Nov 30, 2021 • 9M

പ്രേതം സത്യമോ മിഥ്യയോ? ഇതാണ്‌ യാഥാര്‍ഥ്യം

നമ്മള്‍ സിനിമകളിലും കഥകളിലും കണ്ടും കേട്ടും ശീലിച്ച പ്രേതങ്ങളും ആത്മാക്കളും യഥാര്‍ഥത്തില്‍ ഉണ്ടോ? ഇവ കണ്ടെന്നു പറയുന്നവര്‍ക്ക്‌ അതെങ്ങനെയാണ്‌ തോന്നിയത്‌? ആത്മാക്കളെക്കുറിച്ച്‌ ശാസ്‌ത്രം പറയുന്നതെന്ത്?

7
 
1.0×
0:00
-8:30
Open in playerListen on);
Episode details
Comments

വെളള സാരിയുമുടുത്ത്‌ കൂര്‍ത്ത നഖങ്ങളും നീണ്ട പല്ലുകളുമായി മുടി അഴിച്ചിട്ട്‌ നിലത്ത്‌ പാദം തൊടാതെ പുകമഞ്ഞില്‍ പാട്ടും പാടി വരുന്ന പ്രേതത്തെ സിനിമയില്‍ കണ്ട്‌ പേടിച്ചിരുന്നവരായിരുന്നു പണ്ട്‌ മിക്കവരും. എന്നാല്‍ സിനിമയിലെ ഈ പ്രേതങ്ങള്‍ വരെ ഹൈടെക്ക്‌ ആയി ഇന്ന്‌ . ജീന്‍സും ടോപ്പുമിട്ട്‌ വരുന്ന പ്രേതങ്ങള്‍ മുതല്‍ ഫോണിലും കമ്പ്യൂട്ടറിലും വരെ കുടിയിരിക്കുന്ന പ്രേതങ്ങളാണ്‌ ഇപ്പോള്‍ ട്രെന്‍ഡ്‌. എന്നാല്‍ ഇവരൊന്നും ഇപ്പോള്‍ 'പുതുമഴയായ്‌ വന്നു' എന്നു തുടങ്ങുന്ന പാട്ടും പാടിയല്ല വരുന്നത്‌. കാലം മാറുന്നതിനനുസരിച്ച്‌ നമ്മുടെ സ്‌ക്രീനിലെ പ്രേതങ്ങളുടെ ഗെറ്റപ്പും മാറി, സ്റ്റൈലും മാറി. എങ്കിലും ഇരുട്ടും കാറ്റുമെല്ലാം ഇപ്പോഴും ലിസ്‌റ്റിലുണ്ട്‌.

ഇതെല്ലാം പ്രേക്ഷകരെ പേടിപ്പിക്കാനുള്ള മലയാള സിനിമയിലെ ചില പ്രേത ടിപ്‌സാണെങ്കില്‍ ഇംഗ്ലീഷ്‌ സിനിമകളിലെ ഹൊറര്‍ ചിത്രങ്ങളുടെ രീതി വ്യത്യസ്‌തമാണ്‌. അവിടുത്തെ സെറ്റിങ്‌ കൂടാതെ എഡിറ്റിങ്ങും സൗണ്ട്‌ മിക്‌സിങ്ങും ഒക്കെകൂടെയായാല്‍ കാണുന്നവന്‍ ഒന്നു ഞെട്ടാതെയിരിക്കില്ല. ഇത്രയും പറഞ്ഞു വന്നത്‌ നമ്മള്‍ കണ്ടു ശീലിച്ച, അല്ലെങ്കില്‍ നമുക്ക്‌ പരിചയമുള്ള പ്രേതങ്ങള്‍ മഴുവനും സിനിമയിലായതുകൊണ്ടാണ്‌. ബാക്കി കള്ളിയങ്കാട്ട്‌ നീലി പോലുള്ള സീരിയലുകളിലും കഥകളിലുമാണല്ലോ. അല്ലാതെ ഈ പറയുന്ന പ്രേതത്തെ നേരിട്ട്‌ കണ്ട പരിചയമൊന്നും നമുക്കെല്ലാവര്‍ക്കും ഇല്ലല്ലോ.

പക്ഷേ നേരിട്ട്‌ കണ്ടില്ലെങ്കിലെന്താ പ്രേതമെന്നു കേട്ടാലേ ഒന്നു വിറയ്‌ക്കാത്തവര്‍ ഇപ്പോഴും ചുരുക്കമല്ല. അതും വെള്ളിയാഴ്‌ചയും രാത്രിയുമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. എന്നാല്‍ ഈ പറയുന്ന പോലെ ശരിക്കും പ്രേതമുണ്ടോ? അതോ ഇതെല്ലാം വെറുതേ മനുഷ്യരെ പേടിപ്പിച്ച്‌ കാശുണ്ടാക്കാന്‍ വേണ്ടി സിനിമക്കാര്‍ പറഞ്ഞുണ്ടാക്കുന്നതാണോ? ഈ വെള്ളിയാഴ്‌ചയും രാത്രി സമയത്തും ഇറങ്ങുന്ന പ്രേതങ്ങള്‍ ബാക്കി സമയത്തെല്ലാം എവിടെയായിരിക്കും? പാലമരത്തിലും ആളില്ലാത്ത കെട്ടിടങ്ങളിലും മാത്രം കുടിയിരിക്കുന്ന ഇവര്‍ക്ക്‌ പകല്‍ ഇറങ്ങിയാല്‍ ആളുകളെ പേടിപ്പിക്കാന്‍ കഴിയാത്തതു കൊണ്ടായിരിക്കുമോ?


അമേരിക്കയില്‍ നടത്തിയ ഒരു സര്‍വേയില്‍ 46% അമേരിക്കക്കാരും ആത്മാക്കള്‍ ഉണ്ടെന്നു വിശ്വസിക്കുന്നവരാണ്‌ എന്ന്‌ കണ്ടെത്തിയിരുന്നു


പലരും ഇത്തരം ചോദ്യങ്ങള്‍ സ്വയം ചോദിച്ചിട്ടുണ്ടാകും. എന്നാല്‍ ഇതിനെല്ലാം ഒരു ഉത്തരം വേണ്ടേ? അപ്പോള്‍ അതാണ്‌ ചോദ്യം. ശരിക്കും പ്രേതമുണ്ടോ? എന്തുകൊണ്ടാണ്‌ ചിലര്‍ക്ക്‌ അത്തരം അനുഭവങ്ങള്‍ ഉണ്ടെന്നു പറയുന്നത്‌? ഈ പറയുന്ന പ്രേത കഥകള്‍ക്ക്‌ പിന്നിലെ ശാസ്‌ത്രം എന്തെന്ന്‌ നോക്കാം.

ആരാണ്‌ പ്രേതം

ഇപ്പോള്‍ ഭൂമിയില്‍ ഇല്ലാത്ത, മരിച്ചു പോയ വ്യക്തികളോ മൃഗങ്ങളോ ഉള്ളതായി അനുഭവപ്പെടുന്നതിനെയാണ്‌ പ്രേതം അഥവാ ആത്മാവ്‌ എന്നെല്ലാം പലരും വിശേഷിപ്പിക്കുന്നത്. മരിച്ചുപോയ ആളുകളുടെ ആത്മാക്കള്‍ ഭൂമിയില്‍ ചുറ്റിക്കറങ്ങുന്നതാണ്‌ പ്രേതാത്മാക്കളായി മാറുന്നതെന്നാണ്‌ നമ്മുടെ നാട്ടില്‍ പൊതുവേ ഉള്ള വിശ്വാസവും. ഇങ്ങനെ അലയാതെ ആത്മാക്കളുടെ ശാന്തിയ്‌ക്കായി പല തരത്തിലുള്ള ആചാര അനുഷ്‌ഠാനങ്ങളും പലരും നടത്താറുമുണ്ട്‌. ദുര്‍മരണം നടന്ന ആളുകളുടെ ആത്മാക്കള്‍ പ്രതികാരത്തിനായി അലയുമെന്നെല്ലാമാണ്‌ പലരുടേയും വിശ്വാസം.

അമേരിക്കയില്‍ നടത്തിയ ഒരു സര്‍വേയില്‍ 46% അമേരിക്കക്കാരും ആത്മാക്കള്‍ ഉണ്ടെന്നു വിശ്വസിക്കുന്നവരാണ്‌ എന്ന്‌ കണ്ടെത്തിയിരുന്നു. എന്നാല്‍ രക്തരക്ഷസുകള്‍ പോലെ മനുഷ്യന്റെ ചോര കുടിക്കും എന്നെല്ലാം പറയപ്പെടുന്നവയില്‍ വിശ്വസിക്കുന്നത്‌ 7 ശതമാനവും. ഇവരില്‍ വളരെ ചുരുക്കം പേര്‍ക്കാണ്‌ ആത്മാക്കള്‍ ഉള്ളതായി അനുഭവപ്പെട്ടു എന്നു പറയന്നത്‌. എന്നാല്‍ സത്യത്തില്‍ കണ്ടു എന്നു പറയുന്ന പലരുടേയും മിഥ്യാധാരണയാണ്‌ ഈ ആത്മാക്കള്‍ അഥവാ പ്രേതം. ഹാലൂസിനേഷന്‍ അഥവാ ഇല്ലാത്ത ദൃശ്യം കാണുന്ന പോലെയുള്ള തോന്നലുകളാണ്‌ പലതും എന്ന്‌ വിദഗ്‌ദര്‍ പറയുന്നു.

മനസ്സിന്റെ വികൃതികള്‍

ആത്മാക്കളെക്കുറിച്ചുള്ള ചിന്തകള്‍ മനുഷ്യന്റെ മനസ്സിന്റെ അടിത്തട്ടില്‍ ഉണ്ടാകും. സാഹചര്യങ്ങള്‍ മൂലം ഇവ നമ്മുടെ ഉള്ളില്‍ പേടി സൃഷ്ടിക്കുന്നവയുമാണ്‌. നിഴലായും ശബ്ദമായും മിന്നായം പോലെയും കാറ്റായും നെഗറ്റീവ്‌ എനര്‍ജിയായെല്ലാം അത്‌ നമുക്ക്‌ അനുഭവപ്പെട്ടേക്കാം. എന്നാല്‍ ഇവയെല്ലാം യഥാര്‍ഥത്തില്‍ നടക്കുന്നതല്ല എന്നാണ്‌ ശാസ്‌ത്രം പറയുന്നത്‌. മരിച്ചുപോയ ഒരു വ്യക്തിയെയോ അയാളുടെ ശബ്ദത്തെയോ മരണത്തിനു ശേഷം വീണ്ടും കാണുകയോ കേള്‍ക്കുകയോ ചെയ്‌തു എന്നു പറയുന്നവരുണ്ട്‌. ഇത്‌ ഒന്നുകില്‍ അയാളെക്കുറിച്ചുള്ള ചിന്ത അബോധ മനസ്സില്‍ കിടക്കുന്നതുമൂലം പ്രിയപ്പെട്ടവര്‍ക്കോ അയാളോട്‌ എന്തെങ്കിലും വലിയ തെറ്റ്‌ ചെയ്‌തവര്‍ക്കോ ചിലപ്പോള്‍ തോന്നാം. ഇത്‌ ഒരു മായക്കാഴ്‌ച പോലെ കണ്‍മുന്നില്‍ തെളിയുന്നതാണെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌.

മരിച്ച ഒരു വ്യക്തിയുടെ ശരീരത്തില്‍ നിന്നും ആത്മാവ്‌ പുറത്തുവന്ന്‌ മറ്റൊരു വ്യക്തിയുടെ ശരീരം തേടി നടക്കുമെന്ന്‌ പറയുന്നതില്‍ ഒരു കഥയുമില്ലെന്നതാണ്‌ വാസ്‌തവം. അതായത്‌, മനുഷ്യ മനസ്സിന്റെ ചില വികൃതികള്‍ മാത്രമാണ്‌ ഇതെന്നാണ്‌ ശാസ്‌ത്രം നല്‍കുന്ന വിശദീകരണം. ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റൈന്റെ സിദ്ധാന്തം ഇക്കാര്യത്തില്‍ ഏറെ തര്‍ക്കങ്ങള്‍ക്ക്‌ വിധേയമായിരുന്നു. ഊര്‍ജം ഒരിക്കലും നിര്‍മിക്കാനോ നശിപ്പിക്കാനോ കഴിയില്ല. അതിനെ ഒന്നില്‍ നിന്ന്‌ മറ്റൊന്നായി മാറ്റാനേ കഴിയുകയുള്ളൂ എന്നാണ്‌ ഐന്‍സ്‌റ്റൈന്‍ പറഞ്ഞത്‌.

അതായത്‌, ജീവനുള്ള ഏതൊരു വസ്‌തുവിനും മനുഷ്യനും മൃഗങ്ങള്‍ക്കുമെല്ലാം ഒരു ഊര്‍ജം സ്വാഭാവികമായും ഉണ്ട്‌. ഈ ഊര്‍ജം ഒരാളുടെ മരണശേഷം പ്രകൃതിയിലേക്ക്‌ താപോര്‍ജമായി മാറും. പക്ഷേ അത്‌ ഈ പറയുന്നതുപോലെ ഇറങ്ങി നടക്കുകയല്ല ചെയ്യുന്നത്‌. നമ്മുടെ ശരീര അവശിഷ്ടങ്ങള്‍ ഭക്ഷിക്കുന്ന പുഴുവായും ബാക്ടീരിയയായും മണ്ണിന്‌ വളമായും മാറുകയാണ്‌. ദഹിപ്പിക്കുന്നവരില്‍ താപോര്‍ജമായും പ്രകാശമായും മാറുന്നു. മരിച്ച ശരീരത്തിലെ ഊര്‍ജം അങ്ങനെ പ്രകൃതിയിലെ മറ്റ്‌ ജീവാണുക്കളില്‍ എത്തുകയാണ്‌ ചെയ്യുന്നത്‌.

പല തരം

പ്രേതം അല്ലെങ്കില്‍ ആത്മാവ്‌ എന്നെല്ലാം വിളിക്കുന്നെങ്കിലും യഥാര്‍ഥത്തില്‍ ഇത്‌ എന്താണെന്ന്‌ വ്യക്തമായി പറയാന്‍ ഒരു വ്യാഖ്യാനമില്ല. കാരണം, പലര്‍ക്കും ഇത്‌ പലതായും പല രൂപത്തിലുമാണ്‌ കാണപ്പെട്ടിട്ടുള്ളത്‌ എന്നതു തന്നെ. കണ്ടെന്നു പറയുന്ന പലര്‍ക്കും വിവിധ തരത്തിലുള്ള അനുഭവങ്ങളാണ്‌ ആത്മാക്കളുമായി ബന്ധപ്പെട്ടുള്ളത്‌. എന്നാല്‍ നമുക്ക്‌ സാധാരണ കേള്‍ക്കുന്നതില്‍ നിന്നും വ്യത്യസ്‌തമായി വളരെ നേരിയ തോതിലുള്ള ഇന്‍ഫ്രാസൗണ്ട്‌ മൃഗങ്ങള്‍ക്കും മറ്റും കേള്‍ക്കാനാകും. ഭൂമികുലുക്കം പോലുള്ള ചില കാലാവസ്ഥാ വ്യതിയാനങ്ങളുടെ സമയത്ത്‌ മൃഗങ്ങള്‍ക്ക്‌ ചില ശബ്ദങ്ങളിലൂടെയും മറ്റും ഇത്‌ നേരത്തെ തിരിച്ചറിയാനാകും എന്ന്‌ പറയുന്നത്‌ ഇതുകൊണ്ടാണ്‌. ഇത്തരത്തില്‍ ചില ജിയോമാഗ്നറ്റിക്‌ തരംഗങ്ങള്‍ ഭൂമിയിലുണ്ടാകും. ഇവ നമ്മുടെ തലച്ചോറിലും ചില മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌.

ഇങ്ങനെ ചെറിയ ശബ്ദതരംഗങ്ങള്‍ നമ്മുടെ ഉള്ളില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങളാണ്‌ ശബ്ദ പ്രേതങ്ങളായി നമുക്ക്‌ തോന്നാനുള്ള കാരണം. ഇനി ഇരുട്ടു മുറിയിലോ ആളൊഴിഞ്ഞ കെട്ടിടത്തിലോ ഇത്തരം സാന്നിധ്യം അനുഭവപ്പെടാന്‍ കാരണമായി പറയുന്നത്‌ കാര്‍ബണ്‍ മോണോക്‌സൈഡ്‌ ആണ്‌. അതായത്‌, അടഞ്ഞ ഇടങ്ങളില്‍ ഈ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിധ്യം കൂടുതലായുണ്ടാകും.

ഇവ മനുഷ്യന്റെ തലച്ചോറില്‍ ഒരു വിഷവാതകം പോലെ പ്രവര്‍ത്തിച്ച്‌ ഹാലൂസിനേഷന്‍ പോലുള്ള അവസ്ഥകളുണ്ടാക്കും. ഇല്ലാത്തത്‌ ഉള്ളതായി തോന്നാം. ഇതാണ്‌ ഇരുട്ടില്‍ മറഞ്ഞു വന്ന്‌ പേടിപ്പിക്കുന്ന ആ ആത്മാവിന്റെ പിന്നില്‍. പിന്നെ അടുത്തതായി ശാസ്‌ത്രം പറയുന്നത്‌ മനുഷ്യന്റെ ഉള്ളില്‍ സ്വാഭാവികമായി കിടക്കുന്ന പേടി മൂലം ചെറിയൊരു അനക്കത്തിനു പോലും വെറുതേ പേടിക്കാന്‍ നില്‍ക്കുന്നതുകൊണ്ട്‌ കാണുന്ന മായക്കാഴ്‌ചകള്‍ ആണെന്നാണ്‌.

തെളിവില്ല

യഥാര്‍ഥത്തില്‍ ഇതുവരെ ആത്മാക്കളുടെ സാന്നിധ്യമുണ്ടെന്ന്‌ ഉറപ്പിച്ച്‌ പറയാവുന്ന ശക്തമായ തെളിവുകളൊന്നും ശാസ്‌ത്രത്തിന്‌ ലഭിച്ചിട്ടില്ല. അത്‌ ആത്മാക്കളുടെ സാന്നിധ്യം ഇല്ലാത്തതുകൊണ്ടാണോ അതോ ഇനി അവരെ കണ്ടെത്താന്‍ കഴിയുന്ന തരത്തില്‍ നമ്മുടെ ശാസ്‌ത്രവും ടെക്‌നോളജിയും വളരാത്തതാണോ എന്നും ഉറപ്പിച്ച്‌ പറയാനാകില്ല. ആത്മാക്കള്‍ ഉണ്ട്‌ എന്ന്‌ ഉറപ്പിക്കാന്‍ കഴിയുന്ന തെളിവുകള്‍ ഇല്ലാത്തതുകൊണ്ട്‌ ശാസ്‌ത്രം ഇത്‌ അംഗീകരിക്കുന്നുമില്ല. പക്ഷേ അതേസമയം, എക്‌സ്‌ട്രാ സെന്‍സറി പെര്‍സപ്‌ഷന്‍ അഥവാ ആറാം ഇന്ദ്രിയം പോലുള്ള പാരാനോര്‍മല്‍ സംഭവവികാസങ്ങളെ പൂര്‍ണമായി തള്ളിക്കളയാനും ശാസ്‌ത്രം തയ്യാറല്ല.

മണിച്ചിത്രത്താഴ്‌ സിനിമയില്‍ നൃത്തം പഠിച്ചിട്ടില്ലാത്ത ശോഭനയുടെ കഥാപാത്രം നാഗവല്ലിയായി മാറി അസാധ്യമായി നൃത്തമാടുന്നത്‌ കണ്ടിട്ടില്ലേ. ഇതെല്ലാം ഒരു തരം ടെലിപ്പതി അല്ലെങ്കില്‍ ഒരു നമുക്ക്‌ ദൃശ്യമല്ലാത്ത ആറാം ഇന്ദ്രിയം കൊണ്ട്‌ മനസ്സിലേക്ക്‌ എത്തുന്നവയാണ്‌. ചിലര്‍ക്ക്‌ ഭാവിയെല്ലാം പ്രവചിക്കാന്‍ സാധിക്കുന്നതും ഇതുമൂലമാണ്‌. എന്നാല്‍ ഇതെങ്ങനെ സാധിക്കുന്നു അല്ലെങ്കില്‍ ഇതിന്റെ പിന്നിലെ രഹസ്യം ഇപ്പോഴും പൂര്‍ണമായി ശാസ്‌ത്രത്തിനും വെളിവായിട്ടില്ല.