
ജാഗ്രതൈ! കഴിക്കുന്ന ഭക്ഷണവും നിങ്ങളുടെ സ്വപ്നത്തെ സ്വാധീനിക്കും
സ്വപ്നം കാണുന്നതെന്തിനാണ് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
എങ്ങനെയാണ് നമ്മള് ഉറക്കത്തില്‍ സ്വപ്നം കാണുന്നത്? നമ്മുടെ ആഗ്രഹങ്ങളാണോ സ്വപ്നങ്ങളായി മാറുന്നത്? എന്തുകൊണ്ടാണ് കാണുന്ന സ്വപ്നങ്ങള്‍ ഉണരുമ്പോള്‍ മറന്നുപോകുന്നത്? ഇങ്ങനെ സ്വപ്നങ്ങളെക്കുറിച്ച് നിരവധി സംശയങ്ങള്‍ നമുക്കുണ്ടാകും. ഇവയുടെയെല്ലാം ഉത്തരം അറിയാം...
വിജനമായ വഴിയില്‍ നിറയെ ചുവപ്പു പൂക്കളും മഞ്ഞയും പിങ്കും ഇടകലര്‍ന്ന ഇലകളും ആരോ വിരിച്ചിട്ടതുപോലെ കിടക്കുന്നു. ചെറുതായി മഞ്ഞ് പെയ്തിറങ്ങുന്ന ആ വഴിയിലൂടെ തൂവെള്ള നിറമുള്ള ഗൗണ്‍ ധരിച്ച് തനിച്ച് നടന്നു വന്ന ആ പെണ്‍കുട്ടിയുടെ മുന്നിലേക്ക് പെട്ടെന്ന് ഒരാള്‍ കുതിച്ചെത്തി. അമ്മേ എന്നും അലറി വിളിച്ചുകൊണ്ട് കിടക്കയില്‍ നിന്നും ചാടി എഴുന്നേറ്റ നിത പെട്ടെന്നാണ് താന്‍ കണ്ടത് വെറും സ്വപ്നമായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. എന്നാലും താന്‍ കണ്ട സ്വപ്നത്തിലെ ആ അപരിചിതന് ആരായിരിക്കും? ആ പെണ്‍കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ? ചിന്തകള്‍ നീണ്ടപ്പോള്‍ കണ്ട സ്വപ്നത്തിന്റെ ബാക്കി എന്താകും എന്നറിയാനുള്ള ആകാംക്ഷയായിരുന്നു നിതയുടെ ഉള്ളില്‍. പക്ഷേ ഇനി അതു നടക്കില്ലല്ലോ എന്നോര്‍ത്ത് നിത നിരാശയായി.
പലപ്പോഴും നിതയുടെ അതേ അവസ്ഥയിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാകും. പേടി സ്വപ്നമാണെങ്കില്‍ കൂടി അതിന്റെ ബാക്കിയെന്തായിരിക്കും, എന്തുകൊണ്ടാണ് അത് താന്‍ കണ്ടത് തുടങ്ങിയ ചിന്തകള്‍ നമ്മെ അലട്ടാറുണ്ട്. കണ്ട സ്വപ്നത്തിന്റെ പൊട്ടും പോടും തപ്പിയെടുക്കാന്‍ ഓര്‍മകളെ എത്ര തട്ടിവിളിച്ചാലും ചിലപ്പോള്‍ അവ നമുക്ക് പിടി തരാതെ വഴുതി മാറുകയും ചെയ്യും. എന്നാല്‍ താന്‍ സ്വപ്നം പോലും കണ്ടില്ലല്ലോ എന്ന് തോന്നും വിധം നമ്മള് അവയില്‍ പലതും മറന്നുപോവുകയും ചെയ്യും. എന്നാല്‍ ചില സ്വപ്നങ്ങള്‍ ചിലരെ ദിവസങ്ങളോളവും വര്‍ഷങ്ങളോളവും പിന്തുടരാറുമുണ്ട്. എന്തുകൊണ്ടായിരിക്കും ഇങ്ങനെ നമുക്ക് പിടി തരാതെ സ്വപ്നത്തിന്റെ ആ വാതില്‍ പാതി ചാരി നമ്മുടെ മനസ്സിന്റെ കോണില്‍ എന്നും ഒളിച്ചിരിക്കുന്നത്?
സ്വപ്നത്തിലേക്ക് കടക്കുമ്പോള്‍
ഉറക്കത്തിന്റെ പല ഘട്ടങ്ങളില്‍ നമുക്ക് സംഭവിക്കുന്ന ഒരു തരം ഹാലൂസിനേഷന് അഥവാ മായാദൃശ്യങ്ങളാണ് സ്വപ്നങ്ങള്‍ എന്നു പറയാം. നമ്മുടെ കണ്ണുകളുടെ ചലനങ്ങളെ ആശ്രയിച്ചാണ് സ്വപ്നങ്ങള്‍ കടന്നുവരുന്നത്. അതായത്, റാപിഡ് ഐ മൂവ്മെന്റ് സ്ലീപ് എന്നറിയപ്പെടുന്ന REM sleep-ന്റെ സമയത്താണ് ഏറ്റവും കൂടുതലായി സ്വപ്നങ്ങള്‍ കാണുന്നതെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. നമ്മള് ഉറങ്ങി ഒരു മണിക്കൂറോ ഒന്നര മണിക്കൂറോ കഴിഞ്ഞുള്ള സമയമാണ് ആര്‍ഇഎം സ്ളീപ് ആയി കണക്കാക്കുന്നത്. ഏകദേശം 10 മിനുറ്റാണ് ഇത് ഉണ്ടാവുക. പിന്നീട് ഉറക്കത്തിന്റെ പല സമയങ്ങളിലായി ഇത് ആവര്‍ത്തിക്കുകയും ചെയ്യും. എന്നാല്‍ ആര്‍ഇഎം സ്ളീപിന്റെ സമയം വര്‍ദ്ധിച്ചു വരുമെന്ന് മാത്രം.
നമ്മുടെ അബോധ മനസ്സിലുള്ള ചില ആഗ്രഹങ്ങളും ചിന്തകളുമെല്ലാം സ്വപ്നങ്ങളെ സ്വാധീനിക്കാം
ആര്‍ഇഎം സ്ളീപിന്റെ സമയത്ത് നാം കാണുന്ന സ്വപ്നങ്ങള്‍ പലതും ഓര്മിച്ചെടുക്കാന് ബുദ്ധിമുട്ടായിരിക്കും. അതായത്, നമ്മുടെ തലച്ചോറിന്റെ പല ഭാഗങ്ങളും നമ്മള് ഉറങ്ങുന്ന ഈ സമയവും ഉണര്‍ന്നിരിക്കും. നമ്മള് പൂര്‍ണ ബോധാവസ്ഥയിലല്ലെങ്കിലും, നമ്മുടെ ശരീരം ചലിക്കുന്നില്ലെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടാകും. അതുകൊണ്ടു തന്നെ പകല്‍ സമയത്ത് നാം കാണുന്നതോ കേള്‍ക്കുന്നതോ ആയ സംഭവങ്ങളുമായി ബന്ധിപ്പിച്ച് എന്നാല്‍ അതുമായി ഒരിക്കലും ചേരാത്ത തരത്തിലുള്ള സംഭവങ്ങളെ നാം സ്വപ്നങ്ങളില്‍ കാണ്ടെന്നിരിക്കും. പലപ്പോഴും നമുക്ക് തന്നെ എന്ത് മണ്ടന്‍ സ്വപ്നമായിരുന്നു അതെന്ന് തോന്നുന്ന തരത്തിലുള്ള ചില ഓര്‍മകള്‍ സ്വപ്നങ്ങളെക്കുറിച്ച് മനസ്സിലേക്ക് എത്താറില്ലേ? അതിനു കാരണം, തലച്ചോറിന്റെ യുക്തിപരമായി ചിന്തിക്കാനുള്ള കഴിവിനു പകരം വികാരങ്ങളെ നിയന്ത്രിക്കുന്ന ഭാഗമാണ് ഈ സമയം പ്രവര്‍ത്തിക്കുന്നത്.
നമ്മുടെ തലച്ചോര്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഈ സമയം നമ്മുടെ മസിലുകള്‍ അയഞ്ഞിരിക്കും. എങ്കിലും നമ്മുടെ കണ്ണുകള്‍ വേഗത്തില്‍ ചലിക്കുകയും ചെയ്യും. ഇതാണ് ഈ സമയത്തെ ഉറക്കത്തിന്റെ പ്രത്യേകത. മാത്രമല്ല, ആര്‍ഇഎം സ്ളീപിന്റെ സമയ ദൈര്‍ഘ്യം കുട്ടികളില്‍ കൂടുതലും പ്രായമാകും തോറും കുറഞ്ഞു വരികയുമാണ് പതിവ്. കുട്ടികള്‍ പലപ്പോഴും കണ്ട സ്വപ്നങ്ങളുടെ ശകലങ്ങള്‍ പറയുന്നത് കേള്‍ക്കാറില്ലേ? അവര്‍ കൂടുതല്‍ സ്വപ്നം കാണുന്നവരാണെന്ന് ചുരുക്കം.
ഇനി ആര്‍ഇഎം സ്ളീപിന്റേതല്ലാത്ത സമയത്തെ ഉറക്കമാണ് നോണ്‍-ആര്‍ഇഎം സ്ളീപ്. ഈ സമയം നമ്മുടെ തലച്ചോറും മയക്കത്തിലായിരിക്കും. അതായത്, നാം ഗാഢനിദ്രയിലമരുന്ന സമയം. ഈ സമയത്ത് നമ്മള് സ്വപ്നം കാണുകയുമില്ല. എന്നുവച്ചാല്‍ പൊതുവേ ഉറക്കത്തില്‍ സ്വപ്നം കാണുന്ന ആര്‍ഇഎം സ്ളീപിന്റെ സമയം വളരെ കുറവും അല്ലാത്ത സമയം വളരെ കൂടുതലുമായിരിക്കും. എന്നാല്‍ രാത്രി ഉറങ്ങാന്‍ കിടക്കുന്ന ഒരാളുടെ ഉറക്കം വെളുപ്പിനാകുമ്പോഴേക്ക് ആര്‍ഇഎം സ്ളീപിന്റെ ദൈര്‍ഘ്യം കൂടി വരുന്നതായി കാണാം. വെളുപ്പിന് കാണുന്ന സ്വപ്നങ്ങള്‍ക്ക് ദൈര്‍ഘ്യം കൂടുന്നതും അതുകൊണ്ടാണ്.
എന്തിനാണ് സ്വപ്നം കാണുന്നത്
ഉറക്കം നമ്മുടെ ശരീരത്തിന് എത്രത്തോളം പ്രധാനമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ സ്വപ്നം കാണുന്നതെന്തിനാണ് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സ്വപ്നം കാണുന്നതും കാണാതിരിക്കുന്നതും ഓര്‍മിക്കുന്നതും മറക്കുന്നതുമെല്ലാം നമ്മുടെ കൈകളിലല്ല എന്നതാണ് വാസ്തവം. എന്നാല്‍ സ്വപ്നം കാണുന്ന സംഭവങ്ങളെക്കുറിച്ച് വ്യക്തമായ തെളിവുകളില്ലെങ്കിലും അവ നമ്മള് കേട്ടതോ കണ്ടതോ പരിചയിച്ചതോ ആയ ഏതെങ്കിലും വിഷയങ്ങളോ സംഭവങ്ങളോ ആസ്പദമാക്കിയാണ് പൊതുവേ ഉണ്ടാകാറുള്ളത്. നമ്മുടെ അബോധ മനസ്സിലുള്ള ചില ആഗ്രഹങ്ങളും ചിന്തകളുമെല്ലാം സ്വപ്നങ്ങളെ സ്വാധീനിക്കാം.
സ്വപ്നം കാണുമ്പോള്‍ നമ്മുടെ തലച്ചോറിന്റെ അമിഗ്ഡല (amygdala) എന്ന ഭാഗമാണ് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നത്. നമുക്ക് ഏതെങ്കിലും തരത്തിലുള്ള ഭയമോ അതിജീവനം ആവശ്യമുള്ളപ്പോഴെല്ലാം തലച്ചോറിന്റെ ഈ ഭാഗമാണ് എന്ത് ചെയ്യണം എന്നെല്ലാം ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്
സ്വപ്നം കാണുന്നത് എന്തിനാണ് എന്നതു സംബന്ധിച്ച് വ്യക്തമായ ഉത്തരം ഗവേഷകര്‍ക്കും ഇല്ലെങ്കിലും അവയോട് അനുബന്ധിച്ചുള്ള ചില വിശ്വാസങ്ങളും സിദ്ധാന്തങ്ങളുമുണ്ട്. സ്വപ്നങ്ങള്‍ ചിലപ്പോഴൊക്കെ ഒരു തെറാപ്പി പോലെ പ്രവര്‍ത്തിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കാരണം, നമ്മുടെ ജീവിതത്തിലെ വൈകാരിക മുഹൂര്‍ത്തങ്ങളെ സ്വപ്നങ്ങളിലൂടെ നാം പുനരാവിഷ്കരിക്കുകയോ നമ്മുടെ വികാരങ്ങളുമായി ബന്ധിപ്പിച്ച് മറ്റേതെങ്കിലും തരത്തിലോ നമ്മള് കാണാറുണ്ട്. നമ്മള് ബോധപൂര്‍വ്വം ചിന്തിക്കാത്ത നമ്മുടെ ഉള്ളിലെ വികാരങ്ങളാണ് തലച്ചോര്‍ ആ സമയം പ്രവര്‍ത്തിപ്പിക്കുന്നത്. അതായത്, നാം ഉണര്‍ന്നിരിക്കുമ്പോള്‍ തോന്നാത്ത പല വൈകാരിക തലങ്ങളും ഉറങ്ങുമ്പോള്‍ പ്രവര്‍ത്തിക്കും.
സ്വപ്നം കാണുമ്പോള്‍ നമ്മുടെ തലച്ചോറിന്റെ അമിഗ്ഡല (amygdala) എന്ന ഭാഗമാണ് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നത്. നമുക്ക് ഏതെങ്കിലും തരത്തിലുള്ള ഭയമോ അതിജീവനം ആവശ്യമുള്ളപ്പോഴെല്ലാം തലച്ചോറിന്റെ ഈ ഭാഗമാണ് എന്ത് ചെയ്യണം എന്നെല്ലാം ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. നമ്മള് ഉണര്ന്നിരിക്കുന്നതിലും ഉറങ്ങുമ്പോള്‍ ഈ ഭാഗം കൂടുതല്‍ പ്രവര്‍ത്തന സജ്ജമാകും. ഇങ്ങനെയാണ് നമ്മുടെ മനസ്സിനെ പലപ്പോഴും ഭീതി ഉളവാക്കുന്ന സന്ദര്‍ഭങ്ങളോട് പൊരുത്തപ്പെടാന്‍ പ്രാപ്തമാക്കുന്നത് എന്നാണ് ഒരു സിദ്ധാന്തം പറയുന്നത്. എന്നാല്‍ എത്ര ഭയം ഉളവാക്കുന്ന സ്വപ്നങ്ങള്‍ വന്നാലും നാം അതില്‍ നിന്നും ഓടി രക്ഷപ്പെടാനായി ശ്രമിക്കാത്ത പോലെ നമ്മുടെ ശരീരം അനങ്ങാതെ കിടക്കുന്നതിനും കാരണമുണ്ട്. നമ്മുടെ ബ്രെയിന്‍ സ്റ്റെം ആര്‍ഇഎം സ്ളീപിന്റെ സമയത്ത് പ്രത്യേക നാഡീ സൂചനകള്‍ നല്‍കും. ഇവ നമ്മുടെ മസിലുകളെ തളര്‍ത്തി കിടത്തും. അതുകൊണ്ടാണ് എത്ര ഭമുണ്ടാക്കുന്ന സ്വപ്നങ്ങള്‍ കണ്ടാലും നമ്മള് കിടക്കയില്‍ നിന്ന് ഇറങ്ങി ഓടാന്‍ ശ്രമിക്കാത്തത്.
ഇനി സ്വപ്നം കാണുന്നതിന്റെ മറ്റൊരു ഗുണമായി ഗവേഷണങ്ങള്‍ പറയുന്നത് പ്രധാനപ്പെട്ട സംഭവങ്ങള്‍ ഓര്‍മിക്കാന്‍ ഇവ സഹായിക്കുമെന്നാണ്. നമ്മള് സ്വായത്തമാക്കിയ പ്രധാന കാര്യങ്ങള്‍ ഓര്‍മയില്‍ സൂക്ഷിക്കാനും അനാവശ്യമായത് മറക്കാനും സ്വപ്നങ്ങള്‍ സഹായിക്കുമെന്ന് ചുരുക്കം. ഉറങ്ങുന്നതിന് മുന്‍പ് പഠിക്കുന്ന കാര്യങ്ങള്‍ ഓര്‍മയില്‍ കൂടുതല്‍ കാലം നില്‍ക്കുമെന്ന് കുട്ടികളോട് പറയാറില്ലേ? അതുപോലെ തന്നെ തലച്ചോര്‍ പുതിയ അറിവുകള്‍ ശേഖരിച്ച് സൂക്ഷിക്കുന്നതില്‍ സ്വപ്നങ്ങള്‍ക്കും പങ്കുണ്ട്. നമ്മുടെ ഓര്‍മശക്തിയെ ഇല്ലാതാക്കുന്ന എല്ലാ കാര്യങ്ങളെയും തടയാന്‍ ഈ സമയം തലച്ചോറിനു കഴിവുണ്ടത്രേ.
ഭയപ്പെടുത്തുന്ന സ്വപ്നങ്ങള്‍
സ്വപ്നങ്ങള്‍ എപ്പോഴും കഥകളായോ ചിത്രങ്ങളായോ ഉറങ്ങുമ്പോള്‍ നമ്മുടെ ഉള്ളിലെത്തുന്നവയാണ്. അത് ചിരിപ്പിക്കുന്നതാകാം ചിന്തിപ്പിക്കുന്നതാകാം ആസ്വദിപ്പിക്കുന്നതാകാം അതുമല്ലെങ്കില്‍ പ്രണയാര്ദ്രമോ ഭയപ്പെടുത്തുന്നതോ ആകാം. ഏതായാലും സ്വപ്നങ്ങള്‍ സിനിമകള്‍ പോലെ കാണാന്‍ സുഖമുള്ള ത്രില്ലറുകളും ആകാറുണ്ടല്ലോ ഇടയ്ക്കെല്ലാം. പക്ഷേ ദു:സ്വപ്നങ്ങള്‍ എന്നു നമ്മള് വിളിക്കുന്ന പേടി സ്വപ്നങ്ങള്‍ പലപ്പോഴും നമ്മുടെ ഉറക്കം കെടത്തുന്നവയും ആകാറുണ്ട്. ഇവ നമ്മില്‍ ഭയവും സമ്മര്‍ദ്ദവും അമിത ആകാംക്ഷയും എല്ലാം നിറയ്ക്കാറുമുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള സ്വപ്നങ്ങള്‍ സ്ഥിരമായി കാണാറുണ്ടെങ്കില്‍ നമ്മുടെ ഉറക്കത്തെ തന്നെ അത് ബാധിക്കും. തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങള്‍ മാനസിക ആരോഗ്യത്തെ ബാധിക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്.
എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള സ്വപ്നങ്ങള്‍ കാണുന്നതെന്ന് ചിന്തിക്കുന്നുണ്ടാകും. എന്തായിരിക്കും നമ്മുടെ സ്വപ്നങ്ങളെ സ്വാധീനിക്കുന്ന കാര്യങ്ങള്‍? നമ്മുടെ ആരോഗ്യം അതില്‍ വലിയൊരു പങ്കു വഹിക്കുന്നുണ്ടെന്നതാണ് സത്യം. നന്നായി ഉറങ്ങാന്‍ കഴിയാതെയിരിക്കുന്ന ദിവസങ്ങള്‍ക്ക് ശേഷം ഉറങ്ങുമ്പോള്‍ നമ്മള് ദീര്‍ഘ-ഗാഢസ്വപ്നങ്ങള് കാണുകയും അവ ഓര്‍മിക്കാന്‍ കഴിയുന്നവയുമായിരിക്കും. മാനസിക പിരിമുറക്കങ്ങള്‍ ഉള്ള വ്യക്തികള്‍, ബൈപോളാര്‍ ഡിസോര്‍ഡര്‍ പോലുള്ള അസുഖങ്ങള്‍ ഉള്ളവര്‍ക്കെല്ലാം ഭയപ്പെടുത്തുന്ന സ്വപ്നങ്ങള്‍ കാണാനുള്ള സാധ്യതകള്‍ കൂടുതലാണ്. മനസ്സ് അസ്വസ്ഥമായിരിക്കുന്നവര് പേടി സ്വപ്നങ്ങള്‍ കൂടുതലായി കാണാറുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇനി ഗര്‍ഭിണികളിലും വിവിധ തരം സ്വ്പനങ്ങള്‍ പ്രത്യക്ഷപ്പെടാം. ഈ സമയത്തെ ഹോര്‍മോണുകളുടെ വ്യത്യാസമാണ് പല ചിന്തകളുടെയും വികാരങ്ങളുടേയും അടിസ്ഥാനം. ഇത് നാം അറിയാതെ നമ്മുടെ സ്വപ്നങ്ങളിലും പ്രതിഫലിക്കാം.
ഭക്ഷണവും സ്വപ്നവും തമ്മില്‍
നമ്മള് കഴിക്കുന്ന ഭക്ഷണവും സ്വപ്നങ്ങളും തമ്മില്‍ എന്താണ് ബന്ധമെന്ന് ആലോചിച്ച് വിഷമിക്കേണ്ട, ബന്ധമുണ്ട്! കാര്‍ബോഹൈഡ്രേറ്റ് കൂടുതലായി അടങ്ങിയിട്ടുള്ള ആഹാരങ്ങള്‍ നമുക്ക് പെട്ടെന്ന് കൂടുതല്‍ ഊര്‍ജസ്വലത നല്‍കും. അതുപോലെ മധുരം കൂടുതലായി ആഹാരത്തില്‍ ഉള്‍പ്പെടുമ്പോള്‍ അതെല്ലാം നമ്മുടെ ഉറക്കത്തെയും സ്വപ്നത്തെയും ബാധിക്കും. നമ്മുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നതെന്തും അബോധ മനസ്സിനെയും സ്വാധീനിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്.
അതുകൊണ്ടു തന്നെ രാത്രി നമ്മുടെ ഉറക്കത്തെ കുറയ്ക്കുന്ന ആഹാരപദാര്‍ഥങ്ങള്‍ ആര്‍ഇഎം സ്ളീപില് നിന്നും നമ്മെ തടസ്സപ്പെടുത്താം. അപ്പോള്‍ നമ്മള് കാണുന്ന സ്വപ്നങ്ങള്‍ ഓര്‍മിക്കാനും സാധ്യത കൂടുതലാണ്. അതായത്, ഇടയ്ക്ക് ഉണരുന്ന ഉറക്കങ്ങളിലാണ് സ്വപ്നങ്ങള്‍ ഓര്‍ത്തിരിക്കാനുള്ള സാധ്യത കൂടുതലെന്ന് അര്‍ഥം. അതുപോലെ പകല്‍ സമയങ്ങളില്‍ പിരിമുറുക്കമില്ലാതെ ജോലികളിലും വ്യായാമങ്ങളിലുമെല്ലാം ഏര്‍പ്പെടുന്നവര്‍ക്കും കിടക്കയില്‍ പിരിമുറുക്കം കുറയും. അത്തരക്കാര്‍ രാത്രികളില്‍ പേടിപ്പെടുത്തുന്ന സ്വപ്നങ്ങള്‍ കാണുന്നതും ഉറക്കത്തില്‍ ഇടയ്ക്കിടെ എഴുന്നേല്ക്കുന്നതും കുറയും.
സ്വപ്നങ്ങള്‍ ഓര്മിക്കുന്നതെങ്ങനെ?
തലച്ചോറിലെ നോറെപിനെഫ്രിന്‍ (norepinephrine) എന്ന രാസവസ്തുവാണ് ഓര്‍മയുമായി ബന്ധപ്പെട്ടിരിക്കുന്നത്. തലച്ചോറിലെ ഇത്തരം ചില രാസവസ്തുക്കളാണ് സ്വ്പനത്തെക്കുറിച്ച് ഓര്‍മിക്കാന്‍ നമ്മെ സഹായിക്കുന്നത്. യഥാര്‍ഥത്തില്‍ നമ്മള് ഒരു സ്വപ്നം കാണുകും അതിനിടയ്ക്ക് നമ്മള് ഉണരുകയും ചെയ്തില്ലെങ്കില്‍ ആ സ്വപ്നത്തെക്കുറിച്ച് നമുക്ക് ഓര്‍മയുണ്ടാകില്ല. നാം ഓര്‍ത്തിരിക്കുന്ന സ്വപ്നങ്ങളെല്ലാം നമ്മള് ഉണരുമ്പോള്‍ കണ്ടുകൊണ്ടിരുന്നവയായിരിക്കും. മാത്രമല്ല നമ്മള് ഉണര്‍ന്ന് ഓര്മിച്ചെടുക്കുന്ന സ്വപ്നത്തെക്കുറിച്ച് മറ്റേതെങ്കിലും തരത്തില്‍ നമ്മുടെ ചിന്ത മാറിക്കഴിഞ്ഞാല്‍ ഓര്‍മിക്കാനും കഴിഞ്ഞെന്നു വരില്ല.
ചില സ്വപ്ന രഹസ്യങ്ങള്‍
എത്ര തവണ ഒരു വ്യക്തി ഉറക്കത്തില്‍ സ്വപ്നം കാണുന്നു എന്ന് കൃത്യമായി പറയാന്‍ കഴിയില്ലെങ്കിലും അമേരിക്കയിലെ നാഷണല്‍ സ്ളീപ് ഫൗണ്ടേഷന് നടത്തിയ പഠന പ്രകാരം ഒരു രാത്രി മൂന്ന് മുതല്‍ ആറ് തവണ വരെ ഒരാള്‍ സ്വപ്നം കാണാറുണ്ടത്രേ.
സ്ഥിരമായി പേടിസ്വപ്നങ്ങള്‍ കാണുന്നവര്‍ക്കായി പ്രത്യേക തെറാപ്പികള്‍ മാനസികാരോഗ്യ വിദഗ്ദര്‍ നിര്‍ദേശിക്കാറുണ്ട്.
നമ്മള് സ്വപ്നം കാണുന്ന സമയം ശരീരം ഭാഗികമായി തളര്‍ന്ന അവസ്ഥയിലായിരിക്കും.
10 വയസ്സിന് താഴെയുള്ള കുട്ടികള്‍ ആര്‍ഇഎം സ്ളീപിന്റെ സമയത്തിനു പകരം നോണ്‍-ആര്‍ഇഎം സ്ളീപിന്റെ അവസ്ഥയിലാണ് സ്വപ്നങ്ങള്‍ കാണുന്നത്.
കഴിക്കുന്ന മരുന്നുകള്‍ സ്വപ്നങ്ങളുടെ ആഴത്തെയും അളവിനെയും ബാധിക്കും.
ഏകദേശം 95 ശതമാനം സ്വപ്നങ്ങളും ഉണരുമ്പോഴേക്കും നമ്മള് മറന്നുപോകും.
കാഴ്ചശക്തിയുള്ളവരെ അപേക്ഷിച്ച് അന്ധതയുള്ളവര്‍ തങ്ങളുടെ മറ്റ് ഇന്ദ്രിയങ്ങള്‍ ഉപയോഗിച്ച് അവര്‍ക്ക് അനുഭവവേദ്യമാകും വിധമാണ് സ്വപ്നങ്ങള്‍ കാണുന്നത് അഥവാ അറിയുന്നത്.