
ഇനി റോബോട്ടുകള്‍ ആനയെ കണ്ടു പഠിക്കേണ്ടി വരും
തുമ്പിക്കൈയിലൂടെ ആന ഉപയോഗപ്പെടുത്തുന്ന 'എല്ലാം കൂടി ഒന്ന്' എന്ന ടെക്നിക് ഉപയോഗിച്ച് അസാധാരണ റോബോട്ടുകളെ വികസിപ്പിക്കാം
ആനകളെ പോലെ തന്നെ അതിശയം ജനിപ്പിക്കുന്നവയാണ് അവയുടെ തുമ്പിക്കൈയ്യും. കഴിക്കാനും കുടിക്കാനും ശ്വസിക്കാനുമെല്ലാം മാറി മാറി തുമ്പിക്കൈ ഉപയോഗിക്കുന്ന ആനകള്‍ക്ക് പക്ഷേ തരം തരിച്ച് ആവശ്യങ്ങളറിഞ്ഞ് തുമ്പിക്കൈയ്യില്‍ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയും. ഇവയുടെ ഈ ടെക്നിക് ഭാവിയില്‍ ക്രിയാത്മകായി പ്രവര്‍ത്തിക്കുന്ന റേബോട്ടുകളെ നിര്‍മിക്കാനും സഹായിക്കും എന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം
ചൈനയിലെ ഒരു ആനക്കൂട്ടം കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 16 ആനകളുടെ കൂട്ടം കാട്ടില്‍ നിന്നും 'ഇറങ്ങിപോയി' നാടു മുഴുവന്‍ ചുറ്റി അവസാനം കാട്ടിലേക്ക് തന്നെ മടങ്ങുന്നതു വരെ ഇവര്‍ ലോകത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇടയ്ക്ക് വച്ച് ചിലര്‍ തിരിച്ചു പോയതും മറ്റൊരു കുറുമ്പന് വഴി തെറ്റിയതുമെല്ലാം ലോകം സസൂക്ഷ്മം നിരീക്ഷിച്ചു. ഇങ്ങനെ നാടിളക്കി നടന്ന ആനക്കൂട്ടം മാത്രമല്ല, ഏതൊരു ആനയും കൗതുകമാണ് മിക്കവര്‍ക്കും.
ഒരു ആന അടുത്തുകൂടെ നടന്നു പോയാല്‍ ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അന്തിച്ചു നോക്കി നില്‍ക്കാറുണ്ട്. തലയെടുപ്പോടെ നടന്നടുക്കുന്നത് കണ്ടു നില്ക്കാന് രസമാണെങ്കിലും അല്പം പേടിയോടെയായിരിക്കും മിക്കവരും ആനയുടെ അടുത്ത് നില്ക്കുക. വലിയ നീണ്ട തുമ്പിക്കൈയ്യും മുറം പോലുള്ള ചെവിയും തൂണ് പോലുള്ള കാലുകളുമൊക്കെയുള്ള കരയിലെ ഏറ്റവും വലിയ മൃഗമായ ആനയ്ക്ക് പകരം വയ്ക്കാന്‍ ഈ ലോകത്ത് മറ്റൊന്നുമില്ല. ഒരേ സമയം സ്നേഹിക്കാനും കലി കേറിയാല്‍ സംഹാര താണ്ഡവവുമാടുന്ന പ്രകൃതം. ഇതൊന്നുമല്ലാതെ വേറെയും ചില പ്രത്യേകതകളുണ്ട് ആനയ്ക്ക്.
എല്ലാമൊതുക്കും ആനക്കൈ
ആന ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടില്ലേ ? വെള്ളം കുടിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ ? ആന ശ്വാസമെടുക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ ? ഇതെല്ലാം ചെയ്യുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാല്‍ ? ആനയുടെ കൈയ്യും മൂക്കുമെല്ലാമായ തുമ്പിക്കൈ കൊണ്ട് ! ആനയുടെ തുമ്പിക്കൈയ്യാണ് താരം. ഓള് ഇന്‍ വണ്‍ എന്ന് പറയാറില്ലേ. അതുപോലെ. എല്ലാത്തിനും കൂടി ഒരു ഒറ്റ തുമ്പിക്കൈ മതി ആനയ്ക്ക്. ഇതു മാത്രമല്ലല്ലോ തുമ്പിക്കൈ കൊണ്ട് ചെയ്യുന്നത് എന്ന് ചിന്തിക്കാം. പക്ഷേ മൂക്കും കൈയ്യും കൂടിചേര്‍ന്ന തുമ്പിക്കൈ ഉപയോഗിച്ചുള്ള മറ്റ് ജോലികളല്ല, അതിനകത്തെ പ്രതിഭാസങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. കാരണം, എല്ലാം അകത്തേക്ക് വലിച്ചെടുക്കാന്‍ കഴിവുള്ള അഥവാ സക്ഷന്‍ (suction) ചെയ്യുന്ന കരയിലേയും കടലിലേയും ഏക മൃഗമാണ് ആന.
ആനകള്‍ വെള്ളം തുമ്പിക്കൈയ്യില്‍ ശേഖരിക്കുന്നത് കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ്. സെക്കന്‍ഡില്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം തുമ്പിക്കൈയ്യില്‍ വലിച്ചെടുക്കാന്‍ ഇവയ്ക്ക് സാധിക്കും
ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള ഈ ടെക്നിക്ക് തേടുകയായിരുന്നു ജോര്‍ജിയയിലെ ഒരു സംഘം ഗവേഷകര്‍. 'സ്വിസ് ആര്‍മി നൈഫ്' എന്നാണ് ഈ ഗവേഷകര്‍ ആനയുടെ തുമ്പിക്കൈയെ വിശേഷിപ്പിച്ചത്. ഒന്നില്‍ തന്നെ പല ആയുധങ്ങളുള്ള ഒരു തരം ചെറിയ കത്തിയാണ് അത്. അതുപോലെ ഒരൊറ്റ തുമ്പിക്കൈ കൊണ്ട് ശ്വസിക്കാനും വെള്ളം കുടിക്കാനും ഭക്ഷണം അകത്താക്കാനുമെല്ലാം കഴിവുള്ള ഒരേയൊരു ജീവിയാണ് ആന. വെള്ളവും ഭക്ഷണവും അകത്താക്കാന്‍ ഈ തുമ്പിക്കൈ ഒരു ഉപകരണമാക്കുകയാണ് ചെയ്യുന്നത്. എങ്ങനെയാണ് ഇവ ഓരോന്നിനുമായി തന്റെ തുമ്പിക്കൈയ്യിലെ നാസദ്വാരം യഥേഷ്ടം മാറി മാറി ഉപയോഗിക്കുന്നത് എന്നായിരുന്നു ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍ പഠനം നടത്തിയത്.
തുമ്മുന്നതിലും വേഗത്തില്‍!
ആനകള്‍ വെള്ളം തുമ്പിക്കൈയ്യില്‍ ശേഖരിക്കുന്നത് കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ്. സെക്കന്‍ഡില്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം തുമ്പിക്കൈയ്യില്‍ വലിച്ചെടുക്കാന്‍ ഇവയ്ക്ക് സാധിക്കും. നമ്മള് ഒന്നു തുമ്മാന്‍ എടുക്കുന്ന സമയത്തിലും 30 ഇരട്ടി വേഗത്തില്‍! എന്നാല്‍ എങ്ങനെയാണ് ഇവ വെള്ളം വലിച്ചെടുക്കാനായി തുമ്പിക്കൈ ഉപയോഗിക്കുന്നതെന്നും അതേ പോലെ എത്ര ചെറുതും വലുതുമായ ആഹാര സാധനങ്ങള്‍ തുമ്പിക്കൈയ്യില്‍ എങ്ങനെ വലിച്ചെടുക്കുന്നു എന്നതും മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം. വായു, വെള്ളം, ഭക്ഷണം എന്നിവയുടെ ഘടനയ്ക്ക് അനുസരിച്ച് തുമ്പിക്കൈയ്യുടെ ഈ 'വലിച്ചെടുക്കല്‍' തന്ത്രത്തിലും മാറ്റം വരുത്തുന്നതിന് പുറകിലെ ഊര്‍ജതന്ത്രം മനസ്സിലാക്കിയത് ചല പരീക്ഷണങ്ങളിലൂടെയായിരുന്നു.
സംഭരണശാല
തുമ്പിക്കൈ അത്ര നിസാരക്കാരനല്ല. ആനയുടെ വായിലേക്ക് എത്തിക്കുന്ന ഉപകരണം മാത്രമല്ല ഇത്, ഒരു തരത്തില്‍ പറഞ്ഞാല്‍ സംഭരിക്കാനും ഉപയോഗിക്കാം. ആവശ്യങ്ങള്‍ക്ക് അനുസരിച്ച് തുമ്പിക്കൈയ്യുടെ ഉള്‍ഭാഗം വലുതാക്കുകയും ചെറുതാക്കുകയുമാണ് ആനകള്‍ ചെയ്യുന്നത്. ഇതിനകത്ത് അത്യാവശ്യം സാധനങ്ങള്‍ സംഭരിച്ചു വയ്ക്കാനും കഴിയും. എന്നുവച്ച് ഒരു പനമ്പട്ട മുഴുവനും തുമ്പിക്കൈയ്യുടെ ഉള്ളില്‍ കയറിപോകുമെന്നല്ല.
ചെറിയ ചില ആഹാരസാധനങ്ങള്‍ വലിച്ചെടുത്ത് അടുത്തത് എടുക്കാനും ഒക്കെ ഇവയ്ക്ക് കഴിയും. മാത്രമല്ല, തുമ്പിക്കൈയ്യുടെ അകത്ത് 5.5 ലിറ്റര്‍ വെള്ളം സംഭരിക്കാനും സാധിക്കും. ഇങ്ങനെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് തുമ്പിക്കൈയ്യിലും ആനകള്‍ മാറ്റങ്ങള്‍ വരുത്തും.
ജോര്‍ജിയയിലെ അറ്റ്ലാന്റ മൃഗശാലയിലെ ആനകളെയാണ് പരീക്ഷണത്തിനായി ഭക്ഷണവും വെള്ളവും നല്കി നിരീക്ഷിച്ചത്. വിവിധ രൂപത്തിലുള്ള വിവിധ ഭക്ഷണങ്ങള്‍ ഇവയ്ക്ക് നല്‍കിയായിരുന്നു പരീക്ഷണം. ഏത് രൂപത്തിലുള്ള ആഹാരവും പക്ഷേ നിഷ്പ്രയാസം ആന തന്റെ തുമ്പിക്കൈ കൊണ്ട് വലിച്ച് അടുപ്പിച്ച ശേഷം തുമ്പിക്കൈയ്യുടെ രണ്ട് അഗ്രങ്ങള്‍ കൂട്ടിപ്പിടിച്ചാണ് സാധനങ്ങള്‍ താഴെ പോകാതെ വായിലേക്ക് എത്തിക്കുന്നത്. വലിയ പപ്പടം പോലുള്ള ടൊര്ടില്ല ചിപ്പ് പോലുള്ളവ പൊട്ടിക്കാതെ തന്നെ, നാസദ്വാരത്തിലൂടെ മര്‍ദ്ദം ചെലുത്തി വലിച്ചെടുത്ത് തുമ്പിക്കൈയ്യില്‍ ഭദ്രമാക്കി. ചില പച്ചക്കറികള്‍ ക്യൂബുകളാക്കി മുറിച്ച് വെള്ളത്തില്‍ ഇട്ട് നല്കി.
ഒരേ സമയം നമ്മള് കൈകൊണ്ട് പെറുക്കി എടുക്കുന്നതു പോലെ ക്യൂബുകള്‍ മാത്രം തുമ്പിക്കൈ കൊണ്ട് എടുത്തു. കുറച്ചെണ്ണം അത് തുമ്പിക്കൈയ്യില്‍ സൂക്ഷിച്ച ശേഷമാണ് കഴിക്കാനായി വായിലേക്ക് വയ്ക്കുന്നതും. അതായത്, സാധനങ്ങളുടെ വലിപ്പവും ആകൃതിയുമനുസരിച്ച് തുമ്പിക്കൈയ്യുടെ ഉപയോഗവും വ്യത്യാസപ്പെടും.
ഇടനാഴി തുറന്ന് അകത്തേക്ക്
യഥാര്‍ഥത്തില്‍ ആനയുടെ തുമ്പിക്കൈയ്യുടെ അകത്തെ നാസികയുടെ ഇടനാഴി ചെറുതാണെന്നാണ് ധരിച്ചിരുന്നത്. എന്നാല്‍ അള്ട്രാസോണോഗ്രഫിക് ചിത്രങ്ങളിലൂടെയാണ് ഇവയുടെ നാസദ്വാരം വികസിക്കുമെന്നും വായു അകത്തെത്തിയാണ് നാസനാളം തുറക്കുന്നതെന്നും തിരിച്ചറിയാന്‍ കഴിഞ്ഞത്.
ജോര്‍ജിയയിലെ അറ്റ്ലാന്റ മൃഗശാലയിലെ ആനകളെയാണ് പരീക്ഷണത്തിനായി ഭക്ഷണവും വെള്ളവും നല്കി നിരീക്ഷിച്ചത്
ശാസ്ത്രജ്ഞര്‍ അനുമാനിച്ചതിലും കൂടുതല്‍ വെള്ളം ഇവയ്ക്ക് തുമ്പിക്കൈയ്യില്‍ ശേഖരിക്കാന്‍ കഴിയുന്നതും ഇങ്ങനെയാണ്. ഇനി ആനകള്‍ ഭക്ഷണവും വെള്ളവും ഒക്കെ വലിച്ച് മൂക്കിലേക്ക് അടുപ്പിക്കാന്‍ ഒരു മര്‍ദ്ദം പ്രയോഗിക്കുന്നുണ്ട്. ഇത് വളരെ വേഗത്തിലും ആക്കത്തിലുമാണ് ചെയ്യുന്നത്. വായുവിന്റെ സഹായത്തോടെയാണ് ആന ഈ മര്‍ദ്ദം പ്രയോഗിക്കുന്നതും നാസനാളം തുറക്കുന്നതും വലുതാക്കുന്നതുമെല്ലാം.
തുമ്പിക്കൈയ്യുടെ മസിലുകളുടെ ചലനവും പ്രവര്‍ത്തനരീതിയും മനസ്സിലാക്കി അതില്‍ ആനകള്‍ പ്രയോഗിക്കുന്ന തരത്തിലുള്ള വലിച്ചെടുക്കാനും പിടിക്കാനുമുള്ള കഴിവും കൂടുതല്‍ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ തിരിച്ചറിവുകള്‍ ഭാവിയില്‍ കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന റോബോട്ടുകളെ നിര്‍മിക്കാനും സഹായകമാകുമത്രേ.
ആനള് ഉപയോഗിക്കുന്ന 'എല്ലാം കൂടി ഒന്ന്' എന്ന ടെക്നിക് ഉപയോഗിച്ച് കൂടുതല്‍ കാര്യക്ഷമതയും ക്രിയാത്മകവുമായ റോബോട്ടുകളുടെ നിര്‍മാണത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. എന്നാല്‍ ആഫ്രിക്കന്‍ ആനകള്‍ക്ക് ഇതിലും കൂടുതല്‍ പ്രത്യേകതകളുണ്ട്. ഏതായാലും ഒന്നുറപ്പാണ്. ആനകളില്‍ നിന്നും മനുഷ്യന് മാത്രമല്ല, റോബോട്ടുകളും ഇനിയുമേറെ പഠിക്കാനുണ്ട് !