Feb 22 • 11M

ആഹാ എന്തൊരഴക് ! അഴക് മാത്രമല്ല, ചിത്രശലഭങ്ങളുടെ നിറങ്ങള്‍ക്ക് പിന്നില്‍ ചില രഹസ്യങ്ങളുണ്ട്

ചിത്രശലങ്ങളുടെ ചിറകുകളിലേക്ക് ഒരു ഭൂതക്കണ്ണാടിയുമായി യാത്ര പോയാലോ?

6
2
 
1.0×
0:00
-10:48
Open in playerListen on);
Episode details
2 comments

നിറങ്ങള്‍ തിരിച്ചറിയാനുള്ള ശേഷി ശലഭങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒന്നാണ്. തേന്‍ നുകരുന്നതിന് പൂക്കളെ കണ്ടെത്തുന്നതിന് മാത്രമല്ല, ശത്രുക്കളില്‍ നിന്ന് രക്ഷ നേടാനും തങ്ങളുടെ നിറവുമായി ചേര്‍ന്ന് നില്‍ക്കുന്ന, ഒളിച്ചിരിക്കാന്‍ പറ്റിയ ഇടങ്ങള്‍ കണ്ടെത്താനും മറ്റ് ചിത്രശലഭങ്ങളെ കണ്ടുപിടിക്കാനും നിറങ്ങളുമായുള്ള ഈ ചങ്ങാത്തം അവയെ സഹായിക്കുന്നു


വേഷപ്പകര്‍ച്ചയുടെ ആശാന്മാരാണ് ചിത്രശലഭങ്ങളും നിശാശലഭങ്ങളും. മൃഗങ്ങളുടെ മുഖങ്ങള്‍, ഇലകളുടെ രൂപങ്ങള്‍, ചിലപ്പോഴൊക്കെ നമ്മെ പേടിപ്പിക്കുന്ന രൂപങ്ങള്‍, എന്തിന് പാമ്പുകള്‍ വരെ ചിത്രശലഭങ്ങളുടെയും നിശാശലഭങ്ങളുടെയും ചിറകുകളില്‍ ചിത്രം വരച്ചതുപോലെ തെളിഞ്ഞ് നില്‍ക്കുന്നത് നാം കണ്ടിട്ടുണ്ട്. ചില ചിത്രശലഭങ്ങള്‍ക്കാണെങ്കില്‍ കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങള്‍ ഉണ്ട്. എങ്ങനെയാണ് അവര്‍ക്ക് ഇത്രയും നിറപ്പകിട്ടാര്‍ന്ന, വൈവിധ്യമാര്‍ന്ന ചിറകുകള്‍ ലഭിക്കുന്നത്. ചില ശലഭങ്ങള്‍ എന്തിനാണ് ഓന്തിനെ പോലെ പ്രച്ഛന്നവേഷം നടത്തുന്നത്. ചിത്രശലങ്ങളുടെ ചിറകുകളിലേക്ക് ഒരു ഭൂതക്കണ്ണാടിയുമായി യാത്ര പോയാലോ?

നിറങ്ങള്‍ കണ്ടെത്താന്‍ മിടുക്കന്‍

ഭൂമിയില്‍ ഏതാണ്ട് 18,000ത്തില്‍ പരം ചിത്രശലഭ ഇനങ്ങളും 140,000ത്തില്‍ പരം നിശാശലഭ ഇനങ്ങളും ഉണ്ട്. ഏതാണ്ട് 225 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പൊതു പൂര്‍വ്വികനില്‍ നിന്നുമാണ് അവയെല്ലാം രൂപപ്പെട്ടത്. ആ പൂര്‍വ്വികനില്‍ നിന്നുമാണ് കാടുകളിലും പുല്‍മേടുകളിലും വയലുകളിലും പൂന്തോട്ടങ്ങളിലുമായി ഇത്രയധികം നിറങ്ങളിലും രൂപങ്ങളിലും പലതരം ശലഭങ്ങള്‍ ഭൂമിയിലെമ്പാടും പാറിപ്പറന്ന് നടക്കാന്‍ തുടങ്ങിയത്.  പക്ഷേ പലതായി പിരിഞ്ഞപ്പോള്‍ അവര്‍ അവരുടെ ഏറ്റവും വലിയ സ്വത്തും തനത് സവിശേഷതയുമായ ചിറകുകളിലെ വൈവിധ്യം കൈമോശം വരാതെ കാത്തു.

ചിത്രശലഭങ്ങളും നിശാശലഭങ്ങളും ലെപിഡോപ്‌റ്റെറാ എന്ന കുടുംബത്തിലുള്ള ജീവിവര്‍ഗ്ഗമാണ്. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും പ്രത്യുല്‍പ്പാദനസമയത്ത് വരെ നിറങ്ങളെ വളരെയധികം ആശ്രയിക്കുന്ന ജീവിവിഭാഗമാണിവ. മനുഷ്യരേക്കാളും കൂടുതല്‍ ധവള പ്രകാശത്തിലെ ഘടക വര്‍ണ്ണങ്ങളെ കാണാന്‍ ഇവയ്ക്ക് സാധിക്കും. പ്രത്യേകിച്ച് ചുവപ്പ് നിറമുള്ളവയെ. നിരവധി ഷഡ്പദങ്ങളെ പോലെ, ലെപിഡോപ്‌റ്റെറാ കുടുംബത്തിലുള്ള ജീവികള്‍ക്ക് അള്‍ട്രാവയലൈറ്റ് രശ്മിയെയും കാണാനാകും.

നിറങ്ങള്‍ തിരിച്ചറിയാനുള്ള ആ ശേഷി ശലഭങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒന്നാണ്. തേന്‍ നുകരുന്നതിന് പൂക്കളെ കണ്ടെത്തുന്നതിന് മാത്രമല്ല, ശത്രുക്കളില്‍ നിന്ന് രക്ഷ നേടാനും തങ്ങളുടെ നിറവുമായി ചേര്‍ന്ന് നില്‍ക്കുന്ന, ഒളിച്ചിരിക്കാന്‍ പറ്റിയ ഇടങ്ങള്‍ കണ്ടെത്താനും മറ്റ് ചിത്രശലഭങ്ങളെ കണ്ടുപിടിക്കാനും നിറങ്ങളുമായുള്ള ഈ ചങ്ങാത്തം അവയെ സഹായിക്കുന്നു. പ്രത്യേകിച്ച് ഇണകളെ കണ്ടെത്തുന്നതിനും പ്രത്യുല്‍പ്പാദന ഘട്ടങ്ങളിലുമാണ് ഈ കഴിവ് അവയ്ക്ക് ഏറ്റവും ആവശ്യം. ചില ചിത്രശലഭങ്ങള്‍ കാഴ്ചയില്‍ നമുക്ക് ഒന്നായി തോന്നുമെങ്കിലും നിറങ്ങളിലോ ചിറകുകളിലെ രൂപങ്ങളിലോ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കും. ഇവ തിരിച്ചറിഞ്ഞ് തങ്ങളുടെ വിഭാഗങ്ങളില്‍ ഉള്ളവുമായി മാത്രം ഇണ ചേരാന്‍ ചിത്രശലഭങ്ങളെ സഹായിക്കുന്നത് നിറങ്ങളെ തിരിച്ചറിയാനുള്ള ഈ കഴിവാണ്.

ശത്രുക്കളില്‍ നിന്ന് ഓടിയൊളിക്കാനും നിറങ്ങള്‍ തന്നെ രക്ഷ

ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാനുള്ള പ്രതിരോധമാര്‍ഗ്ഗങ്ങളില്‍ പ്രധാനമാണ് ചിത്രശലഭങ്ങള്‍ക്ക് അവയുടെ നിറങ്ങളും ചിറകുകളിലെ രൂപങ്ങളും. ഉദാഹരണത്തിന് ചില ശലഭങ്ങളുടെ ചിറകുകളില്‍ വലിയ കണ്ണുകള്‍ പോലെ ഒരു രൂപം കാണാം (eyespots). ഇത് കാണുന്ന ശത്രുക്കള്‍ അത് ചിത്രശലഭമല്ല, വലിയ എതോ ജീവിയാണെന്ന് വിചാരിക്കുകയും അവയുമായി മുഖാമുഖം ഏറ്റുമുട്ടേണ്ടി വരുമെന്ന് ഭയന്ന് അവ ഓടി രക്ഷപ്പെടുകയും ചെയ്യും. മൂങ്ങയെ പോലെ തോന്നിപ്പിക്കുന്ന ചിറകുകള്‍ ഉള്ള ചിത്രശലഭം ഇതിന് ഉദാഹരണമാണ്. അതിന്റെ ചിറകിലെ മഞ്ഞ വട്ടങ്ങള്‍ ഉള്ള കണ്ണ് പോലെയുള്ള രൂപം കണ്ടാല്‍ രോമാവൃതമായ മൂങ്ങയുടെ മുഖം പോലെ തോന്നും. ഇത് ശരിക്കും ശത്രുക്കളില്‍ നിന്ന്‌ രക്ഷ നേടാനുള്ള ചിത്രശലഭത്തിന്റെ തന്ത്രമാണോ അല്ലയോ എന്ന് ശാസ്ത്രജ്ഞര്‍ക്കിടയില്‍ തന്നെ സംശയം നിലനില്‍ക്കുന്നുണ്ട്. ചില പഠനങ്ങള്‍ ഇതൊരു തന്ത്രം തന്നെയാണെന്ന് ശരിവെക്കുമ്പോള്‍ മറ്റ് ചില ശാസ്ത്രജ്ഞര്‍ പറയുന്നത് ഈ രൂപം ശരിക്കും ചിത്രശലഭങ്ങളെ വേറിട്ട് നിര്‍ത്തുന്നുവെന്നും അതിനാല്‍ പെട്ടെന്ന് ശത്രുക്കളാല്‍ ആക്രമിക്കപ്പെടാന്‍ ഇടയാക്കുന്നുണ്ടെന്നുമാണ്.

മരത്തടികളില്‍ കാണപ്പെടുന്ന ഒരു തരം ഗൗളികളെ പോലെ തോന്നിപ്പിക്കുന്ന ചിത്രശലഭങ്ങള്‍ ഉണ്ട്. അവയ്ക്ക് ശരിക്കും ആ രൂപം ഒരു അനുഗ്രഹമാണ്. കാരണം ഈ വിഭാഗത്തിലുള്ള ചിത്രശലഭങ്ങളെ ഇരയാക്കുന്നതില്‍ പ്രധാനികളാണ് ഇത്തരം ഗൗളികള്‍. അതിനാല്‍ മുമ്പിലുള്ളത് ചിത്രശലഭമാണോ തങ്ങളിലൊരാളാണോ എന്ന് തിരിച്ചറിയാന്‍ ഗൗളികള്‍ പാടുപെടും. ചിറകുകളില്‍ മറ്റ് ജീവികളുടെ രൂപങ്ങള്‍ ഉള്ള ചിത്രശലഭങ്ങളും നിരവധിയാണ്. മനുഷ്യര്‍ തന്നെ പലപ്പോഴും അവയെ കണ്ട് പേടിക്കാറുണ്ട്. ഇത് കാണുമ്പോള്‍ അവയുടെ ശത്രുക്കളും ആക്രമിക്കുന്നതിന് മുമ്പ് മുന്നിലുള്ളത് ചിത്രശലഭം തന്നെയാണോ എന്ന് രണ്ട് തവണ ചിന്തിക്കും. 


അപ്പോസെമാറ്റിസം എന്നൊരു അറ്റകൈ പ്രയോഗവും ചിത്രശലഭങ്ങള്‍ക്കിടയില്‍ ഉണ്ട്. കടുത്ത നിറങ്ങള്‍ പ്രദര്‍ശിപ്പിച്ച് കൊണ്ട് തങ്ങളില്‍ ഉഗ്രവിഷമുണ്ടെന്ന് ശത്രുക്കളെ ബോധ്യപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. വരയന്‍ കടുവ എന്ന് പേരുള്ള നമ്മുടെ നാട്ടിലൊക്കെ ധാരാളമായി കാണുന്ന ചിത്രശലഭങ്ങള്‍ പുഴുവായിരിക്കുമ്പോള്‍ ധാരാണം വിഷച്ചെടികള്‍ ആഹാരമാക്കാറുണ്ട്. ഇങ്ങനെ ശരീരത്തിലെത്തുന്ന വിഷമെല്ലാം അവ ശേഖരിച്ച് വെക്കും. അവയെ ആഹാരമാക്കുന്ന പക്ഷികള്‍ക്കും മറ്റ് ജീവിക്കള്‍ക്കും അത്ര രുചികരമായ ആഹാരമാകില്ല അത്


പ്രതിരോധത്തിന്റെ രണ്ടാംഘട്ടമെന്നോണം ചിത്രശലഭങ്ങള്‍ അവയുടെ മുകള്‍ഭാഗത്തെ നിറപ്പകിട്ടാര്‍ന്ന ചിറകുകള്‍ വീശാറുണ്ട്. ശത്രുക്കളുടെ ശ്രദ്ധ തിരിച്ച് രക്ഷപ്പെടാനുള്ള സമയമുണ്ടാക്കുകയാണ് അതിന്റെ ലക്ഷ്യം. ചിറകില്‍ മൂങ്ങയുടെ രൂപമുള്ള ചിത്രശലഭത്തെ ഉദാഹരണമായി എടുക്കാം. അവയുടെ മുകള്‍ഭാഗത്തെ ചിറകില്‍ താഴെത്തേതില്‍ നിന്നും വിരുദ്ധമായി നീലയും ഓറഞ്ചും നിറങ്ങളിലുള്ള ചെറിയ ശല്‍ക്കങ്ങള്‍ ഉണ്ട്. ഇത് വീശി കണ്ണ് വെട്ടിച്ച് അവ ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കും.

കൊടുംവിഷമാണ് ഞാന്‍- ഒടുവിലത്തെ അടവ്

അപ്പോസെമാറ്റിസം എന്നൊരു അറ്റകൈ പ്രയോഗവും ചിത്രശലഭങ്ങള്‍ക്കിടയില്‍ ഉണ്ട്. കടുത്ത നിറങ്ങള്‍ പ്രദര്‍ശിപ്പിച്ച് കൊണ്ട് തങ്ങളില്‍ ഉഗ്രവിഷമുണ്ടെന്ന് ശത്രുക്കളെ ബോധ്യപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. വരയന്‍ കടുവ എന്ന് പേരുള്ള നമ്മുടെ നാട്ടിലൊക്കെ ധാരാളമായി കാണുന്ന ചിത്രശലഭങ്ങള്‍ പുഴുവായിരിക്കുമ്പോള്‍ ധാരാണം വിഷച്ചെടികള്‍ ആഹാരമാക്കാറുണ്ട്. ഇങ്ങനെ ശരീരത്തിലെത്തുന്ന വിഷമെല്ലാം അവ ശേഖരിച്ച് വെക്കും. അവയെ ആഹാരമാക്കുന്ന പക്ഷികള്‍ക്കും മറ്റ് ജീവിക്കള്‍ക്കും അത്ര രുചികരമായ ആഹാരമാകില്ല അത്. ചിലപ്പോള്‍ ചില അസ്വസ്ഥതകളും തോന്നിയേക്കും. അതിനാല്‍ അടുത്ത തവണ ഇത്തരം കടുത്ത നിറങ്ങളിലുള്ള (മിക്കപ്പോഴും ചുവപ്പോ ഓറഞ്ചോ നിറങ്ങളിലുള്ള) ചിത്രശലഭങ്ങളെ കാണുമ്പോള്‍ പക്ഷികള്‍ സ്വയം പിന്‍വാങ്ങും.

അതേസമയം ഇത്തരം വിഷമുള്ള ചിത്രശലഭങ്ങളുടെ കഴിവ് നേട്ടമാക്കി മാറ്റുന്ന കൂട്ടരും ചിത്രശലഭങ്ങള്‍ക്കിടയില്‍ ഉണ്ട്. അവ വിഷച്ചെടികള്‍ ഒന്നും കഴിക്കാതെ തന്നെ തങ്ങള്‍ വിഷമുള്ളവരാണെന്ന് ശത്രുക്കളെ തെറ്റിദ്ധരിപ്പിക്കും. ആഫ്രിക്കന്‍ മോക്കര്‍ സ്വാളോടെയില്‍ എന്നറിയപ്പെടുന്ന പാപ്പിലോ ഡാര്‍ഡാണസ് ആണ് ഇതില്‍ മിടുക്കന്‍. ഇവയുടെ പെണ്‍ ശലഭങ്ങള്‍ക്ക് അവയുടെ ചിറകുകളുടെ നിറം വിഷമേറിയ അഞ്ചിനം ചിത്രശലഭങ്ങളുടേത് പോലെ മാറ്റാനാകും. അത് കാണുമ്പോള്‍ വിഷമുള്ള ചിത്രശലഭമാണെന്ന് തെറ്റിദ്ധരിച്ച് ശത്രു ആക്രമിക്കാതെ മടങ്ങും.

ഞാനെവിടെയെന്ന് കണ്ടുപിടിക്കൂ…

ചില ചിത്രശലഭങ്ങളെയും നിശാശലഭങ്ങളെയും ഒറ്റയടിക്ക് കണ്ടുപിടിക്കുക അസാധ്യമാണ്. ഓന്തുകളെ പോലെ അവ ഇരിക്കുന്ന ഇടവുമായി ഇഴുകിച്ചേര്‍ന്ന് കാണപ്പെടുന്നതിനാല്‍ ശത്രുക്കള്‍ തോറ്റ് മുട്ട് മടക്കും. ഉദാഹരണത്തിന് ഉണക്കയില പോലെയും ചുള്ളിക്കമ്പ് പോലെയും തോന്നിക്കുന്ന നിരവധി ചിത്രശലഭങ്ങളും നിശാശലഭങ്ങളും ഉണ്ട്. ഉണക്കയിലകള്‍ക്കിടയില്‍ നിന്നും ചുള്ളിക്കമ്പുകള്‍ക്കിടയില്‍ നിന്നും അവയെ വേര്‍തിരിച്ചറിയുക പ്രയാസമാണ്.


ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാനുള്ള പ്രതിരോധമാര്‍ഗ്ഗങ്ങളില്‍ പ്രധാനമാണ് ചിത്രശലഭങ്ങള്‍ക്ക് അവയുടെ നിറങ്ങളും ചിറകുകളിലെ രൂപങ്ങളും. ഉദാഹരണത്തിന് ചില ശലഭങ്ങളുടെ ചിറകുകളില്‍ വലിയ കണ്ണുകള്‍ പോലെ ഒരു രൂപം കാണാം. ഇത് കാണുന്ന ശത്രുക്കള്‍ അത് ചിത്രശലഭമല്ല, വലിയ എതോ ജീവിയാണെന്ന് വിചാരിക്കുകയും അവയുമായി മുഖാമുഖം ഏറ്റുമുട്ടേണ്ടി വരുമെന്ന് ഭയന്ന് അവ ഓടി രക്ഷപ്പെടുകയും ചെയ്യും


ഇന്ത്യന്‍ ഇല ചിത്രശലഭത്തെ ഇലകള്‍ക്കിടയില്‍ നിന്ന് കണ്ടുപിടിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടും. അതിന്റെ മുകള്‍ഭാഗം ഇളം നീലനിറമാണ്. എന്നാല്‍ അടിവശം ഉണങ്ങിയ ഇല പോലെ തവിട്ട് നിറവും. ഇലകളില്‍ ഉള്ളത് പോലെതന്നെ വരകളും അതിലുണ്ട്. നിലത്ത് കരിയിലകള്‍ക്കിടയില്‍ അനക്കമില്ലാതെ കിടക്കുന്ന ഇവയെ കണ്ടാല്‍ ഇലയാണെന്നേ ഒറ്റനോട്ടത്തില്‍ തോന്നൂ. അതിനാല്‍ പക്ഷികള്‍ അടക്കം ഇര തിരഞ്ഞ് നടക്കുന്നവയുടെ കണ്ണ് വെട്ടിക്കാന്‍ ഇവയ്ക്കാകും. അതുപോലെ തന്നെയാണ് ഓറിയന്റല്‍ മോത്തെന്ന ഉറോപിയ മെറ്റിക്കുലോഡിനയെന്ന ശലഭവും. ഒരുപക്ഷേ ഇന്ത്യന്‍ ഇല ശലഭത്തേക്കാള്‍ വിരുതനാണെന്ന് പറയാം. കണ്ടാല്‍ ഒരു കരിയില ചുരുണ്ട് കിടക്കുന്നത് പോലെ തോന്നും. പക്ഷേ യഥാര്‍ത്ഥത്തില്‍ ഇവയുടെ ചിറകുകള്‍ പരന്നിട്ടാണ്. കൗണ്ടര്‍ഷെയ്ഡിംഗിലൂടെ ചിറകുകളില്‍ ചുരുള്‍ വീണ പ്രതീതി ഉണ്ടാക്കാന്‍ അവയ്ക്ക് സാധിക്കും. പ്രകാശവും നിഴലും ഉപയോഗിച്ചാണ് ചിത്രശലഭം ഇങ്ങനെ ആളുകളെ പറ്റിക്കുന്നത്. 

പരിണാമത്തിലൂടെ കൈവന്ന നിറങ്ങള്‍

ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ട പരിണാമ പ്രക്രിയയിലൂടെ ആയിരിക്കും ഇത്തരത്തില്‍ ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുന്ന തരത്തിലുള്ള നിറങ്ങളും മറ്റ് ശാരീരിക സവിശേഷതകളും ചിത്രശലഭങ്ങള്‍ ആര്‍ജ്ജിച്ചിരിക്കുക. 

ചില ചിത്രശലഭ വിഭാഗങ്ങള്‍ക്കിടയില്‍ ഒന്നോ രണ്ടോ തലമുറകള്‍ക്കിടെ നിറം മാറ്റുന്ന പതിവും ഉണ്ട്. പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇത്തരം നിറംമാറ്റത്തിന് പിന്നില്‍. ആഫ്രിക്കന്‍ പുല്‍മേടുകളില്‍ കാണപ്പെടുന്ന ആഫ്രിക്കന്‍ ബുഷ് ബ്രൗണ്‍ എന്നറിയപ്പെടുന്ന ബൈസിക്ലസ് എനിനാന എന്ന ചെറുശലഭം ഇതിന് ഉദാഹരണമാണ്. വരണ്ട സീസണില്‍ ഇവയുടെ ചിറകില്‍ വളരെ ചെറിയ പുള്ളികള്‍ ആയിരിക്കും ഉണ്ടായിരിക്കുക. ശത്രുക്കളില്‍ നിന് ഒളിച്ച് അനങ്ങാതെ ഇരിക്കാന്‍ ഇവയ്ക്കാകും. എന്നാല്‍ അധികകാലം ഇവര്‍ക്ക് ആയുസ്സുണ്ടാകില്ല. അതിനാല്‍ തന്നെ ഒരു വര്‍ഷം ഇവയുടെ നിരവധി തലമുറകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടും. മഴ പെയ്ത് നനഞ്ഞ അന്തരീക്ഷസ്ഥിതി എത്തുന്നതോടെ ഇവയുടെ ചിറകുകളിലെ പുള്ളികളുടെ വലുപ്പം വര്‍ധിക്കും. പുഴുവായിരിക്കുമ്പോള്‍ ഉള്ള അന്തരീക്ഷ താപനിലയും ആര്‍ദ്രതയും ആണ് അടുത്ത സീസണില്‍ ജന്മമെടുക്കുന്ന ചിത്രശലഭങ്ങളിലെ നിറമെന്തായിരിക്കുമെന്ന് നിര്‍ണ്ണയിക്കുക.

ചിത്രശലഭങ്ങളുടെ നിറങ്ങള്‍ നാം കരുതുന്നത് പോലെ വെറുതെ ഭംഗിക്ക് വേണ്ടിയുള്ളത് മാത്രമല്ല. മിക്ക ചിത്രശലഭങ്ങളിലും നിശാശലഭങ്ങളിലും നിറങ്ങള്‍ അവയുടെ ജീവന് സംരക്ഷണം നല്‍കുകയും ഇണയെ ആകര്‍ഷിച്ച് പ്രത്യുല്‍പ്പാദനത്തിന് സഹായിക്കുകയും ചെയ്യുന്ന ഒന്നാണ്. അതിനാല്‍ ശലഭങ്ങളുടെ നിറങ്ങള്‍ അവയുടെ അതിജീവനത്തിനുള്ള പടച്ചട്ടയാണ്.