
ബീഫ് കഴിക്കുന്നത് കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുമോ?
ഇതാണ് കാലാവസ്ഥ വ്യതിയാനം. ഇത് നേരെയാകണമെങ്കില്‍ പ്രകൃതി വിചാരിച്ചിട്ട് കാര്യല്യാ, മനുഷ്യര്‍ വിചാരിക്കണം, പ്രത്യേകിച്ച് നിന്നെപ്പോലുള്ള മാംസാഹാരപ്രിയര്‍
Summary
ബീഫും കാലാവസ്ഥ വ്യതിയാനവും തമ്മില്‍ ബന്ധമുണ്ടോ? ബീഫ് കൂടുതല്‍ കഴിക്കുന്നത് കാലാവസ്ഥ വ്യതിയാനത്തെ ബാധിക്കുമോ? പ്രകൃതി സ്നേഹികളായ മാംസാഹരികളുടെ ഈ സംശയങ്ങള്‍ക്കുള്ള ഉത്തരമിതാ...
''നീ ഈ വാര്‍ത്ത കണ്ടോ, മാംസാഹാരം കാരണം കാലാവസ്ഥാ വ്യതിയാനം കൂടുന്നുവത്രേ, ഈ മാധ്യമങ്ങളൊക്കെ ഇങ്ങനെ തുടങ്ങിയാല്‍ നമ്മുടെ കഞ്ഞികുടി മുട്ടുമല്ലോ'' ഓഫീസിലെ കട്ടപ്പണിക്കിടെ വീണുകിട്ടിയ അഞ്ചുമിനിട്ടില്‍ വാര്‍ത്താ വെബ്സൈറ്റിലൂടെ ഊളിയിടവേ അനു വിനുവിനോട് പറഞ്ഞു.
''അതിലെന്താ സുഹൃത്തേ ഇത്ര സംശയം, സംഭവം സത്യം തന്നെയാ. രണ്ട് വര്‍ഷം മുമ്പ് ഞാന്‍ വീഗനായത് ഇതുപോലൊരു ലേഖനം വായിച്ചിട്ടാ,''വിനു മറുപടി പറഞ്ഞു.
അനു: പിന്നേ.. വീഗന്‍, നിന്നെപ്പോലുള്ളവരൊക്കെ ഇത് വിശ്വസിക്കും, മൂന്നുനേരം ഇറച്ചി കൂട്ടി ഉണ്ടില്ലെങ്കില്‍ ഉറങ്ങാന്‍ പറ്റാത്ത ഞാനിതൊക്കെ കേട്ട് വീഗനായാല് എപ്പോള്‍ കാറ്റ് പോയെന്ന് ചോദിച്ചാല്‍ മതി. നീ വാ. ഇതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഇപ്പോള്‍ തന്നെ പോയി രണ്ട് കോഴീനേം അരപ്പോത്തിനേം അകത്താക്കീട്ട് വരാം.
നട്ടുച്ച വെയിലില്‍ നടന്ന് രണ്ടാളും നഗരത്തിലെ പ്രമുഖ ഹോട്ടലിലെത്തി. അനു വിന്‍ഡോ സൈഡിലെ സ്ഥിരം സീറ്റിലമര്‍ന്നു.
''ഹാവൂ എന്തൊരു ക്ഷീണം. ഇന്നെന്തെങ്കിലും കാര്യമായിട്ട് തട്ടണം. നിനക്കെന്താ?''.
'എനിക്ക് ഊണ് മതി' വിനു മറുപടി പറഞ്ഞു. കൂടെ മീന്‍ വറുത്തത് വേണ്ടേയെന്ന് കള്ളച്ചിരിയോടെ അനു ചോദിച്ചു.
''എനിക്കൊന്നും വേണ്ടേ, അതും കൂടി നീ തട്ടിക്കോ''
വെയിറ്റര്‍ വന്നു, അനു ഓര്‍ഡര്‍ കൊടുത്തു, 'ഇവനൊരു ഊണ്, പച്ചക്കറി. എനിക്ക് ഒരു മട്ടന്‍ ബിരിയാണി, ബീഫ് ഫ്രൈ, കരിമീന്‍ പൊള്ളിച്ചത് അതിനൊപ്പം കഴിക്കാന്‍ രണ്ട് ചപ്പാത്തി പിന്നെ ഒരു സുഖത്തിന് ചിക്കന്‍ സാലഡും'. ഓര്‍ഡര്‍ കേട്ട് അന്തിച്ച് നില്ക്കുന്ന വെയിറ്ററോടും വിനുവിനോടും പിന്നെ തന്നോടുമായി അനു പറഞ്ഞു. ''ഞാനൊരു ഭക്ഷണപ്രിയനാണേ...'
പെട്ടെന്ന് വെയില് മാറി അര്‍ത്തലച്ച് മഴ പെയ്തു. വിന്‍ഡോ തുറന്നിട്ടിരുന്നത് കൊണ്ട് അനു ആകെ നനഞ്ഞു.
''നാശം ഇതെന്തൊരു മഴ. പണ്ടൊക്കെ ഇപ്പോള്‍ മഴ വരുന്നത് പുറത്തേക്ക് നോക്കിയാലേ അറിയാമായിരുന്നു, ആകാശമൊക്കെ ഇരുണ്ട്, അന്തരീക്ഷമൊക്കെ തണുത്ത്. ഇതിപ്പോ കാലാവസ്ഥയ്ക്ക് ഒരു ലക്കും ലഗാനുമില്ലാത്ത അവസ്ഥയാ. എപ്പോ മഴ പെയ്യും വെയില് തെളിയും കാറ്റ് വീശും എന്നൊന്നും കാലാവസ്ഥ പ്രവചനക്കാര്‍ക്ക് പോയിട്ട് പ്രകൃതിക്ക് പോലും അറിയാത്ത അവസ്ഥയാ. കാലത്തിന്റെയൊരു പോക്ക്, ഇതൊക്കെ ഇനി എന്ന് നേരെയാകുമോ എന്തോ''.
അത്രയും നേരം മിണ്ടാതിരുന്ന വിനു പറഞ്ഞു.
''രോഷം കൊണ്ടിട്ട് കാര്യമില്ല മോനേ, ഇതാണ് കാലാവസ്ഥ വ്യതിയാനം. ഇത് നേരെയാകണമെങ്കില്‍ പ്രകൃതി വിചാരിച്ചിട്ട് കാര്യല്യാ, മനുഷ്യര്‍ വിചാരിക്കണം, പ്രത്യേകിച്ച് നിന്നെപ്പോലുള്ള മാംസാഹാരപ്രിയര്‍''.
അപ്പറഞ്ഞത് അനുവിന് കൊണ്ടു. എങ്കിലും ദേഷ്യം പുറത്തുകാട്ടാതെ അവന് ചോദിച്ചു. ''നീ ഈ മാധ്യമങ്ങള്‍ പറയുന്നത് കണ്ണും പൂട്ടി വിശ്വസിക്കുവാണോ. ഇതൊക്കെ ഒരു അജന്‍ഡയല്ലേ. അല്ലാതെ ഭക്ഷണവും പ്രത്യേകിച്ച് മാംസാഹാരവും കാലാവസ്ഥ വ്യതിയാനവും തമ്മില്‍ എന്ത് ബന്ധമാണ്, അത് വിശ്വസിക്കാന്‍ മാത്രമുള്ള തെളിവ് നിന്റെ കയ്യിലുണ്ടോ.''
വിനു ഫോണ്‍ കയ്യിലെടുത്തു. ഗൂഗിളില്‍ എന്തോ തിരഞ്ഞു, എന്നിട്ട് പറഞ്ഞു. ''നിനക്ക് മാധ്യമങ്ങളെയല്ലേ വിശ്വാസമില്ലാത്തത്, ഐക്യരാഷ്ട്രസഭയെ വിശ്വസിക്കാലോ. ഇത് അവരുടെ 2019ലെ കാലാവസ്ഥാ വ്യതിയാന റിപ്പോര്‍ട്ടാണ്. ഇതിലവര്‍ കാലാവസ്ഥാ വ്യതിയാനം തടയാനുള്ള പ്രധാന പരിഹാര മാര്‍ഗ്ഗങ്ങളായി പറയുന്നത് എന്തൊക്കെയാണെന്നോ, ഭൂവിനിയോഗം, കൃഷി, മനുഷ്യരുടെ ഭക്ഷണം ഈ മൂന്ന് കാര്യങ്ങളില്‍ കാതലായ മാറ്റം കൊണ്ടുവരിക. ഐക്യരാഷ്ട്രസഭ പോലുള്ള അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടന ഇങ്ങനെയുള്ള കാര്യങ്ങളില്‍ വെറുതേ അഭിപ്രായം പറയുമെന്ന് നീ കരുതുന്നുണ്ടോ.''
അനു വിനുവിന്റെ ഫോണ്‍ വാങ്ങി നോക്കി. ശരിയാണ്, ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമിതിയായ ഇന്റെര്ഗവണ്മെന്റല് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയിഞ്ചില്‍(ഐപിസിസി) അംഗങ്ങളായ 52 രാജ്യങ്ങളില്‍ നിന്നുള്ള നൂറ് ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ്. അത് തെറ്റാകാന്‍ വഴിയില്ല. അവന്റെ ഉള്ളിലെന്തോ പുകയാന്‍ തുടങ്ങി. എന്നാലും ഇതെങ്ങെനെയാണ് ഭക്ഷണം മൂലം കാലാവസ്ഥാ വ്യതിയാനമുണ്ടാകുന്നത്.
അവന്റെ ആലോചന കണ്ട് വിനു പറഞ്ഞു. ''നിനക്ക് ഞാന്‍ കുറച്ച് ലിങ്കുകള്‍ അയക്കാം. ഇതുമായി ബന്ധപ്പെട്ട് വിശ്വസിക്കാവുന്ന ചില റിപ്പോര്‍ട്ടുകള്‍ ആണ്. നീ ചുമ്മാ ഒന്ന് വായിച്ച് നോക്ക്. നിന്നെ വീഗനാക്കാനുള്ള അജന്‍ഡയൊന്നുമല്ല. പക്ഷേ ചില സത്യങ്ങള്‍ മനസിലാക്കുമ്പോള്‍ നമ്മള് സ്വയം മാറാന്‍ തയ്യാറാകും. നമ്മളൊക്കെ മനുഷ്യരല്ലേ..''
അനുവിന്റെ ഫോണില്‍ കിളി ചിലച്ചു. വാട്ട്സ്ആപ്പില്‍ വിനു അയച്ച ലിങ്കുകളാണ്.
നിങ്ങള്‍ക്കറിയാമോ?
ആഗോളതലത്തില്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ഡയോക്സൈഡിന്റെ (കാര്‍ബണ്‍ എമിഷന്‍) പതിനാല് ശതമാനം വരുന്നത് കന്നുകാലി വളര്‍ത്തല്‍ മേഖലയില്‍ നിന്നുമാണ്. ഈ വിഷയത്തില്‍ നാമെപ്പോഴും കുറ്റപ്പെടുത്തുന്ന ഗതാഗത മേഖലയിലും എതാണ്ട് ഇതേ അളവിലുള്ള കാര്‍ബണ്‍ എമിഷന്‍ തന്നെയാണ് നടക്കുന്നത്.
നിലവില്‍ ഭൂമിയിലെ ഐസ് മൂടാത്ത, അതായത് ഉപയോഗയോഗ്യമായ കരയുടെ 30 ശതമാനവും വളര്ത്തുമൃഗങ്ങളാല് നിറയ്ക്കപ്പെട്ടിരിക്കുകയാണ്.
ആഗോളതലത്തിലുള്ള മൊത്തം കൃഷിഭൂമിയുടെ 83 ശതമാനവും ഉപയോഗിക്കപ്പെടുന്നത് കന്നുകാലി വളര്‍ത്തലിന് വേണ്ടിയാണ്. പക്ഷേ ആഹാരത്തിലൂടെ നമ്മളിലെത്തുന്ന കാലറിയുടെ കേവലം പതിനെട്ട് ശതമാനം മാത്രമാണ് മാംസാഹാരവും പാലുല്‍പ്പന്നങ്ങളും നല്‍കുന്നത്. പക്ഷേ കാര്‍ഷിക മേഖലയില്‍ നിന്നുള്ള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലില്‍ 60 ശതമാനവും നടക്കുന്നത് കന്നുകാലി വളര്‍ത്തല്‍ മേഖലയില്‍ നിന്നാണ്.
ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലില്‍ ആഗോളതലത്തില്‍ ഏഴാം സ്ഥാനത്താണ് കന്നുകാലി വളര്‍ത്തല്‍ മേഖല.
ഭൂമിയിലെ മൊത്തം ശുദ്ധജലത്തിന്റെ മൂന്നിലൊന്നും കുടിക്കുന്നത് കന്നുകാലികളാണ്.
ഓക്സ്ഫഡ് സര്‍വ്വകലാശാലയിലെ ജോസഫ് പൂര് എന്ന ഗവേഷകന്റെ നേതൃത്വത്തില്‍ തയ്യാറാക്കപ്പെട്ട ഒരു റിപ്പോര്‍ട്ടിലെ ചില പ്രധാന വസ്തുതകളാണ് ഇവ.
കാലാവസ്ഥാ വ്യതിയാനത്തില്‍ ഭക്ഷണത്തിന്റെ പങ്ക്
മനുഷ്യനുമായി ബന്ധമുള്ള മിക്ക കാര്യങ്ങളെയും പോലെ നാം കഴിക്കുന്ന ഭക്ഷണവും കാര്‍ബണ്‍ പുറന്തള്ളലിന് കാരണമാകുന്നു. എങ്ങനെയെന്നല്ലേ. കൃഷി, വിളകളുടെയും കന്നുകാലികളുടെയും ഗതാഗതം, ചാണകം പോലുള്ള കന്നുകാലി വിസര്‍ജ്യങ്ങളുടെ സംസ്കരണം ഇങ്ങനെ ആഗോള ഭക്ഷ്യോല്‍പ്പാദനവുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും പ്രതിവര്‍ഷം 17 ശതകോടി മെട്രിക് ടണ്‍ ഹരിതഗൃഹ വാതകമാണ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നതെന്ന് നേച്ചര്‍ ഫുഡ് ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. അന്തരീക്ഷത്തില്‍ ചൂട് പിടിച്ചുനിര്‍ത്തുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കാലാവസ്ഥ വ്യതിയാനത്തിനിടയാക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇതില്‍ 57 ശതമാനം എമിഷനും മൃഗാധിഷ്ഠിത ഭക്ഷ്യോല്‍പ്പന്നങ്ങള്‍ മൂലമുള്ളതും 28 ശതമാനം സസ്യാധിഷ്ഠിത ഭക്ഷ്യോല്പ്പന്നങ്ങളില് നിന്നുമാണ്. ഇരുന്നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള 171 വിളകളെയും 16 മൃഗോല്പ്പന്നങ്ങളെയും സംബന്ധിച്ച വിവരശേഖരണത്തിലൂടെയാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സാങ്കേതികവിദ്യകളുടെ സഹായത്താല്‍ ഈ ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട് പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ ഡയോക്സൈഡ്, മീഥൈന്‍, നൈട്രസ് ഓക്സൈഡ് എന്നിവയുടെ തോത് ഗവേഷകര്‍ കണക്കാക്കി.
പഠനവിധേയമാക്കിയ ഭക്ഷ്യോല്പ്പന്നങ്ങളില് ഏറ്റവും കൂടുതല്‍ എമിഷന്‍ കാരണമാകുന്നത് ബീഫ്(പോത്തിറച്ചി) ഉല്‍പ്പാദനമാണ്. ഭക്ഷ്യോല്‍പ്പാദന മേഖലയില്‍ നിന്നുള്ള മൊത്തത്തിലുള്ള എമിഷന്റെ 25 ശതമാനമാണ് ബീഫ് ഉല്‍പ്പാദനത്തിലൂടെ മാത്രം സംഭവിക്കുന്നത്. മൃഗാധിഷ്ഠിത ഉല്‍പ്പന്നങ്ങളില്‍ പശുവിന് പാല്, പന്നിയിറച്ചി, കോഴിയിറച്ചി എന്നിവയും വലിയ തോതിലുള്ള എമിഷന്‍ കാരണമാകുന്നു. പശുക്കള്‍ ആഹാരം ദഹിപ്പിക്കുമ്പോള്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്ന മീഥൈനും അപകടകാരിയായ ഒരു ഹരിതഗൃഹ വാതകമാണ്. ഇനി സസ്യാധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ നോക്കുകയാണെങ്കില്‍ ഏറ്റവുമധികം എമിഷനുണ്ടാകുന്നത് നെല്ലുല്പ്പാദനത്തിലൂടെയാണ്. നെല്‍വയലുകളില്‍ കാണപ്പെടുന്ന മീഥൈന്‍ ഉല്‍പ്പാദിപ്പിക്കുന്ന ബാക്ടീരിയയാണ് ഇതിന് കാരണം. നെല്ലിന് പിന്നാലെ, ഗോതമ്പ്, കരിമ്പ്, ചോളം എന്നിവയും വലിയ തോതിലുള്ള എമിഷന്‍ കാരണമാകുന്നു. എന്നുകരുതി ഇവ നേരിട്ട് ഹരിതഗൃഹ വാതകങ്ങളും കാര്‍ബണ്‍ ഡയോക്സൈഡും പുറന്തള്ളുന്നുവെന്നല്ല. ഇവയുടെ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങളില്‍ അല്ലെങ്കില്‍ ഏതാണ്ടെല്ലാ ഘട്ടങ്ങളിലും എമിഷന്‍ ഉണ്ടാകുന്നുവെന്നാണ് അര്‍ത്ഥമാക്കേണ്ടത്. അതായത് നിലം ഉഴല്‍ പോലുള്ള കൃഷിയുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും കാട് വെട്ടിത്തെളിച്ച് കൃഷിനിലവും കന്നുകാലികളെ മേയ്ക്കുന്നതിനുള്ള പുല്ത്തകിടിയാക്കുന്നതുമടക്കം ഭക്ഷ്യോല്‍പ്പാദനവുമായി ബന്ധപ്പെട്ട മിക്ക പ്രവൃത്തികളും കാര്‍ബണ്‍ പുറന്തള്ളല്‍ കൂടാന്‍ കാരണമാകുന്നുണ്ടെന്ന്.
മനുഷ്യര്‍ വീഗനായാല് കാലാവസ്ഥ വ്യതിയാനത്തിനെതിരെ പൊരുതാനുള്ള ഭൂമിയുടെ ശേഷി വര്‍ധിക്കും
പോത്തിറച്ചി, ആട്ടിറച്ചി എന്നിവയുടെ ഉല്‍പ്പാദനം പ്രത്യേകിച്ചും ഒട്ടും കാര്യക്ഷമമല്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇവയെ മേയ്ക്കുന്നതിനായി ഏക്കറുകണക്കിന് സ്ഥലം ആവശ്യമാണെന്നതാണ് അതിനുള്ള പ്രധാന കാരണം. മിക്കവാറും ഇത്തരം മേച്ചില്‍പ്പുറങ്ങള്‍ കാട് കയ്യേറി വെട്ടിത്തെളിച്ചവയായിരിക്കും. കൊളംബിയയും ബ്രസീലുമെല്ലാം ഇതിന് ഉദാഹരണമാണ്. ഇറച്ചി ഉല്‍പ്പാദനത്തിനായുള്ള ഭൂമി ഉപയോഗം വെട്ടിക്കുറച്ചത് കൊണ്ട് മാത്രമായില്ല. ആ ഭൂമി കാര്യക്ഷമമായി ഉപയോഗിക്കുകയും വേണം. ആഗോളതാപനം കടുക്കുന്ന വേളയില്‍ സുസ്ഥിരമായ കൃഷിരീതികളിലൂടെ ഭൂവിനിയോഗം ഫലപ്രദമാണെന്ന് ഉറപ്പിക്കേണ്ടതും അനിവാര്യമാണ്. ഇത് വളരെ പ്രധാനപ്പെട്ട സംഗതിയാണ്. കാരണം കാലാവസ്ഥ വ്യതിയാനം ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്ന് യുഎന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും ഏഷ്യയിലെ പര്‍വ്വത മേഖലകളിലും തെക്കേ അമേരിക്കയിലുമെല്ലാം ഇപ്പോള്‍ തന്നെ ഈ പ്രശ്നം തല പൊക്കിത്തുടങ്ങിയിട്ടുണ്ട്. വിളവ് കുറയുക, വിലക്കയറ്റം, കുറഞ്ഞ പോഷകനിലവാരം, വിതരണശൃംഖലകളിലെ തടസ്സം തുടങ്ങി പല രീതിയില്‍ ഭാവിയില്‍ കാലാവസ്ഥ വ്യതിയാനം മൂലം ഭക്ഷ്യസുരക്ഷ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന് ഐപിസിസി അംഗമായ പ്രിയദര്‍ശിനി ശുക്ല അഭിപ്രായപ്പെടുന്നു.
വീഗനാകുമ്പോള് കാലാവസ്ഥ വ്യതിയാനം കുറയുമോ?
മനുഷ്യര്‍ വീഗനായാല് കാലാവസ്ഥ വ്യതിയാനത്തിനെതിരെ പൊരുതാനുള്ള ഭൂമിയുടെ ശേഷി വര്‍ധിക്കും. ഏറെ പ്രതീക്ഷയോടെയാണ് 2019ലെ ഐപിസിസി റിപ്പോര്‍ട്ട് ഈ നിര്‍ദ്ദേശം ലോകവുമായി പങ്കുവെച്ചത്. ജനങ്ങള്‍ എന്ത് ഭക്ഷിക്കണമെന്ന് പറയാന്‍ ഞങ്ങള്‍ ആളല്ല, പക്ഷേ അത്തരമൊരു മാറ്റം തീര്‍ച്ചയായും നേട്ടമുണ്ടാക്കും. കാലാവസ്ഥയ്ക്കും മനുഷ്യരുടെ ആരോഗ്യത്തിനും. ഐപിസിസിയുടെ വര്‍ക്കിംഗ് ഗ്രൂപ്പ് ഉപാധ്യക്ഷനായ ഹാന്‍സ് ഓട്ടോ പോര്ട്ട്നര് പറയുന്നു.
കൂടുതല്‍ സസ്യധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സമീകൃത ആഹാരക്രമവും സുസ്ഥിര രീതിയിലൂടെ ഉല്‍പ്പാദിപ്പിച്ച മൃഗാധിഷ്ഠിത ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഉപയോഗവും കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കാനും അതുമായി പൊരുത്തപ്പെട്ട് കഴിയാനും വലിയ അവസരങ്ങളാണ് മുന്നോട്ട് വെക്കുന്നതൈന്ന് 2019ല്‍ ഉറച്ച വിശ്വാസത്തോടെയാണ് ഐപിസിസി പറഞ്ഞതെങ്കില്‍ നമ്മുടെ ആഹാരഘടനയില് ഉടന്‍ മാറ്റം വരുത്തിയില്ലെങ്കില്‍ കാലാവസ്ഥ വ്യതിയാനത്തെ തടയാന്‍ നമുക്ക് സാധിച്ചെന്ന് വരില്ലെന്ന മുന്നറിയിപ്പാണ് 2020ലെ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പ്രത്യേക റിപ്പോര്‍ട്ടില്‍ ഐപിസിസി പങ്കുവെച്ചത്. മാറ്റത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സമീപകാല യുഎന്‍ മുന്നറിയിപ്പുകളും വ്യക്തമാക്കുന്നു.
മനുഷ്യര്‍ മാംസം ഉപയോഗിക്കുന്നത് കുറച്ചാല്‍ കാലാവസ്ഥ വ്യതിയാനവും ഹരിതഗൃഹ വാതകങ്ങളുടെയും കാര്‍ബണ്‍ ഡയോക്സൈഡിന്റെയും പുറന്തള്ളലും എങ്ങനെ കുറയുമെന്ന് നോക്കാം. മനുഷ്യര്‍ മൃഗാധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം വെട്ടിച്ചുരുക്കുമ്പോള്‍ ലോകത്ത് അത്തരം മൃഗങ്ങളുടെ പരിപാലനവും കുറയും. അതിലൂടെ ഹെക്ടര്‍ കണക്കിന് ഭൂമി സ്വതന്ത്രമാകും. മനുഷ്യരുടെ ഭക്ഷണക്രമത്തിലെ മാറ്റത്തിലൂടെ 2050ഓടെ ലോകത്ത് നിരവധി ദശലക്ഷക്കണക്കിന് കിലോമീറ്റര്‍ ഭൂമി സ്വതന്ത്രമാകുമെന്നും കാര്‍ബണ്‍ ഡയോക്സൈഡ് പുറന്തള്ളലില്‍ പ്രതിവര്‍ഷം എട്ട് ബില്യണ്‍ ടണ്ണിന്റെ കുറവുണ്ടാകുമെന്നും ഐപിസിസി റിപ്പോര്‍ട്ട് പറയുന്നു. ഇപ്പോള്‍ത്തന്നെ ലോകത്തിന്റെ മിക്കയിടങ്ങളിലും മാംസോപഭോഗം കുറവാണ്. പക്ഷേ സമ്പന്ന രാഷ്ട്രങ്ങളില്‍ ഉള്ളവര്‍ വലിയ തോതില്‍ മാസം ഭക്ഷിക്കുന്നു. പണ്ട് ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്ന രാജ്യങ്ങള്‍ സമ്പന്നതയിലേക്ക് എത്തുമ്പോള്‍ മാംസോപഭോഗത്തിലും മുന്നിലെത്തുന്നുവെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. കൂടുതല്‍ മാംസം ഭക്ഷിക്കുമ്പോള്‍ പരിസ്ഥിതിക്കാണ് അതിന്റെ ആഘാതം അനുഭവപ്പെടുന്നതെന്ന് മനുഷ്യര്‍ മറക്കുകയും ചെയ്യുന്നു.
ഐപിസിസി നിര്‍ദ്ദേശിക്കുന്നത് പോലെ ആഗോളതലത്തില്‍ ഭക്ഷണത്തില്‍ കാതലായ മാറ്റം കൊണ്ടുവരികയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിലേക്ക് എത്തുന്നതിന് ഒട്ടേറെ തടസ്സങ്ങള്‍ മുമ്പിലുണ്ടാകുമെന്ന് തീര്‍ച്ചയാണ്. ഇറച്ചി കൂട്ടി ഉണ്ണുന്നത് നിര്‍ത്തുകയെന്നത് പലര്‍ക്കും ആലോചിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. പക്ഷേ അവിടെയും പ്രതീക്ഷയുടെ വിത്തുകള്‍ പൊട്ടിമുളക്കുന്നുണ്ട്. കാണുമ്പോഴും കഴിക്കുമ്പോഴും ഇറച്ചിയെന്ന് തന്നെ തോന്നിക്കുന്ന അപരന്മാര് ഇന്ന് നാട്ടിലുണ്ട്. ഇത്തരത്തിലുള്ള വീഗന്‍ ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് സസ്യാധിഷ്ഠിത ഭക്ഷണക്രമത്തിന് കൂടുതല്‍ പ്രചാരം നല്‍കും. ഇറച്ചി കഴിച്ചെന്ന മനഃസംതൃപ്തി ലഭിക്കുകയും ചെയ്യും എന്നാല്‍ പ്രകൃതിക്ക് അതുകൊണ്ടുള്ള ദോഷങ്ങളൊന്നും ഉണ്ടാകുകയുമില്ലെന്നതാണ് അതിന്റെ ഗുണം.
''മനുഷ്യരാല്‍ ഭൂമിക്കുണ്ടാകുന്ന ആഘാതം കുറയ്ക്കാനുള്ള ഏറ്റവും വലിയ, ഏക മാര്‍ഗ്ഗം വീഗന്‍ ഡയറ്റ് (സസ്യാധിഷ്ഠിത ഭക്ഷണക്രമം) ആയിരിക്കും. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കാന്‍ മാത്രമല്ല, ആഗോളതലത്തിലുള്ള സമുദ്രങ്ങളുടെ അമ്ലീകരണം(അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡ് സമുദ്രത്തില്‍ കലര്‍ന്ന് കടല്‍വെള്ളത്തിന്റെ പിഎച്ച് കുറഞ്ഞ് സമുദ്രങ്ങളുടെ അമ്ലത്വം കൂടുന്ന സ്ഥിതി), അമിതപോഷണം, ഭൂവിനിയോഗം, ജലവിനിയോഗം എന്നിവയിലും കാര്യമായ മാറ്റം കൊണ്ടുവരാന്‍ അതിലൂടെ സാധിക്കും. കാലാവസ്ഥാ വ്യതിയാനം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഇലക്ട്രിക് കാര്‍ വാങ്ങിക്കളയാമെന്നോ വിമാനയാത്ര കുറയ്ക്കാമെന്നോ തീരുമാനിക്കുന്നതിന് മുമ്പ് നിങ്ങളെടുക്കേണ്ട പ്രധാനപ്പെട്ട തീരുമാനം മാംസാംഹാരം കുറയ്ക്കുകയെന്നതാണ്,''കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ഓക്സ്ഫഡ് പ്രഫസര്‍ ജോസഫ് പൂര് പറയുന്നു.
വിനു കൊടുത്ത ലിങ്കുകളൊക്കെ വായിച്ച് വൈകുന്നേരം ചായ കുടിക്കാനിറങ്ങിയ അനുവിനോട് വിനു ചോദിച്ചു,
'എന്താ മോനെ കാലാവസ്ഥ വ്യതിയാനം കൂട്ടാന്‍ നേരെ പോയി രണ്ട് ബര്‍ഗര്‍ അടിച്ചാലോ?'.
അനു ചിരിയോടെ മറുപടി പറഞ്ഞു.
'കറക്ട്, ബര്‍ഗര്‍ തന്നെ കഴിക്കാം, പക്ഷേ ഓണ്‍ലി വീഗന്‍, കാര്യം ഭക്ഷണപ്രിയനാണെങ്കിലും നമ്മളും പ്രകൃതി സ്നേഹി ഒക്കെ തന്നെയാ. ചെടികളില്‍ നിന്ന് വരെ ഇറച്ചി ഉണ്ടാക്കുന്ന കാലത്ത് നമ്മളെന്തിന് പേടിക്കണം. നമ്മുടെ ആരോഗ്യവും ഭൂമിയുടെ ആരോഗ്യവും സംരക്ഷിക്കുക അത്രതന്നെ..'