Dec 16, 2021 • 11M

കായികാഭിരുചി രക്തത്തില്‍ വേണോ?ഇന്‍സള്‍ട്ട് ചെയ്യപ്പെട്ട അപ്പുവിന്റെ കഥ കേള്‍ക്കൂ..

സ്‌പോര്‍ട്‌സൊന്നും നിനക്ക് പറ്റിയ പണിയല്ല. അതൊക്കെ രക്തത്തില്‍ ഉണ്ടായിരിക്കണം. നിന്നെ കണ്ടാലേ അറിയാം നിന്നക്കതിനൊന്നും പറ്റില്ലെന്ന്...

5
 
1.0×
0:00
-10:42
Open in playerListen on);
Episode details
Comments

നമ്മുടെ പരിശീലനങ്ങള്‍ക്ക് ഫലം കിട്ടുന്നുണ്ടെന്ന് കണ്ടാല്‍ നിങ്ങളുടെ ശരീരത്തിന് പറ്റിയ പരിശീലനം തന്നെയായിരിക്കും നിങ്ങള്‍ ചെയ്യുന്നത്. ഇനി ഫലമൊന്നും ഉണ്ടാകുന്നില്ലെന്ന് തോന്നിയാല്‍ മാറ്റിപ്പിടിക്കുക, അത്രേയേയുള്ളു


അപ്പു ഒരു കായികപ്രേമിയാണ്. വീട്ടിനുള്ളില്‍ അവന്റെ മുറിയിലെ ചുമര് നിറയെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെയും ഉസൈന്‍ ബോള്‍ട്ടിന്റെയും പിവി സിന്ധുവിന്റെയും മെസ്സിയുടെയും പി ടി ഉഷയുടെയും മേരി കോമിന്റെയും മില്‍ഖ സിംഗിന്റെയും വിരാട് കോഹ്ലിയുടെയും എന്നുവേണ്ട അവനറിയാവുന്ന സകല കായിതാരങ്ങളുടെയും ചിത്രങ്ങളുണ്ട്. ഇന്ന കളിയെന്നില്ല, എല്ലാ കായിക ഇനങ്ങളും അവന് ഇഷ്ടമാണ്. കായികതാരങ്ങളെ ടിവിയിലോ പത്രത്തിലോ ഒക്കെ കാണുമ്പോള്‍ അവന് എന്തെന്നില്ലാത്ത സന്തോഷവും അഭിമാനവും ആവേശവും ആരാധനയുമൊക്കെ തോന്നും. അതിപ്പോ ലോകപ്രശസ്തരായവരും നാലാളറിയുന്നവരും മാത്രമല്ല, സൂക്ളിലെ പ്രമുഖ ഓട്ടക്കാര്‍, ചാട്ടക്കാര്‍ എന്നിങ്ങനെ സ്പോര്‍ട്സ ഉള്ളില്‍ കൊണ്ട് നടക്കുന്നവരോട് അവന് വലിയ ബഹുമാനമാണ്.

ഒരു ഓട്ടക്കാരനാകണമെന്നാണ് അവന്റെ മോഹം. അതിനുവേണ്ടി എന്നും രാവിലെ എഴുന്നേറ്റ് വീടിന് വെളിയില്‍ പരിശീലനമൊക്കെ നടത്താറുണ്ട്. പക്ഷേ സ്‌കൂളില്‍ കായികതാരങ്ങളെ കണ്ടെത്തുന്നതിനുള്ള സെലക്ഷന്‍ വരുമ്പോള്‍ അവന്‍ പതുക്കെ ഉള്‍വലിയും. അതിനൊരു കാരണമുണ്ട്. ഒരിക്കല്‍ അവന്‍ അവന്റെ കായികമോഹങ്ങള്‍ ഒരു കൂട്ടുകാരനോട് വെളിപ്പെടുത്തി. പക്ഷേ കാഴ്ചയില്‍ ചെറുതായിരുന്ന അവനെ കൂട്ടുകാരനന്ന് കളിയാക്കിയതിന് കയ്യും കണക്കുമില്ല. സ്പോര്‍ട്സൊന്നും നിനക്ക് പറ്റിയ പണിയല്ലെന്നും അതൊക്കെ രക്തത്തില്‍ ഉണ്ടായിരിക്കണമെന്നും നിന്നെ കണ്ടാലേ നിന്നക്കതിനൊന്നും പറ്റില്ലെന്ന് അറിയാമെന്നും അന്ന് കൂട്ടുകാരന്‍ പറഞ്ഞ വാക്കുകള്‍ അപ്പുവിന്റെ ഉള്ളില്‍ തറച്ചു. ആഗ്രഹം കൊണ്ട് മുമ്പ് പലതവണ ഓട്ടമത്സരത്തില്‍ പങ്കെടുത്തപ്പോഴും അവന് തിളങ്ങാനായില്ല. അങ്ങനെ കൂട്ടുകാരന്‍ പറഞ്ഞത് ശരിയായിരിക്കുമെന്ന് അവനും കരുതി. എങ്കിലും അവന്‍ പിന്മാറാന്‍ തയ്യാറായില്ല. പരിശീലനം മുടങ്ങാതെ തുടര്‍ന്നു.

ഒരു ദിവസം പിഇടി പിരിയഡില്‍ പതിവിന് വിപരീതമായി പുറത്ത് കളിക്കാന്‍ വിടാതെ മാഷ് കുട്ടികളിലെ കായികാഭിരുചി എങ്ങനെ തിരിച്ചറിയാമെന്നും അതെങ്ങനെ വളര്‍ത്താമെന്നുമെല്ലാം വിശദീകരിച്ചു.


നമ്മളോരോരുത്തരിലും നമുക്ക് മാത്രം സ്വന്തമായ, സവിശേഷമായ, മാറ്റം വരുത്താനാകാത്ത ഡിഎന്‍എ ഘടനയുണ്ട്. ഇവ പല രീതിയിലാണ് നമ്മെ സ്വാധീനിക്കുന്നത്. അവയുടെ പ്രത്യേകത മൂലം നമ്മളില്‍ ചിലര്‍ നല്ല ഓട്ടക്കാരായിരിക്കും, ചിലര്‍ക്ക് ചില ഭക്ഷണങ്ങള്‍ പിടിക്കാതെ വരും മറ്റുചിലര്‍ അതീവബുദ്ധിശാലികളായിരിക്കും


കായികാഭിരുചി രക്തത്തില്‍ വേണം പക്ഷേ...

ഒരു പ്രകാശരശ്മി കണക്കെ ഉസൈന്‍ ബോള്‍ട്ട് ട്രാക്കിലൂടെ കുതിക്കുന്നത് നിങ്ങള്‍ കണ്ടിട്ടില്ലേ, അതെങ്ങനെയായിരിക്കും. ഒളിമ്പിക്സില്‍ 28 മെഡലുകള്‍ വാങ്ങിക്കൂട്ടിയ മുന്‍ അമേരിക്കന്‍ നീന്തല്‍താരമായ മൈക്കല്‍ ഫ്രെഡ് ഫെല്‍പ്സ് മീനിനേക്കാല്‍ വേഗത്തില്‍ നീന്തുന്നത് കണ്ടിട്ടില്ലേ, അതെങ്ങനെയായിരിക്കും. അവരെല്ലാം അവരുടെ അഭിരുചി തിരിച്ചറിഞ്ഞ് പരിശീലനത്തിലൂടെ ആ കഴിവ് മിനുക്കിയെടുത്തവരാണ്. ഇത് കേട്ടപ്പോള്‍ ഇത്രയുംകാലം അടക്കിവെച്ച അപ്പുവിന്റെ സംശയം ചോദ്യമായി പുറത്തുചാടി. 'മാഷേ അപ്പോള്‍ കായികാഭിരുചിയെന്നത് ഇവരുടെ രക്തത്തില്‍ ഉള്ളതാണോ ?'. മാഷ് മറുപടി പറഞ്ഞു, 'അപ്പുവിന്റെ ചോദ്യം കൊള്ളാം, കായികാഭിരുചി അടക്കം ഒരു വ്യക്തിയുടെ സകല കഴിവുകളും തീരുമാനിക്കുന്നതില്‍ അവരുടെ പാരമ്പര്യത്തിനും ജനിതക ഘടനയ്ക്കും വലിയ പങ്കുണ്ട്. രക്തത്തില്‍ അലിഞ്ഞത് എന്നൊക്കെ നാം പറയുന്നത് അതിനെയാണ്. കായികാഭിരുചി മാത്രമല്ല, പാട്ട് പാടാനും ഡാന്‍സ് ചെയ്യാനും ചിത്രം വരയ്ക്കാനുമടക്കം എല്ലാ കഴിവുകളും തീരുമാനിക്കുന്നത് നമ്മുടെ ജീനുകളാണ്'.


കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്പോര്‍ട്സ് ടീമുകള്‍ക്കുള്ളിലും പരിശീലകര്‍ക്കിടയിലും കായികതാരങ്ങള്‍ക്കിടയിലും ഡിഎന്‍എ പരിശോധന നടത്തുന്നത് വ്യാപകമായിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും തിരികൊളുത്തിയിരുന്നു


നമ്മളോരോരുത്തരിലും നമുക്ക് മാത്രം സ്വന്തമായ, സവിശേഷമായ, മാറ്റം വരുത്താനാകാത്ത ഡിഎന്‍എ ഘടനയുണ്ട്. ഇവ പല രീതിയിലാണ് നമ്മെ സ്വാധീനിക്കുന്നത്. അവയുടെ പ്രത്യേകത മൂലം നമ്മളില്‍ ചിലര്‍ നല്ല ഓട്ടക്കാരായിരിക്കും, ചിലര്‍ക്ക് ചില ഭക്ഷണങ്ങള്‍ പിടിക്കാതെ വരും മറ്റുചിലര്‍ അതീവബുദ്ധിശാലികളായിരിക്കും. എങ്കിലും ശരിയായ ഡിഎന്‍എ ഉണ്ടെന്ന് കരുതി നമ്മുടെ ജീവിതത്തില്‍ അത് എന്തെങ്കിലും നേട്ടമുണ്ടാക്കണമെന്നില്ല. ആ ഡിഎന്‍എയെ തിരിച്ചറിഞ്ഞ് അതുമൂലമുള്ള കഴിവുകള്‍ പരിപോഷിക്കുമ്പോള്‍ മാത്രമാണ് നമ്മുടെ ജീവിതത്തില്‍ അവ പ്രതിഫലിക്കുന്നത്. ഉദാഹരണത്തിന് ഒരാള്‍ക്ക് നല്ല ഓട്ടക്കാരനാകാന്‍ കഴിവുണ്ട്, പക്ഷേ അദ്ദേഹമത് തിരിച്ചറിയാതെ പോയാല്‍ അതുകൊണ്ട് കാര്യമുണ്ടോ. അതുപോലെ മറ്റൊരാള്‍ക്ക് ഓട്ടക്കാരനാകാന്‍ അതിയായ ആഗ്രഹമുണ്ട്, പക്ഷേ അയാളില്‍ കായികാഭിരുചി നിര്‍ണ്ണയിക്കുന്ന ജീനുകള്‍ ദുര്‍ബലമായിരിക്കാം.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്പോര്‍ട്സ് ടീമുകള്‍ക്കുള്ളിലും പരിശീലകര്‍ക്കിടയിലും കായികതാരങ്ങള്‍ക്കിടയിലും ഡിഎന്‍എ പരിശോധന നടത്തുന്നത് വ്യാപകമായിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും തിരികൊളുത്തിയിരുന്നു. ഇതെന്തിനാണ് പരിശോധനയൊക്കെ നടത്തി കഴിവ് തീരുമാനിക്കുന്നത്, അവരുടെ പ്രകടനമല്ലേ അവരുടെ കഴിവിന്റെ തെളിവ് എന്നൊക്കെ ചോദ്യങ്ങളുയര്‍ന്നു. പക്ഷേ ശാസ്ത്രീയമായി ചിന്തിച്ചാല്‍ കായികശേഷി കണ്ടെത്തുന്നതിനായി ജനിതക വിവരങ്ങള്‍ വിശകലനം ചെയ്യുന്നത് വലിയ സാധ്യതകളാണ് കായികതാരങ്ങള്‍ക്ക് നല്‍കുന്നത്.

കായികപ്രകടനത്തില്‍ വിജയം കൈവരിക്കാനുള്ള താരങ്ങളുടെ ശേഷി വ്യത്യസ്തമായിരിക്കും. പ്രധാനമായും ഈ ശേഷി തീരുമാനിക്കുന്നത് ജനിതകപരമായ ഘടകങ്ങളാണ്, ചലനത്തിന് നമ്മെ സഹായിക്കുന്ന പേശികളുടെ ബലം, ആ പേശീകള്‍ നിര്‍മ്മിച്ചിരിക്കുന്ന പ്രധാനപ്പെട്ട ഫൈബറുകള്‍ തുടങ്ങി ശാരീരികമായ സവിശേഷതകള്‍ കായികതാരങ്ങളുടെ കായികശേഷിയെ നിര്‍ണ്ണയിക്കുന്നു. രണ്ട് തരം ഫൈബറുകളാലാണ് നമ്മുടെ പേശികള്‍ നിര്‍മ്മിതമായിരിക്കുന്നത്. അവയുടെ സവിശേഷതകളും വ്യത്യസ്തമാണ്. ഇവ കൂടാതെ കോശകലകള്‍ക്ക് (ടിഷ്യൂസ്) ശരീരത്തിന് നല്‍കാന്‍ കഴിയുന്ന പരാമവധി ഓക്സിജന്റെ തോത്, പേശീപിണ്ഡം, ഉയരം, മെയ്വഴക്കം (ഫ്ളെക്സിബിലിറ്റി), ബുദ്ധിവൈഭവം, വ്യക്തിത്വം എന്നിവയും കായികക്ഷമതയുമായി ബന്ധപ്പെട്ട ശരീരിക സവിശേഷതകളാണ്. ഇത്തരം ശാരീരിക സവിശേഷതകളുമായി ബന്ധപ്പെട്ട് പ്രധാനമായും ACTN3, ACE എന്നീ ജീനുകളുടെ പ്രവര്‍ത്തനമാണ് ഇതുവരെ ഏറ്റവുമധികം പഠനവിധേയമാക്കിയിട്ടുള്ളത്. ഏത് തരം ഫൈബറുകളാലാണ് പേശികള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് എന്ന് തീരിുമാനിക്കുന്നത് ഈ ജീനുകളാണ്. മാത്രമല്ല, ശരീരബലം, ക്ഷമത എന്നിവയുമായും ഇവ ബന്ധപ്പെട്ടിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഒരു കായികതാരത്തിന്റെ കായികശേഷി തീരുമാനിക്കുന്നതില്‍ ഇത്തരം ജീനുകള്‍ നിര്‍ണ്ണായകമാണ്. അതിനാല്‍ ഡിഎന്‍എ പരിശോധനയിലൂടെ കായികാഭിരുചിയുമായി ബന്ധപ്പെട്ട നമ്മുടെ ജനിതകസവിശേഷതകള്‍ പഠനവിധേയമാക്കിയാല്‍ നമ്മളിലെ കായികാഭിരുചി, കായികാഭിരുചി മെച്ചപ്പെടുത്താന്‍ നമ്മെ സഹായിക്കുന്ന ഭക്ഷണക്രമം, പരിശീലനം അടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ സഹായിക്കും.

കായികതാരങ്ങളെ സംബന്ധിച്ചെടുത്തോളം അവരുടെ സാധ്യതകള്‍ തിരിച്ചറിയാനും കഴിവുകള്‍ മെച്ചപ്പെടുത്താനും ഇത്തരം പരിശോധനകള്‍ സഹായിക്കും. അതിനാല്‍ ഭാവിയില്‍ ഒരുപക്ഷേ ജനതിക പരിശോധന കൂടി സ്പോര്‍ട്സുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പുകളുടെ ഭാഗമാകാനും സാധ്യതയുണ്ട്.

ഇത്രയും കേട്ടപ്പോള്‍ തനിക്കുള്ളില്‍ കായികാഭിരുചി ഉണ്ടാകുമോയെന്നറിയാനുള്ള വെമ്പലായി അപ്പുവിന്. അവന്‍ ചോദിച്ചു, 'കായികാഭിരുചി കണ്ടെത്തുന്നതിനുള്ള പരിശോധന ഇവിടെയൊക്കെ ഉണ്ടോ മാഷേ..'

ജനിതക പരിശോധന, അത് വേണോ?

അപ്പുവിന്റെ തുടര്‍ച്ചയായ സംശയങ്ങള്‍ കേട്ടപ്പോഴേ അപ്പുവിനുള്ളില്‍ ഒരു കായികസ്നേഹി ഉണ്ടെന്ന് മാഷ് തിരിച്ചറിഞ്ഞു. അദ്ദേഹം പറഞ്ഞു. 'കായികാഭിരുചിയും ശേഷിയും അളക്കുന്നതിനുള്ള ഡിഎന്‍എ പരിശോധനകളൊക്കെ ലോകത്ത് നിലവിലുണ്ടങ്കിലും ഇവിടെ അതൊന്നും നോക്കിയല്ല നമ്മള്‍ കായിശേഷിയുള്ള കുട്ടികളെ കണ്ടുപിടിക്കുന്നത്. കാരണം അതെല്ലാം ചെലവേറിയ പരിശോധനകളാണ്. അന്താരാഷ്ട്രതലത്തിലുള്ള വലിയ വലിയ മത്സരങ്ങളിലൊക്കെയാണ് അതൊക്കെ ഉപകാരപ്പെടുക. ഇവിടെ നമ്മുടെ സ്‌കൂളുകളിലൊക്കെ കുട്ടികളുടെ താല്‍പ്പര്യവും ശരീരപ്രകൃതവും പരീശീലനത്തോടുള്ള പ്രതികരണവുമൊക്കെ നോക്കിയാണ് നാം കായിക പ്രതിഭകളെ കണ്ടെത്തുന്നത്'.

അപ്പുവിന് കുറച്ച് ആശ്വാസമായെങ്കിലും ശരീരപ്രകൃതം തനിക്ക് തടസ്സമാകുമോ എന്ന സംശയം ബാക്കിയായി. പക്ഷേ പിന്നീട് മാഷ് ശരീരപ്രകൃതിയെക്കുറിച്ച് കൂടുതല്‍ വിശദീകരിച്ചപ്പോള്‍ ആ ആശങ്കയും വിട്ടകന്നു.

മൂന്നുതരം ശരീരപ്രകൃതം

നമ്മുടെ കായികശേഷി എളുപ്പത്തില്‍ കണ്ടെത്താനും മെച്ചപ്പെടുത്താനുമുള്ള ഒരു വഴി നമ്മുടെ ശരീരപ്രകൃതത്തിനനുസരിച്ചുള്ള പരിശീലനങ്ങള്‍ തെരഞ്ഞെടുക്കുകയെന്നതാണ്. ശരീരപ്രകൃതത്തിനനുസരിച്ചുള്ള മനുഷ്യരുടെ വര്‍ഗ്ഗീകരണത്തെ സൊമാറ്റോടൈപ്പ് എന്നാണ് വിളിക്കുന്നത്. ശരീരത്തിന്റെ പല ഭാഗങ്ങളിലുമുള്ള അളവുകളുടെ അടിസ്ഥാനത്തില്‍ പ്രധാനമായും മൂന്ന് തരം ശരീരപ്രകൃതങ്ങളാണ് ഉള്ളത്. എക്ടോമോര്‍ഫ്, എന്‍ഡോമോര്‍ഫ്, മീസോമോര്‍ഫ് എന്നിവയാണവ. കൃത്യമായി നിര്‍വ്വചിക്കപ്പെട്ട മൂന്ന് തരം ശരീരപ്രകൃതങ്ങളാണ് ഇവയെങ്കിലും ഇവ മൂന്നിന്റെയും സവിശേഷതകള്‍ ഉള്ള ആളുകളുണ്ട്. മാത്രമല്ല, പരിശീലനത്തിലൂടെ ഒരു പ്രത്യേക ശരീര പ്രകൃതത്തില്‍ നിന്നും മറ്റൊന്നിലേക്കും തിരിച്ചും മാറാനും കഴിയും.

എക്ടോമോര്‍ഫ്: മെലിഞ്ഞ ശരീരപ്രകൃതമുള്ള, ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കുറഞ്ഞ ആളുകളാണ് ഈ വിഭാഗത്തില്‍ വരുന്നത്. അവരില്‍ വളരെ വേഗം മെറ്റബോളിസം (ജീവജാലങ്ങളിലെ അത്യന്താപേക്ഷിതമായ ഒരു കൂട്ടം രാസപ്രവര്‍ത്തനങ്ങള്‍) നടക്കുന്നു. എന്നാല്‍ ഇവരില്‍ മസിലുകള്‍ക്ക് വലുപ്പം വെക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അതിനാല്‍ കാഴ്ചയില്‍ ചെറുതായിരിക്കും.

എന്‍ഡോമോര്‍ഫ്: പലതരത്തില്‍ ശരീരത്തെ ദൃഢമാക്കി വെക്കുന്നതില്‍ ഏറ്റവുമധികം അധ്വാനം വേണ്ടിവരുന്നത് ഇവര്‍ക്കാണ്. പൊതുവെ ഉരുണ്ട ശരീരപ്രകൃതമാണ് ഇവര്‍ക്ക്. മാത്രമല്ല കൊഴുപ്പിന്റെ അളവും ഇവരില്‍ കൂടുതലായിരിക്കും. ഇവര്‍ക്ക് പെട്ടെന്ന് മസിലുകള്‍ പെരുക്കും. എന്നാല്‍ വളരെ പതുക്കെയുള്ള മെറ്റബോളിസം കാരണം ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ ഇവര്‍ക്ക് വളരെ അധ്വാനിക്കേണ്ടി വരും.

മീസോമോര്‍ഫ്: ഉറച്ച ശരീരപ്രകൃതമുള്ളവരാണ് മീസോമോര്‍ഫ് വിഭാഗത്തിലുള്ളവര്‍. മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് വളരെ പെട്ടന്നുള്ള മെറ്റബോളിസവും പെട്ടെന്നുള്ള മസില്‍ വളര്‍ച്ചയും ഇവരുടെ പ്രത്യേകതകളാണ്.

ഇതില്‍ താനേത് വിഭാഗത്തില്‍ പെടുമെന്ന് ആലോചിക്കുകയായിരുന്ന അപ്പുവിനോടായി മാഷ് പറഞ്ഞു. കായികശേഷി മെച്ചപ്പെടുത്താനും ശരീരം ദൃഢപ്പെടുത്താനും ചെയ്യുന്ന പരിശീലനങ്ങളോടും ഭക്ഷണക്രമങ്ങളോടും ഓരോ സൊമാറ്റോടൈപ്പും വ്യത്യസ്ത രീതിയിലാണ് പ്രതികരിക്കുന്നത്. അതിനാല്‍ നാമേത് വിഭാഗത്തിലാണെന്ന് തിരിച്ചറിഞ്ഞ് നമ്മുടെ ശരീരത്തിന് യോജിച്ച പരിശീലന രീതികളും ഭക്ഷണക്രമങ്ങളും തിരിച്ചറിയേണ്ടത് ശരീരബലം മെച്ചപ്പെടുത്തുന്നതില്‍ പ്രധാനമാണ്. അപ്പുവിന് ഒരു നല്ല കായികതാരമാകണമെങ്കില്‍ അപ്പുവിന്റെ ശരീരത്തിന് യോജിച്ച പരിശീലനരീതികള്‍ തെരഞ്ഞെടുക്കണം. അല്ലെങ്കില്‍ നമ്മുടെ അധ്വാനം പാഴായെന്ന് വരാം. അതിനാല്‍ കായികാഭിരുചി രക്തത്തിലുണ്ടോ, ഡിഎന്‍എ പരിശോധന നടത്തി അത് ഉറപ്പിക്കണോ എന്ന് ചിന്തിച്ച് അപ്പു ആശങ്കപ്പെടേണ്ട. നമ്മുടെ പരിശീലനങ്ങള്‍ക്ക് ഫലം കിട്ടുന്നുണ്ടെന്ന് കണ്ടാല്‍ നിങ്ങളുടെ ശരീരത്തിന് പറ്റിയ പരിശീലനം തന്നെയായിരിക്കും നിങ്ങള്‍ ചെയ്യുന്നത്. ഇനി ഫലമൊന്നും ഉണ്ടാകുന്നില്ലെന്ന് തോന്നിയാല്‍ മാറ്റിപ്പിടിക്കുക, അത്രേയേയുള്ളു. അതിനൊക്കെ നിങ്ങളെ സഹായിക്കാനല്ലേ ഞാന്‍ ഇവിടെയുള്ളത്.

ക്ലാസ് കഴിഞ്ഞ് ബെല്ലടിച്ചപ്പോള്‍ അടുത്ത തവണത്തെ സ്‌കൂള്‍ അത്ലറ്റിക് മീറ്റില്‍ ഓട്ടമത്സരത്തില്‍ ഒന്നാമനായി ഓടിയെത്തുന്ന തന്നെ സ്വപ്നത്തില്‍ കാണുകയായിരുന്നു അപ്പു.