
കോഴി മാലിന്യത്തില്‍ നിന്നും ബയോഡീസല്‍; അതും 35 രൂപയ്ക്ക്
പെട്രോള്‍ വില സെഞ്ചുറി കടന്നും ഡീസല്‍ വില സെഞ്ചുറി അടിക്കാന്‍ പാകത്തിന് ഒരുങ്ങി നില്‍ക്കുകയും ചെയ്യുന്ന ഈ സമയത്താണ് ബയോഡീസലിന്റെ പ്രാധാന്യം ഏറുന്നത്
പെട്രോളിന്റെയും ഡീസലിന്റെയും വില റോക്കറ്റിനെക്കാള്‍ വേഗത്തില്‍ കുതിച്ചുയരുമ്പോള്‍ സാധാരണക്കാരന്റെ നെഞ്ചിലാണ് തീപിടിക്കുന്നത്. പെട്രോള്‍ വില സെഞ്ചുറി കടന്നും ഡീസല്‍ വില സെഞ്ചുറി അടിക്കാന്‍ പാകത്തിന് ഒരുങ്ങി നില്‍ക്കുകയും ചെയ്യുന്ന ഈ സമയത്താണ് ബയോഡീസലിന്റെ പ്രാധാന്യം ഏറുന്നത്. ശുദ്ധമായ ഡീസല്‍ അതും വെറും കോഴി മാലിന്യത്തില്‍ നിന്ന് ഉണ്ടാക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് വയനാട്ടിലെ ഒരു വെറ്റിറിനറി ഡോക്റ്റര്‍
കൊച്ചി പോലുള്ള നഗരവാസികള്‍ക്കും നഗരസഭയ്ക്കുമെല്ലാം മാലിന്യം എന്നും ഒരു തലവേദനയാണ്. മിക്കയിടങ്ങളിലും ഇന്ന് പ്ലാസ്റ്റിക് മാലിന്യം കൊണ്ടുപോകാന്‍ ആളുണ്ടെങ്കിലും ഭക്ഷ്യവസ്തുക്കളുടെ മാലിന്യം നഗരവാസികള്ക്കെന്നും ഒരു കീറാമുട്ടിയാണ്. എന്നാല്‍ ഇങ്ങ് വയനാട് ഒരു മാലിന്യവും തലവേദനയല്ലെന്നു മാത്രമല്ല, ഉപകാരപ്രദമായ മറ്റ് പല വസ്തുക്കളായി രൂപം മാറുകയും ചെയ്യും. അതായത്, ഏതു മാലിന്യവും പുനരുപയോഗം ചെയ്ത് പല വിധത്തില്‍ ഉപയോഗിക്കാമെന്ന് വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ അസോഷിയേറ്റ് പ്രൊഫസറായ ഡോ. ജോണ്‍ ഏബ്രഹാം തെളിയിച്ചു കഴിഞ്ഞു.
കോഴി മേടിച്ച് കറിവച്ചു കഴിച്ചാല്‍ പിന്നെ അതിന്റെ പുറകിലെ കാര്യങ്ങളൊന്നും നമ്മള് അധികം ചിന്തിക്കാറില്ല. എന്നാല്‍ ഈ കോഴിയുടെ ബാക്കി വരുന്ന വേസ്റ്റ് മാത്രം മതി നമ്മള് ഇന്ന് പൊന്നും വില കൊടുത്ത് മേടിക്കുന്ന ഡീസലുണ്ടാക്കാന്‍! അതെ, നല്ല ശുദ്ധമായ, അന്തരീക്ഷ മലിനീകരണം ഉണ്ടാക്കാത്ത അസ്സല് ബയോഡീസല്‍ വെറും 35.68 രൂപയ്ക്ക് കിട്ടുകയും ചെയ്യും. കോഴിയുടെ മാലിന്യം മാത്രമല്ല, ചത്ത കോഴിയെയും ഒരു തരി പോലും ബാക്കി വരാത്ത തരത്തില്‍ ഉപയോഗിച്ച് ബയോഡീസലാക്കാനുള്ള ഡോ. ജോണ്‍ ഏബ്രഹാമിന്റെ കണ്ടെത്തലിന് പേറ്റന്റും ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ബയോഡീസല്‍ വാണിജ്യ ഉപയോഗത്തിനും ഒരുങ്ങുകയാണ്.
മാലിന്യമല്ല, ഇന്ധനം
ഡോ. ജോണ്‍ ഏബ്രഹാം തന്റെ പിഎച്ച്ഡി ഗവേഷണത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ നാമക്കല്ലിലായിരുന്നപ്പോഴാണ് ആദ്യമായി ഈ ആശയം തലയിലുദിച്ചത്. ആ നാട്ടില്‍ ധാരാളം ഉണ്ടായിരുന്ന കോഴി മാലിന്യങ്ങള്‍ റെന്‍ഡറിങ് (rendering) എന്ന പ്രക്രിയയിലൂടെ കടത്തിവിട്ട് അതിനെ പ്രോട്ടീന്‍ പൗഡറും ജൈവ എണ്ണയുമായി വേര്തിരിച്ചെടുക്കുമായിരുന്നു.
പ്രോട്ടീന്‍ പൗഡര്‍ എന്ന ഖര രൂപത്തിലുള്ള പൊടി വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള ഭക്ഷണത്തില്‍ ചേര്‍ക്കുന്നതിനായി ഉപയോഗിക്കും. എന്നാല്‍ ഈ എണ്ണ ഉപയോഗ ശൂന്യമായി കളയുന്നത് കണ്ടപ്പോഴാണ് എന്തുകൊണ്ട് അതില്‍ നിന്നും ബയോഡീസല്‍ ഉണ്ടാക്കിക്കൂടാ എന്ന് മനസ്സില്‍ ആശയമുദിച്ചത്. അങ്ങനെയാണ് ഈ ചിക്കന്‍ ഓയിലില്‍ നിന്ന് ബയോഡീസല്‍ ഉണ്ടാക്കിയെടുത്തതെന്ന് ഡോ. ജോണ്‍ പറയുന്നു. കോഴിയുടെ ഒരു ഭാഗവും വേസ്റ്റായി പോകുന്നില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയും.
കാത്തിരിപ്പിനൊടുവില്‍
അങ്ങനെ തന്റെ ഗവേഷണ വിഷയമായി ഡോ. ജോണ്‍ തെരഞ്ഞെടുത്ത ഇറച്ചികോഴിയുടെ കൊഴുപ്പില്‍ നിന്ന് ജൈവ ഡീസല്‍ നിര്‍മിക്കുന്ന സങ്കേതം ഒരു മാറ്റത്തിന്റെ തുടക്കമായി. തമിഴ്നാട് വെറ്ററിനറി കോളെജിലെ പ്രൊഫസറായിരുന്ന ഡോ. രമേഷ് ശരവണകുമാറിന്റെ കീഴിലായിരുന്നു ഗവേഷണം. ഈ സാങ്കേതികവിദ്യയിലൂടെ ബയോഡീസല്‍ ഉണ്ടാക്കി കഴിഞ്ഞ ഏഴര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇക്കഴിഞ്ഞ ജൂലൈയിലാണ് ഇന്ത്യന്‍ പേറ്റന്റ് ഓഫീസില്‍ നിന്ന് പേറ്റന്റ് അനുവദിച്ചത്. ഡോ. രമേഷിന്റെയും ഡോ. ജോണിന്റെയും പേരിലാണ് പേറ്റന്റ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ പേറ്റന്റ് കൈയ്യില്‍ കിട്ടുന്നതിനു മുന്‍പ് കഴിഞ്ഞ വര്‍ഷം ഡോ. രമേഷ് അന്തരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് ഡോ. ജോണ്‍ ഈ പേറ്റന്റ് സമര്‍പ്പിക്കുന്നത്.
ഡോക്റ്ററല്‍ പഠനത്തിനു ശേഷം വയനാട്ടിലെ കോളെജില്‍ തിരിച്ചെത്തിയ ഡോ. ജോണ്‍ അവിടെ ഒരു പൈലറ്റ് പ്ലാന്റ് സ്ഥാപിക്കുകയും ചെയ്തു. അന്നു മുതല്‍ കോളെജിലെ ഒരു ജീപ്പും ഫാമിലുള്ള ട്രാക്റ്ററും ഈ ബയോഡീസലിലാണ് ഓടുന്നത്. ഇത് വാഹനത്തിന്റെ ഉയര്‍ന്ന എന്ജിന് ക്ഷമതയും കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനവും കാണിക്കാനുള്ള ഉദാഹരണങ്ങളായി. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന ബയോഡീസലിന് കൊച്ചിന് റിഫൈനറി പരിശോധിച്ച് ഗുണമേന്മാ സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടുണ്ട്. വാഹനങ്ങളില്‍ 80% ബയോഡീസലും 20% സാധാരണ ഡീസലും ഒഴിച്ച് മിശ്രിതമാക്കിയാണ് ഇവ ഉപയോഗിക്കുന്നത്. പൂര്‍ണമായും ബയോഡീസലില്‍ ഓടിക്കാന്‍ വാഹനങ്ങളില്‍ ചില മോഡിഫിക്കേഷനുകള്‍ വരുത്തേണ്ടി വരും എന്നതിനാലാണിത്. എങ്കില്‍ പോലും പൂര്‍ണമായും ഡീസല്‍ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളെക്കാള്‍ പുക കുറവും അതിലൂടെ കാര്‍ബണ്‍ ബഹിര്‍ഗമനവും കുറയ്ക്കാന്‍ ഇതിനാകുമെന്ന് തെളിഞ്ഞിട്ടുണ്ട്.
മാലിന്യത്തില്‍ നിന്ന് ജൈവഡീസലിലേക്ക്
കോഴിയുടെ എല്ലാ ഭാഗങ്ങളും റെന്‍ഡറിങ് എന്ന പ്രക്രിയയിലൂടെ പ്രഷര്‍ കുക്കറിലെന്ന പോലെ ഒരു പ്രത്യേക തരത്തില്‍ ഡ്രൈ കുക്ക് ചെയ്തെടുക്കും. അതില്‍ നിന്ന് പെഡിഗ്രി പോലുള്ള വളര്‍ത്തു മൃഗങ്ങളുടെ ഭക്ഷണത്തിനുപയോഗിക്കുന്ന പ്രോട്ടീന്‍ പൗഡറും എണ്ണയും ലഭിക്കും. 100 കിലോ കോഴിക്ക് 10 ലിറ്റര്‍ എണ്ണ ലഭിക്കും. നമ്മുടെ കേരളത്തില്‍ തന്നെ ദിവസം 325 ടണ്‍ കോഴി മാലിന്യങ്ങള്‍ ഉണ്ടാകുന്നുവെന്നാണ് കണക്ക്. ഇത് സംസ്കരിക്കുന്നതിനു പകരം ഇത്തരത്തില്‍ ബയോഡീസല്‍ ഉണ്ടാക്കിയാല്‍ തന്നെ നല്ലൊരു ശതമാനം അന്തരീക്ഷ മലിനീകരണം കുറയും, സാമ്പത്തിക ലാഭവും നേടാം.
അടുത്ത പരിപാടി ഈ കോഴി എണ്ണ ഒരു റിയാക്റ്റര്‍ വഴി മെഥനോളും കാറ്റലിസ്റ്റുകളും ചേര്‍ത്ത് കടത്തി വിടും. അതിനു ശേഷം ഇത് ബയോഡീസലായി മാറുന്നു. മാത്രമല്ല, ഉപോല്‍പ്പന്നമായി ഗ്ലിസറിനും ലഭിക്കും. പിന്നീട് ബയോഡീസലിലെ അഴുക്കുകള്‍ മാറാനായി വാഷ് ടാങ്കില്‍ വച്ച് കഴുകും. ഇത് വീണ്ടും റിയാക്റ്ററിലേക്ക് വിട്ട് ചൂടാക്കി, വാക്വം ചെയ്ത് ജലാംശം കളയും. അങ്ങനെ ശുദ്ധമായ ബയോഡീസലായി ഇത് പുറത്തു വരുന്നു. ആറു മണിക്കൂറോളം എടുക്കുന്ന പ്രക്രിയയാണിത്. കോളെജിലെ പ്ലാന്റില്‍ നിന്ന് ഒരു ദിവസം ഏകദേശം 50 ലിറ്റര്‍ ബയോഡീസല്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്ന് ഡോ. ജോണ്‍ അഭിമാനത്തോടെ പറയുന്നു.
ബയോഡീസല്‍ വാഹനങ്ങള്‍ക്ക് പല ഗുണങ്ങളും നല്‍കുന്നുണ്ട്. അതില്‍ പ്രധാനമാണ് എന്ജിന് ക്ഷമത. ഇന്ധനത്തിന് ലൂബ്രിക്കേഷന് സ്വഭാവം കൂടുതലുള്ളതു കൊണ്ട് എന്ജിന് സ്മൂത്തായിരിക്കും. ഇറച്ചിക്കോഴിയില്‍ നിന്നും ലഭിക്കുന്ന ബയോഡീസലിന് ഉയര്‍ന്ന സീറ്റേയ്ന് വാല്യു (cetane value) ഉണ്ടെന്നതിനാല്‍ കൂടുതല്‍ കാര്യക്ഷമമാണെന്നതും ശ്രദ്ധേയമാണ്. ശുദ്ധമായ പച്ച ഇന്ധനമായതുകൊണ്ട് ഇതിന് പുക ഉണ്ടാവുകയുമില്ല. ഈ ഇന്ധനത്തില്‍ ഓക്സിജന്‍ അടങ്ങിയിരിക്കുന്നതുകൊണ്ട് പൂര്‍ണമായും കത്തി പോകും. കാര്‍ബണ്‍ പുറന്തള്ളലും ഉണ്ടാകില്ല, അന്തരീക്ഷ മലിനീകരണം ഇല്ലേയില്ല. ബയോഡീസല്‍ വാഹനങ്ങളില്‍ 50% കലര്‍ത്തിയാല്‍ തന്നെ മലിനീകരണ തോത് വളരെയേറെ കുറയും. എന്നാല്‍ ഫ്യുവല്‍ സെന്‍സറുകള്‍ ഉള്ള വാഹനങ്ങളില്‍ 20 ശതമാനത്തില്‍ കൂടുതല്‍ ബയോഡീസല്‍ ഉപയോഗിക്കാന്‍ കഴിയില്ല.
ഒന്നും ബാക്കിയല്ല, മിച്ചം മാത്രം
കോഴി മാലിന്യം എടുക്കുന്നതിന് കിലോ 7 രൂപ നിരക്കില്‍ ഇങ്ങോട്ട് ലഭിക്കും. ഒരു കിലോ കോഴി മാലിന്യത്തില്‍ നിന്നും 10 ശതമാനമാണ് എണ്ണ ലഭിക്കുന്നത്. 36% ഭക്ഷ്യ പൊടിയായും മാറും. ബാക്കി 54% വെള്ളം റെന്‍ഡറിങ് സമയത്ത് ഇതിന്റെ പ്രവര്‍ത്തനത്തിനായും ഉപയോഗിക്കുകയാണ് ചെയ്യുന്നത്. കോഴി എണ്ണയുടെ 86% ബയോഡീസലും 14% ഗ്ലിസറിനുമായി മാറ്റിയെടുക്കാം. ഉപോല്‍പ്പന്നമായ ഗ്ലിസറിന്‍ സോപ്പ് നിര്‍മാണത്തിനും ഉപയോഗപ്പെടുത്താവുന്നതാണ്. അടുത്തത് ഇതിലുണ്ടാകുന്ന പൊടിയാണ്. കിലോ 25 രൂപയ്ക്ക് ഈ പൊടി പെഡിഗ്രി പോലുള്ള പെറ്റ് ഫുഡുകളില്‍ ചേര്‍ക്കുന്നതിനായി വില്‍ക്കുകയും ചെയ്യാം. ചുരുക്കി പറഞ്ഞാല്‍ ഇനി ഒന്നും ബാക്കിയില്ല, മിച്ചം മാത്രം. എങ്ങനെ നോക്കിയാലും ഇനി മാലിന്യമില്ല എന്നു മാത്രമല്ല, ലാഭമാണ് താനും.
റെന്‍ഡറിങ് പ്ലാന്റുകള്‍ വ്യാപകമാകുന്നുണ്ടെങ്കിലും അതില്‍ നിന്നും ബയോഡീസല്‍ ഉണ്ടാക്കുന്ന പദ്ധതി ആദ്യം ആവിഷ്കരിക്കുന്നത് ഡോ. ജോണാണ്. കോഴി മാലിന്യം മാത്രമല്ല ഡോ.ജോണ്‍ സീറോ വേസ്റ്റാക്കി മാറ്റുന്നത്. കോളെജ് ഹോസ്റ്റലിലെയും മറ്റും ഭക്ഷ്യ മാലിന്യവും ഇവിടെ പ്രൊസസ് ചെയ്ത് ബയോഗാസ് ആയി ഉപയോഗിക്കുന്നുണ്ട്. ബലൂണിലെന്ന പോല നിറച്ച ഈ ബയോഗ്യാസ് കൊണ്ട് നല്ല പാചക വാതകവും ലഭിക്കുന്നു. ഇനിയും കഴിഞ്ഞില്ല ഡോക്റ്ററുടെ കണ്ടെത്തലുകള്‍. ബയോഡീസല്‍ കൂടാതെ സൈക്കിള്‍ കൊണ്ട് ചവിട്ടി കറക്കാവുന്ന കറവ മെഷീന് പോലുള്ള മൂന്ന് മറ്റ് പേറ്റന്റുകളും കൂടി ഇദ്ദേഹത്തിന് സ്വന്തമാണ്.
അടുത്തതായി നടത്തുന്ന ഗവേഷണം ഹോട്ടല്‍ മാലിന്യങ്ങള്‍ കൊടുത്ത് പന്നികളെ വളര്‍ത്തി അവയുടെ അവശിഷ്ടങ്ങളില്‍ നിന്നും ഇതേ മാതൃകയില്‍ എണ്ണ ഉണ്ടാക്കി ബയോഡീസല്‍ ആക്കി മാറ്റുകയാണ്.
പല രീതികള്‍
ബയോഡീസല്‍ പല തരത്തില്‍ ഉണ്ടാക്കിയെടുക്കാം. അതായത്, ഏത് തരത്തിലുള്ള എണ്ണയില്‍ നിന്നും ഉണ്ടാക്കാം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന നിബന്ധന അനുസരിച്ച് ഇപ്പോഴത്തെ ഇന്ധന വിലയെക്കാള്‍ മൂന്നിലൊന്ന് കുറവു ചെലവ് വരുന്ന എണ്ണ മാത്രമേ ഇതിനായി ഉപയോഗിക്കാനാവൂ. മാത്രമല്ല, ഭക്ഷ്യ എണ്ണകള്‍ ഉപയോഗിച്ച് ബയോഡീസല്‍ ഉല്‍പ്പാദിപ്പിക്കാന്‍ അനുമതിയുമില്ല. അതുകൊണ്ടാണ് ഇതിന് വ്യാപകായി പ്രചാരം ലഭിക്കാതിരുന്നതും. എന്നാല്‍ ചില ചെടികളുടെ കായ്കളില്‍ നിന്ന് എണ്ണ ഉല്‍പ്പാദിപ്പിച്ച് ബയോഡീസലാക്കാം. പക്ഷേ ഈ ചെടികള്‍ വളര്‍ത്തി കായ്ച്ചു വരാന്‍ ഏകദേശം ആറു വര്‍ഷങ്ങളെടുക്കും. അതിനു ശേഷം ഇവ ഉണക്കി എണ്ണയാക്കി ബയോഡീസലാക്കുന്ന പ്രക്രിയ വലിയ അളവില്‍ അത്ര പ്രായോഗികമല്ല.
കേന്ദ്ര സര്‍ക്കാര്‍ 2018ല്‍ ബയോഡീസല്‍ പോളിസി പുറത്തിറക്കിയത് ഈ രീതിക്ക് കരുത്ത് പകരുന്നു
പിന്നീടുള്ള ഒരു മാര്‍ഗം ഉപയോഗിച്ച എണ്ണ ഇതിനായി ഉപയോഗിക്കുകയാണ്. നിലവില്‍ പല സ്ഥലങ്ങളിലും ബയോഡീസല്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതും ഈ മാര്‍ഗമാണ്. വീടുകളിലും ഹോട്ടലുകളിലും ഉപയോഗിച്ച എണ്ണ ശേഖരിച്ച് അവ ബയോഡീസല്‍ ആക്കി മാറ്റുകയാണ് ഇതിലൂടെ ചെയ്യുന്നത്. തരുവനന്തപുരത്തും കാസര്‍ഗോഡും വരുന്ന ഡിസംബറോടെ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന പുതിയ ബയോഡീസല്‍ പ്ലാന്റ് ഇതേ മാതൃകയിലാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി കരാറില്‍ ഏര്‍പ്പെട്ട് ബയോഡീസല്‍ വിണിയിലെത്തിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
ചില മാതൃകകള്‍
ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ ഫൈറ്റര്‍ പ്ലെയിനിലും ബയോഡീസല്‍ ഏവിയേഷന്‍ ഇന്ധനവുമായി കലര്‍ത്തി ഉപയോഗിച്ചിരുന്നു. മുന്‍പ് നമ്മുടെ കെഎസ്ആര്‍ടിസി 5% ബയോഡീസല്‍ മിശ്രിതമാക്കി ഉപയോഗിച്ചിരുന്നെങ്കിലും നിര്‍ത്തി. എന്നാല്‍ കര്‍ണാടക ആര്‍ടിസിയുടെ എല്ലാ ബസുകളും ഇപ്പോഴും ബയോഡീസലിലാണ് ഓടുന്നതെന്ന് ഡോ. ജോണ്‍ പറയുന്നു. വന്‍കിട കമ്പനികളായ ടാറ്റയും റിലയന്‍സുമെല്ലാം ബയോഡീസല്‍ പദ്ധതികള്‍ തുടങ്ങിക്കഴിഞ്ഞു. ഇതെല്ലാം നമുക്ക് സ്വീകരിക്കാവുന്ന നല്ല മാതൃകകളാണ്. കേന്ദ്ര സര്‍ക്കാര്‍ 2018ല്‍ ബയോഡീസല്‍ പോളിസി ഇറക്കിയതും ഈ മാതൃകകളെ പ്രോത്സാഹിപ്പിക്കാനാണ്. ഡോ. ജോണിന്റെ പദ്ധതിയുമായി സഹകരിക്കാന്‍ ചില സ്വകാര്യ കമ്പനികള്‍ താല്‍പ്പര്യമറിയിച്ചിട്ടുണ്ട്. കോയമ്പത്തൂരില്‍ ഒരു പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.