Jan 5 • 9M

മലമ്പനിക്കെതിരെയുള്ള യുദ്ധത്തില്‍ വഴിത്തിരിവ്!

കര്‍ണാടക, ആന്ധ്ര പ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലും മലമ്പനി രോഗ ഭീഷണിയുണ്ട്. അതിനാല്‍ ഈ പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌

4
 
1.0×
0:00
-9:02
Open in playerListen on);
Episode details
Comments

മലേറിയയെ പേടിക്കുന്നവര്‍ക്ക് ആശ്വാസത്തിന് വക തെളിയുന്നു. ഒരു ഡോസ് മൊണോക്ലോണല്‍ ആന്റിബോഡി മരുന്നിലൂടെ മലേറിയയ്‌ക്കെതിരെ 50 ശതമാനത്തിലധികം ഫലപ്രാപ്തി ലഭിക്കുമെന്ന് പരീക്ഷണങ്ങളിലൂടെ തെളിഞ്ഞത് വഴിത്തിരിവായി മാറും


കൊച്ചിയെത്തി...ജയസൂര്യ നായകനായ പുലിവാല്‍ കല്യാണം സിനിമയില്‍ സലിം കുമാര്‍ പറയുന്നതാണ്. നാട്ടിലേക്ക് എത്തുന്ന കഥാപാത്രം നഗരത്തെ ദുര്‍ഗന്ധം കൊണ്ട് തിരിച്ചറിയുന്ന രംഗമാണ്. എന്നാല്‍ ഇപ്പോള്‍ അത് മാറി കൊതുകുകടികൊണ്ട് നാടിനെ തിരിച്ചറിഞ്ഞ് കൊച്ചിയെത്തി എന്നു പറയേണ്ട അവസ്ഥയാണ് മലയാളികള്‍ക്ക്.

കൊച്ചിയടക്കമുള്ള പല നഗരങ്ങളിലും സന്ധ്യയായാല്‍ അധിക സമയം വെറുതെ നില്‍ക്കാനാവില്ല. ഡിസ്‌കോയടക്കം പല നൃത്തരൂപങ്ങളും കളിച്ചാലേ കുറച്ചു സമയം നഗരത്തില്‍ നില്‍ക്കാനാവൂ എന്നതാണ് അവസ്ഥ. അല്ലെങ്കില്‍ കൊതുകുകള്‍ നമ്മളെ മുഴുവനോടെ അങ്ങെടുക്കുമെന്ന പ്രതീതിയാണ്. അത്രയേറെ കൊതുകുകള്‍ ദിനംപ്രതി പെരുകുകയാണ്. കോവിഡ്കാലമൊന്നും അവയ്‌ക്കൊരു വിഷയമല്ല. അല്ലെങ്കിലും കൊതുകുകള്‍ക്ക് സാമൂഹ്യ അകലവും മാസ്‌കുമൊന്നും ബാധകമല്ലല്ലോ.

മലേറിയ, ഡെങ്കി, സിക വൈറസ്, ചിക്കന്‍ഗുനിയ തുടങ്ങി പലവിധ രോഗങ്ങള്‍ക്ക് കാരണവും ഈ കൊതുകുകളാണ്. ഇതില്‍ ഭയങ്കരനാണ് മലേറിയ. മരണം വരെ സംഭവിക്കാവുന്ന രോഗം.

വിഡിയോ കാണാം

നാട്ടിന്‍പുറങ്ങള്‍ മുതല്‍ നമ്മുടെ മെട്രോപൊളിറ്റന്‍ സിറ്റികളില്‍ വരെ കൊതുകുകളെ എന്നന്നേക്കുമായി തുരത്താന്‍ നമുക്കാര്‍ക്കും കഴിയാറില്ല. കാണാനുള്ള വലുപ്പമില്ലെങ്കില്‍ കൂടി ഒന്നു കടിച്ചാല്‍ എല്ലാവര്‍ക്കും പേടിയാണ്, എന്ത് അസുഖമാണ് ഇവ നമ്മുടെ ദേഹത്ത് വിതരണം ചെയ്തിട്ട് പോകുന്നത് എന്നോര്‍ത്ത്. കൊതുകു നിര്‍മാര്‍ജനത്തിനായി തന്നെ നമ്മുടെ കേരളത്തിലെ കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളും എന്തെല്ലാം ചെയ്യുന്നു? ഇതെല്ലാം കൊതുകുജന്യ രോഗങ്ങളെ ഭയന്നുതന്നെയാണ്.

മരണം പരത്തുന്ന കൊതുകുകള്‍

നേരത്തെ പറഞ്ഞ പോലെ കൊതുക് പരത്തുന്ന രോഗങ്ങളിലെ പ്രധാനി മലമ്പനി എന്നറിയപ്പെടുന്ന മലേറിയ തന്നെയാണ്. 2019 വര്‍ഷത്തില്‍ മാത്രം 229 ദശലക്ഷം മലേറിയ കേസുകളാണ് ലോകത്തിന്റെ പല ഭാഗങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തതെന്ന് ലോക ആരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നു. മലമ്പനി കാരണം നാല് ലക്ഷത്തിലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആഫ്രിക്ക പോലുള്ള രാജ്യങ്ങളിലെ കുട്ടികളെയാണ് മരണം കൂടുതലായും കവര്‍ന്നത്. അതും അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളാണ് മരിച്ചവരില്‍ 67 ശതമാനവുമെന്ന് ലോക ആരോഗ്യ സംഘടന വ്യക്തമാക്കുന്നു. കൊതുകുകളെ അത്ര നിസാരക്കാരായി തള്ളിക്കളയരുതെന്ന് സാരം.


ഇന്ത്യയില്‍ ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, ഒഡീഷ തുടങ്ങിയിടങ്ങളെല്ലാം മലമ്പനി സാധ്യത മേഖലകളാണ്


ബില്‍ ഗേറ്റ്‌സ് ഉള്‍പ്പടെയുള്ള പ്രമുഖര്‍ മലേറിയയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍ ഈ രോഗത്തിനെതിരെ ഇപ്പോള്‍ പുതിയൊരു വഴിത്തിരിവ് സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. മലേറിയക്കെതിരെ വികസിപ്പിച്ച ആന്റി ബോഡി മരുന്ന് പരീക്ഷിച്ച് വിജയം നേടിയ വാര്‍ത്തയാണത്. ഒരു ഡോസ് മോണോക്ലോണല്‍ ആന്റിബോഡി (Monoclonal antibody) മരുന്നിലൂടെ മലേറിയയ്ക്കെതിരെ ഫലപ്രദമായി 9 മാസം വരെ പ്രതിരോധം നേടാമെന്ന കണ്ടെത്തലാണ് പുറത്തുവന്നിരിക്കുന്നത്. യുഎസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെല്‍ത്ത് (NIH) നടത്തിയ ചികില്‍സാ പരീക്ഷണത്തിലൂടെയാണ് മലേറിയ പരത്തുന്ന അനോഫിലിസ് കൊതുകുകളെ ഒന്‍പതു മാസത്തോളം പ്രതിരോധിക്കാന്‍ ആന്റിബോഡികള്‍ക്ക് കഴിയുമെന്ന് കണ്ടെത്തിയത്. ഇതുവരെ നടത്തിയ പരീക്ഷണങ്ങളില്‍ ഒരു മലേറിയ വാക്സിനും ഒരു വര്‍ഷമോ അതില്‍ കൂടുതലോ 50 ശതമാനത്തില്‍ അധികം സുരക്ഷ ഉറപ്പ് നല്‍കുന്നവ ആയിരുന്നില്ല. ബഹുരാഷ്ട്ര ഫാര്‍മ കമ്പനിയായ ഗ്ലാക്‌സോസ്മിത്‌ക്ലൈന്‍ വികസിപ്പിച്ച മോസ്‌ക്വിറിക്‌സ് ആണ് ലൈസന്‍സ് നേടിയ ഏക മലേറിയ വാക്‌സിന്‍. ഇതിന് പോലും 30 ശതമാനം ഫലപ്രാപ്തിയേയുള്ളൂ.

കേരളം ഭയക്കണോ?

കേരളത്തില്‍ മലമ്പനി ഭീഷണി താരതമ്യേന കുറവാണ്. നേരത്തെ പറഞ്ഞ പോലെ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് കടുത്ത ഭീഷണി നിലനില്‍ക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, ഒഡീഷ തുടങ്ങിയിടങ്ങളെല്ലാം മലമ്പനി സാധ്യത മേഖലകളാണ്. കര്‍ണാടക, ആന്ധ്ര പ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലും മലമ്പനി രോഗ ഭീഷണിയുണ്ട്. അതിനാല്‍ ഈ പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കില്‍ ആപത്ത് ക്ഷണിച്ചുവരുത്തും.

മോണോക്ലോണല്‍ ആന്റിബോഡി

ഇനി മോണോക്ലോണല്‍ ആന്റിബോഡി എന്താണെന്ന് നോക്കാം. രോഗങ്ങള്‍ക്കെതിരെ പൊരുതുന്ന പ്രോട്ടീനുകളാണ് ആന്റിബോഡികള്‍. വൈറല്‍ രോഗബാധകള്‍ക്കും കാന്‍സര്‍ പോലുള്ള ചില അസുഖങ്ങള്‍ക്കും അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാറുള്ളതാണ് ഇത്തരം ആന്റിബോഡികള്‍. സാമ്യമില്ലാത്ത വെള്ള രക്ത കോശങ്ങളുടെ പകര്‍പ്പുകളുണ്ടാക്കുകയാണ് ഇവിടെ ചെയ്യുന്നത്.  അതായത് ക്ലോണിംഗ് (cloning) വഴി ആന്റിബോഡി ഉണ്ടാക്കുകയാണ് ചെയ്യുന്നത്. എന്‍ഐഎച്ച് നടത്തിയ പുതിയ പഠനത്തില്‍ ഇത്തരം മോണോക്ലോണല്‍ ആന്റിബോഡികളുടെ സഹായത്തോടെ മലേറിയയെ ഫലപ്രദമായി പ്രതിരോധിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ്. CIS43LS എന്നാണ് ഈ ആന്റിബോഡിക്ക് പേര് നല്‍കിയിരിക്കുന്നത്. അതായത് ഒരു ഡോസ് CIS43LS സ്വീകരിക്കുന്നവരില്‍ അടുത്ത 9 മാസത്തേക്ക് മലേറിയയെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടാകുമെന്നാണ് പരീക്ഷണത്തില്‍ വ്യക്തമായിരിക്കുന്നത്.


ബഹുരാഷ്ട്ര ഫാര്‍മ കമ്പനിയായ ഗ്ലാക്‌സോസ്മിത്‌ക്ലൈന്‍ വികസിപ്പിച്ച മോസ്‌ക്വിറിക്‌സ് ആണ് ലൈസന്‍സ് നേടിയ ഏക മലേറിയ വാക്‌സിന്‍. ഇതിന് പോലും 30 ശതമാനം ഫലപ്രാപ്തിയേയുള്ളൂ


ഇത് മലേറിയ ബാധിത പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന പട്ടാളക്കാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും യാത്രക്കാര്‍ക്കുമെല്ലാം വലിയ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണെന്ന് എന്‍ഐഎച്ചിന്റെ വാക്സിന്‍ റിസര്‍ച്ച് സെന്റര്‍ ഇമ്മ്യുണോളജി ലബോറട്ടറിയിലെ സെല്ലുലാര്‍ ഇമ്മ്യുണോളജി തലവനായ റോബര്‍ട് സെഡര്‍ പറയുന്നു. മോണോക്ലോണല്‍ ആന്റിബോഡി നല്‍കിയ 40 പേരെ വച്ച് നടത്തിയ പരീക്ഷണമാണ് വിജയത്തിലേക്ക് എത്തിയത്. മലേറിയ പരത്തുന്ന കൊതുകുകള്‍ ഉള്ള സ്ഥലങ്ങളില്‍ അവയുടെ കടിയേറ്റിട്ടും ഇവര്‍ക്ക് പൂര്‍ണ സുരക്ഷ ലഭിച്ചു. എന്നാല്‍ മരുന്ന് ലഭിക്കാത്തവരുടെ സ്ഥിതി മറിച്ചായിരുന്നു.

ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളാണ് ഇപ്പോള്‍ ഫലം കണ്ടത്. ഇനി മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ മാലിയിലെ ആറു മാസക്കാലത്തെ മലേറിയ സീസണിനോട് അനുബന്ധിച്ച് നടത്താനാണ് പദ്ധതി. ഇതിന്റെ ഫലം 2022 ആകുമ്പോഴേക്ക് ലഭിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

പകരുന്നതിങ്ങനെ

പ്ലാസ്മോഡിയം പാരസൈറ്റു(parasite)കളാണ് മലേറിയക്ക് കാരണമാകുന്നത്. ഇത് ബാധിച്ച കൊതുകുകള്‍ മറ്റു ശരീരങ്ങളില്‍ ചെന്നിരുന്ന് കടിക്കുമ്പോള്‍ ഇവ ആ ശരീരങ്ങളിലേക്കും പകരും. അങ്ങനെയാണ് മലേറിയ മനുഷ്യരെ ബാധിക്കുന്നത്. മനുഷ്യരില്‍ മലേറിയ ബാധിക്കാന്‍ ഇടയാക്കുന്നത് അഞ്ച് തരം പാരസൈറ്റുകളാണ്. ഇതില്‍ പ്ലാസ്മോഡിയം ഫാല്‍സിപാറം (Plasmodium falciparum), പ്ലാസ്‌മോഡിയം വിവാക്‌സ് (P. Vivax) എന്നീ രണ്ടിനങ്ങളാണ് പ്രധാനമായും ഭീഷണി ആയിത്തീരുന്നത്. കരളിനെയാണ് ഇവ ഏറ്റവും അധികം ബാധിക്കുക. അതുകൊണ്ടാണ് പെട്ടെന്ന് രോഗം മൂര്‍ച്ഛിച്ച് മരണത്തിലേക്ക് വരെ രോഗികള്‍ എത്തുന്നത്.

അനോഫിലിസ് വിഭാഗത്തിലെ പെണ്‍ കൊതുകുകളാണ് മലേറിയ പരത്തുന്നത്. മലേറിയ ബാധിച്ച ഒരാളെ കടിച്ച ഈ കൊതുക് മറ്റൊരാളെ കടിച്ചാല്‍ അവര്‍ക്കും രോഗബാധ ഏല്‍ക്കും. ഇങ്ങനെയാണ് ഇത് പരന്ന് എല്ലായിടത്തുമെത്തുന്നത്. നമ്മുടെ ശരീരത്തിലെ ത്വക്കിലേക്കും അതിലൂടെ രക്തധമനികളിലേക്കുമാണ് അനോഫിലിസ് കൊതുകുകള്‍ കുത്തിവയ്ക്കുന്ന സ്പോറോസോയ്റ്റ്സ് (sporozoites) എന്ന രൂപത്തിലുള്ള രോഗഹേതുവായ പരോപജീവികള്‍ എത്തുന്നത്. രക്തധമനികളില്‍ എത്തിയാല്‍ ഇവ പതുക്കെ കരളിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങും. അവിടെ വച്ചാണ് ഇവ വളരുന്നതും പെരുകുന്നതും. കരളില്‍ വച്ച് വളര്‍ന്ന പാരസൈറ്റുകള്‍ ശരീരം മുഴുവന്‍ രക്തധമനികളിലൂടെ തന്നെ പടരും. അങ്ങനെയാണ് മലേറിയ ബാധിച്ച ഒരാളുടെ ശരീരത്തെ രോഗം കീഴടക്കുന്നത്. ശരിയായ വിധം യഥാസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന രോഗമാണിത്.

ഇപ്പോള്‍ വികസിപ്പിച്ച ആന്റിബോഡികള്‍ സ്പോറോസോയ്റ്റ്സിനെ ത്വക്കില്‍ വച്ചു തന്നെ നിര്‍വീര്യമാക്കി അവ കരളിന്റെ കോശങ്ങളിലെത്താതെ തടയും. CIS43LS  ആന്റിബോഡി CIS43 എന്ന നിര്‍വീര്യമാക്കാന്‍ കഴിയുന്ന ആന്റിബോഡിയില്‍ നിന്നും സ്വാഭാവികമായി രൂപപ്പെടുത്തിയതാണ്. ആദ്യ ഘട്ടം മൃഗങ്ങളില്‍ പരീക്ഷണം നടത്തിയ ശേഷമാണ് മനുഷ്യരില്‍ പരീക്ഷണം തുടങ്ങിയത്. അടുത്ത വര്‍ഷമെങ്കിലും മരുന്ന് പൊതു വിതരണത്തിനായി എത്തുമെന്ന് പ്രതീക്ഷിക്കാം.