
അറിയണം; ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും ഒന്നല്ല, രണ്ടാണ്
ഇതിന് മുമ്പും ആഗോള താപനമുണ്ടായിട്ടുണ്ട്, പക്ഷേ ഒരു വ്യത്യാസമുണ്ട്. മുമ്പുണ്ടായ താപനവര്ധനവിനേക്കാള് എത്രയോ ഭീകരമാണ് ഇപ്പോഴത്തേത്. ആധുനിക ആഗോള താപനത്തിന്റെ മുഖ്യ കാരണക്കാരന്‍ മനുഷ്യന് മാത്രമാണ്
ക്ലൈമറ്റ് ചെയിഞ്ച്: ഭാഗം 3
Summary
ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും ഒരേ അര്‍ത്ഥത്തിലാണ് പലപ്പോഴും ഉപയോഗിക്കാറ്. പക്ഷേ ഇവ രണ്ടും രണ്ടാണെന്നതാണ് വാസ്തവം. ആഗോള താപനം കാലാവസ്ഥ വ്യതിയാനത്തിന്റെ ഒരു ഘടകം മാത്രമാണ്. എന്നാല്‍ ഇതിന് മുമ്പും ആഗോള താപനമുണ്ടായിട്ടുണ്ട്, പക്ഷേ ഒരു വ്യത്യാസമുണ്ട്. മുമ്പുണ്ടായ താപനവര്ധനവിനേക്കാള് എത്രയോ ഭീകരമാണ് ഇപ്പോഴത്തേത്. ആധുനിക ആഗോള താപനത്തിന്റെ മുഖ്യ കാരണക്കാരന്‍ മനുഷ്യന് മാത്രമാണ്. മനുഷ്യന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന വ്യതിയാനമാണത്...കൂടുതലറിയാം ആഗോള താപനത്തെ കുറിച്ച്
ഉത്തര ധ്രുവം മുതല്‍ ദക്ഷണിണ ധ്രുവം വരെ ഭൂമി വെന്തുരുകിക്കൊണ്ടിരിക്കുകയാണ്. 1906ന് ശേഷം ഭൂമിയുടെ ശരാശരി ഉപരിതല ഊഷ്മാവില്‍ ഏതാണ്ട് 1.6 ഡിഗ്രി ഫാരന്‍ഹീറ്റിന്റെ (0.9 ഡിഗ്രി സെല്‍ഷ്യസ്) വര്‍ധനവ് ഉണ്ടായിട്ടുണ്ട്. താപനില വര്‍ധനവ് ഏറ്റവുമധികം ബാധിക്കുന്ന ധ്രുവങ്ങളില്‍ പ്രത്യേകിച്ച്. ആഗോളതാപനിലയിലുള്ള ഈ വര്‍ധനവ് നേരത്തെ നാം കണക്കുകൂട്ടിയിരുന്നത് പോലെ ദൂര വ്യാപക പ്രത്യാഘാതങ്ങള്‍ക്കായി കാത്തുനില്ക്കുന്നില്ലെന്നതാണ് ശ്രദ്ധേയം. അതായത്, ആഗോള താപനത്തിന്റെ പരിണിതഫലങ്ങള്‍ നാം അനുഭവിച്ച് തുടങ്ങിയിരിക്കുന്നുവെന്ന് സാരം.
ചൂട് മൂലം ഹിമാനികളും കടലിലെ ഐസുകട്ടകളും ഉരുകിത്തുടങ്ങിയിരിക്കുന്നു, കാലാവസ്ഥകള്‍ മാറിത്തുടങ്ങിയിരിക്കുന്നു. അവയെല്ലാം ഭൂമിയില്‍ ജീവിവര്‍ഗ്ഗത്തിന്റെ നിലനില്‍പ്പിനെ ബാധിച്ച് തുടങ്ങിയിരിക്കുന്നു.
ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും ഒരേ അര്‍ത്ഥത്തിലാണ് പലപ്പോഴും ഉപയോഗിക്കാറ്. പക്ഷേ കാലാവസ്ഥയും ഋതുഭേദങ്ങളും പോലെ ഇവ രണ്ടും രണ്ടാണെന്നതാണ് വാസ്തവം. ആഗോള താപനം കാലാവസ്ഥ വ്യതിയാനത്തിന്റെ ഒരു ഘടകം മാത്രമാണ്. ചുരുക്കി പറഞ്ഞാല്‍ ഭൂമിയുടെ ഉപരിതല ഊഷ്മാവിലുള്ള വര്‍ധനയാണ് ആഗോളതാപനം. എന്നാല്‍ ആഗോള താപനവും ഹിമാനികളുടെ ഉരുകല്‍, പേമാരി, വരള്‍ച്ച തുടങ്ങി അതിന്റെ പാര്‍ശ്വഫലങ്ങളും ഉള്‍പ്പെട്ടതാണ് കാലാവസ്ഥ വ്യതിയാനം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പ്രകൃതിയില്‍ മനുഷ്യരുടെ ഇടപെടല്‍ മൂലമുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനത്തിന്റെ ഒരു ലക്ഷണം മാത്രമാണ് ആഗോള താപനം. ആഗോള താപനത്തെ കൂടാതെ, തീവ്രമായ അന്തരീക്ഷ സ്ഥിതികള്‍, വന്യജീവികളുടെ എണ്ണത്തിലും ആവാസവ്യവസ്ഥയിലുമുണ്ടാകുന്ന വ്യത്യാസങ്ങള്‍, സമുദ്രനിരപ്പ് ഉയരല്‍ തുടങ്ങി നിരവധി പരിണിതഫലങ്ങള്‍ കാലാവസ്ഥ വ്യതിയാനത്തിനുണ്ട്. അന്തരീക്ഷത്തില്‍ ഹരിതഗൃഹ വാതകങ്ങളുടെ തോത് ഉയരുന്നതാണ് ഈ മാറ്റങ്ങള്‍ക്കുള്ള പ്രധാനകാരണം.
ഭൂമിയെ ദഹിപ്പിക്കുന്ന ആഗോളതാപനം
കഴിഞ്ഞ രണ്ട് നൂറ്റാണ്ടായി ഭൗമോപരിതലത്തിലെ ശരാശരി താപനിലയിലുള്ള വര്‍ധനവിനെയാണ് നാം ആഗോള താപനം എന്ന് വിളിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ പകുതി മുതല്‍ ശാസ്ത്രജ്ഞര്‍ താപനില, കൊടുങ്കാറ്റ്, പേമാരി തുടങ്ങി പലതരത്തിലുള്ള പ്രകൃതി പ്രതിഭാസങ്ങളെ കുറിച്ചും കാലാവസ്ഥയില്‍ അതുണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ചും വിശദമായി പഠിച്ച് വരികയാണ്. ആദിമകാലം മുതല്ക്കേ ഭൂമിയുടെ കാലാവസ്ഥയില്‍ വ്യതിയാനങ്ങളുണ്ടായിട്ടുണ്ടെന്നും വ്യാവസായികവിപ്ലവത്തിന് ശേഷം മനുഷ്യരുടെ ഇടപെടലുകള്‍ മൂലം കാലാവസ്ഥ വ്യതിയാനം രൂക്ഷമായെന്നുമാണ് അത്തരം പഠനങ്ങളെല്ലാം വ്യക്തമാക്കുന്നത്. വ്യാവസായിക വിപ്ലവത്തിന് മുമ്പുള്ള അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ 1880നും 2012നും ഇടയില്‍ ആഗോള ശരാശരി ഉപരിതല താപനിലയില്‍ ഏദേശം 0.9 ഡിഗ്രി സെല്‍ഷ്യസിന്റെ(1.5 ഡിഗ്രി ഫാരന്‍ഹീറ്റ്) വര്‍ധനയുണ്ടായിട്ടുള്ളതായി ഇന്റര്ഗവണ്മെന്റല് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയിഞ്ച് (ഐപിസിസി) പറയുന്നു. ലോകമെമ്പാടും ശരാശരി താപനില 0.8 ഡിഗ്രി സെല്‍ഷ്യസിനും 1.2 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ ഉയരാനുള്ള കാരണം മനുഷ്യരും മനുഷ്യരുടെ പ്രകൃതിയിലുള്ള ഇടപെടലുകളുമാണെന്ന് 2018ലെ ഐപിസിസി റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു.
1986-2005 വരെയുള്ള കാലയളവിനെ അപേക്ഷിച്ച്, കാര്‍ബണ്‍ ഡയാേക്സൈഡ് പുറന്തള്ളല്‍ ഇന്നത്തെ അവസ്ഥയില്‍ തുടര്‍ന്നാല്‍ 2100ഓടെ ആഗോള ശരാശരി ഉപരിതല താപനിലയില്‍ 3-4 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനയുണ്ടാകുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
1986-2005 വരെയുള്ള കാലയളവിനെ അപേക്ഷിച്ച്, കാര്‍ബണ്‍ ഡയാേക്സൈഡ് പുറന്തള്ളല്‍ ഇന്നത്തെ അവസ്ഥയില്‍ തുടര്‍ന്നാല്‍ 2100ഓടെ ആഗോള ശരാശരി ഉപരിതല താപനിലയില്‍ 3-4 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനയുണ്ടാകും
ചുരുങ്ങിയ കാലയളവില്‍ ശരാശരി താപനില 2 ഡിഗ്രി സെല്‍ഷ്യസിലധികം കൂടിയാല്‍ സാമൂഹികമായും സാമ്പത്തികമായും പാരിസ്ഥിതികമായും നിരവധി പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞര്‍ ഒറ്റക്കെട്ടായി പറയുന്നു. പലതരം സസ്യങ്ങള്‍ക്കും മൃഗങ്ങള്‍ക്കും വംശനാശം സംഭവിക്കല്‍, കൃഷിരീതികളില്‍ മാറ്റം കൊണ്ടുവരാന്‍ നിര്‍ബന്ധിതരാകുക, സമുദ്രനിരപ്പ് ഉയരല്‍ എന്നിവ അവയില്‍ ചിലതാണ്. കാര്‍ബണ്‍ ഡയോക്സൈഡ് പുറന്തള്ളല്‍ നിലവിലെ അവസ്ഥയില്‍ തുടര്‍ന്നാല്‍ ശരാശരി ഉപരിതല ഊഷ്മാവിലുള്ള വര്‍ധന 2030നും 2052നും ഇടയില്‍ 1.5 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നാണ് ഐപിസിസി കണക്കുകൂട്ടുന്നത്. ആഗോള താപനം 1.5 ഡിഗ്രി സെല്‍ഷ്യസിലെത്തിയാല്‍ 2100 ആകുമ്പോഴേക്കും സമുദ്ര നിരപ്പില്‍ 26-77 സെന്റിമീറ്റര്‍ വര്‍ധനയാണ് ഐപിസിസി കണക്കുകൂട്ടുന്നത്.
ഭൂമിയുടെ ഉപരിതല ഊഷ്മാവിലുള്ള വര്‍ധന 2 ഡിഗ്രി സെല്‍ഷ്യസില്‍ അധികമായാല്‍ സംഭവിക്കുക ഇക്കാര്യങ്ങളാണ്....
നിരവധി രാജ്യങ്ങളില്‍ തീവ്രമായ ചുഴലിക്കാറ്റുകളും വെള്ളപ്പൊക്കവും ഉണ്ടാകും
തീരദേശങ്ങളിലുള്ളവരായിരിക്കും ഇതുമൂലം ഏറ്റവും ദുരിതമനുഭവിക്കുക
ലോകത്തിന്റെ പല ഭാഗങ്ങളിലും വരള്‍ച്ച പിടിമുറുക്കും
കടലുകള്‍ കൂടുതല്‍ അമ്ലമയമുള്ളതാകും. അതോടെ പവിഴപ്പുറ്റുകളും ചിപ്പികളും നശിക്കുകയും ഭക്ഷ്യശൃംഖല മുറിയുകയും ചെയ്യും
വേനല്‍ക്കാലത്ത് ആര്‍ട്ടിക് സമുദ്രത്തില്‍ മഞ്ഞുപാളികള്‍ കുറയുകയോ ഇല്ലാതാകുകയോ ചെയ്യും. ഇതുമൂലം ഹിമക്കരടികള്‍ ഉള്‍പ്പടെ ധ്രുവ പ്രദേശങ്ങളിലെ ജീവിവര്‍ഗ്ഗത്തിന് ആവാസസ്ഥലം നഷ്ടപ്പെടുമെന്ന് മാത്രമല്ല, സൂര്യപ്രകാശം പ്രതിഫലിപ്പിക്കാന്‍ ധ്രുവപ്രദേശങ്ങളില്‍ ഐസ് ഇല്ലാതാകുന്നതോടെ ആഗോള കാലാവസ്ഥ വളരെ വേഗം ചൂടുപിടിക്കാന്‍ ആരംഭിക്കും.
2 ഡിഗ്രി സെല്‍ഷ്യസ് പിന്നിട്ടാല്‍ സംഭവിക്കുക
മഴക്കാടുകള്‍ ഇല്ലാതാകും
ഗ്രീന്‍ലന്‍ഡിലെയും അന്റാര്‍ട്ടിക്കയിലെയും പുരാതന ഹിമപാളികള്‍ നശിക്കും. ഇതോടെ സമുദ്രനിരപ്പ് പ്രതീക്ഷയ്ക്കപ്പുറം ഉയരും.
പലതരത്തിലുള്ള മൃഗങ്ങളും സസ്യങ്ങളും ഇല്ലാതാകും. പ്രതികൂല കാലാവസ്ഥ മൂലം മനുഷ്യര്‍ക്ക് സ്വന്തം സ്ഥലങ്ങള്‍ വിട്ട് മറ്റിടങ്ങളിലേക്ക് കുടിയേറേണ്ടതായി വരും
ആഗോള താപനം സ്വാഭാവിക പ്രതിഭാസമാണെന്നോ അതില്‍ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നോ അല്ലെങ്കില്‍ ഭൂമി യഥാര്‍ത്ഥത്തില്‍ തണുക്കുകയാണ് ചെയ്യുന്നതെന്നുമൊക്കെയുള്ള അപവാദ പ്രചരണങ്ങള്‍ ഇപ്പോഴും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. പക്ഷേ മുമ്പൊന്നും കാണാത്ത വിധം ഭൂമിയുടെ താപനില ഉയരുകയാണെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഭൂമിയുടെ ചരിത്രത്തില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കിടെ പലതവണ താപനില ഉയരുകയും കുറയുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴുണ്ടാകുന്ന താപനില വ്യതിയാനം മുമ്പൊന്നും കാണാത്ത വിധം അതിവേഗത്തിലാണ് സംഭവിക്കുന്നത്. അതിനാല്‍ത്തന്നെ മനുഷ്യര്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും അതുമായി പൊരുത്തപ്പെടാന്‍ സമയം കിട്ടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ആഗോളതാപനം മനുഷ്യനിര്‍മ്മിതം
ഇതിന് മുമ്പും ഭൂമി കാലാവസ്ഥ വ്യതിയാനത്തിന് വിധേയമായിട്ടുണ്ടെന്നത് പരമമായ സത്യമാണ്. 4.54 ശതകോടി വര്‍ഷത്തെ ചരിത്രത്തില്‍ ഭൂമിയുടെ ശരാശരി താപനില പലപ്പോഴും മാറിമറഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ ദീര്‍ഘകാലം വളരെയധികം തണുപ്പും (ഹിമയുഗം) അവയ്ക്ക് ശേഷം അതീവ ചൂടും ചാക്രികമായി വന്നുപോയിട്ടുണ്ട്. പക്ഷേ ഈ മാറ്റങ്ങള്‍ക്കിടയില്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങളുടെ അന്തരമുണ്ടായിരുന്നു. ഭൂമിയുടെ ഉപരിതലത്തില്‍ എത്തിയിരുന്ന സൂര്യപ്രകാശത്തിന്റെ അളവിലുള്ള വര്‍ധനയും സമുദ്രം ചൂട്പിടിക്കുമ്പോള്‍ പുറത്തുപോകുന്ന കാര്‍ബണ്‍ ഡയോക്സൈഡുമാണ് അന്നൊക്കെ താപനില വര്‍ധനവിന് ഇടയാക്കിയിരുന്നത്. പക്ഷേ, ഇന്നത്തെ ആഗോളതാപനം ഇത്ര രൂക്ഷമാകാനുള്ള കാരണം മനുഷ്യര്‍ ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് മൂലം അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന, ചൂടിനെ പിടിച്ച് നിര്‍ത്തുന്ന വാതകങ്ങളുടെ അളവിലുള്ള വര്‍ധനയാണ്.
കൗതുകം നിറഞ്ഞ ഒരു മികച്ച ശാസ്ത്ര ലേഖനം നിങ്ങളുടെ ഇന്‍ബോക്സില്‍ എന്നും രാവിലെ എത്തും. ഇവിടെ ക്ലിക്ക് ചെയ്ത് സയന്‍സ് ഇന്‍ഡിക്ക സബ്സ്ക്രൈബ് ചെയ്യുക. ഇപ്പോള്‍ സൗജന്യം.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ, സൗരോര്‍ജ്ജം, അഗ്നിപര്‍വ്വതങ്ങള്‍ തുടങ്ങിയ സ്വാഭാവിക കാരണങ്ങളാല്‍ ഭൂമിയുടെ താപനിലയില്‍ വളരെ നേരിയ വര്‍ധന മാത്രമേ ഉണ്ടായിട്ടുള്ളു. താപനില വര്‍ധനവിന്റെ വലിയ ഉത്തരവാദി മനുഷ്യന് മാത്രമാണെന്ന് സാരം.
ആഗോളതാപനത്തിന്റെ കാരണങ്ങള്‍
ഹരിതഗൃഹ പ്രഭാവം
റോഡിയോആക്ടീവ് ഫോഴ്സിംഗ്- സൂര്യനില്‍ നിന്നും ഭൗമോപരിതലത്തില്‍ പതിക്കുന്ന വികിരണോര്ജ്ജത്തില് കാലാവസ്ഥ ഘടകങ്ങള്‍ (ഹരിതഗൃഹ വാതകങ്ങള്‍, അഗ്നിപര്‍വ്വതങ്ങള്‍) ഉണ്ടാക്കുന്ന സ്വാധീനമാണ് റേഡിയോആക്ടീവ് ഫോഴിസിംഗ്.
മനുഷ്യരുടെ ഇടപെടലുകള്‍ കാലാവസ്ഥയിലുണ്ടാക്കുന്ന സ്വാധീനം
ഹരിതഗൃഹ വാതകങ്ങള്‍
ഭൂമിയുടെ ഉപയോഗത്തില്‍ വന്ന മാറ്റം
ഓസോണ്പാളിയുടെ നാശം
കാലാവസ്ഥ വ്യതിയാനവും ആഗോള താപനവും
കാലാവസ്ഥ വ്യതിയാനം ആഗോള താപനത്തിന്റെ പാര്‍ശ്വഫലമാണെന്ന് പറഞ്ഞാലും, അതല്ല ആഗോള താപനം മനുഷ്യര്‍ മൂലമൂള്ള കാലാവസ്ഥ വ്യതിയാനത്തിന്റെ ഒരു ലക്ഷണം മാത്രമാണെന്ന് പറഞ്ഞാലും യഥാര്‍ത്ഥത്തില്‍ ഒരേ പ്രതിഭാസത്തെ കുറിച്ചാണ് നാം സംസാരിക്കുന്നത്-ഭൂമിയില്‍ അടിഞ്ഞുകൂടുന്ന അധിക താപോര്‍ജ്ജത്തെ കുറിച്ച്. അടിസ്ഥാനപരമായി രണ്ടും ഒന്നായിട്ടും എന്തുകൊണ്ടാണ് നാം അതിനെ രണ്ട് രീതിയില്‍ വിശദീകരിക്കുന്നത്.
കഴിഞ്ഞ രണ്ട് നൂറ്റാണ്ടായി ഭൗമോപരിതലത്തിലെ ശരാശരി താപനിലയിലുള്ള വര്‍ധനവിനെയാണ് നാം ആഗോള താപനം എന്ന് വിളിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ പകുതി മുതല്‍ ശാസ്ത്രജ്ഞര്‍ താപനില, കൊടുങ്കാറ്റ്, പേമാരി തുടങ്ങി പലതരത്തിലുള്ള പ്രകൃതി പ്രതിഭാസങ്ങളെ കുറിച്ചും കാലാവസ്ഥയില്‍ അതുണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ചും വിശദമായി പഠിച്ച് വരികയാണ്
ചരിത്രകാരനായ സ്പെന്‍സര്‍ വേര്‍ട്ടിന്റെ അഭിപ്രായത്തില്‍, ഒരേ പ്രതിഭാസത്തിന്റെ രണ്ട് വ്യത്യസ്ത വശങ്ങളെ വിശദീകരിക്കാന്‍ ഒന്നിലധികം വാക്കുകള്‍ ഉണ്ടാകുന്നത് ഈ പ്രശ്നത്തെ മനസിലാക്കുന്നതില്‍ ശാസ്ത്രജ്ഞര്‍ കൈവരിച്ച പുരോഗതിയാണ് വ്യക്തമാക്കുന്നത്. 1800കളില്‍, ഊര്‍ജ്ജത്തിന് വേണ്ടി ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കാന്‍ മനുഷ്യരെ ശീലിപ്പിച്ച വ്യാവസായികവല്‍ക്കരണത്തിന് കാലാവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശേഷിയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ക്ക് സംശയമുണ്ടായിരുന്നു. എങ്കിലും മലിനീകരണത്തെ തുടര്‍ന്നുള്ള സൂര്യപ്രകാശ പ്രതിഫലനം മൂലം സംഭവിക്കുന്ന ശിതീകരണമോ ഹരിതഗൃഹ വാതകങ്ങള്‍ മൂലമുള്ള താപനമോ മേല്‍ക്കൈ നേടുമോ എന്ന കാര്യത്തില്‍ പിന്നീടുള്ള ദശാബ്ദങ്ങളിലും ശാസ്ത്രജ്ഞര്‍ക്ക് ഉറപ്പില്ലായിരുന്നു. എന്നാല്‍ 1970കളോടെ, താപനം ശിതീകരണത്തിന് മേല്‍ ആധിപത്യം നേടുമെന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ച് തുടങ്ങി. മുമ്പ് ഭൂമി കടന്നുപോയ തപീകരണ, ശിതീകരണത്തില് നിന്നും വ്യത്യസ്തമാണ് ഇപ്പോള്‍ ഭൂമി കടന്നുപോകുന്ന സാഹചര്യമെന്നും ശാസ്ത്രലോകം മനസിലാക്കി. അങ്ങനെയാണ് ആഗോള താപനം അഥവാ ഗ്ലോബല്‍ വാമിംഗ് എന്ന വാക്ക് ഉണ്ടാകുന്നത്.
എന്നാല്‍ പിന്നീടുള്ള ദശാബ്ദങ്ങളില്‍, ആഗോള താപനമെന്നത് ഹരിതഗൃഹ വാതകങ്ങള്‍ ആഗിരണം ചെയ്യുന്ന അധികതാപം കൊണ്ട് മാത്രം സംഭവിക്കുന്ന ഒന്നല്ല എന്ന് ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു. സമുദ്രനിരപ്പ് ഉയരല്‍, ജലചക്രങ്ങളുടെ തീവ്രതയിലുള്ള വര്‍ധന, സസ്യങ്ങളും ജന്തുക്കളും നേരിടുന്ന സമ്മര്‍ദ്ദങ്ങള്‍ തുടങ്ങിയ മറ്റ് മാറ്റങ്ങളും കൂട്ടിച്ചേര്‍ത്ത് അവര്‍ മറ്റൊരു പ്രതിഭാസത്തെ തിരിച്ചറിഞ്ഞു. 1990കളോടെ ഭൂമി നേരിടുന്ന വെല്ലുവിളികളെ വിശദീകരിക്കുന്നതിനായി ശാസ്ത്രലോകം മനുഷ്യര്‍ മൂലമുള്ള കാലാവസ്ഥ വ്യതിയാനമെന്ന വാക്ക് ഉപയോഗിച്ച് തുടങ്ങി.