
തോട്ടിപ്പണി അവസാനിപ്പിച്ച ബാന്‍ഡിക്കൂട്ട്; കഥ തീര്‍ന്നില്ല...
തോട്ടിപ്പണി അവസാനിപ്പിച്ച ബാന്‍ഡിക്കൂട്ട് റോബോട്ടുകള്‍ക്ക് പിന്നാലെ പല ഉപയോഗങ്ങളുള്ള ഹ്യുമനോയിഡ് റോബോട്ടെന്ന പദ്ധതിയുമായി നാല് മലയാളി ചെറുപ്പക്കാരുടെ ശാസ്ത്രസംരംഭം...
തോട്ടിപ്പണി അവസാനിപ്പിച്ച ബാന്‍ഡിക്കൂട്ട് റോബോട്ടുകള്‍ പുറത്തിറക്കി ലോകശ്രദ്ധ നേടിയതിന് പിന്നാലെ പല ഉപയോഗങ്ങളുള്ള ഹ്യുമനോയിഡ് റോബോട്ടെന്ന സ്വപ്ന പദ്ധതിയുമായി സധൈര്യം മുന്നോട്ട്പോകുകയാണ് നാല് മലയാളി ചെറുപ്പക്കാരുടെ ഈ ശാസ്ത്രസംരംഭം. അംഗവൈകല്യം നേരിടുന്നവര്‍ക്ക് ഫിസിയോതെറാപ്പി സേവനം നല്കുന്ന ജി ഗെയ്റ്റര്‍ എന്ന മറ്റൊരു റോബോട്ടിക് സൊലൂഷനുമായി വീണ്ടും ശ്രദ്ധ നേടുകയാണ് ജെന്‍ റോബോട്ടിക്സ്.
തന്റെ കളിപ്പാവകള്‍ കാര്‍ട്ടൂണിലെ റോബോട്ടുകളെ പോലെ സ്വയം ഓടുകയും ചാടുകയും താന്‍ പറയുന്നതൊക്കെ ചെയ്യുകയും ചെയ്തിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്ന ഒരു കുട്ടിയുണ്ടായിരുന്നു മലപ്പുറത്ത്. അംഗണ്‍വാടിയില്‍ പഠിക്കുമ്പോള്‍ മരപ്പാവയുടെ കയ്യും കാലുമൊക്കെ കറക്കുന്നത് കണ്ട് എന്താണീ ചെയ്യുന്നതെന്ന് ടീച്ചര്‍ ചോദിച്ചപ്പോള്‍ ഞാനതിന് ജീവന് കൊടുക്കുകയാണെന്ന് പറഞ്ഞ ഒരു കുട്ടി. കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ ഇംഗ്ലീഷ് സിനിമകളിലെ സൂപ്പര്ഹീറോസിനോടായി അവന്റെ അരാധന. സയന്‍സ് ഫിക്ഷന്‍ സിനിമകളിലായിരുന്നു കൂടുതല്‍ താല്‍പ്പര്യം.
വിഡിയോ കാണുക
കൂട്ടുകാരുമായുള്ള വര്ത്തമാനങ്ങളിലൊക്കെ പലപ്പോഴും റോബോട്ടുകള്‍ കയറി വരുമായിരുന്നു. മനുഷ്യനപ്പുറം, അതല്ലെങ്കില്‍ മനുഷ്യരെ പോലെ പരിമിതികള്‍ ഇല്ലാത്ത കൂട്ടര് എന്ന വസ്തുതയായിരുന്നു റോബോട്ടുകളെയും സൂപ്പര്ഹീറോസിനെയുമൊക്കെ അവനിലേക്ക് അടുപ്പിച്ചത്. അങ്ങനെ റോബോട്ടിക്സ് എന്ന മോഹം അവന്റെയുള്ളില്‍ മുള പൊട്ടി. എഞ്ചിനീയറിംഗ് ആണ് തന്റെ വഴിയെന്ന് വളരെ നേരത്തെ തിരിച്ചറിഞ്ഞ അവന് എട്ടാം ക്ലാസ് മുതല്‍ ടെക്നിക്കല്‍ വിദ്യാഭ്യാസം തെരഞ്ഞെടുത്തു.
പ്ലസ്ടുവിന് ശേഷം നാട്ടില്‍ തന്നെയുള്ള എഞ്ചിനീയറിംഗ് കോളെജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗിന് ചേര്‍ന്നു. അതേ സമയം തന്നെ റോബോട്ടുകളെയും സൂപ്പര്‍ഹീറോസിനെയും ഇഷ്ടപ്പെട്ടിരുന്ന മലപ്പുറത്തും പാലക്കാട്ടും നിന്നുമുള്ള മറ്റ് മൂന്നുപേര്‍ കൂടി ഈ കോളെജില്‍ എത്തിച്ചേര്‍ന്നു. പിന്നീടവര്‍ ഒന്നിച്ചുചേര്‍ന്നു. റോബോട്ടുകളേക്കാള്‍ മനുഷ്യരെ സ്നേഹിക്കാനും മനുഷ്യനന്മയ്ക്കായി റോബോട്ടിക്സ് വഴിയായി തെരഞ്ഞെടുക്കാനും അവര്‍ തീരുമാനിച്ചു. ഇതൊരു കഥയല്ല. ഇനിയങ്ങോട്ടുള്ളതും. തങ്ങളുടെ അറിവും കഴിവും സമൂഹത്തിന്റെ ഉന്നമനത്തിനായി സമര്‍പ്പിച്ച നാല് ചെറുപ്പക്കാരുടെ വിജയഗാഥയാണ്.
ലോകത്ത് ആദ്യമായി തോട്ടിപ്പണി (വിസര്‍ജ്യ ടാങ്കുകളും ഓവുചാലുകളും വൃത്തിയാക്കുന്ന ജോലി) ചെയ്യുന്നതിന് റോബോട്ടിനെ ഉപയോഗിച്ച സ്ഥലം ഏതാണെന്ന് അറിയുമോ. അഭിമാനത്തോടെ പറയാം. അത് നമ്മുടെ കേരളമാണ്. ഇനി മറ്റൊരു കാര്യം. തോട്ടിപ്പണിയെന്ന ലോകത്തിലെ തന്നെ ഏറ്റവും മനുഷ്യത്വഹീനമായ ജോലിക്ക് റോബോട്ടിലൂടെ ഒരു പരിഹാരമാര്‍ഗം കൊണ്ടുവന്ന കമ്പനി ഏതാണെന്ന് അറിയാമോ. ജെന്‍ റോബോട്ടിക്സ്. വീണ്ടും അഭിമാനിക്കാം. ആ കമ്പനി നമ്മുടെ കൊച്ചു കേരളത്തിലാണ്.
കേരള വാട്ടര്‍ അതോറിട്ടിക്ക് വേണ്ടി 2018ല്‍ ആദ്യത്തെ ബാന്‍ഡികൂട്ട് വികസിപ്പിച്ച ജെന്‍ റോബോട്ടിക്സ് ഇന്ന് രാജ്യത്തെ പതിനഞ്ചോളം സംസ്ഥാനങ്ങളില്‍ ബാന്‍ഡികൂട്ടിന്റെ സേവനം ലഭ്യമാക്കിയിരിക്കുന്നു
1993ല്‍ ഇന്ത്യയില്‍ നിയമം മൂലം തോട്ടിപ്പണി നിരോധിച്ചു. 2013ല്‍ നിയമഭേദഗതിയില്‍ ഓവുചാല്‍, വിസര്‍ജ്യ ടാങ്കുകള്‍ എന്നിവയുടെ ശുചീകരണവും ഉള്‍പ്പെടുത്തിയിട്ടും ബദല്‍ മാര്‍ഗ്ഗത്തിന്റെ അഭാവത്തില്‍ ഓവുചാലിലും മാലിന്യടാങ്കിലും അര്‍ധനഗ്നരായി ഇറങ്ങി കഴുത്തറ്റം ദുര്‍ഗന്ധം വമിക്കുന്ന മലിനജലത്തില്‍ മുങ്ങി മാലിന്യം കോരേണ്ടി വന്ന ഒരു കൂട്ടം ആളുകള്‍ നമുക്കിടയില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് ആ ദുരിതത്തില്‍ നിന്നും മോചനം നല്‍കുകയെന്ന ലക്ഷ്യത്തോടെ ബാന്‍ഡിക്കൂട്ട് എന്ന റോബോട്ടിന് ജന്മം നല്‍കിയത് മലയാളികളായ വിമല്‍ ഗോവിന്ദ്, അരുണ്‍ ജോര്‍ജ്ജ്, കെ റാഷിദ്, എന്‍ പി നിഖില്‍ എന്നീ നാല് ചെറുപ്പക്കാരാണ്. റോബോട്ടിക്സിലുള്ള ഇവരുടെ പാടവം തിരിച്ചറിഞ്ഞ് അത്തരമൊരു ആശയം അവര്‍ക്ക് നല്‍കിയത് അന്നത്തെ ഐടി സെക്രട്ടറി ആയിരുന്ന എം ശിവശങ്കര്‍ ആയിരുന്നു. അത് പഴയ കഥ.
കേരള വാട്ടര്‍ അതോറിട്ടിക്ക് വേണ്ടി 2018ല്‍ ആദ്യത്തെ ബാന്‍ഡികൂട്ട് വികസിപ്പിച്ച ജെന്‍ റോബോട്ടിക്സ് ഇന്ന് രാജ്യത്തെ പതിനഞ്ചോളം സംസ്ഥാനങ്ങളില്‍ ബാന്‍ഡികൂട്ടിന്റെ സേവനം ലഭ്യമാക്കിയിരിക്കുന്നു. ഇപ്പോഴിതാ ബാന്‍ഡിക്കൂട്ടിന് ശേഷം അംഗവൈകല്യം നേരിടുന്നവര്‍ക്ക് ഫിസിയോതെറാപ്പി സേവനം നല്കുന്ന ജി ഗെയ്റ്റര്‍ എന്ന മറ്റൊരു റോബോട്ടിക് സൊലൂഷനുമായി വീണ്ടും ശ്രദ്ധ നേടുകയാണ് ജെന്‍ റോബോട്ടിക്സ്.
ജി ഗെയ്റ്റര്‍-റണ്‍ ബാക് ടു വാക്കിംഗ്
ബാന്ഡിക്കൂട്ടാണ് ജെന്‍ റോബോട്ടിക്സിന്റെ വിപണിയിലിറങ്ങിയ ആദ്യ ഉല്‍പ്പന്നമെങ്കിലും കമ്പനി വികസിപ്പിച്ച ആദ്യ റോബോട്ട് ബാന്ഡികൂട്ടല്ല. മലപ്പുറത്ത് എംഇഎസ് എഞ്ചിനീയറിംഗ് കോളെജില്‍ പഠിക്കുമ്പോള്‍ തന്നെ കോളെജ് തലത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടിയുള്ള ഐഡിസി (ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പ്പറേഷന്) സഹായം ഉപയോഗപ്പെടുത്തി വിമലും അരുണും നിഖിലും റാഷിദും സ്റ്റാര്‍ട്ടപ്പ് രൂപീകരിച്ച് തങ്ങളുടെ ആശയങ്ങള്‍ വികസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
ഭാവിയില്‍ ഒരു കമ്പനിയായി മാറി പണമുണ്ടാക്കുകയെന്ന ലക്ഷ്യമായിരുന്നില്ല, മറിച്ച് ഇത്തരം സാധ്യതകളിലൂടെ തങ്ങളുടെ റോബോട്ടിക് സ്വപ്നങ്ങള്‍ക്ക് ജീവന് കൊടുക്കുകയെന്നതായിരുന്നു അവരുടെ ചിന്ത. അങ്ങനെ അവര്‍ ഒരു പവര്‍ എക്സോസ്കെലിട്ടണ്‍ (ശരീരത്തിന് പുറത്ത് അണിയാവുന്ന റോബോട്ട്) വികസിപ്പിച്ചു. ജെയിംസ് കാമറൂണിന്റെ അവതാര്‍ സിനിമ ആയിരുന്നു അതിനുള്ള പ്രചോദനം. 14 അടി ഉയരമുള്ള, മനുഷ്യന് സമാനമായി ചലിക്കുന്ന ഒരു യന്ത്രമായിരുന്നു അത്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുള്ള അത്തരം എക്സോസ്കെലിട്ടണുകള് വികസിപ്പിക്കണമെന്നതായിരുന്നു ജെന്‍ റോബോട്ടിക്സ് ടീമിന്റെ ആഗ്രഹമെന്ന് സയന്‍സ് ഇന്‍ഡിക്കയോട് പറയുന്നു ജെന്‍ റോബോട്ടിക്സ് സിഇഒ വിമല്‍ ഗോവിന്ദ്.
എന്നാല്‍ അതിന് വലിയ തോതിലുള്ള ഫണ്ടിംഗും ഗവേഷണ വികസന പ്രവര്‍ത്തനങ്ങളും (R&D) ആവശ്യമാണെന്നതും വിപണിയിലിറക്കുന്നതിന് സര്‍ട്ടിഫിക്കേഷനും ബ്രാന്‍ഡിംഗും മാര്‍ക്കറ്റിംഗും അടക്കം നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നതും വെല്ലുവിളിയായി അവശേഷിച്ചു. അങ്ങനെയാണ് ഇത്തരം വെല്ലുവിളികളൊന്നും ഇല്ലാത്ത ബാന്‍ഡിക്കൂട്ട് വികസിപ്പിക്കാന്‍ അവര്‍ തീരുമാനിക്കുന്നത്.
ബാന്ഡിക്കൂട്ടിലൂടെ ലഭിച്ച വരുമാനവും ആനന്ദ് മഹീന്ദ്രയില്‍ നിന്നടക്കം സ്വന്തമാക്കിയ ഫണ്ടിംഗും അംഗവൈകല്യം നേരിടുന്നവര്‍ക്കുള്ള എക്സോസ്കെലിട്ടണ്‍ പ്രോജക്ടിനായുള്ള ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ജെന്‍ റോബോട്ടിക്സ് ഉപയോഗപ്പെടുത്തി
ബാന്ഡിക്കൂട്ടിലൂടെ ലഭിച്ച വരുമാനവും ആനന്ദ് മഹീന്ദ്രയില്‍ നിന്നടക്കം സ്വന്തമാക്കിയ ഫണ്ടിംഗും അംഗവൈകല്യം നേരിടുന്നവര്‍ക്കുള്ള എക്സോസ്കെലിട്ടണ്‍ പ്രോജക്ടിനായുള്ള ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ജെന്‍ റോബോട്ടിക്സ് ഉപയോഗപ്പെടുത്തിയിരുന്നു. അതിന്റെ ഫലമാണ് കമ്പനിയുടെ പുതിയ ഉല്‍പ്പന്നമായ ജി ഗെയ്റ്റര്‍. റോഡപകടങ്ങള്‍ മൂലമോ സ്ട്രോക്ക് പോലുള്ള ശാരീരിക പ്രശ്നങ്ങള്‍ മൂലമോ ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങള്‍ തളര്‍ന്നവര്‍ക്ക് ഫിസിയോതെറാപ്പി സേവനം നല്കുന്ന റോബോട്ട് ആണിത്.
ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ തളര്‍ന്നവര്‍ക്ക് ആ ഭാഗത്തിന്റെ ചലനങ്ങള്‍ തിരിച്ചുപിടിക്കുന്നതിനുള്ള ഒരു വഴിയാണ് ഫിസിയോതെറാപ്പി. രോഗിക്കും ഫിസിയോതെറാപ്പിസ്റ്റിനും ഒരുപോലെ ആയാസമുണ്ടാക്കുന്ന ഒന്നാണിത്. തളര്‍ന്നുപോയ കയ്യോ കാലോ വീണ്ടും ചലിപ്പിക്കുന്നതിന് ആ ഭാഗങ്ങള്‍ നിരന്തരമായി ചലിപ്പിച്ച് തലച്ചോറും ആ ഭാഗവും തമ്മിലുള്ള ബന്ധം വീണ്ടെടുക്കേണ്ടതുണ്ട്. എന്നാലിത് രോഗിക്ക് തനിയെ ചെയ്യാന്‍ സാധിക്കുന്ന ഒന്നല്ല. മിക്ക ഘട്ടങ്ങളിലും പരസഹായം ആവശ്യമായി വരും. ഒരു റോബോട്ടിന്റെ സഹായമുണ്ടെങ്കില്‍ ഇത് വളരെ എളുപ്പമാകും.
ഉദാഹരണത്തിന് കാലാണ് തളര്ന്നുപോയതെങ്കില് ആ കാലിന് പുറത്തായി അണിയാവുന്ന റോബോട്ടിക് ലെഗ് ഫിസിയോതെറാപ്പിസ്റ്റിനെ പോലെ തളര്‍ന്നുപോയ കാല് ചലിപ്പിക്കാനും അടിവെച്ച് അടിവെച്ച് നടക്കാനും സഹായിക്കും. ഇങ്ങനെ നിരന്തര പരിശ്രമത്തിലൂടെ കാലിന്റെ ചലനം വീണ്ടെടുക്കാന്‍ കഴിയും. നിലവില്‍ ജി ഗെയ്റ്ററിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പുരോഗമിച്ച് വരികയാണ്.
ബാന്‍ഡിക്കൂട്ടിന്റെ നിലവിലെ മോഡല്‍ വികസ്വര രാഷ്ട്രങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ളതാണ്. കൂടുതല്‍ ഓട്ടോമേറ്റഡ് ആയിട്ടുള്ള വരും പതിപ്പുകള്‍ വികസിത രാഷ്ട്രങ്ങള്‍ക്കും ആവശ്യമായി വരും
ബാന്ഡിക്കൂട്ടിനേക്കാള് അന്താരാഷ്ട്ര തലത്തില്‍ ജി ഗെയ്റ്റര്‍ കൂടുതല്‍ ശ്രദ്ധ നേടുമെന്ന പ്രതീക്ഷയിലാണ് ജെന്‍ റോബോട്ടിക്സ്. ബാന്‍ഡിക്കൂട്ടിന്റെ നിലവിലെ മോഡല്‍ വികസ്വര രാഷ്ട്രങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ളതാണ്. കൂടുതല്‍ ഓട്ടോമേറ്റഡ് ആയിട്ടുള്ള വരും പതിപ്പുകള്‍ വികസിത രാഷ്ട്രങ്ങള്‍ക്കും ആവശ്യമായി വരും. അതില്‍ നിന്നും വ്യത്യസ്തമായി ജി ഗെയ്റ്റര്‍ എല്ലാ രാജ്യങ്ങള്‍ക്കും ആവശ്യമായി വരും. കാരണം എല്ലാ രാജ്യങ്ങളിലും പല കാരണങ്ങളാല്‍ അംഗവൈകല്യം നേരിടുന്ന വലിയൊരു വിഭാഗം ആളുകള്‍ ഉണ്ട്. നിലവില്‍ ഫിസിയോതെറാപ്പിക്ക് വേണ്ടിയുള്ള റോബോട്ടുകള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും അവയെല്ലാം വളരെ വിലയേറിയതാണ്. ജി ഗെയ്റ്റര്‍ താരതമ്യേന വില കുറഞ്ഞ, എന്നാല്‍ തീര്‍ത്തും സുരക്ഷിതമായ ഒരു റോബോട്ടിക് സൊലൂഷനായിരിക്കുമെന്ന് വിമല്‍ ഗോവിന്ദ് ഉറപ്പ് നല്കുന്നു.
സാമൂഹ്യപ്രതിബദ്ധത ലക്ഷ്യം
ഒരേ കോളെജില്‍ എഞ്ചിനീയറിംഗ് പഠിച്ചുവെന്നതല്ല ജെന്‍ റോബോട്ടിക്സ് സ്ഥാപകരായ വിമലും അരുണും റാഷിദും നിഖിലും ഒന്നിക്കാനുള്ള പ്രധാന കാരണം. എഞ്ചിനീയറിംഗ് എന്ന പൊതു താല്‍പ്പര്യത്തിനപ്പുറം സമൂഹത്തിനായി എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യണമെന്ന ആഗ്രഹമാണ് ഇവരെ നാലുപേരെയും അടുപ്പിച്ചത്. പഠനകാലത്ത് തന്നെ അവര്‍ അത്തരത്തിലുള്ള സാമൂഹിക സേവനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.
പഠനത്തിനൊപ്പം രക്തദാനം, ചെടികള്‍ വെച്ച് പിടിപ്പിക്കല്‍, ശുചീകരണം, ആശുപത്രികളിലെ കേടുവന്ന കിടക്കളും മറ്റ് ഉപകരണങ്ങളും ശരിയാക്കി കൊടുക്കല്‍ തുടങ്ങിയ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കെയാണ് എഞ്ചിനീയര്‍മാര്‍ എന്ന നിലയില്‍ തങ്ങള്‍ക്ക് ഇതിനേക്കാള്‍ വലിയ കാര്യങ്ങള്‍ സമൂഹത്തിന് വേണ്ടി ചെയ്യാന്‍ കഴിയുമെന്ന് അവര്‍ തിരിച്ചറിയുന്നത്. എഞ്ചിനീയറിംഗിന്റെ പല ശാഖകളും ഒന്നിക്കുന്ന റോബോട്ടിക്സില്‍ ഒരു കൈ നോക്കാന്‍ അങ്ങനെ അവര്‍ തീരുമാനിച്ചു. സമൂഹത്തിന് ഉപകാരമാകുന്ന റോബോട്ടുകള്‍ക്ക് ജീവന് നല്കുകയെന്നതായിരുന്നു ലക്ഷ്യം. പഠനകാലത്ത് തന്നെ എക്സോസ്കെലിട്ടണ്‍ പ്രോജക്ട് വിജയമാക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞു. അത് മികച്ച രീതിയിലുള്ള അംഗീകാരവും സ്വന്തമാക്കി. പക്ഷേ ഫണ്ടിംഗിന്റെ അഭാവത്തില്‍ തുടര്‍ പദ്ധതികള്‍ മുടങ്ങി. എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയതോടെ ജോലി കിട്ടി അവര്‍ പല വഴികളിലായി പിരിഞ്ഞു.
ഒരു കമ്പനിക്ക് കീഴിലുള്ള ജോലിയുടെ പരിമിതികളും സാധ്യതകളും തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ അവര്‍ ജെന്‍ റോബോട്ടിക്സിലേക്ക് മടങ്ങിപ്പോകാന്‍ പല ഘട്ടത്തിലും ആഗ്രഹിച്ചു. പക്ഷേ ഫണ്ടിംഗ് വീണ്ടും വില്ലനായി. എങ്കിലും ജോലിത്തിരക്കുകള്‍ക്കിടയിലും റോബോട്ടിക് ആശയങ്ങള്‍ വികസിപ്പിക്കാന്‍ സമയം കണ്ടെത്തി. അപ്പോഴാണ് തിരുവനന്തപുരത്ത് ഐഡിസി സമ്മിറ്റ് നടക്കുന്നത്. കോളെജ് പഠനകാലത്ത് ജെന്‍ റോബോട്ടിക്സ് വികസിപ്പിച്ച എക്സോസ്കെലിട്ടണും അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. മേളക്കെത്തിയ അന്നത്തെ ഐടി സെക്രട്ടറി ഇത് കണ്ട് ജെന്‍ റോബോട്ടിക്സ് ടീമിനെ വിളിപ്പിച്ചു. ഓവുചാലകളും മാലിന്യക്കുഴികളും വൃത്തിയാക്കാനുള്ള ഒരു റോബോട്ടിനെ വികസിപ്പിക്കാനായാല്‍ അത് സമൂഹത്തിന് ഏറെ നേട്ടമാകുമെന്ന് അദ്ദേഹം അവരെ അറിയിച്ചു. ഇതിനായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന സാമ്പത്തിക, സാങ്കേതിക സഹായങ്ങള്‍ ജെന്‍ റോബോട്ടിക്സിന് ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം ഉപദേശിച്ചു. റോബോട്ടിക്സിലുള്ള തങ്ങളുടെ സ്വപ്നങ്ങളും സമൂഹത്തിന് നന്മ ചെയ്യുകയെന്ന ആഗ്രഹവും സഫലമാക്കാന്‍ ഇതിലും മികച്ച വഴിയില്ലെന്ന് തിരിച്ചറിഞ്ഞ ആ യുവാക്കള്‍ ജോലി വിട്ടെറിഞ്ഞ് ആ ദൗത്യം സസന്തോഷം സ്വീകരിച്ചു.
മാനുവല്‍ സ്കാവന്‍ജിംഗ് അഥവാ തോട്ടിപ്പണി എത്രത്തോളം മനുഷ്യത്വഹീനമായ ജോലിയാണെന്ന് അവര്‍ മനസിലാക്കുന്നത് ഈ നാളുകളിലാണ്. നിത്യവൃത്തിക്ക് വേണ്ടിയും ജാതീയമായ കാരണങ്ങള്‍ കൊണ്ടും ഈ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നവര്‍ കഴുത്തറ്റം മാലിന്യത്തില്‍ മുങ്ങിയാണ് മണിക്കൂറുകളോളം പണിയെടുക്കുന്നത്. പണി കഴിഞ്ഞ് സോപ്പിട്ട് എത്രവട്ടം കുളിച്ചാലും ദുര്‍ഗന്ധം പോകാത്തതിനാല്‍ ഭക്ഷണം പോലും വേണ്ടെന്ന് വെക്കുന്ന ഇവരുടെ കഥകള്‍ നേരിട്ടറിഞ്ഞതോടെ ഇതിനൊരു അറുതിയുണ്ടാക്കണമെന്ന് ഈ ചെറുപ്പക്കാര്‍ മനസ്സിലുറപ്പിച്ചു. ആ സമയത്താണ് കോഴിക്കോട്ട് ഓവുചാല്‍ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് തൊഴിലാളികളും രക്ഷിക്കാനെത്തിയ ഓട്ടോ ഡ്രൈവറും മരിക്കുന്നത്. ഇതോടെ ബാന്‍ഡിക്കൂട്ടിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായി. അങ്ങനെ 2018 ഫെബ്രുവരിയില്‍ രാജ്യത്തെ, അല്ല ലോകത്തിലെ തന്നെ ആദ്യത്തെ മാന്‍ഹോള്‍ വൃത്തിയാക്കുന്ന റോബോട്ട് തിരുവന്തപുരത്ത് യാഥാര്‍ത്ഥ്യമായി.
മാനുവല്‍ സ്കാവന്‍ജിംഗ് റോബോട്ടിക് സ്കാവന്ജിംഗിന് വഴി മാറുന്നതോടെ ഒരു വിഭാഗം ആളുകളുടെ തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീഷണിയും ഉയര്‍ന്നുവന്നു. എന്നാല്‍ അവരെ ബാന്‍ഡിക്കൂട്ട് ഓപ്പറേറ്റര്‍മാരായി കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യത്തിലേക്ക് കൈ പിടിച്ചുയര്‍ത്താന്‍ ജെന്‍ റോബോട്ടിക്സ് തന്നെ മുന്നിട്ടിറങ്ങി.
ബാന്‍ഡിക്കൂട്ട് - പേരില്‍ എലി പ്രവൃത്തിയില്‍ എട്ടുകാലി
ഓവുചാലുകളിലും മാലിന്യ പൈപ്പുകളിലുമെല്ലാം ധാരാളമായി കണ്ടുവരുന്ന ഒരു തരം എലികളാണ് ബാന്ഡിക്കൂട്ടുകള്. ഇവയുടെ പേരാണ് ജെന്‍ റോബോട്ടിക്സ് തങ്ങളുടെ ആദ്യ റോബോട്ടിന് നല്‍കിയതെങ്കിലും കാഴ്ചയിലും പ്രവൃത്തിയിലും ഈ റോബോട്ട് ഒരു എട്ടുകാലിയെ പോലെയാണ്.
എട്ടുകാലിയെ പോലെ ഒരു കമ്പിയില്‍ തൂങ്ങി മാന്‍ഹോളിനുള്ളിലേക്ക് ഇറങ്ങാനും അവിടെയെത്തിയതിന് ശേഷം കാലുകള്‍ വിടര്‍ത്തി ഒരു മനുഷ്യനെ പോലെ മാലിന്യം കോരിയെടുത്ത് ബക്കറ്റില്‍ നിക്ഷേപിക്കാനും ഇവയ്ക്ക് സാധിക്കും. മികച്ച ക്യാമറാ സംവിധാനവും സെന്‍സറുകളുമാണ് ബാന്‍ഡിക്കൂട്ടിന്റെ പ്രത്യേകത. വാട്ടര്‍പ്രൂഫ് ക്യാമറ നല്കുന്ന ദൃശ്യങ്ങളുടെ സഹായത്താല്‍ ഓപ്പറേറ്റര്‍ക്ക് ബാന്‍ഡിക്കൂട്ടിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാനാകും.
മികച്ച ക്യാമറാ സംവിധാനവും സെന്‍സറുകളുമാണ് ബാന്‍ഡിക്കൂട്ടിന്റെ പ്രത്യേകത
ബാന്ഡിക്കൂട്ടായാലും ജി ഗെയ്റ്റര്‍ ആയാലും സമൂഹത്തിന് ഗുണകരമാകുന്ന പ്രോജക്ടുകളാണ് ജെന്‍ റോബോട്ടിക്സിന്റെ പദ്ധതികളിലുള്ളത്. പ്രധാനമായും മെഡിക്കല്‍, ശുചീകരണ മേഖലകള്‍ക്കാണ് കമ്പനി ഊന്നല്‍ നല്‍കുന്നത്. വലിയ കെട്ടിടങ്ങളില്‍ ജനാലകളും മറ്റും വൃത്തിയാക്കുന്നതിനും അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനും പെയിന്റിംഗിനും ഒക്കെ ഉപയോഗിക്കുന്ന ഒരു റോബോട്ടിന്റെ പണിപ്പുരയിലാണ് കമ്പനി. ശുചീകരണ ജോലികള്‍ക്കായി കൂടുതല്‍ റോബോട്ടിക് സൊലൂഷനുകള്‍ വികസിപ്പിക്കുന്നതിന് കമ്പനി പ്രാമുഖ്യം നല്‍കുന്നുണ്ട്. കാരണം വീടുകളില്‍ പോലും അത്തരം ജോലികള്‍ ചെയ്യാന്‍ ആരും ആഗ്രഹിക്കുന്നില്ല, എന്നാല്‍ മറ്റ് വഴികളില്ലാതെ അവ ചെയ്യാതിരിക്കാനും ആര്‍ക്കും സാധിക്കില്ല. പല ഉപയോഗങ്ങളുള്ള ഹ്യുമനോയിഡ് റോബോട്ടാണ് ജെന്‍ റോബോട്ടിക്സിന്റെ സ്വപ്ന പദ്ധതി. മനുഷ്യരെ പോലെ എന്ത് ജോലികളും ചെയ്യുന്ന ഒന്നായിരിക്കും അത്.
റോബോട്ടിക് യുഗം വിദൂരമല്ല
റോബോട്ടെന്നാല് നമുക്കെല്ലാം കയ്യും കാലും മുഖവുമൊക്കെയുള്ള മനുഷ്യസദൃശ്യമായ ഒരു രൂപമാണ്. യന്ത്രമനുഷ്യന് എന്നാണ് പണ്ട് മുതല്ക്കേ നമ്മള് റോബോട്ടുകളെ വിളിക്കുന്നത് പോലും. എന്നാല്‍ സെന്‍സറുകളുടെ സഹായത്താല്‍ ഓട്ടോമേറ്റഡ് ആയി പ്രവര്‍ത്തിക്കുന്ന പ്രോഗ്രാം ചെയ്ത യന്ത്രങ്ങളെയൊക്കെ നമുക്ക് റോബോട്ട് എന്ന് വിളിക്കാമെന്ന് വിമല്‍ പറയുന്നു. ഒരു പ്രത്യേക ജോലിക്കായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന യന്ത്രത്തെ അപേക്ഷിച്ച് റോബോട്ടുകള്‍ സാങ്കേതികപരമായി കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കും. അവയ്ക്ക് ആശയവിനിമയ ശേഷി ഉണ്ടായിരിക്കും. പ്രോഗ്രാം കോഡില്‍ മാറ്റം വരുത്തിയാല്‍ അവ ജോലി ചെയ്യുന്ന രീതിയില്‍ മാറ്റം വരുത്താനാകും. ഇപ്പോള്‍ ഇറങ്ങുന്ന ഇലക്ട്രിക് കാറുകള്‍ വരെ റോബോട്ടുകളാണ്. അത്തരത്തില്‍ നമുക്ക് ചുറ്റും റോബോട്ടുകള്‍ നിറയുന്ന കാലം വിദൂരമല്ല.
മനുഷ്യരുടെ ശാരീരിക അധ്വാനം കുറയ്ക്കുന്നതിനും പലതരത്തിലുള്ള ആയാസകരമായ ജോലികള്‍ ചെയ്യുന്നതിനും ഒരു സഹായി എന്ന നിലയിലും ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ റോബോട്ടുകള്‍ നമുക്കിടയിലെത്തും. അതുമാത്രമല്ല മനുഷ്യനെ പോലെ ചിന്തിക്കുകയും ആ ചിന്തകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന റോബോട്ടുകളും ഒരു നാള് നമ്മുടെ ചങ്ങാതിമാരായി എത്തും.