Oct 26, 2021 • 12M

30 വര്‍ഷം ശാസ്ത്രലോകം  തേടിയ  ഉത്തരം  കണ്ടെത്തിയ മലയാളി!

ലോകത്തെ മികച്ച ശാസ്ത്ര ഗവേഷകരുടെ നിരയിലേക്ക് തന്റെ കഠിനാധ്വാനവും പ്രയത്നവുംകൊണ്ട് ഉയര്‍ന്ന തൃശൂരുകാരന്‍

7
2
 
1.0×
0:00
-11:34
Open in playerListen on);
Episode details
2 comments

വര്‍ഷങ്ങളായി താന്‍ മനസില്‍ കൊണ്ടു നടന്നിരുന്ന സ്വപ്നങ്ങളിലൂടെ ജീവിക്കുകയാണ് ഇന്ന് അനക്സ് ജോസ് എന്ന ഗവേഷക വിദ്യാര്‍ഥി. 30 വര്‍ഷത്തോളമായി ശാസ്ത്രലോകം ഉത്തരം തേടിയിരുന്ന കണ്ടെത്തലിനു പിന്നിലെ മലയാളി. ലോകത്തെ മികച്ച ശാസ്ത്ര ഗവേഷകരുടെ നിരയിലേക്ക് തന്റെ കഠിനാധ്വാനവും പ്രയത്നവുംകൊണ്ട് ഉയര്‍ന്ന തൃശൂരുകാരന്‍

പ്ലസ് ടു സയന്‍സ് പഠനം കഴിയുന്ന മിക്ക കുട്ടികള്‍ക്കും ലഭിക്കുന്ന ഉപദേശമായിരിക്കും എന്‍ട്രന്‍സ് എഴുതി ഡോക്ടറോ എന്‍ജിനീയറോ ആകുക എന്ന്. അങ്ങനെ പല ഉപദേശങ്ങളും ചുറ്റിലും നിന്നു ഉയര്‍ന്നപ്പോള്‍ അനക്സ് ജോസ് എന്ന പയ്യന്‍ തന്റെ ആശയക്കുഴപ്പം മാറ്റാന്‍ ഒരാളെ കാണാനായി ചെന്നു. തന്റെ കുടുംബ സുഹൃത്തും എംഎല്‍എയുമായ പ്രൊഫ. സി രവീന്ദ്രനാഥിനെ. ഇഷ്ട വിഷയമായ കെമിസ്ട്രിയുടെ അധ്യാപകന്‍ കൂടിയായിരുന്ന രവീന്ദ്രന്‍ സാറിന് തന്റെ മനസ്സിലെ ആഗ്രഹങ്ങള്‍ അറിഞ്ഞ് ഒരു ഉപദേശം നല്‍കാനാകുമെന്ന് അനക്സിന് വിശ്വാസമുണ്ടായിരുന്നു. അനക്സിന് കെമിസ്ട്രിയോടുള്ള താല്‍പ്പര്യവും കഴിവും അറിഞ്ഞിരുന്ന രവീന്ദ്രന്‍ സാര്‍ ആ വിഷയം തന്നെ മുന്നോട്ടും പഠിക്കണമെന്നും ഗവേഷണം നടത്തണമെന്നുമെല്ലാം ഉപദേശിച്ചു. ഒരു മണിക്കൂര്‍ നീണ്ട ആ സംഭാഷണം പിന്നീടുള്ള അനക്സിന്റെ ജീവിതം തന്നെ മാറ്റി മറിക്കാന്‍ കഴിവുള്ള തീരുമാനങ്ങളോടെയാണ് അവസാനിച്ചത്.

സ്‌കൂള്‍ പഠന കാലം മുതല്‍ കണ്ട സ്വപ്നങ്ങള്‍ക്ക് പിറകേ നടന്ന് അവ സാക്ഷാല്‍ക്കരിക്കുമ്പോള്‍ കിട്ടുന്ന നിര്‍വൃതി പറഞ്ഞറിയിക്കാനാവില്ല. വര്‍ഷങ്ങളായി താന്‍ മനസ്സില്‍ കൊണ്ടു നടന്നിരുന്ന സ്വപ്നങ്ങളിലൂടെ ജീവിക്കുകയാണ് ഇന്ന് അനക്സ് ജോസ് എന്ന ഗവേഷക വിദ്യാര്‍ഥി. 30 വര്‍ഷത്തോളമായി ശാസ്ത്രലോകം ഉത്തരം തേടിയിരുന്ന കണ്ടെത്തലിനു പിന്നിലെ മലയാളി. ലോകത്തെ മികച്ച ശാസ്ത്ര ഗവേഷകരുടെ നിരയിലേക്ക് തന്റെ കഠിനാധ്വാനവും പ്രയത്നവുംകൊണ്ട് ഉയര്‍ന്ന തൃശൂരുകാരന്‍. വലിയ ഗവേഷകര്‍ക്കോ ശാസ്ത്രജ്ഞര്‍ക്കോ മാത്രം ഗവേഷണ ഫലങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുന്ന വിഖ്യാത ശാസ്ത്ര മാസികയായ 'സയന്‍സി'ല്‍ തന്റെ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിക്കാന്‍ അവസരം ലഭിച്ച ഇരുപത്തേഴുകാരന്‍.

Watch Video

മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാവുന്ന നേട്ടം സ്വന്തമാക്കിയ ഈ തൃശൂരുകാരന്‍ ഇന്ന് അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയാണ്. തന്റെ ഗവേഷണത്തെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും ശാസ്ത്ര അഭിരുചികളെപ്പറ്റിയെല്ലാം അനക്സ് സയന്‍സ് ഇന്‍ഡിക്കയോട് സംസാരിക്കുന്നു...

ഗവേഷണത്തെക്കുറിച്ച്?

ശ്വസന പ്രക്രിയ നടത്തുന്ന ഓരോ ജീവിയിലും ശ്വസിക്കുന്ന ഓക്സിജന്‍ രക്തത്തില്‍ അലിഞ്ഞു കോശങ്ങളിലേക്ക് എത്തുന്നു. ഈ ഓക്സിജന്‍ പിന്നീട് നാല് ഇലക്ട്രോണുകളുമായുള്ള രാസപ്രതിപ്രവര്‍ത്തനത്തിലൂടെ പുറപ്പെടവിക്കുന്ന ഊര്‍ജം ഉപയോഗിച്ചാണ് അഡിനോസിന്‍ ട്രൈ ഫോസ്ഫേറ്റ് (ATP) എന്ന ഊര്‍ജ തന്മാത്ര, കോശങ്ങള്‍ ഉണ്ടാക്കുന്നത്. ഓക്സിജന്‍ തന്മാത്രകള്‍ ജലമായി മാറി പ്രോട്ടോണുകളെ കോശങ്ങളുടെ ആവരണത്തിലേക്ക് എങ്ങനെ കടത്തിവിടുന്നു എന്നെല്ലാം പരിശോധിച്ചു. സൂത്രകണിക അഥവാ mitochondria ആണ് കോശങ്ങളുടെ ജൈവ-രാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായുള്ള കെമിക്കല്‍ എനര്‍ജി നല്‍കുന്നത്. സൂത്രകണിക ഉല്‍പ്പാദിപ്പിക്കുന്ന ഈ ഊര്‍ജവും ATP ആണ് സൂക്ഷിക്കുന്നത്.

കോശങ്ങള്‍ക്ക് വേണ്ട ഊര്‍ജം പ്രദാനം ചെയ്യുന്നത് ഈ എടിപിയാണ്. ഊര്‍ജ്ജദായകമായ അഡിനോസിന്‍ ട്രൈ ഫോസ്ഫേറ്റ് മനുഷ്യ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് ഓക്സിജനുമായുള്ള നാല് ഇലക്ട്രോണുകളുടെ പ്രതിപ്രവര്‍ത്തനം മൂലമാണ്. അതില്‍ മൂന്നെണ്ണത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് മുന്‍പ് ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുള്ളതാണ്. എന്നാല്‍ നാലാമത്തെ ഇലക്ട്രോണിന്റെ പ്രതിപ്രവര്‍ത്തനം എങ്ങനെയെന്ന് കഴിഞ്ഞ 30 വര്‍ഷത്തോളമായി ശാസ്ത്രജ്ഞര്‍ കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു. അത് എങ്ങനെയെന്നാണ് ഇപ്പോള്‍ ഞങ്ങള്‍ക്ക് കണ്ടെത്താനായത്.

ഓക്സിജന്‍ തന്മാത്രയും നാല് ഇലക്ട്രോണുകളും നാല് പ്രോട്ടോണുകളും ചേര്‍ന്നുള്ള പ്രതിപ്രവര്‍ത്തനമാണ് ജൈവ ഊര്‍ജ കൈമാറ്റത്തിന്റെ അടിസ്ഥാനം. ഇതിലെ നാലാമത്തെ ഇലക്ട്രോണിന്റെ പ്രവര്‍ത്തനമാണ് ഇപ്പോള്‍ മനസിലാക്കാനായത്. സൈറ്റോക്രോം സി ഓക്സിഡൈസിനെ (Cytochrome c oxidase) ക്കുറിച്ച് പഠനം നടത്തിയപ്പോള്‍ കോശങ്ങളിലെ ഓക്സിജന്‍ തന്മാത്രകളുടെ ഈ പ്രതിപ്രവര്‍ത്തനത്തിന് പ്രോട്ടോണുകള്‍ സൂത്രകണികയിലേക്ക് കടത്തിവിടുന്നതുമായുള്ള ബന്ധം (proton pumping) മനസ്സിലായി. ഇത് ATP സങ്കലനവുമായി (ATP synthesis) എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും തിരിച്ചറിയാനായി. കോശങ്ങളിലെ ഊര്‍ജ തന്മാത്രകളുടെ പ്രതിപ്രവര്‍ത്തനം എങ്ങനെയെന്നും കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

ഇതിന്റെ പ്രായാഗികത എങ്ങനെയാണ്?

കൃത്രിമ ഊര്‍ജം നിര്‍മിക്കാന്‍ ഈ കണ്ടെത്തല്‍ സഹായകരമാകും എന്നാണ് കരുതുന്നത്. ശുദ്ധമായ ഊര്‍ജം കൃത്രിമമായി നിര്‍മിക്കാനായാല്‍ അത് പല മേഖലകളിലും ഉപകരിക്കും.

ഈ വിഷയത്തിലേക്ക് തിരിയാനുള്ള കാരണം?

എന്റെ ഗവേഷണത്തിന്റെ ഭാഗമായാണ് ഞാന്‍ ഈ കണ്ടെത്തല്‍ നടത്തിയത്. ഇപ്പോള്‍ ഗവേഷണത്തിന്റെ അവസാന ഘട്ടത്തിലാണ്. സൈറ്റോക്രോം സി ഓക്സിഡൈസിന്റെയും ശ്വസന എന്‍സൈമുകളുടെയും ഘടനാപരവും പ്രവൃത്തിപരവുമായ ബന്ധം കണ്ടെത്തുകയാണ് എന്റെ ഗവേഷണ ലക്ഷ്യം. അതിന്റെ ഭാഗമായി നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അതില്‍ ഒന്നായിരുന്നു ഇത്. ഈ ഗവേഷണം ഞാന്‍ തനിയെ ചെയ്തു എന്നും പറയാനാകില്ല. നല്ലൊരു ശതമാനം ഗവേഷണങ്ങളും എന്റേതാണെങ്കിലും ഞങ്ങള്‍ ആറ് വിദ്യാര്‍ഥികള്‍ ചേര്‍ന്നൊരു കൂട്ടായ പ്രവര്‍ത്തനമായിരുന്നു. എന്റെ ഗൈഡും പ്രൊഫസറുമായ എഡ്വാര്‍ഡ് ഐ സോളമന്റെ പങ്കും വലുതാണ്.


കുടുംബ സുഹൃത്തായ മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് അന്ന് കെമിസ്ട്രിയുമായി മുന്‍പോട്ടു പോകാന്‍ പ്രചോദനം നല്‍കിയത്


ഇതുവരെ 15 ഗവേഷണ പ്രബന്ധങ്ങളാണ് സമര്‍പ്പിച്ചിട്ടുള്ളത്. അവയെല്ലാം ഒരു കൂട്ടായ പ്രവൃത്തി തന്നെയായിരുന്നു. ഏറ്റവും കൂടുതല്‍ പ്രയത്നിച്ച ആളുടെ പേര് ആദ്യം കൊടുക്കും. അതാണ് പതിവ്. ഏറ്റവും അവസാനമായി ഞങ്ങളുടെ ഗൈഡിന്റെയും. ഈ ഗവേഷണ ഫലവും അങ്ങനെ സമര്‍പ്പിച്ചതാണ്. കുറേ വര്‍ഷങ്ങളായി ശാസ്ത്രലോകം അന്വേഷിച്ചിരുന്ന ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്താനായി എന്നതാണ് ഇതിനുണ്ടായ പ്രത്യേകത.

സ്റ്റാന്‍ഫോര്‍ഡിലെ അനുഭവം ?

ലോകത്തെ ഏറ്റവും മികച്ച സര്‍വ്വകലാശാലകളില്‍ ഒന്നില്‍ പഠിക്കുക എന്നത് ഏറെ സന്തോഷവും അഭിമാനവും തരുന്ന കാര്യമാണ്. 2017ലാണ് ഞാന്‍ സ്റ്റാന്‍ഫോര്‍ഡിലെത്തുന്നത്. മൂന്ന്‌ ടെസ്റ്റുകളും ഇന്റര്‍വ്യൂവും കടന്നാലേ സ്റ്റാന്‍ഫോര്‍ഡില്‍ പ്രവേശനം ലഭിക്കൂ. മാത്രമല്ല, മൂന്ന് പ്രൊഫസര്‍മാരുടെ ശുപാര്‍ശയും വേണം. ഇത്രയും കടമ്പ കടന്നാണ് ഇവിടെ ഗവേഷണത്തിന് സ്‌കോളര്‍ഷിപ്പോടെ ചേര്‍ന്നത്. കൂടാതെ, മാസം സ്റ്റൈപ്പെന്റും ലഭിക്കും. ഒരു ബാച്ചില്‍ നാല് ഇന്റര്‍നാഷണല്‍ സ്റ്റുഡന്‍സിനെ മാത്രമേ അനുവദിക്കുകയുള്ളൂ. ആ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള ഏക വിദ്യാര്‍ഥി ഞാനായിരുന്നു. പല പുതിയ കാര്യങ്ങള്‍ പഠിക്കാനും അറിയാനും വിവിധ അവസരങ്ങളെക്കുറിച്ച് അറിയാനുമെല്ലാം സ്റ്റാന്‍ഫോര്‍ഡ് ഏറെ സഹായിച്ചിട്ടുണ്ട്.

സയന്‍സ് മാസികയിലേക്ക് ?

സര്‍വ്വകലാശാലയ്ക്ക് സമര്‍പ്പിച്ച ശേഷം ഗവേഷണ പ്രബന്ധം സയന്‍സ് മാസികയിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു. ആഗോള ശാസ്ത്ര പ്രതിഭകളുടെ ഗവേഷണങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകരിക്കുന്ന ശാസ്ത്ര മാസികയാണത്. അവിടെ സമര്‍പ്പിക്കുന്നവയില്‍ വെറും അഞ്ച് ശതമാനം മാത്രമാണ് അവര്‍ പ്രസിദ്ധീകരിക്കാറുള്ളത്. നമ്മള്‍ സമര്‍പ്പിക്കുന്ന ഗവേഷണ ഫലം എഡിറ്റോറിയല്‍ ബോര്‍ഡ് പരിഗണിക്കണോ തള്ളണോ എന്ന് ആദ്യം പഠിക്കും. പിന്നീട് ഗവേഷണത്തെക്കുറിച്ച് വിശദമായി പഠിക്കാനായി ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തും. ഏകദേശം അഞ്ചു മാസത്തെ പ്രക്രിയയ്ക്കു ശേഷമാണ് മാസിക ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിക്കുന്നത്. ഇതെല്ലാം കൊണ്ടാണ് ഇതൊരു അംഗീകാരമായി മാറുന്നതും.

ഗവേഷണത്തോട് പണ്ടേ താല്‍പ്പര്യമുണ്ടായിരുന്നോ ?

സെയിന്റ് ജോസഫ് മോഡല്‍ സ്‌കൂളിലാണ് ഹൈ സ്‌കൂള്‍ ചെയ്തത്. എസ്എസ്എല്‍സിക്ക് തൃശൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥി ഞാനായിരുന്നു. അതിനു ശേഷം കാല്‍ഡിയന്‍ സിറിയന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടു പഠിക്കുമ്പോള്‍ തന്നെ ഇഷ്ട വിഷയം കെമിസ്ട്രിയാണെന്ന് ഉറപ്പിച്ചിരുന്നു. അവിടെ നിന്നും ഉയര്‍ന്ന മാര്‍ക്കോടെ പാസായെങ്കിലും എന്‍ട്രന്‍സിനെക്കുറിച്ചായിരുന്നു എല്ലാവരും സൂചിപ്പിച്ചത്. എന്നാല്‍ എന്റെ കുടുംബ സുഹൃത്തായ മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് അന്ന് കെമിസ്ട്രിയുമായി മുന്‍പോട്ടു പോകാന്‍ പ്രചോദനം നല്‍കിയത്. കെമിസ്ട്രി പ്രൊഫസര്‍ കൂടിയായ അദ്ദേഹത്തിന്റെ വാക്കുകള്‍ ജീവിതത്തിലെന്നും പ്രചോദനമായിട്ടുണ്ട്. അതുപോലെതന്നെ കാല്‍ഡിയന്‍ സിറിയന്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഡോ.അബി പോള്‍ അന്നും ഇന്നും വലിയ പ്രചോദനമാണ് നല്‍കുന്നത്.

അങ്ങനെയാണ് കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (IISER) എത്തുന്നത്. അവിടെയായിരുന്നു എന്റെ കമ്പൈന്‍ഡ് ഡിഗ്രി-പിജി പഠനം. ഒരുപാട് അനുഭവങ്ങള്‍ സമ്മാനിച്ച കോളെജ് കാലഘട്ടമായിരുന്നു അത്. ലോകത്തെ പ്രശസ്ത ശാസ്ത്രജ്ഞര്‍ ക്ലാസുകളെടുക്കാനും മറ്റും വരാറുള്ള അവിടെ സമ്മര്‍ റിസേര്‍ച്ചിന്റെ ഭാഗമായി ഓരോ വര്‍ഷവും വിവിധ രാജ്യങ്ങളിലെ ഗവേഷണ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനും സാധിച്ചു. സ്‌കോളര്‍ഷിപ്പോടെയായിരുന്നു അവിടുത്തെ പഠനവും ഇന്റേണ്‍ഷിപ്പുമെല്ലാം. ഗോള്‍ഡ് മെഡലോടു കൂടിയാണ് അവിടെ നിന്നും പാസായത്.

എന്റെ ഇപ്പോഴത്തെ ഗൈഡും പ്രൊഫസറുമായ എഡ്വേര്‍ഡ് ഐ സോളമന്‍ ലോകത്തിലെ പ്രശസ്ത കെമിസ്ട്രി ശാസ്ത്രജ്ഞരില്‍ ഒരാളാണ്. അദ്ദേഹം അന്നവിടെ ക്ലാസ് എടുക്കാന്‍ വന്നപ്പോള്‍ പരിചയപ്പെട്ടിരുന്നു. പിന്നീട് എനിക്ക് സ്റ്റാന്‍ഫോര്‍ഡിലേക്കുള്ള ഇന്റര്‍വ്യൂ അദ്ദേഹം കൊല്‍ക്കത്തയില്‍ വച്ചാണ് നടത്തിയതും.

മറക്കാനാവാത്ത അനുഭവം ?

പഠനത്തിന്റെ അഞ്ചാം വര്‍ഷമാണ് ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവം ഉണ്ടായത്. എല്ലാ വര്‍ഷവും നൊബേല്‍ സമ്മാന ജേതാക്കളുടെ ഒരു കൂട്ടായ്മ സംഘടിപ്പിക്കാറുണ്ട്. ജീവിച്ചിരിക്കുന്ന എല്ലാ നൊബേല്‍ ജേതാക്കളും പങ്കെടുക്കുന്ന ചടങ്ങ്. ജര്‍മനിയിലെ ഒരു ദ്വീപില്‍ ഒരാഴ്ച നടക്കുന്ന സംഗമത്തില്‍ നാനൂറ് വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കും. ഓരോ വര്‍ഷവും ഓരോ വിഷയത്തിലായിരിക്കും ചര്‍ച്ചകള്‍ നടക്കുക. 2017ല്‍ നടന്ന ലിന്‍ഡോ നൊബേല്‍ ലൊറേറ്റ് മീറ്റിംഗില്‍ കെമിസ്ട്രിയായിരുന്നു വിഷയം. അതില്‍ പങ്കെടുക്കാനുള്ള അപൂര്‍വ്വ അവസരം എനിക്ക് ലഭിച്ചു.

വിദ്യാര്‍ഥികളെ ഇന്ത്യന്‍ സര്‍ക്കാര്‍ തെരഞ്ഞെടുത്ത് സ്പോണ്‍സര്‍ ചെയ്ത് അയക്കുകയാണ് ചെയ്യുന്നത്. എല്ലാ ദിവസവും രാവിലെ മുതല്‍ രാത്രി വരെ പ്രതിഭകളുമൊത്താണ് സമ്മേളനവും ഭക്ഷണവും എല്ലാം. ഒരു വിദ്യാര്‍ഥിക്ക് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരം. അത് എന്റെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നതായിരുന്നു. അവരോടൊത്തുള്ള ഓരോ നിമിഷവും കൂടുതല്‍ ഉയരങ്ങളിലെത്താനുള്ള പ്രചോദനമായിരുന്നു.


“കെമിസ്ട്രിയും ഗവേഷണവും വിട്ടൊരു മേഖലയില്ല

അനക്സ് ജോസ്


ഭാവി സ്വപ്നങ്ങള്‍ ?

പിഎച്ച്ഡി പൂര്‍ത്തിയാക്കിയാല്‍ പോസ്റ്റ് ഡോക്ടറല്‍ പഠനത്തിനു ചേരണമെന്നാണ് മോഹം. അതിനു ശേഷം ഇന്‍ഡസ്ട്രിയല്‍ ഗവേഷണ രംഗത്തേക്ക് തിരിയണോ അതോ സര്‍വ്വകലാശാലകളില്‍ ഗവേഷണത്തിനായി തുടരണോ എന്നൊന്നും തീരുമാനിച്ചിട്ടില്ല. ഏതായാലും കെമിസ്ട്രിയും ഗവേഷണവും വിട്ടൊരു മേഖലയില്ല. ഭാവിയില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് ശുദ്ധമായ ഊര്‍ജ സ്രോതസ്സുകള്‍ നിര്‍മിക്കുകയും പുതിയ, പ്രകൃതിക്ക് ഇണങ്ങുന്ന ബാറ്ററി ഡിസൈനുകള്‍ രൂപകല്‍പ്പന ചെയ്യുകയുമാണ്.

കുടുംബം ?

തൃശൂരിലെ കല്ലൂരാണ് വീട്. അച്ഛന്‍ ജോസ് തെക്കേത്തല മോട്ടിവേഷണല്‍ സ്പീക്കറും വ്യവസായിയും ജീവ കൃഷിയുടെ വക്താവുമാണ്. അദ്ദേഹമാണ് എന്റെ എല്ലാ താല്‍പര്യങ്ങള്‍ക്കും പിന്തുണ നല്‍കുന്ന, എല്ലാ കാര്യങ്ങളും ശുഭാപ്തി വിശ്വാസത്തോടെ കാണാന്‍ പ്രേരിപ്പിക്കുന്നയാള്‍. അതോടൊപ്പം അമ്മ ജെസ്സിയും സഹോദരി അനീനയും എന്നും പിന്തുണ നല്‍കുന്നു. അനീന പിജിക്ക് പഠിക്കുന്നു