Mar 3 • 13M

ഭൂമിയില്‍ ആദ്യ ജീവന്‍ എങ്ങനെ ഉണ്ടായി, ഡാര്‍വിന്‍ അതും പറഞ്ഞിരുന്നു

ഒരാളുടെ യാത്ര കൊണ്ട് ലോകത്തിന്റെ മുഴുവന്‍ കാഴ്ചപ്പാട് മാറിമറിയുക എന്നത് ചരിത്രത്തിലെ വളരെ അപൂര്‍വ്വം സംഭവങ്ങളില്‍ ഒന്നായിരിക്കും

4
1
 
1.0×
0:00
-12:56
Open in playerListen on);
Episode details
1 comment

സുഹൃത്തിന് അയച്ച ചില കത്തുകളില്‍ എങ്ങനെ ആയിരിക്കും ഭൂമിയില്‍ ആദ്യമായി ജീവന്‍ രൂപപ്പെട്ടിരിക്കുകയെന്ന് ചാള്‍സ് ഡാര്‍വിന്‍ ധൃതിയില്‍ പറഞ്ഞുപോകുന്നുണ്ട്. ഡാര്‍വിന്റെ ആ നിരീക്ഷണങ്ങള്‍ ശരിയായിരിക്കാം എന്നാണ് കരുതപ്പെടുന്നത്


ചില യാത്രകള്‍ ആളുകളുടെ ജീവിതത്തെ മാറ്റിമറിക്കും. പക്ഷേ ഒരാളുടെ യാത്ര കൊണ്ട് ലോകത്തിന്റെ മുഴുവന്‍ കാഴ്ചപ്പാട് മാറിമറിയുക എന്നത് ചരിത്രത്തിലെ വളരെ അപൂര്‍വ്വം സംഭവങ്ങളില്‍ ഒന്നായിരിക്കും. അങ്ങനെ ലോകത്തെ മുഴുവന്‍ ഞെട്ടിച്ച ഒരു യാത്ര ചരിത്രത്തില്‍ സുവര്‍ണ്ണലിപികളില്‍ എഴുതപ്പെട്ടിട്ടുണ്ട്. ഇന്നും ആ യാത്രയോളം മികച്ച മറ്റൊരു യാത്ര ലോകത്ത് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ഏതായിരുന്നു ആ യാത്ര, ആരായിരുന്നു ആ യാത്രികന്‍, എന്തായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍? ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കിട്ടിയില്ലെങ്കിലും എച്ച്എംഎസ് ബീഗിള്‍ എന്ന യാത്രാവാഹിനിയുടെ പേര് ഒന്ന് മാത്രം മതി ആ മൂന്ന് ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍.

പരിണാമ സിദ്ധാന്തത്തിന്റെ പിതാവ് ചാള്‍സ് ഡാര്‍വിനെ ലോകമറിഞ്ഞത് അഞ്ച് വര്‍ഷം നീണ്ടുനിന്ന യാത്രയില്‍ അദ്ദേഹം കണ്ടെത്തിയ കാര്യങ്ങളിലൂടെയാണ്. മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ഒരു പൊതു പൂര്‍വ്വികന്‍ (common ancestor) ഉണ്ടെന്ന ഡാര്‍വിന്റെ കണ്ടെത്തല്‍ മതവിശ്വാസികളായ അന്നത്തെ വിക്ടോറിയന്‍ സമൂഹത്തെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. പക്ഷേ വിദ്യാഭ്യാസ സമ്പന്നരായ ശാസ്ത്രസമൂഹം അദ്ദേഹത്തിന്റെ മതാധിഷ്ഠിതമല്ലാത്ത ജീവശാസ്ത്രസിദ്ധാന്തങ്ങളെ ഏറ്റെടുത്തു. എഴുപത്തിമൂന്നാം വയസ്സില്‍ ഡാര്‍വിന്‍ മരിക്കുമ്പോള്‍ ശാസ്ത്രം, സാഹിത്യം, രാഷ്ട്രീയം തുടങ്ങി സമസ്ത മേഖലകളിലും അദ്ദേഹത്തിന്റെ പരിണാമ സിദ്ധാന്തം വലിയ ഓളങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ഡോക്ടറാകാന്‍ പോയി ശസ്ത്രക്രിയ കണ്ട് ഭയന്നു

1809 ഫെബ്രുവരി 12ന് ഇംഗ്ലണ്ടിലെ ഷ്രൂസ്‌ബെറിയിലാണ് ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന്‍ ജനിക്കുന്നത്. പിതാവ് റോബര്‍ട്ട് വാറിംഗ് ഡാര്‍വിന്‍ ഡോക്ടറായിരുന്നു. എട്ടാം വയസ്സില്‍ ഡാര്‍വിന് തന്റെ മാതാവിനെ നഷ്ടമായി. പിന്നീട് മൂന്ന് സഹോദരിമാര്‍ ചേര്‍ന്നാണ് ഡാര്‍വിനെ വളര്‍ത്തിയത്. ചെറുപ്രായത്തിലേ പ്രകൃതി നിരീക്ഷണത്തില്‍ തല്‍പ്പരനായിരുന്നു ഡാര്‍വിന്‍. ഒഴിവുസമയങ്ങളില്‍ പ്രകൃതിയെ കുറിച്ചുള്ള പുസ്തകങ്ങള്‍ വായിക്കുകയും വീടിന് ചുറ്റുമുള്ള മരക്കൂട്ടങ്ങള്‍ക്കിടയില്‍ നടക്കുകയും സസ്യങ്ങളെയും പ്രാണികളെയും ശേഖരിക്കുകയുമെല്ലാം അദ്ദേഹത്തിന്റെ ഹോബിയായിരുന്നു.


തിയോളജിയില്‍ ബിരുദമെടുത്തെങ്കിലും ഡാര്‍വിന്‍ വൈദികനാകാന്‍ പോയില്ല


മകനെ ഡോക്ടറായി കാണാനായിരുന്നു പിതാവ് റോബര്‍ട്ട് വാറിംഗ് ആഗ്രഹിച്ചിരുന്നത്. അങ്ങനെ 1825ല്‍ പതിനാറാം വയസില്‍ ഡാര്‍വിന്‍ വൈദ്യപഠനത്തിനായി സ്‌കോട്ട്‌ലന്‍ഡിലെ ഈഡന്‍ബര്‍ഗ് സര്‍വ്വകലാശാലയില്‍ എത്തി. അക്കാലത്ത് ശസ്ത്രക്രിയകളില്‍ അനസ്‌തേഷ്യയോ ആന്റിസെപ്റ്റിക്കുകളോ ഉപയോഗിച്ചിരുന്നില്ല. പഠനത്തിന്റെ ഭാഗമായി ശസ്ത്രക്രിയ നേരില്‍ കണ്ട ഡാര്‍വിന് വൈദ്യപഠനത്തില്‍ നിന്നും പിന്തിരിയേണ്ടി വന്നു. പക്ഷേ ഈഡന്‍ബര്‍ഗ് ജീവിതവും അവിടുത്തെ മ്യൂസിയവുമെല്ലാം ഡാര്‍വിനിലെ പ്രകൃതിസ്‌നേഹിയെ ജീവശാസ്ത്രത്തോട് കൂടുതല്‍ അടുപ്പിച്ചു. സസ്യങ്ങളെയും ജന്തുക്കളെയും വര്‍ഗ്ഗീകരിക്കാനും സാംപിളുകള്‍ ശേഖരിച്ച് സൂക്ഷിക്കാനുമെല്ലാം അദ്ദേഹം ആദ്യമായി പഠിക്കുന്നത് ഇവിടെ വെച്ചാണ്.

എച്ച്എംഎസ് ബീഗിളിലെ യാത്ര

മകന് വൈദ്യശാസ്ത്രത്തില്‍ താല്‍പ്പര്യമില്ലെന്ന് മനസിലാക്കിയ പിതാവ് തിയോളജി പഠിക്കാന്‍ ഡാര്‍വിനെ കേംബ്രിജിലെ ക്രൈസ്റ്റ് കോളെജിലേക്ക് മാറ്റി. അവിടെ കുതിരസവാരിയും ഷൂട്ടിംഗും വണ്ടുകളെ (beetle) പിടിത്തവുമായി കോളെജ് ജീവിതം ആസ്വദിച്ച് 1831ല്‍ പത്താം റാങ്കോടെ ഡാര്‍വിന്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി. ഇക്കാലയളവില്‍ ജന്തു, സസ്യ ശാസ്ത്രശാഖകളെ അടുത്തറിയാന്‍ ഡാര്‍വിന് സാധിച്ചു.

തിയോളജിയില്‍ ബിരുദമെടുത്തെങ്കിലും ഡാര്‍വിന്‍ വൈദികനാകാന്‍ പോയില്ല. അതേസമയം 1831ല്‍ എച്ച്എംഎസ് ബീഗിള്‍ എന്ന ബ്രിട്ടീഷ് റോയല്‍ നേവിയുടെ കപ്പലില്‍ അഞ്ച് വര്‍ഷത്തേക്ക് യാത്ര പോകാന്‍ ഒരു അവസരം കൈവന്നപ്പോള്‍ അദ്ദേഹം ഇരുകയ്യും നീട്ടി ആ ഓഫര്‍ സ്വീകരിച്ചു. കേംബ്രിജില്‍ അദ്ദേഹത്തെ പഠിപ്പിച്ചിരുന്ന ഒരു പ്രഫസറാണ് കപ്പലില്‍ നാച്ചുറലിസ്റ്റ് എന്ന പദവിയില്‍ ക്യാപ്റ്റന് കൂട്ടായി യാത്രയില്‍ അകമ്പടി സേവിക്കാന്‍ അവസരമുണ്ടെന്ന് ഡാര്‍വിനെ അറിയിക്കുന്നത്. ഈ യാത്ര ഡാര്‍വിന്റെ ജീവിതത്തെ മാത്രമല്ല, അക്കാലത്തെ പാശ്ചാത്യ ശാസ്ത്ര ചിന്താരീതിയെയും മാറ്റിമറിച്ചു. ഡാര്‍വിന്റെ ഇരുപത്തിരണ്ടാം വയസില്‍ ആയിരുന്നു ആ യാത്ര.

തെക്കേ അമേരിക്കയുടെ തീരമേഖലയുടെ സര്‍വ്വേ ആയിരുന്നു എച്ച്എംഎസ് ബീഗിളിന്റെ യാത്രയുടെ ലക്ഷ്യം. അതേസമയം ഡാര്‍വിന്റെ സിദ്ധാന്തങ്ങള്‍ക്കും പരിണാമം സംബന്ധിച്ച പുതിയ ലോകവീക്ഷണങ്ങള്‍ക്കും ആ യാത്ര നിമിത്തമായി. യാത്രയില്‍ ഉടനീളം സഞ്ചരിക്കുന്ന ഇടങ്ങളില്‍ നിന്നുള്ള സസ്യങ്ങളുടെയും ജന്തുക്കളുടെയും പാറകളുടെയും ഫോസിലുകളുടെയും സാംപിളുകള്‍ ശേഖരിക്കുന്നതില്‍ വ്യാപൃതനായിരുന്നു ഡാര്‍വിന്‍. ബ്രസീല്‍, അര്‍ജന്റീന, ചിലി, ഗാലപ്പഗോസ് പോലുള്ള ആള്‍താമസമില്ലാത്ത ദ്വീപുകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം അദ്ദേഹം സാംപിളുകള്‍ ശേഖരിച്ചു. 1836ല്‍ യാത്ര കഴിഞ്ഞ് ഡാര്‍വിന്‍ ഇംഗ്ലണ്ടില്‍ മടങ്ങിയെത്തി. കേവലമൊരു ബിരുദധാരിയായി മാത്രം യാത്ര പുറപ്പെട്ട ഡാര്‍വിന്‍ അഞ്ച് വര്‍ഷം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ അറിയപ്പെടുന്ന ഒരു ശാസ്ത്രജ്ഞനായി മാറിയിരുന്നു.

പരിണാമ സിദ്ധാന്തം

യാത്രയ്ക്കിടെ ശേഖരിച്ച സാംപിളുകള്‍ പഠനവിധേയമാക്കിയ ഡാര്‍വിന്‍ ലോകത്തെ വിസ്മയിപ്പിച്ച പല കണ്ടെത്തലുകളും നടത്തി. സാംപിളുകളും ഫോസിലുകളും പഠനവിധേയമാക്കിയതില്‍ നിന്നും കാലാന്തരത്തില്‍ സസ്യ-ജന്തു വിഭാഗങ്ങളില്‍ എങ്ങനെ മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്ന ചോദ്യം ഡാര്‍വിന്റെ മനസ്സില്‍ ഉയര്‍ന്നു. പിന്നീട് ഡാര്‍വിന്റെ പേരിനോട് ചേര്‍ത്ത് വായിച്ച പ്രകൃതിനിര്‍ദ്ധാരണം അഥവാ നാച്ചുറല്‍ സെലക്ഷന്‍ എന്ന ആശയം അദ്ദേഹത്തില്‍ ഉടലെടുത്തത് അന്നാണ്. ഒരു പരിതസ്ഥിതിയോട് ഏറ്റവും ഇണങ്ങി ജീവിക്കാന്‍ സാധിക്കുന്ന സസ്യ, ജന്തു വിഭാഗങ്ങള്‍ അതിജീവിക്കുന്നു ( (survival of the fittest). പ്രത്യേക പരിതസ്ഥിതിയില്‍ ജീവിക്കുന്നതിന് ഏറ്റവും മികച്ച സ്വഭാവ സവിശേഷതകള്‍ അവരിലൂടെ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുമെന്നാണ് ഇതിലൂടെ ഡാര്‍വിന്‍ സമര്‍ത്ഥിച്ചത്. ഇങ്ങനെ നാച്ചുറല്‍ സെലക്ഷനിലൂടെ അത്തരം സ്വഭാവസവിശേഷതകള്‍ പിന്നീടുള്ള തലമുറകളില്‍ വ്യാപകമായി കാണപ്പെടുകയും ക്രമേണ പുതിയൊരു വര്‍ഗം(species) തന്നെ ഉടലെടുക്കുകയും ചെയ്യും. ഭൂമിയില്‍ ഇത്രയധികം വൈവിധ്യാത്മകവും സങ്കീര്‍ണ്ണവുമായ ജീവജാലങ്ങള്‍ ഉള്ളതിന് ഇന്നുവരെയുള്ളതില്‍ ഏറ്റവും മികച്ച, തെളിവുകളില്‍ അധിഷ്ഠിതമായ വിശദീകരണമായി ശാസ്ത്രലോകം അംഗീകരിച്ചിട്ടുള്ള ഒന്നാണ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം.

ഭയത്താല്‍ മൂടിവെക്കപ്പെട്ട ശാസ്ത്രസത്യങ്ങള്‍

തന്റെ വിപ്ലവാത്മക ആശയങ്ങളെ സമൂഹം, പ്രത്യേകിച്ച് വിശ്വാസി സമൂഹം ശക്തമായി എതിര്‍ക്കുമെന്ന് ഡാര്‍വിന് ഉറപ്പുണ്ടായിരുന്നു. അതിനാല്‍ തന്നെ ഗവേഷണങ്ങള്‍ പൂര്‍ത്തീകരിച്ച് ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹമവ പ്രസിദ്ധീകരിച്ചില്ല. അക്കാലത്ത് നിലനിന്നിരുന്ന മതവിശ്വാസങ്ങളെ വെല്ലുവിളിക്കുന്നവ ആയതിനാല്‍ തന്റെ പരിണാമ സിദ്ധാന്തം സമൂഹം എത്തരത്തിലാണ് സ്വീകരിക്കുകയെന്ന ഭയമായിരുന്നു ഡാര്‍വിന്.  ഇക്കാലമത്രെയും അദ്ദേഹം തന്റെ സിദ്ധാന്തത്തെ പിന്താങ്ങുന്ന കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് കൊണ്ടിരുന്നു.

അതേസമയം ആല്‍ഫ്രഡ് റസ്സല്‍ വാലേയ്‌സ് എന്ന മറ്റൊരു പ്രകൃതി ശാസ്ത്രജ്ഞനും തന്റെ കണ്ടെത്തലുകള്‍ക്ക് സമാനമായ നിരീക്ഷണങ്ങള്‍ നടത്തിയതായി ഡാര്‍വിന്‍ അറിഞ്ഞു. അങ്ങനെ സുഹൃത്തുക്കളുടെ നിര്‍ദ്ദേശത്താല്‍ ലണ്ടനിലെ ലിന്നിയന്‍ സൊസൈറ്റിയില്‍ അവര്‍ തങ്ങളുടെ കണ്ടെത്തലുകള്‍ സംയുക്തമായി പ്രഖ്യാപിച്ചു.  അടുത്ത വര്‍ഷം ഡാര്‍വിന്റെ ഏറ്റവും ആഘോഷിക്കപ്പെട്ട രചനയായ 'On the Origin of Species'  പ്രസിദ്ധീകൃതമായി.

മനുഷ്യന്‍ സൃഷ്ടാവിന്റെ മഹദ്‌സൃഷ്ടിയാണെന്ന് വിശ്വാസത്തെ വെല്ലുവിളിച്ച ഈ രചന ഇംഗ്ലണ്ടിലെ വിശ്വാസി സമൂഹത്തെ ചൊടിപ്പിച്ചു. അതേസമയം അത്തരം വിവാദങ്ങള്‍ക്കിടയിലും പുസ്തകം ചൂടപ്പം പോലെ വിറ്റുപോയി. മനുഷ്യനും കുരങ്ങന്മാര്‍ക്കും ഒരു പൊതു പൂര്‍വ്വികന്‍ ഉണ്ടെന്ന് അഭിപ്രായപ്പെടുന്ന ഡാര്‍വിന്റെ 'The Descent of Man, and Selection in Relation to Sex'  എന്ന പുസ്തകവും വലിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തി. അതേസമയം അത്തരം എല്ലാ ആക്രമണങ്ങളെയും അതിജീവിച്ച് ഡാര്‍വിന്റെ സിദ്ധാന്തങ്ങള്‍ ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ടു. ഭൂമിയിലെ ജീവജാലങ്ങളെല്ലാം ഒരു പൊതു പൂര്‍വ്വികനില്‍ നിന്നും പരിണമിച്ചതാണെന്ന് ഡാര്‍വിന്‍ വിശ്വസിച്ചിരുന്നു. 

ഉല്‍പ്പത്തിയുടെ രഹസ്യം പറഞ്ഞ ആ കത്തുകള്‍

പരിണാമം മാത്രമല്ല ഡാര്‍വിന്റെ മനസില്‍ മറ്റ് പല ആശയങ്ങളും ഉണ്ടായിരുന്നു. ഭൂമിയില്‍ ആദ്യ ജീവന്‍ എങ്ങനെയായിരിക്കും രൂപപ്പെട്ടിരിക്കുക എന്നത് സംബന്ധിച്ച അദ്ദേഹത്തിന്റെ വിലയിരുത്തല്‍ അത്തരത്തിലൊന്നാണ്. സുഹൃത്തിന് അയച്ച കത്തിലാണ് ഡാര്‍വിന്‍ അതിനെ കുറിച്ച് പറയുന്നത്. 

തന്റെ പുസ്തകങ്ങളില്‍ ഒന്നും ഡാര്‍വിന്‍ ആദ്യ ജീവന്‍ ഉണ്ടായതിനെ കുറിച്ച് പറയുന്നില്ലെങ്കിലും സ്വകാര്യമായി അദ്ദേഹം അതെക്കുറിച്ചുള്ള തന്റെ സംശയം ഉന്നയിക്കുന്നുണ്ട്. 1871 ഫെബ്രുവരി ഒന്നിന് അടുത്ത സുഹൃത്തും പ്രകൃതി ശാസ്ത്രജ്ഞനുമായ ജോസഫ് ഡാള്‍ട്ടണ്‍ ഹൂക്കറിന് അയച്ച കത്തിലാണ് ഡാര്‍വിന്‍ അക്കാര്യം പറയുന്നത്. ഈ കത്തിന് ഏതാണ്ട് 150 വര്‍ഷത്തിലേറെ പഴക്കമുണ്ട്. വളരെ ഹ്രസ്വമായ ഒരു കത്താണത്. കേവലം നാല് ഖണ്ഡികകള്‍ മാത്രമാണ് അതിലുള്ളത്. ഡാര്‍വിന്റെ കൂട്ടിക്കൂട്ടിയുള്ള എഴുത്ത് കാരണം അവ വായിച്ചെടുക്കുകയും വളരെ ബുദ്ധിമുട്ടായിരുന്നു. 

അടുത്തിടെ താന്‍ നടത്തിയ ഒരു പരീക്ഷണത്തെ  ലഘുവായി വിവരിച്ചതിന് ശേഷമാണ് ഡാര്‍വിന്‍ ജീവന്റെ ഉല്‍പ്പത്തിയെ കുറിച്ചുള്ള തന്റെ ചില സംശയങ്ങള്‍ പങ്കുവെക്കുന്നത്. 

'ഒരു ജീവജാലം ആദ്യമായി രൂപമെടുക്കുന്നതിന് ആവശ്യമായ എല്ലാ സാഹചര്യങ്ങളും ഇപ്പോള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. അത് മുമ്പും ഉണ്ടായിരുന്നിരിക്കാം. പക്ഷേ അമോണിയയും ഫോസ്‌ഫോറിക് ലവണങ്ങളും പ്രകാശവും ചൂടും വൈദ്യുതിയും ഉള്ള ചെറുചൂട് വെള്ളമുള്ള ചെറിയ കുളത്തില്‍ ഒരു പ്രോട്ടീന്‍ രാസപ്രക്രിയയിലൂടെ രൂപമെടുത്താല്‍, അതിന് ശേഷം വളരെ സങ്കീര്‍ണ്ണമായ മാറ്റങ്ങള്‍ക്ക് തയ്യാറായാല്‍ ഇന്നാണെങ്കില്‍ അത്തരമൊരു പദാര്‍ത്ഥം പൊടുന്നനെ തന്നെ ഭക്ഷിക്കപ്പെടുകയോ ആഗിരണം ചെയ്യപ്പെടുകയോ ചെയ്യും. ജീവജാലങ്ങള്‍ രൂപമെടുത്ത അന്നത്തെ കാലത്ത് ഒരുപക്ഷേ ഇതായിരുന്നിരിക്കില്ല അവസ്ഥ'.


1839ലാണ് ഡാര്‍വിന്‍ തന്റെ ബന്ധുവായ എമ്മ വെഡ്ജ്‌വുഡിനെ വിവാഹം ചെയ്യുന്നത്. പത്ത് മക്കളാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്


എന്താണ് ഡാര്‍വിന്‍ ഈ വാക്കുകളിലൂടെ അര്‍ത്ഥമാക്കിയിരിക്കുക. ആദ്യ ജീവന്‍ എങ്ങനെ രൂപപ്പെട്ടിരിക്കാം എന്നത് സംബന്ധിച്ച് ഡാര്‍വിനും ആശയക്കുഴപ്പമുണ്ടായിരുന്നുവെന്ന ചില സൂചനകള്‍ ഇതിലുണ്ട്. പക്ഷേ ഒരു കാര്യം തീര്‍ച്ചയാണ്, സമുദ്രത്തില്‍ അല്ല, രാസവസ്തുക്കള്‍ നിറഞ്ഞ കരയിലുള്ള ചെറിയൊരു ജലാശയത്തിലാണ് ആദ്യ ജീവന്‍ പിറവിയെടുത്തിരിക്കുക എന്നാണ് ഡാര്‍വിന്‍ ചിന്തിച്ചിരുന്നത്. ചെറിയ ജലാശയത്തില്‍ വെള്ളത്തില്‍ കലങ്ങിയ രാസവസ്തുക്കള്‍ ജലം ബാഷ്പീകരിക്കപ്പെട്ട് പോകുമ്പോള്‍ പൂരിതമാകാന്‍ ഇടയുണ്ട്. പ്രകാശവും ചൂടും രാസോര്‍ജ്ജവും സമന്വയിച്ചിട്ടുള്ള പ്രത്യേക സാഹചര്യത്തിലാകാം ജീവന് അനുകൂലമായ ആദ്യ രാസഘടകങ്ങള്‍ രൂപപ്പെട്ടിരിക്കുക. ഡാര്‍വിന്റെ ഈ ചിന്തയില്‍ നിരവധി പോരായ്മകള്‍ കണ്ടെത്താനാകും. പക്ഷേ ഡിഎന്‍എയെ പോലുള്ള നൂക്ലിക് ആസിഡുകള്‍ പോലും അക്കാലത്ത് കണ്ടെത്തിയിട്ടില്ലെന്ന് ഓര്‍ക്കണം. മാത്രമല്ല, ഒരു ജീനിന്റെ പ്രവര്‍ത്തനം പോലും ജീവശാസ്ത്രജ്ഞര്‍ മനസിലാക്കിയിട്ടില്ലാത്ത, കോശത്തിന്റെ പ്രവര്‍ത്തനരീതി പോലും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു കാലത്താണ് ഡാര്‍വിന്‍ ഇത്തരമൊരു നിരീക്ഷണം നടത്തിയിരുന്നത്. ആദ്യജീവന്‍ രൂപപ്പെടുന്നതിന്റെ ആദ്യ ഘട്ടത്തില്‍ പ്രോട്ടീന്‍ രൂപപ്പെട്ടിരിക്കും എന്നാണ് ഡാര്‍വിന്‍ കരുതിയിരുന്നത്. എന്നാല്‍ പ്രോട്ടീന്‍ എന്താണെന്ന് പോലും അന്ന് വ്യക്തമായ ധാരണ ഇല്ലായിരുന്നു.

വ്യക്തിജീവിതം

1839ലാണ് ഡാര്‍വിന്‍ തന്റെ ബന്ധുവായ എമ്മ വെഡ്ജ്‌വുഡിനെ വിവാഹം ചെയ്യുന്നത്. പത്ത് മക്കളാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്. മൂന്നുപേര്‍ വളരെ ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടു. മക്കളായ ജോര്‍ജ്, ഫ്രാന്‍സിസ്, ഹൊറേസ് എന്നീ മൂന്നുപേരും അറിയപ്പെടുന്ന ശാസ്ത്രജ്ഞരായിരുന്നു. 1842ല്‍ കുടുംബം ലണ്ടനിലെ ഒരു ഗ്രാമപ്രദേശത്തേക്ക് താമസം മാറി. വലിയ ബഹളങ്ങളൊന്നും ഇല്ലാതെ, ആളുകളുമായി അധികം ഇടപെഴകാതെ ലളിതജീവിതമായിരുന്നു ഡാര്‍വിന്‍ നയിച്ചിരുന്നത്. കുടുംബജീവിതത്തിലും പുസ്തകങ്ങളും ശാസ്ത്രപേപ്പറുകളും എഴുതുന്നതിലുമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. 1864ല്‍ ഡാര്‍വിന് കോപ്ലേ മെഡല്‍ ലഭിച്ചു. അക്കാലത്തെ ഏറ്റവും വലിയ ശാസ്ത്ര അംഗീകാരമായിരുന്നു അത്. ഭൂമിശാസ്ത്രം, ജീവശാസ്ത്രം, ബൊട്ടാനിക്കല്‍ ഫിസിയോളജി എന്നീ മേഖലകളിലെ ഗവേഷണങ്ങള്‍ പരിഗണിച്ചായിരുന്നു ഈ അംഗീകാരം. നേരത്തെ ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍, അലെക്‌സാണ്ട്രോ വോള്‍ട്ട, മൈക്കല്‍ ഫാരഡെ അടക്കമുള്ളവര്‍ക്ക് ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ഹൃദയാഘാതം മൂലം സ്വവസതിയില്‍ വെച്ച് 1882 ഏപ്രില്‍ 19നായിരുന്നു ചാള്‍സ് ഡാര്‍വിന്റെ അന്ത്യം. ഐസക് ന്യൂട്ടണ്‍, ഏര്‍ണസ്റ്റ് റുതര്‍ഫോര്‍ഡ്, ജെ ജെ തോംസണ്‍, ലോര്‍ഡ് കെല്‍വിന്‍ എന്നിവരെ അടക്കം ചെയ്ത ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര് അബ്ബിയിലാണ് ഡാര്‍വിന്റെ ഭൗതികശരീരം അടക്കം ചെയ്തത്. അടുത്ത സുഹൃത്തായ ചാള്‍ഡ് ലയിന്റെയും അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചിട്ടുള്ള ജോണ്‍ ഹെര്‍ഷെലിന്റെും കല്ലറകള്‍ക്ക് അടുത്താണ് ഡാര്‍വിനും അന്ത്യനിദ്രയ്്ക്ക് ഇടം ഒരുക്കിയത്.