Oct 19, 2021 • 7M

ഇവിടെയുണ്ട്, ഉപഗ്രഹങ്ങളുടെ രാജാവ്!

ജീവന് ചെറുതായെങ്കിലും സാധ്യതയുള്ള എന്‍സിലാഡസ് ഉള്‍പ്പടെയുള്ള ആറ് ഉപഗ്രഹങ്ങളെകുറിച്ചായിരുന്നു ആദ്യ ഭാഗത്തില്‍ പറഞ്ഞത്. ഇനി വിചിത്രമായ മറ്റ് ആറ് ഉപഗ്രഹങ്ങളെ കൂടി പരിചയപ്പെടാം

8
 
1.0×
0:00
-6:55
Open in playerListen on);
Episode details
Comments

സൗരയൂഥത്തിലെ വിചിത്ര ഉപഗ്രഹങ്ങള്‍-ഭാഗം 2

1. ഹൈപെരിയോണ്‍ (Hyperion)

കാഴ്ചയില്‍ വിചിത്രമായി തോന്നുന്ന ഉപഗ്രഹമാണ് ഹൈപെരിയോണ്‍. ഒരു സ്പോഞ്ചു പോലെ തോന്നുന്ന അതിന്റെ പ്രതലം വ്യക്തമായി ഒരു ആകൃതി പറയാന്‍ കഴിയാത്തതാണ്. ആഴമുള്ളതും ഇരുണ്ടതുമായ കിണറുകള്‍ പോലെയുള്ള പ്രതലത്തില്‍ ഇവയുടെ അഗ്ര ഭാഗം പാറപോലെയും മഞ്ഞുകട്ട പോലെയെല്ലാം തോന്നിക്കും. കൃത്യമായ ആകൃതി പറയാനില്ലാത്ത ഈ ഉപഗ്രഹത്തിന്റെ ഭ്രമണപഥവും അതുപോലെതന്നെയാണ്. ഗോളാകൃതിയിലല്ലാത്ത ആദ്യമായി കണ്ടെത്തിയ ഉപഗ്രഹവും ഇതാണ്. തണുത്തുറഞ്ഞ വെള്ളമാണ് ഇതിന്റെ ഉള്‍ഭാഗത്തെന്നാണ് നിഗമനം. ശനിയുടെ ഉപഗ്രഹമാണിത്.

2. ടൈറ്റന്‍ (Titan)

ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റന് ദൃഢമായ ഒരു സ്വന്തം അന്തരീക്ഷമുണ്ട്. സൗരയൂഥത്തില്‍ ഇത്തരത്തിലൊരു അന്തരീക്ഷമുള്ള ഏക ഉപഗ്രഹവും ടൈറ്റനാണ്. ഭൂമിയിലല്ലാതെ സൗരയൂഥത്തില്‍ നദികളും തടാകങ്ങളും എല്ലാമുള്ള ഏക ഭൂപ്രകൃതിയും ഇവിടെയാണ്. സൂര്യനില്‍ നിന്നും 1.4 ബില്യണ്‍ കിലോമീറ്ററുകള്‍ അകലെയുള്ള ടൈറ്റന്റെ താപനില -179 ഡിഗ്രി സെല്‍ഷ്യസാണ്. മനുഷ്യന് ചിന്തിക്കാന്‍ പോലും കഴിയാത്ത തണുപ്പാണ് ഇവിടെയെന്ന് സാരം.


1655ല്‍ ക്രിസ്റ്റ്യന്‍ ഹ്യൂജിന്‍സ് ആണ് ടൈറ്റനെ കണ്ടെത്തുന്നത്. ശനിയുടെ ആദ്യം കണ്ടെത്തുന്ന ഉപഗ്രഹവും ഏറ്റവും വലുതും ഇതു തന്നെ


ചെറിയൊരു ഭാഗം മീഥെയിനും വലിയൊരു അളവ് നൈട്രജനുമാണ് ഉപഗ്രഹാന്തരീക്ഷത്തില്‍. അതുകൊണ്ടുതന്നെ ഇവിടെ ജീവിതം അസാധ്യം. പുറമേ നിന്ന് ഒരു മങ്ങിയ പ്രതലം പോലെയാണ് തോന്നുന്നതും. 1655ല്‍ ക്രിസ്റ്റ്യന്‍ ഹ്യൂജിന്‍സ് ആണ് ടൈറ്റനെ കണ്ടെത്തുന്നത്. ശനിയുടെ ആദ്യം കണ്ടെത്തുന്ന ഉപഗ്രഹവും ഇതു തന്നെ.

3. മിറന്‍ഡ (Miranda)

യുറാനസിന്റെ ഉപഗ്രഹമായ മിറന്‍ഡയെ 1948ലാണ് കണ്ടെത്തിയത്. വോയേജര്‍ പേടകം നല്‍കിയ ദൃശ്യങ്ങളില്‍ സൗരയൂഥത്തിലെ മറ്റൊരു കൗതുകമുള്ള ഉപഗ്രഹമാണിത്. വച്ചുകെട്ടലുകള്‍ നടത്തിയപോലെയുള്ള ഇതിന്റെ പ്രതലം നിറയെ വിള്ളലുകളും ഗുഹാമുഖങ്ങളുമാണ്. യുറാനസിനെ വലയം ചെയ്തിരുന്ന ഉപഗ്രഹങ്ങളുടെ അവശേഷിപ്പുകളും ഭാഗങ്ങളും ചേര്‍ന്നാണ് ഈ ഉപഗ്രഹം ഉണ്ടായത് എന്നാണ് ശ്ാസ്ത്രം പറയുന്നത്. എന്നാല്‍ മിറന്‍ഡയ്ക്ക് മുന്‍പുണ്ടായിരുന്ന ഉപഗ്രഹങ്ങള്‍ എന്ത് കാരണത്താലാണ് നാമാവശേഷമായത് എന്ന് കണ്ടെത്താനായിട്ടില്ല.

4. മിമസ് (Mimas)

1980 കളിലാണ് വോയേജര്‍ 1 ശനിയുടെ ഉപഗ്രഹമായ മിമസിന്റെ ചിത്രങ്ങള്‍ ആദ്യമായി ഭൂമിയിലേക്ക് അയച്ചത്. 1789ല്‍ ഈ ഉപഗ്രഹം കണ്ടെത്തിയ വില്യം ഹെര്‍ഷേലിനോടുള്ള ആദര സൂചകമായി ഉപഗ്രഹത്തിലെ ഏറ്റവും വലിയ ഗുഹാമുഖത്തിന് ഹെര്‍ഷേല്‍ എന്ന് നാമകരണം ചെയ്തിട്ടുണ്ട്. ശനിയുടെ വലിയ ഉപഗ്രഹങ്ങളില്‍ ഏറ്റവും അടുത്ത് നില്‍ക്കുന്നതും ഇതാണ്. സൗരയൂഥത്തിലെ ഏറ്റവും ചെറിയ, സ്വന്തമായി ഗരുത്വ ബലമുള്ള ഗോളവും 396 കിലോമീറ്റര്‍ മാത്രം വ്യാസമുള്ള മിമസാണ്. ജലത്തിന്റെയോ ജല ഐസിന്റെയോ സാന്ദ്രതക്ക് വളരെ അടുത്താണ് മിമസിന്റെ സാന്ദ്രത.

5. പാന്‍ - അറ്റ്ലസ് (Pan and Atlas)

സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹങ്ങളാണ് പാന്‍, അറ്റ്ലസ് എന്നിവ. ശനി ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളാണ്. അതായത് ഇവയുടെ പ്രഭാവവും വലിപ്പവും തമ്മില്‍ നേരെ എതിര്‍ സ്വഭാവമാണ്. പരന്ന ആകൃതിയിലുള്ള ഇവ ചില സയന്‍സ് ഫിക്ഷന്‍ സിനിമകളിലെ പറക്കും തളിക പോലെയിരിക്കും. വാള്‍നട്ട് ആകൃതിയിലുള്ളവ എന്നും പറയാം.

6. ഗാനിമേട് (Ganymede)

ഉപഗ്രഹങ്ങളിലെ രാജാവ് എന്നു വേണമെങ്കില്‍ ഗാനിമേഡിനെ വിശേഷിപ്പിക്കാം. കാരണം സൗരയൂഥത്തിലെ ഉപഗ്രഹങ്ങളില്‍ ഏറ്റവും വലുപ്പമുള്ളത് ഇതിനാണ്. എന്തിനേറെ പറയുന്നു, ഗ്രഹങ്ങളില്‍ ഏറ്റവും ചെറിയ ബുധനെക്കാള്‍ വലുപ്പമുണ്ട് ഇതിന്. പക്ഷേ സൂര്യനെ വലയം ചെയ്യുന്നില്ലാത്തതിനാല്‍ ഇതിന് ഗ്രഹത്തിന്റെ പ്രൗഢി കിട്ടിയില്ലെന്നു മാത്രം. മഞ്ഞുപോലെയുള്ള പാറകള്‍ നിറഞ്ഞ ഇവിടെ ഗുഹാമുഖങ്ങളും പൊഴികളുമുണ്ട്. വ്യാഴത്തിന്റെ ഏഴാമത്തെ ഉപഗ്രഹമാണ് ഗാനിമേട്. ഗലീലിയോയാണ് 1610 ജനുവരി 7ന് ഗാനിമേഡ് കണ്ടെത്തിയത്. അയോ, കാലിസ്റ്റോ, യൂറോപ്പ എന്നിവയുള്‍പ്പെടുന്ന ഗലീലയന്‍ ഉപഗ്രഹങ്ങളില്‍ ഒന്നാണിത്. ഗാനിമേഡിന്റെ ശരാശരി ആരം 2634 കിലോമീറ്ററാണ്, ഇത് ഭൂമിയുടെ ആരത്തിന്റെ 0.413 മടങ്ങ് വരും. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധനെ അപേക്ഷിച്ച് 8% കൂടുതലാണിത്. 5268 കിലോമീറ്ററാണ് ഈ ഉപഗ്രഹത്തിന്റെ വ്യാസം.


സ്വന്തമായ കാന്തിക മണ്ഡലം ഉള്ള സൗരയൂഥത്തിലെ ഏക ഉപഗ്രഹമാണ് വ്യാഴത്തിന്റെ ഏഴാമത്തെ ഉപഗ്രഹമായ ഗാനിമേഡ്. ഭൂമിയില്‍ ഉള്ളതിനേക്കാള്‍ വളരെ അധികം ജലവും ഇവിടെയുണ്ട്. ഗലീലിയോയാണ് 1610 ജനുവരി 7ന് ഗാനിമേഡ് കണ്ടെത്തിയത്‌


സ്വന്തമായ കാന്തിക മണ്ഡലം ഉള്ള സൗരയൂഥത്തിലെ ഏക ഉപഗ്രഹവും ഗാനിമേഡാണ്. അതിനാല്‍ തന്നെ ഗാനിമേഡില്‍ ഇരുമ്പിന്റെയും നിക്കലിന്റെയും മിശ്രിതമായ ഒരു അകക്കാമ്പ് ഉണ്ടെന്ന് ഗവേഷകര്‍ കരുതുന്നു. ഭൂമിയില്‍ ഉള്ളതിനേക്കാള്‍ വളരെ അധികം ജലവും വ്യാഴത്തെ ചുറ്റുന്ന ഈ ഉപഗ്രഹത്തിലുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്.