
കൊച്ചി വെള്ളത്തിനടിയിലാകും, സൂക്ഷിച്ചോളൂ...
കേരളത്തിലുണ്ടാകുന്ന വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഉഷ്ണതരംഗം തുടങ്ങിയവയുമായി ചേര്‍ത്ത് വായിക്കണം ഗ്ലാസ്ഗോയിലെ യുഎന്‍ ക്ലൈമറ്റ് ഉച്ചകോടിയും ഐപിസിസി റിപ്പോര്‍ട്ടുമെല്ലാം
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ കേരളത്തിലുണ്ടാകുന്ന വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഉഷ്ണതരംഗം തുടങ്ങിയവയുമായി ചേര്‍ത്ത് വായിക്കണം ഗ്ലാസ്ഗോയിലെ യുഎന്‍ ക്ലൈമറ്റ് ഉച്ചകോടിയും ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ഐപിസിസി റിപ്പോര്‍ട്ടുമെല്ലാം
പണ്ട് മുതലേ നമുക്കറിയുന്ന ഒരു മിത്ത്, അല്ലെങ്കില്‍ കെട്ടുകഥയുണ്ട്...പുലി വരുന്നേ പുലി...അവസാനം പുലി വന്നപ്പോള്‍ രക്ഷയ്ക്ക് ഒന്നുമില്ലാതായി. അതുപോലെ തന്നെയാണ് കാലാവസ്ഥ വ്യതിയാനത്തിന്റെ കാര്യവും. ആഗോള താപനമെന്നും കാലാവസ്ഥാ വ്യതിയാനമെന്നുമെല്ലാം ശാസ്ത്രജ്ഞര്‍ ആവോളം മുന്നറിയിപ്പ് നല്‍കിയപ്പോഴൊന്നും നമ്മള് മലയാളികള്‍ മൈന്‍ഡ് ചെയ്തില്ല...ഒടുവില്‍ പുലി എത്തിത്തുടങ്ങി കേട്ടോ...
വിഡിയോ കാണാം
2016 ലെ വരള്‍ച്ചയും ഉഷ്ണതരംഗവും, 2017 ലെ ഓഖി ചുഴലിക്കാറ്റ്, 2018 ലും 2019 ലുമെത്തിയ അതിതീവ്ര മഴയും പ്രളയവും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും, 2021ലും ആവര്‍ത്തിക്കപ്പെട്ട ഉരുള്‍പൊട്ടലും അതിതീവ്രമഴയും...കേരളം അത്ര കണ്ടുശീലിച്ചിട്ടില്ലാത്ത ഈ പ്രതിഭാസങ്ങളെല്ലാം പുലിയിറങ്ങിയതിന്റെ സൂചന ആയിരുന്നു. ഇതിനോട് ചേര്‍ത്ത് വായിക്കണം ഐക്യരാഷ്ട്രസഭ നിയോഗിച്ച ഇന്റര്‍ ഗവണ്മെന്റല് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റെ(ഐപിസിസി) പഠന റിപ്പോര്‍ട്ടും.
കാലം തെറ്റി പെയ്യുന്ന മഴയും നിനച്ചിരിക്കാതെ വരുന്ന പ്രളയവും ഭൂമി വരെയും വിണ്ടു കീറുന്ന കൊടും വരള്‍ച്ചയും എല്ലാം തകര്‍ത്തെറിഞ്ഞു കളയുന്ന ചുഴലിക്കാറ്റും നമ്മുടെ വീട്ടുമുറ്റത്തും എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്കുന്ന സൂചന. അതെ, നമ്മുടെ തലയ്ക്ക് മുകളിലും ഒരു ചുവന്ന മുന്നറിയിപ്പ് ബോര്‍ഡ് വച്ചു കഴിഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രളയവും കാട്ടുതീയും തുള്ളി വെള്ളം പോലും കിട്ടാനില്ലാത്ത തരത്തില്‍ വരള്‍ച്ചയുമെല്ലാം ഉണ്ടാകുമ്പോഴും പലപ്പോഴും നമ്മുടെ ചിന്ത അത് ദൂരെയല്ലേ, നമ്മളെ അത് ബാധിക്കുന്നില്ലല്ലോ എന്നാണ്. പക്ഷേ കേരളത്തില്‍ കഴിഞ്ഞ 2018-19 വര്‍ഷങ്ങളില്‍ ഉണ്ടായ മഹാപ്രളയത്തിന്റെ ദുരിതം അനുഭവിച്ചവര്‍ക്ക് അതൊന്നും അത്ര എളുപ്പം മറക്കാനാവില്ല. കാരണം, ഒരു ദുരന്തം കണ്മുന്നില് വന്നവര്‍ക്കേ അതിന്റെ ആഴവും പരപ്പും മനസ്സിലാവുകയുള്ളൂ. ദുരന്തത്തില്‍ തന്റെ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവര്‍ക്കേ അതിന്റെ ആഘാതം അറിയാനാകൂ. അതുപോലെ ഒന്ന് ഇനിയും വരരുതേ എന്ന് മനസ്സുരുകി അവര്‍ പ്രാര്‍ഥിച്ചുപോകും. കേരളം കണ്ടതില്‍ വച്ച് ഉണ്ടായ ഏറ്റവും വലിയ വിപത്തായ മഹാപ്രളയം പോലെ ഒന്ന് ഇനിയും ഉണ്ടായാല്‍ അത് താങ്ങാന്‍ ആര്‍ക്കും കഴിയില്ല. പക്ഷേ ഇനിയും ഇതല്ല, ഇതിലും വലിയ ദുരന്തങ്ങളും ദുരിതങ്ങളും നമ്മെ തേടിയെത്തുമെന്ന മുന്നറിയിപ്പാണ് ഗവേഷകര്‍ നല്‍കുന്നത്.
പതിയിരിക്കുന്ന അപകടങ്ങള്‍
വരും ദശകങ്ങളില്‍ ആഗോളതാപന വര്‍ദ്ധന വിചാരിക്കുന്ന പോലെ പിടിച്ചു നിര്‍ത്താന്‍ കഴിയാതെ വരുമെന്നാണ് ഐപിസിസി നടത്തിയ പഠനത്തില്‍ പറയുന്നത്. 2040 ആകുമ്പോഴേക്ക് ആഗോളതാപനിലയിലെ വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസിനു താഴെയാക്കി നിര്‍ത്താനാകുമെന്നത് ലക്ഷ്യം കാണില്ലെന്നാണ് ഐപിസിസി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
2100 ആകുമ്പോഴേക്ക് ആഗോള താപനിലയില്‍ 2 ശതമാനത്തിലധികം വര്‍ധന വരുമെന്ന ആശങ്കയാണ് റിപ്പോര്‍ട്ട് പങ്കുവയ്ക്കുന്നത്. ഏഷ്യയിലും ഇന്ത്യയിലും 2030ന് ശേഷമുള്ള വരും ദശകങ്ങളില്‍ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും അതിന്റെ അപകടങ്ങളെക്കുറിച്ചും നിരന്തരം പഠിക്കാനായുള്ള യുണൈറ്റഡ് നേഷന്‍സിന്റെ സംഘമാണ് ഇന്റര്ഗവണ്മെന്റല് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്. 'ക്ലൈമറ്റ് ചേഞ്ച് 2021: ദി ഫിസിക്കല്‍ സയന്‍സ് ബേസിസ്' എന്ന ഐപിസിസിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്.
കാലാവസ്ഥ നമ്മള് കരുതുന്നതിലും വേഗത്തിലാണ് മാറുന്നതെന്നും അപായ സൂചനയുടെ ഓര്‍മപ്പെടുത്തലായി ഇത് കാണണമെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. വ്യവസായ ശൃംഖലകള്‍ ഇത്രയേറെ വര്‍ദ്ധിക്കുന്നതിനു മുന്‍പുള്ള കാലഘട്ടത്തില്‍ ഇത്രയേറെ താപനം കൂടിയിരുന്നില്ല. പക്ഷേ വ്യവസായങ്ങളും നാടും സാങ്കേതിക വിദ്യകളും പുരോഗമിച്ചതോടെ കാര്‍ബണ്‍ പുന്തള്ളലും കൂടി. ഇത് ആഗോളതാപനത്തിന് ആക്കം കൂട്ടി. 2015ല്‍ നടന്ന പാരിസ് കരാറിലെ പ്രധാന ഉദ്ദേശ്യം തന്നെ കാലാവസ്ഥാ വ്യതിയാനത്തിന് എതിരെ പോരാടുക എന്നതായിരുന്നു. താപനിലയിലെ വര്‍ധന 2 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാതെ നിര്‍ത്തുക എന്നത് പ്രധാന അജണ്ടകളിലൊന്നായിരുന്നു. പക്ഷേ ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ അതിന് അധികം കാലതാമസം ഉണ്ടാകില്ലെന്നാണ് പറയുന്നത്.
കൊടും തണുപ്പുള്ള സ്ഥലങ്ങളില്‍ പോലും ഇപ്പോള്‍ അത്ര ശൈത്യം അനുഭവപ്പെടാത്തത് ഈ മാറ്റങ്ങളുടെ സൂചന തന്നെയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരളത്തില്‍ ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നായ വയനാട്ടില്‍ പോലും തണുപ്പ് കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ടുണ്ട്
നിലവിലെ റിപ്പോര്‍ട്ട് പ്രകാരം പറഞ്ഞാല്‍ 80 വര്‍ഷത്തോളം സമയം മാത്രം! രണ്ട് ഡിഗ്രി സെല്‍ഷ്യസിലധികം വര്‍ധന വന്നാല്‍ തിരിച്ച് പിടിക്കാന്‍ കഴിയാത്ത വിധമുള്ള മാറ്റങ്ങള്‍ക്ക് ഭൂമി വിധേയമാകും. വലിയ വിപത്തുകളും പിന്നാലെ വരും. മനുഷ്യ രാശിക്കും മറ്റ് എല്ലാ ജീവജാലങ്ങള്‍ക്കും നിലനില്ക്കാന് കഴിയാത്ത തരത്തിലുള്ള അന്തരീക്ഷമായി ഇവിടം മാറും. ഇതെല്ലാം ഏതെങ്കിലും സയന്‍സ് ഫിക്ഷന്‍ സിനിമ കഥയല്ല, സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞര്‍ നല്കുന്ന മുന്നറിയിപ്പാണ്.
ഇന്ത്യയിലും പൊള്ളും
ഇന്ത്യയിലെ സ്ഥിതിയും വലിയ പ്രതീക്ഷ നല്കുന്നതൊന്നുമല്ല. ഉഷ്ണക്കാറ്റും പുഴുങ്ങുന്ന പോലുള്ള ചൂടുമെല്ലാം 21-ാം നൂറ്റാണ്ടില്‍, കൂടി വരുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഉത്തരേന്ത്യയില്‍ എല്ലാ വര്‍ഷവും അത്യുഷ്ണം മൂലം നിരവധി പേര് മരിച്ചു വീഴുന്നത് ഈ അവസരത്തില്‍ മറക്കരുത്. കാലം ഇങ്ങനെ മുന്നോട്ട് പോയാല്‍ ഇതിന്റെ ആഘാതം കൂടുമെന്നാണ് വിലയിരുത്തല്‍. അതിശൈത്യം കുറഞ്ഞ് അതി കഠിന ചൂടാണ് വരും വര്‍ഷങ്ങളില്‍ നമ്മെ കാത്തിരിക്കുന്നത്.
കൊടും തണുപ്പുള്ള സ്ഥലങ്ങളില്‍ പോലും ഇപ്പോള്‍ അത്ര ശൈത്യം അനുഭവപ്പെടാത്തത് ഈ മാറ്റങ്ങളുടെ സൂചന തന്നെയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരളത്തില്‍ ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നായ വയനാട്ടില്‍ പോലും തണുപ്പ് കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ടുണ്ട്. വരും വര്ഷങ്ങളിലൂം ഈ പ്രതിഭാസം തുടരുമെന്ന് തന്നെയാണ് സൂചന.
2030കളില്‍ തന്നെ താപനിലയില്‍ 1.5 ഡിഗ്രി സെല്‍ഷ്യസിലധികം വര്‍ധന വരുമെന്നാണ് കാലവസ്ഥാ വിദഗ്ധരുടെ കണക്കുകൂട്ടല്‍. മനുഷ്യര്‍ മൂലണ്ടാകുന്ന അന്തരീക്ഷത്തിലെ മാറ്റങ്ങളാണ് ആഗോള താപനം അതിവേഗമാക്കുന്നത്. അതിരൂക്ഷമായ കാലാവസ്ഥാ പ്രതിസന്ധി വരും വര്‍ഷങ്ങളില്‍ അനുഭവപ്പെടുമ്പോഴും പ്രകൃതിയുടെ കലിതുള്ളിയുള്ള രൗദ്രഭാവം കാണുമ്പോഴും മറ്റ് എങ്ങും പോയി രക്ഷപ്പെടാനാവാത്ത വിധം ഭൂമിയില്‍ മാത്രമേ നമുക്ക് അഭയമുള്ളൂവെന്നും ഓര്‍മിക്കണമെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ 234 ശാസ്ത്രജ്ഞരുടെ സംഘം പറയുന്നു.
എത്രയും വേഗത്തില്‍ താപനം കുറച്ച് വര്‍ധനയുടെ തോത് 1.5 ഡിഗ്രി സെല്‍ഷ്യസില്‍ താഴേക്ക് എത്തിച്ചില്ലെങ്കില്‍ അതിഭയാനകമായ കാലാവസ്ഥാ മാറ്റങ്ങളും പ്രകൃതി ക്ഷോഭങ്ങളും നേരിടേണ്ടി വരുമെന്ന് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ കാലാവസ്ഥാ വ്യതിയാന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അസോസിയേറ്റ് ഡയറക്ടറും റിപ്പോര്‍ട്ടിന്റെ ലേഖകരികളില് ഒരാളുമായ ഡോ. ഫ്രിഡറികെ ഓട്ടോ പറഞ്ഞത്.
നമ്മളാണ് കുറ്റക്കാര്‍
എയ്റോസോള്‍ (aerosol) എന്നറിയപ്പെടുന്ന ഖര-ദ്രാവക രൂപത്തിലുള്ള സൂക്ഷമകണികകള്‍ തങ്ങി നില്ക്കുന്ന വാതകങ്ങളുണ്ട്. സ്വാഭാവികമല്ലാത്ത ഇത്തരം എയ്റോസോളുകള്‍ക്ക് ആഗോള താപനത്തില്‍ വലിയ പങ്കുണ്ട്. ഇത് താപനം കൂടാനും മഴയുടെ താളം തെറ്റിക്കാനും ഒരു തരത്തില്‍ കാരണമാണ്. ഏഷ്യയുടെ തെക്ക് ഭാഗത്തും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും കുറച്ച് നാളുകളായി കാലവര്‍ഷം നേരത്തെ എത്തുന്നുണ്ട്.
കാലവര്‍ഷം മാത്രമല്ല, തുലാവര്‍ഷവും കാലം തെറ്റി വന്നുതുടങ്ങി. ഇനിയും ഇത് തുടരുമെന്നും ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇതിലും നേരത്തെ കാലവര്‍ഷം പ്രതീക്ഷിക്കാമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. മനുഷ്യരാകെ ആഗോളതാപനത്തിനും കാലാവസ്ഥാ മാറ്റങ്ങള്‍ക്കും ഉത്തരവാദികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മറ്റു സമുദ്രങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ താപന നിരക്കും വളരെ വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് മറ്റ് മേഖലകളെയും സാരമായി ബാധിക്കുമെന്ന് പുനെ ആസ്ഥാനമായുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപിക്കല്‍ മീറ്ററോളജിയിലെ ഡോ. സ്വപ്ന പണിക്കല്‍ പറയുന്നു. കടലിന്റെ അതിരൂക്ഷ ഭാവങ്ങള്‍ പണ്ട് 100 വര്‍ഷത്തിലൊരിക്കലാണ് കണ്ടിരുന്നതെങ്കില്‍ ഇപ്പോഴത് മിക്ക വര്‍ഷങ്ങളിലും കാണപ്പെടുന്നുണ്ടെന്നും ഡോ. സ്വപ്ന കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ഓരോ 10 വര്‍ഷം കൂടുമ്പോഴും 17 മീറ്റര്‍ വീതം കടല്‍ കരയിലേക്ക് കയറാന്‍ സാധ്യത കണക്കാക്കുന്നുണ്ട്. ഇത്തവണയും നമ്മുടെ കേരളത്തിലെ കടലോര മേഖലകളില്‍ കടല്‍ കരയിലേക്ക് കയറി നിരവധി വീടുകളും മറ്റും നശിച്ചത് മറന്നുകാണില്ലല്ലോ.
കടലോളമുണ്ട് കരുതാന്‍
കാര്‍ബണ്‍ നിര്‍ഗമനം കുറഞ്ഞില്ലെങ്കില്‍ 2100 ആകുമ്പോഴേക്ക് 40 സെന്റീമീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെ സമുദ്രത്തിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. മാത്രമല്ല, ചൂട് മൂലം മഞ്ഞ് ഉരുകുന്നതും ജലനിരപ്പ് കൂടാന്‍ കാരണമാകും. ഇതിന്റെ അളവ് എത്രയായിരിക്കും എന്ന് ശരിയായി തിട്ടപ്പെടുത്താനായിട്ടില്ല. അതുകൊണ്ട് മഞ്ഞുരുകി എത്ര ജലം കൂടി സമുദ്രത്തിലെത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഒരു മീറ്ററിലും മുകളിലേക്ക് എത്ര പോകും എന്നത്.
ഇങ്ങനെ സമുദ്രനിരപ്പ് ഉയരുന്നത് ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്ക് ഭീഷണിയാണ്. ഇന്ത്യയില്‍ 7,517 കിലോമീറ്റര്‍ തീരപ്രദേശമുണ്ട്. കൊച്ചി, ചെന്നൈ, മുംബൈ, വിശാഖപട്ടണം, സൂറത്ത് തുടങ്ങിയ ആറ് തുറമുഖ നഗരങ്ങള്‍ക്ക് ഇത് വളരെയേറെ ദോഷകരമാണ്. 50 സെന്റിമീറ്റര്‍ തന്നെ കടലിലെ ജലനിരപ്പ് ഉയര്‍ന്നാല്‍ തീരദേശത്ത് പ്രളയമുണ്ടാകും. ഈ മേഖലയില്‍ താമസിക്കുന്ന മത്സ്യതൊളിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ നഷ്ടം സംഭവിക്കും. കടല്‍നിരപ്പ് അരയടി മുതല്‍ 2.7 അടി വരെ ഉയര്‍ന്നാല്‍ കൊച്ചി ഉള്‍പ്പടെ ഇന്ത്യയിലെ 12 നഗരങ്ങള്‍ വെള്ളത്തിലാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
ആഗോളതാപനം വര്‍ധിക്കുന്നതിലൂടെ ഉത്തരധ്രുവത്തിലെയും മറ്റ് പ്രദേശങ്ങളിലെയും മഞ്ഞുരുകി കടല്‍നിരപ്പ് ഉയരുന്നതും കടലിലെ താപനില വര്‍ധിക്കുന്നതും കടല്‍ കരയിലേക്ക് കയറാനുള്ള സാധ്യത കൂട്ടുമെന്ന് ഐപിസിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ ഓരോ പത്തുവര്‍ഷം കൂടുമ്പോഴും 17 മീറ്റര്‍ വീതം കടല്‍ കരയിലേക്ക് കയറാമെന്നാണ് വിലയിരുത്തല്‍.
ആഗോളതാപനം വര്‍ധിക്കുന്നതിലൂടെ ഉത്തരധ്രുവത്തിലെയും മറ്റ് പ്രദേശങ്ങളിലെയും മഞ്ഞുരുകി കടല്‍നിരപ്പ് ഉയരുന്നതും കടലിലെ താപനില വര്‍ധിക്കുന്നതും കടല്‍ കരയിലേക്ക് കയറാനുള്ള സാധ്യത കൂട്ടുമെന്ന് ഐപിസിസി റിപ്പോര്‍ട്ടില്‍ പറയുന്നു
കടലോര മേഖലകളില്‍ കടല്‍ ക്ഷോഭം രൂക്ഷമായാലും അതിശക്തമായ മഴ പെയ്തിറങ്ങിയാലും അത് താഴ്ന്ന പ്രദേശങ്ങളെ സാരമായി ബാധിക്കും. നാട്ടിന്പുറങ്ങളെക്കാള് ചൂട് കൂടുതല്‍ അനുഭവപ്പെടുന്ന നഗരങ്ങളില്‍ അമിത ഉഷ്ണവും പ്രളയവും എല്ലാം കാത്തിരിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യ ലോകത്തിലെ ഹരിതഗൃഹവാതക ബഹിര്‍ഗമനത്തില്‍ നാലാം സ്ഥാനത്താണ്. കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ തെക്കന്‍ ഭാഗങ്ങളില്‍ കൂടുതല്‍ മഴ പ്രവചിക്കുന്നുണ്ട്.
വിവിധ കാലാവസ്ഥകള്‍ ഉള്ള രാജ്യമാണ് ഇന്ത്യ. അതിശൈത്യവും അത്യുഷ്ണവും എല്ലാം ഉള്‍കൊള്ളുന്ന നാട്. ഏത് കാലാവസ്ഥയും വഴങ്ങുന്ന നാടായതുകൊണ്ട് തന്നെ ഏത് തരത്തിലുള്ള കാലാവസ്ഥാ മാറ്റങ്ങള്‍ ഉണ്ടായാലും നമ്മെ ബാധിക്കും. തീവ്രമായ ഏത് പ്രകൃതി ക്ഷോഭങ്ങളും അവയുടെ അനന്തരഫലവും നാം അനുഭവിക്കേണ്ടി വരും. ഇപ്പോള്‍ മുതല്‍ അതുകൊണ്ട് കരുതലോടെയിരിക്കാം. ഭൂമിക്ക് കാവലായില്ലെങ്കിലും കാലനാവാതിരിക്കാന്.