
തല ഒന്ന്, ബുദ്ധി ഒന്ന്; തലച്ചോര്‍ മൂന്ന്
തലച്ചോര്‍ കാലക്രമേണ പതിയെ വളര്‍ന്ന് വികസിച്ചാണ് 'നല്ല ബുദ്ധി' തെളിയുന്നത് എന്നാണ് ട്രൈയൂണ്‍ ബ്രെയ്ന്‍ എന്ന മാതൃക പറയുന്നത്
ബുദ്ധി വികാസത്തില്‍ തലച്ചോറിന്റെ പങ്ക് പ്രധാനമാണല്ലോ. എന്നാല്‍ തലച്ചോര്‍ കാലക്രമേണ പതിയെ വളര്‍ന്ന് വികസിച്ചാണ് 'നല്ല ബുദ്ധി' തെളിയുന്നത് എന്നാണ് ട്രൈയൂണ്‍ ബ്രെയ്ന്‍ എന്ന മാതൃക പറയുന്നത്
വിവേകിന് വയസ്സ് 18 തികയാന്‍ കാത്തിരിക്കുകയായിരുന്നു ബൈക്കിലൊന്നു പറക്കാന്‍. പ്രായപൂര്‍ത്തിയായെന്ന് പറഞ്ഞ് വാശി പിടിച്ച് മാതാപിതാക്കളെകൊണ്ട് ഒരു പുത്തന്‍ ബൈക്കും മേടിപ്പിച്ചു. കൈയ്യില്‍ കിട്ടേണ്ട താമസം, ലൈസന്‍സ് പോലും എടുക്കാതെ വണ്ടി എടുത്ത് പായാന്‍ തുടങ്ങുകയായിരുന്നു വിവേക്. എന്നാല്‍ ലൈസന്‍സ് കൈയ്യില്‍ കിട്ടാതെ ബൈക്ക് പുറത്തിറക്കരുതെന്ന് അച്ഛനും അമ്മയും വിലക്കി. പക്ഷേ ആകാംക്ഷയും ആവേശവും അടക്കി വയ്ക്കാന്‍ കഴിയാതിരുന്ന വിവേക് അച്ഛനമ്മമാര്‍ വീട്ടിലില്ലാതിരുന്ന സമയം നോക്കി ബൈക്കുമെടുത്ത് പുറത്തിറങ്ങി.
തനിക്ക് ബൈക്ക് ഓടിക്കാനൊക്കെയുള്ള പ്രായമായെന്നും താന്‍ വലുതായെന്നും എല്ലാവരേയും അറിയിക്കാനും കൂട്ടുകാരുടെ മുന്പില് ആളാവാനും ഉള്ള ആവേശത്തില്‍ വിവേക് ഹെല്‍മെറ്റും ലൈസന്‍സും ഒന്നുമില്ലാതെ ബൈക്ക് പറപ്പിക്കാന്‍ തുടങ്ങി. തനിക്ക് എതിരെ വന്ന വാഹനത്തിലുള്ളവരും തന്റെ അശ്രദ്ധ മൂലം ദൈവത്തെ വിളിക്കേണ്ടി വന്ന മറ്റ് വഴിയാത്രക്കാരും പലരും തന്നോട് ദേഷ്യപ്പെടുന്നതൊന്നും വിവേക് കാര്യമാക്കിയതു പോലുമില്ല. അതൊന്നും തന്നോടല്ലെന്ന ഭാവത്തില്‍ ചീറിപാഞ്ഞ ബൈക്ക് ആ വഴിക്ക് വന്ന ഒരു ടിപ്പറില്‍ തട്ടി തെറിച്ചു വീണു. ഹെല്‍മറ്റ് പോലുമില്ലാതിരുന്നതു കൊണ്ട് തലയ്ക്ക് സാരമായി പരുക്കേറ്റ വിവേക് ആശുപത്രിയിലുമായി. ആവേശം മാത്രം പോര ജീവിതത്തില്‍ വിവേകവും കൂടി വേണമെന്ന് തന്റെ അനുഭവം വിവേകിനെ പഠിപ്പിച്ചു.
വിവേകിനെപോലെ ഇങ്ങനെ മുന്നും പിന്നും നോക്കാതെ എടുത്ത് ചാടുന്നവരായ പലരേയും നമുക്ക് ചുറ്റും കാണാനാകും. കൗമാരക്കാരായ പല കുട്ടികളെയും കുറിച്ച് മാതാപിതാക്കള്‍ പങ്കുവയ്ക്കാറുള്ള ആശങ്കയും അതാണ്. കുട്ടിയായിരുന്നപ്പോള്‍ അറിവില്ലാതിരുന്നതാണ് കാരണമെന്ന് വിചാരിച്ച് എല്ലാവരും അത് നിസ്സാരമാക്കി വിട്ടുകളയും. എന്നാല്‍ മുതിര്‍ന്നുവെന്ന് നമ്മള് വിചാരിക്കുന്ന പ്രായത്തിലും അവര്‍ അപക്വമായി പെരുമാറുന്നത് കൗമാക്കാരേയും വീട്ടുകാരേയും നാട്ടുകാരേയുമെല്ലാം ഒരുപോലെ ബുദ്ധിമുട്ടിലാക്കും. യഥാര്‍ഥത്തില്‍ അത് അവരുടെ കുഴപ്പമല്ല, അവരുടെ തലച്ചോര്‍ പൂര്‍ണമായി വികസിക്കാത്തതുകൊണ്ടാണെന്ന് ചില പഠനങ്ങള്‍ പറയുന്നു. അതായത്, യുക്തിപൂര്‍വ്വമായി ചിന്തിക്കാനുള്ള കഴിവ് ഒരു വ്യക്തിക്ക് ലഭിക്കുന്നത് കൗമാര പ്രായത്തിനും ശേഷമാണ് എന്നാണ് ട്രൈയൂണ്‍ ബ്രെയ്ന്‍ (triune brain) മാതൃക പറഞ്ഞുവയ്ക്കുന്നത്. നമ്മുടെ കൗമാരക്കാരുടെ വിവേകമില്ലായ്മയ്ക്ക് കാരണവും അതാകാം എന്നാണ് ഇതിലൂടെ പറയുന്നത്.
തലച്ചോറിന്റെ ത്രിത്വം
ട്രൈയൂണ്‍ ബ്രെയ്ന്‍ (triune brain) മാതൃക ആദ്യമായി അവതരിപ്പിക്കുന്നത് 1960 കളില്‍ അമേരിക്കന്‍ ന്യൂറോ ശാസ്ത്രജ്ഞന് പോള്‍ ഡി. മക്ലീന് ആണ്. മൂന്ന് തലച്ചോറുകള്‍ ഒന്നിച്ച് ഒന്നായാണ് നമ്മുടെ മനുഷ്യ തലച്ചോര്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് ട്രൈയൂണ്‍ ബ്രെയ്ന്‍ മാതൃക അല്ലെങ്കില്‍ മക്ലീന് മാതൃക പറയുന്നത്.
മനുഷ്യ തലച്ചോറിനെ തന്നെ മൂന്ന് വ്യത്യസ്ത ഭാഗങ്ങളായി തരംതിരിച്ചാണ് ഈ മാതൃക അവതരിപ്പിച്ചിരിക്കുന്നത്. നമ്മുടെ മനുഷ്യ തലച്ചോര്‍ അതിന്റെ പ്രവര്‍ത്തനത്തിനനുസരിച്ച് ഒരു ക്രമത്തില്‍ മൂന്നായി അടുക്കി വച്ചിരിക്കുന്ന തരത്തിലാണ് മക്ലീന് മോഡല്‍. ഇത് പരിണാമത്തിനനുസരിച്ച് തലച്ചോര്‍ വികസിച്ച് വരുന്നതാണെന്നും പറയുന്നു. മക്ലീന് മോഡല്‍ പറയുന്ന തലച്ചോറിലെ മൂന്ന് ഭാഗങ്ങള്‍ ഇവയാണ്:
റെപ്റ്റീലിയന്‍ അഥവാ പ്രൈമല്‍ ബ്രെയ്ന്‍ (Reptilian brain or Pimal brain - Basal ganglia)
പാലിയോമമാലിയന് അഥവാ ഇമോഷണല്‍ ബ്രെയ്ന്‍ (Paleomammalian brain or Emotional brain - Limbic System)
നിയോമമാലിയന് അഥവാ റാഷണല്‍ ബ്രെയ്ന്‍ (Neomammalian brain or Rational brain - Neocortex)
പ്രൈമല്‍ ബ്രെയ്ന്‍
നമ്മുടെ തലച്ചോറിന്റെ ഏറ്റവും താഴെയുള്ള ഭാഗം എന്ന് വിശേഷിപ്പിക്കാവുന്നതാണ് റെപ്റ്റീലിയന്‍ ബ്രെയ്ന്‍ എന്നറിയപ്പെടുന്ന ബേസല്‍ ഗാംഗ്ലിയ. ഇതാണ് നമ്മള് ആദ്യം ആര്‍ജിക്കുന്ന ബുദ്ധി കേന്ദ്രം. ഏറ്റവും അടിസ്ഥാനപരമായ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നതാണ് ബേസല്‍ ഗാംഗ്ലിയയുടെ ധര്‍മ്മം. നൈസര്‍ഗികമായ കഴിവുകള്‍ അല്ലെങ്കില്‍ സ്വാഭാവികമായ ചില പ്രതികരണങ്ങളും ഇവിടെ നിന്നാണ് ഉത്ഭവിക്കുന്നത്. നമ്മുടെ ശരീരത്തിലെ വികാരങ്ങളും ഉള്‍പ്രേരണകളും എല്ലാം തലച്ചോറിന്റെ ഈ ഭാഗത്ത് നിന്നാണ് വരുന്നത്. നമുക്ക് ജീവന് നിലനിര്‍ത്താനുള്ളതും പ്രതിരോധത്തിനുള്ളതുമായ നിര്‍ദേശങ്ങളും ഇവിടെ നിന്നാണ് വരുന്നത്. അതായത്, നമ്മള് ഒരു അപകടത്തില്‍ പെട്ടാല്‍ നമ്മെ തന്നെ രക്ഷിക്കാന്‍ പെട്ടെന്ന് പ്രതികരിക്കാറില്ലേ. ഈ സമയത്ത് തലച്ചോറിന്റെ നിര്‍ദേശപ്രകാരം ചില കെമിക്കലുകള്‍ പുറത്തു വിട്ട് ശരീരത്തിന് സൂചന ലഭിക്കും, അതിനനുസരിച്ച് പ്രവര്‍ത്തിക്കാനായി. പട്ടി കടിക്കാനായി ഓടിച്ചാല്‍ നമ്മള് സര്‍വ്വ ശക്തിയുമെടുത്ത് ഓടുന്നതും ഇതുകൊണ്ടാണ്. ട്രൈയൂണ്‍ ബ്രെയ്ന്‍ മാതൃക അനുസരിച്ച് ഈ ആദ്യ ഘട്ട തലച്ചോറിനെ റെപ്റ്റീലിയന്‍ ബ്രെയ്ന്‍ എന്നും വിളിക്കാറുണ്ട്.
നമുക്ക് യുക്തിപരമായ കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് എങ്ങനെ പ്രവര്‍ത്തിക്കണം എന്ന നിര്‍ദേശങ്ങള്‍ നല്‍കുന്നത് നിയോകോര്ടെക്സാണ്
ഇമോഷണല്‍ ബ്രെയ്ന്‍
നമ്മുടെ വികാരങ്ങള്‍ക്ക് കാരണമാകുന്ന തലച്ചോറിലെ നടുഭാഗമാണ് ലിംമ്പിക് സിസ്റ്റം. നമ്മള് ഓരോ കാര്യങ്ങളോടും ഏതു വിധേന പ്രതികരിക്കണം എന്ന നിര്‍ദേശം നല്‍കുന്നത് ലിംമ്പിക് സിസ്റ്റമാണ്. പെട്ടെന്ന് കേള്‍ക്കുന്ന ഒരു അപകട വാര്‍ത്തയോ അല്ലെങ്കില്‍ സന്തോഷ വാര്‍ത്തയോ എല്ലാം നമ്മില്‍ വലിയ വികാര വിക്ഷോഭങ്ങള്‍ ഉണ്ടാക്കാറില്ലേ. അതെല്ലാം തലച്ചോറിന്റെ ഈ ഭാഗത്തിന്റെ കളികളാണ്. അങ്ങനെ എന്തെങ്കിലും നമ്മില്‍ വികാരങ്ങളുണ്ടാക്കുന്ന കാര്യങ്ങള്‍ സംഭവിച്ചാലും തലച്ചോര്‍ നല്കുന്ന സൂചനകളിലൂടെ കെമിക്കലുകള്‍ പുറത്തുവിട്ട് ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും. നമുക്ക് ഏറെ സന്തോഷം തരുന്ന കാര്യങ്ങള്‍ കേള്‍ക്കുമ്പോഴോ കാണുമ്പോഴോ എല്ലാം ശരീരത്തിലെ രോമങ്ങള്‍ പോലും എഴുന്നേല്‍ക്കുന്നത് ഇതിന്റെയെല്ലാം ഭാഗമായാണ്. ചില കാര്യങ്ങളോടോ വ്യക്തികളോടോ മമതയും കരുണയും തോന്നുന്നതെല്ലാം ഇമോഷണല്‍ ബ്രെയ്ന്‍ മൂലമാണ്.
റാഷണല്‍ ബ്രെയ്ന്‍
ഇതാണ് തലച്ചോറിലെ ഏറ്റവും പ്രധാന ഭാഗം എന്നു വേണമെങ്കില്‍ പറയാം. ഏറ്റവും മുകളിലെ ഭാഗമായ ഈ നിയോകോര്‍ടെക്സ് ആണ് നമ്മുടെ ചിന്താശേഷിക്ക് കാരണം. നമുക്ക് യുക്തിപരമായ കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് എങ്ങനെ പ്രവര്‍ത്തിക്കണം എന്ന നിര്‍ദേശങ്ങള്‍ നല്‍കുന്നത് നിയോകോര്ടെക്സാണ്. നല്ലതും ചീത്തയും എല്ലാം തിരിച്ചറിയാനുള്ള കഴിവ് നല്കുന്നതുകൊണ്ടാണ് റാഷണല്‍ ബ്രെയ്ന്‍ എന്ന് വിളിക്കുന്നത്. കാര്യങ്ങള്‍ വസ്തുനിഷ്ഠമായി കാണാനും ഗ്രഹിക്കാനും മനസ്സിലാക്കാനുമുള്ള കഴിവെല്ലാം ഇവിടെ നിന്നാണ് ലഭിക്കുന്നത്. മനുഷ്യനെ ബുദ്ധിശാലിയാക്കുന്നത് നിയോകോര്‍ടെക്സ് ആണെന്നും പറയാം. പക്ഷേ അത് നല്ലതിനാണോ മോശം കാര്യത്തിനാണോ ഉപയോഗിക്കുന്നത് എന്നതെല്ലാം ബാഹ്യഘടകങ്ങളെ കൂടി ആശ്രയിച്ചിരിക്കും.
പരിണാമം സംഭവിച്ചാണ് മക്ലീന് മാതൃകയില്‍ തലച്ചോര്‍ വികസിക്കുന്നതെന്ന് പറഞ്ഞല്ലോ. അങ്ങനെ അവസാനം വികസിക്കുന്ന ഭാഗമാണിത്. മുകളില്‍ പറഞ്ഞ വിവേകിന്റെ അവിവേകവും ഈ നിയോകോര്‍ടെക്സ് ഭാഗം പരിണമിക്കാനെടുക്കുന്ന സമയത്തിന്റെ പ്രത്യേകതകൊണ്ടാണ് എന്നാണ് മക്ലീന് പറഞ്ഞു വയ്ക്കുന്നത്. എന്നുവച്ചാല്‍ യൗവ്വനത്തിലേക്ക് കടക്കുമ്പോള്‍ മാത്രമാണ് നിയോകോര്‍ടെക്സ് പൂര്‍ണമായി വികസിതമായി മാറുകയുള്ളൂവെന്ന്. ടീനേജ് പ്രായം കഴിഞ്ഞാല്‍ മാത്രമേ ബുദ്ധി ശരിക്ക് നല്ലതും മോശവും തിരിച്ചറിയാന്‍ പാകത്തിന് ഉറയ്ക്കുകയുള്ളൂ എന്നാണ് പറഞ്ഞുവരുന്നത്. അപ്പോള്‍ കൗമാരക്കാരുടെ എടുത്തുചാട്ടവും മറ്റും ഹോര്‍മോണുകളുടെ വ്യതിയാനം മാത്രമല്ല നിയോകോര്ടെക്സിന്റെ പ്രശ്നവുമായിരിക്കുമോ?
ബുദ്ധി വളര്‍ച്ച പൂര്‍ണമായി കൗമാരത്തിലെത്തിയിട്ടില്ല എന്നല്ല പറയുന്നത് കേട്ടോ. തലച്ചോര്‍ പൂര്‍ണരൂപത്തില്‍ തന്നെ ഉണ്ടാവുകയും ചെയ്യും. പക്ഷേ മുതിര്‍ന്നവരുടേതു പോലെ കാര്യങ്ങളെ ഗ്രഹിക്കാനുള്ള, തിരിച്ചറിയാനുള്ള കഴിവും തമ്മില്‍ ബന്ധിപ്പിക്കാനുള്ള വിവേചനാ ശക്തിയും കൗമാരം കഴിയുന്നതോടെയാണ് പൂര്‍ണമായും കൈവരിക്കുന്നത് എന്നാണ് മക്ലീന് പറഞ്ഞുവയ്ക്കുന്നത്.
ട്രൈയൂണ്‍ ബ്രെയ്ന്‍ മാതൃക പറയുന്നത് പ്രകാരം നമ്മുടെ ബുദ്ധി ആദ്യഘട്ടം മുതല്‍ പ്രവര്‍ത്തിച്ച് വികസിക്കുന്നത് പതിയെ കാലങ്ങള്‍കൊണ്ടാണ്. ഇക്കാലയളവില്‍ തലച്ചോര്‍ ആവശ്യമില്ലാത്ത പഴയ കാര്യങ്ങള്‍ ഒരു വശത്തേക്ക് മാറ്റുകയും ആവശ്യമുള്ള പുതിയ കാര്യങ്ങള്‍ മൂന്ന് തലച്ചോറിലുമായി ബന്ധിപ്പിച്ച് വയ്ക്കുകയും ചെയ്യും
എന്നാലും ഒരു ബുദ്ധിയേ
ട്രൈയൂണ്‍ ബ്രെയ്ന്‍ മാതൃക പറയുന്നത് പ്രകാരം നമ്മുടെ ബുദ്ധി ആദ്യഘട്ടം മുതല്‍ പ്രവര്‍ത്തിച്ച് വികസിക്കുന്നത് പതിയെ കാലങ്ങള്‍കൊണ്ടാണ്. ഇക്കാലയളവില്‍ തലച്ചോര്‍ ആവശ്യമില്ലാത്ത പഴയ കാര്യങ്ങള്‍ ഒരു വശത്തേക്ക് മാറ്റുകയും ആവശ്യമുള്ള പുതിയ കാര്യങ്ങള്‍ മൂന്ന് തലച്ചോറിലുമായി ബന്ധിപ്പിച്ച് വയ്ക്കുകയും ചെയ്യും. കൗമാരപ്രായത്തില്‍ പല തരത്തില്‍ ചിന്തകളും അഭിപ്രായങ്ങളും മാറിമറിയും. കൗമാരത്തിലെ ഈ വിചിത്ര ചിന്താരീതികളും അപകടകരമായ സ്വഭാവങ്ങളുമെല്ലാം ഏതാണ്ട് 10 വര്‍ഷത്തോളമെടുത്താണ് മാറുകയെന്നും പഠനം പറയുന്നു. ബുദ്ധിപൂര്‍വ്വമായ, ചിന്താശേഷിയുള്ള, യുക്തിപൂര്‍വ്വകമായ തീരുമാനങ്ങളെടുക്കാന്‍ ഈ പറഞ്ഞ തലച്ചോറിനുള്ളിലെ മൂന്ന് തലച്ചോറുകളും തമ്മിലൊരു ബന്ധം വേണം. ഇതെല്ലാം തമ്മിലുള്ള കൂട്ടുകെട്ട് ശരിയായെങ്കില് മാത്രമേ നമ്മളും യുക്തിപൂര്‍വ്വമായി ചിന്തിച്ച് കാര്യങ്ങളെ വിവേകപൂര്‍വ്വം മുന്നോട്ട് നീക്കാന്‍ പ്രാപ്തി നേടൂ.
ആധുനിക ശാസ്ത്രവും ട്രൈയൂണ്‍ ബ്രെയ്ന്‍ മാതൃകയും
ഇതെല്ലാമാണ് മക്ലീനിന്റെ ട്രൈയൂണ്‍ ബ്രെയ്ന്‍ മാതൃക പറയുന്നതെങ്കിലും പുതിയ സാങ്കേതിക വിദ്യകളും ആധുനിക ബ്രെയ്ന്‍ ഇമേജിങ് ടെക്നിക്കുകളും ഇവയെ പിന്തുണക്കുന്നില്ല. പ്രൈമല്‍, ഇമോഷണല്‍, റാഷണല്‍ ഘട്ടങ്ങളില്‍ തലച്ചോറിന്റെ വിവിധ സ്ഥലങ്ങള്‍ ഉത്തേജിപ്പിക്കപ്പെടുന്നുണ്ടെന്നാണ് ന്യൂറോസയന്‍സിന്റെ പുതിയ കണ്ടെത്തല്‍. ഏതായാലും ട്രൈയൂണ്‍ മാതൃക നമുക്ക് തലച്ചോറിനെ കൂടുതല്‍ അടുത്തറിയാനും അതിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് മനസ്സിലാക്കാനും സഹായകമാണ്.