കാറിന് വില കൂടുന്നു, ശരിക്കും എന്താണീ ചിപ്പുകള്‍?
സെമി കണ്ടക്റ്റര്‍ ചിപ്പുകളുടെ ക്ഷാമം ഇന്ന് വലിയ കോലാഹലങ്ങള്‍ക്ക് വഴിവെക്കുകയാണ്. ഇത് കാരണം നിങ്ങള്‍ വാങ്ങാന്‍ പോകുന്ന കാറിന് വരെ വില കൂടും. എന്താണ് ഈ ചിപ്പുകള്‍?
സെമിക്കണ്ടക്റ്ററുകള്‍ ഇല്ലാത്ത ലോകത്ത് ജീവിതം സാധ്യമോ?
ഒരു സുന്ദരസ്വപ്നം കണ്ട് ഉറങ്ങുകയാണ് നമ്മുടെ ടെക്കിമോന്‍. ടെസ്ലയുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാര്‍ വീട്ടുമുറ്റത്ത് നില്‍ക്കുന്നു. ഇത് ഞാന്‍ വാങ്ങിച്ചതാണോ എന്ന സംശയം സ്വാഭാവികമായും മനസ്സില്‍ ഉയര്‍ന്നു. സ്വപ്നത്തില്‍ ചോദ്യങ്ങള്‍ക്ക് സ്ഥാനമില്ലല്ലോ. എന്തെങ്കിലുമാകട്ടെ, ഇത്രയും കാലം കണ്ട സ്വപ്നങ്ങളൊന്നും വെറുതേ ആയില്ലല്ലോ. കണ്ണില്‍ വെളിച്ചം വീഴുന്നതിന് മുമ്പ് ടെസ്ലയില്‍ ഒന്ന് പറന്നിട്ട് തന്നെ കാര്യം. ഓടിപ്പോയി സ്മാര്‍ട്ട്ബ്രഷ് കൊണ്ട് പല്ലുംതേച്ച്, സ്മാര്‍ട്ട് വാച്ചും കെട്ടി സ്മാര്‍ട്ട് ഫോണുമെടുത്ത് എക്സ്ട്രാ സ്മാര്‍ട്ടായി ടെക്കിമോന്‍ കാറിലേക്കോടി.
കറങ്ങിത്തിരിഞ്ഞ് വരുമ്പോഴേക്ക് ജോലിക്ക് കയറാന്‍ സമയം വൈകുമോ, ലാപ്ടോപ് കൂടി എടുക്കണോ, ബോസിന്റെ ചീത്ത കേള്‍ക്കുമോ. ഓ സംശയം...ഒരു നല്ല കാര്യത്തിന് ഇറങ്ങുമ്പോള്‍ എപ്പോഴും നൂറ് സംശയങ്ങളുണ്ടാകും. തല്‍ക്കാലം ഫോണും വാച്ചും കൊണ്ട് ജോലി മാനേജ് ചെയ്യാം. പിന്നെ ലേറ്റസ്റ്റ് മോഡല്‍ കാറല്ലേ. റിമോട്ട് വര്‍ക്കിംഗിനുള്ള എന്തെങ്കിലും ഫീച്ചറുകളും കാണുമായിരിക്കും. കാറിന്റെ ലുക്ക് കണ്ട് അന്തിച്ച് നില്‍ക്കുന്ന അമ്മയ്ക്ക് ഒരു ഉമ്മയും കൊടുത്ത് സ്മാര്‍ട്ട്ഗ്ലാസും വെച്ച് ടെക്കിമോന്‍ കാറില്‍ കേറി. സൂക്ഷിച്ച് പോകണമെന്ന അമ്മയുടെ ഉപദേശത്തിന് കാറും എന്നെപ്പോലെ സ്മാര്‍ട്ടാണമ്മേ എന്ന് പറഞ്ഞ് കണ്ണിറിക്കി ടെക്കിമോന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു.
'എങ്ങോട്ട് പോകണം', കാര്‍ ചോദിച്ചു. 'നിനക്ക് ഇഷ്ടമുള്ളെടുത്തേക്കായിക്കോട്ടെ' ടെക്കി വിട്ടില്ല. 'ഓഹോ അങ്ങനെയോ, സ്പീഡ് പേടിയില്ലല്ലോ', സീറ്റ്ബെല്‍റ്റേ, ചേട്ടനെ മുറുക്കിപ്പിടിച്ചോ എന്നും പറഞ്ഞ് കാറ് പാഞ്ഞു.
കണ്ണ് തുറന്നപ്പോ മൊത്തം ഇരുട്ട്. കാറില്ല, വാച്ചില്ല, ഫോണില്ല എന്തിന് സന്തതസഹചാരിയായ ഹെഡ്ഫോണ്‍ പോലുമില്ല. എന്റമ്മേ ഇതേത് ലോകം ഓണ്‍ ആകാന്‍ എത്രപറഞ്ഞിട്ടും കുരുത്തം കെട്ട ലൈറ്റ് ഓണായില്ല. എല്ലാം പോയേ, എല്ലാം പോയേ. ടെക്കിമോന്‍ അലറിവിളിച്ചു. എന്റെ അലക്സ ചേച്ചി ഒന്ന് പറഞ്ഞുതര്വോ.. ഇത് ഏതാ ലോകം. മറുപടി വന്നു. 'ഇതാണ് മോനേ സെമികണ്ടക്റ്ററുകള്‍ ഇല്ലാത്ത ലോകം'.
''സോഫ്റ്റ് വെയര്‍ ലോകത്തെ തിന്നുകയാണെങ്കില്‍ ചിപ്പുകളായിരിക്കും അതിന്റെ പല്ല്''. സിഎന്‍ബിസിയിലെ കിഫ് ലെസ്വിങ് സെമികണ്ടക്റ്റര്‍ ചിപ്പുകളെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞതാണിത്. അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്. ചിപ്പുകളെന്നും സെമീസ് എന്നും വിളിക്കുന്ന വളരെ സൂക്ഷ്മമായ ഈ സാധനമില്ലെങ്കില്‍ നമുക്ക് ചുറ്റുമുള്ള പല ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഇന്നുണ്ടാകില്ല. സ്മാര്‍ട്ട്ഫോണുകള്‍ മുതല്‍ വിമാനങ്ങള്‍ വരെ... സാങ്കേതികവിദ്യകളുടെ വളര്‍ച്ചയില്‍ സെമിക്കണ്ടക്റ്ററുകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ടെക് ലോകത്തിന്റെ നിശബ്ദമായി മിടിക്കുന്ന ഹൃദയമാണ് സെമികണ്ടക്റ്ററുകളെന്ന് വേണമെങ്കില്‍ പറയാം.
എന്താണ് സെമിക്കണ്ടക്റ്റര്‍ ചിപ്പ്?
സിലിക്കണ്‍ അധിഷ്ഠിത സെമിക്കണ്ടക്റ്റര്‍ ചിപ്പുകള്‍ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത് 1947ല്‍ അമേരിക്കയിലാണ്. അതിന് മുമ്പ് കംപ്യൂട്ടര്‍ എന്നത് വാക്വം ട്യൂബുകളും ഡയലുകളും കൊണ്ട് നിര്‍മ്മിച്ച വലിയൊരു യന്ത്രമായിരുന്നു. ആദ്യ തലമുറ കംപ്യൂട്ടറുകള്‍ എന്നാണ് അവ അറിയപ്പെടുന്നത്. കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടിന് പുറമേ ഇവയ്ക്ക് പ്രവര്‍ത്തിക്കാന്‍ വളരെയധികം വൈദ്യുതി ആവശ്യമായിരുന്നുവെന്നതും പലപ്പോഴും ഓഫ് ആയി പോകുമെന്നതും അവയുടെ പ്രധാന പോരായ്മയായിരുന്നു. ആദ്യ ഡിജിറ്റല്‍ കംപ്യൂട്ടറായ എനിയാക് ഓരോ രണ്ട് ദിവസം കൂടുമ്പോഴും ഓഫ് ആകുമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ സിലിക്കണ്‍ അധിഷ്ഠിത സെമിക്കണ്ടക്റ്റര്‍ ചിപ്പുകള്‍ പുറത്തിറങ്ങിയതോടെ ജീവിതം കൂടുതല്‍ സുഗമമായി. ട്യൂബുകള്‍ക്ക് പകരം സെമിക്കണ്ടക്റ്റര്‍ ചിപ്പുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ കംപ്യൂട്ടറുകള്‍ക്ക് വേഗതയും കാര്യക്ഷമതയും വര്‍ധിക്കുകയും ചെലവും വലുപ്പവും കുറയുകയും ചെയ്തു.
വൈദ്യുതി കടത്തിവിടുന്ന വസ്തുക്കളെയാണ് നാം ചാലകങ്ങള്‍ അഥവാ കണ്ടക്‌റ്റേഴ്സ് എന്ന് വിളിക്കുന്നത്. വൈദ്യുതി കടത്തിവിടാത്തവയെ ഇന്‍സുലേറ്ററെന്നും വിളിക്കുന്നു. എന്നാല്‍ ഇതിനിടയ്ക്കാണ് സെമിക്കണ്ടക്റ്ററുകള്‍ അഥവാ അര്‍ദ്ധചാലകങ്ങളുടെ സ്ഥാനം. അതായത് ചിലപ്പോള്‍ വൈദ്യുതി കടത്തിവിടുകയും അല്ലാത്തപ്പോള്‍ വൈദ്യുതി കടത്തിവിടാതിരിക്കുകയും ചെയ്യുന്ന പദാര്‍ത്ഥങ്ങള്‍. സിലിക്കണ്‍ ആണ് സെമിക്കണ്ടക്റ്ററുകളുടെ ഏറ്റവും വലിയ ഉദാഹരണം. ഇത്തരത്തിലുള്ള സെമിക്കണ്ടക്റ്റര്‍ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഇലക്ട്രോണിക് സവിശേഷതകളുള്ള ഇന്റെഗ്രേറ്റഡ് സര്‍ക്യൂട്ടുകളാണ് (ഐസി) സെമിക്കണ്ടക്റ്റര്‍ ചിപ്പുകള്‍.
ചിപ്പ് ക്ഷാമം
ടെക്കിമോന്‍ കണ്ട ഭീകരസ്വപ്നം പോലെ ടെക് ലോകം ഇന്ന് വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. സെമികണ്ടക്റ്റര്‍ ചിപ്പുകളുമായി ബന്ധപ്പട്ടതാണത്. നമ്മുടെ ജീവിതവുമായി അത്രയേറെ ഒട്ടിച്ചേര്‍ന്നിരിക്കുന്ന നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത ചിപ്പുകളുടെ ക്ഷാമം ആഗോള വിപണിയെ ഒന്നാകെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. നേരത്തെ നാം പറഞ്ഞത് പോലെ ടിവിയും കാറും മുതല്‍ ലാപ്ടോപ്പുകളും മൊബീല്‍ഫോണുകളും വരെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത അനവധി ഉപകരണങ്ങള്‍ക്ക് ജീവനേകുന്ന ചിപ്പുകള്‍ ഇന്ന് കിട്ടാനില്ലാത്ത അവസ്ഥയാണ്. സെമികണ്ടക്റ്റര്‍ ചിപ്പുകളുടെ ക്ഷാമം ഇന്ന് വ്യവസായ ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയമാണ്. ഓട്ടോമൊബീല്‍ ലോകത്തെയാണ് അത് ഇപ്പോള്‍ വരിഞ്ഞുകെട്ടുന്നത്.
ചിപ്പില്ലാതെ പരക്കം പാഞ്ഞ് വാഹന നിര്‍മ്മാതാക്കള്‍
സെമിക്കണ്ടക്റ്റര്‍ ചിപ്പുകളുടെ ദൗര്‍ലഭ്യം ആഗോള വാഹന വിപണിയെയൊന്നാകെ പിടിച്ചുലയ്ക്കുകയാണ്. പല വമ്പന്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്കും പുതിയ വാഹനങ്ങള്‍ ഇറക്കാന്‍ പറ്റാത്ത സ്ഥിതി. പല കമ്പനികളും പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ചില കമ്പനികള്‍ ഫാക്റ്ററികള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടി. ചിപ്പ് ക്ഷാമം മൂലം 2021ല്‍ കാറുകളുടെ ഉല്‍പ്പാദനം 5.2 ദശലക്ഷം കുറഞ്ഞ് 74.8 ദശലക്ഷമായി ചുരുങ്ങുമെന്നാണ് ജര്‍മ്മനി ആസ്ഥാനമായ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് റിസര്‍ച്ച് എന്ന സ്ഥാപനം പറയുന്നത്. ഫോര്‍ഡിന്റെ അറ്റാദായം രണ്ടാംപാദത്തില്‍ പകുതിയായി ഇടിഞ്ഞതിന്റെ ഒരു കാരണം ചിപ്പ് ക്ഷാമമായിരുന്നു. സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ ലാന്‍ഡ് റോവറിന്റെ വില്‍പ്പന പ്രതീക്ഷിച്ചതിനേക്കാള്‍ 50 ശതമാനം കുറവായിരിക്കുമെന്നാണ് ജാഗ്വാര്‍ കരുതുന്നത്.
മുമ്പ് കരുതിയതിനേക്കാള്‍ കാറുകളുടെ ഉല്‍പ്പാദനം 2021ല്‍ 1.4 ദശലക്ഷം കുറവായിരിക്കുമെന്ന് ഫിയറ്റ് ക്രിസ്ലറും പിഎസ്എയും തമ്മില്‍ ലയിച്ച് രൂപീകൃതമായ സ്റ്റെല്ലാന്റിസും വ്യക്തമാക്കി. കഷ്ടകാലം ഏറെക്കുറെ നീങ്ങിയെങ്കിലും 2022ലും ഉല്‍പ്പാദനം കുറവായിരിക്കുമെന്ന് മിക്ക വാഹന നിര്‍മ്മാതക്കളും സമ്മതിക്കുന്നു.
വാഹനവിപണിയെ മൊത്തത്തില്‍ ഇത്ര വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് എന്താണ്. സെമികണ്ടക്റ്റര്‍ ചിപ്പുകളുടെ ക്ഷാമമാണ് അതിനുള്ള ഒരു പ്രധാനകാരണം. ചിപ് ദൗര്‍ലഭ്യം മൂലം വാഹനങ്ങളിലെ എന്റെര്‍ടെയ്ന്‍മെന്റ് സംവിധാനങ്ങളും സുരക്ഷ ഫീച്ചറുകളും നൂതനമായ ഡ്രൈവിംഗ് സന്നാഹങ്ങളും നിയന്ത്രിക്കുന്ന സങ്കീര്‍ണ്ണമായ ഇലക്ട്രോണിക്സ് സംവിധാനങ്ങള്‍ വണ്ടികളില്‍ സന്നിവേശിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് സാധിക്കുന്നില്ല. പ്രമുഖ കാര്‍ നിര്‍മാതാക്കള്‍ ഇലക്ട്രോണിക് സബ് യൂണിറ്റുകള്‍ ഉള്‍പ്പടെ വാഹനങ്ങള്‍ക്കാവശ്യമായ മിക്ക ടെക്നോളജികളുടെയും വികസനം ഔട്ട്സോഴ്സ് (മറ്റ് കമ്പനികളെ ഏല്‍പ്പിക്കുക) ചെയ്യുകയാണ് പതിവ്. ജര്‍മ്മനിയിലെ ബോഷ് (Bosch ), ജപ്പാനിലെ ഡെന്‍സോ തുടങ്ങി ഒന്നാംതട്ടിലെ ഈ വിതരണക്കാര്‍ തങ്ങള്‍ക്കാവശ്യമായ സര്‍ക്യൂട്ട് ബോര്‍ഡുകളും മൈക്രോകണ്‍ട്രോളറുകളും താഴെ തട്ടില്‍ നിന്നും വാങ്ങുന്നു. അവരാണെങ്കില്‍ ഈ ഘടകങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സെമിക്കണ്ടക്റ്ററുകള്‍ ചിപ്പ് നിര്‍മ്മാതാക്കളില്‍ നിന്നും വാങ്ങുന്നു. സങ്കീര്‍ണ്ണമായ ഈ വിതരണ ശൃംഖല മൂലം കാര്‍ നിര്‍മ്മാതാക്കള്‍ക്കും ചിപ്പ് നിര്‍മ്മാതാക്കള്‍ക്കുമിടയിലുള്ള ദൂരം വളരെ വലുതാണ്.
ചിപ്പ് ദൗര്‍ലഭ്യം അനുഭവപ്പെട്ടപ്പോള്‍ തുടക്കത്തില്‍ കുറച്ച് ചിപ്പുകള്‍ ആവശ്യമുള്ള കാറുകള്‍ ഉല്‍പ്പാദിപ്പിക്കാനും ഉള്ള ചിപ്പുകള്‍ കൊണ്ട് ഏറ്റവും ലാഭകരമായ മോഡലുകള്‍ നിര്‍മ്മിക്കാനുമാണ് വാഹന നിര്‍മ്മാതാക്കള്‍ ശ്രമിച്ചത്. പക്ഷേ ചിപ്പുകളുടെ ഉപയോഗം പരിമിതിപ്പെടുത്തി വാഹന നിര്‍മ്മാണം നടത്തുകയെന്നത് ശാശ്വതപരിഹാരമല്ല. ഭാവിയില്‍ നിരത്തുകള്‍ കയ്യേറാന്‍ പോകുന്ന ഇലക്ട്രിക് വാഹനങ്ങളില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ ഉള്ളതിനേക്കാള്‍ ഇരട്ടി ചിപ്പുകളാണ് ആവശ്യമായി വരുന്നത്. ഈ സാഹചര്യത്തില്‍ വാഹന നിര്‍മ്മാതക്കള്‍ കൂടുതല്‍ ക്രിയാത്മകമായി ചിന്തിച്ചേ മതിയാകൂ. ഒന്നുകില്‍ 2019ല്‍ ടെസ്ല ചെയ്തതുപോലെ ചിപ്പ് സംവിധാനത്തില്‍ നിന്നും ഇന്റെര്‍നെറ്റുമായി ബന്ധിപ്പിച്ച സോഫ്റ്റ്വെയര്‍ അധിഷ്ഠിത സംവിധാനത്തിലേക്ക് മാറുക, അല്ലെങ്കില്‍ സ്വന്തമായി ചിപ്പ് നിര്‍മ്മിക്കുക.
2016 മുതല്‍ ടെസ്ല തങ്ങള്‍ക്കാവശ്യമായ ചിപ്പുകള്‍ സ്വന്തമായി നിര്‍മ്മിക്കുകയാണ്. അതിനാല്‍ സോഫ്റ്റ്വെയര്‍ അധിഷ്ഠിത ഫീച്ചറുകള്‍ വളരെ പെട്ടന്ന് ഇറക്കാന്‍ കമ്പനിക്ക് സാധിക്കുന്നു. ഓട്ടോണമസ് വാഹനങ്ങള്‍ക്കായി (ഡ്രൈവറില്ലാ വണ്ടികള്‍) സ്വന്തമായി ചിപ്പുകള്‍ വികസിപ്പിക്കുമെന്ന് ഫോക്സ്വാഗണ്‍ മേധാവിയായ ഹെര്‍ബെര്‍ട്ട് ഡീസ് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ അവര്‍ക്ക് മറ്റ് വാഹന നിര്‍മാതാക്കളെ പോലെ താഴെത്തട്ടിലുള്ള ചിപ്പ് നിര്‍മാതാക്കളുമായുള്ള ബന്ധം തുടര്‍ന്നേ മതിയാകൂ. കാരണം വളരെ കുറച്ച് കമ്പനികള്‍ക്ക് മാത്രമേ നിലവില്‍ ചിപ്പുകളുടെ വികസനത്തിന് ആവശ്യമായ സന്നാഹങ്ങള്‍ ഉള്ളൂ.
വാഹന നിര്‍മ്മാതാക്കള്‍ ചിപ്പ് കമ്പനികളുമായി കൂടുതല്‍ അടുക്കുന്നത് തങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്ന് തിരിച്ചറിഞ്ഞ് വമ്പന്‍ ഇലക്ട്രോണിക്സ് കമ്പനികള്‍ സ്വന്തമായി ചിപ്പ് നിര്‍മ്മാണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. ലോകത്തിലെ ഏറ്റവും വലിയ കാര്‍ പാര്‍ട്സ് നിര്‍മാതാക്കളായ ബോഷ് 1 ബില്യണ്‍ പൗണ്ട് (1.2 ബില്യണ്‍ ഡോളര്‍) ആണ് കാറുകള്‍ക്ക് വേണ്ടിയുള്ള ആധുനിക ചിപ്പുകള്‍ നിര്‍മ്മിക്കുന്ന ഫാക്റ്ററി ആരംഭിക്കാനായി നീക്കിവെച്ചിരിക്കുന്നത്. ചിപ് ക്ഷാമമാണ് പല കാറുകളുടെയും വില വര്‍ധനവിനും കാരണമായിത്തീര്‍ന്നിരിക്കുന്നത്.
ചിപ്പുകള്‍ക്ക് ക്ഷാമമുണ്ടാകാനുള്ള കാരണം
2019ല്‍ കാര്‍ നിര്‍മ്മാതാക്കള്‍ 40 ബില്യണ്‍ ഡോളര്‍ ചിപ്പുകള്‍ക്കായി ചെലവഴിച്ചെന്നാണ് കണക്ക്. പക്ഷേ ലോകത്തിന്റെ മൊത്തത്തിലുള്ള ചിപ്പ് ആവശ്യകതയുടെ പത്തിലൊന്ന് മാത്രമാണ് അതെന്നതാണ് സത്യം. അതിനാല്‍ത്തന്നെ അവരുടെ ഓര്‍ഡറുകള്‍ക്ക് ചിപ്പ് നിര്‍മാതാക്കളില്‍ നിന്നും വേണ്ടത്ര പരിഗണനയും ലഭിക്കുന്നില്ല.
വാഹനവിപണിക്ക് ഭീമമായ നഷ്ടം വരുത്തിവെക്കുന്ന തരത്തില്‍ ലോകത്ത് സെമിക്കണ്ടക്റ്റര്‍ ചിപ്പുകള്‍ക്ക് ഇത്ര വലിയ ക്ഷാമം ഉണ്ടാകാനുള്ള കാരണമെന്താണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ലോകത്തെ മുഴുവന്‍ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ട കൊറോണവൈറസ് പകര്‍ച്ചവ്യാധി തന്നെയാണ് പ്രതിസ്ഥാനത്ത്. ഇവിടെ വാഹന നിര്‍മാതാക്കള്‍ക്കും ചെറിയൊരു തെറ്റ് പറ്റിയെന്ന് പറയാം. പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍ നിന്നും ലോകം ഇത്രവേഗം തിരിച്ചുവരവ് നടത്തുമെന്ന് അവര്‍ ഒട്ടും പ്രതീക്ഷിച്ചില്ല. 2020ല്‍ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് ലോകം ലോക്ക്ഡൗണില്‍ ആയപ്പോള്‍ മുന്‍നിര ഓട്ടോമൊബീല്‍ നിര്‍മാതാക്കളെല്ലാം വരുംവര്‍ഷം വില്‍പ്പന കുറയുമെന്ന് കണക്കുകൂട്ടി ഉല്‍പ്പാദനം വെട്ടിക്കുറച്ചു. അതിന്റെ ഭാഗമായി പുതിയ സെമിക്കണ്ടക്റ്റര്‍ ചിപ്പുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതും മാറ്റിവെച്ചു.
പക്ഷേ ഇതിനിടയില്‍ ഒരു വര്‍ഷം നീണ്ട ലോക്ക്ഡൗണ്‍ ഉപഭോക്താക്കളുടെ ഉപഭോഗ താല്‍പ്പര്യങ്ങളിലും ശീലങ്ങളിലുമുണ്ടാക്കിയ മാറ്റം അവര്‍ തിരിച്ചറിഞ്ഞില്ല. മാസങ്ങളോളം വീട്ടില്‍ കുത്തിയിരുന്ന് മടുത്ത ഉപഭോക്താക്കള്‍ മാറിയ ജീവിത സാഹചര്യത്തില്‍ പുതിയ തൊഴില്‍, വിദ്യാഭ്യാസ, വിനോദ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വന്‍ തോതില്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങി. സാധനങ്ങള്‍ക്ക് ആവശ്യകത കുതിച്ചുയര്‍ന്നതോടെ മുന്‍നിര ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാതാക്കളെല്ലാം സെമിക്കണ്ടക്റ്ററുകള്‍ക്ക് കൂടുതല്‍ ഓര്‍ഡറുകള്‍ നല്‍കിത്തുടങ്ങി. അങ്ങനെ അവയ്ക്ക് ക്ഷാമവും ആരംഭിച്ചു.
സെമികണ്ടക്റ്റര്‍ യുഗം
ചിപ്പ്, സെമിക്കണ്ടക്റ്റര്‍ എന്നീ വാക്കുകളൊന്നും നമുക്ക് അപരിചിതമല്ല. സ്‌കൂള്‍തലം മുതല്‍ നാം അവയെക്കുറിച്ച് പഠിക്കുന്നുണ്ട്. പക്ഷേ നിത്യേന ഉപയോഗിക്കുന്ന മിക്ക ഇലക്ട്രോണിക് ഉപകരണങ്ങളുടെയും അടിസ്ഥാനം ചിപ്പാണെന്ന വസ്തുത പലപ്പോഴും നാം ഓര്‍ക്കാറില്ല. അല്ലെങ്കില്‍ അതെക്കുറിച്ച് നാം ബോധവാന്മാരല്ല. ടെക്നോളജി ലോകം ഭരിക്കുന്ന ഇക്കാലത്ത് ചിപ്പിന്റെ പ്രസക്തി നാം തിരിച്ചറിയാതെ പോയെന്നത് എന്തിനും ഏതിനും ടെക്നോളജിയെ ആശ്രയിക്കുന്നവരെന്ന നിലയില്‍ വലിയൊരു പോരായ്മ തന്നെയാണ്. പക്ഷേ ചിപ്പ് ക്ഷാമത്തിലൂടെ സെമിക്കണ്ടക്റ്ററുകള്‍ക്ക് നമ്മുടെ ജീവിതത്തിലുള്ള പ്രസക്തി തിരിച്ചറിയാനുള്ള അവസരമാണ് കൊറോണക്കാലം നല്‍കിയിരിക്കുന്നത്.
ആധുനിക കണക്കുകൂട്ടലിന്റെ അടിസ്ഥാനഘടകം സെമിക്കണ്ടക്റ്ററുകളാണ്. കംപ്യൂട്ടറുകള്‍ക്കുള്ളിലെ സ്വിച്ച് പോലെ വര്‍ത്തിക്കുന്ന ട്രാന്‍സിസ്റ്റര്‍ എന്ന സെമിക്കണ്ടക്റ്റര്‍ ഉപകരണമാണ് കണക്കുകൂട്ടലുകള്‍ നടത്തുന്നത്
ലോകത്തെ ബന്ധിപ്പിക്കുന്നതില്‍ മറ്റേത് സാങ്കേതികവിദ്യയെക്കാളും മുന്നിട്ട് നില്‍ക്കുന്നത് ചിപ്പുകളാണ്. ജീവിതത്തിന്റെ മുക്കിലൂം മൂലയിലും വരെ അവയെത്തുന്നുണ്ട്, ഉറക്കമില്ലാത്ത നഗരങ്ങള്‍ മുതല്‍ കുഗ്രാമങ്ങള്‍ വരെ. നമ്മുടെ ജീവിതത്തെയും തൊഴിലിനെയും മാറ്റിമറിച്ച സാങ്കേതികവിദ്യയാണത്. കീശക്കുള്ളിലെ സ്മാര്‍ട്ട്ഫോണ്‍ മുതല്‍ ഇന്റെര്‍നെറ്റിന്റെ ആണിക്കല്ലായ ഭീമന്‍ ഡാറ്റാസെന്ററുകള്‍ വരെ, ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മുതല്‍ ഹൈപ്പര്‍സോണിക് വിമാനം വരെ, പേസ്മേക്കര്‍ മുതല്‍ കാലാവസ്ഥ പ്രവചന സൂപ്പര്‍ കംപ്യൂട്ടര്‍ വരെ...സെമിക്കണ്ടക്റ്ററെന്ന സൂക്ഷമപദാര്‍ത്ഥമാണ് ആധുനിക ലോകത്തെ ഈ നിലയിലേക്ക് എത്തിച്ചത്.
ആധുനിക കണക്കുകൂട്ടലിന്റെ അടിസ്ഥാനഘടകം സെമിക്കണ്ടക്റ്ററുകളാണ്. കംപ്യൂട്ടറുകള്‍ക്കുള്ളിലെ സ്വിച്ച് പോലെ വര്‍ത്തിക്കുന്ന ട്രാന്‍സിസ്റ്റര്‍ എന്ന സെമിക്കണ്ടക്റ്റര്‍ ഉപകരണമാണ് കണക്കുകൂട്ടലുകള്‍ നടത്തുന്നത്. സിലിക്കണില്‍ നിന്നും ട്രാന്‍സിസ്റ്റര്‍ നിര്‍മിക്കാനായതോടെ ഒരു മൈക്രോചിപ്പിനുള്ളില്‍ ഘടിപ്പിക്കാന്‍ പറ്റുന്ന വലുപ്പത്തില്‍ അവയെത്തി. അതോടെ ഭാരവും വലുപ്പവും കുറഞ്ഞ, കാര്യശേഷി കൂടിയ ഉപകരണങ്ങള്‍ വിപണിയിലെത്തിത്തുടങ്ങി. സെമിക്കണ്ടക്റ്റര്‍ സാങ്കേതികവിദ്യയുടെ ചിറകിലേറി പിന്നീട് ലോകം പറന്നത് അതിവേഗത്തിലാണ്. നേരത്തെയൊക്കെ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുന്ന ട്രാന്‍സിസ്റ്ററുകള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഒരു ചെറിയ ചിപ്പിനുള്ളില്‍ ബില്യണ്‍ കണക്കിന് ട്രാന്‍സിസ്റ്ററുകളാണ് ഉള്ളത്. സെമിക്കണ്ടക്റ്റര്‍ ചിപ്പുകളുടെ ഈ അസാധാരണ വളര്‍ച്ചയാണ് ഡിജിറ്റല്‍ വിപ്ലവത്തിന്റെ തേരാളി.
വിവിധ മേഖലകളില്‍ സെമിക്കണ്ടക്റ്ററിന്റെ ഉപയോഗങ്ങള്‍
കംപ്യൂട്ടര്‍: ഒരു പ്രോഗ്രാം തുറക്കാനാണെങ്കിലും ഫയല്‍ സേവ് ചെയ്യാനാണെങ്കിലും ബൈനറി കോഡ് ഉപയോഗിച്ച് കംപ്യൂട്ടറിന് നമ്മള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത് സെമിക്കണ്ടക്റ്ററുകളാണ്. മൈക്രോപ്രൊസസറുകള്‍, മെമ്മറി, ജിപിയു എന്നിവയെല്ലാം പൊതുവായി കംപ്യൂട്ടറുകളില്‍ ഉള്ള സെമിക്കണ്ടക്റ്ററുകളാണ്. കംപ്യൂട്ടറിനെ സുഗമമായി പ്രവര്‍ത്തിപ്പിക്കുകയാണ് ഇവയുടെ ജോലി.
ടെലികമ്മ്യൂണിക്കേഷന്‍: കംപ്യൂട്ടറുകളിലെ പോലെ യന്ത്രങ്ങങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുക എന്നതാണ് ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലും സെമിക്കണ്ടക്റ്ററുകള്‍ ചെയ്യുന്നത്. ഉപയോഗിക്കുന്ന ചിപ്പുകളില്‍ മാത്രമേ ഇവിടെ വ്യത്യാസമുണ്ടാകൂ. ഡിസ്പ്ലേ, നാവിഗേഷന്‍, ബാറ്ററി ഉപയോഗം, 4ജി തുടങ്ങിയ പലവിധ കാര്യങ്ങള്‍ക്കായി സ്മാര്‍ട്ട്ഫോണില്‍ സെമിക്കണ്ടക്റ്റര്‍ ചിപ്പുകള്‍ ഉപയോഗിക്കുന്നു. ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് സെമിക്കണ്ടക്റ്ററുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
വീടുകളില്‍: ഫ്രിഡ്ജ്, മെക്രോവേവ് അവന്‍, വാഷിംഗ് മെഷീന്‍, എയര്‍ കണ്ടീഷണറുകള്‍ തുടങ്ങി വീട്ടിലെയും ഓഫീസുകളിലെയും ഒട്ടുമിക്ക ഉപകരണങ്ങളിലും സെമിക്കണ്ടക്റ്ററുകള്‍ ഉണ്ട്. താപനില, സമയം, മറ്റ് ഓട്ടോമാറ്റിക് ഫീച്ചറുകള്‍ എന്നിവ നിയന്ത്രിക്കുകയൊക്കെയാണ് ഇവയുടെ ജോലി. ഇന്റെര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) പോലുള്ള സാങ്കേതികവിദ്യകള്‍ വ്യാപകമാകവേ നമ്മുടെ ചുറ്റുപാടില്‍ സെമിക്കണ്ടക്റ്ററുകളുടെ സ്വാധീനം കൂടിവരികയേ ഉള്ളൂ.
ബാങ്കിംഗ്: സെമിക്കണ്ടക്റ്ററുകളുടെ പ്രധാന ഗുണഭോക്താക്കളില്‍ ഒന്നാണ് ബാങ്കിംഗ് മേഖല. ഓണ്‍ലൈന്‍ ആശയവിനിമയത്തിനായുള്ള ബാങ്കിംഗ് സംവിധാനങ്ങളും കംപ്യൂട്ടറുകളും ഡിജിറ്റല്‍ എക്കൗണ്ടിംഗ്, എടിഎം പ്രവര്‍ത്തനം, സെക്യൂരിറ്റി ക്യാമറകള്‍ തുടങ്ങി ബാങ്കിംഗ് മേഖലയില്‍ സെമിക്കണ്ടക്റ്റര്‍ ഉപയോഗം അനവധിയാണ്.
സുരക്ഷ: സുരക്ഷയുടെ കാര്യത്തിലും പകരം വെക്കാനില്ലാത്ത സാങ്കേതികവിദ്യയാണ് സെമിക്കണ്ടക്റ്റര്‍ ചിപ്പുകള്‍. സാങ്കേതികവിദ്യയുടെ വളര്‍ച്ച നേട്ടങ്ങള്‍ക്കൊപ്പം പലവിധ സുരക്ഷാ വെല്ലുവിളികള്‍ക്കും വഴിയൊരുക്കി. ഇതിനെ നേരിടാനും സാങ്കേതികവിദ്യ തന്നെയാണ് നമുക്ക് ആശ്രയം. സൈബര്‍ സെക്യൂരിറ്റി രംഗത്തും സെമിക്കണ്ടക്റ്ററുകളാണ് ഹീറോ.
ആരോഗ്യം: വൈദ്യശാസ്ത്ര മേഖലയും ഇന്ന് അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്നു. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകളില്‍ ഡോക്റ്റര്‍മാര്‍ക്കൊപ്പം യന്ത്രങ്ങളും ഭാഗമാകുന്നുണ്ട്. ശരീരത്തിന്റെ ആന്തരിക അവസ്ഥ മനസിലാക്കുന്നതിനുള്ള മോണിറ്ററുകളും പേസ്മേക്കറുകളും വൈദ്യശാസ്ത്രമേഖലയിലെ സെമിക്കണ്ടക്റ്ററുകള്‍ക്ക് ഉദാഹരണങ്ങളാണ്.
ഗതാഗതം: കാറുകള്‍, ബസുകള്‍, ട്രെയിനുകള്‍, വിമാനങ്ങള്‍ എന്നിവയെല്ലാം സെമിക്കണ്ടക്റ്റര്‍ ചിപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്. ജിപിഎസ്, വൈഫൈ തുടങ്ങി വാഹനങ്ങളിലെ ആധുനിക ഡിജിറ്റല്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും ഇവയുടെ സഹായത്തോടെയാണ്.
ചിപ്പ് ക്ഷാമം എപ്പോള്‍ അവസാനിക്കും
നിലവില്‍ ലോകത്തുള്ള എല്ലാ സെമിക്കണ്ടക്റ്റര്‍ ഫാക്റ്ററികളും അവരുടെ ഉല്‍പ്പാദനശേഷി പരാമവധി ഉപയോഗപ്പെടുത്തുന്നുണ്ട്. പക്ഷേ ചിപ്പുകളുടെ ഡിമാന്‍ഡിലുള്ള അസാധാരണ വളര്‍ച്ച കാരണം ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. എന്താണ് ഇതിന് പരിഹാരം. കൂടുതല്‍ ഫാക്റ്ററികള്‍ നിര്‍മ്മിക്കുക അല്ലേ. എന്നാല്‍ അത് പ്രായോഗികമല്ല. ഒരു ചിപ്പ് നിര്‍മ്മാണ ഫാക്റ്ററി ആരംഭിക്കാന്‍ ബില്യണ്‍ കണക്കിന് ഡോളറുകള്‍ ചെലവ് വരും. പക്ഷേ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കുള്ള ആവശ്യകത ഒരിക്കലും ഇടിയില്ലെന്നും അനുദിനം വര്‍ധിക്കുമെന്നുമുള്ള വസ്തുത കണക്കിലെടുക്കുമ്പോള്‍ കൂടുതല്‍ ഫാക്റ്ററികള്‍ ആരംഭിക്കുക തന്നെയാണ് ഭാവിയില്‍ ഇത്തരമൊരു പ്രതിസന്ധി ഒഴിവാക്കാനുള്ള മികച്ച മാര്‍ഗ്ഗം.
സ്മാര്‍ട്ട് വാച്ചിലെയും ഫോണിലേയും അലാം ഒരുമിച്ച് വിളിച്ചുണര്‍ത്തിയപ്പോള്‍ ടെക്കിമോന്‍ കണ്ണുതുറന്നു. അവന്‍ ചുറ്റുമൊന്ന് കണ്ണോടിച്ചു. സ്മാര്‍ട്ട്ഗ്ലാസ് വെക്കാതെ തന്നെ അവന് ചില പുതിയ കാര്യങ്ങള്‍ അവിടെ കാണാനായി. അവനൊരു മൂളിപ്പാട്ട് പാടി.. 'എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം സെമിക്കണ്ടക്റ്ററുകള്‍ മാത്രം...'
Really wondering how we can live without semiconductors now!!
It is really amazing to know this much about semi conductors.