Jan 21 • 8M

ഡാര്‍ക് എനര്‍ജി, ഡാര്‍ക് മാറ്റര്‍-ആ ആദൃശ്യ പ്രതിഭാസങ്ങള്‍ എന്തായിരിക്കും?

നമുക്ക് കാണാന്‍ സാധിക്കുന്ന ദ്രവ്യം ഈ പ്രപഞ്ചത്തിന്റെ കേവലം അഞ്ച് ശതമാനം മാത്രമാണ്. ബാക്കിയോ?

4
 
1.0×
0:00
-7:45
Open in playerListen on);
Episode details
Comments

Summary

എങ്ങനെയാണ് ആകാശഗംഗയിലെ ഓരോ അംഗവും പരസ്പരം അകന്നുപോകാതെ എപ്പോഴും ഒന്നിച്ച് നിലകൊള്ളുന്നത്? ഇവയെ പരസ്പരം യോജിപ്പിച്ച് നിര്‍ത്തുന്ന ശക്തി എന്താണ്


നമുക്കറിയാവുന്ന ജീവജാലങ്ങള്‍ അധിവസിക്കുന്ന ഭൂമിയെന്ന ഗ്രഹം സൗരയൂഥത്തിന്റെ ഭാഗമാണല്ലേ. ഈ സൗരയൂഥമോ ക്ഷീരപദമെന്ന ആകാശഗംഗയുടെ ഭാഗവും. ആകാശഗംഗയുടെ ചിത്രങ്ങള്‍ കണ്ടിട്ടില്ലേ. എത്ര മനോഹരമായ കാഴ്ചയാണത്. ഉത്സവപ്പറമ്പുകളിലെ സ്ഥിരകാഴ്ചയായ ആകാശത്തൊട്ടിലില്‍ നിറയെ വിളക്കുകള്‍ തെളിയിച്ച് ഇരുട്ടത്ത് കറക്കിയാല്‍ എങ്ങനെയിരിക്കും. അതിലും എത്രയോ മടങ്ങ് പ്രഭയോടെ നിര്‍ത്താതെയങ്ങനെ ആകാശത്ത് കറങ്ങിക്കൊണ്ടിരിക്കുന്ന, ഒന്നല്ല അനേകായിരം ആകാശഗംഗകള്‍, ചിലയിടത്ത് അത്തരത്തിലുള്ള അനവധി അകാശഗംഗകള്‍ ഒരുമിക്കുന്ന അകാശഗംഗ കൂട്ടങ്ങള്‍. പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ കാഴ്ച അത് തന്നെയായിരിക്കില്ലേ. വലിയ അളവില്‍ വാതകങ്ങളും പൊടിപടലങ്ങളും ശതകോടിക്കണക്കിന് നക്ഷത്രങ്ങളും അവയെ ചുറ്റുന്ന ഗ്രഹങ്ങളുമെല്ലാം ആകാശഗംഗയുടെ ഭാഗമാണ്. 

ആ മനോഹര കാഴ്ചയെ ശാസ്ത്രീയമായി സമീപിച്ചാല്‍ ഉരിത്തരിയുന്ന ഒരു ചോദ്യമുണ്ട്. എങ്ങനെയാണ് ആകാശഗംഗയിലെ ഓരോ അംഗവും പരസ്പരം അകന്നുപോകാതെ എപ്പോഴും ഒന്നിച്ച് നിലകൊള്ളുന്നതെന്ന ചോദ്യം. ഇവയെ പരസ്പരം യോജിപ്പിച്ച് നിര്‍ത്തുന്ന ശക്തി എന്താണ്. നിങ്ങളുടെയെല്ലാം നാവിന്‍ തുമ്പില്‍ ഗുരുത്വാകര്‍ഷണമെന്ന ഉത്തരം ഓടി വന്നിട്ടുണ്ടാകും. ശരിയാണ്. ഗുരുത്വാകര്‍ഷണമാണ് ആകാശഗംഗയുടെ ഒരുമ കാത്തുസൂക്ഷിക്കുന്നത്. നമ്മുടെ ക്ഷീരപദമെന്ന ആകാശഗംഗയില്‍ ഒത്ത നടുക്കായി ഒരു ഭീമന്‍ തമോഗര്‍ത്തമുണ്ട്. അവനാണ് ക്ഷീരപദത്തിന്റെ നിലനില്‍പ്പിന് ആധാരം. പക്ഷേ ശാസ്ത്രീയമായി അല്‍പ്പം കൂടി കടന്ന് ചിന്തിക്കുന്നവര്‍ക്ക് കഴിഞ്ഞ നൂറ്റാണ്ടിലെ ശാസ്ത്രജ്ഞര്‍ക്ക് തോന്നിയത് പോലെ മറ്റൊരു സംശയമുണ്ടാകാം. അത് ഇതാണ്. ആകാശഗംഗകള്‍ കറങ്ങുന്ന വേഗത കണക്കിലെടുക്കുമ്പോള്‍ നമുക്ക് കാണാനാകുന്ന ദ്രവ്യം അഥവാ മാറ്റര്‍ മൂലമുണ്ടാകുന്ന ഗുരുത്വാകര്‍ഷണം കൊണ്ട് മാത്രം ആകാശഗംഗകളെ ഇങ്ങനെ ഒന്നിപ്പിച്ച് നിര്‍ത്താനാകില്ല.


പ്രപഞ്ചത്തില്‍ നാമീ കാണുന്നവയെല്ലാം വെറും അഞ്ച് ശതമാനം മാത്രമാണെങ്കില്‍ ബാക്കിയുള്ളത് എന്താണ്


ലളിതമായി പറഞ്ഞാല്‍ ഗുരുത്വാകര്‍ഷണമൊക്കെ ഉണ്ടെങ്കിലും ഇത്രയും വേഗതയില്‍ കറങ്ങുമ്പോള്‍ ആകാശഗംഗകള്‍ പരസ്പരം അകന്ന് പോകേണ്ടതാണ്. ആകാശഗംഗ കൂട്ടത്തിന്റെ കാര്യത്തിലും ഈ സംശയം പ്രസക്തമാണ്. പക്ഷേ അവയെല്ലാം ഒറ്റക്കെട്ടായി തന്നെ ഇങ്ങനെ നിലനില്‍ക്കാനുള്ള കാരണമെന്താണ്. അസാധ്യമായ ഒരു കാര്യമാണ് ഇവിടെ ആകാശഗംഗകള്‍ പ്രതിഫലിപ്പിക്കുന്നത്. നമുക്കറിയാത്ത ഒരു അദൃശ്യ ശക്തി ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന അനുമാനത്തിലേക്ക് അങ്ങനെ ശാസ്ത്രജ്ഞര്‍ എത്തി. നാം ഇനിയും കണ്ടെത്തേണ്ടതായിട്ടുള്ള ഒന്ന് ആകാശഗംഗകള്‍ക്ക് കൂടുതല്‍ പിണ്ഡം നല്‍കുകയും ഒറ്റക്കെട്ടായി നിലനില്‍ക്കുന്നതിനാവശ്യമായ അധിക ഗുരുത്വാകര്‍ഷണം അവയ്ക്ക് നല്‍കുകയും ചെയ്യുന്നുണ്ടെന്ന് അവര്‍ സംശയിച്ചു. വിചിത്രവും നിഗൂഢവും അജ്ഞാതവുമായ അതിനെ അവര്‍ ഡാര്‍ക് മാറ്റര്‍ അഥവാ ഇരുണ്ട ദ്രവ്യം എന്ന് വിളിച്ചു. 

ഡാര്‍ക് മാറ്റര്‍ എന്തായിരിക്കും

നമ്മുടെ കണ്‍മുന്നിലുള്ള ഭൂമിയും സൂര്യനും മറ്റ് നക്ഷത്രങ്ങളും ആകാശഗംഗകളുമെല്ലാം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് പ്രോട്ടോണ്‍, ന്യൂട്രോണ്‍, ഇലക്ട്രോണ്‍ എന്നിവ കൊണ്ടാണ്. ഈ അടിസ്ഥാനകണങ്ങള്‍ കാണപ്പെടുന്നത് ആറ്റങ്ങള്‍ക്കുള്ളിലാണ്. പക്ഷേ നിങ്ങളില്‍ അല്‍പ്പം ഞെട്ടലുണ്ടാക്കുന്ന ഒരു സത്യം പറയട്ടെ. അത്തരത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്ന ദ്രവ്യം ഈ പ്രപഞ്ചത്തിന്റെ കേവലം അഞ്ച് ശതമാനം മാത്രമാണ്. കഴിഞ്ഞ നൂറ്റാണ്ടിനെ ഏറ്റവുമധികം അമ്പരിപ്പിച്ച ഒരു കണ്ടെത്തലായിരുന്നു അത്. പ്രപഞ്ചത്തില്‍ നാമീ കാണുന്നവയെല്ലാം വെറും അഞ്ച് ശതമാനം മാത്രമാണെങ്കില്‍ ബാക്കിയുള്ളത് എന്താണ്. ബാക്കിയുള്ളതില്‍ 27 ശതമാനം അദൃശ്യവും അജ്ഞാതവും നിഗൂഢവുമായ ഡാര്‍ക് മാറ്ററും ബാക്കി 68 ശതമാനം ഗുരുത്വാകര്‍ഷണത്തെ എതിര്‍ക്കുന്ന ശക്തിയായ ഡാര്‍ക് എനര്‍ജിയുമാണ്.

ഡാര്‍ക് മാറ്റര്‍ എന്ന സംഗതിയെ ഇതുവരെ നേരിട്ട് കാണാന്‍ പോലും ശാസ്ത്രലോകത്തിന് പറ്റിയിട്ടില്ല. അതിനുള്ള കാരണങ്ങളില്‍ ഒന്ന് നാം കാണുന്ന ദ്രവ്യവുമായി ഡാര്‍ക് മാറ്റര്‍ ഒരു തരത്തിലുള്ള ഇടപെടലുകളും നടത്തുന്നില്ലെന്നുള്ളതാണ്. മറ്റൊന്ന് നമുക്ക് കാണാന്‍ സാധിക്കുന്ന പ്രകാശത്തിനോ മറ്റ് രൂപങ്ങളിലുള്ള വൈദ്യുതകാന്തിക വികിരണങ്ങള്‍ക്കോ ഡാര്‍ക് മാറ്ററിനെ വെളിച്ചത്ത് കൊണ്ടുവരാന്‍ സാധിക്കുന്നില്ല. അതായത് ഡാര്‍ക് മാറ്റര്‍ പ്രകാശത്തെ ആഗിരണം ചെയ്യുകയോ പ്രതിഫലിപ്പിക്കുകയോ, പുറത്തേക്ക് വിടുകയോ ചെയ്യുന്നില്ല. അതിനാല്‍ തന്നെ നിലവില്‍ ലോകത്തുള്ള നൂതന സംവിധാനങ്ങള്‍ക്കൊന്നും ഈ ഇരുണ്ട ദ്രവ്യത്തിന്റെ ചിത്രമോ അവസ്ഥയോ ഒന്നും ഒപ്പിയെടുക്കാന്‍ കഴിയുന്നില്ല. എന്നാല്‍പ്പിന്നെ അങ്ങനെ ഒരു സംഗതി ഉണ്ടാകുമോ എന്ന് ചോദിച്ചാല്‍ ശാസ്ത്രജ്ഞര്‍ ഉറച്ച വിശ്വാസത്തോടെ പറയുന്നു, പ്രപഞ്ചത്തില്‍ ഡാര്‍ക് മാറ്റര്‍ ഉണ്ട്. കാരണം നമ്മുടെ ആകാശഗംഗകളിലും ആകാശഗംഗ കൂട്ടങ്ങളിലും അതിന്റെ സ്വാധീനം പ്രകടമാണ്.

ഉദാഹരണത്തിന് ഊര്‍ജ്ജതന്ത്ര സിദ്ധാന്തങ്ങള്‍ അനുസരിച്ച് കറങ്ങിക്കൊണ്ടിരിക്കുന്ന, സ്‌പൈറല്‍ ആകൃതിയുള്ള ആകാശഗംഗകളുടെ അറ്റങ്ങളിലുള്ള നക്ഷത്രങ്ങള്‍ ആകാശഗംഗയുടെ കേന്ദ്രത്തോട് അടുത്തുള്ള നക്ഷത്രങ്ങളേക്കാള്‍ പതുക്കെ വേണം കറങ്ങാന്‍. പക്ഷേ ആകാശഗംഗയിലുള്ള എല്ലാ നക്ഷത്രങ്ങളും സ്ഥാനമെവിടെ ആയാലും ഏതാണ്ട് ഒരേ വേഗതയിലാണ് കറങ്ങുന്നതെന്ന്് ഇത് സംബന്ധിച്ച നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നു. ഇതെങ്ങനെ സംഭവിക്കുമെന്ന ചോദ്യത്തിന് നല്‍കാവുന്ന യുക്തിഭദ്രമായ വിശദീകരണം ഇതാണ്. ആകാശഗംഗയിലെ ഏറ്റവും പുറമേയായുള്ള നക്ഷത്രങ്ങള്‍ക്ക് മേല്‍ നമുക്ക് കാണാന്‍ സാധിക്കാത്ത ഒരു പിണ്ഡത്തില്‍ നിന്നുള്ള സ്വാധീനം അനുഭവപ്പെടുന്നുണ്ടാകാം. ആ പിണ്ഡമാണ് ഡാര്‍ക് മാറ്റര്‍.


ഡാര്‍ക് മാറ്റര്‍ പ്രകാശത്തെ ആഗിരണം ചെയ്യുകയോ പ്രതിഫലിപ്പിക്കുകയോ, പുറത്തേക്ക് വിടുകയോ ചെയ്യുന്നില്ല. അതിനാല്‍ തന്നെ നിലവില്‍ ലോകത്തുള്ള നൂതന സംവിധാനങ്ങള്‍ക്കൊന്നും ഈ ഇരുണ്ട ദ്രവ്യത്തിന്റെ ചിത്രമോ അവസ്ഥയോ ഒന്നും ഒപ്പിയെടുക്കാന്‍ കഴിയുന്നില്ല


ശൂന്യാകാശത്ത് ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുള്ള ചില ഒപ്ടികല്‍ ഇല്യൂഷനുകള്‍ അഥവാ പ്രകാശ പ്രതിഭാസങ്ങള്‍ ഡാര്‍ക് മാറ്ററിന്റെ സഹായത്തോടെ വിശദീകരിക്കാന്‍ സാധിക്കും. ഉദാഹരണത്തിന് ആകാശഗംഗകളുടെ ചിത്രങ്ങളില്‍ കാണപ്പെടുന്ന അസാധാരണമായ പ്രകാശ വലയങ്ങളും വളയങ്ങളുമൊക്കെ.  വിദൂരമായ ആകാശഗംഗകളില്‍ നിന്നുള്ള പ്രകാശം വളരെ വലിയ, അദൃശ്യമായ ഡാര്‍ക് മാറ്ററാല്‍ വളയ്ക്കപ്പെടുകയും വലുതാക്കി കാണിക്കുകയും ചെയ്യുന്നതാകാം അത്. ഗ്രാവിറ്റേഷണല്‍ ലെന്‍സിംഗ് എന്നാണ് ഇതിനെ വിളിക്കുന്നത്.

ഡാര്‍ക് മാറ്റര്‍ എന്താണെന്നത് സംബന്ധിച്ച് ചില ആശയങ്ങള്‍ ശാസ്ത്രജ്ഞര്‍ക്കിടയില്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ട ഒരു അനുമാനം സാധാരണ ദ്രവ്യവുമായോ പ്രകാശവുമായോ ഇടപഴകാത്ത എന്നാല്‍ അവയ്ക്ക് മേല്‍ ഗുരുത്വാകര്‍ഷണ വലിവ് പ്രകടിപ്പിക്കുന്ന വിചിത്രകണങ്ങളാല്‍ നിര്‍മ്മിതമായ, ഒന്നാണ് അതെന്നുള്ളതാണ്. ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിക്കിള്‍ ഫിസിക്‌സ് ലബോറട്ടറി സ്വന്തമായുള്ള യൂറോപ്യന്‍ ആണവ ഗവേഷണ സംഘടനയായ സേണിലെ ലാര്‍ജ് ഹാര്‍ഡണ്‍ കൊളൈഡര്‍ (എല്‍എച്ച്‌സി) അടക്കമുള്ള ശാസ്ത്ര സംഘടനകള്‍ പഠനങ്ങള്‍ക്കായി ലാബോറട്ടറിയില്‍ ഡാര്‍ക് മാറ്റര്‍ കണങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നുണ്ട്. 

നിലവിലെ ഗുരുത്വാകര്‍ഷണ നിയമങ്ങള്‍ പരിഷ്‌കരിച്ചാല്‍ ഡാര്‍ക് മാറ്റര്‍ എന്ന പ്രതിഭാസത്തെ വിശദീകരിക്കാനാകുമെന്നും ശാസ്ത്രലോകത്ത് അഭിപ്രായമുണ്ട്. അവര്‍ പറയുന്നത് അനുസരിച്ച് ഗുരുത്വാകര്‍ഷണം പലതരത്തിലുണ്ട്. നമുക്കറിയുന്ന ഗുരുത്വാകര്‍ഷണമായിരിക്കില്ല ആകാശഗംഗകളെ ഒന്നിപ്പിച്ച് നിര്‍ത്തുന്നതെന്ന് അവര്‍ വിശദീകരിക്കുന്നു.

ഡാര്‍ക് എനര്‍ജി

നമുക്ക് കാണാന്‍ സാധിക്കാത്ത ഇരുണ്ട ദ്രവ്യത്തിന്റെ സ്ഥിതി ഇതാണെങ്കില്‍ പ്രപഞ്ചത്തില്‍ ഏറ്റവുമധികം കാണപ്പെടുന്ന അദൃശ്യ ശക്തി അല്ലെങ്കില്‍ ഊര്‍ജ്ജത്തിന്റെ കാര്യം എങ്ങനെയായിരിക്കും. അതെ ഡാര്‍ക് എനര്‍ജി അഥവാ ഇരുണ്ട ഊര്‍ജ്ജമെന്നത് ഡാര്‍ക് മാറ്ററിനേക്കാള്‍ നിഗൂഢമായ ഒന്നാണ്. അതിനെക്കുറിച്ച് നമുക്കറിയുന്ന കാര്യങ്ങളേക്കാള്‍ അറിയാത്ത കാര്യങ്ങളായിരിക്കും അധികം. 1990കളിലെ ഡാര്‍ക് എനര്‍ജിയുടെ കണ്ടെത്തലില്‍ ശാസ്ത്രലോകം ഒന്നാകെ ഞെട്ടിയെന്ന് പറയാം. ഗുരുത്വാകര്‍ഷണ ബലങ്ങളാല്‍ കാലാന്തരത്തില്‍ പ്രപഞ്ചത്തിന്റെ വികാസം പതുക്കെയാകുമെന്നാണ് മുമ്പ് ഭൗതികശാസ്ത്രജ്ഞര്‍ കരുതിയിരുന്നത്. പ്രപഞ്ച വികാസത്തിന് സംഭവിക്കുന്ന വേഗതക്കുറവിന്റെ നിരക്ക് പരിശോധിക്കാന്‍ ശ്രമിച്ച രണ്ട് പ്രത്യേക ശാസ്ത്രസംഘങ്ങള്‍ ഞെട്ടിക്കുന്ന കണ്ടെത്തലാണ് നടത്തിയത്. യഥാര്‍ത്ഥത്തില്‍ പ്രപഞ്ച വികാസത്തിന് വേഗത കുറയുകയല്ല, കൂടുകയാണ് ചെയ്യുന്നതെന്നതായിരുന്നു അത്. മുകളിലേക്ക് താക്കോല്‍ക്കൂട്ടം വലിച്ചെറിഞ്ഞ് താഴേക്ക് വീഴുന്നത് കാണാന്‍ നോക്കിനില്‍ക്കുന്നവര്‍ അവ മുകളിലോട്ട് പറക്കുന്നത് കണ്ട് സ്തബ്ധരായ അവസ്ഥ.

പ്രപഞ്ച വികാസത്തിന്റെ വേഗത കൂടാനുള്ള കാരണം ശൂന്യതയില്‍ നിന്നുണ്ടാകുന്ന ഒരു തരം വികര്‍ഷണ ബലം അഥവാ റിപ്പള്‍സീവ് ഫോഴ്‌സ് മൂലമായിരിക്കാമെന്ന് ഇപ്പോള്‍ ശാസ്ത്രലോകം അനുമാനിക്കുന്നു. പ്രപഞ്ചം വികസിക്കുന്നതിന് അനുസരിച്ച് ഈ അദൃശ്യ ശക്തിയുടെ ബലവും കൂടിവരുന്നു. അനുയോജ്യമായ മറ്റൊരു പേരും കിട്ടാത്തതിനാല്‍ ശാസ്ത്രജ്ഞര്‍ ആ നിഗൂഢ ശക്തിയെ ഡാര്‍ക് എനര്‍ജി എന്ന് വിളിച്ചു.

ഡാര്‍ക് എനര്‍ജിയും ഐന്‍സ്‌റ്റൈനും

നമുക്ക് കാണാനാകുന്ന ദ്രവ്യത്തില്‍ നിന്നും, കാണാനാകാത്ത ഇരുണ്ട ദ്രവ്യത്തില്‍ നിന്നും വിഭിന്നമായി ഡാര്‍ക് എനര്‍ജി സ്ഥലകാലങ്ങളില്‍ ഒരുപോലെയാണ് കാണപ്പെടുന്നത്. മാത്രമല്ല ഗുരുത്വ ആകര്‍ഷണമല്ല, വികര്‍ഷണമാണ് അത് പ്രകടിപ്പിക്കുന്നത്. ഡാര്‍ക് എനര്‍ജിയുടെ സ്വഭാവത്തെ കുറിച്ച് ഇന്നും വലിയ അറിവുകളൊന്നും നമുക്കില്ല. പ്രപഞ്ചത്തില്‍ ഇത്തരത്തിലൊരു വികര്‍ഷിക്കുന്ന ശക്തിയുണ്ടെന്ന് ആദ്യമായി അഭിപ്രായപ്പെടുന്നത് 1917ല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനാണ്. ഇതിന് കാരണമായ സംഭവം ഒന്ന് നോക്കാം. 1915ല്‍ ആണ് ഐന്‍സ്‌റ്റൈന്‍ ആപേക്ഷികതയെ ഗുരുത്വാകര്‍ഷണത്തിന്റെ അടിസ്ഥാന സിദ്ധാന്തമായി അവതരിപ്പിക്കുന്ന തന്റെ ആദ്യ പേപ്പര്‍ എഴുതുന്നത്. സ്വാഭാവികമായും അദ്ദേഹവും മറ്റുള്ളവരും ആ സിദ്ധാന്തം പ്രപഞ്ചത്തിന്റെ കാര്യത്തിലും ശരിയാണോ എന്ന് പരിശോധിച്ചു.

Diagram representing the accelerated expansion of the universe due to dark energy/Credit: NASA/STSci/Ann Feild

എല്ലാ ദ്രവ്യങ്ങളും മറ്റെല്ലാ ദ്രവ്യങ്ങളെയും ആകര്‍ഷിക്കുന്നതിനാല്‍ നിശ്ചലമായ പ്രപഞ്ചം ഏറെ നാള്‍ നിശ്ചലമായിരിക്കില്ല എന്ന ചിന്ത അങ്ങനെ ഉണ്ടായി. ഗുരുത്വാകര്‍ഷണം മൂലം എല്ലാ ദ്രവ്യങ്ങളും ഒരു ബിന്ദുവില്‍ വന്ന് ചേരുന്ന അവസ്ഥയുണ്ടാകും. പക്ഷേ പ്രപഞ്ചം സ്ഥിരതയും നിശ്ചലവുമായ ഒന്നാണെന്ന മുന്‍വിധി നിലനില്‍ക്കുന്ന ഒരു കാലമായിരുന്നു അത്. അതായത് പ്രപഞ്ചത്തിന് ഒരിക്കലും മാറ്റം സംഭവിക്കില്ലെന്ന്. ഈ ഒരു ചിന്താഗതി കാരണം ഐന്‍സ്റ്റൈന് 1917ലെ സാമാന്യ ആപേക്ഷികത സമവാക്യങ്ങളില്‍ ഒരു പുതിയ പദം ഉപയോഗിക്കേണ്ടതായി വന്നു. ഐന്‍സ്റ്റൈന്‍ ആദ്യം രൂപീകരിച്ച യഥാര്‍ത്ഥ സമവാക്യത്തില്‍ ഗുരുത്വാകര്‍ഷണം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ പ്രപഞ്ചത്തിന് മാറ്റമുണ്ടാകുന്നില്ല എന്ന പൊതുസങ്കല്‍പ്പത്തിന് ഉലച്ചില്‍ തട്ടാതിരിക്കാനായി അദ്ദേഹം മനസില്ലാമനസ്സോടെ തന്റെ സമവാക്യത്തില്‍ ഗുരുത്വാകര്‍ഷണത്തിന് വിപരീതമായ കോസ്‌മോളോജിക്കല്‍ കോണ്‍സ്റ്റന്റ് എന്ന പുതിയ പദം കൊണ്ടുവന്നു. ഗുരുത്വത്തിന്റെ ആകര്‍ഷണ, വികര്‍ഷണ രൂപങ്ങള്‍ അന്യോന്യം ബാലന്‍സ് ചെയ്യുകയും അങ്ങനെ പ്രപഞ്ചത്തിന് മാറ്റമുണ്ടാകാതിരിക്കുകയും ചെയ്യുമെന്നായിരുന്നു ആ സമവാക്യത്തിലൂടെ ഐന്‍സ്റ്റൈന്‍ അര്‍ത്ഥമാക്കിയിരുന്നത്.

എന്നാല്‍ ക്ഷമത കൂടിയ ടെലസ്‌കോപ്പുകള്‍ നിര്‍മ്മിക്കപ്പെട്ടതോടെ മനുഷ്യരാശിയുടെ ചില സങ്കല്‍പ്പങ്ങളെല്ലാം ഉടഞ്ഞു. 1920കളില്‍ അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞനായ എഡ്‌വിന്‍ ഹബ്ബെല്‍ പ്രപഞ്ചം നിശ്ചലമല്ലെന്നും അത് വികസിച്ച് കൊണ്ടിരിക്കുകയാണെന്നും കണ്ടെത്തി. അതോടെ തന്റെ സമവാക്യത്തിലെ പുതിയ പദത്തിന്റെ കൂട്ടിച്ചേര്‍ക്കല്‍ ഏറ്റവും വലിയ മണ്ടത്തരമായി ഐന്‍സ്‌റ്റൈന്‍ വിധിയെഴുതി. പക്ഷേ പ്രപഞ്ചത്തിലെ ദ്രവ്യത്തിന്റെയും ഊര്‍ജ്ജത്തിന്റെയും തോത് സന്തുലിതമായി പോകാത്ത സ്ഥിതിയുണ്ടായി. എന്തോ ഒന്നിന്റെ കുറവ് ഉള്ളത് പോലെ. ഐന്‍സ്‌റ്റൈന്റെ കോസ്മളോജിക്കല്‍ കോണ്‍സ്റ്റന്റ് പോലെ ഒന്ന് കൂടി ഉണ്ടെങ്കിലേ ആ കുറവ് നികത്താനാകൂ. അങ്ങനെയാണ് 1998ല്‍ ഡാര്‍ക് എനര്‍ജി എന്ന ആശയം ഉദിക്കുന്നത്.


ശൂന്യതയുടെ സവിശേഷതയായാണ് ചിലര്‍ ഡാര്‍ക് എനര്‍ജിയെ വിശദീകരിക്കുന്നത്. ശൂന്യത വെറും ശൂന്യമല്ല, സ്വന്തമായി ഊര്‍ജ്ജമുള്ള ഒന്നായിരിക്കാമത്. ആ ഊര്‍ജ്ജമാണ് ഡാര്‍ക് എനര്‍ജി


പ്രപഞ്ച വികാസത്തില്‍ ചെലുത്തുന്ന സ്വാധീനത്തില്‍ നിന്നും പ്രപഞ്ചത്തില്‍ എത്ര ഡാര്‍ക് എനര്‍ജി ഉണ്ടെന്ന് നമുക്ക് അനുമാനിക്കാനാകും. അക്കാര്യമല്ലാതെ ഡാര്‍ക് എനര്‍ജിയെ കുറിച്ചുള്ള മറ്റെല്ലാ കാര്യങ്ങളും നിഗൂഢമാണ്. ശൂന്യതയുടെ സവിശേഷതയായാണ് ചിലര്‍ ഡാര്‍ക് എനര്‍ജിയെ വിശദീകരിക്കുന്നത്. ശൂന്യത വെറും ശൂന്യമല്ല, സ്വന്തമായി ഊര്‍ജ്ജമുള്ള ഒന്നായിരിക്കാമത്. ആ ഊര്‍ജ്ജമാണ് ഡാര്‍ക് എനര്‍ജി. പ്രപഞ്ച വികാസത്തിന് വേഗം കൂടിക്കൊണ്ടിരിക്കുകയാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. അതിന് കാരണം ഡാര്‍ക് എനര്‍ജി ആകാമെന്നാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ കരുതുന്നത്. മറ്റൊരു വിസ്മയകരമായ കാര്യമെന്തെന്ന് വെച്ചാല്‍ പ്രപഞ്ചം വികസിക്കുന്നതിന് അനുസരിച്ച് ഡാര്‍ക് എനര്‍ജിയുടെ ശക്തിയും കൂടിക്കൂടി വരുന്നു. മറ്റൊരു ആശയം അനുസരിച്ച് ഡാര്‍ക് എനര്‍ജി എന്നത് മുമ്പ് അജ്ഞാതമായിരുന്ന, ഒരു ദ്രാവകം പോലെ പ്രപഞ്ചമെങ്ങും നിറഞ്ഞിരിക്കുന്ന ക്വിന്റെസ്സന്‍സ് എന്ന് വിളിക്കുന്ന അഞ്ചാമത്തെ അടിസ്ഥാന ശക്തിയാണ്. ഐന്‍സ്റ്റൈന്റെ കോസ്മളോജിക്കല്‍ കോണ്‍സ്റ്റന്റിന് സമാനമായ സവിശേഷതകളുള്ള ഒന്നാണ് ഡാര്‍ക് എനര്‍ജിയെന്നും നിരവധി ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. 

ഡാര്‍ക് എനര്‍ജിയെ സംബന്ധിച്ച് ഏറ്റവും ഒടുവിലായി പരിഗണിക്കാവുന്ന ഒരു സാധ്യത ഐന്‍സ്‌റ്റൈന്റെ ഗുരുത്വാകര്‍ഷണ സിദ്ധാന്തം തെറ്റായിരിക്കാമെന്നുള്ളതാണെന്ന് നാസ പറയുന്നു. പ്രപഞ്ച വികാസത്തെ മാത്രമല്ല, ആകാശഗംഗകളിലെയും ആകാശഗംഗ കൂട്ടങ്ങളിലെയും സാധാരണ ദ്രവ്യത്തിന്റെ സ്വഭാവത്തെ പോലും ബാധിക്കുന്ന സംഗതിയാണത്. പുതിയൊരു ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിന്റെ ആവശ്യകതയിലേക്കാണോ ഇത് വിരല്‍ ചൂണ്ടുന്നത്? അങ്ങനെയെങ്കില്‍ ഐന്‍സ്‌റ്റൈന്റെ സിദ്ധാന്തം വിശദീകരിച്ചിരുന്നത് പോലെ സൗരയൂഥത്തിലെ വസ്തുക്കളുടെ ചലനം വരെ ശരിയായി വിശദീകരിക്കാന്‍ അതിന് കഴിയുമോ. എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം ഡാര്‍ക് എനര്‍ജിയെ കുറിച്ചുള്ള ചില സങ്കല്‍പ്പങ്ങള്‍ മാത്രമാണ്. നമുക്ക് വിശ്വസിക്കാവുന്ന നിലയിലേക്ക് അവയൊന്നും പാകപ്പെട്ടിട്ടില്ല. അതിനാല്‍ ഡാര്‍ക് എനര്‍ജി സംബന്ധിച്ച നിഗൂഢത ഇപ്പോഴും തുടരുന്നു.

ശൂന്യതയുടെ സവിശേഷതയാണോ, അതല്ല പ്രപഞ്ചത്തില്‍ നിറഞ്ഞിരിക്കുന്ന ദ്രാവകം പോലുള്ള ഒന്നാണോ, ഇനിയതൊന്നും അല്ല പുതിയൊരു ഗുരുത്വാകര്‍ഷണ സിദ്ധാന്തമാണോ എന്നെല്ലാം അറിയണമെങ്കില്‍ അതിനാവശ്യമായ, വ്യക്തമായ വിവരങ്ങള്‍ നമുക്ക് ലഭിക്കേണ്ടതുണ്ട്.