Nov 17, 2021 • 13M

സോഷ്യല്‍ മെമ്മറി; മലയാളി ഗവേഷകരുടെ കണ്ടെത്തലിന് ലോകത്തിന്റെ കൈയടി

അനുഭവങ്ങള്‍ എങ്ങനെ ഓര്‍മയാകുന്നു എന്നതിന് ഉത്തരം കണ്ടെത്തിയിരിക്കുന്നത് അമൃത ബിനോയ്, ഡോ. സജികുമാര്‍ ശ്രീധരന്‍ എന്നീ മലയാളി ഗവേഷകരാണ്. എങ്ങനെ ഇത് സാധ്യമായി. സജികുമാര്‍ ശ്രീധരന്‍ ഉത്തരം നല്‍കുന്നു

7
2
 
1.0×
0:00
-13:14
Open in playerListen on);
Episode details
2 comments

Summary

ഓര്‍മ്മകള്‍, എത്ര വിസ്മയകരമായ അനുഭൂതിയാണത്. ഓര്‍മ്മശക്തിയും ഗതകാലസ്മരണകളുമൊക്കെ അവിടെ നിക്കട്ടെ. ആള്‍ക്കൂട്ടത്തിന് നടുവില്‍ നില്‍ക്കുമ്പോള്‍ ചുറ്റുമുള്ളവരില്‍ ചിലരെ, പ്രത്യേകിച്ചൊരു പരിചയം ഇല്ലെങ്കില്‍ പോലും എവിടെയോ കണ്ടിട്ടുള്ളതായി തോന്നാറില്ലേ. ഓര്‍മ്മകള്‍ ചികഞ്ഞെടുക്കുമ്പോള്‍ അവരെ കണ്ടുമുട്ടിയ സന്ദര്‍ഭം ഒരു ചിത്രം പോലെ മനസ്സില്‍ തെളിഞ്ഞുവരാറില്ലേ. ബസിന്റെ വിന്‍ഡോസീറ്റിലിരിക്കുമ്പോള്‍ തൊട്ടരികിലൂടെ ബൈക്കില്‍ ചീറിപ്പാഞ്ഞ് പോയ ആ ആള്‍, റോഡരികില്‍ മീന്‍ വീറ്റ് കൊണ്ടിരുന്ന ആ ചേച്ചി, ഓഫീസിലെ ചില്ലുജാലകത്തിലൂടെ താഴേക്ക് നോക്കിയപ്പോള്‍ റോഡിലൂടെ കടന്നുപോയ കാറില്‍ നിന്നും തല പുറത്തേക്കിട്ട് ആര്‍ക്കോ ടാറ്റ കൊടുക്കുന്ന ആ കുട്ടി അങ്ങനെ ഒരു സെക്കന്‍ഡ് നേരം മാത്രം നമ്മുടെ കാഴ്ചയിലെത്തുന്ന അവര്‍ നമ്മുടെ ഓര്‍മ്മയില്‍ ഒരിടം നേടുന്നു. സമൂഹവുമായുള്ള ഇടപെടലുകളിലൂടെ നാം നേടിയെടുക്കുന്ന ഇത്തരം ഓര്‍മ്മകളാണ് സോഷ്യല്‍ മെമ്മറി. സമൂഹത്തില്‍ നമ്മുടെ പെരുമാറ്റരീതികള്‍ രൂപപ്പെടുത്തുന്നതില്‍ ഈ ഓര്‍മ്മകള്‍ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്.

ഓര്‍മ്മ രൂപീകരണവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട മസ്തിഷ്‌കഭാഗമാണ് ഹിപ്പോകാംപസ്. ഇവിടെ സോഷ്യല്‍ മെമ്മറി രൂപീകരണവുമായി ബന്ധപ്പെട്ട് ഒരു നൂതന സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് അമൃത ബിനോയ്, ഡോ.സജികുമാര്‍ ശ്രീധരന്‍ എന്നീ രണ്ട് മലയാളി ഗവേഷകര്‍. ലോകപ്രശസ്ത ന്യൂറോസയന്‍സ് ജേണലായ 'ദ ജേണല്‍ ഓഫ് ന്യൂറോസയന്‍സ'സിലാണ് അവരുടെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്. സിഎ2 മസ്തിഷ്‌ക മേഖലയിലെ ഓര്‍മ്മരൂപീകരണവുമായി ബന്ധപ്പെട്ട തങ്ങളുടെ കണ്ടെത്തല്‍ സയന്‍സ് ഇന്‍ഡിക്കയുമായി പങ്കുവെക്കുകയാണ് നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍ അസോസിയേറ്റ് പ്രഫസര്‍ ഡോ. സജികുമാര്‍ ശ്രീധരന്‍

സോഷ്യല്‍ മെമ്മറി എന്നാല്‍ എന്താണ്, മറ്റ് ഓര്‍മ്മകളില്‍ നിന്നും അത് എങ്ങനെ വ്യത്യാസപ്പെടുന്നു, നിത്യജീവിതത്തില്‍ അത് എത്രത്തോളം പ്രധാനപ്പെട്ട സംഗതിയാണ്?

ഒരു വ്യക്തിയെ നാം ആദ്യമായി പരിചയപെടുമ്പോള്‍ അവരെപ്പറ്റിയുള്ള ഓര്‍മ നമ്മുടെ തലച്ചോറിലെ ചില നാഡീകോശങ്ങളില്‍ രേഖപ്പെടുന്നു. ആ വ്യക്തിയെ നാം വീണ്ടും കണ്ടുമുട്ടുമ്പോള്‍ നമുക്ക് ആ വ്യക്തി അപരിചിതനായിരിക്കുകയില്ല. കാരണം ആ വ്യക്തിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ രേഖപ്പെടുത്തിയ അതേ നാഡീകോശങ്ങള്‍ വീണ്ടും ആക്റ്റീവ് (active) ആകുന്നു. ഇങ്ങനെ വിവിധതരം സാമൂഹിക ചുറ്റുപാടുകളില്‍ വിഹരിക്കുമ്പോള്‍ നാം നേടുന്ന ഓര്‍മകളെ സോഷ്യല്‍ മെമ്മറി എന്നു വിളിക്കുന്നു. ഇത്തരം ഓര്‍മ്മകള്‍ നാം പോയ സ്ഥലങ്ങളെ കുറിച്ചുള്ള ഓര്‍മ്മകളെയോ അല്ലെങ്കില്‍ നാം പഠിച്ച വസ്തുതകളെയോ കുറിച്ചുള്ള ഓര്‍മ്മകളില്‍നിന്നും വ്യത്യസ്തമാണ്. സാമൂഹിക ഇടപെടലുകളിലൂടെയാണ് സോഷ്യല്‍ മെമ്മറി ഉണ്ടാകുന്നത്. ഒരു വ്യക്തിയെ കുറിച്ചുള്ള നമ്മുടെ ഓര്‍മ്മ അവരെക്കുറിച്ചുള്ള ധാരണ രൂപീകരിക്കുന്നതിനും അവരോടു എങ്ങനെ പെരുമാറണം എന്നതിനെയും സ്വാധീനിക്കുന്നു. അതുകൊണ്ടു തന്നെ സോഷ്യല്‍ മെമ്മറി നമ്മുടെ പെരുമാറ്റത്തെയും നിയന്ത്രിക്കുന്നു.

Hippocampal CA2വുമായി ബന്ധപ്പെട്ട് താങ്കള്‍ ഉള്‍പ്പെടുന്ന ഗവേഷക സംഘത്തിന്റെ പുതിയ കണ്ടെത്തല്‍ ലളിതമായി എങ്ങനെ പറയാം?

സിഎ2 മസ്തിഷ്‌ക മേഖലയിലെ ഓര്‍മ്മരൂപീകരണത്തിന് 'അസെറ്റൈല്‍ക്കോളിന്‍'(acetylcholine) എന്ന ന്യൂറോട്രാന്‍സ്മിറ്ററിന്റെ സഹായത്തോടെയുള്ള ഒരു നൂതന വിവര വിശകലന സംവിധാനമാണ് ഞങ്ങളുടെ പഠനം വിവരിക്കുന്നത്. മാറുന്ന ബാഹ്യ പരിതസ്ഥിതികളോടും പെരുമാറ്റ രീതികളോടും (behavioural states) പ്രതികരിച്ച് നമ്മുടെ തലച്ചോറിലെ നാഡീകോശങ്ങള്‍ (ന്യൂറോണ്‍) പുറപ്പെടുവിക്കുന്ന രാസപദാര്‍ത്ഥങ്ങളാണു ന്യൂറോട്രാന്‍സ്മിറ്ററുകള്‍. ഓര്‍മ്മകളെയും പെരുമാറ്റത്തെയും രൂപപ്പെടുത്തുന്ന ന്യൂറോണുകളുടെ പ്രതികരണങ്ങളെ നിയന്ത്രിക്കുന്നതില്‍ ന്യൂറോട്രാന്‍സ്മിറ്ററുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഗവേഷണവിഷയമായ തലച്ചോറിലെ 'സിഎ2' എന്ന ഭാഗം വിസ്തൃതിയില്‍ വളരെ ചെറുതെങ്കിലും ഓര്‍മ്മരൂപീകരണത്തിന് നിര്‍ണ്ണായകമായ ഒരു മസ്തിഷ്‌കഭാഗമാണ്. തലച്ചോറിനുള്ളിലെ ഈ ചെറിയ മേഖല എങ്ങനെ ഓര്‍മ്മകള്‍ രൂപപ്പെടുത്തുന്നു എന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ പഠനം നടത്തിയത്.

സിഎ2 മേഖലയിലെ വിസ്മയകരമായ ഒരു കാര്യം, ഈ മേഖലയിലെ ന്യൂറോണുകള്‍ മറ്റ് മസ്തിഷ്‌കമേഖലകളെ അപേക്ഷിച്ച് ഓര്‍മ്മരൂപീകരണത്തിന്റെ ബഹുമുഖ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നു എന്നതാണ്. പ്രത്യേകിച്ചും, 'സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റി' (synaptic plasticity) എന്ന് വിളിക്കപ്പെടുന്ന ഒരു പ്രതിഭാസം സിഎ2 ന്യൂറോണുകളില്‍ മറ്റു മേഖലകളെ അപേക്ഷിച്ചു സാധാരണഗതിയില്‍ കുറവായി കാണപ്പെടുന്നു. ന്യൂറോട്രാന്‍സ്മിറ്ററുകള്‍ വഴി ഒരു നാഡീകോശത്തില്‍നിന്ന് മറ്റൊന്നിലേക്ക് വൈദ്യുത സംവേദനങ്ങള്‍ (electric signals) കൈമാറുന്ന ജംഗ്ഷനുകളാണ് സിനാപ്സുകള്‍. ഉത്തേജനങ്ങളോടുള്ള പ്രതികരണമായി ന്യൂറോണുകള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുകയോ ദുര്‍ബലപ്പെടുകയോ ചെയ്യുകയും അതുവഴി ഓര്‍മ്മകള്‍ സൃഷ്ടിക്കാനുള്ള കഴിവ് നല്‍കുകയും ചെയ്യുന്ന പ്രതിഭാസമാണ് 'സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റി'.

അസെറ്റൈല്‍ക്കോളിന്‍ എന്ന രാസവസ്തുവിനെ ബന്ധിപ്പിക്കുന്ന റിസപ്റ്ററുകളുടെ(receptors) ഉത്തേജനം സിഎ2 ന്യൂറോണുകളുടെ സിനാപ്റ്റിക് പ്രതികരണങ്ങള്‍ കുറയുന്നതിന് കാരണമാകുന്നതായി ഞങ്ങള്‍ കണ്ടെത്തി. എന്നാല്‍, ഇതുതന്നെ പിന്നീട് ഈ ന്യൂറോണുകളെ ഓര്‍മ്മരൂപികരണത്തിനു സമാനമായ ഉയര്‍ന്ന സിനാപ്റ്റിക് പ്രതികരണങ്ങളിലേക്കു വഴിതെളിയിക്കുന്നതുമായി കാണപ്പെട്ടു. ന്യൂറോണുകളുടെ പ്രവര്‍ത്തനത്തിന്റെ മുന്‍കാല ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള സിനാപ്റ്റിക് വിവര വിശകലന നിയമങ്ങളുടെ ഇത്തരം പരിഷ്‌ക്കരണങ്ങളെ ''മെറ്റാപ്ലാസ്റ്റിസിറ്റി''(metaplasticity) എന്ന് വിളിക്കുന്നു. ഈ കണ്ടെത്തലുകള്‍ സിഎ2 മേഖലയിലെ ഓര്‍മ്മരൂപീകരണം നിയന്ത്രിക്കുന്ന അടിസ്ഥാന പ്രക്രിയകളെക്കുറിച്ചുള്ള നമ്മുടെ അറിവ് വര്‍ദ്ധിപ്പിക്കുന്നു.

ഡോ. സജികുമാര്‍ ശ്രീധരന്‍

തലച്ചോറിലെ ഹിപ്പോകാംപസ്സിലേക്കു അസെറ്റൈല്‍ക്കോളിന്‍ കൂടുതലായി പ്രവഹിക്കുന്നത് ഉണര്‍ന്നിരിക്കുമ്പോഴും നിദ്രയിലായിരിക്കുമ്പോഴുമുള്ള പ്രത്യേക പെരുമാറ്റ അവസ്ഥകളോടുള്ള പ്രതികരണമായിട്ടാണ്. ഇത് ഹിപ്പോകാംപസ്സിലെ ഉപമേഖലയായ സിഎ2 ന്യൂറോണുകളില്‍ പ്ലാസ്റ്റിസിറ്റി ഉളവാക്കാനും അതുവഴി വ്യത്യസ്തമായ സാമൂഹിക ചുറ്റുപാടുകളില്‍ വിഹരിക്കുമ്പോള്‍ നാം നേടുന്ന ഓര്‍മ്മകള്‍ രൂപീകരിക്കുന്നതിനും കാരണമായേക്കാം.

ഈ ഭാഗത്തിന്റെ ധര്‍മ്മം ഇത്രയും കാലം തിരിച്ചറിയപ്പെടാതെ പോയത് എന്താണ്. Hippocampal CA1, Hippocampal CA3 ഭാഗങ്ങളുടെ ധര്‍മ്മങ്ങള്‍ എന്താണ്?

സിഎ2 മേഖല ഹിപ്പോക്കാമ്പസ്സിലെ മറ്റു മേഖലകളെ അപേക്ഷിച്ചു വിസ്തൃതിയില്‍ വളരെ ചെറുതാണ്. അതുകൊണ്ടു തന്നെ വര്‍ഷങ്ങളായി ഈ മേഖലയിലെ ന്യൂറോണുകള്‍ക്കു ഓര്‍മരൂപീകരണത്തിനു സാരമായ പങ്കുണ്ടെന്നു ഗവേഷകര്‍ കരുതിയിരുന്നില്ല. കൂടുതല്‍ ഗവേഷണങ്ങള്‍ ഹിപ്പോകാമ്പസിലെ സിഎ1, സിഎ3 മുതലായ മറ്റു മേഖലകളെ കേന്ദ്രീകരിച്ചായിരുന്നു. എന്നാല്‍ 2000 മുതല്‍ക്കുള്ള വര്‍ഷങ്ങളില്‍ സിഎ2 മേഖലയെ കേന്ദ്രീകരിച്ചുള്ള പഠനങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചു തുടങ്ങി. ഇതിനു പ്രധാനമായ കാരണം സിഎ2 ന്യൂറോണുകള്‍ സോഷ്യല്‍ മെമ്മറി രേഖപ്പെടുത്തുന്നു എന്ന കണ്ടുപിടുത്തമാണ്. കൂടാതെ സിഎ2 ന്യൂറോണുകള്‍ ഹിപ്പോകാമ്പസിലെ സിഎ1, സിഎ3 മുതലായ മറ്റു ഉപമേഖലകളെ അപേക്ഷിച്ചു വ്യത്യസ്തമായ ജീനുകളും പ്രോട്ടീനുകളും എക്സ്പ്രസ്സ് ചെയ്യുന്നതായി കാണപ്പെട്ടു. ഇതിനെ തുടര്‍ന്ന് ശാസ്ത്രലോകം സിഎ2 ന്യൂറോണുകളുടെ പ്രവര്‍ത്തനങ്ങളിലെ പ്രത്യേകതകളെയും സ്‌കിസോഫ്രേനിയ (schizophrenia) തുടങ്ങിയ രോഗാവസ്ഥകളില്‍ സിഎ2 ന്യൂറോണുകളില്‍ ഉണ്ടാകുന്ന തകരാറുകളെയും കുറിച്ച് കൂടുതല്‍ പഠിച്ചു തുടങ്ങി. ഇത്തരം ഗവേഷണങ്ങള്‍ ലോകത്തിലെ പലഭാഗത്തുമുള്ള ശാസ്ത്രജ്ഞര്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

CA2 ന്യൂറോണുകള്‍ സോഷ്യല്‍ മെമ്മറിക്ക് അത്യന്താപേഷിതമാണെങ്കില്‍, CA1, CA3 ന്യൂറോണുകള്‍ സ്‌പേഷ്യല്‍ (SPATIAL) മെമ്മറി, എപ്പിസോഡിക് (episodic) മെമ്മറി, ഡിക്ലറേറ്റീവ് (declarative) മെമ്മറി എന്നിവക്ക് കൂടുതല്‍ ആവശ്യമാണ്. ഉദാഹരണത്തിന് നമ്മള്‍ സഞ്ചരിച്ച വഴികളെ കുറിച്ചുള്ള ഓര്‍മ, നമ്മള്‍ പഠിച്ച വസ്തുതകളെയും വിവരങ്ങളെയും നമ്മുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങള്‍ എപ്പോഴാണെന്നതിനെ കുറിച്ചുള്ള ഓര്‍മകളെല്ലാം രേഖപ്പെടുത്തുന്നതില്‍ CA1, CA3 ന്യൂറോണുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നാല്‍ മറ്റൊരു വിസ്മയകരമായ കാര്യം ഹിപ്പോകാമ്പസിലെ ഒട്ടുമിക്ക മേഖലകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. അതുകൊണ്ടുതന്നെ CA1 ന്യൂറോണുകളുടെ ശരിയായ പ്രവര്‍ത്തനത്തിനു CA3, CA2 ന്യൂറോണുകളില്‍നിന്നുള്ള സംവേദനം ആവശ്യമാണ്. എങ്കിലും ചില ഉപമേഖലകള്‍ക്കു പ്രത്യേകതരം ഓര്‍മ്മകള്‍ രേഖപ്പെടുത്തുന്നതില്‍ കൂടുതല്‍ പങ്കുണ്ടെന്നു പറയാം.

മറവിരോഗങ്ങള്‍ക്കുള്ള ചികിത്സയില്‍ ഈ കണ്ടെത്തല്‍ എത്രത്തോളം ഗുണകരമാകും മറവിരോഗങ്ങള്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ലേ?

ഈ പഠനം നമുക്ക് വെളിപ്പെടുത്തുന്നത് സാധാരണ അവസ്ഥയില്‍ അസെറ്റൈല്‍കോളിന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്റര്‍ ഇഅ2 ന്യൂറോണുകളെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതാണ്. ന്യൂറോണുകളുടെ പ്രതികരണങ്ങളെ നിയന്ത്രിക്കുന്നത് വഴി അസെറ്റൈല്‍കോളിന്‍ ഓര്‍മ്മകള്‍ രേഖപെടുത്തുന്നതിനും സഹായകമാകും. ഞങ്ങളുടേത് ഒരു ക്ലിനിക്കല്‍ പഠനമല്ല. എങ്കിലും സാധാരണ അവസ്ഥയില്‍ ഓര്‍മ്മരൂപീകരണത്തിന്റെ ഇത്തരം അടിസ്ഥാന സംവിധാനങ്ങളെക്കുറിച്ചുള്ള അറിവ്, അല്‍ഷിമേഴ്സ് രോഗം പോലുള്ള അവസ്ഥകളില്‍ ഓര്‍മ്മയിലും പെരുമാറ്റത്തിലും കാണപ്പെടുന്ന തകരാറുകള്‍ക്ക് കാരണമാകുന്നത് എന്താണെന്ന് മനസ്സിലാക്കുന്നതിനും സഹായകമാകും. അല്‍ഷിമേഴ്‌സ് രോഗികളുടെ മസ്തിഷ്‌കത്തിന്റെ പോസ്റ്റ്-മോര്‍ട്ടം പരിശോധനയില്‍ ഇഅ2 മേഖലയിലെ അസെറ്റൈല്‍ക്കോളിന്‍ മാര്‍ക്കറുകള്‍ കുറവായി കാണപ്പെടുന്നുവെന്നു മുന്‍കാല പഠനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം രോഗാവസ്ഥകളില്‍ കാണപ്പെടുന്ന സാമൂഹ്യ-വൈജ്ഞാനിക കുറവുകള്‍ പരിഹരിക്കുന്നതിനായി ഈ മസ്തിഷ്‌ക മേഖലകളെ കേന്ദ്രീകരിച്ചുള്ള തുടര്‍ഗവേഷണങ്ങള്‍ക്കു ഈ കണ്ടെത്തലുകള്‍ സഹായകമാകുമെന്ന് ഞങ്ങള്‍ കരുതുന്നു. ശാസ്ത്രത്തിന്റെ ഓരോ കണ്ടുപിടിത്തവും മുന്നോട്ടുള്ള പഠനങ്ങളെ രൂപപ്പെടുത്താന്‍ സഹായിക്കുകയും അതുവഴി പോംവഴികള്‍ കണ്ടെത്താനും കാരണമാകുന്നു.

അന്തര്‍ദേശീയതലത്തില്‍ ഈ കണ്ടെത്തല്‍ ഒരു ചര്‍ച്ചയായിട്ടുണ്ടോ?

ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത് ന്യൂറോസയന്‍സ് ഗവേഷണത്തിന് വിഖ്യാതമായ ' ദി ജേണല്‍ ഓഫ് ന്യൂറോസയന്‍സ്' എന്ന അന്താരാഷ്ട്ര ജേണലിലാണ്. അമേരിക്കയിലെ സൊസൈറ്റി ഫോര്‍ ന്യൂറോസയന്‍സ് എന്ന പ്രശസ്ത ഗവേഷണ സംഘടനയാണ് ഈ ജേണല്‍ പ്രസിദ്ധീകരിക്കുന്നത്. ലോകത്തിലെ വിദഗ്ദ്ദരായ ശാസ്ത്രജ്ഞരുടെ വിശദ പരിശോധനക്കു ശേഷം മാത്രമാണ് ജേണല്‍ ഓഫ് ന്യൂറോസയന്‍സില്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കുക. മാത്രമല്ല ഈ ജേണലില്‍ തന്നെ ഞങ്ങളുടെ പഠനം ഫീച്ചര്‍ ചെയ്യപ്പെട്ടു.

മറ്റാരൊക്കെയാണ് ഗവേഷക സംഘത്തില്‍ ഉണ്ടായിരുന്നത്, സംഘത്തിലെ മറ്റൊരു മലയാളിയായ അമൃത ബിനോയിയുടെ പങ്കാളിത്തം എന്തായിരുന്നു?

ഈ പഠനം നടത്തിയത് ഗവേഷണവിദ്യാര്‍ത്ഥിയായ അമൃതയുടെ പി എച്ഡി പ്രബന്ധത്തിന്റെ ഭാഗയമായിട്ടാണ്. പ്രധാനമായി ഞാനും അമൃതയും ഈ പഠനം ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്തു. ഈ പഠനത്തിന്റെ പൂര്‍ത്തീകരണത്തിന് മറ്റൊരു ഗവേഷണവിദ്യാര്‍ത്ഥിയായ മുഹമ്മദ് സാകി അമൃതയെ സഹായിച്ചിട്ടുണ്ട്. കൂടാതെ ചൈനയിലെ ഫുഡാന്‍ സര്‍വകലാശാലയിലെ ന്യൂറോസയന്‍സ് പ്രൊഫസറായ ഡോ. തോമസ് ബെനിഷ് ഈ പഠനത്തില്‍ പങ്കാളിയായിട്ടുണ്ട്.

അമൃത ബിനോയ്

എങ്ങനെയാണ് ഓര്‍മ്മകള്‍ ഉണ്ടാകുന്നത്, എത്രകാലം ഓര്‍മ്മകള്‍ തലച്ചോറില്‍ സൂക്ഷിക്കപ്പെടുന്നുണ്ട്. ഓര്‍മ്മകള്‍ പിന്നീട് നശിച്ചുപോകുന്നതെങ്ങനെ?

തലച്ചോറിലെ വിവധ ഭാഗങ്ങള്‍, ഉദാഹരണത്തിന് ഹിപ്പോകാമ്പസ്സ്, നിയോകോര്‍ട്ടെക്സ്, അമിഗ്ഡല, സെറിബെല്ലം, ബേസല്‍ ഗാംഗ്ലിയ, പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്‌സ് മുതലായ ഭാഗങ്ങളിലെ നാഡീകോശങ്ങള്‍ വൈവിധ്യമാര്‍ന്ന ഓര്‍മകളെ രേഖപ്പെടുത്തുന്നു. നാം നിത്യജീവിതത്തില്‍ കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ നമ്മുടെ ശരീരത്തിലെ നാഡീകോശങ്ങളെ ഉത്തേജിപ്പിക്കുന്നു. പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന നാഡീകോശങ്ങള്‍ തമ്മിലുള്ള വൈദ്യുത സംവേദനം വഴി ഈ സിഗ്നലുകള്‍ മസ്തിഷ്‌കത്തിലെ നാഡീകോശങ്ങളില്‍ എത്തുകയും വിവിധ തരം ഉത്തേജകങ്ങള്‍ വിവിധ തരം ഓര്‍മകളായി പലതരം നാഡീകോശങ്ങളില്‍ രേഖപ്പെടുകയും ചെയ്യുന്നു.

ഇതേ കാര്യങ്ങള്‍ നാം വീണ്ടും അനുഭവിക്കുമ്പോള്‍ ആ ഓര്‍മ്മകള്‍ രേഖപ്പെടുത്തിയ അതേ നാഡീകോശങ്ങള്‍ വീണ്ടും ഉത്തേജിക്കപ്പെടുകയും അതുവഴി അതേ കാര്യം വീണ്ടും ഓര്‍ത്തെടുക്കാന്‍ നമുക്ക് സാധിക്കുകയും ചെയ്യുന്നു. ഓര്‍മ്മകള്‍ വീണ്ടും വീണ്ടും പുതുക്കുമ്പോള്‍ 'സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റി' വഴി നാഡീകോശങ്ങള്‍ തമ്മിലുള്ള സംവേദനത്തിന്റെ ബലം കൂടുകയും അതേ നാഡീകോശങ്ങള്‍ വീണ്ടും ഉത്തേജിക്കപ്പെടാനുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇതുവഴി ഓര്‍മ്മ ശക്തിപ്പെടുന്നു. ഉദാഹരണത്തിനു പാഠഭാഗങ്ങള്‍ നന്നായി പഠിച്ചാല്‍ അവ ഓര്‍ക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ അറ്റെന്‍ഷന്‍ കുറവായി പഠിച്ചാല്‍ അവ വീണ്ടും ഓര്‍ക്കാന്‍ പ്രയാസമാണ്. അറ്റെന്റിവ് ആയ അവസ്ഥകളില്‍ പ്രത്യേകതരം ന്യൂറോട്രാന്‍സ്മിറ്ററുകള്‍ വിവിധ നാഡീകോശങ്ങള്‍ പുറപ്പെടുവിക്കുകയും അതുവഴി പ്രസ്തുത ഓര്‍മകള്‍ രേഖപ്പെടുത്തിയ നാഡീകോശങ്ങള്‍ തമ്മിലുള്ള സിനാപ്റ്റിക് കണക്ഷനുകള്‍ ശക്തിപ്പെടുകയും ചെയ്യുന്നു.

ഓര്‍മ്മകള്‍ നാഡീകോശങ്ങളില്‍ എത്ര കാലം രേഖപ്പെട്ടിരിക്കുന്നു എന്നത് ആപേഷികമാണ്. അതു ഓര്‍മ്മകളെ സൃഷ്ടിക്കുന്ന ഉത്തേജകങ്ങളെ അനുസരിച്ചിരിക്കും.

ചില കാര്യങ്ങള്‍ പെട്ടെന്ന് മറന്നുപോകുകയും എന്നാല്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ചിലവ (പ്രത്യേകിച്ച് മോശം അനുഭവങ്ങള്‍) ഒരിക്കലും മറന്നുപോകാതിരിക്കുകയും ചെയ്യുന്നതായി തോന്നിയിട്ടുണ്ട്. അതിനുള്ള കാരണമെന്താണ്‌?

ചില ഓര്‍മ്മകള്‍ നൈമിഷികമാണ്. ഉദാഹരണത്തിനു ഒരു ഫോണ്‍ നമ്പര്‍ പറഞ്ഞാല്‍ അത് വീണ്ടും വീണ്ടും ഓര്‍ത്തെടുത്തില്ലെങ്കില്‍ പെട്ടെന്ന് തന്നെ മറന്നു പോകും. പക്ഷേ മറ്റുചില ഓര്‍മ്മകള്‍ വര്‍ഷങ്ങളോളും നീണ്ടു നില്‍ക്കും. ഉദാഹരണത്തിനു പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ (ജഠടഉ) മുതലായ അവസ്ഥകളില്‍ ട്രോമ ഉളവാക്കിയ ഓര്‍മ്മകള്‍ മറക്കാനാവാതെ നിലകൊള്ളുന്നു. ഇവിടെയും നാഡീകോശങ്ങള്‍ തമ്മിലുള്ള സംവേദനത്തിലുള്ള വ്യതിയാനങ്ങള്‍ തന്നെയാണ് ആ ഓര്‍മ്മകളെ രേഖപ്പെടുത്തിയ നാഡീകോശങ്ങളെ വീണ്ടും ഉത്തേജിപ്പിക്കാന്‍ കാരണമാകുന്നത്.

അമൃതയുടെ ഭാവി പദ്ധതികള്‍ എന്തൊക്കെയാണ്?

മനുഷ്യമസ്തിഷ്‌കത്തിലെ വിവരവിശകലന പ്രക്രിയകള്‍ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കണമെന്നാണ് അമൃതയുടെ ആഗ്രഹം. നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരിലെ പി എച് ഡി പഠനത്തിനു ശേഷം പോസ്റ്റ് ഡോക്ടറല്‍ ഗവേഷണങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് ഇപ്പോള്‍ അമൃത.