Feb 3 • 9M

ദിനോസറുകള്‍ക്ക് വേണ്ടി പ്രതികാരം ചോദിക്കുമോ ഡാര്‍ട്ട് പേടകം

ഡാര്‍ട്ട് ഒരു പരീക്ഷണമാണ് പ്രതീക്ഷയും. ഛിന്നഗ്രഹങ്ങളുടെ ആക്രമണത്തില്‍ നിന്നും ഭൂമിയെ രക്ഷിക്കാന്‍ കഴിയുമോ എന്നറിയാനുള്ള ഒരു ശ്രമം

4
 
1.0×
0:00
-9:07
Open in playerListen on);
Episode details
Comments

ഡാര്‍ട്ട് ഒരു പരീക്ഷണമാണ് പ്രതീക്ഷയും. ഛിന്നഗ്രഹങ്ങളുടെ ആക്രമണത്തില്‍ നിന്നും ഭൂമിയെ രക്ഷിക്കാന്‍ കഴിയുമോ എന്നറിയാനുള്ള ഒരു ശ്രമം. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ വന്നിടിച്ച ഒരു ഛിന്നഗ്രഹമാണ് ദിനോസറുകളെ ഭൂമുഖത്ത് നിന്നും തുടച്ചുനീക്കിയതെന്ന് കരുതപ്പെടുന്നു


'Avenge the dinosasur!!' - വാന്‍ഡെന്‍ബെര്‍ഗ് സ്‌പേസ് ഫോഴ്‌സ് ബേസില്‍ നിന്നും ഡാര്‍ട്ട് പേടകം കുതിച്ചുയര്‍ന്ന വാര്‍ത്ത ലോകത്തെ അറിയിച്ചപ്പോള്‍ നാസയെ അഭിനന്ദിച്ച് കൊണ്ട് സ്‌പേസ് എക്‌സ് സ്ഥാപകനായ ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ കുറിച്ച വാചകമാണിത്. സ്‌പേസ്എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ തേരിലേറി 2021 നവംബര്‍ 24ന് പുലര്‍ച്ചെയാണ് ഡാര്‍ട്ട് ഭൂമിയില്‍ നിന്നും കുതിച്ചുയര്‍ന്നത്. 

ഡാര്‍ട്ട് ഒരു പരീക്ഷണമാണ് പ്രതീക്ഷയും. ഛിന്നഗ്രഹങ്ങളുടെ ആക്രമണത്തില്‍ നിന്നും ഭൂമിയെ രക്ഷിക്കാന്‍ കഴിയുമോ എന്നറിയാനുള്ള ഒരു ശ്രമം. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ വന്നിടിച്ച ഒരു ഛിന്നഗ്രഹമാണ് ദിനോസറുകളെ ഭൂമുഖത്ത് നിന്നും തുടച്ചുനീക്കിയതെന്ന് കരുതപ്പെടുന്നു. അത്തരത്തിലുള്ള അപകടകാരികളായ ഛിന്നഗ്രഹങ്ങള്‍ ഇനിയും വന്നുകൂടായ്കയില്ല. അവയുടെ വരവ് മുന്‍കൂട്ടി കണ്ട് ഭൂമിയിലേക്ക് പതിക്കാതെ വഴിതിരിച്ച് വിടാനാകുമോ എന്ന പരീക്ഷണമാണ് ഡബിള്‍ അസ്റ്റരോയിഡ് റീഡയറക്ഷന്‍ ടെസ്റ്റ് അഥവാ DART. നാസയുടെ ആദ്യ പ്ലാനറ്ററി ഡിഫന്‍സ് മിഷനാണ് ഡാര്‍ട്ട്.


ഒരു ചാവേറിനെ പോലെ ഛിന്നഗ്രഹത്തില്‍ ഇടിച്ചിറങ്ങി അതിന്റെ ദിശ മാറ്റാന്‍ ശ്രമിക്കും ഡാര്‍ട്ട്


ഭൂമിക്ക് ഭീഷണി ഉയര്‍ത്തുന്ന ഛിന്നഗ്രഹങ്ങളെ കണ്ടെത്തുക, ഭൂമിയുമായി കൂട്ടിയിടിക്കാതെ അവയെ വ്യതിചലിപ്പിച്ച് വിടുക എന്നതാണ് പ്ലാനറ്ററി ഡിഫന്‍സ് കൊണ്ട് ലക്ഷ്യമിടുന്നത്. നിലവില്‍ ഛിന്നഗ്രഹങ്ങളെ വഴിതിരിച്ച് വിടുകയെന്നത് എളുപ്പമുള്ള കാര്യമല്ല. പക്ഷേ ഭാവിയില്‍ അത്തരമൊരു വില്ലന്‍ ഛിന്നഗ്രഹത്തില്‍ ഒരു മനുഷ്യനിര്‍മ്മിത പേടകം ഇടിച്ചിറക്കിയാല്‍ അതിന്റെ പാതയില്‍ വ്യതിചലനമുണ്ടാക്കാന്‍ കഴിയുമോ എന്ന് മനസിലാക്കുകയാണ് 325 മില്യണ്‍ ഡോളര്‍ മുതല്‍മുടക്കിലുള്ള ഡാര്‍ട്ട് ദൗത്യത്തിന്റെ ലക്ഷ്യം.

ഡാര്‍ട്ടെന്ന ചാവേറ്

കൈനറ്റിക് ഇംപാക്ട് ടെക്‌നിക്കിലൂടെയാണ് ഡാര്‍ട്ട് അത് ലക്ഷ്യമിടുന്ന ഛിന്നഗ്രഹത്തിന്റെ ഗതി മാറ്റാന്‍ ശ്രമിക്കുക. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പേടകം ഒരു ചാവേറിനെ പോലെ ഛിന്നഗ്രഹത്തില്‍ ഇടിച്ചിറങ്ങി അതിന്റെ ദിശ മാറ്റാന്‍ ശ്രമിക്കും. ശക്തിയില്‍ ഒരു വസ്തു വന്നിടിക്കുമ്പോള്‍ ഏത് വലിയ കൊലകൊമ്പനും ചെറിയൊരു ഇളക്കമുണ്ടാകുമല്ലോ. ഡിഡിമോസ് ഛിന്നഗ്രഹ കൂട്ടത്തെയാണ് ഡാര്‍ട്ട് ലക്ഷ്യമിടുന്നത്. രണ്ട് ഛിന്നഗ്രഹങ്ങളാണ് ഇവിടെയുള്ളത്. കൂട്ടത്തില്‍ വലിയ ഛിന്നഗ്രഹമായ ഡിഡിമോസിന് ഏകദേശം 780 മീറ്റര്‍ വ്യാസമുണ്ട്. അതേസമയം ഡിഡിമോസിനെ ചുറ്റുന്ന ചെറിയ ഛിന്നഗ്രഹമായ ഡൈമോര്‍ഫസിന് 160 മീറ്റര്‍ വ്യാസമാണ് ഉള്ളത്. ഡൈമോര്‍ഫസിനെയാണ് ഡാര്‍ട്ട് ലക്ഷ്യമിടുന്നത്. ഡൈമോര്‍ഫിസില്‍ ഇടിച്ചിറങ്ങി ഡിഡിമോസിന് ചുറ്റുമുള്ള അതിന്റെ ഭ്രമണപഥത്തില്‍ മിനിട്ടുകളുടെ വ്യതിയാനമുണ്ടാക്കുകയെന്നതാണ് ഡാര്‍ട്ട് ദൗത്യത്തിന്റെ ലക്ഷ്യം.

പക്ഷേ ഡൈമോര്‍ഫസോ ഡിഡിമോസോ നിലവില്‍ ഭൂമിക്ക് യാതൊരു തരത്തിലുള്ള ഭീഷണികളും ഉയര്‍ത്തുന്നില്ലെന്ന കാര്യം നാം പ്രത്യേകം ഓര്‍ക്കണം. പിന്നെ എന്തിനാണ് ഇത്ര വലിയ മുതല്‍മുടക്കില്‍ നാസ ഇത്തരമൊരു ദൗത്യം നടത്തുന്നത്. ഒരു പേടകം ഛിന്നഗ്രഹത്തില്‍ ചെന്ന് ഇടിക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ദൂരദര്‍ശിനികളിലൂടെ നിരീക്ഷിച്ച് കൃത്യമായി പഠിക്കുക. ആ പഠനങ്ങള്‍ ഭാവിയിലെ പ്ലാനറ്ററി ഡിഫന്‍സിനായി ഉപയോഗപ്പെടുത്തുക എന്നതാണ് നാസയുടെ ലക്ഷ്യം. ചുരുക്കിപ്പറഞ്ഞാല്‍ ദിനോസറുകളെ ഇല്ലാതാക്കിയ ഛിന്നഗ്രഹത്തെ പോലെ മറ്റൊരു ഭീമന്‍ ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കുന്ന സാഹചര്യമുണ്ടായാല്‍ പേടകത്തെ അയച്ച് വലിയൊരു ദുരന്തം ഒഴിവാക്കാന്‍ പറ്റുമോ എന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണ് നാസ.


140 മീറ്ററില്‍ കൂടുതല്‍ വ്യാസമുള്ള 90 ശതമാനം ഛിന്നഗ്രഹങ്ങളെ കണ്ടെത്തി നിരീക്ഷിക്കാന്‍ 2005ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് നാസയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ വിഭാഗത്തില്‍ പെട്ട ഒരു ഛിന്നഗ്രഹവും നിലവില്‍ ഭൂമിക്ക് ഭീഷണി ഉയര്‍ത്തുന്നില്ല


ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തില്‍ നിന്നും സ്വതന്ത്രമായിക്കഴിഞ്ഞാല്‍ സൂര്യന് ചുറ്റുമുള്ള ഒരു ഭ്രമണപഥത്തിലൂടെ ആയിരിക്കും ഡാര്‍ട്ടിന്റെ സഞ്ചാരം. ഏതാണ്ട് 6.7 ദശലക്ഷം മൈലുകള്‍ സഞ്ചരിച്ച് അടുത്ത വര്‍ഷം (2022) സെപ്റ്റംബറിലാണ് ഡാര്‍ട്ട് ഡൈമോര്‍ഫസിനടുത്ത് എത്തിച്ചേരുക. സെക്കന്‍ഡില്‍ 6.6 കിലോമീറ്റര്‍ വേഗതയിലാരിക്കും പേടകം ഛിന്നഗ്രഹത്തില്‍ ഇടിച്ചിറങ്ങുക. ഇടിയുടെ ആഘാതത്തില്‍ ഡൈമോര്‍ഫസിന്റെ വേഗതയില്‍ നേരിയ മാറ്റമാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം ഡിഡിമോസിന് ചുറ്റമുള്ള അതിന്റെ ഭ്രമണപഥത്തില്‍ ചെറിയൊരു മാറ്റമുണ്ടാകും(ഏകദേശം 1 ശതമാനം). വളരെ ചെറുതാണെങ്കില്‍ കൂടിയും സഞ്ചാരപഥത്തിലുണ്ടാകുന്ന ഈ മാറ്റം ഭാവിയില്‍ ഛിന്നഗ്രഹവുമായുള്ള കൂട്ടിയിടിയില്‍ നിന്നും ഭൂമിയെ രക്ഷിക്കുന്നതിനുള്ള ഒരു സാധ്യതയായി മാറും.

ഛിന്നഗ്രഹങ്ങള്‍ അപകടകാരികളോ

ഗ്രഹങ്ങളേക്കാള്‍ ചെറിയ സൂര്യനെ ചുറ്റുന്ന ശിലാ വസ്തുക്കളാണ് ഛിന്നഗ്രഹങ്ങള്‍. സൗരയൂഥ രൂപീകരണത്തിന് ശേഷം ബാക്കി വന്ന ശിലാ അവശിഷ്ടങ്ങളെന്ന് വേണമെങ്കില്‍ ഇവയെ വിളിക്കാം. വളരെ അപൂര്‍വ്വമായി സൂര്യന് ചുറ്റമുള്ള ഇവയുടെ ഭ്രമണപഥം ഭൂമിയുടെ ഭ്രമണപഥത്തെ മുറിച്ചുകടക്കാറുണ്ട്. അത്തരം അവസരങ്ങള്‍ ഇവ തമ്മില്‍ കൂട്ടിയിടിക്കാന്‍ സാധ്യതയുണ്ട്. ഇവിടെ ഡാര്‍ട്ട് കൂട്ടിയിടിക്കാന്‍ പോകുന്ന ഡൈമോര്‍ഫസിന്റെ വലുപ്പമുള്ള ഛിന്നഗ്രഹങ്ങള്‍  അണുബോംബുകളുടെ പതിന്മടങ്ങ് ഊര്‍ജ്ജത്തോടെ പൊട്ടിത്തെറിക്കാം. അത്തരമൊരു പൊട്ടിത്തെറി ഭൂമിയിലെ ജനസാന്ദ്രമായ മേഖലകളെ അപ്പാടെ തുടച്ചുനീക്കും. പതിനായിരക്കണക്കിന് ആളുകള്‍ മരിക്കും. 300 മീറ്ററില്‍ കൂടുതല്‍ വ്യാസമുള്ള ഛിന്നഗ്രഹങ്ങളുമായുള്ള കൂട്ടിയിടി ഭൂമിക്ക് ഉണ്ടാക്കുന്ന ആഘാതം അതിലും വലുതായിരിക്കും. ഒരു ഭൂഖണ്ഡം ഒന്നാകെ നശിക്കുന്ന അവസ്ഥ ഉണ്ടായേക്കും. ഒരു കിലോമീറ്ററില്‍ കൂടുതല്‍ വ്യാസമുള്ള ഛിന്നഗ്രഹങ്ങള്‍ ലോകവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും.

140 മീറ്ററില്‍ കൂടുതല്‍ വ്യാസമുള്ള 90 ശതമാനം ഛിന്നഗ്രഹങ്ങളെ കണ്ടെത്തി നിരീക്ഷിക്കാന്‍ 2005ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് നാസയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ വിഭാഗത്തില്‍ പെട്ട ഒരു ഛിന്നഗ്രഹവും നിലവില്‍ ഭൂമിക്ക് ഭീഷണി ഉയര്‍ത്തുന്നില്ല. എന്നാല്‍ ഇതിലെ നാല്‍പ്പത് ശതമാനം ബഹിരാകാശ ശിലകളെ മാത്രമേ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളു.

കൂട്ടിയിടിയുടെ ആഘാതം എങ്ങനെ അറിയും

ഡ്രാകോ (Didymos Reconnaissance and Asteroid Camera for Optical navigation) എന്ന ഒരു ക്യാമറ മാത്രമാണ് ഡാര്‍ട്ടിലുള്ള ഏക ഉപകരണം. ഡിഡിമോസ് ഡൈമോര്‍ഫസ് ഛിന്നഗ്രഹങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താനും ഡോമോര്‍ഫസുമായി കൂട്ടിയിടിക്കാനുള്ള ശരിയായ ദിശ കണ്ടെത്താനും ഈ ക്യാമറ ഡാര്‍ട്ടിനെ സഹായിക്കും.

അടുത്ത പത്ത് മാസങ്ങളില്‍ ഡാര്‍ട്ട് സൂര്യന് ചുറ്റുമുള്ള ഭ്രമണപഥത്തില്‍ യാത്ര തുടരും. ഡിഡിമോസ്, ഡൈമോര്‍ഫസ് ഛിന്നഗ്രഹങ്ങള്‍ ഭൂമിയോട് ഏതാണ്ട് 11 മില്യണ്‍ കിലോമീറ്റര്‍ അടുത്തത്തെമ്പോള്‍ ഡാര്‍ട്ട് കൂട്ടിയിടിക്കായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങും. ഈ രണ്ട് ഛിന്നഗ്രഹങ്ങളില്‍ ഡൈമോര്‍ഫസ് ഏതാണെന്ന് തിരിച്ചറിയുന്നതിനുള്ള സാങ്കേതിക സംവിധാനം ഡാര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്. ഡൈമോര്‍ഫസിനെ കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നെ അതിനെ ലക്ഷ്യമാക്കി ഡാര്‍ട്ട് നീങ്ങും. 

കൂട്ടിയിടിക്ക് എതാണ്ട് പത്ത് നാളുകള്‍ക്ക് മുമ്പ് നിലവില്‍ ഡാര്‍ട്ടിനൊപ്പം സഞ്ചരിക്കുന്ന ലിസിയ ക്യൂബെന്ന ക്യൂബ്‌സാറ്റ് പേടകത്തില്‍ നിന്നും സ്വതന്ത്രമാകും. ഇറ്റാലിയന്‍ ബഹിരാകാശ ഏജന്‍സിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഛിന്നഗ്രഹവും പേടകവും തമ്മിലുള്ള കൂട്ടിയിടിയുടെയും അതുമൂലം ഉണ്ടാകുന്ന പൊടിപടലങ്ങളുടെയും ദ്രവ്യത്തിന്റെയും കൂട്ടിയിടി മൂലം ഡൈമോര്‍ഫസിന്റെ ഉപരിതലത്തില്‍ ഉണ്ടാകുന്ന ഗര്‍ത്തത്തിന്റെയും ചിത്രങ്ങള്‍ പകര്‍ത്തുകയാണ് ലിസിയക്യൂബിന്റെ കര്‍ത്തവ്യം. കൂട്ടിയിടി മൂലം ഡൈമോര്‍ഫസിന്റെ ഭ്രമണപഥത്തിലുണ്ടാകുന്ന മാറ്റം ഭൂമിയിവുള്ള ദൂര്‍ദര്‍ശിനികള്‍ കൊണ്ട് കൃത്യമായി അളക്കാനാകും.


സയന്‍സ് ഫിക്ഷന്‍ സിനിമ കാണുന്ന ആവേശത്തോടെ ഡാര്‍ട്ടിന്റെ യാത്രയും ദിനോസറുകള്‍ക്ക് വേണ്ടിയുള്ള പ്രതികാരവും നേരില്‍ കാണാന്‍ കാത്തിരിക്കുകയാണ് ശാസ്ത്രലോകം


ഡാര്‍ട്ടും ഛിന്നഗ്രഹവുമായുള്ള കൂട്ടിയിടിക്ക് ഏതാണ്ട് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഹേര എന്ന പ്രോജക്ട് ഡിഡിമോസ്, ഡൈമോര്‍ഫസ് ഛിന്നഗ്രങ്ങളെ കുറിച്ച് വളരെ വിശദമായ സര്‍വ്വേ നടത്തും. ഡാര്‍ട്ടുമായുള്ള കൂട്ടിയിടിയില്‍ ഡൈമോര്‍ഫസിലുണ്ടായ ഗര്‍ത്തത്തെ കുറിച്ച് ഹേര വളരെ ആഴത്തില്‍ പഠിക്കും. പേടകത്തെ അയച്ച് അപകടകാരികളായ ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടുകയെന്ന ആശയം പ്രായോഗിഗമാണോ എന്നറിയാന്‍ അതുവരെ കാത്തിരിക്കേണ്ടി വരും. ഏതായാലും സയന്‍സ് ഫിക്ഷന്‍ സിനിമ കാണുന്ന ആവേശത്തോടെ ഡാര്‍ട്ടിന്റെ യാത്രയും ദിനോസറുകള്‍ക്ക് വേണ്ടിയുള്ള പ്രതികാരവും നേരില്‍ കാണാന്‍ കാത്തിരിക്കുകയാണ് ശാസ്ത്രലോകം.