Mar 7 • 13M

ഇനി ധൈര്യമായി ഡയറ്റ് ചെയ്യാം; രോഗങ്ങള്‍ മാത്രമല്ല, രോഗാണുക്കളും കുറയും

ചില രോഗാണുക്കളില്‍ നിന്ന് നമ്മെ രക്ഷിക്കാനും ഇത്തരം 'നിരാഹാരങ്ങള്‍ക്ക്' കഴിയുമെന്ന് തെളിഞ്ഞിരിക്കുന്നു

3
1
 
1.0×
0:00
-12:49
Open in playerListen on);
Episode details
1 comment

ഡയറ്റിങ്ങും ഉപവാസവുമൊക്കെ പലരും പരീക്ഷിക്കാറുണ്ട്. ശരീരഭാരം കുറയാനും ആചാരങ്ങളുടെ ഭാഗമാകുന്നതിനുമെല്ലാം ഇത് ചെയ്യാറുണ്ട്. എങ്കിലിതാ ചില രോഗാണുക്കളില്‍ നിന്ന് നമ്മെ രക്ഷിക്കാനും ഇത്തരം 'നിരാഹാരങ്ങള്‍ക്ക്' കഴിയുമെന്ന് തെളിഞ്ഞിരിക്കുന്നു


പയ്യെ തിന്നാല്‍ പനയും തിന്നാം എന്നൊരു പഴമൊഴിയുണ്ട്. പതുക്കെ കഴിച്ചാല്‍ കൂടുതല്‍ കഴിക്കാം എന്നല്ല അതുകൊണ്ട് ഉദ്ദേശിക്കുന്നത്. കുറച്ച് കഴിച്ചാല്‍ കൂടുതല്‍ കാലം കഴിക്കാം എന്നാണ്. അതായത്, കൂടുതല്‍ ആരോഗ്യത്തോടെ കൂടുതല്‍ കാലം ജീവിക്കാം. ഇന്ന് 80 വയസ് കഴിഞ്ഞ നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശിമാരും ഒന്നും അമിതമായി കഴിക്കാറില്ല. അത് എത്ര ഇഷ്ടപ്പെട്ട ആഹാരമാണെങ്കില്‍ കൂടി എല്ലാത്തിനും ഒരു അളവ് വച്ച് മാത്രമേ കഴിക്കൂ. അവനവന്റെ ശരീരത്തിന് ആവശ്യമുള്ളത്ര ആഹാരം കഴിച്ച് ശരീരത്തിനും വയറിനും അധികം പണി കൊടുക്കാതിരിക്കുകയാണ് അവരെല്ലാം ചെയ്യുന്നത്. മിതമായി ആഹാരം കഴിക്കുന്നവര്‍ ഇന്ന് പുതു തലമുറയില്‍ എത്ര പേരുണ്ട് എന്ന് ആലോചിച്ചു നോക്കൂ. ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കുക എന്ന പണ്ടത്തെ സങ്കല്‍പം മാറി ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുന്ന അവസ്ഥയാണ് പലയിടത്തും!

ഇങ്ങനെ അമിത ആഹാരവും സമയം തെറ്റിയ കഴിപ്പുമെല്ലാം നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നതില്‍ സംശയമില്ല. ഇത്തരം രീതികള്‍ പലപ്പോഴും അമിതവണ്ണം, പ്രമേഹം, കൊളസ്ട്രോള്‍, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങളിലേക്കാണ് നയിക്കുന്നത്. അതിനുള്ള പരിഹാരമെന്നോണം പലരും ഇന്ന് പല രീതികളിലുള്ള ഡയറ്റ് നോക്കുന്നവരാണ്. ഇടയ്ക്കെല്ലാം ഇങ്ങനെ ഡയറ്റും ഉപവാസവും വ്രതവുമെല്ലാം എടുക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുമെന്നാണ് പഠനങ്ങളും തെളിയിക്കുന്നത്. ഒരു 10 വര്‍ഷം മുന്‍പ് വരെ നമ്മുടെ നാട്ടില്‍ ഉപവാസവും വ്രതവുമൊക്കെ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരില്‍ മാത്രം എടുത്തിരുന്നവരാണ് എങ്കില്‍ ഇന്ന് അതില്‍ കൂടുതല്‍ ഡയറ്റ് പ്ലാന്‍ നോക്കി കഴിക്കുന്നവരാണ്.

ഡയറ്റിങ്ങിന് പലതുണ്ട് ഗുണം

കഴിക്കുക, നിര്‍ത്തുക, വീണ്ടും കഴിക്കുക എന്ന തരത്തിലുള്ള ഭക്ഷണക്രമമാണ് മിക്കവരും ഇന്ന് പിന്തുടര്‍ന്ന് വരുന്നത്. ഇന്റര്‍മിറ്റന്റ് ഡയറ്റ് പോലുള്ള 8 മണിക്കൂര്‍ ആഹാരം 16 മണിക്കൂര്‍ നിരാഹാരം എന്ന രീതിയെല്ലാം പ്രചാരം നേടിയതും അതിന്റെ ഗുണഫലം കൊണ്ടുതന്നെയാണ്. “മിക്ക ഡയറ്റുകളും ശരീരഭാരം കുറയാനും പ്രമേഹം, കൊളസ്ട്രോള്‍, രക്ത സമ്മര്‍ദ്ദം തുടങ്ങിയ പ്രശ്നങ്ങളില്‍ നിന്നും ഒരു പരിധി വരെയെങ്കിലും രക്ഷനേടാനും സഹായിക്കുന്നവയാണ്. ശാരീരിക അധ്വാനം കുറയുന്ന സാഹചര്യത്തില്‍ ജീവിതരീതിയും നമ്മുടെ ആഹാരക്രമവും തമ്മില്‍ പൊരുത്തപ്പെടാതെയാകും. വ്യായാമം കൂടി ഇല്ലാതാകുമ്പോള്‍ സ്വാഭാവികമായും അത് ജീവിതത്തെ തന്നെ ബാധിക്കും. അത്തരക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഡയറ്റ് തിരഞ്ഞെടുത്ത് നടപ്പിലാക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും,” കൊച്ചിയില്‍ ബയോഡയറ്റ്സ് എന്ന സ്ഥാപനം നടത്തുന്ന ഡയറ്റീഷ്യനായ റെമി മേരി സയന്‍സ് ഇന്‍ഡിക്കയോട് പറയുന്നു.

ഇപ്പോള്‍ നടത്തിയ പുതിയ ഗവേഷണങ്ങള്‍ പ്രകാരം ഇത് മാത്രമല്ല ഡയറ്റും ഉപവാസവുമെല്ലാം എടുക്കുന്നതിന്റെ ഗുണം. നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്ന ചില അണുബാധകളെ നശിപ്പിക്കാനും പല അസുഖങ്ങളില്‍ നിന്ന് അകറ്റാനും ഇത് സഹായിക്കും. സാല്‍മൊണെല്ല എന്ന ഒരു തരം ബാക്ടീരിയയുണ്ട്. ഭക്ഷണത്തില്‍ നിന്നോ വെള്ളത്തില്‍ നിന്നോ ഉണ്ടാകുന്ന ചില പ്രശ്നങ്ങള്‍ മൂലമാണ് സാല്‍മൊണെല്ല അണുബാധയുണ്ടാകുന്നത്. ഇത്തരത്തിലുള്ള ഭക്ഷ്യവിഷബാധ ഏല്‍ക്കുന്നവര്‍ക്ക് സാല്‍മൊണെല്ല മൂലം പനി, ശര്‍ദ്ദി, വയറുവേദന, വയറിളക്കം തുടങ്ങിയ രോഗങ്ങളും ഉണ്ടാകാറുണ്ട്. പ്രതിരോധ ശേഷി കുറഞ്ഞവരെയാണ് ഇത് കൂടുതലായും ബാധിക്കുക. എന്നാല്‍ ഈ സാല്‍മൊണെല്ല പോലുള്ള അണുബാധകള്‍ തടയാന്‍ ഇടയ്ക്കെങ്കിലുമുള്ള ഡയറ്റിനും ഉപവാസത്തിനുമെല്ലാം കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത്രയും കാലം ആഹാരം ഇടയ്ക്ക് നിര്‍ത്തുന്നതോ കുറയ്ക്കുന്നതോ എല്ലാം അണുബാധ കൂട്ടുമോ അതോ നമ്മളെ സംരക്ഷിക്കുമോ എന്ന് കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു ഗവേഷകര്‍.


“മിക്ക ഡയറ്റുകളും ശരീരഭാരം കുറയാനും പ്രമേഹം, കൊളസ്ട്രോള്‍, രക്ത സമ്മര്‍ദ്ദം തുടങ്ങിയ പ്രശ്നങ്ങളില്‍ നിന്നും ഒരു പരിധി വരെയെങ്കിലും രക്ഷനേടാനും സഹായിക്കുന്നവയാണ്”

റെമി മേരി, ബയോഡയറ്റ്സ്, കൊച്ചി


എലികളിലെ പരീക്ഷണം

മനുഷ്യരില്‍ മാത്രമല്ല, മൃഗങ്ങളിലും ഇതേ രോഗാവസ്ഥകളും അണുബാധകളും ഉണ്ടാകാറുണ്ട്. അതുകൊണ്ടു തന്നെ എലികളിലാണ് പരീക്ഷണം നടത്തിയത്. കുറച്ച് എലികള്‍ക്ക് രണ്ട് ദിവസം ഭക്ഷണം നല്‍കാതെ അവയിലേക്ക് സാല്‍മൊണെല്ല ബാക്ടീരിയ (Salmonella enterica serovar Typhimurium) വായിലൂടെ നല്‍കി ശരീരത്തിലെത്തിച്ചു. മനുഷ്യരില്‍ ആമാശയത്തിലും കുടലിലുമെല്ലാം വീക്കം പോലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ബാക്ടീരിയയാണ് ഇത്. അങ്ങനെ നിരാഹാരം കിടന്ന എലികളില്‍ അണുബാധ കാര്യമായി ബാധിച്ചിട്ടില്ലെന്നും കുടലിലെ കോശങ്ങള്‍ക്കും മറ്റും കുഴപ്പം സംഭവിച്ചിട്ടില്ലെന്നും കണ്ടെത്തി. എന്നാല്‍ ഭക്ഷണം നല്‍കിയവയില്‍ നേരെ തിരിച്ചുമാണ് സംഭവിച്ചത്. എന്നിരുന്നാലും നിരാഹാരം കിടന്ന എലികള്‍ക്ക് ഞരമ്പിലൂടെ സാല്‍മൊണെല്ല കുത്തിവച്ച് ശരീരത്തിലെത്തിയപ്പോള്‍ ഈ 'നിരാഹാര പ്രതിരോധം' ഫലം ചെയ്തില്ല.

മൂന്നാം തവണ എലികളില്‍ തന്നെ നടത്തിയ മറ്റൊരു പരീക്ഷണം പക്ഷേ കുറച്ച് വ്യത്യസ്തമായിരുന്നു. സാധാരണ എലികളിലുണ്ടാകാറുള്ള മൈക്രോബയോമിന്റെ സാന്നിധ്യം ഇല്ലാത്തവയിലായിരുന്നു പരീക്ഷിച്ചത്. സൂക്ഷ്മാണു വ്യവവസ്ഥ അഥവാ മൈക്രോബയോം (microbiome) നമ്മുടെയെല്ലാം ശരീരത്തില്‍ വലിയ പങ്കു വഹിക്കുന്ന ഒന്നാണ്. ശരീരത്തിന്റെ വളര്‍ച്ചയ്ക്കും ശരിയായ പരിപാലനത്തിനുമെല്ലാം ആവശ്യമായ ചില സൂക്ഷ്മാണുക്കളാണ് ഇവ. ഈ സൂക്ഷ്മാണുക്കളിലെ ചില നല്ല ബാക്ടീരിയകളാണ് നമ്മുടെ ആഹാരം ദഹിപ്പിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങളിലുമെല്ലാം സഹായിക്കുന്നത്. മാത്രമല്ല, നമുക്ക് അസുഖം ഉണ്ടാക്കുന്ന മറ്റ് ബാക്ടീരിയകളില്‍ നിന്ന് സംരക്ഷണം തരുകയും ചെയ്യും. എന്നാല്‍ ഈ മൈക്രോബയോം ഇല്ലാതിരുന്ന എലികളിലും സാല്‍മൊണെല്ലയെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടായിരുന്നില്ല എന്നാണ് കണ്ടെത്തിയത്.

ഗട്ട് മൈക്രോബയോം (gut microbiome) എന്നൊരു സംഗതിയുണ്ട്. കുടലുകളില്‍ ബാക്ടീരിയ, ഫംഗി എന്നിങ്ങനെയുള്ള സൂക്ഷ്മാണുക്കള്‍ ചേര്‍ന്ന ഒന്നാണ് ഗട്ട് മൈക്രോബയോം. മനുഷ്യരിലും മൃഗങ്ങളിലുമെല്ലാം വന്‍കുടല്‍-ചെറുകുടല്‍ എന്നിവയില്‍ കാണപ്പെടുന്ന ഉപകാരികളായ സൂക്ഷ്മാണുക്കളാണ് ഇവ. ഇവയുടെ സാന്നിധ്യം ഇല്ലാതിരുന്നതാവാം എലികള്‍ക്ക് അസുഖം പിടിപെടാന്‍ കാരണമെന്ന നിഗമനത്തിലാണ് ഗവേഷകര്‍ എത്തിയത്. ഭക്ഷണം കുറയുമ്പോള്‍ നമ്മുടെ ശരീരത്തില്‍ ബാക്കിയുണ്ടാകുന്ന പോഷകങ്ങളാണ് മൈക്രോബയോമുകള്‍ ഉപയോഗപ്പെടുത്തുന്നത്. ഇത് ശരീരത്തില്‍ കടന്നുകൂടിയ രോഗാണുക്കള്‍ക്ക് നമ്മുടെ ശരീരത്തെ അക്രമിക്കാനുള്ള ഊര്‍ജം നല്‍കാതെ പ്രതിരോധിച്ച് നിര്‍ത്തും. ചുരുക്കിപറഞ്ഞാല്‍ നമ്മള്‍ ആഹാരം കഴിക്കാതെയിരിക്കുമ്പോള്‍ ശരീരത്തിലുള്ള ഊര്‍ജവും പോഷകങ്ങളും മൈക്രോബയോമുകള്‍ സ്വന്തമാക്കി മറ്റുള്ളവയ്ക്ക് കേറി ഇടപെടാനുള്ള അവസരം കൊടുക്കില്ല.

കാനഡയിലെ ബ്രിട്ടീഷ് കൊളംമ്പിയ സര്‍വ്വകലാശാലയാണ് ഈ പരീക്ഷണങ്ങള്‍ നടത്തിയത്. മൈക്രോബയോമുകളുടെ സംയോജനത്തിലും ചില മാറ്റങ്ങള്‍ ഇതിലൂടെ കണ്ടെത്താനായി. എന്നാലും ഏത് ബാക്ടീരിയയാണ് പ്രത്യേകിച്ച് പ്രതിരോധത്തിനായി പ്രവര്‍ത്തിക്കുന്നത് എന്ന് തിരിച്ചറിയാനായിട്ടില്ലെന്നും സര്‍വ്വകലാശാലയിലെ ഗാസ്ട്രോഎന്‍ട്രോളജി വിഭാഗത്തിലെ പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. ബ്രൂസ് വല്ലന്‍സ് പറഞ്ഞു. പക്ഷേ ആഹാരം കഴിക്കാതെയിരിക്കുമ്പോള്‍ പ്രവര്‍ത്തിക്കുന്ന ഈ മൈക്രോബയോമുകളാണ് രോഗങ്ങളില്‍ നിന്നും രോഗാണുക്കളില്‍ നിന്നും പ്രതിരോധം നല്‍കുന്നത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൈക്രോബയോമിലെ ഏത് പ്രത്യേക ബാക്ടീരിയയാണ് പ്രതിരോധ ശേഷി നല്‍കുന്നത് എന്ന് കണ്ടെത്തുകയാണ് ഗവേഷകരുടെ അടുത്ത ലക്ഷ്യം.


ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും മറ്റും ഭാഗമായി നോക്കുന്ന ഉപവാസവും വ്രതവും പോലും ശരീരത്തിന് ഇടയ്ക്ക് ഒരു വിശ്രമം നല്‍കാന്‍ നല്ലതാണ്


ഡയറ്റ് പ്ലാനുകള്‍

ഇന്ന് ചെറുപ്പക്കാരായ യുവതികളും യുവാക്കളും മുതല്‍ വിവിധ പ്രായത്തിലുള്ളവര്‍ വരെ ഡയറ്റ് നോക്കി ആഹാരം കഴിക്കുന്നത് ഒരു ശീലമാക്കിയവരാണ്. കഴിക്കുന്ന ആഹാരത്തിന്റെ കാര്‍ബോഹൈഡ്രേറ്റ് വരെ അളന്ന് തൂക്കി കഴിക്കുന്നവരുമുണ്ട്. ഇതിന്റെയെല്ലാം ലക്ഷ്യം തടി കുറയ്ക്കല്‍ മാത്രമല്ല, പലതാണ്. നല്ല ആരോഗ്യത്തോടെയും അസുഖങ്ങളില്ലാതെയും ഇരിക്കാന്‍ ചെറിയ ഡയറ്റുകള്‍ ആണെങ്കില്‍ കൂടി കഴിയും. ഇത്തരത്തില്‍ ഡയറ്റ് ക്രമീകരിക്കാന്‍ സഹായിക്കുന്ന നിരവധി ആപ്പുകളും ഓണ്‍ലൈനില്‍ ലഭ്യമാണ്. അമിത വണ്ണം അല്ലെങ്കില്‍ പോളി സിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രം (PCOS) പോലുള്ള അസുഖങ്ങള്‍ പിടിപെടുന്നവരോട് ഡോക്ടര്‍മാര്‍ വ്യായാമത്തിനൊപ്പം നിര്‍ദ്ദേശിക്കുന്ന ഒന്നാണ് ഡയറ്റ് പ്ലാന്‍. ചില രോഗങ്ങള്‍ ഭേദമാകുന്നതിന് മരുന്ന് പോലെ തന്നെ പ്രധാനമാണ് ഡയറ്റും. രാവിലെ 10 മണിക്ക് മുന്‍പ് പ്രഭാത ഭക്ഷണം, ഉച്ചയ്ക്ക് രണ്ട് മണിക്ക് മുന്‍പെങ്കിലും ഉച്ചയാഹാരം, രാത്രി 7ന് മുന്‍പ് അത്താഴം എന്നിങ്ങനെയാണ് പണ്ട് മിക്ക വീടുകളിലും ശീലിച്ചു പോന്നിരുന്നത്. എപ്പോഴും രാത്രി കിടക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും ആഹാരം കഴിക്കണം എന്ന് പഴമക്കാര്‍ പറയുന്നതും ഇതോടൊപ്പം ആലോചിക്കേണ്ടതാണ്. രാത്രി 9 മണിക്ക് ശേഷം ആഹാരം കഴിക്കുന്നത് നമ്മുടെ ദഹനപ്രക്രിയയെ തന്നെ ബാധിക്കും. പണ്ടുകാലത്തുള്ളവര്‍ക്ക് ഇന്നത്തെ പോലെ ജീവിതശൈലീ രോഗങ്ങള്‍ നന്നേ കുറവായിരുന്നുവെന്നും ഓര്‍ക്കണം.

ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും മറ്റും ഭാഗമായി നോക്കുന്ന ഉപവാസവും വ്രതവും പോലും ശരീരത്തിന് ഇടയ്ക്ക് ഒരു വിശ്രമം നല്‍കാന്‍ നല്ലതാണ്. നമ്മുടെ ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പും മറ്റും ഇല്ലാതാക്കാന്‍ പല തരത്തിലുള്ള ഉപവാസങ്ങള്‍ക്കും കഴിയും. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം എന്നിങ്ങനെ എല്ലാ മത വിഭാഗക്കാര്‍ക്കും അവരുടെ ആചാരങ്ങളുടെ ഭാഗമായി നോമ്പും വ്രതവും ഉപവാസവുമെല്ലാം ഉണ്ട്. ആചാരത്തിനു വേണ്ടി ചിലത് ഉപേക്ഷിക്കുക എന്നതിനപ്പുറം നമ്മുടെ ശരീരത്തെ ഇടയ്ക്ക് ഒന്നു ശുദ്ധീകരിക്കാനും ആമാശയത്തിന് ഇടയ്ക്കെങ്കിലും ചെറുതായൊരു വിശ്രമം നല്‍കാനും ഇത് നല്ലതാണ്. ഇടയ്ക്ക് ഒന്നു റെസ്റ്റ് എടുത്തില്ലെങ്കില്‍ നമുക്കും ജോലി ചെയ്യാന്‍ മടുപ്പും ക്ഷീണവും തോന്നാറില്ലേ. അതുപോലെതന്നെയാണ് ശരീരത്തിന്റെ കാര്യത്തിലും. ഇനി ശരീരത്തിന് ഗുണം ചെയ്യുന്ന ചില ഡയറ്റ് പ്ലാനുകള്‍ പരിചയപ്പെടാം :

ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് (Intermittent fasting): നമുക്ക് കഴിക്കാനുള്ള സമയം മിതപ്പെടുത്ത രീതിയാണ് ഇതില്‍. അതായത്, 16:8 എന്ന രീതിയില്‍ കഴിക്കുക. 16 മണിക്കൂര്‍ കഴിക്കാതെയിരിക്കുക, 8 മണിക്കൂര്‍ കഴിക്കാം. രാവിലത്തെ ആഹാരം ഒരു 10 മണിക്ക് നിങ്ങള്‍ കഴിച്ചെന്നിരിക്കട്ടെ. രാത്രി ആഹാരം വൈകിട്ട് 6 മണിക്ക് മുന്‍പ് കഴിക്കണം. എന്നുവച്ച് ഈ സമയത്തല്ലേ കഴിക്കാന്‍ പറ്റൂ എന്നാലോചിച്ച് വാരിവലിച്ചു കഴിക്കാനും പാടില്ല. ആരോഗ്യമുള്ള ആര്‍ക്കും ഇടയ്ക്ക് പരീക്ഷിക്കാവുന്നതാണിത്. കുറച്ച് നാള്‍ അടുപ്പിച്ച് ചെയ്യുന്നത് ഭാരം കുറയാനും ഉപകരിക്കും.

സസ്യാഹാരം (Plant based diets): സസ്യാഹാരം മാത്രം കഴിക്കുക, വീഗന്‍ (മൃഗങ്ങളില്‍ നിന്നുള്ള ഒരു ഉത്പന്നങ്ങളും ഉപയോഗിക്കാതെയിരിക്കുക) ആകുക എന്നിവയെല്ലാമാണ് ഈ ഡയറ്റില്‍ പെടുന്ന ചില രീതികള്‍. പക്ഷേ സസ്യാഹാരം എന്നു പറഞ്ഞാലും vegetarian വിഭാഗത്തില്‍ ചില ഇളവുകളെല്ലാം വരുത്താറുണ്ട്. പക്ഷേ മാംസവും മത്സ്യവും ഉപേക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. പച്ചക്കറികള്‍, സാലഡുകള്‍ എന്നിവ കൂടുതലായി കഴിക്കുന്ന രീതിയാണ് ഇതില്‍. വീഗന്‍ സസ്യാഹാരം എന്നതിന് ഒരു പടി കൂടെ മുന്നിലാണ്. അതായത്, പാല്‍, നെയ്യ്, തേന്‍ തുടങ്ങി മൃഗങ്ങളില്‍ നിന്നും ലഭിക്കുന്ന ഒന്നും ഉപയോഗിക്കില്ല. ഈ ഡയറ്റില്‍ പ്രത്യേക നിയമങ്ങളില്ലെങ്കിലും ഇത് യഥാര്‍ഥത്തില്‍ ജീവിതരീതി തന്നെ മാറ്റുന്ന ഡയറ്റാണെന്ന് പറയാം.

കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഡയറ്റ്- ഭാരം കുറയാന്‍ എളുപ്പത്തില്‍ സഹായിക്കുന്ന മറ്റൊരു ഡയറ്റാണ് ഇത്. കീറ്റോ ഡയറ്റ് (ketogenic - keto diet), അറ്റ്കിന്‍സ് ഡയറ്റ് (atkins diet), കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ കൊഴുപ്പ് അധികമുള്ള (LCHF diet) എന്നിവയാണ് ഇത്തരം ഡയറ്റ് പ്ലാനുകള്‍. ഇതില്‍ കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കുന്ന കീറ്റോ പോലുള്ള ഡയറ്റുകള്‍ കലോറി കുറച്ച് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ്.

പാലിയോ ഡയറ്റ് (The Paleo diet) - പുതിയ കാലത്തെ ജീവിതശൈലിയാണ് രോഗങ്ങള്‍ക്ക് കാരണം എന്ന് കരുതി പഴമക്കാര്‍ പിന്തുടര്‍ന്ന ആഹാരരീതിയെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്. പ്രൊസസ് ചെയ്ത് വരുന്ന ആഹാരങ്ങള്‍ ഉപേക്ഷിച്ച് പഴങ്ങള്‍, പച്ചക്കറികള്‍, കൊഴുപ്പ് കുറഞ്ഞ മാംസാഹാരം, നട്‌സ് തുടങ്ങിയവ ശീലിക്കാന്‍ പ്രേരിപ്പിക്കുന്നു. പഞ്ചസാരയുടെയും നെയ്യിന്റേയുമെല്ലാം അമിത ഉപയോഗവും മിതപ്പെടുത്തുന്നു ഇതില്‍.

കൊഴുപ്പ് കുറച്ചുള്ള ഡയറ്റ് (Low-fat diets) - കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും കുറച്ചുള്ള ഡയറ്റാണ് ഇതില്‍. ഇത്തരം ഡയറ്റില്‍ മാംസാഹാരം കുറയ്ക്കാനും സസ്യങ്ങള്‍ കൂടുതല്‍ ഉപയോഗിക്കാനുമാണ് നിര്‍ദേശിക്കുന്നത്.

വെയ്റ്റ് വാച്ചേര്‍സ് (WW-Weight Watchers) - പ്രത്യേകിച്ച് ഏതെങ്കിലും ആഹാരം ഉപേക്ഷിക്കാന്‍ നിര്‍ദ്ദേശിക്കാത്ത ഈ ഡയറ്റില്‍ നമുക്ക് ഓരോ ദിവസത്തേക്ക് ഓരോ പോയിന്റുകള്‍ തരും. അതിനനുസരിച്ചാണ് നമ്മുടെ ആഹാരരീതി ക്രമപ്പെടുത്തുന്നത്. അതായത്, ഓരോ ഭക്ഷണത്തിനും പാനീയത്തിനുമെല്ലാം അവയുടെ കലോറിയും കൊഴുപ്പുമെല്ലാം അനുസരിച്ച് ഒരു മൂല്യം നിശ്ചയിച്ചിട്ടുണ്ടാകും. അങ്ങനെ നമുക്ക് നിശ്ചയിച്ചിരിക്കുന്ന പോയിന്റിനെ അടിസ്ഥാനപ്പെടുത്തിയാണ് അതാത് ദിവസത്തെ ആഹാരം ക്രമപ്പെടുത്തി കഴിക്കേണ്ടത്.

ഡാഷ് ഡയറ്റ് (The Dash diet) - Dietary Approaches to Stop Hypertension എന്നാണ് ഡാഷ് ഡയറ്റിന്റെ പൂര്‍ണരൂപം. അതായത്, അമിത രക്തസമ്മര്‍ദ്ദത്തെ തടയാനും ചികിത്സിക്കാനുമായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഡയറ്റാണ് ഇത്. ധാരാളം പഴങ്ങളും പച്ചക്കറികളും, കൊഴുപ്പ് കുറഞ്ഞ മാംസവും, ധാന്യങ്ങളും ഉള്‍പ്പെടുത്താവുന്ന ഇതില്‍ ഉപ്പ്, അധിക പഞ്ചസാര, ചുവന്ന മാംസം, കൊഴുപ്പ് ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കും. നേരത്തെ പറഞ്ഞതുപോലെ ഈ ഡയറ്റ് ശരീരഭാരം നിയന്ത്രിക്കുന്നതിനല്ല മറിച്ച് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്.