Nov 3, 2021 • 17M

മൂര്‍ഖന്‍ കടിക്കുന്നതെപ്പോള്‍, അണലി മരം കയറുമോ? ഉത്ര കേസിലെ പാഠങ്ങള്‍

സയന്‍സ് അറിഞ്ഞിരിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു കേരളത്തെ പിടിച്ചുകുലുക്കിയ ഉത്ര കൊലപാതകക്കേസ്

6
2
 
1.0×
0:00
-17:29
Open in playerListen on);
Episode details
2 comments

സയന്‍സ് അറിഞ്ഞിരിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു കേരളത്തെ പിടിച്ചുകുലുക്കിയ ഉത്ര കൊലപാതകക്കേസ്. വെറ്ററിനറി ഫോറന്‍സിക് എന്ന ശാസ്ത്രശാഖയുടെ സാധ്യതകളിലേക്കും അത് വിരല്‍ചൂണ്ടി. ഈ കേസുമായി ബന്ധപ്പെട്ട ചില ശാസ്ത്രഅറിവുകള്‍ എന്തെല്ലാമെന്ന് നോക്കാം

കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട് ഫോറന്‍സിക് എന്ന വാക്ക് നാം കേട്ടിട്ടുണ്ടെങ്കിലും വെറ്ററിനറി ഫോറന്‍സിക് എന്ന ശാസ്ത്രശാഖയെ കുറിച്ച് എത്രപേര്‍ക്ക് അറിയാം. നിയമാവശ്യങ്ങള്‍ക്ക് വേണ്ടി മൃഗങ്ങളുമായി ബന്ധപ്പെട്ട അറിവുകള്‍ ഉപയോഗപ്പെടുത്തുന്ന ശാസ്ത്രശാഖയാണ് വെറ്ററിനറി ഫോറന്‍സിക്. ഉത്രയെ സ്വാഭാവികമായി പാമ്പ് കടിച്ചതല്ല, മറിച്ച് ഭര്‍ത്താവ് സൂരജ് കരുതിക്കൂട്ടി കടിപ്പിക്കുകയായിരുന്നുവെന്ന് തെളിയിക്കാന്‍ പൊലീസിനും പ്രോസിക്യൂഷനും കഴിഞ്ഞത് ഒരു സംഘം വെറ്ററിനറി ഡോക്ടര്‍മാരുടെയും സര്‍ജന്‍മാരുടെയും നിര്‍ണായക ഇടപെടലുകള്‍ കൊണ്ടാണ്.

ഉത്ര കേസും സയന്‍സും, വിഡിയോ കാണുക

മൃഗപരിപാലനത്തിലൂടെയും ചികിത്സയിലൂടെയും സമൂഹത്തില്‍ വളരെ വലിയ പങ്ക് വഹിക്കുന്ന വിഭാഗമാണെങ്കിലും വെറ്ററിനറി മേഖലയ്ക്ക് പലപ്പോഴും അര്‍ഹിക്കുന്ന പ്രാധാന്യവും പരിഗണനയും കിട്ടാറില്ല. എന്നാല്‍ ഉത്ര കേസിലെ വിജയം ഇവരുടേത് കൂടിയാണ്. കാരണം പാമ്പിന്റെ സ്വഭാവ സവിശേഷതകളും ഉത്രയെ കടിച്ച മൂര്‍ഖന്‍ പാമ്പിന്റെ നെക്രോപ്സി (മനുഷ്യരിലെ പോസ്റ്റുമോര്‍ട്ടത്തിന് സമാനമായി മരണശേഷം മൃഗങ്ങളില്‍ നടത്തുന്ന പരിശോധന) റിപ്പോര്‍ട്ടുമാണ് സൂരജിനെതിരെ നിയമപാലകര്‍ക്ക് ശക്തമായ ആയുധമായത്.

തിരുവനന്തപുരം മൃഗശാലയിലെ ഡോക്ടര്‍ ജേക്കബ് അലക്സാണ്ടര്‍, മൗണ്ടഡ് പോലീസ് യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.ലോറന്‍സ്, വന്യജീവി വകുപ്പില്‍ നിന്നുള്ള ഡോ.കിഷോര്‍ കുമാര്‍ ജനാര്‍ദ്ധനന്‍ എന്നിവരാണ് ഈ കേസില്‍ കൊലപാതകം തെളിയിക്കുന്നതിന് പാമ്പുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകള്‍ കേരള പൊലീസിന് നല്‍കിയത്. ഇതില്‍ ഡോ. കിഷോര്‍ ആണ് വെറ്ററിനറി വിഭാഗത്തെ പ്രതിനീധികരിച്ച് കോടതിയില്‍ മൊഴി നല്‍കാനെത്തിയത്. മൂന്ന് മണിക്കൂറോളമാണ് ഡോ.കിഷോറിനെ കേസുമായി ബന്ധപ്പെട്ട് വിസതരിച്ചത്.

ഉത്ര കേസിലെ തന്റെ അനുഭവങ്ങളെ കുറിച്ചും കേസിന്റെ നിജാവസ്ഥ കോടതിയെ ബോധ്യപ്പെടുത്തിയ നിര്‍ണായക നിഗമനങ്ങളിലേക്ക് താനുള്‍പ്പെടുന്ന വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘം എത്തിയത് എങ്ങനെയാണെന്നും ഡോക്ടര്‍ കിഷോര്‍ സയന്‍ഡ് ഇന്‍ഡിക്കയോട് വിശദീകരിക്കുന്നു.

ഡോക്ടര്‍ കിഷോര്‍ കുമാര്‍ ജനാര്‍ദ്ദനന്‍

കൗതുകം നിറഞ്ഞ സയന്‍സ് വിഡിയോകള്‍ക്കായി സയന്‍സ് ഇന്‍ഡിക്ക YouTubeചാനല്‍ ഇവിടെ ക്ലിക്ക് ചെയ്ത് സബ്‌സ്‌ക്രൈബ് ചെയ്യുക.

ഉത്രയെ കടിച്ച മൂര്‍ഖന്റെ ശരീരഭാഗങ്ങള്‍ വീണ്ടെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയുമ ഡിഎന്‍എ പരിശോധന അടക്കം പല നിര്‍ണായക പരിശോധനകള്‍ക്കും ശേഷമാണ് തങ്ങള്‍ ഈ തെളിവുകള്‍ ശേഖരിച്ചതെന്ന് ഡോ.കിഷോര്‍ കുമാര്‍ സയന്‍സ് ഇന്‍ഡിക്കയോട് പറയുന്നു. ഉത്ര മരണപ്പെട്ട ഏഴാം തിയതി രാവിലെ മുറിയുടെ അലമാരയുടെ അടിയില്‍ നിന്നും പിടികൂടി തല്ലിക്കൊന്ന് കുഴിച്ചിട്ട പാമ്പിനെ ഇരുപത്തിയൊന്നാമത്തെ ദിവസമാണ് ഡോ.കിഷോര്‍ അടക്കമുള്ള വിദഗ്ധ സംഘം കുഴിയില്‍ നിന്ന് വീണ്ടെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

പ്രധാനമായും ഒമ്പത് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് പോലീസ് വെറ്ററിനറി ഡോക്ടര്‍മാരില്‍ നിന്ന് തേടിയിരുന്നത്. അതില്‍ പ്രധാനം പാമ്പ് മൂര്‍ഖനാണോ എന്നതായിരുന്നു. പാമ്പിനെ സംസ്‌കരിച്ച് അഞ്ചാഴ്ച വരെ അതിന്റെ ശല്‍ക്കങ്ങള്‍ നശിക്കില്ലെന്നത് ഇവിടെ തുണയായി. മാത്രമല്ല പാമ്പിന്റെ പത്തി കണ്ടെത്തിയതിലൂടെ അതൊരു വിഷപ്പാമ്പാണെന്നും മൂര്‍ഖന്റെ ഇന്ത്യന്‍ ഇനമായ നാജ നാജ ആണെന്നും എളുപ്പത്തില്‍ തെളിയിക്കാന്‍ ആയി. അടുത്ത ഒരു ചോദ്യം ഇത് പ്രായപൂര്‍ത്തി ആയ പാമ്പാണോ എന്നതായിരുന്നു. പാമ്പിന്റെ വീണ്ടെടുത്ത ശരീരഭാഗങ്ങള്‍ ചേര്‍ത്തുവെച്ചപ്പോള്‍ 152 സെന്റിമീറ്റര്‍ നീളമുണ്ടായിരുന്നുവെന്നും അതിനാല്‍ പ്രായപൂര്‍ത്തി ആയ പാമ്പാണ് ഇതെന്നും ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി.


അഥവാ ഒരേ മൂര്‍ഖനില്‍ നിന്ന് രണ്ട് തവണ കടിയേറ്റാല്‍ തന്നെ അത് ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ആകാനാണ് സാധ്യത. എന്നാല്‍ ഉത്രയുടെ കേസില്‍ രണ്ട് തവണ അടുത്തടുത്തായി പാമ്പ് കടിച്ചതിന്റെ പാടുകളുണ്ട്. ഇത് അസ്വാഭാവികമാണ്


പാമ്പിന്റെ ശരീരാവശിഷ്ടത്തിന്റെ ഡിഎന്‍എ ടെസ്റ്റില്‍ നിന്നും മുമ്പ് ഉത്രയുടെ വീടിന്റെ പരിസരത്ത് നിന്ന് ലഭിച്ച, സൂരജ് പാമ്പിനെ ദിവസങ്ങളോളം അടച്ചിട്ട പ്ലാസ്റ്റിക് കുപ്പിയിലെ അവശിഷ്ടങ്ങളുടെ ഡിഎന്‍എ ടെസ്റ്റില്‍ നിന്നും ഇവ രണ്ടും ഒരേ പാമ്പാണെന്ന് തെളിഞ്ഞു.

ഡോക്ടര്‍ കിഷോറും സംഘവും ഉത്രയെ കടിച്ച മൂര്‍ഖന്‍ പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം നടത്തുന്നു

ഉത്രയുടെ ഇടതുകയ്യില്‍ പാമ്പ് കടിച്ചപ്പോള്‍ ഉണ്ടായ പല്ലുകളുടെ അടയാളങ്ങള്‍ക്കിടയിലെ അകലവും കേസില്‍ നിര്‍ണ്ണായകമായി. സ്വാഭാവികമായി പാമ്പ് കടിക്കുമ്പോള്‍ മുറിവുകള്‍ക്കിടയില്‍ ഉണ്ടാകുന്ന അകലവും പാമ്പില്‍ ബലം പ്രയോഗിച്ച് കടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവുകള്‍ തമ്മിലുള്ള അന്തരവും വ്യത്യസ്തമായിരിക്കും. 180 സെന്റിമീറ്റര്‍ നീളമുള്ള ഒരു മൂര്‍ഖന്‍ പാമ്പ് കടിച്ചാല്‍ പോലും അത് മൂലം ത്വക്കിലുണ്ടാകുന്ന പല്ലുകളുടെ മുറിപ്പാടുകള്‍ തമ്മിലുള്ള അകലം രണ്ട് സെന്റിമീറ്റര്‍ ആയിരിക്കും. എന്നാല്‍ ഉത്രയെ കടിച്ച പാമ്പിന്റെ നീളം 152 സെന്റിമീറ്റര്‍ ആണ്.

കൗതുകം നിറഞ്ഞ ഒരു മികച്ച ശാസ്ത്ര ലേഖനം നിങ്ങളുടെ ഇന്‍ബോക്‌സില്‍ എന്നും രാവിലെ എത്തും. ഇവിടെ ക്ലിക്ക് ചെയ്ത് സയന്‍സ് ഇന്‍ഡിക്ക സബ്‌സ്‌ക്രൈബ് ചെയ്യുക. ഇപ്പോള്‍ സൗജന്യം.

രണ്ട് തവണ കൊത്തിയപ്പോള്‍ ഉണ്ടായ പല്ലിന്റെ അടയാളങ്ങള്‍ തമ്മിലുള്ള അകലം 2.5 സെന്റിമീറ്റര്‍, 2.8 സെന്റിമീറ്റര്‍ എന്നിങ്ങനെ ആയിരുന്നു. അത് ഒരുപക്ഷേ പാമ്പിന്റെ തലയില്‍ പിടിച്ച് കടിപ്പിച്ചത് കൊണ്ടാകാമെന്ന അഭിപ്രായം ഡോ. കിഷോര്‍ മുന്നോട്ട് വെച്ചു. പാമ്പിന്റെ തലയോട്ടി ചലിപ്പിക്കാന്‍ കഴിയുന്ന സന്ധികള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ ബലം പ്രയോഗിക്കുമ്പോള്‍ വിഷപ്പല്ലുകള്‍ സ്ഥിതിചെയ്യുന്ന മുകളിലെ താടിയെല്ല് (upper jaw)വികസിക്കുകയും പല്ലുകള്‍ക്കിടയിലെ അകലം വര്‍ധിക്കുകയും ചെയ്യും. അത്തരത്തില്‍ ബലം പ്രയോഗിച്ച് (വിഷമെടുക്കുമ്പോള്‍ ചെയ്യുന്നത് പോലെ) പാമ്പിനെ കൊണ്ട് കടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിപ്പാടുകളുടെ അകലം സ്വാഭാവികമായി കടിയേല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന മുറിപ്പാടുകള്‍ക്കിടയിലെ അകലത്തേക്കാള്‍ കൂടുതലായിരിക്കും.

ഒരു വിഷപ്പാമ്പിനെ ഒരാള്‍ തലയില്‍ ബലം പ്രയോഗിച്ച് കടിപ്പിക്കുകയെന്നത് സാധാരണ ജനങ്ങളെ സംബന്ധിച്ചെടുത്തോളം വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസമുള്ള കാര്യമാണെങ്കിലും പാമ്പിനെ കൈകാര്യം ചെയ്യാന്‍ അറിയുന്ന ഒരാള്‍ക്ക് ഇത് നിസ്സാരമാണെന്ന് ഡോ. കിഷോര്‍ പറയുന്നു. പാമ്പിനെ വലിയ പേടിയുള്ള ആളുകള്‍ക്ക് പോലും രണ്ട്, മൂന്ന് ദിവസങ്ങള്‍ കൊണ്ട് പാമ്പിനെ കൈകാര്യം ചെയ്യുന്നത് എങ്ങനെയാണെന്ന് പഠിക്കാന്‍ കഴിയും. എന്നാലിത് കോടതിയില്‍ തെളിയിക്കുക ബുദ്ധിമുട്ടായതിനാലാണ് ഡമ്മി ഉപയോഗിച്ച് അത്തരമൊരു സാഹചര്യം പുനഃസൃഷ്ടിക്കേണ്ടി വന്നതെന്ന് ഡോക്ടര്‍ വിശദീകരിച്ചു. മാത്രമല്ല, ഒരേ കയ്യില്‍, ഒരേ രീതിയില്‍ അടുത്തിടുത്തായി രണ്ട് തവണ പാമ്പ് കടിക്കാനുള്ള സാധ്യതയും വളരെ വിരളമാണ്. ഏതാണ്ട് രണ്ട് മില്ലിമീറ്റര്‍ അകലത്തില്‍ പാമ്പ് രണ്ട് തവണ കടിച്ചതിന്റെ പാടുകളാണ് ഉത്രയുടെ കയ്യില്‍ ഉണ്ടായിരുന്നത്. ഈ വസ്തുതയും പാമ്പിന്റെ തലയില്‍ പിടിച്ച് കടിപ്പിച്ചതാകാമെന്ന വാദത്തിന് ശക്തി പകര്‍ന്നു


ഒരേ സമയം നാല്, അഞ്ച് തവണ കടിക്കുന്നതിനുള്ള വിഷം മാത്രമേ മൂര്‍ഖനില്‍ ഉണ്ടാകൂ. മാത്രമല്ല ചാടിക്കേറി ഒരാളെ കടിക്കുന്ന പ്രകൃതമല്ല മൂര്‍ഖന് ഉള്ളതെന്ന് ഡോക്ടര്‍


സാധാരണയായി വൈകുന്നേരം ആറു മണി മുതല്‍ എട്ട് മണി വരെയാണ് മൂര്‍ഖന്‍ ഇര തേടുക. അതിന് ശേഷം അത് വിശ്രമിക്കും. ആ സമയത്തിന് ശേഷം ഏതെങ്കിലും രീതിയിലുള്ള ബലപ്രയോഗമോ ആക്രമണമോ ഉണ്ടെങ്കിലേ സാധാരണയായി മൂര്‍ഖന്‍ പാമ്പ് കടിക്കാറുള്ളുവെന്ന് ഡോ.കിഷോര്‍ വിശദീകരിക്കുന്നു. മാത്രമല്ല മറ്റ് വിഷപ്പാമ്പുകളെ അപേക്ഷിച്ച് വിഷം ഉപയോഗിക്കുന്നതില്‍ വളരെ പിശുക്ക് കാണിക്കുന്ന വര്‍ഗമാണ് മൂര്‍ഖന്‍. ഒരിക്കല്‍ വിഷം ഉപയോഗിച്ച് കഴിഞ്ഞാല്‍ വീണ്ടും വിഷം ഉണ്ടായി വരാന്‍ വളരെയധികം സമയമെടുക്കും എന്നത് കൊണ്ടാണിത്.

ഒരേ സമയം നാല്, അഞ്ച് തവണ കടിക്കുന്നതിനുള്ള വിഷം മാത്രമേ മൂര്‍ഖനില്‍ ഉണ്ടാകൂ. മാത്രമല്ല ചാടിക്കേറി ഒരാളെ കടിക്കുന്ന പ്രകൃതമല്ല മൂര്‍ഖന് ഉള്ളതെന്ന് ഡോക്ടര്‍ പറയുന്നു. അതേസമയം അണലി ഒരുപക്ഷേ അതിന്റെ സുരക്ഷിത മണ്ഡലത്തിനുള്ളിലേക്ക് കയറുന്നവരെ അങ്ങോട്ട് കേറി കടിച്ചെന്നിരിക്കും. എന്നാല്‍ മൂര്‍ഖന്‍ പരമാവധി അങ്ങോട്ട് കയറി അക്രമിക്കാതിരിക്കാനും കടിക്കാതിരിക്കാനും ശ്രമിക്കും. ഇനി അതിന് ഭീഷണി ഉയര്‍ത്തുന്ന തരത്തിലുള്ള സാഹചര്യമുണ്ടാകുമ്പോള്‍ പത്തി ഉയര്‍ത്തിയും ചീറ്റിയുമെല്ലാം പേടിപ്പിച്ച് ഒരു മാര്‍ഗ്ഗവും ഇല്ലെങ്കില്‍ മാത്രമേ മൂര്‍ഖന്‍ കടിക്കുകയുള്ളു. സാധാരണഗതിയില്‍ ഒരാളെ കടിച്ച് കഴിഞ്ഞാല്‍ ഉടന്‍ മൂര്‍ഖന്‍ അവിടം വിട്ട് പോകാന്‍ ശ്രമിക്കും.

അഥവാ ഒരേ മൂര്‍ഖനില്‍ നിന്ന് രണ്ട് തവണ കടിയേറ്റാല്‍ തന്നെ അത് ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ആകാനാണ് സാധ്യത. എന്നാല്‍ ഉത്രയുടെ കേസില്‍ രണ്ട് തവണ അടുത്തടുത്തായി പാമ്പ് കടിച്ചതിന്റെ പാടുകളുണ്ട്. ഇത് അസ്വാഭാവികമാണ്.

ഉത്രയുടെ മുറിയിലേക്ക് പാമ്പ് തനിയേ ഇഴഞ്ഞെത്തിയതായിരിക്കില്ലെന്നത് സംബന്ധിച്ചും നിര്‍ണായക തെളിവുകള്‍ നല്‍കാന്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ക്കായി. മുറിക്കുള്ളിലെ ജനല്‍ തുറന്നിട്ടിരുന്നുവെന്നും അതിലൂടെ ആകാം പാമ്പ് എത്തിയിരിക്കുകയെന്നും സൂരജ് വാദിച്ചിരുന്നു. എന്നാല്‍ മൂര്‍ഖന്‍ പാമ്പിന്റെ സ്വഭാവ സവിശേഷതകള്‍ അനുസരിച്ച് നീളത്തിന്റെ മൂന്നിലൊന്ന് മാത്രമേ അതിന് ഉയരാന്‍ സാധിക്കുകയുള്ളു. മരണപ്പെടുമ്പോള്‍ ഉത് കിടന്നിരുന്ന മുറിയിലെ ജനലുകള്‍ തറനിരപ്പില്‍ നിന്നും 62 സെന്റിമീറ്റര്‍ ഉയരത്തിലുള്ളവയാണ്.

ഉത്രയെ കടിച്ച മൂര്‍ഖന്റെ നീളം കണക്കിലെടുക്കുമ്പോള്‍ അതിന് 50 സെന്റിമീറ്ററില്‍ കൂടുതല്‍ ഉയരാന്‍ സാധിക്കില്ല. അതിനാല്‍ ജനലിലൂടെ പാമ്പ് മുറിക്കുള്ളിലെത്താന്‍ സാധ്യതയില്ലെന്നും ഡോക്ടര്‍മാര്‍ മൊഴി നല്‍കി. മാത്രമല്ല ഉത്രയുടെ മുറിയില്‍ സ്വതവേ പാമ്പുകളെ അകറ്റിനിര്‍ത്തുന്ന മണ്ണെണ്ണയുടെയും ഫിനോളിന്റെയും ഗന്ധമുണ്ടായിരുന്നു. ഈ വസ്തുതകളെല്ലാം പാമ്പ് സ്വയം മുറിയിലേക്ക് ഇഴഞ്ഞെത്തിയതായിരിക്കില്ലെന്ന് തെളിയിക്കുന്നതില്‍ നിര്‍ണ്ണായകമായി.

ഉത്രയുടെ മരണം നടന്ന രാത്രിയില്‍ മുറിയിലേക്ക് ഇഴഞ്ഞെത്തിയ പാമ്പല്ല, പകരം ദീര്‍ഘനാളായി കുപ്പിയിലോ മറ്റോ അടച്ചുവെക്കപ്പെട്ട പാമ്പാണ് ആ മൂര്‍ഖന്‍ എന്ന് സമര്‍ത്ഥിക്കാനും വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് സാധിച്ചു. കാരണം പോസ്റ്റുമോര്‍ട്ടം സമയത്ത് പാമ്പിന്റെ ഉദരഭാഗത്തെ സെലോമിക് കാവിറ്റിയില്‍ നിന്നും മുമ്പ് കഴിച്ച ഭക്ഷണത്തിന്റെ യാതൊരുവിധ അവശിഷ്ടങ്ങളും കണ്ടെത്താനായില്ല. സാധാരണ ഗതിയില്‍ നാലുമുതല്‍ പതിനാല് ദിവസത്തിനിടയില്‍ ഒരു തവണയെങ്കിലും  ഇര തേടുന്ന പാമ്പാണ് മൂര്‍ഖന്‍. എന്നാല്‍ ഉത്രയെ കടിച്ച പാമ്പിന്റെ വയറ്റില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നില്ല എന്നതില്‍ നിന്നും ഏറെ നാളായി ഭക്ഷണം കിട്ടാതെ, എവിടെയെങ്കിലും തടഞ്ഞ് വെക്കപ്പെട്ട പാമ്പായിരിക്കും ഇതെന്ന് ഡോക്ടര്‍മാര്‍ വിശദീകരിച്ചു.

പാമ്പ് പോലുള്ള പ്രകൃതിദത്തമായ ആയുധങ്ങള്‍ കൊലപാതകത്തിന് ഉപയോഗിക്കുന്നവര്‍ക്ക് ശാസ്ത്രീയമായ വഴികളിലൂടെ തങ്ങള്‍ പിടിക്കപ്പെടുമെന്ന ഒരു മുന്നറിയിപ്പ് നല്‍കുന്ന കേസ് കൂടി ആണിതെന്ന് ഡോ.കിഷോര്‍ പറയുന്നു. അത്തരമൊരു സന്ദേശം ഉത്ര കേസിലൂടെ സമൂഹത്തിന് നല്‍കാനായതില്‍ വെറ്ററിനറി മേഖലയ്ക്ക് പൊതുവെ ചാരിതാര്‍ത്ഥ്യമുണ്ടെന്നും അദ്ദേഹം.

വന്യമൃഗങ്ങളെ വെടിവെച്ചിട്ടതോ വക വരുത്തുന്നതോ ആയ കേസുകളില്‍ വെറ്ററിനറി മേഖല വളരെയധികം ഇടപെടലുകള്‍ നടത്തുന്നുണ്ട്. വൈല്‍ഡ്ലൈഫ് ഫോറന്‍സിക് എന്ന ശാഖ തന്നെ ഇതിനായി ഉണ്ട്. എന്നാല്‍ അതൊന്നും സമൂഹം ചര്‍ച്ച ചെയ്യാറില്ല. പക്ഷേ ഒരു സ്ത്രീയെ വളരെ ക്രൂരമായ രീതിയില്‍ ഇല്ലായ്മ ചെയ്ത കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ നല്‍കിയതിലൂടെ വെറ്ററിനറി മേഖല ഇതുവരെ ലഭിക്കാത്ത അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി.

മൃഗങ്ങളെ ഉപയോഗപ്പെടുത്തിയുള്ള കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ വെറ്ററിനറി മേഖലയ്ക്ക് കഴിയുമെന്നതിനുള്ള തെളിവ് കൂടിയായിരുന്നു ഈ കേസ്. അതേസമയം വെറ്ററിനറി വിഭാഗത്തിന് കേസില്‍ വലിയ പങ്ക് വഹിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും കേസന്വേഷണത്തിന് സഹായിച്ച ഓരോ വ്യക്തികളെയും വിദഗ്ധ സംഘത്തെയും ഏകോപിപ്പിച്ച് ശാസ്ത്രീയ തെളിവുകള്‍ എല്ലാം കോര്‍ത്തിണക്കി കൃത്യമായ രീതിയില്‍ കേസ് തെളിയിക്കാന്‍ കഴിഞ്ഞത് കേരള പൊലീസിന്റെ മികവ് കൊണ്ട് തന്നെയാണെന്ന് ഡോക്ടര്‍ പറയുന്നു.

ആഴ്ചകള്‍ക്കിടെ രണ്ട് തവണ പാമ്പ് കടിയേറ്റ് യുവതി മരിച്ചുവെന്ന വാര്‍ത്ത പത്രത്തില്‍ വന്നപ്പോള്‍ തന്നെ തനിക്കതില്‍ അസ്വാഭാവികത തോന്നിയിരുന്നതായും അത് വെറ്ററിനറി ഡോക്ടര്‍ കൂടിയായ ഭാര്യയുമായി പങ്ക് വെച്ചിരുന്നതായും ഡോ.കിഷോര്‍ പറയുന്നു. എന്നാല്‍ ഈ കേസ് തെളിയിക്കുന്നതില്‍ താന്‍ വലിയൊരു പങ്ക് വഹിക്കുമെന്ന് അന്ന് അദ്ദേഹം കരുതിയിരുന്നില്ല.

ഒരുപക്ഷേ ആദ്യതവണ സ്വന്തം വീട്ടില്‍ വെച്ച് ഉത്രയെ അണലിയെ ഉപയോഗിച്ച് കടിപ്പിച്ചതിന് പകരം മൂര്‍ഖനെയാണ് സൂരജ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഈ കേസിന്റെ വധി മറ്റൊന്നായേനെ എന്നും ഡോക്ടര്‍ പറയുന്നു. കാരണം അണലി കടിച്ച് ഒരാള്‍ മരണപ്പെടാന്‍ ഇരുപത്തിനാല് മണിക്കൂര്‍ വരെ എടുക്കാം. ഇതിനിടയില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കിയാല്‍ ആള്‍ രക്ഷപ്പെടും. എന്നാല്‍ മൂര്‍ഖന്‍ കടിച്ചാല്‍ അരമണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍ വരെയുള്ള സമയത്ത് ആള്‍ മരണപ്പെടാം. സൂരജിന് ഈ അറിവ് ഇല്ലാതെ പോയതായിരിക്കാം പാമ്പ് കടിയേറ്റുള്ള സാധാരണ മരണമായി ഒതുങ്ങിയേക്കാവുന്ന കേസിന് പിന്നിലെ അതിക്രൂരമായ കൊലപാതക വിവരം ലോകമറിയാന്‍ കാരണമായത്.

ഉത്ര കേസില്‍ സൂരജ് കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ സാധിച്ചു എന്നതിനപ്പുറം പാമ്പ് കടിയേറ്റുള്ള അസ്വാഭാവിക മരണങ്ങളിലെ കൊലപാതക സാധ്യത കൂടി പരിശോധിക്കാമെന്ന പുതിയ പാഠം കൂടിയാണ് ഈ കേസ് നല്‍കുന്നത്.

പാമ്പുകളെ കുറിച്ച് ചില അറിവുകള്‍

പാമ്പുകളെ കുറിച്ച് മലയാളികള്‍ക്ക് പുതിയ ചില അറിവുകള്‍ നല്‍കിയ കേസ് കൂടിയായിരുന്നു ഉത്രയുടേത്. മൂര്‍ഖന്‍ പാമ്പ് സജീവമാകുന്നതും ഇര തേടുന്നതും വൈകുന്നേരം ആറു മണി മുതല്‍ എട്ട് മണി വരെയുള്ള സമയത്താണെന്നതും അണലി മരം കയറുകയില്ലെന്നതുമെല്ലാം അതില്‍ ചിലതായിരുന്നു. ഇത് കൂടാതെ പാമ്പ് കടിയുമായി ബന്ധപ്പെട്ട മറ്റ് ചില വസ്തുതകളും ഡോ.കിഷോര്‍ സയന്‍സ് ഇന്‍ഡിക്കയുമായി പങ്കുവെച്ചു.

ഉത്ര കേസും സയന്‍സും, വിഡിയോ കാണുക

കേരളത്തില്‍ പ്രധാനമായും മൂന്ന് തരത്തിലുള്ള വിഷപ്പാമ്പുകളാണ് ഉള്ളത്. അതിലൊന്നാണ് അണലി. വിവിധ ഇനങ്ങളിലുള്ള അണലി കേരളത്തില്‍ കണ്ടുവരുന്നുണ്ട്. സൂരജിന്റെ വീട്ടില്‍ ഒന്നാംനിലയില്‍ വെച്ച് ഉത്രയെ കടിച്ചുവെന്ന് പറയപ്പെടുന്ന അണലി റസല്‍ വൈപ്പര്‍ വിഭാഗത്തില്‍ പെടും. വളരെ പെട്ടെന്ന് കടിക്കുന്ന പാമ്പാണ് അണലി. ഒരു സെക്കന്‍ഡില്‍ ചിലപ്പോള്‍ രണ്ട് തവണ അണലിക്ക് കൊത്താനാകും. കടിക്കുന്ന സമയത്ത് മാത്രമേ അണലിയുടെ വിഷപ്പല്ലുകള്‍ പുറത്തേക്ക് വരികയുള്ളു. ഉറച്ചിരിക്കുന്ന പല്ല് അല്ലാത്തതിനാല്‍ അണലി കടിക്കുന്നത് മൂലമുള്ള മുറിപ്പാടുകള്‍ക്കിടയിലെ അകലം എപ്പോഴും ഒരുപോലെ ആയിരിക്കില്ല. അണലി കടിച്ചാല്‍ അത് രക്തപര്യയന വ്യവസ്ഥയെയാണ് ബാധിക്കുക. അണലിയുടെ വിഷം ഏറ്റവുമധികം പ്രശ്നമുണ്ടാക്കുക വൃക്കയ്ക്കാണ്.

വിവിധ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായാണ് മരണം സംഭവിക്കുക. എന്നാല്‍ ഇവയെല്ലാം പതിയെപ്പതിയെ ആണ് (ഇരുപത്തി നാല് മണിക്കൂറിനകം) സംഭവിക്കുക. വേഗത്തില്‍ ചികിത്സ ലഭ്യമാക്കുകയും ഡയാലിസിസിന് വിധേയമാകുകയും ചെയ്താല്‍ രോഗി സുഖപ്പെടും. ആദ്യ തവണ അണലി കടിച്ച് മൂന്നര മണിക്കൂറിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചതെങ്കിലും ഉത്ര ജീവിതത്തിലേക്ക് തിരികെ എത്തിയത് വിദഗ്ധ ചികിത്സ ലഭ്യമാക്കിയതിനാലാണ്. എന്നാല്‍ അണലി കടിച്ച് കഴിഞ്ഞാല്‍ പിന്നീട് ആ വ്യക്തിക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകും. കടിക്കുന്ന ഭാഗത്തെ മാംസം മരവിച്ച് പോകുക, വര്‍ഷാവര്‍ഷം അവിടം പഴുക്കുക, വൃക്കയ്ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകുക എന്നിവ സംഭവിക്കാം.

കേരളത്തില്‍ സാധാരണയായി കണ്ടുവരുന്ന അടുത്ത വിഷപ്പാമ്പ് മൂര്‍ഖനാണ്. മൂര്‍ഖന് പല ഉപവിഭാഗങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യയില്‍ സാധാരണയായി നാജാ നാജാ എന്ന വിഭാഗമാണ് കണ്ടുവരുന്നത്. മൂര്‍ഖന്റെ വിഷം നാഡീവ്യവസ്ഥയെ ആണ് ബാധിക്കുന്നത്. ശ്വാസം മുട്ടിയാണ് മരണം സംഭവിക്കുക. മയക്കം വരുന്നത് പോലെ കണ്ണ് അടഞ്ഞ് അടഞ്ഞ് വരുന്നതായി തോന്നും. മൂര്‍ഖന്‍ പാമ്പ് കടിച്ച് വിഷം അകത്തെത്തിയാല്‍ അരമണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍ വരെയുള്ള സമയത്ത് ആള്‍ മരണപ്പെടും. എന്നാല്‍ കൃത്യസമയത്ത് വിദഗ്ധ ചികിത്സ കിട്ടിയാല്‍ വളരെ പെട്ടെന്ന് രോഗമുക്തി നേടാനാകും. മൂര്‍ഖന്റെ വിഷത്തിനെതിരെ ആന്റിവെനം വളരെ പെട്ടന്ന് പ്രവര്‍ത്തിക്കുന്നത് കൊണ്ടാണിത്.

അണലിയേക്കാളും മൂര്‍ഖനേക്കാളും ഏറ്റവും ചെറുതും എന്നാല്‍ ഉഗ്രവിഷമുള്ളതുമായ കേരളത്തില്‍ കണ്ടുവരുന്ന മൂന്നാമത്തെ വിഭാഗം വിഷപ്പാമ്പുകള്‍ ശംഖുവരയനാണ്. വളരെ വിരളമായേ ആള്‍ക്കാര്‍ക്ക് ശംഖുവരയന്റെ കടിയേല്‍ക്കാറുള്ളു. അതിനുകാരണം ഈ പാമ്പിന്റെ വായ വളരെ ചെറുതായത് കൊണ്ട് വളരെ സമയമെടുത്ത് (നാലോ, അഞ്ചോ സെക്കന്‍ഡ് കൊണ്ട്) മാത്രമേ അതിന് കടിക്കാന്‍ സാധിക്കുകയുള്ളു എന്നതാണ്.

ഒരു മീറ്ററിനടുത്ത് നീളം മാത്രമേ പ്രായപൂര്‍ത്തി ആയ ശംഖുവരയന്‍ പാമ്പിന് ഉണ്ടാകൂ. എന്നാല്‍ കടിയേറ്റ് കഴിഞ്ഞാല്‍ മൂര്‍ഖനേക്കാള്‍ വേഗത്തില്‍ വിഷം ശരീരത്തെ ബാധിക്കും. മൂര്‍ഖനെ പോലെ ശംഖുവരയന്റെ വിഷവും നാഡീവ്യവസ്ഥയെ ആണ് ബാധിക്കുക. പാമ്പുകടി രണ്ട് തരത്തില്‍ ഉണ്ടെന്നും ഡോക്ടര്‍ വിശദീകരിക്കുന്നു. ഒന്ന് വെറ്റ് ബൈറ്റ്, അതായത് വിഷത്തോടെയുള്ള കടി. രണ്ടാമത്തേത് ഡ്രൈ ബൈറ്റ്, പേടിപ്പിക്കാന്‍ വേണ്ടി ശരീരത്തില്‍ സ്പര്‍ശിക്കുന്ന തരത്തില്‍ വിഷമില്ലാത്ത തരത്തിലുള്ള കടി. മൂര്‍ഖന്‍ മാത്രമല്ല മിക്ക പാമ്പുകളും വിഷം ഉപയോഗിക്കുന്നതില്‍ വളരെ പിശുക്കരാണ്.