Jan 28 • 8M

ഇരുണ്ട ഊര്‍ജമെന്ന നിഗൂഢതയിലേക്ക് ഒരു യാത്ര

ഡാര്‍ക് എനര്‍ജി അഥവാ ഇരുണ്ട ഊര്‍ജ്ജമെന്നത് ഡാര്‍ക് മാറ്ററിനേക്കാള്‍ നിഗൂഢമായ ഒന്നാണ്. അതിനെക്കുറിച്ച് നമുക്കറിയുന്ന കാര്യങ്ങളേക്കാള്‍ അറിയാത്ത കാര്യങ്ങളായിരിക്കും അധികം

3
 
1.0×
0:00
-7:34
Open in playerListen on);
Episode details
Comments

ഡാര്‍ക്ക് മാറ്റര്‍, ഡാര്‍ക്ക് എനര്‍ജി-അദൃശ്യ പ്രതിഭാസങ്ങള്‍; ആദ്യ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നമുക്ക് കാണാന്‍ സാധിക്കാത്ത ഇരുണ്ട ദ്രവ്യത്തിന്റെ സ്ഥിതി ആദ്യഭാഗത്തില്‍ നാം കണ്ടു. എന്നാല്‍ പ്രപഞ്ചത്തില്‍ ഏറ്റവുമധികം കാണപ്പെടുന്ന അദൃശ്യ ശക്തി അല്ലെങ്കില്‍ ഊര്‍ജ്ജത്തിന്റെ കാര്യം എങ്ങനെയായിരിക്കും. അതെ ഡാര്‍ക് എനര്‍ജി അഥവാ ഇരുണ്ട ഊര്‍ജ്ജമെന്നത് ഡാര്‍ക് മാറ്ററിനേക്കാള്‍ നിഗൂഢമായ ഒന്നാണ്. അതിനെക്കുറിച്ച് നമുക്കറിയുന്ന കാര്യങ്ങളേക്കാള്‍ അറിയാത്ത കാര്യങ്ങളായിരിക്കും അധികം. 1990കളിലെ ഡാര്‍ക് എനര്‍ജിയുടെ കണ്ടെത്തലില്‍ ശാസ്ത്രലോകം ഒന്നാകെ ഞെട്ടിയെന്ന് പറയാം. ഗുരുത്വാകര്‍ഷണ ബലങ്ങളാല്‍ കാലാന്തരത്തില്‍ പ്രപഞ്ചത്തിന്റെ വികാസം പതുക്കെയാകുമെന്നാണ് മുമ്പ് ഭൗതികശാസ്ത്രജ്ഞര്‍ കരുതിയിരുന്നത്. പ്രപഞ്ച വികാസത്തിന് സംഭവിക്കുന്ന വേഗതക്കുറവിന്റെ നിരക്ക് പരിശോധിക്കാന്‍ ശ്രമിച്ച രണ്ട് പ്രത്യേക ശാസ്ത്രസംഘങ്ങള്‍ ഞെട്ടിക്കുന്ന കണ്ടെത്തലാണ് നടത്തിയത്. യഥാര്‍ത്ഥത്തില്‍ പ്രപഞ്ച വികാസത്തിന് വേഗത കുറയുകയല്ല, കൂടുകയാണ് ചെയ്യുന്നതെന്നതായിരുന്നു അത്. മുകളിലേക്ക് താക്കോല്‍ക്കൂട്ടം വലിച്ചെറിഞ്ഞ് താഴേക്ക് വീഴുന്നത് കാണാന്‍ നോക്കിനില്‍ക്കുന്നവര്‍ അവ മുകളിലോട്ട് പറക്കുന്നത് കണ്ട് സ്തബ്ധരായ അവസ്ഥ.

പ്രപഞ്ച വികാസത്തിന്റെ വേഗത കൂടാനുള്ള കാരണം ശൂന്യതയില്‍ നിന്നുണ്ടാകുന്ന ഒരു തരം വികര്‍ഷണ ബലം അഥവാ റിപ്പള്‍സീവ് ഫോഴ്‌സ് മൂലമായിരിക്കാമെന്ന് ഇപ്പോള്‍ ശാസ്ത്രലോകം അനുമാനിക്കുന്നു. പ്രപഞ്ചം വികസിക്കുന്നതിന് അനുസരിച്ച് ഈ അദൃശ്യ ശക്തിയുടെ ബലവും കൂടിവരുന്നു. അനുയോജ്യമായ മറ്റൊരു പേരും കിട്ടാത്തതിനാല്‍ ശാസ്ത്രജ്ഞര്‍ ആ നിഗൂഢ ശക്തിയെ ഡാര്‍ക് എനര്‍ജി എന്ന് വിളിച്ചു.


പ്രപഞ്ചത്തില്‍ ഇത്തരത്തിലൊരു വികര്‍ഷിക്കുന്ന ശക്തിയുണ്ടെന്ന് ആദ്യമായി അഭിപ്രായപ്പെടുന്നത് 1917ല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനാണ്


ഡാര്‍ക് എനര്‍ജിയും ഐന്‍സ്‌റ്റൈനും

നമുക്ക് കാണാനാകുന്ന ദ്രവ്യത്തില്‍ നിന്നും, കാണാനാകാത്ത ഇരുണ്ട ദ്രവ്യത്തില്‍ നിന്നും വിഭിന്നമായി ഡാര്‍ക് എനര്‍ജി സ്ഥലകാലങ്ങളില്‍ ഒരുപോലെയാണ് കാണപ്പെടുന്നത്. മാത്രമല്ല ഗുരുത്വ ആകര്‍ഷണമല്ല, വികര്‍ഷണമാണ് അത് പ്രകടിപ്പിക്കുന്നത്. ഡാര്‍ക് എനര്‍ജിയുടെ സ്വഭാവത്തെ കുറിച്ച് ഇന്നും വലിയ അറിവുകളൊന്നും നമുക്കില്ല. പ്രപഞ്ചത്തില്‍ ഇത്തരത്തിലൊരു വികര്‍ഷിക്കുന്ന ശക്തിയുണ്ടെന്ന് ആദ്യമായി അഭിപ്രായപ്പെടുന്നത് 1917ല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനാണ്. ഇതിന് കാരണമായ സംഭവം ഒന്ന് നോക്കാം. 1915ല്‍ ആണ് ഐന്‍സ്‌റ്റൈന്‍ ആപേക്ഷികതയെ ഗുരുത്വാകര്‍ഷണത്തിന്റെ അടിസ്ഥാന സിദ്ധാന്തമായി അവതരിപ്പിക്കുന്ന തന്റെ ആദ്യ പേപ്പര്‍ എഴുതുന്നത്. സ്വാഭാവികമായും അദ്ദേഹവും മറ്റുള്ളവരും ആ സിദ്ധാന്തം പ്രപഞ്ചത്തിന്റെ കാര്യത്തിലും ശരിയാണോ എന്ന് പരിശോധിച്ചു. എല്ലാ ദ്രവ്യങ്ങളും മറ്റെല്ലാ ദ്രവ്യങ്ങളെയും ആകര്‍ഷിക്കുന്നതിനാല്‍ നിശ്ചലമായ പ്രപഞ്ചം ഏറെ നാള്‍ നിശ്ചലമായിരിക്കില്ല എന്ന ചിന്ത അങ്ങനെ ഉണ്ടായി. ഗുരുത്വാകര്‍ഷണം മൂലം എല്ലാ ദ്രവ്യങ്ങളും ഒരു ബിന്ദുവില്‍ വന്ന് ചേരുന്ന അവസ്ഥയുണ്ടാകും. പക്ഷേ പ്രപഞ്ചം സ്ഥിരതയും നിശ്ചലവുമായ ഒന്നാണെന്ന മുന്‍വിധി നിലനില്‍ക്കുന്ന ഒരു കാലമായിരുന്നു അത്. അതായത് പ്രപഞ്ചത്തിന് ഒരിക്കലും മാറ്റം സംഭവിക്കില്ലെന്ന്. ഈ ഒരു ചിന്താഗതി കാരണം ഐന്‍സ്റ്റൈന് 1917ലെ സാമാന്യ ആപേക്ഷികത സമവാക്യങ്ങളില്‍ ഒരു പുതിയ പദം ഉപയോഗിക്കേണ്ടതായി വന്നു.

ഐന്‍സ്റ്റൈന്‍ ആദ്യം രൂപീകരിച്ച യഥാര്‍ത്ഥ സമവാക്യത്തില്‍ ഗുരുത്വാകര്‍ഷണം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ പ്രപഞ്ചത്തിന് മാറ്റമുണ്ടാകുന്നില്ല എന്ന പൊതുസങ്കല്‍പ്പത്തിന് ഉലച്ചില്‍ തട്ടാതിരിക്കാനായി അദ്ദേഹം മനസില്ലാമനസ്സോടെ തന്റെ സമവാക്യത്തില്‍ ഗുരുത്വാകര്‍ഷണത്തിന് വിപരീതമായ കോസ്‌മോളോജിക്കല്‍ കോണ്‍സ്റ്റന്റ് എന്ന പുതിയ പദം കൊണ്ടുവന്നു. ഗുരുത്വത്തിന്റെ ആകര്‍ഷണ, വികര്‍ഷണ രൂപങ്ങള്‍ അന്യോന്യം ബാലന്‍സ് ചെയ്യുകയും അങ്ങനെ പ്രപഞ്ചത്തിന് മാറ്റമുണ്ടാകാതിരിക്കുകയും ചെയ്യുമെന്നായിരുന്നു ആ സമവാക്യത്തിലൂടെ ഐന്‍സ്റ്റൈന്‍ അര്‍ത്ഥമാക്കിയിരുന്നത്.

എന്നാല്‍ ക്ഷമത കൂടിയ ടെലസ്‌കോപ്പുകള്‍ നിര്‍മ്മിക്കപ്പെട്ടതോടെ മനുഷ്യരാശിയുടെ ചില സങ്കല്‍പ്പങ്ങളെല്ലാം ഉടഞ്ഞു. 1920കളില്‍ അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞനായ എഡ്‌വിന്‍ ഹബ്ബെല്‍ പ്രപഞ്ചം നിശ്ചലമല്ലെന്നും അത് വികസിച്ച് കൊണ്ടിരിക്കുകയാണെന്നും കണ്ടെത്തി. അതോടെ തന്റെ സമവാക്യത്തിലെ പുതിയ പദത്തിന്റെ കൂട്ടിച്ചേര്‍ക്കല്‍ ഏറ്റവും വലിയ മണ്ടത്തരമായി ഐന്‍സ്‌റ്റൈന്‍ വിധിയെഴുതി. പക്ഷേ പ്രപഞ്ചത്തിലെ ദ്രവ്യത്തിന്റെയും ഊര്‍ജ്ജത്തിന്റെയും തോത് സന്തുലിതമായി പോകാത്ത സ്ഥിതിയുണ്ടായി. എന്തോ ഒന്നിന്റെ കുറവ് ഉള്ളത് പോലെ. ഐന്‍സ്‌റ്റൈന്റെ കോസ്മളോജിക്കല്‍ കോണ്‍സ്റ്റന്റ് പോലെ ഒന്ന് കൂടി ഉണ്ടെങ്കിലേ ആ കുറവ് നികത്താനാകൂ. അങ്ങനെയാണ് 1998ല്‍ ഡാര്‍ക് എനര്‍ജി എന്ന ആശയം ഉദിക്കുന്നത്.


ഡാര്‍ക് എനര്‍ജിയെ സംബന്ധിച്ച് ഏറ്റവും ഒടുവിലായി പരിഗണിക്കാവുന്ന ഒരു സാധ്യത ഐന്‍സ്‌റ്റൈന്റെ ഗുരുത്വാകര്‍ഷണ സിദ്ധാന്തം തെറ്റായിരിക്കാമെന്നുള്ളതാണെന്ന് നാസ പറയുന്നു


പ്രപഞ്ച വികാസത്തില്‍ ചെലുത്തുന്ന സ്വാധീനത്തില്‍ നിന്നും പ്രപഞ്ചത്തില്‍ എത്ര ഡാര്‍ക് എനര്‍ജി ഉണ്ടെന്ന് നമുക്ക് അനുമാനിക്കാനാകും. അക്കാര്യമല്ലാതെ ഡാര്‍ക് എനര്‍ജിയെ കുറിച്ചുള്ള മറ്റെല്ലാ കാര്യങ്ങളും നിഗൂഢമാണ്. ശൂന്യതയുടെ സവിശേഷതയായാണ് ചിലര്‍ ഡാര്‍ക് എനര്‍ജിയെ വിശദീകരിക്കുന്നത്. ശൂന്യത വെറും ശൂന്യമല്ല, സ്വന്തമായി ഊര്‍ജ്ജമുള്ള ഒന്നായിരിക്കാമത്. ആ ഊര്‍ജ്ജമാണ് ഡാര്‍ക് എനര്‍ജി. പ്രപഞ്ച വികാസത്തിന് വേഗം കൂടിക്കൊണ്ടിരിക്കുകയാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. അതിന് കാരണം ഡാര്‍ക് എനര്‍ജി ആകാമെന്നാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ കരുതുന്നത്. മറ്റൊരു വിസ്മയകരമായ കാര്യമെന്തെന്ന് വെച്ചാല്‍ പ്രപഞ്ചം വികസിക്കുന്നതിന് അനുസരിച്ച് ഡാര്‍ക് എനര്‍ജിയുടെ ശക്തിയും കൂടിക്കൂടി വരുന്നു. മറ്റൊരു ആശയം അനുസരിച്ച് ഡാര്‍ക് എനര്‍ജി എന്നത് മുമ്പ് അജ്ഞാതമായിരുന്ന, ഒരു ദ്രാവകം പോലെ പ്രപഞ്ചമെങ്ങും നിറഞ്ഞിരിക്കുന്ന ക്വിന്റെസ്സന്‍സ് എന്ന് വിളിക്കുന്ന അഞ്ചാമത്തെ അടിസ്ഥാന ശക്തിയാണ്. ഐന്‍സ്റ്റൈന്റെ കോസ്മളോജിക്കല്‍ കോണ്‍സ്റ്റന്റിന് സമാനമായ സവിശേഷതകളുള്ള ഒന്നാണ് ഡാര്‍ക് എനര്‍ജിയെന്നും നിരവധി ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു.

ഡാര്‍ക് എനര്‍ജിയെ സംബന്ധിച്ച് ഏറ്റവും ഒടുവിലായി പരിഗണിക്കാവുന്ന ഒരു സാധ്യത ഐന്‍സ്‌റ്റൈന്റെ ഗുരുത്വാകര്‍ഷണ സിദ്ധാന്തം തെറ്റായിരിക്കാമെന്നുള്ളതാണെന്ന് നാസ പറയുന്നു. പ്രപഞ്ച വികാസത്തെ മാത്രമല്ല, ആകാശഗംഗകളിലെയും ആകാശഗംഗ കൂട്ടങ്ങളിലെയും സാധാരണ ദ്രവ്യത്തിന്റെ സ്വഭാവത്തെ പോലും ബാധിക്കുന്ന സംഗതിയാണത്. പുതിയൊരു ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിന്റെ ആവശ്യകതയിലേക്കാണോ ഇത് വിരല്‍ ചൂണ്ടുന്നത്? അങ്ങനെയെങ്കില്‍ ഐന്‍സ്‌റ്റൈന്റെ സിദ്ധാന്തം വിശദീകരിച്ചിരുന്നത് പോലെ സൗരയൂഥത്തിലെ വസ്തുക്കളുടെ ചലനം വരെ ശരിയായി വിശദീകരിക്കാന്‍ അതിന് കഴിയുമോ. എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം ഡാര്‍ക് എനര്‍ജിയെ കുറിച്ചുള്ള ചില സങ്കല്‍പ്പങ്ങള്‍ മാത്രമാണ്. നമുക്ക് വിശ്വസിക്കാവുന്ന നിലയിലേക്ക് അവയൊന്നും പാകപ്പെട്ടിട്ടില്ല. അതിനാല്‍ ഡാര്‍ക് എനര്‍ജി സംബന്ധിച്ച നിഗൂഢത ഇപ്പോഴും തുടരുന്നു. ശൂന്യതയുടെ സവിശേഷതയാണോ, അതല്ല പ്രപഞ്ചത്തില്‍ നിറഞ്ഞിരിക്കുന്ന ദ്രാവകം പോലുള്ള ഒന്നാണോ, ഇനിയതൊന്നും അല്ല പുതിയൊരു ഗുരുത്വാകര്‍ഷണ സിദ്ധാന്തമാണോ എന്നെല്ലാം അറിയണമെങ്കില്‍ അതിനാവശ്യമായ വ്യക്തമായ വിവരങ്ങള്‍ നമുക്ക് ലഭിക്കേണ്ടതുണ്ട്.