Jan 4 • 9M

തലച്ചോറിനുള്ളിലെ ഭൂപടങ്ങള്‍; ഇതാ ഒരു കിടിലന്‍ യാത്രാനുഭവം

ഒരു അമ്യൂസ്മെന്റ് പാര്‍ക്കിലേക്കെന്ന പോലെ വായനക്കാരെ തലച്ചോറിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി അവിടുത്തെ കാഴ്ചകളും പ്രവര്‍ത്തനങ്ങളും മിടുക്കിയായ ടൂര്‍ ഗൈഡിനെ പോലെ വിവരിച്ച് തരുന്ന പുസ്തകം

5
 
1.0×
0:00
-8:34
Open in playerListen on);
Episode details
Comments

ഇഷ്ടമുള്ള ഒരു പൂ മനസില്‍ വിചാരിക്കുക. ആ പൂവിന്റെ ചിത്രവും അതിന്റെ പ്രത്യേകതകളും അതിനെ നിങ്ങള്‍ ഇഷ്ടപ്പെടാനുള്ള കാരണവും ചിലപ്പോള്‍ അതുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ വരെ ഗൂഗിള്‍ സെര്‍ച്ചിലെന്നപോലെ എവിടെയോ തെളിഞ്ഞില്ലേ. എവിടെയാണത്, തലച്ചോറിലോ, മനസിലോ? രണ്ടായാലും അതിന്റെ വ്യപാരങ്ങള്‍ വിചിത്രം തന്നെ. മനസിന്റെയും തലച്ചോറിന്റെയും വ്യാപാരങ്ങളെ സൂക്ഷ്മമായി പഠിച്ച് വിലയിരുത്തലുകള്‍ നടത്തുന്ന ഗവേഷകയാണ് വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയിലെ ന്യൂറോസൈന്റിസ്റ്റായ റബേക്ക ഷ്വാര്‍സലോസ്. സങ്കീര്‍ണ്ണമായ പ്രകൃതി പ്രതിഭാസങ്ങളെ മനസും തലച്ചോറും ആശയവല്‍ക്കരിക്കുന്നത് എങ്ങനെയാണെന്നതില്‍ ഗവേഷണം നടത്തുകയാണ് അവരിപ്പോള്‍.

ഒരു അമ്യൂസ്മെന്റ് പാര്‍ക്കിലേക്കെന്ന പോലെ വായനക്കാരെ തലച്ചോറിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി അവിടുത്തെ കാഴ്ചകളും പ്രവര്‍ത്തനങ്ങളും മിടുക്കിയായ ടൂര്‍ ഗൈഡിനെ പോലെ വിവരിച്ച് തരുന്ന റബേക്കയുടെ പുസ്തകമാണ് ബ്രെയിന്‍സ്‌കേപ്പ്സ് (Brainscapes: The Warped, Wondrous Maps Written in Your Brain-And How They Guide You). ഈ പുസ്തകം ഒരു തവണ വായിച്ചാല്‍ തലച്ചോറിനുള്ളിലെ ഗ്രേമാറ്ററിന്റെ സഹായത്താല്‍ നാം എങ്ങനെയാണ് കാര്യങ്ങള്‍ ഗ്രഹിക്കുന്നതെന്നും ചിന്തിക്കുന്നതെന്നും നമ്മുടെ ഓരോ നീക്കങ്ങളും നടക്കുന്നതെങ്ങനെയെന്നതും സംബന്ധിച്ച് നമുക്ക് ഏകദേശധാരണ ലഭിക്കും.

മനോഹരമായ നൃത്തച്ചുവടുകള്‍ പോലെ തലച്ചോറിലെ ശതകോടിക്കണക്കിന് കോശങ്ങള്‍ ഒന്നിച്ച് ചലിച്ചാണ് ഓരോ വസ്തുവിന്റെയും ചിത്രങ്ങള്‍ മനസില്‍ സൃഷ്ടിക്കപ്പെടുന്നത്. ഇവിടെ ജീനുകളും പരിസ്ഥിതിയുമാണ് ഈ നൃത്തരൂപത്തിന്റെ കൊറിയോഗ്രഫി(നൃത്തസംയോജനം) നിര്‍വ്വഹിക്കുന്നതെന്ന് റബേക്ക പറയുന്നു. നിങ്ങള്‍ കാണുന്നതെല്ലാം തലച്ചോറിനുള്ളിലെ ചുക്കിച്ചുളിഞ്ഞ ഭൂപടങ്ങളാല്‍ സാധ്യമായ കാഴ്ചകളാണ്. നാം കേള്‍ക്കുകയും സ്പര്‍ശിക്കുകയും മണക്കുകയും എന്തിന് ഓര്‍മ്മിക്കുമ്പോള്‍ വരെ ഈ ഭൂപടങ്ങള്‍ കര്‍മ്മനിരതരാകുന്നു. ഈ ഭൂപടങ്ങളിലെ ചുളിവുകളും വളവുകളുമാണ് ഓരോ ദിവസവും ഇന്ദ്രിയങ്ങളാല്‍ നാമറിയുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്കനുസരിച്ച് നമ്മുടെ ഓരോ പ്രവൃത്തിയും സാധ്യമാക്കുന്നത്.

തന്റെ കണ്ടെത്തലുകളും അഭിലാഷങ്ങളും വിദ്യാര്‍ത്ഥികളുമായി പങ്കിടാന്‍ കൊതിക്കുന്ന ഒരു അധ്യാപികയുടെ ആവേശത്തോടെയാണ് തലച്ചോറിലെ ഭൂപടങ്ങളെ കുറിച്ച് റബേക്ക തന്റെ വായനക്കാരുമായി സംവദിക്കുന്നത്. അതില്‍ അവര്‍ ഏറെക്കുറെ വിജയിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. അവരുടെ ഓരോ വരികളും ജീവസുറ്റവയാണ്. സാധാരണക്കാരെ കുഴപ്പിക്കുന്ന ശാസ്ത്രീയ പദാവലികളൊന്നും അവര്‍ തന്റെ എഴുത്തിലേക്ക് വലിച്ചിഴക്കുന്നില്ല.

തലച്ചോറിന്റെ വിവരങ്ങള്‍ ഒപ്പിയെടുക്കുാനുള്ള (ബ്രെയിന്‍ മാപ്പിംഗ്) കഴിവിനെ മനസിലാക്കാനുള്ള ശ്രമം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ചതാണ്. പക്ഷേ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സാങ്കേതികവിദ്യകളിലൂടെയാണ് ശാസ്ത്രജ്ഞര്‍ക്ക് ഇത് സംബന്ധിച്ച സൂക്ഷ്മവിവരങ്ങള്‍ ശേഖരിക്കാനും ബ്രെയിന്‍സ്‌കേപ്പ് (തലച്ചോറിലെ ദൃശ്യങ്ങള്‍) എന്ന ആശയത്തെ കൂടുതല്‍ മനസിലാക്കാനും സാധിച്ചത്. 1980കളില്‍ റോഡ് യാത്രകളില്‍ വാഹനയാത്രികര്‍ക്ക് വഴികാട്ടിയായിരുന്ന റണ്ട് മക്നല്ലി ഭൂപടങ്ങള്‍, സാങ്കേതികവിദ്യയുടെ ചിറകില്‍ നമുക്ക് സഞ്ചരിക്കേണ്ട പാത മാത്രമല്ല ആ പാതയിലെ വാഹനത്തിരക്കും കാണിച്ച് തരുന്ന ഗൂഗിള്‍ മാപ്പിന് വഴിമാറിയത് പോലെ സാങ്കേതികവിദ്യയുടെ സഹായത്തോടെ തലച്ചോറിലുള്ള ഭൂപടങ്ങളുടെ കൂടുതല്‍ ആഴത്തിലുള്ള വിശദാംശങ്ങളും ഇന്ന് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നു.

തലച്ചോറിന്റെ ചിത്രീകരണശൈലിയെക്കുറിച്ചുള്ളതാണ് ബ്രെയിന്‍സ്‌കേപ്പിന്റെ ആദ്യ അധ്യായങ്ങള്‍. കാഴ്ചയില്‍ നിന്ന് തുടങ്ങി, സ്പര്‍ശം, ശബ്ദം, രുചി, ഗന്ധം തുടങ്ങിയ അനുഭവങ്ങളിലൂടെ എങ്ങനെയാണ് തലച്ചോര്‍ ഓരോ സ്ഥലത്തെയും രൂപങ്ങളെയും അടയാളപ്പെടുത്തുന്നതെന്ന് (മാപ്പിംഗ്) ഈ അധ്യായങ്ങളില്‍ റബേക്ക വിശദീകരിക്കുന്നു. ഭൂപടമെന്ന ആശയത്തിലൂടെയാണ് റബേക്ക തലച്ചോറിനുള്ളിലെ വിവരങ്ങളുടെ അടയാളപ്പെടുത്തലിനെ അവതരിപ്പിക്കുന്നത് എന്നതിനാല്‍ വളരെ എളുപ്പത്തില്‍ വായനക്കാര്‍ക്ക് കാര്യങ്ങള്‍ മനസിലാകുന്നു. പക്ഷേ തലച്ചോര്‍ എങ്ങനെ, എന്തിനാണ് വിവരങ്ങള്‍ ഇത്തരത്തില്‍ അടയാളപ്പെടുത്തുന്നതെന്നും ഏത് രീതിയിലാണ് ഇവ അടയാളപ്പെടുത്തുന്നതെന്നും മനസിലാക്കിയെടുക്കുക അല്‍പ്പം വെല്ലുവിളി നിറഞ്ഞ കാര്യമാണ്. പോള്‍ കിമ്മിന്റെ രേഖാചിത്രങ്ങള്‍ ഇവിടെ വായനക്കാര്‍ക്ക് വലിയ ആശ്വാസമാകും.

മോണാലിസയെ കാഴ്ചാനുഭവം കാണികളിലുണ്ടാകുന്നത് എങ്ങനെയാണെന്ന് പുസ്തകത്തില്‍ റബേക്ക ഉദാഹരണമായി വിശദീകരിക്കുന്നുണ്ട്. അതായത് കാന്‍വാസിലെ ചിത്രത്തിലെ ഓരോ വിശദാംശങ്ങള്‍ നാം എങ്ങനെയാണ് ഒപ്പിയെടുക്കുന്നതെന്ന്. നിങ്ങള്‍ക്കറിയാമോ ആ ചിത്രം കാണുമ്പോള്‍ ആദ്യം നമ്മില്‍ പതിയുന്നത് മോണാലിസയുടെ മൂക്കിന്റെയും ചുണ്ടിന്റെയും വിശദാംശങ്ങളാണ്. കാരണം മുഖത്തെ ഈ അംഗങ്ങള്‍ ചിത്രത്തിലുള്ള വ്യക്തിയുടെ വികാരങ്ങള്‍ മനസിലാക്കുന്നതില്‍ വളരെ നിര്‍ണ്ണായകമാണ്. അതിനാല്‍ സൂം ചെയ്യുന്നത് പോലെ ഈ ഭാഗത്തെ കൂടുതല്‍ വലുപ്പത്തില്‍ തലച്ചോര്‍ സ്‌കാന്‍ ചെയ്യുന്നു. എന്നാല്‍ അതിനുശേഷം മൂക്കിന്റെയും ചുണ്ടിന്റെയുമടക്കം ചിത്രത്തെ സാധാരണനിലയില്‍ തലച്ചോര്‍ സ്‌കാന്‍ ചെയ്യുന്നു. പിന്നീട് ഓരോ തവണ കാണുമ്പോഴും ചിത്രം യാഥാര്‍ത്ഥത്തില്‍ ഉള്ളത് പോലെ മനസില്‍ തെളിയുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതെല്ലാം സംഭവിക്കുന്നത് നിമിഷാര്‍ദ്ധങ്ങള്‍ കൊണ്ടാണെന്നതാണ് ഏറ്റവും അമ്പരിപ്പിക്കുന്ന കാര്യം.

Rebecca Schwarzlose

പുസ്തകത്തിന്റെ രണ്ടാംപകുതിയിലുള്ള അധ്യായങ്ങള്‍ വായനക്കാരെ പിടിച്ചിരുത്തുന്നവയാണ്. കഥകളെന്ന പോലെ ഈ അധ്യായങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ വായനക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ മനസിലാക്കാം. മനസിന്റെയും തലച്ചോറിന്റെയും പ്രവര്‍ത്തനങ്ങളെ ആഴത്തില്‍ മനസിലാക്കുന്നതിനുള്ള നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗങ്ങളെക്കുറിച്ചും ദുരുപയോഗങ്ങളെക്കുറിച്ചും ഈ അധ്യായങ്ങളില്‍ റബേക്ക വിശദീകരിക്കുന്നുണ്ട്.


നൂതന നുണ പരിശോധന സംവിധാനങ്ങളും ബ്രെയിന്‍ മാപ്പിംഗ് കണ്ടെത്തലുകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന് റബേക്ക പറയുന്നു. ലബോറട്ടറികളില്‍ നിശ്ചിതഫലം തരുമെങ്കിലും അവ സൂക്ഷ്മ പരിശോധനകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്


തലച്ചോറിന് പരിക്കുകള്‍ പറ്റിയ രോഗികളെ നിരീക്ഷിച്ചതില്‍ നിന്നും ചിത്രങ്ങള്‍ അപഗ്രഥിക്കുന്നതിനായി തലച്ചോറില്‍ വളരെ പ്രധാനപ്പെട്ട, പ്രത്യേകമായ ഭൂപടമുണ്ടെന്ന് ശാസ്ത്രജ്ഞര്‍ മനസിലാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തനിക്കറിയുന്ന ഒരു വ്യക്തിയുടെ അനുഭവകഥ റബേക്ക ഓര്‍ത്തെടുക്കുന്നുന്നുണ്ട്. കാരറ്റ് എന്ന പദം കേള്‍ക്കുമ്പോള്‍ അതെന്താണെന്ന് അദ്ദേഹത്തിന് അറിയാം. എന്നാല്‍ ഒരു കാരറ്റിന്റെ ചിത്രം കാണുമ്പോള്‍ അദ്ദേഹത്തിന് അത് എന്താണെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ല. കൂര്‍ത്ത അറ്റവും നാരുകള്‍ നിറഞ്ഞ മേല്‍ഭാഗവും കാണുമ്പോള്‍ അദ്ദേഹമതിനെ ബ്രഷിന് സമാനമായ ഒരു വസ്തുവായാണ് മനസിലാക്കുന്നത്. ശരീരം തളര്‍ന്ന ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ ബ്രെയിന്‍-മാപ്പിംഗ് വിവരങ്ങള്‍ ഉപയോഗിച്ച് സ്വന്തമായി ഭക്ഷണം കഴിക്കാന്‍ സഹായിക്കുന്ന ഒരു ഉപകരണത്തെ കുറിച്ചും പുസ്തകത്തില്‍ പറയുന്നുണ്ട്.

നൂതന നുണ പരിശോധന സംവിധാനങ്ങളും ബ്രെയിന്‍ മാപ്പിംഗ് കണ്ടെത്തലുകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന് റബേക്ക പറയുന്നു. ലബോറട്ടറികളില്‍ നിശ്ചിതഫലം തരുമെങ്കിലും അവ സൂക്ഷ്മ പരിശോധനകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. കാരണം തെറ്റായ ഒരു പരിശോധനഫലം കോടതിവിധിയെ തന്നെ മാറ്റിമറിച്ചേക്കും. ചിലപ്പോഴൊക്കെ റബേക്കയുടെ ആഖ്യാനശൈലികള്‍ വായനക്കാരില്‍ ചിരിപടര്‍ത്തുന്നുമുണ്ട്. അധ്യപികയുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന കുട്ടികളുമായാണ് നാഡീവ്യവസ്ഥയില്‍ ഒരോ വിവരങ്ങളുമായി ഓടിനടക്കുന്ന ന്യൂറോണുകളെ അവര്‍ താരതമ്യം ചെയ്യുന്നത്.

ആഴത്തിലുള്ള ഗവേഷണങ്ങളിലൂടെ ലഭിച്ച കണ്ടെത്തലുകളെ അടിസ്ഥാനപ്പെടുത്തി രചിച്ച ഈ പുസ്തകത്തില്‍ ഒറ്റ പഠനത്തില്‍ നിന്നുള്ള ചില നിരീക്ഷണങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നുവെന്ന വസ്തുത ചില വായനക്കാര്‍ക്ക് ദഹിക്കാതെ വരാം. അപരിചിതന് കൈകൊടുത്താല്‍ കൈവിരലുകള്‍ മണത്ത് നോക്കാന്‍ ആളുകളില്‍ ഒരു പ്രവണതയുണ്ടാകുമെന്ന നിഗമനം അത്തരത്തിലൊന്നാണ്. എങ്കിലും മിടുക്കിയും ആവേശഭരിതയുമായ ടൂര്‍ ഗൈഡിന്റെ സഹായത്താല്‍ പുത്തനറിവുകളുടെ വിശാലമായ താഴ്വരയില്‍ നടത്തുന്ന ഒരു സവാരി പോലെ ഒരു സുന്ദര യാത്രയാണ് ഈ പുസ്തകാനുഭവം.