
കടല്‍തീരത്ത് ചെന്നിരുന്ന് പ്ലാസ്റ്റിക് തിരമാലകള്‍ എണ്ണുന്ന കാലം!
കടല്‍ത്തീരത്ത് ചെന്നിരുന്ന് പ്ലാസ്റ്റിക് തിരമാലകള്‍ ആസ്വദിക്കാനുള്ള ശേഷിയുണ്ടോ നമുക്ക്. ഇല്ല ലേ...എങ്കില്‍ പ്ലാസ്റ്റിക് മാലിന്യം സമുദ്രത്തെ കൊല്ലുന്നതെങ്ങനെയെന്ന് മനസിലാക്കിയേ തീരൂ...
ഒന്നോര്‍ത്തുനോക്കൂ, അഗാധമായ നീലിമയും ഓളപ്പരപ്പും ആര്‍ത്തിരമ്പുന്ന തിരമാലകളും വശ്യതയും സ്വച്ഛതയും ചോരാത്ത ഭാവവും ആസ്വദിക്കാന്‍ കടല്ത്തീരങ്ങളിലെത്തുമ്പോള് എന്നെങ്കിലും ഒരു പ്ലാസ്റ്റിക് കുപ്പിയോ മാലിന്യമോ ശ്രദ്ധയില്‍ പെടാതിരുന്നിട്ടുണ്ടോ. അടിത്തട്ടിലെ സൗന്ദര്യത്തിനും ജൈവവൈവിധ്യത്തിനുമൊപ്പം ഇപ്പോള്‍ നമ്മുടെ സമുദ്രങ്ങളില്‍ പ്ലാസ്റ്റിക്കിന്റെ ഒരു വലിയ ശേഖരവുമുണ്ട്. 268,940 ടണ്‍ ഭാരം വരുന്ന 5.25 ദശലക്ഷം പ്ലാസ്റ്റിക് വസ്തുക്കള്‍ സമുദ്രങ്ങളില്‍ അലയടിക്കുന്നുണ്ടെന്നാണ് കണക്ക്.
2050 ആകുമ്പോഴേക്കും സമുദ്രങ്ങളില്‍ മത്സ്യങ്ങളേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക് ആയിരിക്കുമെന്നാണ് ബ്രിട്ടീഷ് പരിസ്ഥിതിവാദിയായ എലന്‍ മക് ആര്‍തര്‍ 2016ല്‍ ലോക സാമ്പത്തിക ഫോറത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്ലാസ്റ്റിക് തിരമാലകള്‍ എണ്ണാന്‍ കടല്‍ത്തീരങ്ങളില്‍ ചെന്നിരിക്കുന്നത് ആലോചിച്ച് നോക്കൂ. ഭാവനയല്ല, പ്രകൃതിയെ ചൂഷണം ചെയ്യുന്നത് മനുഷ്യന് അവസാനിപ്പിച്ചില്ലെങ്കില്‍ അത്തരം പല ദുരന്തങ്ങള്‍ക്കും വരുതലമുറകള്‍ സാക്ഷിയാകേണ്ടി വരും.
ഇന്ന് നമ്മുടെ സമുദ്രങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലിവിളിയാണ് പ്ലാസ്റ്റിക് മാലിന്യം. 1950ന് ശേഷം ലോകത്ത് ഓരോ വര്‍ഷവും പ്ലാസ്റ്റിക് ഉല്‍പ്പാദനത്തില്‍ വലിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 2018ല്‍ 359 ദശലക്ഷം മെട്രിക് ടണ്‍ പ്ലാസ്റ്റിക്കാണ് ലോകത്ത് ഉല്‍പ്പാദിപ്പിക്കപ്പെട്ടത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഏതാണ്ട് 3.3 ദശലക്ഷം മെട്രിക് ടണ്‍ പാസ്റ്റിക് മാലിന്യം ഓരോ വര്‍ഷവും ഇന്ത്യയില്‍ ഉണ്ടാകുന്നുണ്ട് (പ്രതിദിനം ഏകദേശം 9,200 ടണ്‍). ഇവയില്‍ വലിയൊരു ശതമാനം, അതായത് ഏതാണ്ട് എട്ട് ദശലക്ഷം ടണ്‍ മാലിന്യം ഓരോ വര്‍ഷവും സമുദ്രങ്ങളില്‍ വന്നടിയുന്നു. ഉപയോഗശേഷം വലിച്ചെറിയപ്പെടുന്നതും ശേഖരിക്കപ്പെടുന്നതുമായ പ്ലാസ്റ്റിക് മാലിന്യം പലപ്പോഴും തുറസ്സായ ഇടങ്ങളില്‍ കുന്നുകൂടാറാണ് പതിവ്. ഇവ പിന്നീട് പുഴകളിലേക്ക് ഒഴുകിയെത്തുകയും ഒടുവില്‍ കടലുകളില്‍ വന്നടിയുകയും ചെയ്യുന്നു.
എന്താണ് സമുദ്ര മാലിന്യം?
എല്ലാ തരത്തിലും വലുപ്പത്തിലുമുള്ള പ്ലാസ്റ്റിക് സാധനങ്ങള്‍ നമ്മുടെ കടലുകളിലും സമുദ്രങ്ങളിലുമുണ്ട്. സമുദ്രാന്തരീക്ഷത്തില്‍ തിരമാലകളുടെയും സൂര്യപ്രകാശത്തിന്റെയും സ്വാധീനം മൂലം അവ വിഘടിച്ച് അതിസൂക്ഷ്മങ്ങളായ പ്ലാസ്റ്റിക് കണികകളായി മാറുന്നു. കാലങ്ങള്‍ കൊണ്ട് സംഭവിക്കുന്ന പ്രക്രിയയാണിത്. അഞ്ച് മില്ലിമീറ്ററില്‍ താഴെ മാത്രം വലുപ്പമുള്ള ഇവയെ മൈക്രോപ്ലാസ്റ്റിക് (സൂക്ഷ്മ പ്ലാസ്റ്റിക്) എന്നാണ് വിളിക്കുന്നത്. അതിസൂക്ഷ്മങ്ങളായ കണികകളായി മാറുമെങ്കിലും സമുദ്രത്തില്‍ വന്നുചേരുന്ന പ്ലാസ്റ്റിക് ഒരിക്കലും ഇല്ലാതാകുന്നില്ല.
സമുദ്രങ്ങളിലും തീരപ്രദേശങ്ങളിലും ഉപേക്ഷിക്കുകയോ വലിച്ചെറിയുകയോ തള്ളുകയോ ചെയ്യുന്ന നാശം സംഭവിക്കാത്തതും കൃത്രിമമായി നിര്‍മ്മിക്കുകയോ സംസ്കരിക്കുകയോ ചെയ്തതുമായ ഖര പദാര്‍ത്ഥങ്ങളെയാണ് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സംഘടന സമുദ്ര മാലിന്യം എന്ന് വിളിക്കുന്നത്. മനഃപ്പൂര്‍വ്വം പുഴകളിലോ കടലുകളിലോ അല്ലെങ്കില്‍ അവയുടെ തീരങ്ങളിലോ കൊണ്ട് തള്ളുന്ന മനുഷ്യര്‍ ഉണ്ടാക്കുന്നതും ഉപയോഗിക്കുന്നതുമായ സാധനങ്ങളും അല്ലെങ്കില്‍ നദിയിലൂടെയോ അഴുക്കുചാലുകളിലൂടെയോ വെള്ളപ്പൊക്കം, കാറ്റ് എന്നിവ വഴി നേരിട്ടല്ലാതെയും അബദ്ധവശാലും എത്തിപ്പെടുന്ന സാധനങ്ങളും സമുദ്ര മാലിന്യങ്ങളില്‍ ഉള്‍പ്പെടുന്നു.
1970കളിലാണ് ഗവേഷകര്‍ സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോത് ആദ്യമായി രേഖപ്പെടുത്തുന്നത്. ഇന്ന് സമുദ്രങ്ങളിലെ മൊത്തം മാലിന്യത്തിന്റെ 85 ശതമാനത്തോളം പ്ലാസ്റ്റിക് മാലിന്യമാണ്
പല സ്രോതസ്സുകളില്‍ നിന്നാണ് മാലിന്യങ്ങള്‍ സമുദ്രങ്ങളില്‍ വന്നടിയുന്നത്. പ്ലാസ്റ്റിക്കുകളും മൈക്രോപ്ലാസ്റ്റിക്കുകളും പ്രധാനമായും കരയിലെ സ്രോതസ്സുകളില്‍ നിന്നാണ് കടലുകളിലേക്ക് എത്തുന്നത്. എന്നാല്‍ ചിലപ്പോള്‍ കപ്പലുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം കടലില്‍ നിക്ഷേപിക്കപ്പെടാറുണ്ട്.
1970കളിലാണ് ഗവേഷകര്‍ സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോത് ആദ്യമായി രേഖപ്പെടുത്തുന്നത്. ഇന്ന് സമുദ്രങ്ങളിലെ മൊത്തം മാലിന്യത്തിന്റെ 85 ശതമാനത്തോളം പ്ലാസ്റ്റിക് മാലിന്യമാണ്. ഐക്യരാഷ്ട്രസഭ പരിസ്ഥിതി സംഘടനയുടെ കണക്ക് പ്രകാരം സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ 15 ശതമാനം ഉപരിതലത്തില്‍ പൊങ്ങിക്കിടക്കുകയും 15 ശതമാനം വെള്ളത്തിനുള്ളിലും ബാക്കി 70 ശതമാനം അടിത്തട്ടില്‍ അടിഞ്ഞിരിക്കുകയുമാണ്.
സമുദ്രങ്ങളിലെ മാലിന്യം ഭൂമിക്ക് ആപത്തോ?
പ്ലാസ്റ്റിക് ബാഗുകള്‍, വെള്ളക്കുപ്പികള്‍, മത്സ്യബന്ധന സാമഗ്രികള്‍ എന്നിവയുള്‍പ്പടെയുള്ള മാക്രോ പ്ലാസ്റ്റിക്കുകളും മൈക്രോപ്ലാസ്റ്റിക്കുകളും കടലിനുള്ളിലെ ജീവജാലങ്ങള്‍ക്കും ജൈവവൈവിധ്യത്തിനും വെല്ലുവിളിയാണ്. പ്ലാസ്റ്റിക് മാലിന്യം തിന്ന് ചത്തൊടുങ്ങുന്ന കടല്‍ജീവികളും പ്ലാസ്റ്റിക് കുപ്പികളിലും നെറ്റുകളിലും അകപ്പെടുന്ന കടലിലെ ചെറുജീവികളും തന്നെ ഉദാഹരണം. മാത്രമല്ല മനുഷ്യര്‍ക്കും പ്രകൃതിക്കും ഇവ ആപത്താണ്. ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന മാലിന്യവും പ്ലാസ്റ്റിക്കും സമുദ്രസഞ്ചാരത്തിന് ഭീഷണിയാണ്. ചുരുക്കത്തില്‍ കടലിനുള്ളിലെ പ്ലാസ്റ്റിക് മാലിന്യം പാരിസ്ഥിതികമായും സാമ്പത്തികമായും സുരക്ഷാപരമായും ആരോഗ്യപരമായും നമ്മളെ ബാധിക്കും.
മൈക്രോപ്ലാസ്റ്റിക് മലിനീകരണം സമുദ്രത്തിനുണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് മനസിലാക്കുന്നതിനായി ആദ്യം എത്രമാത്രം മാലിന്യം സമുദ്രങ്ങളില്‍ ഉണ്ടെന്നും എവിടെയാണ് അവ കെട്ടിക്കിടക്കുന്നതെന്നും അറിയേണ്ടതുണ്ട്
സമുദ്ര മലിനീകരണത്തിനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകാത്തത് എന്തുകൊണ്ട്?
ഓരോ ദിവസവും ലക്ഷക്കണക്കിന് ടണ്‍ പ്ലാസ്റ്റിക് മാലിന്യം കടലുകളില്‍ വന്നടിയുമ്പോഴും ഗുരുതരമായ ഈ പരിസ്ഥിതി പ്രശ്നത്തിനെതിരെ ശക്തമായ നടപടികളൊന്നും ഉണ്ടാകാത്തത് എത്രത്തോളം പ്ലാസ്റ്റിക് മാലിന്യം സമുദ്രങ്ങളില്‍ ഉണ്ടെന്നോ അതുമൂലം പ്രകൃതിക്കും മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും സംഭവിക്കാവുന്ന ദുരന്തങ്ങള്‍ എന്തെന്നതോ സംബന്ധിച്ച് ആഴത്തിലുള്ള പഠനങ്ങളും ഗവേഷണങ്ങളും ഉണ്ടാകാത്തതാണ്.
മൈക്രോപ്ലാസ്റ്റിക് മലിനീകരണം സമുദ്രത്തിനുണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് മനസിലാക്കുന്നതിനായി ആദ്യം എത്രമാത്രം മാലിന്യം സമുദ്രങ്ങളില്‍ ഉണ്ടെന്നും എവിടെയാണ് അവ കെട്ടിക്കിടക്കുന്നതെന്നും അറിയേണ്ടതുണ്ട്. എന്നാല്‍ സമുദ്രങ്ങളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോതും ഏതൊക്കെ ഇടങ്ങളിലാണ് അവ കൂടുതലായും കാണപ്പെടുന്നതെന്നും കൃത്യമായി മനസിലാക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം.
സമുദ്രങ്ങളിലെ മൈക്രോപ്ലാസ്റ്റിക്കിന്റെ അളവ് സംബന്ധിച്ച് ഇപ്പോള്‍ ലഭ്യമായിട്ടുള്ള വിവരങ്ങള്‍ വാണിജ്യക്കപ്പലുകളും ഗവേഷണ ആവശ്യങ്ങള്‍ക്കുള്ള കപ്പലുകളും നല്കിയിട്ടുള്ളവയാണ്. കടലിനുള്ളിലെ സൂക്ഷ്മജീവികളെ ശേഖരിക്കുന്നതിനുള്ള പ്ലാങ്ക്ടണ്‍ നെറ്റ് എന്ന നീളത്തിലുള്ള, കോണ്‍ ആകൃതിയിലുള്ള വളരെ ചെറിയ കണ്ണികളോട് കൂടിയ വലകള്‍ വിരിച്ചാണ് ഇത്തരം കപ്പലുകള്‍ കടലിനുള്ളിലെ വസ്തുക്കളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത്.
എന്നാല്‍ വിശാലമായ കടലില്‍ വളരെ ചെറിയ ഒരു മേഖലയില്‍ മാത്രമേ വല വിരിക്കല്‍ നടക്കുകയുള്ളു എന്നതിനാല്‍ ഈ രീതിയില്‍ സമുദ്രത്തിനുള്ളിലെ മാലിന്യത്തിന്റെ യഥാര്‍ത്ഥ തോത് കണ്ടെത്തുക പ്രായോഗികമല്ല. മാത്രമല്ല, കാലക്രമേണ പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോതിലുണ്ടാകുന്ന മാറ്റം സംബന്ധിച്ചും വളരെ കുറച്ച് വിവരങ്ങള്‍ മാത്രമേ ഇന്ന് ലഭ്യമായിട്ടുള്ളു.
(സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യം അളക്കാനുള്ള നൂതനാത്മക മാര്‍ഗം-അടുത്ത ലക്കത്തില്‍)