണ വളര്‍ച്ചയെത്താന്‍ എടുക്കുന്ന പ്രായം. അങ്ങനെയാണ് ജോനാഥന്റെ പ്രായം നിര്‍ണയിച്ചത്. ഇന്ത്യയില്‍ ഉണ്ടായിരുന്ന ഗാലപ്പഗോസ് ടോര്‍ടോയ്സ് ഇനത്തിലുള്ള അല്‍ഡബ്ര ജയന്റ് ടോര്‍ടോയ്സ് വിഭാഗത്തില്‍ പെട്ട കരയാമ 255 വര്‍ഷം ജീവിച്ചിരുന്നു എന്നാണ് കരുതുന്നത്.

കടലാമകളും കരയാമകളും

ആമകള്‍ എന്ന് പൊതുവേ പറയുമെങ്കിലും രണ്ട് തരത്തിലാണ് ഇവ പ്രധാനമായും ഉള്ളത്, കരയാമകളും കടലാമകളും. ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ ചിലപ്പോള്‍ ബുദ്ധിമുട്ട് തോന്നാം. കാരണം, കരയാമകള്‍ വെള്ളത്തിലും ഇടയ്ക്കിറങ്ങും; ചില കടലാമകള്‍ കരയില്‍ വല്ലപ്പോഴും പ്രത്യക്ഷപ്പെടാറുമുണ്ട് ! എങ്കിലും ഇവ കൂടുതലായി കഴിയുന്ന ഇടമാണല്ലോ ഇവയുടെ ആവാസവ്യവസ്ഥ എന്നുപറയുന്നത്. അതിനനുസരിച്ചുള്ള പ്രത്യേകതകളും ഇവയ്ക്കുണ്ട്. എല്ലാ കരയാമകളും കടലാമകളാണ് എന്ന് കൂടി പറയാം. പക്ഷേ എല്ലാ കടലാമകളും കരയാമയല്ല. കടലാമകള്‍ക്കാണ് കരയാമകളെക്കാളും വലിപ്പം കൂടുതല്‍. എങ്കിലും വര്‍ഗങ്ങളനുസരിച്ച് വ്യത്യാസങ്ങള്‍ കാണാം.

കരയാമകളുടെ കാലുകള്‍ തൂണ് പോലെ അല്ലെങ്കില്‍ ആനയുടെ കാല് പോലെ വലിയതാണ്. ഇവയാണ് ആമകളുടെ നടപ്പിനുള്ള ആയുധം. ഒട്ടുമിക്ക കരയാമകളും സസ്യഭുക്കുകളുമാണ്. ഇവയ്ക്കാണ് കൂടുതല്‍ ഭാരമുള്ള പുറം തോടുള്ളത്. വെള്ളത്തിലിറങ്ങിയാല്‍ നീന്താനും ഇവയ്ക്ക് സാധിക്കും. 80 വര്‍ഷം മുതല്‍ 150 വര്‍ഷം വരെയാണ് കരയാമകളുടെ ശരാശരി ആയുസ്.

ഇനി കടലാമകളുടെ കാര്യമെടുത്താല്‍ ഇവ എന്തും കഴിക്കുന്നവരാണ്. വെള്ളത്തില്‍ നീന്തി തുടിക്കാന്‍ പാകത്തിനുള്ള ചിറക് പോലെ തോന്നിക്കുന്ന കാലുകളുമാണ് ഇവയുടേത്. കടലാമകളുടെ പുറംതോട് കനം കുറഞ്ഞതായിരിക്കും. നീന്താനും മറ്റും എളുപ്പത്തിനാണ് ഇവയുടെ പുറം തോടിന്റെ കട്ടി കുറഞ്ഞിരിക്കുന്നത്. കടലാമകളുടെ ശരാശരി ആയുസ്സ് 30 മുതല്‍ 50 വര്‍ഷമാണ്. ഇതിലും കൂടുതല്‍ ജീവിക്കുന്നവയും ധാരാളമുണ്ട്.

ഭീമന്‍ കൗതുകങ്ങള്‍

ഇന്ന് ലോകത്തുള്ള ഭീമന്‍ കരയാമകള്‍ കൂടുതലും സീഷെല്‍സിലും ഗാലപ്പഗോസ് ദ്വീപുകളിലുമാണ്. 2021 മേയ് മാസത്തില്‍ ലോകത്ത് തന്നെ അപൂര്‍വ്വമായ, ശുദ്ധജലത്തില്‍ വളരുന്ന കാന്‍ന്റേഴ്സ് ജയന്റ് സോഫ്റ്റ് ഷെല്‍ ടര്‍ടില്‍ എന്ന ഭീമന്‍ ആമയെ കാസര്‍ഗോഡ് ഒരു നദിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ അപൂര്‍വ്വം ഇനങ്ങളില്‍ പെട്ട മൃദുവായ തോടുള്ള ഈ ആമ 100 കിലോയിലധികം ഭാരമുള്ളതാണ്. നേരത്തെ പറഞ്ഞ പോലെ സാധാരണ കരയാമകള്‍ സസ്യഭുക്കാണ്. പുല്ല് വരെ ആമകള്‍ കഴിക്കുന്നത് കാണാം. എന്നാല്‍ കടലാമകളാകട്ടെ നേരെ തിരിച്ചാണ്. എന്തും കഴിക്കും. മിശ്രഭുക്കുകളാണ് കടലാമകളെന്നും പറയാം.

ഇക്കഴിഞ്ഞ ആഗസ്റ്റില്‍ സീഷെല്‍സിലെ ചില ഭീമന്‍ കരയാമകള്‍ കുഞ്ഞ് പക്ഷികളെ കഴിക്കുന്നതായി കണ്ടെത്തി. ഇത് ശാസ്ത്രലോകത്ത് വളരെ അതിശയവും ഞെട്ടലുമാണ് ഉണ്ടാക്കിയത്. സസ്യഭുക്കുകളായിരുന്ന ഇവ പെട്ടെന്ന് ഇര പിടിയന്മാരായതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കുമെന്ന് പ്രതീക്ഷിക്കാം.