ഇനി ഏതു പ്രളയത്തിലും വീട്ടില്‍ കിടന്നുറങ്ങാം; വെള്ളം പൊങ്ങിയാല്‍ കൂടെ വീടും പൊങ്ങും
ഏതു പ്രളയത്തെയും മറികടക്കാന്‍ കഴിയുന്ന ആംഫീബിയസ് വീടുകള്‍ ഇപ്പോള്‍ കേരളത്തിലും ശ്രദ്ധ നേടുകയാണ്
കാലാവസ്ഥയെ അതിജീവിക്കാന്‍ കഴിയുന്ന വീടുകള്‍ എങ്ങനെ പണിയാം എന്നാണ് മിക്കവരും ചിന്തിക്കുന്നത്. അതുകൊണ്ടുതന്നെ ഏതു പ്രളയത്തെയും മറികടക്കാന്‍ കഴിയുന്ന ആംഫീബിയസ് വീടുകള്‍ ഇപ്പോള്‍ കേരളത്തിലും ശ്രദ്ധ നേടുകയാണ്
ഒരു അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കേരളമല്ല ഇന്നത്തേത്. വികസനവും വളര്‍ച്ചയും സാങ്കേതികവിദ്യയും മാത്രമല്ല, കാലാവസ്ഥയും നന്നേ മാറിക്കഴിഞ്ഞു. 2018 മുതല്‍ അന്നുവരെ കേരളത്തിലെ ജനങ്ങള്‍ക്ക് ഇല്ലാതിരുന്ന ഒരു ഭീതി ഇന്ന് നിരന്തരം നമ്മെ വേട്ടയാടുന്നുണ്ട്, പ്രളയം. 2018ലും 2019ലും സംഭവിച്ച മഹാപ്രളയം കേരളത്തെയാകെ ഉലച്ചത് അത്രയേറെ ആഴത്തിലാണ്. ഇപ്പോഴും ഓരോ പെരുമഴക്കാലത്തും നമ്മള് അതേ ഭീതിയുടെ നിഴലിലാണ്. അടിക്കടി ഉണ്ടാകുന്ന പ്രളയത്തില്‍ നിന്നും ജീവനും കൈയ്യില്‍ പിടിച്ച് സര്‍വ്വതും എടുത്ത് ഓടേണ്ടി വരുന്ന അവസ്ഥ അത്ര സുഖകരമല്ല.
വര്‍ഷങ്ങളായി തങ്ങള്‍ സ്വരുക്കൂട്ടിയ സമ്പാദ്യങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് വെള്ളത്തില്‍ ഒലിച്ചുപോകുന്നത് കണ്ടു നില്ക്കാന് മാത്രം വിധിക്കപ്പെട്ടവര്‍ക്ക് അതിന്റെ വേദന പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. എന്നാല്‍ വീടിനകത്ത് വെള്ളം കയറാതിരുന്നാല്‍ ഒരു പരിധി വരെ രക്ഷ നേടാന്‍ കഴിയുകയും ചെയ്യും. അതിനുള്ള ഒരു പരിഹാരമെന്ന നിലയിലാണ് ആംഫീബിയസ് വീടുകള്‍ ശ്രദ്ധ നേടുന്നത്. കാരണം, വെള്ളം പൊങ്ങിയാല്‍ കൂടെ വീടും പൊങ്ങും എന്നതാണ് ഈ സാങ്കേതികവിദ്യയുടെ പ്രത്യേകത. വീടിനും വീട്ടുകാര്‍ക്കും വസ്തുക്കള്‍ക്കും ഒരു കുഴപ്പവും വരാതെ നോക്കുന്ന ആംഫീബിയസ് സാങ്കേതിക വിദ്യ ഉയോഗിച്ച് പണിയുന്ന വീടുകളാണ് ഇങ്ങനെ പ്രളയകാലത്തും രക്ഷ നല്‍കുന്നത്. ബ്രിട്ടന്, നെതര്‍ലന്‍ഡ്സ് അടക്കം വിവിധ രാജ്യങ്ങളില്‍ പരീക്ഷിച്ചു വിജയിച്ച ഈ മാതൃക നമ്മുടെ കേരളത്തിലും ഇപ്പോള്‍ മാറ്റത്തിന് തുടക്കം കുറിക്കുകയാണ്.
മാറ്റത്തിന്റെ തുടക്കം
കൊല്ലം ജില്ലയിലെ മണ്‍റോ തുരുത്ത്, ആലപ്പുഴ ജില്ലയിലെ കുട്ടനാട് തുടങ്ങിയ മേഖലകളില്‍ വെള്ളപ്പൊക്കം ഒരു നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഇവിടങ്ങളിലുള്ള വീടുകള്‍ക്ക് വെള്ളപ്പൊക്കം ഉയര്‍ത്തുന്ന ഭീഷണിയും ചെറുതല്ല. വീടുകള്‍ക്ക് കേടുപാട് വരുന്നതു കൂടാതെ, ഇവിടുത്തെ ജീവിതം തന്നെ ദുസ്സഹമായി പലര്‍ക്കും അനുഭവപ്പെട്ടു തുടങ്ങി. എന്നാല്‍ വെള്ളപ്പൊക്ക ഭീഷണി ഭയന്ന് സ്വന്തം നാടു വിട്ട് മറ്റെവിടേക്കെങ്കിലും മാറാനും മിക്കവര്‍ക്കും താല്പര്യമുണ്ടാകില്ല. അങ്ങനെയുള്ളവര്‍ക്ക് ഒരു ആശ്വാസമാവുകയാണ് ആംഫീബിയസ് വീടുകള്‍.
ഇത്തരം സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന ഈ മാതൃക ഇന്ത്യയില്‍ തന്നെ ആദ്യമായി അവതരിപ്പിച്ചത് കോട്ടയം കേന്ദ്രമാക്കിയ നെസ്റ്റ്അബൈഡ് എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭമാണ്. കേരളത്തില്‍ ചില സ്ഥലങ്ങളില്‍ പരീക്ഷിച്ചിട്ടുള്ള, വീപ്പ വച്ച് വെള്ളത്തില്‍ പൊങ്ങുന്ന വീടുകളെക്കാള്‍ ഏറെ സുരക്ഷിതവും ശാസ്ത്രീയവുമാണ് ആംഫീബിയസ് മാതൃകയെന്ന് നെസ്റ്റ് അബൈഡിന്റെ അമരക്കാരായ നന്മ ഗിരീഷും ബെന്‍ കെ ജോര്‍ജും പറയുന്നു. പൂര്‍ണമായും കോണ്‍ക്രീറ്റില്‍ തന്നെ നിര്‍മിക്കുന്ന ഇത്തരം വീടുകള്‍ക്ക് ഈടും ബലവും ഇവര്‍ ഉറപ്പു നല്കുന്നു. എന്നിട്ടും വിശ്വാസം വരാത്തവര്‍ക്കായി കോട്ടയം കുറവിലങ്ങാട് വെള്ളം കയറാത്ത വീടിന്റെ ഒരു മാതൃകയും ഇവര്‍ നിര്‍മിച്ചിട്ടുണ്ട്.
എപ്പോഴും വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന ഫ്ളോട്ടിങ് വീടുകളില്‍ നിന്നും വ്യത്യസ്തമാണ് ആംഫീബിയസ് വീടുകള്‍. ഭൂമിയില്‍ തന്നെ കൂടുതല്‍ സമയവും ഉറച്ചിരിക്കുന്ന ഇത്തരം വീടുകള്‍ വെള്ളം പൊങ്ങുമ്പോള്‍ മാത്രം തനിയെ ഉയര്‍ന്ന്, വെള്ളമിറങ്ങുമ്പോള്‍ തനിയെ താഴുകയാണ് ചെയ്യുന്നത്. കോണ്‍ക്രീറ്റ് കെട്ടിടം എങ്ങനെ തനിയെ പൊങ്ങും എന്ന് പലര്‍ക്കും തുടക്കത്തില്‍ സംശയമായിരുന്നു. നമ്മുടെ നാട്ടില്‍ ഏറെ പുതുമയാര്‍ന്ന ഈ ആശയം, കുറവിലങ്ങാട് നിര്‍മിച്ച മാതൃക നേരില്‍ കണ്ടാണ് പലര്‍ക്കും ഇതേക്കുറിച്ച് വ്യക്തത വന്നതെന്ന് നെസ്റ്റ്അബൈഡ് സഹസ്ഥാപകനായ നന്മ ഗിരീഷ് പറയുന്നു. സ്റ്റാര്‍ട്ടപ്പ് മിഷന്റെയും സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെയും അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം കോട്ടയം പാലായില്‍ ഇന്ത്യയില്‍ ആദ്യത്തെ ആംഫീബിയസ് വീട് പണിയുകയാണ്. കേരളത്തില്‍ പല സ്ഥലങ്ങളിലായി ആംഫീബിയസ് വീടുകള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് നെസ്റ്റ്അബൈഡ് ഇപ്പോള്‍.
യുകെയും നെതര്‍ലന്‍ഡ്സും മാതൃക
വിദേശ രാജ്യങ്ങളില്‍ പലയിടത്തും ഇത്തരം വീടുകള്‍ 2005 മുതല്‍ പ്രചാരമുണ്ട്. യുകെ, നെതര്‍ലന്‍ഡ്സ്, പോളണ്ട് എന്നിവിടങ്ങളില്‍ ഒട്ടേറെ ആംഫീബിയസ് വീടുകള്‍ നിര്‍മിച്ചു വര്‍ഷങ്ങളായി താമസിക്കുന്നവരെ സന്ദര്‍ശിച്ച അനുഭവവും നന്മയ്ക്കും ബെനിനും ഉണ്ട്. നെതര്‍ലന്‍ഡ്സിലും പോളണ്ടിലും നേരിട്ടു ചെന്ന് ഇത്തരം വീടുകളെക്കുറിച്ചും കേരളത്തില്‍ ഇവയ്ക്കുള്ള സാധ്യതകളെക്കുറിച്ചും പഠിച്ച ശേഷമാണ് ഇവര്‍ ഈ മേഖലയിലേക്ക് കടന്നത്. എന്‍ജിനീയറിങ് ബിരുദധാരികളായ ഇരുവരും വര്‍ഷങ്ങളോളം ആംഫീബിയസ് വീടുകളെക്കുറിച്ച് ഗവേഷണം നടത്തിയതിനു ശേഷമാണ് നെസ്റ്റ്അബൈഡ് എന്ന സ്ഥാപനം തുടങ്ങിയത്.
ഫ്ളോട്ടിങ് വീടുകള്‍ പണ്ടു മുതല്‍ പ്രചാരത്തിലുണ്ടെങ്കിലും പൂര്‍ണമായും ബലവും ഉറപ്പും സുരക്ഷയും നല്കുന്ന കോണ്‍ക്രീറ്റ് നിര്‍മിത അടിത്തറ പാകുന്ന ആംഫീബിയസ് വീടുകളുടെ സാങ്കേതികവിദ്യ രൂപം പ്രാപിച്ചിട്ട് അധികകാലം ആയിട്ടില്ല. കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് വാട്ടര്‍ലൂവിലെ പ്രൊഫസറായ ഡോ.എലിസബത്ത് സി ഇംഗ്ലീഷും നെതര്‍ലന്‍ഡ്സിലെ പ്രൊഫസറായ ക്രിസ് സീവെന്ബര്ഗുമാണ് ആംഫീബിയസ് എന്ന സാങ്കേതികവിദ്യയ്ക്ക് രൂപരേഖ നല്‍കിയത്. ഇവരുടെ കീഴില്‍ ഗവേഷണം നടത്തിയിരുന്ന നന്മയും ബെനും അത് കേരളീയ ശൈലിയിലുള്ള വീടുകള്‍ക്ക് ഇണങ്ങുന്ന മാതൃകയില്‍ എങ്ങനെ മാറ്റിയെടുക്കാം എന്ന് ചിന്തിക്കുകയായിരുന്നു.
അടിത്തറയിലാണ് കാര്യം
വിദേശരാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ നാട്ടിലെ വീടുകള്‍ക്ക് ഭാരം കൂടുതലാണ്. അതിനനുസരിച്ച് കെട്ടുറപ്പുള്ള അടിത്തറയാണ് അതിന്റെ ബലം. എന്നാല്‍ പുതിയതായി പണിയുന്ന ഏതു തരം വീടുകള്‍ക്കും ആംഫീബിയസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താം എന്നതും ഇതിന്റെ സവിശേഷതയാണ്. ഉള്ളു പൊള്ളയായ കോണ്‍ക്രീറ്റ് തറയുടെ ഉള്ളിലാണ് വീട്് നിര്‍മിക്കുക. ഇതിന് ബോയന്റ് ഫൗണ്ടേഷന് എന്നാണ് പറയുന്നത്. ഇതിന്റെ വശങ്ങളായി തൂണുകളും അതില്‍ വളയങ്ങളും റോളറുകളും ഘടിപ്പിക്കും. ഇതാണ് വെള്ളം ഒരു നിശ്ചിത അളവില്‍ കൂടിയാല്‍ വീടിനെ പൊങ്ങാനും പിന്നീട് താഴാനും സഹായിക്കുന്നത്.
ചതുപ്പ് നിലങ്ങളില്‍ നിലവില്‍ പണിയാന്‍ ബുദ്ധിമുട്ടാണെങ്കിലും കടല്‍ തീരത്ത് താമസിക്കുന്നവര്‍ക്കും മറ്റും ഈ തരത്തില്‍ വീട് പണിയാവുന്നതാണ്. ആര്ക്കിമെഡീസ് തത്വം അടിസ്ഥാനമാക്കിയാണ് ആംഫീബിയസ് വീടുകളുടെ നിര്‍മിതി. അതുകൊണ്ടുതന്നെ വെള്ളം ഇതിലേക്ക് വന്നു തുടങ്ങിയാല്‍ വീടിന് ഭാരം കുറവ് തോന്നുകയും വെള്ളത്തിന് അനുസരിച്ച് അത് മുകളിലേക്ക് പൊങ്ങിപോവുകയും ചെയ്യും
'അടിത്തറ ഇത്തരത്തില്‍ തൂണുകള്‍ കൂടി വച്ച് ശക്തിപ്പെടുത്തുമ്പോള്‍ വെള്ളം പൊങ്ങിയാലും വീട് ചെരിയുകയോ കുലുങ്ങുകയോ ചെയ്യുന്നതായി അനുഭവപ്പെടില്ല. മുകളിലേക്കും താഴേക്കും മാത്രമായിരിക്കും വീടിന്റെ ചലനം,' നന്മ ഗിരീഷ് പറയുന്നു. വീട് പണിയാന്‍ പോകുന്ന സ്ഥലത്തിന്റെ കിടപ്പ്, മണ്ണിന്റെ ഈര്‍പ്പം, വെള്ളപ്പൊക്ക സാധ്യത, വെള്ളപ്പൊക്കത്തില്‍ അടിയാന് സാധ്യതയുള്ള മണ്ണിന്റെ അളവ്, വീടിന്റെ ആവശ്യങ്ങള്‍ എന്നിവ കൂടി പരിഗണിച്ചാണ് അടിത്തറ കെട്ടുന്നത്. മൂന്ന് നില കെട്ടിടങ്ങള്‍ വരെ സാധാരണ ചെയ്യുന്ന ഫൗണ്ടേഷന് വച്ച് ചെയ്യാമെങ്കിലും വലിയ കെട്ടിടങ്ങള്‍ക്ക് അതിനനുസരിച്ച് അടിത്തറയുടെ വലിപ്പത്തിലും കനത്തിലും മാറ്റം വരുത്തുമെന്ന് നന്മ പറയുന്നു.
ചില ഘടനാ വ്യത്യാസങ്ങള്‍
ചതുപ്പ് നിലങ്ങളില്‍ നിലവില്‍ പണിയാന്‍ ബുദ്ധിമുട്ടാണെങ്കിലും കടല്‍ തീരത്ത് താമസിക്കുന്നവര്‍ക്കും മറ്റും ഈ തരത്തില്‍ വീട് പണിയാവുന്നതാണ്. ആര്ക്കിമെഡീസ് തത്വം അടിസ്ഥാനമാക്കിയാണ് ആംഫീബിയസ് വീടുകളുടെ നിര്‍മിതി. അതുകൊണ്ടുതന്നെ വെള്ളം ഇതിലേക്ക് വന്നു തുടങ്ങിയാല്‍ വീടിന് ഭാരം കുറവ് തോന്നുകയും വെള്ളത്തിന് അനുസരിച്ച് അത് മുകളിലേക്ക് പൊങ്ങിപോവുകയും ചെയ്യും. കേരളത്തിലെ കാലാവസ്ഥയ്ക്ക് ചെരിഞ്ഞ മേല്‍ക്കൂരയും ചുറ്റും വരാന്തകളുമുള്ള വീടുകളായിരിക്കും അനുയോജ്യമെന്ന് നന്മ ഗിരീഷ് പറയുന്നു.
പഴയ കേരളത്തനിമയോടു കൂടിയ വീടുകളെക്കുറിച്ച് പഠിച്ചപ്പോഴാണ് ചുറ്റും വരാന്തകള്‍ നിറഞ്ഞ വീടുകള്‍ക്ക് ആയുസ്സ് കൂടുതലുണ്ടെന്ന് നന്മ തിരിച്ചറിഞ്ഞത്. വരാന്തകളോടു കൂടി വീട് പണിയുമ്പോള്‍ ഇത് പുറം ഭിത്തികളിലേക്ക് മഴയും വെയിലും ഏല്‍ക്കാനുള്ള സാധ്യത കുറയ്ക്കുന്നു. മാത്രമല്ല ആംഫീബിയസ് വീടുകള്‍ക്ക് ഇത്തരം ചുറ്റും വരാന്തയോടു കൂടിയുള്ള ഭാഗം വരുമ്പോള്‍ വെള്ളം പൊങ്ങിയാലും ഭാരക്കൂടുതല്‍ നടുവില്‍ വരുന്നതിനാല്‍ അല്പം പോലും ചെരിയാനുള്ള സാധ്യതയില്ലാതെയാവും. ചെരിഞ്ഞ മേല്‍ക്കൂര വെള്ളം ഒട്ടും മുകളില്‍ തങ്ങിനില്ക്കാതിരിക്കാനും വീടിന് ഈട് കൂട്ടാനും സഹായിക്കുകയും ചെയ്യും.
വെള്ളപ്പൊക്ക സാധ്യത കൂടുതലുള്ള പ്രദേശങ്ങളില്‍ ആംഫീബിയസ് വീടുകള്‍ക്ക് പ്രാധാന്യം ഏറെയാണ്. ദുരിതം അനുഭവിക്കുന്ന മണ്‍റോ തുരുത്ത് അടക്കമുള്ള പ്രദേശങ്ങളിലെ പത്തുപേര്‍ക്ക് സൗജന്യമായി വീട് നിര്‍മിച്ചു നല്‍കാനും നെസ്റ്റ്അബൈഡ് പദ്ധതിയിടുന്നുണ്ട്
കട്ടകള്‍ ഉപയോഗിച്ച് ഭിത്തി കെട്ടാമെങ്കിലും പാനലുകള്‍ കൊണ്ടുള്ള ഭിത്തികള്‍ ഉപയോഗിക്കുന്നതാണ് സാമ്പത്തിക ലാഭം തരുകയെന്ന് ഇവര്‍ പറയുന്നു. കട്ടയാണെങ്കിലും പാനല്‍ ആണെങ്കിലും മുകളിലേക്ക് എത്ര ഭാരം വരുമെന്ന് കണക്കാക്കിയാണ് ആദ്യമേ അടിത്തറ പണിയുന്നത്. വീട് മനസ്സിനണങ്ങുന്ന തരത്തില്‍ ഏതു വിധേനയും പണിയാം. ഇത്തരം കാര്യങ്ങളില്‍ ചില വ്യത്യാസങ്ങള്‍ നിര്‍ദേശിക്കുന്നുവെന്ന് മാത്രം. 2000 രൂപ മുതല്‍ 2500 രൂപ വരെയാണ് ഒരു ചതുരശ്ര അടിക്ക് നിര്‍മാണചിലവ് വരുന്നത്. ഉപയോഗിക്കുന്ന നിര്‍മാണ സാമഗ്രികള്ക്കനുസരിച്ച് ചില മാറ്റങ്ങള്‍ വരാം. അടിത്തറ പൂര്‍ണമായും കോണ്‍ക്രീറ്റില്‍ വേണ്ട എന്നുള്ളവര്‍ക്ക് പ്ലാസ്റ്റിസൈസര്‍ ഉപയോഗിക്കുന്നതില്‍ നേരിയ മാറ്റങ്ങള്‍ വരുത്താനും കഴിയും.
ചിലവ് മറ്റ് വീടുകളെ അപേക്ഷിച്ച് നേരിയ തോതില്‍ വര്‍ദ്ധിക്കുമെങ്കിലും അടിത്തറയുടെ ഭാഗം അത്രയും ഒരു മുറി പോലെ ഉപയോഗിക്കാവുന്നതാണ്. ഇത് വായുവും ളെിച്ചവും കേറുന്ന തരത്തില്‍ ഭൂഗര്‍ഭ അറപോലെ ഉപയോഗിക്കാനാകുമെന്ന് ഇവര്‍ പറയുന്നു. നെസ്റ്റ്അബൈഡ് എന്ന സ്ഥാപനത്തിന് സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത് കാനഡയിലെ നാഷണല്‍ റിസര്‍ച്ച് കൗണ്‍സിലാണ്. നിരവധി ആംഫീബിയസ് വീടുകള്‍ നിര്‍മിച്ച് പരിചയിച്ച വിദഗ്ധരുടെ സഹായവും നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും സ്ഥാപനത്തിനുണ്ട്. അതുകൊണ്ടുതന്നെ ഇതിന്റെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കകള്‍ക്ക് സ്ഥാനമില്ലെന്ന് നന്മ ഗിരീഷ് പറയുന്നു.
വെള്ളപ്പൊക്ക സാധ്യത കൂടുതലുള്ള പ്രദേശങ്ങളില്‍ ഇത്തരം ആംഫീബിയസ് വീടുകള്‍ക്ക് പ്രാധാന്യം ഏറെയാണ്. ദുരിതം അനുഭവിക്കുന്ന മണ്‍റോ തുരുത്ത് അടക്കമുള്ള പ്രദേശങ്ങളിലെ പത്തുപേര്‍ക്ക് സൗജന്യമായി വീട് നിര്‍മിച്ചു നല്‍കാനും നെസ്റ്റ്അബൈഡ് പദ്ധതിയിടുന്നുണ്ട്. ഇതിനായി ക്രൗഡ് ഫണ്ടിങ്ങും ആരംഭിച്ചിട്ടുണ്ട്.