Mar 4 • 13M

ഇത് കെട്ടുകഥയല്ല, ആവി പറക്കുന്ന നദി; 98 ഡിഗ്രി സെല്‍ഷ്യസില്‍ തിളയ്ക്കും

അവര്‍ ഈ നദിയിലെ ജലം കുടിക്കുകയും അതുപയോഗിച്ച് ഭക്ഷണം പാകം ചെയ്യുകയും മരുന്നുകള്‍ ഉണ്ടാക്കുകയും നദിയില്‍ നിന്ന് ഉയരുന്ന ആവി കൊള്ളുകയും ചെയ്യുന്നു

5
2
 
1.0×
0:00
-12:56
Open in playerListen on);
Episode details
2 comments

98 ഡിഗ്രി സെല്‍ഷ്യസില്‍ തിളയ്ക്കുന്ന ആമസോണിലെ 'ബോയിലിംഗ് റിവര്‍' നദി കെട്ടുകഥയല്ല


പെറുവിലെ ലിമ സ്വദേശിയായ ആന്തെരസ് റുസ്സോ വളരെ കുഞ്ഞായിരിക്കുമ്പോള്‍ മുത്തച്ഛന്‍ അവന് ഒരു കഥ പറഞ്ഞുകൊടുത്തു. പെറുവിലെ സ്പാനിഷ് അധിനിവേശത്തിന്റെ കഥ. ഇന്‍ക സാമ്രാജ്യത്തിന്റെ അധിപനായ അതഹല്‍പ്പയെ പിസാരോയും അദ്ദേഹത്തിന് കീഴിലുള്ള സ്പാനിയാര്‍ഡുകളും (സ്‌പെയിന്‍ വംശജര്‍) പിടിച്ചുകെട്ടി വധിച്ചു. ഇന്‍ക സാമ്രാജ്യത്തിന്റെ സ്വര്‍ണ്ണവും സമ്പത്തും കവര്‍ന്ന് അവര്‍ ധനികരായി. ആ കഥ സ്‌പെയിനില്‍ പാട്ടായി. സ്വര്‍ണ്ണത്തോടും അധികാരത്തോടും ആര്‍ത്തി പൂണ്ട് കൂടുതല്‍ സ്പാനിയാര്‍ഡുകള്‍ പെറുവിലെത്തി. ഇനിയെവിടെയാണ് കൂടുതല്‍ സ്വര്‍ണ്ണമുള്ളതെന്ന് അവര്‍ ഇന്‍ക വംശജരോട് ചോദിച്ചു. അവര്‍ ആമസോണ്‍ കാട്ടിലേക്ക് വിരല്‍ ചൂണ്ടി പറഞ്ഞു. 'അവിടേക്ക് പോകൂ, നിങ്ങള്‍ക്ക് ആവശ്യമുള്ളത്ര സ്വര്‍ണ്ണം അവിടെയുണ്ട്. എന്തിന്, പയ്തീതി എന്ന പേരുള്ള സ്വര്‍ണ്ണത്തില്‍ പണിത ഒരു നഗരം തന്നെ അവിടെയുണ്ട്.' അതുകേട്ട സ്പാനിയാര്‍ഡുകള്‍ സ്വര്‍ണ്ണം തേടി ആമസോണ്‍ കാട് കയറി. പക്ഷേ അവരില്‍ ചിലര്‍ മാത്രമാണ് കാടിറങ്ങിയത്. ജീവനും കൊണ്ട് തിരിച്ചോടിയ അവര്‍ക്ക് പറയാന്‍ പല കഥകളും ഉണ്ടായിരുന്നു. അതി ശക്തരായ ഷാമന്‍സ് എന്ന ഗോത്രവിഭാത്തെ പറ്റി, വിഷം പുരട്ടിയ അമ്പുകള്‍ ഉള്ള പോരാളികളെ പറ്റി, സൂര്യപ്രകാശത്തെ മറയ്ക്കുന്ന കൂറ്റന്‍ മരങ്ങളെ പറ്റി, പക്ഷികളെ തിന്നുന്ന എട്ടുകാലികളെ പറ്റി, മനുഷ്യരെ വിഴുങ്ങുന്ന പാമ്പുകളെ പറ്റി, തിളച്ചുമറിയുന്ന ഒരു നദിയെ പറ്റി....

വളര്‍ന്ന് വലുതായി ഒരു ജിയോഫിസിസ്റ്റായി മാറിയ റൂസ്സോ ടെഡ് വേദിയില്‍ തന്റെ ഈ കഥ പറയുമ്പോള്‍ മുത്തച്ഛന്‍ അന്ന് പറഞ്ഞ കഥയിലെ തിളയ്ക്കുന്ന ആ നദിയെ(ബോയിലിംഗ് റിവര്‍) കുറിച്ചുള്ള തന്റെ കണ്ടെത്തലുകള്‍ ലോകത്തോട് വിളിച്ചുപറയാനുള്ള വെമ്പല്‍ ആ വാക്കുകളില്‍ ഉണ്ടായിരുന്നു. അന്ന് കേട്ട കഥ മനസ്സില്‍ കൊണ്ട് നടന്ന റൂസ്സോ വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പിഎച്ച്ഡി പഠനകാലത്ത് ആ ഓര്‍മ്മകള്‍ വീണ്ടും പൊടി തട്ടിയെടുത്തു. പെറുവിലെ ജിയോതെര്‍മല്‍ എനര്‍ജി സാധ്യതകളെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പഠനം. തിളച്ചുമറിയുന്ന നദിയുടെ ചിത്രം അദ്ദേഹത്തിന്റെ മനസ്സിലേക്ക് ഒഴുകിയെത്തി. ശരിക്കും അങ്ങനെയൊരു നദി ലോകത്തുണ്ടോേ? അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരോടും സര്‍ക്കാരിനോടും എണ്ണ, വാതക കമ്പനികളോടുമെല്ലാം ആ ചോദ്യം ചോദിച്ചു. ഇല്ലെന്നായിരുന്നു ഉത്തരം. ചൂട് വെള്ളം ഒഴുകുന്ന നദികള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ട്. പക്ഷേ അവയെല്ലാം അഗ്നിപര്‍വ്വതങ്ങള്‍ക്ക് സമീപമുള്ളവ ആയിരിക്കും.


മുത്തച്ഛനും ആന്റിയും പറഞ്ഞുകേട്ടറിഞ്ഞ തിളച്ച് കൊണ്ടിരിക്കുന്ന നദി കാണാന്‍ റൂസ്സോ ആമസോണിലേക്ക് പുറപ്പെട്ടു. പെറുവിന്റെ ഭാഗമായ ആമസോണ്‍ കാടുകളിലാണ് (സെന്‍ട്രല്‍ പെറുവിയന്‍ ആമസോണ്‍) ഈ നദിയുള്ളത്


ശക്തമായ ഒരു താപ സ്രോതസ്സ് ഉണ്ടെങ്കിലേ ഒരു നദിയിലെ ജലം ചൂടാകുകയുള്ളു. പക്ഷേ, ആമസോണില്‍ അഗ്നിപര്‍വ്വതങ്ങള്‍ ഇല്ല, പ്രത്യേകിച്ച് പെറുവില്‍. അതിനാല്‍ തന്നെ അവിടെ ഒരു തിളച്ച് കൊണ്ടിരിക്കുന്ന നദി ഉണ്ടാകാനുള്ള യാതൊരു സാധ്യതയും ഇല്ല. ഒരിക്കല്‍ ഒന്നിച്ചുള്ള അത്താഴ വേളയില്‍ റൂസ്സോ തന്റെ ഈ കണ്ടെത്തല്‍ കുടുംബവുമായി പങ്കുവെച്ചു. പക്ഷേ അദ്ദേഹത്തിന്റെ ആന്റി ഇടയ്ക്ക് കയറി പറഞ്ഞു, 'അല്ല റൂസ്സോ, അങ്ങനെയൊരു നദി ഉണ്ട്, ഞാന്‍ അവിടെ പോയിട്ടുണ്ട്.' അത് ശരിയാണെന്ന് ആന്റിയുടെ ഭര്‍ത്താവും പറഞ്ഞു. അന്നാണ് ആന്തെരസ്സ് റൂസ്സോയും ബോയിലിംഗ് റിവറും തമ്മിലുള്ള ആത്മബന്ധം ആരംഭിക്കുന്നത്. പിന്നീട് ആമസോണിലെ തിളയ്ക്കുന്ന നദി വെറും കെട്ടുകഥയല്ലെന്ന് അദ്ദേഹം ലോകത്തോട് വിളിച്ചുപറഞ്ഞു.

ആവി പറക്കുന്ന നദി 

മുത്തച്ഛനും ആന്റിയും പറഞ്ഞുകേട്ടറിഞ്ഞ തിളച്ച് കൊണ്ടിരിക്കുന്ന നദി കാണാന്‍ റൂസ്സോ ആമസോണിലേക്ക് പുറപ്പെട്ടു. പെറുവിന്റെ ഭാഗമായ ആമസോണ്‍ കാടുകളിലാണ് (സെന്‍ട്രല്‍ പെറുവിയന്‍ ആമസോണ്‍) ഈ നദിയുള്ളത്. നദിക്കടുത്തേക്ക് എത്തുന്തോറും തിരമാലകള്‍ തീരത്ത് വന്നടിക്കുന്നത് പോലെയുള്ള ശബ്ദം കേട്ടതായി റൂസ്സോ പറയുന്നു. പിന്നെ പിന്നെ മരങ്ങള്‍ക്കിടയിലൂടെ ആവി പൊങ്ങുന്നത് കണ്ടുതുടങ്ങി. ഒടുവില്‍ അദ്ദേഹം കണ്ടു, വെള്ളം തിളക്കുമ്പോള്‍ ഉയരുന്ന ആവി പോലെ അന്തരീക്ഷമാകെ നീരാവി നിറച്ച് മുത്തച്ഛന്റെ കഥകളിലൂടെ താന്‍ ആദ്യമായി അറിഞ്ഞ ആ നദിയെ. കണ്ട മാത്രയില്‍ തന്നെ റൂസ്സോ നദിയിലെ വെള്ളത്തിന്റെ താപനില പരിശോധിച്ചു - 86 ഡിഗ്രി സെല്‍ഷ്യസ്. വെള്ളം തിളക്കുന്നത് 100 ഡിഗ്രി സെല്‍ഷ്യസില്‍ ആണെങ്കിലും അതിനോട് വളരെ അടുത്ത് നില്‍ക്കുന്ന താപനില. 


അറബ് വ്‌ളോഗറായ നാസ് ഡെയ്‌ലി ഈ നദിയില്‍ പോയി വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്. നദിതീരത്ത് നില്‍ക്കുമ്പോള്‍ പോലും ചൂട് കാരണം തലകറങ്ങി വീഴാമെന്നാണ് അദ്ദേഹം പറയുന്നത്


അമസോണ്‍ നദിയുടെ കൈവഴിയായ  പചിത്തീ നദിയിലൂടെ തോണിയിലൂടെ സഞ്ചരിച്ച് വേണം ചൂടുവെള്ളം ഒഴുകുന്ന നദിയിലേക്ക് എത്താന്‍. ഇരുനദികളും ഒന്നു ചേരുന്ന സംഗമസ്ഥലത്ത് എത്തുന്നതിന് മുമ്പ് വരെ നദീജലത്തിന് നല്ല തണുപ്പാണ്. എന്നാല്‍ ഒരു പ്രത്യേകമേഖല പിന്നിട്ടാല്‍ നദീജലത്തിന് ചൂടേറുകയായി. അവിടം മുതലാണ് ബോയിലിംഗ് റിവര്‍ തുടങ്ങുന്നത്. ഈ നദിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 27 ഡിഗ്രി സെല്‍ഷ്യസും ഏറ്റവും ഉയര്‍ന്ന താപനില 94 ഡിഗ്രി സെല്‍ഷ്യസുമാണ്. നദിയിലേക്ക് ചൂട്‌വെള്ളം ചീറ്റുന്ന നിരവധി നീരുറവകളും(hot springs) ഇവിടെ ഉണ്ട്. ഏതാണ്ട് 9 കിലോമീറ്ററാണ് ഈ നദിയുടെ നീളം. അതില്‍ 6.24 കിലോമീറ്ററാണ് നദി തിളച്ച വെള്ളത്തിന്റെ ചൂടില്‍ ഒഴുകുന്നത്. വേനല്‍ക്കാലത്ത് അതില്‍ വീഴുന്ന മനുഷ്യരുടെ ജീവനെടുക്കാനുള്ളത്ര താപനില ആ നദിക്ക് ഉണ്ടാകും. തവളകളും പാമ്പുകളും അടക്കം ചെറുജീവികള്‍ ഈ നദിയില്‍ വീണ് ജീവനോടെ വെന്ത് മരിക്കുന്നത് സ്ഥിരമാണ്. നദിയിലെ മിക്കയിടങ്ങളിലും വെള്ളത്തില്‍ കൈ തൊട്ടാല്‍ ഫസ്റ്റ് ഡിഗ്രി പൊള്ളലെങ്കിലും ഉണ്ടാകുമെന്ന് തീര്‍ച്ചയാണ്. 

അറബ് വ്‌ളോഗറായ നാസ് ഡെയ്‌ലി ഈ നദിയില്‍ പോയി വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്. നദിതീരത്ത് നില്‍ക്കുമ്പോള്‍ പോലും ചൂട് കാരണം തലകറങ്ങി വീഴാമെന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല അദ്ദേഹത്തിന്റെ സുഹൃത്ത് നദിയില്‍ നിന്നും ഒരു ഗ്ലാസ് വെള്ളമെടുത്ത് ടീ ബാഗ് ഇട്ട് ചൂട് ചായ മൊത്തിക്കുടിക്കുന്നതും മുട്ട നദിക്കുള്ളിലിട്ട് പുഴുങ്ങി എടുക്കുന്നതുമെല്ലാം ആ വീഡിയോയില്‍ കാണാം. ചിലയിടങ്ങളില്‍ നദി തിളച്ച് പൊങ്ങുന്നതും വീഡിയോയില്‍ നമുക്ക് കാണാനാകും.

ഗോത്രവര്‍ഗ്ഗക്കാരുടെ പുണ്യനദി

ഗോത്രവിഭാഗക്കാര്‍ മാത്രമാണ് ഈ നദിക്ക് സമീപത്തായി ജീവിക്കുന്നത്.പ്രധാനമായും ഷാമന്‍ എന്ന ഗോത്രവിഭാഗമാണ് ഈ നദിയെ സംരക്ഷിച്ച് പോരുന്നത്. അവരെ സംബന്ധിച്ച് ബോയിലിംഗ് റിവര്‍ എന്ന ഈ അത്ഭുത നദി അവരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ദൈവികമായാണ് അവര്‍ നദിയെ കരുതിപ്പോരുന്നത്. യാകുമാമ എന്ന ജലദൈവമാണ് തണുത്ത വെള്ളത്തെ ചൂട് വെള്ളമാക്കി മാറ്റുന്നതെന്ന് അവര്‍ വിശ്വസിക്കുന്നു. യാകു എന്നാല്‍ ജലമെന്നാണ് അര്‍ത്ഥം.


ഷനായി ടിംപിഷ്‌ക എന്നാണ് ഈ നദി പ്രാദേശികമായി അറിയപ്പെടുന്നത്. സൂര്യന്റെ ചൂടിനാല്‍ തിളയ്ക്കുന്നത് എന്നാണ് ഇതിനര്‍ത്ഥം


അവര്‍ ഈ നദിയിലെ ജലം കുടിക്കുകയും അതുപയോഗിച്ച് ഭക്ഷണം പാകം ചെയ്യുകയും മരുന്നുകള്‍ ഉണ്ടാക്കുകയും നദിയില്‍ നിന്ന് ഉയരുന്ന ആവി കൊള്ളുകയും ചെയ്യുന്നു. 

ഷനായി ടിംപിഷ്‌ക അഥവാ സൂര്യന്റെ ചൂടിനാല്‍ തിളയ്ക്കുന്നത്

ഷനായി ടിംപിഷ്‌ക എന്നാണ് ഈ നദി പ്രാദേശികമായി അറിയപ്പെടുന്നത്. സൂര്യന്റെ ചൂടിനാല്‍ തിളയ്ക്കുന്നത് എന്നാണ് ഇതിനര്‍ത്ഥം. എന്തുകൊണ്ടാണ് ഈ നദിയിലെ വെള്ളം തിളയ്ക്കുന്നത്. അതിന് പിന്നിലെ ശാസ്ത്രീയ കാരണം എന്താണ്? 2011ലാണ് ആന്തെരസ്സ് റൂസ്സോ ഷനായി ടിംപിഷ്‌കയെ കുറിച്ചുള്ള ഗവേഷണം ആരംഭിക്കുന്നത്. അതുവരെ പുറംലോകത്തിന് ഈ നദിയെ കുറിച്ചുള്ള അറിവുകള്‍ പരിമിതമായിരുന്നു. പെറുവിലുള്ളവര്‍ തന്നെ ഈ നദിയെ ഒരു ഐതിഹ്യമായാണ് കരുതിയിരുന്നത്. 

ആദ്യം ഈ നദി കണ്ടപ്പോള്‍ ശരിക്കും ഇതൊരു പ്രകൃതി പ്രതിഭാസമാണോ എന്ന സംശയം റൂസ്സോയ്ക്കും ഉണ്ടായിരുന്നു. അതിനുള്ള ഒരു കാരണം സാധാരണയായി അഗ്നിപര്‍വ്വതങ്ങളോട് ചേര്‍ന്നുള്ള നദികളില്‍ ഇതുപോലെ ചൂടുവെള്ളം ഒഴുകാറുണ്ട്. എന്നാല്‍ ഈ നദിക്ക് ഏറ്റവും അടുത്തുള്ള അഗ്നിപര്‍വ്വതം കുറഞ്ഞത് 700 കിലോമീറ്റര്‍ അകലെയാണ്. പിന്നെയുള്ള ഒരു സാധ്യത ജിയോതെര്‍മല്‍ താപനമാണ്. പക്ഷേ അതിന് വളരെ വലിയ താപസ്രോതസ്സും വന്‍തോതില്‍ ജലവും ചൂട് വെള്ളത്തെ ഭൂമിക്ക് പുറത്തേക്ക് എത്തിക്കുന്നതിനുള്ള പ്ല പ്ലംബിങ് സംവിധാനവും ആവശ്യമാണ്. 

അവിടെ അധിവസിക്കുന്ന ഗോത്രവര്‍ഗ്ഗക്കാരുടെ പിന്തുണയോടെ ഷനായി ടിംപിഷ്‌കയില്‍ എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്താന്‍ റൂസ്സോ തീരുമാനിച്ചു. നദിയില്‍ നിന്ന് സാംപിളുകള്‍ ശേഖരിക്കുന്നതിനും താപനില പരിശോധിക്കുന്നതിനുമായി ഓരോ വര്‍ഷവും അദ്ദേഹം ആമസോണ്‍ കാട്ടിലെത്തി. ഫീല്‍ഡ് വര്‍ക്കുകള്‍ വളരെ അപകടം നിറഞ്ഞതും സാഹസവുമായിരുന്നുവെന്ന് ടെഡ് ടോക്കില്‍ റൂസ്സോ പറയുന്നുണ്ട്. ഒരിക്കല്‍ കനത്ത മഴയില്‍ 80 ഡിഗ്രി താപനിലയില്‍ ഒഴുകുന്ന നദിയില്‍ ഒരു ചെറിയ കല്ലില്‍ മണിക്കൂറുകളോളം നിന്നതായി അദ്ദേഹം പറയുന്നുണ്ട്. ഒടുവില്‍ വര്‍ഷങ്ങള്‍ നീണ്ട  ജിയോഫിസിക്കല്‍, ജിയോകെമിക്കല്‍ പരീക്ഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയും റൂസ്സോ ചില നിഗമനങ്ങളില്‍ എത്തി.

ബോയിലിംഗ് റിവര്‍ കെട്ടുകഥയല്ല

തിളച്ച്മറിയുന്ന ജലമുള്ള ആമസോണ്‍ നദി വെറുമൊരു കെട്ടുകഥയല്ല എന്ന കണ്ടെത്തലായിരുന്നു ആദ്യം റൂസ്സോ ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചത്. അഗ്നിപര്‍വ്വതത്തിന് അടുത്തല്ലാതിരുന്നിട്ടും എന്തുകൊണ്ടാണ് ആ നദിയിലെ ജലം ഇത്ര വലിയ താപനില കൈവരിക്കുന്നതെന്ന് ലോകത്തിന് മുമ്പില്‍ വിശദീകരിക്കുകയായിരുന്നു പിന്നീട് അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്ന കടമ്പ. ചൂട് നീരുറവ (Fault-fed hot springs) ആണ് നദിയിലെ തിളയ്ക്കുന്ന ജലത്തിനുള്ള കാരണമായി റൂസ്സോ ചൂണ്ടിക്കാട്ടുന്നത്. നമ്മുടെ ശരീരത്തിനുള്ളിലെ രക്തക്കുഴലുകളിലൂടെ ചുടുരക്തം ഒഴുകുന്നത് പോലെ ഭൂമിക്കുള്ളിലെ വിടവുകളിലൂടെയും ചൂട് വെള്ളം ഒഴുകുന്നുണ്ട്. ഇവ ഭൗമോപരിതലത്തിനടുത്താകുമ്പോള്‍ ജിയോതെര്‍മല്‍ പ്രതിഭാസങ്ങള്‍ പ്രകടമാകുന്നു. ഫ്യൂമറോളുകള്‍ (വാതകവും ആവിയും പുറത്തേക്ക് വിടുന്ന ഭൂമിക്കുള്ളിലെ ദ്വാരങ്ങള്‍) , ചൂട് നീരുറവ, ഷനായി ടിംപിഷ്‌കയെ പോലുള്ള തിളയ്ക്കുന്ന നദികള്‍ എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്.

വലിയൊരു ഹൈഡ്രോതെര്‍മല്‍ സിസ്റ്റമാണ് ഈ നദിക്ക് പിന്നിലുള്ളതെന്ന് റൂസ്സോ പറയുന്നു. ഭൂമിക്കുള്ളിലേക്ക് പോകുന്തോറും ചൂട് കൂടിവരുന്നു. ജിയോതെര്‍മല്‍ ഗ്രേഡിയന്റ് എന്നാണ് ഇതിനെ വിളിക്കുന്നത്. വളരെ ദൂരെ നിന്നും വരുന്ന വെള്ളം ഭൂമിക്കുള്ളിലൂടെ ഏറെ ദൂരം ഒഴുകി പിന്നീട് ഏതെങ്കിലും വിടവിലൂടെയും ഗര്‍ത്തത്തിലൂടെയും ഭൗമോപരിതലത്തിലേക്ക് എത്തി ബോയിലിംഗ് റിവറായി മാറുന്നതാകാം. ഭൂമിക്കുള്ളിലൂടെ സഞ്ചരിക്കുന്ന സമയമത്രയും ഭൂമിക്കുള്ളിലെ കൊടുംചൂടിനാല്‍ ജലം ഉയര്‍ന്ന താപനില കൈവരിക്കുന്നു. പിന്നീട് അവിടുത്തെ ഗോത്രവിഭാഗക്കാര്‍ ദൈവികമെന്ന് കരുതുന്ന, തണുത്ത വെള്ളം, ചൂട് വെള്ളമായി മാറുന്ന ആ പോയിന്റില്‍ ചൂട് നിരുറവയിലൂടെ ഭൂമിക്കുള്ളില്‍ നിന്നും തിളച്ച വെള്ളം പുറത്തേക്ക് വരുന്നു.

മിക്ക ഇടങ്ങളിലും ഇരട്ടലൈന്‍ റോഡിന്റെ വീതിയാണ് ഈ നദിക്കുള്ളത്. വലിയ തെര്‍മല്‍ പൂളുകള്‍ (ചൂട് വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങള്‍), ആറ് മീറ്റര്‍ ഉയരമുള്ള വാട്ടര്‍ഫാള്‍ എന്നിവയൊക്കെയും ആറര കിലോമീറ്ററിനടുത്ത് നീളമുള്ള ഈ നദിയിലുണ്ട്. തുടക്കത്തില്‍ തണുത്ത ജലം വഹിച്ച് ഒഴുകുന്ന നദി ഇടയ്ക്ക് വെച്ച് ചൂടാകുന്നു. പിന്നീട് വീണ്ടും തണുക്കുന്നു, ശേഷം വീണ്ടും ചൂടാകുന്നു. ഒടുവില്‍ തണുത്ത ജലം ഒഴുകുന്ന നദിയിലേക്ക് ചേരുന്നു. ചിലയിടങ്ങളില്‍ നമ്മള്‍ എന്നും കുടിക്കുന്ന കാപ്പിയുടെ ചൂടും ചിലയിടങ്ങളില്‍ അതിനേക്കാള്‍ ചൂടും മറ്റ് ചിലയിടങ്ങളില്‍ അത്യുഗ്രന്‍ ചൂടുമാണ് നദിക്കുള്ളത്. ഇത്ര വലിയ താപനിലയിലും ഈ നദിയില്‍ ജീവിക്കുന്ന അപൂര്‍വ്വ ജീവജാലങ്ങളെയും റൂസ്സോയും സഹപ്രവര്‍ത്തകരും ചേര്‍ന്ന് കണ്ടെത്തിയിട്ടുണ്ട്.

എന്താണ് ജിയോതെര്‍മല്‍ താപനം

ക്രസ്റ്റ്, മാന്റില്‍, കോര്‍ എന്നിങ്ങനെ മൂന്ന് പാളികളായാണ് ഭൂമിയുടെ ആന്തരിക ഘടന. അതില്‍ കോര്‍ ദ്രവാവസ്ഥയിലാണ് കാണപ്പെടുന്നത്. ഏറ്റവും കുറഞ്ഞത് ശരാശരി 6500 ഡിഗ്രി സെല്‍ഷ്യസ് താപനിലയെങ്കിലും ഇവിടെ ഉണ്ടാകുമെന്നാണ് കോയമ്പത്തൂര്‍ നിര്‍മ്മല കോളെജിലെ ഭൗമശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ശ്രീലക്ഷ്മി എം പറയുന്നത്. തത്ഫലമായി ഭൗമോപരിതലത്തില്‍ നിന്ന് ഉള്ളിലേക്ക് പോകുന്തോറും താപമായും മര്‍ദ്ദമായും പല രീതിയിലുള്ള ജിയോതെര്‍മല്‍ പ്രതിഭാസങ്ങള്‍ കണ്ടുവരുന്നു. മാത്രമല്ല ഭൂമിക്കുള്ളിലെ അണുവികിരണ ശേഷിയുള്ള മൂലകങ്ങള്‍ അടക്കം വിവിധതരം രാസ വസ്തുക്കളില്‍ നിന്നും ചൂട് പുറത്തേക്ക് വമിക്കുന്നു. ഇങ്ങനെ പലതരത്തില്‍ ഭൂമിക്കുള്ളില്‍ നിന്ന് താപോര്‍ജ്ജം പുറത്തുവരുന്നുണ്ട്. ഇത്തരത്തില്‍ ചൂടായും ചൂട് നീരുറവകളായുമെല്ലാം ഭൂമിക്കുള്ളില്‍ നിന്ന് താപോര്‍ജ്ജം പുറത്തേക്ക് വരുന്നതിനെയാണ് ജിയോതെര്‍മല്‍ എനര്‍ജി അല്ലെങ്കില്‍ ജിയോതെര്‍മല്‍ താപനം എന്ന് വിളിക്കുന്നത്.

ജിയോതെര്‍മ്മല്‍ ഊര്‍ജ്ജമെന്നത് മികച്ച പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് കൂടിയാണെന്ന് ശ്രീലക്ഷ്മി പറയുന്നു. വൈദ്യുതോല്‍പ്പാദനത്തിന് അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ പല രീതിയില്‍ അതിനെ ഉപയോഗപ്പെടുത്തുന്നുണ്ട്.

ബോയിലിംഗ് റിവര്‍ എന്തുകൊണ്ട് സംരക്ഷിക്കപ്പെടണം

ലോകമെമ്പാടുമുള്ള അഗ്നിപര്‍വ്വതങ്ങള്‍ക്ക് അടുത്തുള്ള നദികളിലും ബോയിലിംഗ് റിവറിലെ താപനിലയ്ക്ക് സമാന താപനിലയിലുള്ള ജലം ഒഴുകുന്നുണ്ട്. അതേസമയം ഒരു അഗ്നിപര്‍വ്വതത്തിന്റെ സ്വാധീനത്താല്‍ അല്ലാതെ ഇത്രയധികം ഉയര്‍ന്ന താപനിലയിലുള്ള ജലം ഒഴുകുന്ന ഒരു നദി തികച്ചും അപൂര്‍വ്വവും അതുല്യവുമാണ്. ഈ നദി സ്ഥിതി ചെയ്യുന്ന മേഖലയില്‍ വലിയ രീതിയിലുള്ള വനനശീകരണമാണ് നടക്കുന്നത്. മാത്രമല്ല വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായും നദി വലിയ രീതിയിലുള്ള ഭീഷണി നേരിടുന്നുണ്ട്. അസാധാരണമാം വിധത്തിലുള്ള വലിയൊരു ജിയോതെര്‍മല്‍ പ്രതിഭാസം തന്നെയായിരിക്കും അതിലെ ജലത്തെ ചൂട് പിടിപ്പിക്കുന്നതെന്ന് കരുതാമെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും ഇനിയും ആവശ്യമാണെന്ന് ആന്തെരസ്സ് റൂസ്സോ പറയുന്നു. അവിടുത്തെ ഗോത്രവിഭാഗങ്ങളുമായി ചേര്‍ന്ന് നദീസംരക്ഷണത്തിനായി വലിയ രീതിയിലുള്ള ശ്രമങ്ങള്‍ക്ക് അദ്ദേഹം തുടക്കമിട്ടിട്ടുണ്ട്. അമേരിക്ക ആസ്ഥാനമായ ബോയിലിംഗ് റിവര്‍ പ്രോജക്ട് ഈ നദിയുടെ സംരക്ഷണം മാത്രം ലക്ഷ്യമിട്ടുള്ള ലാഭേതര പ്രോജക്ടാണ്. നദി സ്ഥിതി ചെയ്യുന്ന മേഖല സംരക്ഷിച്ച് പെറുവിയന്‍ ദേശീയ സ്മാരകമാക്കി പ്രഖ്യാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഈ പ്രോജക്ടിലൂടെ ലക്ഷ്യമിടുന്നത്.