ഭൂമിയെ വിറപ്പിച്ച ദിനോസറുകള്‍ ഇല്ലാതായത് ഇങ്ങനെ

66 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമിയില്‍ നിന്നും പൂര്‍ണമായി തുടച്ചുമാറ്റപ്പെട്ട ഇത്ര വലിയ ജന്തുവര്‍ഗം ഇപ്പോഴും നമ്മുടെ ഇഷ്ട വിഷയങ്ങളിലൊന്നാണ്

  
0:00
-11:24

66 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമിയില്‍ നിന്നും പൂര്‍ണമായി തുടച്ചുമാറ്റപ്പെട്ട ഇത്ര വലിയ ജന്തുവര്‍ഗം ഇപ്പോഴും നമ്മുടെ ഇഷ്ട വിഷയങ്ങളിലൊന്നാണ്. എന്നാല്‍ എങ്ങനെയാണ് ഭൂമി അടക്കി വാണിരുന്ന ഇവ പെട്ടെന്ന് ഇല്ലാതായത് എന്നറിയണ്ടേ…


ടിവിയില്‍ ജുറാസിക് പാര്‍ക്ക് സിനിമ കണ്ട് പേടിച്ചു വിറച്ചിരിക്കുകയായിരുന്നു പത്തു വയസ്സുകാരന്‍ അപ്പു. പെട്ടെന്ന് പുറത്തു നിന്ന് എന്തോ വലിയ സാധനം താഴെ വീഴുന്ന പോലൊരു ശബ്ദം കേട്ടതും അപ്പു അമ്മേ എന്നും വിളിച്ച് ഓടി. കാര്യം തിരക്കിയ അമ്മയോട് അപ്പു പറഞ്ഞു ദിനോസര്‍ നമ്മുടെ മുറ്റത്തു വന്നിട്ടുണ്ടെന്ന്. ചിരി അടക്കിക്കൊണ്ട് അമ്മ ചോദിച്ചു, 'അപ്പു കണ്ടോ?' ഉടനേ മുറ്റത്ത് എന്തോ വലിയ ശബ്ദം കേട്ടതിനെക്കുറിച്ച് അപ്പു തീര്‍ത്തു പറഞ്ഞു, 'അമ്മേ ദിനോസര്‍ വന്ന് എന്തോ മറിച്ചിട്ടതാ. ഞാന്‍ കേട്ടതാ' എന്ന്. മുറ്റത്തു വീണ തെങ്ങോല കാണിച്ച് അമ്മ അപ്പുവിനോട് പറഞ്ഞു, 'അതെല്ലാം സിനിമയില്‍ പറയുന്നതല്ലേ, ദിനോസറൊന്നും ഇപ്പോഴില്ല. ഇത് തെങ്ങിന്റെ ഓല ഉണങ്ങി വീണതാണ്.'

കേട്ടപ്പോള്‍ കുറച്ച് ആശ്വാസം തോന്നിയെങ്കിലും അപ്പുവിന്റെ സംശയം അപ്പോഴും ബാക്കിയായിരുന്നു. ഈ ദിനോസറുകള്‍ ശരിക്കും ഉണ്ടായിരുന്നില്ലേ? അവരെല്ലാം എവിടേക്കാണ് പോയത്? അതിന്റെ ഒരു മുട്ട പോലും ബാക്കിയില്ലേ? സിനിമയില്‍ കണ്ടതു പോലെ എവിടെയെങ്കിലും അതിന്റെ മുട്ട വിരിയാനായി ആരും കാണാതെ ഇരിപ്പുണ്ടെങ്കിലോ? അപ്പുവിന്റെ സംശയങ്ങള്‍ക്ക് അവസാനമുണ്ടാകില്ലെന്ന് അറിയാവുന്ന അമ്മ ദിനോസറുകളെക്കുറിച്ച് അപ്പുവിന് പറഞ്ഞുകൊടുത്തു. പണ്ട് അമ്മയ്ക്കും ദിനോസറുകള്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ പേടിയായിരുന്നെങ്കിലും അവയെക്കുറിച്ച് അറിയാന്‍ കൗതുകമായിരുന്നു എന്നെല്ലാം അമ്മ പറഞ്ഞത് അപ്പു ശ്രദ്ധയോടെ കേട്ടിരുന്നു.

ജുറാസിക് പാര്‍ക്ക് സിനിമ പല ആവൃത്തി കണ്ടിട്ടുള്ളവരായിരിക്കും നമ്മില്‍ പലരും. നമ്മുടെ സങ്കല്‍പങ്ങളിലും കഥകളിലും ദിനോസറുകള്‍ നിറഞ്ഞു നിന്നത് അപ്പുവിനെപോലെ ഇവയോടുള്ള നമ്മുടെ കൗതുകം കൊണ്ടുതന്നെയാണ്. ഒരു കാലത്ത് ലോകത്ത് ജീവിച്ചിരുന്ന ഭീമാകാരന്മാരായ ദിനോസറുകളെക്കുറിച്ചും അവ ഇന്നും നമുക്കിടയില്‍ ഉണ്ടായിരുന്നെങ്കില്‍ എങ്ങനെയായിരിക്കും എന്നെല്ലാം ചിന്തിക്കാത്തവര്‍ ചുരുക്കമായിരിക്കും. 66 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമിയില്‍ നിന്നും പൂര്‍ണമായി തുടച്ചുമാറ്റപ്പെട്ട ഇത്ര വലിയ ജന്തുവര്‍ഗം ഇപ്പോഴും നമ്മുടെ ഇഷ്ട വിഷയങ്ങളിലൊന്നാണ്. എന്നാല്‍ എങ്ങനെയാണ് ഭൂമി അടക്കി വാണിരുന്ന ഇവ പെട്ടെന്ന് ഇല്ലാതായത് എന്നറിയണ്ടേ?

ഭൂമിയിലെ പ്രതാപി

ഈ ഭൂമുഖം മുഴുവന്‍ ഒരിക്കല്‍ അടക്കി വാണിരുന്ന ഒരു വംശത്തിന്റെ ബാക്കിയായി ഇന്ന് ആകെയുള്ളത് എണ്ണിയാലൊടുങ്ങാത്ത എല്ലുകളും പല്ലുകളും അടങ്ങുന്ന ഫോസിലുകള്‍ മാത്രമാണ്. 230 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ഭൂമിയില്‍ ഉത്ഭവിച്ച, അന്ന് ജീവിച്ചിരുന്നതില്‍ ഏറ്റവും വലിയ ജീവിയായ ദിനോസറുകളുടേതായി ഇന്ന് അവശേഷിക്കുന്നത് ഫോസിലുകള്‍ മാത്രമാണ്. ഇത്രയധികം വലിയ ഒരു ജീവിയുടേതായി അവസാന അവശേഷിപ്പും കണ്ടെത്തിയത് 66 ദശലക്ഷം മുന്‍പുള്ളതാണ്. ദിനോസറുകള്‍ ഭൂമിയില്‍ ഉത്ഭവിച്ചത് എങ്ങനെയെന്നും അവയുടെ പരിണാമത്തെക്കുറിച്ചും ഇപ്പോഴും പഠനങ്ങള്‍ നടക്കുകയാണ്. ട്രയാസിക്, ജുറാസിക്, ക്രിറ്റേഷ്യസ് കാലഘട്ടങ്ങളിലാണ് ദിനോസറുകള്‍ ജീവിച്ചിരുന്നത്.

ട്രയാസിക് കാലഘട്ടത്തിലാണ് ഇവ ആദ്യമായി ഉണ്ടായതെന്നാണ് കരുതുന്നത്. ഭൂമിയിലെ എന്തിനെയും വിറപ്പിക്കാന്‍ പാകത്തിന് വലിപ്പമുണ്ടായിരുന്ന ഭീമാകാരന്മാരായ ദിനോസറുകളില്‍ ചിലത് മാംസഭുക്കുകളും മറ്റ് ചിലത് സസ്യഭുക്കുകളും ആയിരുന്നു. പക്ഷേ ഇവ പൊടുന്നനെ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു! അതെ, കേള്‍ക്കുമ്പോള്‍ അവിശ്വസനീയം എന്നു തോന്നാമെങ്കിലും ക്രിറ്റേഷ്യസ് കാലഘട്ടത്തോടെ ദിനോസറുകള്‍ ഭൂമിയില്‍ നിന്നും പെട്ടെന്ന് ഇല്ലാതാവുകയായിരുന്നു. ഒന്ന് ആലോചിച്ച് നോക്കൂ, നമ്മള്‍ മനുഷ്യര്‍ ദശലക്ഷം വര്‍ഷങ്ങളായി ഭൂമിയില്‍ ജീവിച്ച് ഇവിടെ കൈയ്യടക്കി ഭരിച്ചിട്ട് പെട്ടെന്ന് ഇല്ലാതാകുന്ന അവസ്ഥ. അതുപോലെയല്ലേ അന്ന് ദിനോസറുകളും ഇല്ലാതായത്?

ആകാശത്തു നിന്നെത്തിയ ദുരന്തം

ദിനോസറുകള്‍ മാത്രമല്ല അക്കാലത്ത് പെട്ടെന്ന് നശിച്ചു പോയത്. ഭൂമിയിലെ മൂന്നിലൊന്ന് ജീവജാലങ്ങളും ഇല്ലാതായി എന്നു പറയാം. ചില സസ്തനികളും പക്ഷികളും ഇഴജന്തുക്കളും മത്സ്യങ്ങളും മാത്രമാണ് അന്ന് നടന്ന ആ മഹാ വിപത്തില്‍ നിന്നും കഷ്ടിച്ച് രക്ഷ നേടിയത്. ഇനി ദിനോസറുകള്‍ അടക്കമുള്ളവ എങ്ങനെ ഇല്ലാതായെന്നല്ലേ ചിന്തിക്കുന്നത്? ശാസ്ത്രജ്ഞര്‍ക്ക് ഇടയില്‍ തന്നെ രണ്ട് വാദങ്ങളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്. അതില്‍ ഏറ്റവും വിശ്വാസ്യത ലഭിച്ച സിദ്ധാന്തം 1980ല്‍ പുറത്തിറങ്ങിയ അല്‍വാരസ് സിദ്ധാന്തം ആണ്.

അതായത്, 66 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വലിയ പര്‍വ്വതത്തിന്റെ വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചു. അത് ഭൂമി മുഴുവനും വാതകങ്ങളും പൊടിയും കൊണ്ട് നിറയ്ക്കുകയും ചെയ്തു. ഭൂമിയിലെ കാലാവസ്ഥയും അന്തരീക്ഷവും മാറ്റിമറിക്കാന്‍ ഈ ഛിന്നഗ്രഹത്തിന് കഴിഞ്ഞുവെന്നും ഭൂമിയിലെ ഒട്ടുമിക്ക ജീവികളെയും ചുട്ടെരിക്കാന്‍ ഇതിനായെന്നുമാണ് നിഗമനം. അല്‍വാരസ് സിദ്ധാന്തം കൊണ്ടുവന്ന ലൂയിസ്-വാള്‍ട്ടര്‍ അല്‍വാരസ് എന്ന അച്ഛനും മകനും ഈ നിഗമനത്തിലെത്തിയത്, ക്രിറ്റേഷ്യസ്-പാലിയോജീന്‍ കാലഘട്ടത്തെ വിഭജിച്ച കെ-പിജി ലെയര്‍ എന്നറിയപ്പെടുന്ന ഭൂമിശാസ്ത്രപരമായ അതിര്‍ത്തി പ്രദേശത്തു നിന്ന് കണ്ടെത്തിയ ഉയര്‍ന്ന അളവിലുള്ള ഇറിഡിയം എന്ന മൂലകത്തിന്റെ സാന്നിധ്യം കാരണമാണ്.

ദിനോസറുകളുടെ ഫോസിലുകള്‍ ധാരാളമായി കണ്ടെത്തിയ പാറക്കെട്ടുകള്‍ നിറഞ്ഞ ഈ ഭാഗത്താണ് ഛിന്നഗ്രഹം വന്നു പതിച്ചതെന്ന് കരുതപ്പെടുന്നു. മെക്സിക്കോയിലെ യൂകാറ്റന്‍ പെനിന്‍സുല പ്രദേശമാണിത്. ഭൂമിയുടെ പുറംപാളികളില്‍ കാണപ്പെടാത്ത ഇറിഡിയം എന്ന മൂലകം എന്നാല്‍ പാറപോലുള്ള ഛിന്നഗ്രഹങ്ങളില്‍ ധാരാളമുള്ളതാണ്. ഭൂമിക്ക് പുറത്തു നിന്നുള്ള വസ്തുവാണ് ഇത്തരത്തില്‍ വലിയ വംശനാശത്തിന് ഇടയാക്കിയതെന്ന നിഗമനത്തിലെത്താന്‍ കാരണം ഇതാണ്. 93 മൈലുകള്‍ വിസ്തൃതിയില്‍ കിടക്കുന്ന ചിക്സുലബ് ക്രേറ്റര്‍ എന്നറിയപ്പെടുന്ന ഈ പെനിന്‍സുലയിലെ ഭാഗം രൂപപ്പെട്ടതു തന്നെ ഛിന്നഗ്രഹം വന്നു പതിച്ചാണ്.

ഈ പ്രദേശത്താണ് ഇറിഡിയത്തിന്റെ സാന്നിധ്യം വളരെ കൂടുതലായി കണ്ടെത്തിയതും. ഇവിടുത്തെ ഭൂമിശാസ്ത്രവും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രകൃതിക്ക് സംഭവിച്ച വലിയ മാറ്റത്തിന്റെ തെളിവുകള്‍ നല്‍കുന്നു. അങ്ങനെയാണ് ക്രിറ്റേഷ്യസ്-പാലിയോജീന്‍ എന്ന രണ്ട് കാലഘട്ടങ്ങളെ വിഭജിച്ച കെ-പിജി ബൗണ്ടറിയായി ഇവിടം മാറിയത്. 66 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെ പതിച്ച ആ ഛിന്നഗ്രഹം അത്രയേറെ ശക്തവും അന്തരീക്ഷത്തിലേക്ക് അമിത അളവില്‍ വാതകങ്ങളും വലിയ പാറക്കഷ്ണങ്ങളും ചിതറിച്ചു എന്നാണ് 2016ല്‍ ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണങ്ങളിലും തെളിഞ്ഞത്. ഇതിന്റെ ഭവിഷ്യത്ത് വര്‍ഷങ്ങളോളം ഭൂമിയില്‍ നിലനിന്നിരുന്നു എന്നും പഠനങ്ങള്‍ വ്യക്തമാക്കി.

മാത്രമല്ല, ഈ ഭാഗങ്ങളില്‍ നിന്നും കണ്ടെത്തിയ ദിനോസറുകളുടെ അടക്കമുള്ള ഫോസിലുകളില്‍ ടെക്ടൈറ്റ്സ് (tektites) എന്നു വിളിക്കുന്ന ഛിന്നഗ്രഹം പതിക്കുന്നതിന്റെ ഭാഗമായി പാറകളില്‍ നിന്നും ഉരുകി വീഴുന്ന ചെറിയ ഗ്ലാസ് പോലുള്ള കഷ്ണങ്ങള്‍ അനവധി കണ്ടെത്തിയിരുന്നു.

കാരണക്കാരന്‍ അഗ്‌നിപര്‍വ്വതമോ?

ഭൂരിഭാഗം ശാസ്ത്രജ്ഞരും ഛിന്നഗ്രഹം വീണതാണ് ദിനോസറുകളുടെ ഉന്മൂലനത്തിനു കാരണം എന്നു കരുതുന്നുണ്ടെങ്കിലും മറ്റൊരു വാദം കൂടി ഇതുമായി ബന്ധപ്പെട്ടുണ്ട്. ഭൂമിക്ക് പുറത്തു നിന്നല്ല, ഭൂമിയിലെ തന്നെ ചില കാരണങ്ങളാണ് ദിനോസറുകളുടെ ഉന്മൂലനത്തിന് പിന്നിലെന്നതാണ് വാദം. ക്രിറ്റേഷ്യസ് കാലഘട്ടത്തിന്റെ അവസാനത്തോടെ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചുണ്ടായ വലിയ ലാവ പ്രവാഹമാണ് ഭൂമിയെ തന്നെ മാറ്റിമറിച്ചത് എന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. രണ്ട് ലക്ഷം ചതുരശ്ര മൈലുകള്‍ ദൂരത്തിലും ആറായിരം അടി കട്ടിയിലുമുള്ള വലിയ പാറക്കെട്ടുകളുടെ പാളികളായി ഈ ലാവ ഒഴുകി വന്ന് അടിഞ്ഞുകൂടിയ ഡെക്കാന്‍ ട്രാപ്പുകളായി പല സ്ഥലങ്ങളിലും കാണുന്നത് ഇതിന്റെ അടയാളങ്ങളാണ്.


ഭീമാകാരന്മാരായ ദിനോസറുകള്‍ ഇല്ലാതായെങ്കിലും അവയുടെ വംശത്തില്‍ പെട്ട ചിലര്‍ ഇന്നും ഭൂമിയിലുണ്ട്. അതെ, ഇന്ന് നമ്മള്‍ കാണുന്ന പക്ഷികളില്‍ ചിലത് മാംസഭുക്കുകളായ ദിനോസറുകളുടെ വംശത്തിലുള്ളവയാണ്


വലിയ നാശം വിതച്ച ആ അഗ്‌നിപര്‍വ്വത സ്ഫോടനം ആകാശവും അന്തരീക്ഷവും മുഴുവനും കാര്‍ബണ്‍ ഡയോക്സൈഡും മറ്റ് വാതകങ്ങളും കൊണ്ട് നിറയ്ക്കുകയും ഭൂമിയിലെ കാലാവസ്ഥ മുഴുവന്‍ മാറ്റിമറിക്കുകയും ചെയ്തു. വലിയ അഗ്‌നിപര്‍വ്വത സ്ഫോടനം നടന്നു എന്നു കരുതുന്ന അക്കാലത്ത് ഭൂമിയിലെ താപനിലയില്‍ ക്രമാതീതമായ വ്യതിയാനങ്ങള്‍ ഉണ്ടായിരുന്നു എന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അഗ്‌നിപര്‍വ്വത സ്ഫോടനങ്ങള്‍ ഭൂമിയില്‍ ഇടയ്ക്കിടെ നടക്കാറുള്ളതാണെന്നും എന്നാല്‍ ഇത്ര വലിയ ചിന്നഗ്രഹം ഭൂമിയില്‍ പതിക്കുന്നത് അത്ര സാധാരണമല്ലെന്നതും ഈ വാദത്തെ ശരിവയ്ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു.

എന്തുകൊണ്ട് രണ്ടും ആയിക്കൂടാ?

ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്നൊരു ചൊല്ലുണ്ട് നമ്മുടെ നാട്ടില്‍. അതുപോലെ ഈ പറഞ്ഞ രണ്ടു കാരണങ്ങളും ഒന്നിച്ച് അനുഭവിക്കാന്‍ യോഗമുണ്ടായിരുന്നവരാണോ ദിനോസറുകള്‍ എന്നും പറയാനാകില്ല. ലാവ പ്രവാഹം മൂലം നശിച്ചുകൊണ്ടിരുന്ന ഒരു ആവാസവ്യവസ്ഥയെ പൂര്‍ണമായും ഇല്ലാതാക്കിയത് ദൂരെ നിന്നും വന്ന ഛിന്നഗ്രഹമാകാം എന്നു ചിന്തിക്കുന്നവരും കുറവല്ല. ഇതുമാത്രമല്ല, ഛിന്നഗ്രഹം വീണു നശിച്ച ഭൂമിയില്‍ അഗ്‌നിപര്‍വ്വത സ്ഫോടനം നടക്കാന്‍ സാധ്യതകള്‍ ഏറെയാണെന്നും ഇത് ദിനോസറുകളുടെ പതനം പൂര്‍ത്തിയാക്കുകയായിരുന്നു എന്നും വാദിക്കുന്നവരുണ്ട്.

ഈ രണ്ട് വാദങ്ങളിലും പൊതുവായുള്ള ഒരു കാരണം പറയുന്നതാകട്ടെ ഭൂമിക്ക് വന്ന വലിയ കാലാവസ്ഥാ മാറ്റങ്ങളാണ്. ഇന്നും നാം നേരിടുന്ന വലിയ പ്രശ്നങ്ങളില്‍ ഒന്ന് ഇതേ കാലാവസ്ഥാ മാറ്റമാണെന്ന് കൂടി ഓര്‍ക്കണം! നമുക്ക് പരിചിതമല്ലാതിരുന്ന ഒരു കാലത്തെക്കുറിച്ചും അന്ന് ജീവിച്ചിരുന്ന ജീവികളെക്കുറിച്ചുമെല്ലാം അറിയാന്‍ ഇന്നുള്ളതിലും പുതിയ വഴികളും സാങ്കേതികവിദ്യകളും കണ്ടെത്തുന്നതു വരെ ഛിന്നഗ്രഹമോ അഗ്‌നിപര്‍വ്വത സ്ഫോടനമോ ആകാം ക്രിറ്റേഷ്യസ് കാലത്തിന് അന്ത്യം കുറിച്ചതെന്ന് വിശ്വസിക്കാം.

വീണ്ടും വരുമോ ദിനോസര്‍ കാലം?

ജുറാസിക് പാര്‍ക് പോലുള്ള സിനിമകള്‍ ഇറങ്ങുമ്പോള്‍ ഇന്നും മനുഷ്യര്‍ ആകാംഷയോടെ അന്വേഷിക്കുന്നത് ഒരേ ചോദ്യമാണ്. ദിനോസറുകള്‍ മടങ്ങി വരുമോ? സയന്‍സ് ലാബുകളില്‍ നിന്ന് ഭീതി പരത്തി അവ പുറത്തെത്തുമോ എന്ന്. എന്നാല്‍ സിനിമകളില്‍ കാണിക്കുന്നതു പോലെ ഡിഎന്‍എ ക്ലോണിങ് വഴി ഇനി ഒരിക്കലും ദിനോസറുകളെ പുനര്‍സൃഷ്ടിക്കാന്‍ സാധ്യമല്ലെന്ന് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തികഴിഞ്ഞു. ഫോസില്‍ അസ്ഥികളില്‍ നിന്നുള്ള ഡിഎന്‍എ ഉപയോഗിച്ച് ഇത് സാധ്യമല്ല. എന്നാല്‍ ഭീമാകാരന്മാരായ ദിനോസറുകള്‍ ഇല്ലാതായെങ്കിലും അവയുടെ വംശത്തില്‍ പെട്ട ചിലര്‍ ഇന്നും ഭൂമിയിലുണ്ട്. അതെ, ഇന്ന് നമ്മള്‍ കാണുന്ന പക്ഷികളില്‍ ചിലത് മാംസഭുക്കുകളായ ദിനോസറുകളുടെ വംശത്തിലുള്ളവയാണ്.


ഇംഗ്ലീഷ് പാലിയന്റോളജിസ്റ്റായ റിച്ചാര്‍ഡ് ഒവന്‍ ആണ് 1840ല്‍ ഗ്രീക്ക് ഭാഷയിലെ ഭീമാകാരന്‍ എന്ന് അര്‍ഥം വരുന്ന ഡൈനോസ് എന്ന വാക്കും പല്ലി(ഉരഗം)എന്നര്‍ഥം വരുന്ന സോറസ് എന്ന പദവും കൂട്ടിച്ചേര്‍ത്ത് ഡൈനോസോറസ് എന്നിട്ടത്


അന്നത്തെ ആ വലിയ ദുരന്തത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ചില ദിനോസര്‍ പക്ഷികള്‍ പരിണമിച്ച് നമ്മള്‍ ഇന്നു കാണുന്ന പക്ഷികളായി മാറുകയായിരുന്നു. ദിനോസറിന്റെ ഒരു ഇനമായ ടൈറാനോസോറസ് റെക്സും ഇന്നത്തെ ഒട്ടകപക്ഷിയും തമ്മില്‍ ഡിഎന്‍എകളില്‍ സമാനത മുന്‍പ് കണ്ടെത്തിയിട്ടുണ്ട്. പക്ഷികള്‍ ദിനോസറിന്റെ വംശത്തില്‍ പെട്ടതാണെങ്കിലും ഇവ ഉരഗ വര്‍ഗവുമായി ബന്ധമുള്ളതാണ്. ഡൈനോസര്‍ എന്ന പേരിലറിയപ്പെടുന്ന ദിനോസറുകള്‍ യഥാര്‍ഥത്തില്‍ പല്ലി വര്‍ഗത്തില്‍ പെടുന്നവയാണ്. ഇവയുടെ പേര് ഡൈനോസര്‍ എന്നതു തന്നെ ഭീമാകാന്മാരായ പല്ലികള്‍ എന്നര്‍ഥം വരുന്നതാണ്. എന്നാല്‍ വ്യത്യസ്തമായ ഉരഗ വര്‍ഗത്തിലുള്ള ഇവയ്ക്ക് നിവര്‍ന്നു നില്‍ക്കാന്‍ കഴിവുണ്ടായിരുന്നു.

ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളിലും ദിനോസറുകള്‍ ജീവിച്ചിരുന്നു. പക്ഷേ അന്ന് ഇപ്പോഴുള്ളതു പോലെ വെവ്വേറെ ഭാഗങ്ങളായി തിരിഞ്ഞായിരുന്നില്ല ഭൂഖണ്ഡങ്ങള്‍ ഉണ്ടായിരുന്നത്. പാന്‍ജിയ എന്നറിയപ്പെടുന്ന ഒരൊറ്റ സൂപ്പര്‍ കോണ്‍ടിനന്റ് ആയിരുന്നു. പിന്നീട് ദശലക്ഷം വര്‍ഷങ്ങള്‍ കൊണ്ട് ഇത് മുറിഞ്ഞ് ഇന്ന് കാണുന്ന അവസ്ഥയില്‍ എത്തുകയായിരുന്നു. ഭൂമിയിലെ തന്നെ പല സ്ഥലങ്ങളില്‍ നിന്നായി പലപ്പോഴും ദിനോസറുകളുടെ ഫോസിലുകള്‍ ലഭിച്ചിട്ടുണ്ട്. ഈ അടുത്തിടെ ഇറ്റലിയില്‍ നിന്ന് 11 ദിനോസറുകളുടെ ഫോസിലുകള്‍ ഒന്നിച്ച് കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ നിന്നും ഇത്തരത്തില്‍ വിവിധയിനം ദിനോസറുകളുടെ ഫോസിലുകള്‍ കണ്ടെത്തിയിട്ടുണ്ട്.