
അല്ല, ശരിക്കും എന്താണീ വൈറസുകള്‍-ഭാഗം 1
ശരിക്കും എന്താണ് വൈറസുകള്‍. അവയുടെ ചരിത്രമെന്ത്. പ്രത്യേകതകള്‍ എന്തെല്ലാം. എങ്ങനെയാണ് അവ പരക്കുന്നത്? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം ഇവിടുണ്ട്...
കോവിഡ് മഹാമാരിക്കാലത്ത് വൈറസുകളെ കുറിച്ച് സംസാരിക്കാത്ത ഒരു വീടുപോലുമുണ്ടാകില്ല. എന്നാല്‍ എന്താണ് വൈറസെന്ന് അറിയാത്തവര്‍ കണക്കിനപ്പുറമാണ്. ശരിക്കും എന്താണ് വൈറസുകള്‍. അവയുടെ ചരിത്രമെന്ത്. പ്രത്യേകതകള്‍ എന്തെല്ലാം. എങ്ങനെയാണ് അവ പരക്കുന്നത്? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം ഇതാ
സ്കൂളില്‍ പോകാന്‍ വല്യ ഉല്‍സാഹിയായിരുന്നു അഞ്ജു. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെടും മുമ്പ് നാലാം ക്ലാസ് പൂര്‍ത്തിയാക്കുകയായിരുന്നു കക്ഷി. പിന്നീട് സ്കൂള്‍ തഥൈവ. വൈറസ് ആക്രമണത്തില്‍ സ്കൂളില്‍ പോയുള്ള പഠിത്തമെല്ലാം നിന്നല്ലോ. എന്നാല്‍ അറിയാത്ത കാര്യങ്ങളെ കുറിച്ച് അറിയാന്‍ എന്നും പ്രത്യേക താല്‍പ്പര്യം കാണിക്കുന്ന അഞ്ജു അമ്മയോട് ഒരിക്കല്‍ ചോദിച്ചു. 'അല്ലമ്മേ ശരിക്കും എന്താണീ വൈറസ്. ഒരു വൈറസ് വന്നപ്പോഴേക്കും സ്കൂള്‍ വരെ പൂട്ടിയിട്ടല്ലോ?' കോവിഡെന്ന മഹാമാരിയും ആളുകള്‍ മരിച്ചുവീഴുന്നതുമെല്ലാം അമ്മ പറഞ്ഞെങ്കിലും അവള് തൃപ്തയായില്ല. വൈറസ് എന്താണെന്ന കൃത്യമായ ഉത്തരം ആ കുട്ടിക്ക് ലഭിച്ചില്ല.
അഞ്ജുവിന്റെ അമ്മയുടെ മാത്രം കാര്യമല്ലത്. എന്താണ് വൈറസ് എന്നത് മിക്ക അമ്മമാര്‍ക്കും അച്ഛന്മാര്ക്കും ഒന്നും അത്ര വശമില്ല. ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ലേഖനത്തിന്റെ ആദ്യഭാഗത്തില്‍ നമ്മള് ചര്‍ച്ച ചെയ്യുന്നത്.
ശരിക്കും എന്താണ് വൈറസുകള്‍, അവയുടെ പ്രത്യേകതകള്‍ എന്തൊക്കെയാണ്?
ഒരു ജീവകോശത്തിനുള്ളിലല്ലാതെ വളരാനോ പ്രത്യുല്പ്പാദനം നടത്താനോ കഴിവില്ലാത്ത ജീവകണങ്ങളാണ് വൈറസുകള്‍. ഭൂമിയില്‍ മനുഷ്യ ജീവന് ഉണ്ടായ കാലം മുതല്ക്കേ വൈറസുകളും ഉണ്ടായിരുന്നിരിക്കാം എന്ന് കരുതുന്നു. ലാറ്റിന്‍ ഭാഷയില്‍ വിഷം എന്നാണ് വൈറസ് എന്ന പദത്തിന് അര്‍ത്ഥം. വൈറസിനെതിരെ ചികിത്സയില്ല, എന്നാല്‍, പ്രതിരോധ കുത്തിവെപ്പുകള്‍ അവ പടരുന്നത് തടയുന്നു. സാധാരണ മൈക്രോസ്കോപ്പുകളില്‍ കൂടി ഇവയെ കാണാന്‍ സാധ്യമല്ല.
ഇലക്ട്രോണ്‍ മൈക്രോസ്കോപ്പുകള് വഴി മാത്രമാണ് ഇവയെ കാണാന്‍ കഴിയുന്നത്. ഇതുവരെ 5000-ല്‍ പരം വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. വൈറസുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയെ വൈറോളജി എന്നാണു വിളിക്കാറുള്ളത്.
ഒരു പ്രോട്ടീന്‍ കവര്‍ അല്ലെങ്കില്‍ ആവരണത്താല്‍ ചുറ്റപ്പെട്ട ജനിതക വസ്തുക്കളുടെ ചെറിയ കണങ്ങളാണ് വൈറസുകള്‍. ഇവയിലെ ജനിതക ഘടകങ്ങള്‍ ഡിഎന്‍എ അല്ലെങ്കില്‍ ആര്‍എന്‍എ ആകാം. ചില വൈറസുകളില്‍ ഫാറ്റി എന്‍വലപ് കൊണ്ടുള്ള ആവരണവും ഉണ്ട്. സ്വയം നശിച്ചു പോകാനുള്ള കഴിവില്ലാത്തതുകൊണ്ടാകണം ഇവ മറ്റൊരു ജീവശരീരത്തിനെ ആശ്രയിച്ചു ജീവിക്കുന്നത്. നമ്മുടെ ജീവിവര്‍ഗ്ഗങ്ങള്‍ അതിന്റെ ആധുനിക രൂപത്തിലേക്ക് പരിണമിക്കുന്നതിനുമുമ്പുതന്നെ വൈറസുകളുമായി പോരാടുകയാണ്.
വൈറല്‍ സ്പീഷിസുകള്‍ക്കിടയില്‍ വൈവിധ്യമാര്‍ന്ന ജീനോമിക് ഘടനകള്‍ കാണാന്‍ കഴിയും. സസ്യങ്ങള്‍, മൃഗങ്ങള്‍, ആര്‍ക്കിയ, ബാക്റ്റീരിയ എന്നിവയേക്കാള്‍ ഘടനാപരമായ ജീനോമിക് വൈവിധ്യം അവയില്‍ അടങ്ങിയിരിക്കുന്നു. ദശലക്ഷക്കണക്കിന് വ്യത്യസ്ത തരം വൈറസുകള്‍ ഉണ്ട്, എന്നാല്‍ അയ്യായിരത്തോളം തരം മാത്രമേ വിശദമായി വിവരിച്ചിട്ടുള്ളൂ.
നാഷണല്‍ സെന്റര്‍ ഫോര്‍ ബയോടെക്നോളജി ഇന്‍ഫര്‍മേഷന്‍ (എന്ബിസിഐ) സൂക്ഷിക്കുന്ന വൈറസ് ജീനോം ഡാറ്റാബേസില്‍ 9,000 ത്തിലധികം സമ്പൂര്‍ണ്ണ ജീനോം സീക്വന്‍സുകളുണ്ട്, പക്ഷേ ഇനിയും നിരവധി കാര്യങ്ങള്‍ കണ്ടെത്താനുണ്ട്. ഒരു വൈറസിന് ഡിഎന്‍എ അല്ലെങ്കില്‍ ആര്‍എന്‍എ ജീനോം ഉണ്ട്, ഇതിനെ യഥാക്രമം ഡിഎന്‍എ വൈറസ് അല്ലെങ്കില്‍ ആര്‍എന്‍എ വൈറസ് എന്ന് വിളിക്കുന്നു. വൈറസുകളില്‍ ഭൂരിഭാഗവും ആന്‍എന്‍എ ജീനോമുകളാണ്.
ചില വൈറല്‍ രോഗങ്ങള്‍ക്ക് വാക്സിനുകളും ആന്റിവൈറല്‍ മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ചില വൈറസുകളെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാനും കഴിഞ്ഞിട്ടുണ്ട്. ഉദാഹരണം: വസൂരി. വാരിയോള മേജര്‍, വരിയോള മൈനര്‍ എന്നീ രണ്ട് വൈറസ് വകഭേദങ്ങളില്‍ ഒന്ന് മൂലമുണ്ടായ പകര്‍ച്ചവ്യാധിയാണ് വസൂരി (Small pox ). 1977 ഒക്റ്റോബറില്‍ കണ്ടെത്തിയെങ്കിലും 1980-ല്‍ ലോകാരോഗ്യ സംഘടന ഈ രോഗത്തെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തു.
എന്താണ് വൈറസുകളുടെ ചരിത്രം
1886-ല്‍ ജര്‍മന്‍ രസതന്ത്രജ്ഞനും കാര്‍ഷിക ഗവേഷകനുമായ അഡോള്‍ഫ് മേയര്‍ 'Concerning the Mosaic Disease of Tobacco' എന്ന ഒരു തലക്കെട്ടോടുകൂടി തന്റെ പരീക്ഷണങ്ങളുടെ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. രോഗം ബാധിച്ച പുകയില ചെടികളുടെ ഇലകളില്‍ നിന്നുള്ള ജ്യൂസ് രോഗമില്ലാത്ത ഇലകളുടെ ഞരമ്പുകളിലേക്ക് കുത്തി വെച്ചു കഴിഞ്ഞാല്‍ ഇലകളില്‍ മഞ്ഞനിറത്തിലുള്ള പുള്ളികള്‍ ഉണ്ടാകുന്നതായി അദ്ദേഹം കണ്ടെത്തി. ഇപ്രകാരം രോഗത്തിന് കാരണമാകുന്നതെന്തോ ഒന്ന് ഇല ജ്യൂസിലാണെന്ന് മേയര്‍ കരുതി. എന്നിരുന്നാലും, കൂടുതല്‍ വ്യക്തമായ ഫലങ്ങള്‍ കണ്ടെത്താനോ രോഗകാരിയായ വസ്തുവിനെ മൈക്രോസ്കോപ്പ് ഉപയോഗിച്ച് തിരിച്ചറിയാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല.
1892-ല്‍, ദിമിത്രി ഇവാനോവ്സ്കി എന്ന ശാസ്ത്രജ്ഞന് പുകയിലച്ചെടിയെ ബാധിക്കുന്ന ഇത്തരം രോഗത്തെ കുറിച്ച് ഗവേഷണം നടത്തിയപ്പോള്‍ രോഗബാധിതമായ ഒരു പുകയില ചെടിയില്‍ നിന്നുള്ള സ്രവം ഫില്‍ട്ടര്‍ ചെയ്തു മാറ്റിയിട്ടും ആരോഗ്യകരമായ പുകയില സസ്യങ്ങള്‍ക്ക് പകര്‍ച്ചവ്യാധി തുടരുന്നുവെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് 1899-ല്‍ ബെയ്ജെറിങ്ക് (Martinus Beijerinck) എന്ന ശാസ്ത്രജ്ഞന് ഇത് Tobacco Mosaic Virus എന്ന രോഗകാരി ആണെന്ന് കണ്ടെത്തി.
വൈറസുകള്‍ എങ്ങനെ പകരുന്നു
ഒരു ജീവശരീരത്തിനുള്ളില്‍ (ഹോസ്റ്റ്) ദോഷകരമായ വൈറസിന്റെ വ്യാപനമാണ് വൈറല്‍ അണുബാധ. ഇങ്ങനെ ഒരു ഹോസ്റ്റിന്റെ (ശരീരം) സഹായമില്ലാതെ വൈറസുകള്‍ക്ക് പുനര്‍നിര്‍മ്മിക്കാന്‍ കഴിയില്ല. കോശങ്ങളിലേക്ക് വൈറസുകള്‍ അവയുടെ ജനിതകവസ്തുക്കള്‍ പുറപ്പെടുവിച്ചു ആന്തരിക യന്ത്രങ്ങള്‍ ഹൈജാക്ക് ചെയ്യുന്നതിലൂടെ വൈറസുകള്‍ ആ ഹോസ്റ്റിനെ ബാധിക്കുന്നു. ഇങ്ങനെ ഒരു വൈറല്‍ അണുബാധ സജീവമായിക്കഴിഞ്ഞാല്‍ വൈറസ് സ്വയം പകര്‍പ്പുകള്‍ നിര്‍മ്മിക്കുകയും പുതുതായി രൂപംകൊണ്ട വൈറസ് കണങ്ങളെ സ്വതന്ത്രമാക്കുകയും ചെയ്യുന്നു. ഇപ്രകാരം വൈറസുകളുടെ ആക്രമണത്തിന് ഇരയായ ജീവകോശങ്ങള്‍ അവയുടെ കേടുപാടുകള്‍, നശീകരണം, രോഗപ്രതിരോധ ശേഷിക്കുറവ് എന്നിവ കൊണ്ടാണ് വൈറല്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നത്.
ഗര്‍ഭാവസ്ഥയിലോ പ്രസവത്തിലോ വൈറസുകള്‍ വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്കും അമ്മയില്‍ നിന്ന് കുട്ടികളിലേക്കും പകരാം
വൈറസുകള്‍ പലവിധത്തില്‍ പകരാം. ചില വൈറസുകള്‍ സ്പര്‍ശനത്തിലൂടെയോ ഉമിനീരിലൂടെയോ വായുവിലൂടെയോ പടരുന്നു. ലൈംഗിക ബന്ധത്തിലൂടെയോ മലിനമായ സൂചികള്‍ വഴിയുള്ള ഇഞ്ചക്ഷന് എടുക്കുന്നത് വഴിയോ വൈറസുകള്‍ പകരാം.
ഗര്‍ഭാവസ്ഥയിലോ പ്രസവത്തിലോ വൈറസുകള്‍ വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്കും അമ്മയില്‍ നിന്ന് കുട്ടികളിലേക്കും പകരാം. പരാദങ്ങളും കൊതുകുകളും ഉള്‍പ്പെടെയുള്ള പ്രാണികള്‍ക്ക് വെക്റ്ററുകളായി പ്രവര്‍ത്തിക്കാന്‍ കഴിയും, ഇത് മൂലം ഒരു ഹോസ്റ്റില്‍ നിന്ന് മറ്റൊന്നിലേക്ക് വൈറസ് പകരുന്നു. മലിനമായ ഭക്ഷണവും വെള്ളവും വൈറല്‍ അണുബാധയുടെ മറ്റ് ഉറവിടങ്ങളാണ്.
നമ്മള് മിക്ക ആളുകളും വൈറസ് എന്ന വാക്ക് കേള്‍ക്കുമ്പോള്‍, ജലദോഷം, ഇന്‍ഫ്ളുവന്‍സ, ചിക്കന്‍പോക്സ്, ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് (HIV), തുടങ്ങിയ രോഗമുണ്ടാക്കുന്ന വൈറസുകളെക്കുറിച്ചാണ് ചിന്തിക്കുക. പ്രത്യുല്‍പ്പാദന, ശ്വസന, ദഹനനാളങ്ങള്‍ ഉള്‍പ്പെടെ ശരീരത്തിലെ പല ഭാഗങ്ങളെയും വൈറസുകള്‍ ബാധിക്കും. കരള്‍, തലച്ചോറ്, ചര്‍മ്മം എന്നിവ ഉള്‍പ്പെടെ എല്ലാ അവയവങ്ങളെയും അവ ബാധിക്കുന്നു. അതുപോലെ പല ക്യാന്‍സറുകള്‍ക്കും വൈറസുകള്‍ കാരണമാകുന്നു. ഉദാഹരണം Human papillomavirus (HPV) സെര്‍വിക്കല്‍ ക്യാന്‍സറിന് കാരണമാകുന്നു.
മനുഷ്യരില്‍ ഉള്ളതുപോലെ, പക്ഷികളിലും മൃഗങ്ങളിലും ഒക്കെ വൈറസുകള്‍ ജീവിക്കുമ്പോഴും ചിലത് മാത്രമേ രോഗകാരിയായി വര്‍ത്തിക്കുന്നുള്ളൂ
ചില വൈറസുകള്‍ പ്രാരംഭ അണുബാധയ്ക്ക് ശേഷം നിഷ്ക്രിയമോ ഒളിഞ്ഞിരിക്കുന്നതോ ആയിരിക്കാം. ഉദാഹരണത്തിന്, നമുക്ക് ഒരു ജലദോഷം ഉണ്ടാകാം, അത് സുഖപ്പെടുകയും ഈ വൈറസ് നമ്മുടെ കോശങ്ങളില്‍ പ്രവര്‍ത്തനരഹിതമായി തുടരുകയും ചെയ്യും. പിന്നീട് ചൂട്, തണുപ്പ്, സൂര്യപ്രകാശം അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഒരു സാഹചര്യം ഈ വൈറസിനെ വീണ്ടും സജീവമാക്കി ശരീരത്തിനെ രോഗത്തിലേക്കു നയിച്ചേക്കാം.
ഇങ്ങനെ മനുഷ്യരില്‍ ഉള്ളതുപോലെ, പക്ഷികളിലും മൃഗങ്ങളിലും ഒക്കെ വൈറസുകള്‍ ജീവിക്കുമ്പോഴും ചിലത് മാത്രമേ രോഗകാരിയായി വര്‍ത്തിക്കുന്നുള്ളൂ. ചില വൈറസുകള്‍ പക്ഷികളെ മാത്രം ബാധിക്കുന്നു. സാധാരണയായി പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ് ആകസ്മികമായി ഒരു മനുഷ്യനില്‍ പ്രവേശിക്കുകയും അത് ചില മനുഷ്യ ഡിഎന്‍എകളെ ബാധിക്കുകയും ചെയ്യുന്നുവെങ്കില്‍, ഇത് ഭാവിയില്‍ മനുഷ്യരെ ബാധിക്കാന്‍ സാധ്യതയുള്ള ഒരു പുതിയ തരം വൈറസ് സാധ്യതയായി രൂപാന്തരപ്പെടും. ഇങ്ങനെ പടരുന്ന അപൂര്‍വ വൈറസുകളെക്കുറിച്ച് ശാസ്ത്രജ്ഞര്‍ ആശങ്കപ്പെടുന്നത് ഇതുകൊണ്ടാണ്.
മഴയുടെ അളവ്, അന്തരീക്ഷത്തിലെ ഈര്‍പ്പം, താപനിലയില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ഒക്കെ വൈറസുകളുടെ ജീവന്റെ നിലനില്പിന് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അതുപോലെ നിര്‍ജീവമായ കുറെയേറെ വൈറസുകള്‍ സജീവമായി മാറാനും ഇത്തരം സാഹചര്യങ്ങള്‍ കാരണമാകുന്നു. അത് വൈറസുകളുടെ ജനിതകഘടയില്‍ പ്രകടമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു.
മനുഷ്യന്റെ പല ചെയ്തികളും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ കുറെയേറെ നശിപ്പിച്ചു കഴിഞ്ഞു. മനുഷ്യന് കാടുകള്‍ കയ്യടക്കിയതുവഴി വവ്വാലുകള്‍ പോലെയുള്ള ജന്തുക്കളുടെ വാസസ്ഥലം നഷ്ടമായത് ഇവ കൂട്ടത്തോടെ നാടുകളിലേക്ക് ചേക്കേറാനും ഒരു കാരണമായി കണക്കാക്കാം. വവ്വാലുകളുടെ ശരീരം അനേകം വൈറസുകളുടെ വാസസ്ഥലമായി പഠനങ്ങള്‍ പറയുന്നു. ഏതാണ്ട് ആയിരത്തിലധികം ഇനങ്ങള്‍ ഉള്ള വവ്വാലുകളുടെ ശ്വാസകോശത്തിലോ കുടലിലോ ഒക്കെ ആണ് വൈറസുകള്‍ ജീവിക്കുന്നത് എന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഭാഗം 2-വിവിധ തരം വൈറസുകളെ പരിചയപ്പെടാം