
ഫോസില്‍ ഇന്ധനമില്ലാതെ എങ്ങനെ വിമാനങ്ങള്‍ പറത്താന്‍ കഴിയും?
വരുന്ന 50-70 വര്‍ഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ അന്തരീക്ഷം മുഴുവന്‍ ശ്വസിക്കാന്‍ കഴിയാത്ത തരത്തില്‍ വിഷാംശം നിറഞ്ഞതാകും
Summary
ഇനി വരുന്ന ദശാബ്ദം ഭൂമിക്ക് നിര്‍ണായകമാണ്. മാറുന്ന കാലാവസ്ഥയ്ക്ക് അനുസരിച്ച് മനുഷ്യന് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നി പറയുകയാണ് ഓരോ കാലാവസ്ഥാ ഉച്ചകോടിയും. ഫോസില്‍ ഇന്ധനങ്ങള്‍ മാറ്റി നിര്‍ത്തുക, കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക, മീഥെയ്ന്‍ വാതകം പുറന്തള്ളുന്നത് നിര്‍ത്തുക തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ ലോക രാജ്യങ്ങളും യുഎന്നും മുന്നോട്ട് വച്ചു. പക്ഷേ ഇന്ത്യയും ചൈനയും കല്‍ക്കരി പോലുള്ള ഫോസില്‍ ഇന്ധനങ്ങളോട് പെട്ടെന്ന് വിട പറയാനാകില്ലെന്നു പറയുകയുണ്ടായി. എന്തുകൊണ്ടാണ് ലോകരാജ്യങ്ങളെല്ലാം അനുകൂലിച്ചപ്പോഴും അത്ര പെട്ടെന്ന് ഫോസില്‍ ഇന്ധനം ഉപേക്ഷിക്കാനാകില്ലെന്ന് ഇന്ത്യ പറയുന്നത്? ഇന്ത്യ എന്ന് ഫോസില്‍ ഇന്ധനത്തോട് ഗുഡ്ബൈ പറയും?
ഇക്കഴിഞ്ഞ നവംബറില്‍ നടന്ന ലോക കാലാവസ്ഥാ ഉച്ചകോടിയില്‍ ഇന്ത്യയും ലോക രാഷ്ട്രങ്ങളും എടുത്ത ചില തീരുമാനങ്ങള്‍ നമ്മുടെ ലോകത്തെ സംബന്ധിച്ച് വളരെ പ്രധാനമാണ്. കാരണം, വരും ദശകങ്ങളില്‍ നമ്മുടെ ഭാവി തന്നെ നിര്‍ണയിക്കുന്ന ഉടമ്പടിയിലാണ് സ്കോട്ലന്റിലെ ഗ്ലാസ്ഗോവില്‍ വച്ചു നടന്ന ഉച്ചകോടിയില്‍ ഇരുനൂറോളം ലോക രാജ്യങ്ങള്‍ ഒപ്പിട്ടത്. ഇവയില്‍ ഏറ്റവും പ്രധാനം കല്‍ക്കരി മുതലായ ഫോസില്‍ ഇന്ധനങ്ങള്‍ ഉപേക്ഷിക്കുക എന്ന തീരുമാനമായിരുന്നു. എന്നാല്‍ അതിന് ഇന്ത്യയും ചൈനയും മാത്രം എതിര്‍പ്പ് പ്രകടിപ്പിച്ചു. പൂര്‍ണമായി ഫോസില്‍ ഇന്ധനങ്ങള്‍ ഉപേക്ഷിക്കാനാവില്ലെന്നും പടിപടിയായി സമയബന്ധിതമായി ഇവ കുറച്ചുകൊണ്ടുവരണം എന്നും കരാറില്‍ ഇന്ത്യയുടെ എതിര്‍പ്പ് മൂലം തിരുത്തേണ്ടിവന്നു.
ഇന്ത്യയുടെ ഈ തീരുമാനം ഒരു പിന്തിരിപ്പന് ചിന്താഗതിയായി കാണുന്നവരാണ് ഭൂരിഭാഗവും എന്ന് പറയേണ്ടിവരും. ലോക രാഷ്ട്രങ്ങള്‍ ഭൂരിഭാഗവും അംഗീകരിച്ച ഒരു തീരുമാനത്തില്‍ ഇന്ത്യ ഇത്രയധികം എതിര്‍പ്പ് പ്രകടിപ്പിച്ചത് എന്തിനായിരുന്നു? യഥാര്‍ഥത്തില്‍ ആ തിരുത്തല്‍ നടത്തിയത് എന്തിനായിരുന്നു? ഇന്ത്യ അതിനായി വാദിച്ചതിന് കാരണമെന്ത്? മറ്റ് ലോക രാജ്യങ്ങള്‍ 2050 ആകുമ്പോള്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഉപേക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്തപ്പോള്‍ ഇന്ത്യ 2070 ആകുമ്പോഴേക്ക് മാത്രമേ കുറയ്ക്കാന്‍ സാധിക്കൂ എന്നു പറയുന്നതിന് പിന്നിലെ വികാരം എന്താണ്? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കണമെങ്കില്‍ ചില വസ്തുതകള്‍ കൂടി പരിശോധിക്കാം.
1.5 ഡിഗ്രി എന്ന ഡെഡ് ലൈന്‍
ആഗോള താപനിലയിലെ വര്‍ധന വരും വര്‍ഷങ്ങളില്‍, അതായത് 2050 ആകുമ്പോഴേക്കും 1.5 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ആകരുത് എന്നാണ് കണക്കുകള്‍ പറയുന്നത്. ഈ പറഞ്ഞ 1.5 ഡിഗ്രിക്ക് മുകളില്‍ പോയാല്‍ വലിയ കാലാവസ്ഥാ ദുരന്തങ്ങള്‍ നമ്മെ തേടിയെത്തും എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. വലിയ തോതില്‍ ഹിമപാളികള്‍ ഉരുകുകയും കടലിലെ ജലനിരപ്പ് ഉയരുകയും പ്രളയവും വെള്ളപ്പൊക്കവും ഇതിന്റെ ബാക്കിയെന്നോണം ഉണ്ടാകുമെന്നും പറയുന്നു. വലിയ വരള്‍ച്ചയും ചുഴലിക്കാറ്റും തുടങ്ങി പ്രകൃതിക്ഷോഭങ്ങള്‍ വേറെയും നമ്മെ തേടിയെത്താം. ഇതിനെല്ലാം ഒരു ശമനം ഉണ്ടാകണമെങ്കില്‍ ആഗോള താനിലയിലെ വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസില്‍ കൂടരുതെന്നാണ് ഇന്ന് പൊതുവെയുള്ള വാദം. നമുക്ക് മേല്‍ പ്രകൃതി വച്ചിരിക്കുന്ന ഡെഡ്ലൈന്.
കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനായി പരിസ്ഥിതി വാദികള്‍ മുറവിളി കൂട്ടുന്നത് ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനാണ്. നമ്മള് ഇന്ന് ജീവിക്കുന്ന വ്യാവസായിക ലോകത്തിനും മുന്‍പുള്ള കാലത്ത് ഈ പറഞ്ഞ പ്രശ്നങ്ങള്‍ നന്നേ കുറവായിരുന്നു. അതായത്, വികസനവും വ്യവസായവും വളര്‍ന്നപ്പോള്‍ കാര്‍ബണിന്റെ അളവും കൂടി. ഇത് നമ്മുടെ ഭൂമിയുടെ സന്തുലിതാവസ്ഥയെയും താപനിലയെയുമെല്ലാം കാര്യമായി തന്നെ ബാധിച്ചു. അത് ഇപ്പോള്‍ ശക്തമായി ലോകം മനസ്സിലാക്കിയിട്ടുമുണ്ട്. ഇനിയങ്ങോട്ടുള്ള വികസനം കാലാവസ്ഥയെയും പ്രകൃതിയെയും മാറ്റിനിര്‍ത്തി സാധ്യമല്ല എന്ന തിരിച്ചറിവും മനുഷ്യന് വന്നുകഴിഞ്ഞു.
കാര്‍ബണ്‍ നെറ്റ് സീറോ
കാര്‍ബണ്‍ ബഹിര്‍ഗമനം വലിയ വിപത്താണ് പ്രകൃതിയില്‍ സൃഷ്ടിക്കുന്നതെന്ന് നമുക്കറിയാം. ഇത് കുറയ്ക്കുകയാണ് ഇനി ലോക രാജ്യങ്ങള്‍ക്ക് മുന്നിലുള്ള വെല്ലുവിളി. 2050 വര്ഷമെത്തുമ്പോഴേക്ക് ലോകത്തെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യത്തിലേക്ക് എത്തണമെന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. കൂടാതെ, മീഥെയ്ന്‍ വാതകം പോലുള്ള മറ്റ് ഹരിതഗൃഹ വാതകങ്ങളും നിര്ത്താലാക്കേണ്ടതുണ്ട്. ഇവയെല്ലാമാണ് ഭൂമിയിലെ താപനില വര്‍ദ്ധിപ്പിക്കുന്നതിലെ പ്രധാനികള്‍. മറ്റൊരു പ്രശ്നമായ ഫോസില്‍ ഫ്യുവല്‍ അധിഷ്ഠിത പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് അമേരിക്ക, ബ്രിട്ടന് തുടങ്ങിയ ഇരുപതോളം രാജ്യങ്ങളും 2022 ആകുമ്പോഴേക്കും പരിമിതപ്പെടുത്തും. ജൈവ ഇന്ധനങ്ങളുടെ ഉപയോഗം നിര്‍ത്തലാക്കുകയായിരുന്നു 2050ഓടെ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ എതിര്‍പ്പ് മൂലം ഇത് 2070 വരെ കുറച്ചുകൊണ്ടുവരുക എന്ന ധാരണയായി മാറി.
ഇന്ത്യ മാത്രമല്ല, ലോക രാജ്യങ്ങള്‍ പറയുന്നതു പോലെ ഈ ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ കാര്‍ബണ്‍ നെറ്റ് സീറോ ലക്ഷ്യം കൈവരിക്കുക അസാധ്യമെന്ന് പറയുകയാണ് പ്രശസ്ത കാലാവസ്ഥാ വിദഗ്ധനായ ഡോ.എ രാജഗോപാല്‍ കമ്മത്ത്. “ലോക സമ്പദ് വ്യവസ്ഥയെ തന്നെ പിടിച്ചു നിര്‍ത്തുന്ന പ്രധാന ഘടകങ്ങളാണ് ഓയില്‍, ന്യൂക്ലിയര്‍ എനര്‍ജി, ആയുധങ്ങള്‍. ഇവയില്‍ എണ്ണയില്ലാതെ ജീവിക്കുക ഇന്നത്തെ അവസ്ഥയില്‍ മനുഷ്യന് അസാധ്യമെന്ന് തന്നെ പറയേണ്ടി വരും. അതുകൊണ്ട് ലോക രാജ്യങ്ങള്‍ ആവര്‍ത്തിച്ചാലും ഫോസില്‍ ഇന്ധനങ്ങളും കാര്‍ബണ്‍ നെറ്റ് സീറോയുമെല്ലാം പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടാണ്.”
മുപ്പതോ അമ്പതോ വര്‍ഷങ്ങള്‍ എന്നത് വളരെ ചുരുങ്ങിയ കാലാവധിയാണ്. അതിനുള്ളില്‍ ഇത് സാധ്യമാക്കാന്‍ കഴിയില്ല. പൂര്‍ണമായി കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് നെറ്റ് സീറോയിലേക്ക് കൊണ്ടുവരുമെന്നെല്ലാം പറയുന്നത് വെറും മിഥ്യയാണ്. ഇന്ത്യയെ സംബന്ധിച്ച് ഫോസില്‍ ഇന്ധനമില്ലാതെ ഇപ്പോള്‍ മുന്നോട്ട് പോകാനോ നിലനില്‍ക്കാനോ കഴിയില്ല. വികസിത രാജ്യങ്ങള്‍ പോലും ഇതെല്ലാം പ്രാവര്‍ത്തികമാക്കാന്‍ സാധ്യതയില്ല. ലോക രാജ്യങ്ങള്‍ പറഞ്ഞിരിക്കുന്ന വര്‍ഷങ്ങളുടെ കണക്കുകള്‍ വെറും സങ്കല്പമാണ്. ഫോസില്‍ ഇന്ധനമില്ലാതെ എങ്ങനെ വിമാനങ്ങള്‍ പറത്താന്‍ കഴിയും? അതില്ലാതെ ലോകത്തിന് എങ്ങനെ മുന്നോട്ട് നീങ്ങാന്‍ കഴിയും? പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിര്‍ത്തലാക്കുക അത്ര എളുപ്പമല്ല-അദ്ദേഹം പറയുന്നു.
അത്ര പോലും സാധ്യമല്ല വിമാനങ്ങള്‍ പോലുള്ളവ ഇന്ധനത്തിന് പകരം വൈദ്യുതിയോ മറ്റോ ഉപയോഗിച്ച് പറത്തുകയെന്നത്. ബോയിങ്, ജെറ്റ് പോലുള്ള വിമാനങ്ങള്‍ ഈ ഇന്ധനങ്ങളില്ലാതെ പറക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ എന്നിട്ടും ഇതെല്ലാം നിര്‍ത്തലാക്കുമെന്ന് പറയുന്നത് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ് തുന്‍ബര്‍ഗ് പറഞ്ഞതുപോലെ എല്ലാം വെറുതെയാണ്. കാലാവസ്ഥയ്ക്ക് ഇതെല്ലാം വളരെയേറെ ദോഷം ചെയ്യുമെന്നതില്‍ സംശയമില്ല. വരുന്ന 10 വര്‍ഷത്തിനുള്ളില്‍ നാം ഇന്ന് കാണുന്ന കാലാവസ്ഥാ മാറ്റത്തിന്റെ 200% കൂടുതല്‍ ഭവിഷ്യത്തുകള്‍ ഉണ്ടാകാം. വരുന്ന 50-70 വര്‍ഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ അന്തരീക്ഷം മുഴുവന്‍ ശ്വസിക്കാന്‍ കഴിയാത്ത തരത്തില്‍ വിഷാംശം നിറഞ്ഞതാകും.
ഇന്ന് മാസ്ക് വയ്ക്കുന്നതുപോലെ എയര്‍ ഫില്‍റ്ററുകള്‍ ഘടിപ്പിച്ച് നാം നടക്കേണ്ട അവസ്ഥയുണ്ടാകും. നാം ജീവിക്കുന്ന എല്ലായിടത്തും ഇത്തരത്തില്‍ വായു ശുദ്ധീകരണ സംവിധാനങ്ങള്‍ വേണ്ടിവരും. ഇപ്പോള്‍ തന്നെ ഡല്‍ഹി അടക്കമുള്ള സ്ഥലങ്ങളില്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ കാര്‍ബണ്‍ പുറന്തള്ളലും അന്തരീക്ഷ മലിനീകരണവും മൂലമുണ്ടാകുന്നുണ്ട്. നമ്മുടെ ശ്വാസകോശത്തെയും ആരോഗ്യത്തെയും ഇനി വരും വര്‍ഷങ്ങളില്‍ ഈ സ്ഥിതി തുടര്‍ന്നാല്‍ സാരമായി തന്നെ ബാധിക്കും. ഇതിനെല്ലാം ഒരു സമ്പൂര്‍ണ പരിഹാരം നിലവില്‍ ഇല്ലെന്നു പറയാം. നിര്‍ഭാഗ്യവശാല്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഇല്ലാതെ നമുക്ക് മുന്നോട്ട് പോകാനും സാധിക്കില്ല-ഡോ. രാജഗോപാല്‍ കമ്മത്ത് വിശദീകരിക്കുന്നു.
നാളെ: ഫോസില്‍ ഇന്ധനം; ഇന്ത്യയുടെ തീരുമാനം ആശങ്കാജനകമോ?