
എന്താണ് കാന്‍സര്‍ കോശങ്ങള്‍, അവ പടരുന്നതെങ്ങനെ?
കാന്‍സര്‍ കോശങ്ങള്‍ ചിലപ്പോള്‍ അതിജീവനത്തിനായി സ്വയം ആഹാരമാക്കാറുണ്ടെന്നാണ് പുതിയ പഠനങ്ങള്‍
മനുഷ്യ ശരീരം നിരവധി പ്രത്യേകതകളും സ്വഭാവ വൈചിത്രങ്ങളുമുള്ളതാണ്. വളരെ സങ്കീര്‍ണമായ അവയവഘടനയാണ് മനുഷ്യന്റേത്. നമ്മുടെ ശരീരത്തില്‍ 30 ലക്ഷം കോടിയോളം കോശങ്ങള്‍ അഥവാ സെല്ലുകളാണ് ഉള്ളതെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. അവയ്ക്ക് ഓരോന്നിന്നും അതിന്റേതായ ഘടനയും ചുമതലകളുമുണ്ട്. ഈ കോശങ്ങള്‍ നശിക്കുന്തോറും പുതിയത് ഉണ്ടായിക്കൊണ്ടിരിക്കും. പ്രായമേറും തോറും നമ്മുടെ ശരീരത്തിലെ കോശങ്ങള്‍ നശിക്കുന്നതിന്റെ ആക്കവും കൂടും. എങ്കിലും പേടിക്കേണ്ട കാര്യമില്ല, ഈ കോശങ്ങള്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യും. നമ്മുടെ ശരീരത്തിലെ കോശങ്ങള്‍ക്ക് കേടുപാട് സംഭവിച്ചാലും ഇവ വിഭജിച്ച് വീണ്ടും ഇരട്ടിച്ച് അത് സ്വയമേവ പുനരുജ്ജീവിക്കുകയാണ് ചെയ്യുന്നത്.
എങ്ങനെ കോശങ്ങള്‍ കാന്‍സര്‍ കോശങ്ങളാവുന്നു
സാധാരണ മനുഷ്യ കോശങ്ങളില്‍ നിന്ന് കാന്‍സര്‍ കോശങ്ങള്‍ പല തരത്തിലാണ് വ്യത്യസ്തമാകുന്നത്. സാധാരണ കോശങ്ങള്‍ക്ക് ജനിതക മാറ്റം അഥവാ മ്യൂട്ടെഷന് സംഭവിച്ച് കാന്‍സര്‍ കോശങ്ങളായി മാറാം. അങ്ങനെ അവ അസംഖ്യമായി വളര്‍ന്ന് പെരുകാന്‍ തുടങ്ങും. സാധാരണ ഒരു കോശം പ്രവര്‍ത്തിക്കുന്നത് പോലെയല്ല കാന്‍സര്‍ കോശമാകുമ്പോള് പ്രവര്‍ത്തിക്കുക. ഒരു പ്രത്യേക സമയത്തിനുള്ളില്‍ സാധാരണ കോശങ്ങള്‍ നശിക്കുമെങ്കില് ഈ കാന്‍സര്‍ കോശങ്ങള്‍ നശിക്കില്ല. അവ പെരുകിക്കൊണ്ടിരിക്കും.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഈ കാന്‍സര്‍ കോശങ്ങള്‍ അമര്‍ത്യത കൈവരിക്കും. സാധാരണ കോശങ്ങള്‍ അത് ഉത്ഭവിക്കുന്നിടത്ത് തന്നെ താമസമാക്കുമെങ്കില് കാന്‍സര്‍ കോശങ്ങള്‍ക്ക് അടുത്തുള്ള കോശങ്ങളെക്കൂടി കടന്നാക്രമിച്ച് ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് ചലിക്കാനുള്ള കഴിവുണ്ട്. അങ്ങനെയാണ് കാന്‍സര്‍ ആദ്യ ഘട്ടത്തില്‍ നിന്ന് അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുമ്പോള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പകരുന്നത്. ഈ കോശങ്ങള്‍ രക്തത്തിലൂടെയും ലിംഫ് സിസ്റ്റത്തിലൂടെയുമാണ് ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് കടക്കുന്നത്.
നമ്മുടെ മുന്ഗാമികളില് നിന്ന് പകര്‍ന്ന് കിട്ടിയ ജീനുകളിലൂടെയോ നമ്മുടെ ചുറ്റുപാടുകളിലെ കാന്‍സറിന് കാരണമായേക്കാവുന്ന വസ്തുക്കളില്‍ നിന്നോ ചിലപ്പോള്‍ കോശങ്ങള്‍ക്ക് കാന്‍സര്‍ കോശങ്ങളായി മാറാനുള്ള കഴിവ് ലഭിക്കും. സോളിഡ് ട്യൂമറുകള്‍ പോലുള്ളവയ്ക്ക് നിരവധി തവണ വരെ ജനിതക മാറ്റം സംഭവിക്കാം. പല ഘട്ടങ്ങളായാണ് സാധാരണ കോശങ്ങള്‍ കാന്‍സര്‍ കോശങ്ങളായി മാറുന്നത്. ഹൈപ്പര്‍പ്ലാസിയ, ഡിസ്പ്ലാസിയ എന്നിങ്ങനെയുള്ള ഘട്ടങ്ങളിലൂടെ കടന്ന കോശങ്ങള്‍ അസാധാരണത്വം പ്രകടിപ്പിക്കാന്‍ തുടങ്ങും.
അങ്ങനെ പതിയെ അവ കാന്‍സര്‍ കോശങ്ങളായി പരിണമിക്കും. സ്വഭാവത്തില്‍ മാത്രമല്ല, ആകൃതിയിലും സാധാരണ കോശങ്ങളില്‍ നിന്നും കാന്‍സര്‍ കോശങ്ങള്‍ക്ക് രൂപമാറ്റം സംഭവിക്കും. പക്ഷേ ഇവ എല്ലാ കോശങ്ങളെയും പതിയെ ബാധിക്കുമെന്നതിനാല്‍ കാന്‍സറിന്റെ ഉത്ഭവം എവിടെ നിന്നാണ് എന്ന് ആദ്യ ഘട്ടങ്ങള്‍ കഴിഞ്ഞാല്‍ തിരിച്ചറിയാന്‍ കഴിയാതെ വരും. സംയുക്ത കാന്‍സര്‍ കോശങ്ങള്‍ ചിലപ്പോള്‍ മുഴകള്‍ അഥവാ ട്യൂമറുകളായി മാറും. എന്നാല്‍ എല്ലാ ട്യൂമറുകളും കാന്‍സര്‍ കാരണമാകണമെന്നില്ല.
കാന്‍സര്‍ ട്യൂമറുകളും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പകരാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ പുതിയ ട്യൂമറുകളായി പല ഭാഗങ്ങളിലേക്ക് പകരുന്ന പ്രക്രിയക്ക് മെറ്റസ്റ്റാറ്റിസ് എന്ന് പറയന്നു. ഇങ്ങനെയുള്ള സോളിഡ് ട്യൂമറുകള്‍ കൂടാതെ, രക്തത്തിലും കാന്‍സര്‍ ബാധിക്കാം. ലുക്കീമിയ എന്നാണ് രക്തത്തിലുണ്ടാകുന്ന കാന്‍സറിന് പറയുന്ന പേര്.
മനുഷ്യ ശരീരത്തില്‍ ഉണ്ടാകുന്ന കാന്‍സര്‍ കോശങ്ങള്‍ ശരീരത്തെ മാത്രമല്ല നശിപ്പിക്കുന്നത് എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു
വിചിത്രമായ കോശങ്ങള്‍
ഇപ്പോഴിതാ മനുഷ്യ ശരീരത്തില്‍ ഉണ്ടാകുന്ന കാന്‍സര്‍ കോശങ്ങള്‍ ശരീരത്തെ മാത്രമല്ല നശിപ്പിക്കുന്നത് എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. എന്നാല്‍ അതിന്റെ അതിജീവനത്തിനായി വിചിത്രമായ ഒരു വഴി കൂടി കണ്ടെത്തുമെന്നാണ് ഗവേഷകര്‍ കണ്ടുപിടിച്ചത്. എന്താണെന്നല്ലേ? കാന്‍സര്‍ കോശങ്ങള്‍ അവയ്ക്ക് എന്തെങ്കിലും കേടുപാട് സംഭവിച്ചാല്‍ സ്വയം അവയെ ആഹാരമാക്കാറുണ്ടെന്ന്.
മാക്രോപിനോസൈറ്റോസിസ് (Macropinocytosis) എന്ന പ്രതിഭാസമാണ് ഇത്. ഏതെങ്കിലും കോശങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ അതിന്റെ കേടുപറ്റാത്ത ത്വക്ക് (സെല്‍ മെമ്പ്രെയ്ന്‍) കേടുപാട് സംഭവിച്ച സ്ഥലത്തെ മൂടി മുഴുവനായും ആ വിടവ് നികത്തും. പിന്നീട് കേടുവന്ന സെല്‍ മെമ്പ്രെയ്ന്‍ ചെറിയ ഗോളങ്ങളായി മാറി കോശത്തിന്റെ അകത്തേക്ക് പോകുന്നു. എന്നുവച്ചാല്‍ ലൈസോസോമിലേക്ക്. ഇങ്ങനെ കോശത്തിന്റെ വയറ്റിലെത്തുന്ന ഈ കേടുവന്ന ഭാഗങ്ങള്‍ ചെറുതാക്കി ഈ ലൈസോസോം ദഹിപ്പിക്കുന്നു.
കാന്‍സര്‍ കോശങ്ങള്‍ എങ്ങനെ അതിജീവനം നടത്തുന്നു എന്നുള്ളതിനെക്കുറിച്ച് വളരെ അടിസ്ഥാനപരമായ അറിവാണ് ഇത്. ഈ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയാല്‍ കാന്‍സര്‍ കോശങ്ങള്‍ ഇല്ലാതാവുന്നതായും പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയതായി കോപ്പന്‍ഹേഗന്‍ സര്‍വ്വകലാശാലയിലെ ഡാനിഷ് കാന്‍സര്‍ സൊസൈറ്റി റിസര്‍ച്ച് സെന്ററിലെ ഗവേഷകനായ ജെസ്പര്‍ നൈലാന്ഡ്സ്റ്റെഡ് പറയുന്നു. മാക്രോപിനോസൈറ്റോസിസിനെക്കുറിച്ച് പഠിക്കാനായി കാന്‍സര്‍ കോശങ്ങളിലെ മെമ്പ്രെയ്ന്‍ ലേസര്‍ ഉപയോഗിച്ച് നശിപ്പിച്ചു.
അങ്ങനെ നശിച്ച ഭാഗത്തെ ചെറിയ ഗോളങ്ങളാക്കി മാറ്റാന്‍ കോശങ്ങള്‍ക്ക് കഴിയാതെയായി. അതോടെ കാന്‍സര്‍ കോശവും നശിച്ച് ഇല്ലാതാവുകയാണ് ചെയ്തത്. മാക്രോപിനോസൈറ്റോസിസിനെക്കുറിച്ചുള്ള ഈ കണ്ടെത്തല്‍ ഭാവിയില്‍ കാന്‍സര്‍ ചികിത്സയ്ക്കുള്ള സുപ്രധാന വഴിത്തിരിവാകുമെന്നാണ് വിലയിരുത്തല്‍. വര്‍ഷങ്ങളായി എങ്ങനെയാണ് കാന്‍സര്‍ കോശങ്ങള്‍ അതിന്റെ ത്വക്ക് സ്വയം നേരെയാക്കുന്നത് എന്ന ഗവേഷണത്തിലായിരുന്നു ജെസ്പറും സംഘവും.
കോശങ്ങളുടെ ആയുസ്സ്
ശരീരത്തിലെ വെള്ള രക്താണുക്കള്‍ 13 ദിവസത്തോളം ജീവിക്കുമ്പോള്‍ ചുവന്ന രക്താണുക്കള്‍ 120 ദിവസത്തോളം ജീവിക്കും. എന്നാല്‍ കരളിലെ കോശങ്ങള്‍ ഒന്നര വര്‍ഷത്തോളം ശരീരത്തില്‍ ജീവിക്കും. പക്ഷേ മാറ്റമില്ലാത്ത ഒരു കോശമുണ്ട്, നമ്മുടെ തലച്ചോറിലെ കോശങ്ങള്‍. ഒരു മനുഷ്യന്റെ ആയുസ്സ് മുഴുവനും ഒരേ കോശങ്ങളാണ് നമ്മുടെ തലച്ചോറില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയിലെല്ലാമാണ് പല തരത്തില്‍ കാന്‍സര്‍ കോശങ്ങള്‍ കയറി നമ്മുടെ ശരീരത്തെ നാമറിയാതെ തന്നെ വലിഞ്ഞു മുറുക്കി ശ്വാസം മുട്ടിക്കുന്ന തരത്തിലാക്കുന്നത്. ഈ കാന്‍സര്‍ കോശങ്ങളാകട്ടെ സ്വയം നശിക്കാതെ എന്നെന്നേക്കുമായി നമ്മുടെ ശരീരത്തില്‍ കുടിയിരിപ്പും തുടങ്ങും.
സാധാരണ ഗതിയില്‍ ശരീരത്തിലെ കോശങ്ങള്‍ക്ക് ഏതെങ്കിലും ജനിതക തകരാറുകള്‍ സംഭവിച്ചാല്‍ അത് കാന്‍സര്‍ കോശങ്ങളാകുന്നതിനു മുന്‍പേ അതിനെ ഇല്ലാതാക്കും. എന്നാല്‍ ശരീരത്തിന്റെ ഈ കഴിവ് പ്രായമേറും തോറും കുറയും. അതുകൊണ്ടാണ് പ്രായമായവരില്‍ കാന്‍സര്‍ രോഗം കൂടുതലായി കണ്ടുവരുന്നത്. ഓരോ കാന്‍സര്‍ രോഗികളിലെയും കോശങ്ങള്‍ക്ക് പല തരത്തിലുള്ള ജനിതക മാറ്റങ്ങളാണ് സംഭവിക്കുക. കാന്‍സര്‍ വളരുന്നതിന് അനുസരിച്ച് വീണ്ടും മാറ്റങ്ങള്‍ സംഭവിക്കാം. ഒരേ ട്യൂമര്‍ ആണെങ്കില്‍ പോലും പല കോശങ്ങള്‍ക്കും പല തരത്തിലുള്ള ജനിതക മാറ്റങ്ങളും സംഭവിക്കാം.
പല തരത്തിലുള്ള കാന്‍സര്‍ ഉണ്ട്. നൂറിലധികം തരം കാന്‍സറുകള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ശ്വാസകോശം, എല്ലുകള്‍, മസിലുകള്‍, തലച്ചോര്‍, മാറിടം തുടങ്ങി എവിടെ വേണമെങ്കിലും കാന്‍സര്‍ കോശങ്ങള്‍ വളരാം. ശരീരത്തില്‍ അസ്വാഭാവികമായി തോന്നുന്ന തടിപ്പുകളോ മുഴകളോ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടുക.
ശരീരഭാരം വല്ലാതെ കുറയുക, മൂത്രത്തില്‍ രക്തം കാണുക, ഭക്ഷണം കഴിക്കാനും ഇറക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുക, വിട്ടുമാറാത്ത പനി, രക്തസ്രാവം തുടങ്ങിയവയാണ് കാന്‍സറിന്റെ ചില ലക്ഷണങ്ങള്‍. കത്യ സമയത്ത് രോഗം തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗം. അറിയാന്‍ വൈകും തോറും രോഗത്തിന്റെ തീവ്രത കൂടുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിച്ച് മരണകാരണം വരെ ആയി മാറാം. കാന്‍സര്‍ ആണെന്ന് സംശയം തോന്നിയാല്‍ അത് തിരിച്ചറിയാന്‍ നടത്തുന്ന പരിശോധനയാണ് ബയോപ്സി.