
കാര്‍ബണ്‍ ഡയോക്സൈഡ് വലിച്ചെടുക്കാന്‍ കൃത്രിമ മരങ്ങള്‍
തടിക്കു പകരം ഒരു യന്ത്രത്തൂണ്... ഇലകള്‍ക്കു പകരം ഡിസ്കുകള്‍...ചെയ്യുന്നത് മരങ്ങള്‍ ചെയ്യുന്ന അതേ ജോലി, കാര്‍ബണ്‍ ഡയോക്സൈഡ് വലിച്ചെടുക്കലും. എന്നാല്‍ മരമല്ല താനും
തടിക്കു പകരം ഒരു യന്ത്രത്തൂണ്... ഇലകള്‍ക്കു പകരം ഡിസ്കുകള്‍...ചെയ്യുന്നത് മരങ്ങള്‍ ചെയ്യുന്ന അതേ ജോലി, കാര്‍ബണ്‍ ഡയോക്സൈഡ് വലിച്ചെടുക്കലും. എന്നാല്‍ മരമല്ല താനും
കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതില്‍ മരങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാല്‍ കാര്‍ബണ്‍ ഡയോക്സൈഡ് വലിച്ചെടുക്കുന്ന ജോലി യന്ത്രങ്ങള്‍ ഏറ്റെടുത്താലോ?
ഭൗതിക ശാസ്ത്രജ്ഞനും എഞ്ചിനീയറുമായ ക്ലൗസ് ലാക്നര്‍ കൃത്രിമ മരങ്ങള്‍ നിര്‍മിക്കുന്നു. സ്വീകരണ മുറികളും ലോബികളും അലങ്കരിക്കുന്നവയല്ല അത്. യഥാര്‍ത്ഥ മരങ്ങള്‍ വലിച്ചെടുക്കുന്നതിനേക്കാള്‍ ആയിരം മടങ്ങ് കാര്‍ബണ്‍ ഡയോക്സൈഡ് വലിച്ചെടുക്കുന്ന കൃത്രിമ മരങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങുകയാണ് അരിസോണ സ്റ്റേറ്റ് യുണിവേഴ്സിറ്റിയിലെ പ്രഫസര്‍ ക്ലൗസ് ലാക്നര്‍.
വാതകങ്ങള്‍ വലിച്ചെടുക്കുന്ന സാങ്കേതികവിദ്യയിലും കാര്‍ബണ്‍ സംഭരണത്തിലും വൈദഗ്ധ്യമുള്ളയാളാണ് അദ്ദേഹം. കാര്‍ബണ്‍ ക്യാപ്ചര്‍ ടെക്നോളജിയില്‍ 1990കള്‍ മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം, അരിസോണ സ്റ്റേറ്റ് യുണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നെഗറ്റീവ് കാര്‍ബണ്‍ എമിഷന്‍സ് ഡയറക്റ്ററുമാണ്. അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡയോക്സൈഡ് ഫലപ്രദമായി പിടിച്ചെടുക്കാന്‍ കഴിയുമെന്ന് ലാക്നറുടെ ഉപകരണം തെളിയിക്കുന്നു. ശാസ്ത്രജ്ഞര്‍ ശുപാര്‍ശ ചെയ്യുന്നതു പോലെ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും മോശമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനുള്ള ഒരു മാര്‍ഗം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡ് സാന്നിധ്യം കുറയ്ക്കുകയാണെങ്കില്‍, അതിന് മരങ്ങളുടെയൊപ്പം ഈ കൃത്രിമ മരങ്ങളും കൂടെയുണ്ട്. വ്യവസായങ്ങള്‍ കൊണ്ടുള്ള പ്രശ്നത്തിന് മറ്റൊരു വ്യവസായം കൊണ്ടുള്ള ഒരു പരിഹാരം.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ സഹായിക്കുന്ന ഈ കൃത്രിമ മരങ്ങളേക്കുറിച്ചും അതിന്റെ ഭാവിയേക്കുറിച്ചും ക്ലൗസ് ലാക്നര്‍ പറയുന്നതിങ്ങനെ, 'ഈ മരങ്ങള്‍ സ്വാഭാവിക മരങ്ങള്‍ പോലെയേയല്ല. ഇലകളോ ശാഖകളോ ഇല്ല. കെമിക്കല്‍ റെസിന്‍ കൊണ്ട് ആവരണം ചെയ്യപ്പെട്ട ഡിസ്കുകള്‍ അടുക്കിയിരിക്കുന്ന കുത്തനെയുള്ള ഒരു രൂപമാണിതിന്. ഒരു രാസപ്രവര്‍ത്തനത്തിലൂടെ കാര്‍ബണ്‍ ഡയോക്സൈഡ് ഒപ്പിയെടുക്കുന്ന തനതായ ഒരു പ്ലാസ്റ്റിക്കാണ് ഈ റെസിനില്‍ ഉള്ളത്. അഞ്ച് അടി വ്യാസമുള്ള ഇതിനുള്ളിലെ ഓരോ ഡിസ്കും രണ്ട് ഇഞ്ച് അകലത്തിലാണ്. വായു അകത്തു കടക്കുമ്പോള്‍ ഈ ഡിസ്കുകളിലെ ഉപരിതലത്തിലേക്ക് കാര്‍ബണ്‍ ഡയോക്സൈഡ് വലിച്ചെടുക്കപ്പെടുന്നു. ഏകദേശം ഇരുപതു മിനുട്ടിനുള്ളിലൊ മറ്റോ ഈ ഡിസ്കുകള്‍ നിറയുകയും ഒരു അടഞ്ഞ സ്റ്റോറേജിലേക്ക് ഈ കാര്‍ബണ്‍ ഡയോക്സൈഡ് ശേഖരിക്കപ്പെടുകയും ചെയ്യുന്നു. പിന്നീട് ഈ ശേഖരിച്ച കാര്‍ബണ്‍ ഡയോക്സൈഡ് റീസൈക്കിള്‍ ചെയ്യാനും ഇന്ധനം ഉണ്ടാക്കുന്നതിനുള്ള ഒരു വിഭവമായി ഉപയോഗിക്കാനും കഴിയും.'
സിലിക്കണ്‍ കിങ്ഡം ഹോള്‍ഡിങ്സ്
ലാക്നറുടെ ഈ സാങ്കേതികവിദ്യ വാണിജ്യവല്‍ക്കരിക്കുന്നതിനായി അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ആഗോള സുസ്ഥിര വികസന രംഗത്തെ അതികായന്മാരുമായി ചേര്‍ന്ന് സിലിക്കണ്‍ കിങ്ഡം ഹോള്‍ഡിങ്സ് എന്ന കമ്പനി രൂപീകരിച്ചിട്ടുണ്ട്. കാര്‍ബണ്‍ ശേഖരണത്തിന്റെ സാങ്കേതികവിദ്യയും ശേഖരിച്ചു വച്ച കാര്‍ബണിന്റെ ഉപയോഗവും, എന്നിങ്ങനെ രണ്ടായിട്ടാണ് വാണിജ്യവല്‍ക്കരണം നടപ്പിലാക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുന്‍പേ ഉപയോഗിച്ച സാങ്കേതികവിദ്യ
വര്‍ണവിവേചന കാലഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയില്‍ ഉപയോഗിച്ചിരുന്ന ഒരു പ്രക്രിയയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ആശയം. ഒരു ഉപരോധത്തിന്റെ ഫലമായി ഒരിക്കല്‍ ദക്ഷിണാഫ്രിക്കയില്‍ ഓയില്‍ ലഭ്യതയില്ലാതെ വന്നു. കല്‍ക്കരിയെ ദ്രവ ഇന്ധനങ്ങളായും ഗ്യാസൊലീനായും ഡീസലായുമൊക്കെ മാറ്റിയാണ് അവര്‍ ആ അവസ്ഥയെ നേരിട്ടത്. ഈ പ്രക്രിയയില്‍ നീരാവിയും കല്‍ക്കരിയും, കാര്‍ബണ്‍ മോണോക്സൈഡും ഹൈഡ്രജനുമായി മാറുന്നു. കാര്‍ബണ്‍ മോണോക്സൈഡും ഹൈഡ്രജനും പ്രതിപ്രവര്‍ത്തിച്ച് ഗ്യാസോലീന്‍, ഡീസല്‍, മെഥനോള്‍, ഡൈമീഥൈല്‍ ഈഥര്‍ അല്ലെങ്കില്‍ ആല്‍ക്കഹോള്‍ തുടങ്ങി
ഏത് തരത്തിലുള്ള ഇന്ധനവും ഉണ്ടാക്കിയെടുക്കാം. എന്നാല്‍ കല്‍ക്കരിക്ക് പകരം, കാറ്റില്‍ നിന്നോ സൗരോര്‍ജത്തില്‍ നിന്നോ ഉള്ള പുനരുല്പാദിപ്പിക്കാവുന്ന വൈദ്യുതി, ജലത്തോടും വലിച്ചെടുക്കുന്ന കാര്‍ബണ്‍ ഡയോക്സൈഡിനോടുമൊപ്പം സംയോജിപ്പിച്ച് കാര്‍ബണ്‍ മോണോക്സൈഡും ഹൈഡ്രജനും സ്യഷ്ടിക്കാന്‍ കഴിയുമെന്ന് ലക്നര്‍ പറയുന്നു. സൗരോര്‍ജത്തില്‍ നിന്നോ കാറ്റില്‍ നിന്നോ ഉള്ള ഊര്‍ജ്ജം പരിവര്‍ത്തനത്തിനു കാരണമാകും. അതിനാല്‍ സൗരോര്‍ജത്തില്‍ നിന്നോ കാറ്റില്‍ നിന്നോ ഉള്ള പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം ഗ്യാസോലീന്‍ ആയി സംഭരിക്കുന്നതിന് സൂര്യപ്രകാശമോ കാറ്റോ കുറവുള്ള മാസങ്ങള്‍ തിരഞ്ഞെടുക്കേണ്ടിവരും.
സിലിക്കണ്‍ കിങ്ഡം ഹോള്‍ഡിങ്സിന്റെ ഡയറക്റ്ററായ റെയാദ് ഫെസാനിയുടെ അഭിപ്രായത്തില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ഗവണ്മെന്റുകള്ക്ക് ഇതില്‍ പ്രത്യേക താല്പര്യമുണ്ടാകും. ശേഖരിച്ച കാര്‍ബണ്‍ ഡയോക്സൈഡ് നിലത്തിനടിയിലാണ് സൂക്ഷിക്കുക. ഇത് വാണിജ്യവല്ക്കരിക്കാനാകും. കാര്‍ബണ്‍ ഡയോക്സൈഡ് പല തരത്തില്‍ പുനരുപയോഗിക്കാം, ഭക്ഷ്യ, കാര്‍ഷിക വ്യവസായങ്ങളില്‍. ശേഖരിച്ച കാര്‍ബണ്‍ ഡയോക്സൈഡ് വളരെ കുറഞ്ഞ വിലയ്ക്ക് വില്ക്കുമ്പോള് അത് വാണിജ്യ ആവശ്യമുള്ള കാര്‍ബണ്‍ ഡയോക്സൈഡിന്റെ പ്രത്യേകമായുള്ള ഉല്പാദനത്തിന്റെ ആവശ്യകത കുറച്ചു കൊണ്ടുവരും. ടണ്ണിന് 600 ഡോളര്‍ എന്ന നിരക്കില്‍ നിന്ന് വാണിജ്യാവശ്യത്തിനുള്ള കാര്‍ബണ്‍ ഡയോക്സൈഡിന്റെ വില 100 ഡോളറിനും താഴെയാകാനുള്ള സാധ്യതയാണ് ഫെസാനി അനുമാനിക്കുന്നത്. എന്നാല്‍ ടണ്ണിന് 30 ഡോളര്‍ വരെയെത്താമെന്നാണ് പ്രഫസര്‍ ലാക്നറുടെ പ്രതീക്ഷ. വലിയ തോതിലുള്ള കാര്‍ബണ്‍ ബഹിര്‍ഗമനത്തിനു കാരണമായ ഇന്ധന വ്യവസായത്തിനും ഈ കാര്‍ബണ്‍ ഉറവിടങ്ങള്‍ പ്രയോജനപ്പെടും.
ആയിരം മടങ്ങ് വേഗത, കാര്യക്ഷമത
എവിടെയാണ് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കേണ്ടതെന്ന് നമുക്ക് വാദിച്ചു കൊണ്ടിരിക്കാം, എന്നാല്‍ നമുക്ക് ഇത് നിര്‍ത്തേണ്ടിവരും എന്നത് അനിവാര്യതയാണ് താനും. ഊര്‍ജ്ജ വ്യവസായം ലോകത്ത് സാധാരണ പോലെ നടക്കാതെയാകും. ഒറ്റ രാത്രി കൊണ്ട് ഇത് സംഭവിക്കുകയില്ലായിരിക്കാം, എന്നാല്‍ കാര്‍ബണ്‍ ബജറ്റ് ബാലന്‍സ് ചെയ്യാന്‍ മെച്ചപ്പെട്ട ഒരു മാര്‍ഗം കണ്ടെത്തേണ്ടതുണ്ട്-ലാക്നര്‍ പറയുന്നു. ഭൂമിയില്‍ ഓരോ വര്‍ഷവും മനുഷ്യര്‍ പുറത്തുവിടുന്നത് 36 ബില്യണ്‍ മെട്രിക് ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് ആണ്. ഇനി ലോകരാജ്യങ്ങളെല്ലാം ചേര്‍ന്ന് അവരുടെയെല്ലാം കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചാലും നിലവിലെ ആഗോള താപനത്തിന്റെ തോത് സുരക്ഷിതമായ ഒരു തലത്തിലേക്ക് എത്തിക്കാന്‍ കഴിയില്ല.
കൃത്രിമ മരങ്ങളേക്കാള്‍ നല്ലത് സ്വാഭാവിക മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്നതല്ലേ എന്ന ചോദ്യവും താന്‍ നേരിട്ടിട്ടുണ്ടെന്ന് ലാക്നര്‍
നിലവില്‍ ലോകം ഓരോ വര്‍ഷവും പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവുമായി പൊരുത്തപ്പെടാന്‍, ഒരു ദിവസം ഒരു മെട്രിക് ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് നീക്കം ചെയ്യുന്ന നൂറു ദശലക്ഷം യൂണിറ്റുകള്‍ വേണ്ടി വരും. 350 പാര്‍ട്സ് പെര് മില്യണ്‍ ആണ് കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനുള്ള കാര്‍ബണിന്റെ പരിധിയായി ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്. വ്യാവസായിക വിപ്ലവത്തോടെ ഈ ഹരിതഗൃഹ വാതകത്തിന്റെ അളവ് 300 പാര്‍ട്സ് പെര് മില്യണിനു മുകളിലേക്ക് ഉയരാന്‍ തുടങ്ങി.
കൃത്രിമ മരങ്ങളേക്കാള്‍ നല്ലത് സ്വാഭാവിക മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്നതല്ലേ എന്ന ചോദ്യവും താന്‍ നേരിട്ടിട്ടുണ്ടെന്ന് ലാക്നര്‍ പറയുന്നു. ട്രാക്ടര്‍ ഉപയോഗിച്ച് കലപ്പ വലിക്കുന്നതു പോലെയുള്ള ഒന്നാണ് ഇത്തരം ചിന്തയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സാധാരണ മരങ്ങള്‍ എടുക്കുന്നതിലും ആയിരം മടങ്ങ് വേഗത്തിലും മികവിലും തന്റെ കൃത്രിമ മരങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് ലാക്നര്‍ അവകാശപ്പെടുന്നു. മുപ്പതിനായിരം ഡോളര്‍ മുതല്‍ ഒരു ലക്ഷം ഡോളര്‍ വരെ വിലയുള്ള ഈ കൃത്രിമ മരങ്ങള്‍ക്ക്, അവ സ്ഥാപിക്കുന്നതിനോ പരിപാലിക്കുന്നതിനോ മറ്റു പ്രത്യേക ഉപകരണങ്ങളൊന്നും ആവശ്യമില്ല. മാത്രമല്ല ഇവ വന്‍തോതില്‍ ഉല്പാദിപ്പിക്കാനും സൗരോര്‍ജമോ കാറ്റോ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനും കഴിയും.
കാര്‍ബണ്‍ ഡയോക്സൈഡ് അപകടകരമായ നിലയിലേക്ക് ഉയരുന്നത് തടയുന്നതിനുള്ള താരതമ്യേന ചെലവു കുറഞ്ഞതും ഉയര്‍ന്ന കാര്യക്ഷമതയുമുള്ള ഒരു വാഗ്ദാനമായിട്ടാണ് ലാക്നേഴ്സ് ട്രീ എന്നറിയപ്പെടുന്ന ഈ കൃത്രിമ മരങ്ങളെ ശാസ്ത്ര ലോകം നോക്കിക്കാണുന്നത്
ഇതിന്റെ ആദ്യത്തെ ഔട്ട്ഡോര്‍ പ്രോട്ടോടൈപ്പ് അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ മേല്‍ക്കൂരയില്‍ ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഓട്ടോമാറ്റിക് ആയാണ് പ്രവര്‍ത്തനമെങ്കിലും ഇടയ്ക്കിടെയൊരു ബിരുദ വിദ്യാര്‍ഥിയുടെ മേല്‍നോട്ടവുമുണ്ട്. ലണ്ടന്‍ സയന്‍സ് മ്യൂസിയത്തില്‍ സംഘടിപ്പിച്ച Our future planet എന്ന എക്സിബിഷനില്‍ ഈ ക്രൃത്രിമ മരം അവതരിപ്പിച്ചിട്ടുണ്ട്.
2021 ജൂലൈയില്‍ കാര്‍ബണ്‍ വലിച്ചെടുക്കാനുള്ള ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിനായി അരിസോണ സ്റ്റേറ്റ് യുണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എനര്‍ജി, ലാക്നറിന് 2.5 മില്യണ്‍ ഡോളര്‍ അനുവദിച്ചു. ഇത്തരം യന്ത്ര മരങ്ങളുള്ള മൂന്നു ഫാമുകള്‍ തുടങ്ങാനുള്ള ശ്രമത്തിലാണ് ലാക്നര്‍. ദിവസേന ആയിരം ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് വലിച്ചെടുക്കാന്‍ കഴിയുന്ന ഫാമുകള്‍ ഈ വര്‍ഷം ഏപ്രിലോടെ പ്രവര്‍ത്തിച്ചു തുടങ്ങും. ലോകമെമ്പാടും വലിയ തോതില്‍ ഇത്തരം ഫാമുകള്‍ സ്ഥാപിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ കമ്പനി.
കാര്‍ബണ്‍ ക്യാപ്ചര്‍ നടത്തുന്നതിനായി വികസിപ്പിച്ചു കൊണ്ടിരിക്കുന്ന പുതിയ സാങ്കേതിക വിദ്യകളുടെ വര്‍ദ്ധിച്ചു വരുന്ന ശ്രേണിയില്‍ ശ്രദ്ധേയമായൊരു മുന്നേറ്റമാണിത്. കാര്‍ബണ്‍ ഡയോക്സൈഡ് അപകടകരമായ നിലയിലേക്ക് ഉയരുന്നത് തടയുന്നതിനുള്ള താരതമ്യേന ചെലവു കുറഞ്ഞതും ഉയര്‍ന്ന കാര്യക്ഷമതയുമുള്ള ഒരു വാഗ്ദാനമായിട്ടാണ് ലാക്നേഴ്സ് ട്രീ എന്നറിയപ്പെടുന്ന ഈ കൃത്രിമ മരങ്ങളെ ശാസ്ത്ര ലോകം നോക്കിക്കാണുന്നത്.