Dec 31, 2021 • 15M

ചന്ദ്രനിലൂടെ തെളിയും ഗ്രഹങ്ങളുടെ ഉല്‍പ്പത്തി രഹസ്യം

പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചും ഗ്രഹങ്ങളുടെ പരിണാമത്തെ കുറിച്ചും പൊതുവായി മനസിലാക്കാനുള്ള നമ്മുടെ ഏറ്റവും വലിയ സ്രോതസ്സ് നമ്മെ ചുറ്റിക്കൊണ്ടിരിക്കുന്ന ചന്ദ്രന്‍ തന്നെയാണ്

4
 
1.0×
0:00
-14:35
Open in playerListen on);
Episode details
Comments

സൗരയൂഥത്തിലും സൗരയൂഥത്തിന് പുറത്തുമായി മനുഷ്യന്‍ നിരവധി ലോകങ്ങളും ഗ്രഹങ്ങളും കണ്ടെത്തിയെങ്കിലും പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചും ഗ്രഹങ്ങളുടെ പരിണാമത്തെ കുറിച്ചും പൊതുവായി മനസിലാക്കാനുള്ള നമ്മുടെ ഏറ്റവും വലിയ സ്രോതസ്സ് സദാ നമ്മെ ചുറ്റിക്കൊണ്ടിരിക്കുന്ന ചന്ദ്രന്‍ തന്നെയാണ്


പണ്ട് പണ്ട്... പണ്ടെന്ന് പറഞ്ഞാല്‍ നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്കുമപ്പുറം നൂറ് കണക്കിന് ശതകോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടം ശൂന്യമായിരുന്നു. ഇന്നീ കാണുന്ന ജീവജാലങ്ങളോ സമുദ്രങ്ങളോ കാറ്റോ വെളിച്ചമോ നക്ഷത്രങ്ങളോ എന്തിന് പ്രപഞ്ചം പോലും ഇല്ലാതിരുന്ന ഒരു കാലം. അങ്ങനെയിരിക്കെ അതിസാന്ദ്രമായ, അതിസൂക്ഷ്മമായ ഒരു ആദിമകണം പൊട്ടിത്തെറിച്ച് പ്രപഞ്ചം രൂപംകൊണ്ടു. ഉല്‍പ്പത്തിയുടെ ആദ്യമാത്രകളില്‍ പ്രപഞ്ചത്തിന്റെ വലുപ്പം നന്നേ ചെറുതായിരുന്നു. പിന്നീടുണ്ടായ നമ്മുടെ അറിവുകള്‍ക്കുമപ്പുറമുള്ള പ്രതിഭാസങ്ങളില്‍ പല കണങ്ങള്‍ കൂടിച്ചേര്‍ന്നും ഒരേ താപനിലയിലേക്ക് എത്തിച്ചേര്‍ന്നും ദ്രവ്യവും ഊര്‍ജ്ജവും വികസിച്ച് പ്രപഞ്ചം വലുതാകാന്‍ തുടങ്ങി. ഇതെല്ലാം സംഭവിച്ചത് നിമിഷാര്‍ദ്ധങ്ങള്‍ കൊണ്ടാണ്. പിന്നീട് പ്രപഞ്ചം മന്ദഗതിയില്‍ വികസിച്ചുകൊണ്ടേയിരുന്നു. കാലങ്ങള്‍ കടന്നുപോയി. ദ്രവ്യം ഘനീഭവിച്ച് വിവിധതരം കണങ്ങള്‍ രൂപപ്പെട്ടു. അവ നക്ഷത്രങ്ങളായും ആകാശഗംഗകളായും പരിണമിച്ചു. ഇന്നീ കാണുന്ന പ്രപഞ്ചം രൂപമെടുത്തു, പതിയെപ്പതിയെ ജീവജാലങ്ങളും. പ്രപഞ്ചോല്‍പ്പത്തി സംബന്ധിച്ച് ഏറ്റവുമധികം അംഗീകരിക്കപ്പെട്ടിട്ടുള്ള മഹാവിസ്ഫോടന സിദ്ധാന്തം പ്രപഞ്ചത്തിന്റെ പിറവിയെക്കുറിച്ച് പറയുന്നത് ഇതാണ്. പ്രപഞ്ചം ഇപ്പോഴും വികസിച്ച് കൊണ്ടിരിക്കുകയാണെന്നാണ് ശാസ്ത്രം പറയുന്നത്.

ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്ന് ലോകം കരുതിയിരുന്നൊരു കാലം ഉണ്ടായിരുന്നു. 1920കള്‍ വരെ ഭൂമി ഉള്‍പ്പെടുന്ന ആകാശഗംഗ(മില്‍ക്കിവേ) വിശാലമായ പ്രപഞ്ചത്തിലെ അനവധി അകാശഗംഗകളില്‍ ഒന്നാണെന്ന് പോലും നമുക്കറിയില്ലായിരുന്നു. മറ്റ് ആകാശഗംഗകള്‍ നമ്മുടെ ആകാശഗംഗയില്‍ നിന്നും എല്ലാ ദിശയിലും അതിവേഗത്തില്‍ അകന്നുകൊണ്ടിരിക്കുകയാണെന്ന് നാം മനസിലാക്കിയത് പത്തൊമ്പതാം നൂറ്റാണ്ടില്‍ മാത്രമാണ്. പ്രപഞ്ചോല്‍പ്പത്തി സംബന്ധിച്ച നമ്മുടെ അറിവുകള്‍ക്ക് കനം വെച്ച് തുടങ്ങിയതും അക്കാലത്താണ്.


ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്ന് ലോകം കരുതിയിരുന്നൊരു കാലം ഉണ്ടായിരുന്നു. 1920കള്‍ വരെ ഭൂമി ഉള്‍പ്പെടുന്ന ആകാശഗംഗ(മില്‍ക്കിവേ) വിശാലമായ പ്രപഞ്ചത്തിലെ അനവധി അകാശഗംഗകളില്‍ ഒന്നാണെന്ന് പോലും നമുക്കറിയില്ലായിരുന്നു. മറ്റ് ആകാശഗംഗകള്‍ നമ്മുടെ ആകാശഗംഗയില്‍ നിന്നും എല്ലാ ദിശയിലും അതിവേഗത്തില്‍ അകന്നുകൊണ്ടിരിക്കുകയാണെന്ന് നാം മനസിലാക്കിയത് പത്തൊമ്പതാം നൂറ്റാണ്ടില്‍ മാത്രമാണ്


പ്രപഞ്ചത്തെക്കുറിച്ചുള്ള പല കാര്യങ്ങളും നമുക്കിന്നും അജ്ഞാതമാണ്. അതിലൊന്നാണ് മറ്റ് ഗ്രഹങ്ങളിലെ ജീവന്റെ തുടിപ്പുകള്‍. നമ്മുടെ അറിവില്‍ ഭൂമിയില്‍ മാത്രമാണ് നാനാതരത്തിലുള്ള ജീവജാലങ്ങളുള്ളത്. ജീവനെ ഉള്‍ക്കൊള്ളാനുള്ള അന്തരീക്ഷവും കാലാവസ്ഥയും ഭൂമിയില്‍ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. പക്ഷേ നാമിതുവരെ കാണാത്ത, അറിയാത്ത ശതകോടി ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമെല്ലാം പ്രപഞ്ചത്തില്‍ ഉണ്ടെന്നിരിക്കെ ഭൂമിയില്‍ മാത്രമാണ് ജീവനുള്ളതെന്ന് ഉറപ്പിച്ച് പറയുക സാധ്യമല്ല. ഭൂമിക്ക് പുറമേ വാസയോഗ്യമായ മറ്റ് ഗ്രഹങ്ങളെ തേടിയുള്ള മനുഷ്യന്റെ യാത്ര ആരംഭിച്ചിട്ട് കുറച്ച് വര്‍ഷങ്ങളേ ആയിട്ടുള്ളു. പക്ഷേ പലതരത്തിലുള്ള പരിമിതികള്‍ മൂലം ആ യാത്രയില്‍ ഏറെദൂരം പിന്നിടാന്‍ നമുക്കായിട്ടില്ല.

വെളിച്ചമായി ചന്ദ്രന്‍

ചന്ദ്രന്റെ സങ്കീര്‍ണ്ണമായ ഭൂഗര്‍ഭ ചരിത്രം പ്രപഞ്ചത്തിലെ പാറക്കെട്ടുകള്‍ നിറഞ്ഞ മറ്റ് ലോകങ്ങളെ കുറിച്ചും വാസയോഗ്യമായ ഗ്രഹങ്ങളെ കുറിച്ചും പുതിയ അറിവുകള്‍ നല്‍കിയേക്കുമെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ഒരു ഗവേഷണ റിപ്പോര്‍ട്ട് പറയുന്നത്. നാസയുടെ പിന്തുണയോടെ നടന്ന പഠനങ്ങളാണ് ഇത്തരമൊരു കണ്ടെത്തല്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഒരു പതിറ്റാണ്ടിലധികമായി ചന്ദ്രനെ കൂടുതല്‍ വ്യക്തതയോടെ ചിത്രീകരിച്ച് കൊണ്ടിരിക്കുന്ന നാസയുടെ എല്‍ആര്‍ഒയില്‍ (ലൂണാര്‍ റീകനൈസന്‍സ് ഓര്‍ബിറ്റര്‍) നിന്നുള്ള വിവരങ്ങളും നാസയുടെ തന്നെ മുന്‍ ചാന്ദ്രദൗത്യമായ ലൂണാര്‍ പ്രോസ്പെക്റ്ററില്‍ നിന്നും ഇന്ത്യയുടെ ചാന്ദ്രയാന്‍-1 ല്‍ നിന്നുമുള്ള വിവരങ്ങളും ആധാരമാക്കിയാണ് പുതിയ പഠനങ്ങള്‍ നടന്നത്. വാല്‍നക്ഷത്രങ്ങളും ഛിന്നഗ്രഹങ്ങളുമായുള്ള കൂട്ടിയിടിയില്‍ ചന്ദ്രന്റെ മാന്റില്‍ (പുറത്ത് കാണുന്ന ഉപരിതലത്തിന്റെ തൊട്ടടിയിലുള്ള പാളി) പൊട്ടിത്തെറിച്ച് കഷ്ണങ്ങള്‍ പുറത്തേക്ക് വന്നത് എങ്ങനെയാണെന്നാണ് ഈ പഠനം വിശദീകരിക്കുന്നത്.

വാസയോഗ്യമല്ലാത്തതിനാല്‍ ചന്ദ്രന്റെ മാന്റില്‍ ഭൂമിയുടേതില്‍ നിന്നും വിഭിന്നമാണ്. എങ്കിലും പാറകള്‍ നിറഞ്ഞ ഗ്രഹങ്ങളുടെ പരിണാമത്തെ കുറിച്ച് മൊത്തത്തില്‍ മനസിലാക്കാന്‍ ചന്ദ്രനിന്‍ നിന്നുള്ള വിവരങ്ങള്‍ ഉപകാരപ്പെടുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. മാത്രമല്ല ഭൂമിയില്‍ നിന്നും അനവധി പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള, അത്യാധുനിക ദൂരദര്‍ശിനികളില്‍ വെളിച്ചത്തിന്റെ പൊട്ടുകള്‍ പോലെ കാണപ്പെടുന്ന ഗ്രഹങ്ങളില്‍ വാസയോഗ്യമായവ ഉണ്ടോയെന്ന് അറിയാനും ചന്ദ്രന്റെ മാന്റില്‍ കഷ്ണങ്ങള്‍ പഠനവിധേയമാക്കുന്നതിലൂടെ സാധിക്കുമെന്ന് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മാന്റില്‍ കഷ്ണങ്ങള്‍ക്കായുള്ള അന്വേഷണം

ചന്ദ്രന്റെ മാന്റില്‍ കഷ്ണങ്ങള്‍ക്കായുള്ള തിരച്ചില്‍ ബുദ്ധിമുട്ടേറിയതായിരുന്നു. സിദ്ധാന്തങ്ങളും മാതൃകകളും കൂട്ടിയിണക്കിയും ചന്ദ്രനിലെ ധാതു ഘടനയും ധാതുക്കളുടെ ലഭ്യതയും വ്യക്തമാക്കുന്ന ചന്ദ്രയാന്‍ ഒന്നിന്റെ മൂണ്‍ മിനറോളജി മാപ്പറില്‍ നിന്നുള്ള വിവരങ്ങളും ചന്ദ്രോപരിതലത്തിലെ മൂലകങ്ങളെ കുറിച്ചുള്ള ലൂണാര്‍ പ്രോസ്പെക്റ്ററിന്റെ നിരീക്ഷണങ്ങളും എല്‍ആര്‍ഒയില്‍ നിന്നുള്ള ചിത്രങ്ങളും ഭൂപ്രകൃതി വിവരങ്ങളും അടിസ്ഥാനമാക്കിയാണ് ചന്ദ്രനില്‍ മാന്റില്‍ കഷ്ണങ്ങള്‍ ഉണ്ടാകാനിടയുള്ള സ്ഥലങ്ങള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. മാന്റില്‍ രൂപീകരണ പ്രക്രിയയെ കുറിച്ച് കൂടുതല്‍ ആഴത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞാല്‍ തുടക്കത്തില്‍ പ്രപഞ്ചം നേരിട്ട കഠിന താപം ഒരു ഗ്രഹത്തിലെ ജലത്തിന്റെയും അന്തരീക്ഷ വാതകങ്ങളുടെയും വിതരണത്തെ എങ്ങനെ സ്വാധീനിച്ചു, എല്ലായിടത്തും ജലം ഉറഞ്ഞുകിടക്കുന്നുണ്ടോ, അല്ലെങ്കില്‍ അവ നീരാവിയായി പോയോ തുടങ്ങി നമ്മുടെ പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിച്ചേക്കുമെന്ന് ഗവേഷണ പേപ്പറുകള്‍ തയ്യാറാക്കിയ മേരിലാന്‍ഡിലെ നാസയുടെ ഗൊഡ്ഡാര്‍ഡ് സ്പേസ് ഫ്ളൈറ്റ് സെന്ററില്‍ ഫെലോ ആയ ഡാനിയല്‍ മൊറിയാര്‍ട്ടി അവകാശപ്പെടുന്നു.

ചന്ദ്രന്റെ മാന്റില്‍ രൂപീകരണം മനസിലാക്കുന്നത് ശാസ്ത്രതലത്തില്‍ മാത്രമല്ല, പര്യവേഷണ തലത്തിലും വലിയ സാധ്യതകള്‍ ഉള്ള ഒന്നാണ്. അടുത്തകാലത്തായി ചാന്ദ്ര പര്യവേഷണങ്ങള്‍ക്ക് നാസ കൂടുതല്‍ പ്രാധാന്യം നല്‍കിവരുന്നുണ്ട്. കൊമേഴ്സ്യല്‍ ലൂണാര്‍ പേലോഡ് സര്‍വ്വീസസ്(സിഎല്‍പിഎസ്) പദ്ധതിയില്‍ നാസ നിരവധി റോബോട്ടുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭൂമിയിലേക്ക് തിരിച്ചുവരുന്ന വേളയില്‍ ചന്ദ്രോപരിതലത്തില്‍ നിന്നും മാന്റിലിന്റെ കഷ്ണങ്ങള്‍ ശേഖരിക്കുകയെന്ന കര്‍ത്തവ്യവും ഇവര്‍ക്കുണ്ട്. ചന്ദ്രനില്‍ നിന്നുള്ള വസ്തുക്കള്‍ അടുത്തറിയാനും പഠിക്കാനും സാധിച്ചാല്‍ ചന്ദ്രന്റെ ചരിത്രം കൂടുതല്‍ വ്യക്തമാകുമെന്ന് നാസ പറയുന്നു. സാങ്കേതികവികസനവും ചെലവുകളും പ്രതീക്ഷിക്കുന്നത് പോലെ ഒത്തുവരികയാണെങ്കില്‍ 2020 പകുതിയോടെ ആര്‍ട്ടെമിസ് പ്രോഗ്രാമിന് കീഴില്‍ മനുഷ്യര്‍ ചന്ദ്രനിലെത്തുമെന്നതായിരുന്നു പ്രതീക്ഷയെങ്കിലും അതിതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല.

ആര്‍ട്ടെമിസ് ദൗത്യം

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ബഹിരാകാശ പര്യവേഷണത്തിന് നാസ നല്‍കിയിരിക്കുന്ന പേരാണ് ആര്‍ട്ടെമിസ്. മനുഷ്യ പര്യവേഷണത്തിന്റെ അടുത്ത യുഗമെന്നാണ് നാസ ഈ ദൗത്യത്തെ വിശേഷിപ്പുക്കുന്നത്. ചന്ദ്രനില്‍ മനുഷ്യന്റെ സ്ഥിരസാന്നിധ്യം സാധ്യമാക്കുക, ചൊവ്വാദൗത്യങ്ങള്‍ക്കായി തയ്യാറെടുപ്പുകള്‍ നടത്തുക എന്നിവയാണ് ആര്‍ട്ടെമിസ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഗ്രീക്ക് പുരാണത്തില്‍ അപ്പോളോയുടെ സഹോദരിയും ചാന്ദ്രദേവതയുമാണ് ആര്‍ട്ടെമിസ്. ഈ ദൗത്യത്തിന് കീഴില്‍ 2024 ആകുമ്പോഴേക്കും ചന്ദ്രനില്‍ വീണ്ടുമൊരു പുരുഷനെയും ആദ്യമായി ഒരു വനിതയെയും എത്തിക്കാനാണ് നാസ ശ്രമിക്കുന്നത്. ആര്‍ട്ടെമിസ് ചാന്ദ്ര പര്യവേഷണ ദൗത്യത്തിന് കീഴില്‍ അത്യാധുനിക സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഉപയോഗിച്ച് മുമ്പ് കാണാത്ത രീതിയില്‍ ചന്ദ്രനില്‍ പഠനം നടത്തുമെന്നാണ് നാസ അവകാശപ്പെടുന്നത്. വാണിജ്യ, അന്താരാഷ്ട്ര പങ്കാളികളുമായി ചേര്‍ന്ന് 2028 ആകുമ്പോഴേക്കും സ്ഥിരതയുള്ള ദൗത്യങ്ങള്‍ സംഘടിപ്പിക്കാനാണ് നാസയുടെ പദ്ധതി. ചാന്ദ്ര പര്യവേഷണത്തിലെ അറിവുകളും അനുഭവങ്ങളും ഉപയോഗപ്പെടുത്തി ചൊവ്വയിലേക്കും മനുഷ്യരെ എത്തിക്കാമെന്നും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി കണക്കൂകൂട്ടുന്നു.

പ്രതീക്ഷയായി ഗര്‍ത്തങ്ങള്‍

ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലുള്ള ഗര്‍ത്തങ്ങള്‍ക്ക് ചുറ്റുമായി പര്യവേഷണം നടത്താനാണ് ആര്‍ട്ടെമിസ് ദൗത്യത്തിലൂടെ ശ്രമിക്കുന്നത്. ഇവിടം പഠനവിധേയമാക്കിയാല്‍ വിലപ്പെട്ട പല അറിവുകളും ലഭ്യമാകുമെന്ന് പുതിയ പഠനങ്ങളും പറയുന്നു. ദക്ഷിണധ്രുവത്തിലെ 2,600 കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്ന ഏയ്കെന്‍ മേഖലയിലെ (എസ്പിഎ) അസാധാരണമായ റേഡിയോആക്ടിവിറ്റി ശാസ്ത്രജ്ഞരെ കുഴപ്പിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ശതകോടിക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പ് ഭീമാകാരമായ ഏതോ ബഹിരാകാശ വസ്തുവുമായുള്ള കൂട്ടിയിടിയിലാണ് ഈ ഭീമന്‍ ഗര്‍ത്തം രൂപപ്പെട്ടത്. ചന്ദ്രനിലെ ഏറ്റവും പഴക്കമേറിയും ആഴമുള്ളതും വലുതുമായ ഈ ഗര്‍ത്തം സൗരയൂഥത്തിലെ തന്നെ ഏറ്റവും വലിയ ഗര്‍ത്തങ്ങളില്‍ ഒന്നാണ്. ഇവിടുത്തെ വിചിത്രമായ രാസഘടനയാണ് ശാസ്ത്രജ്ഞരെ ഏറ്റവുമധികം ആകര്‍ഷിച്ചിട്ടുള്ളത്.


ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ബഹിരാകാശ പര്യവേഷണത്തിന് നാസ നല്‍കിയിരിക്കുന്ന പേരാണ് ആര്‍ട്ടെമിസ്. മനുഷ്യ പര്യവേഷണത്തിന്റെ അടുത്ത യുഗമെന്നാണ് നാസ ഈ ദൗത്യത്തെ വിശേഷിപ്പുക്കുന്നത്. ചന്ദ്രനില്‍ മനുഷ്യന്റെ സ്ഥിരസാന്നിധ്യം സാധ്യമാക്കുക, ചൊവ്വാദൗത്യങ്ങള്‍ക്കായി തയ്യാറെടുപ്പുകള്‍ നടത്തുക എന്നിവയാണ് ആര്‍ട്ടെമിസ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍


ഭൂമിക്ക് അഭിമുഖമായി വരാത്ത ചന്ദ്രന്റെ മേഖലയിലാണ് എസ്പിഎ ഉള്ളത്.  ഇവിടെ ഉപരിതലത്തില്‍ നിന്നും വളരെ ആഴത്തിലുള്ള പാളികളില്‍ നിന്ന് റേഡിയോആക്ടീവ് വസ്തുക്കള്‍ പുറത്തേക്ക് തെറിക്കുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ചാന്ദ്ര രൂപീകരണത്തിന് ശേഷം ദ്രവാവസ്ഥയിലായിരുന്ന മാന്റിലിനും പിന്നീട് ഘനീഭവിച്ച് ഇന്നത്തെ രൂപത്തിലായ ക്രസ്റ്റിനും (പുറക്കാമ്പ്) ഇടയിലായിരുന്നു ഈ പാളി ഉണ്ടായിരുന്നത്. എന്നാലിത് പിന്നീട് അപ്രത്യക്ഷമായി. ചന്ദ്രന്റെ രൂപീകരണവും പരിണാമവും മനസിലാക്കുന്നതില്‍ ഈ മേഖല വളരെ നിര്‍ണ്ണായകമാണെന്ന് ശാസ്ത്രലോകം കരുതുന്നു. ചന്ദ്രന്റെ ഭൂമിക്ക് അഭിമുഖമായുള്ള വശവും എതിര്‍വശവും വളരെ വ്യത്യസ്തമായിരിക്കാനുള്ള കാരണമടക്കം നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഈ മേഖലയില്‍ ഒളിഞ്ഞികിടക്കുന്നുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നു. രൂപീകരണം മുതല്‍ ചന്ദ്രനും ഭൂമിയും തമ്മിലുള്ള ബന്ധം ഇഴപിരിക്കാനാകാത്ത വിധത്തിലായതിനാല്‍ ജീവന്റെ ഉല്‍പ്പത്തിയടക്കം ഭൂമിയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും മനസിലാക്കാന്‍ എസ്പിഎയിലെ മാന്റില്‍ കഷ്ണങ്ങള്‍ വളരെ പ്രധാനപ്പെട്ടവയാണ്.

ചെറിയ ധൂളികളും പാറകളും പരസ്പരമുള്ള ഗുരുത്വാകര്‍ഷണത്താല്‍ ഒരുമിച്ച് ചേര്‍ന്ന് വലുതായിട്ടായിരിക്കാം പാറകള്‍ നിറഞ്ഞ ഗ്രഹങ്ങള്‍ രൂപപ്പെട്ടിരിക്കുക. ഇത്തരം കൂട്ടിയിടികള്‍ക്കിടെ വളരെയധികം താപം ഉല്‍പ്പാദിപ്പിക്കപ്പെടും. ഗ്രഹങ്ങള്‍, വലിയ ഉപഗ്രഹങ്ങള്‍ പോലുള്ള ഭീമാകാരങ്ങളായ പാറസദൃശമായ ബഹിരാകാശ വസ്തുക്കളില്‍ മാഗ്മ സമുദ്രം (ഗ്രഹങ്ങളുടെ ഉപരിതലത്തിന് താഴെ ചൂടേറിയ ദ്രാവകാവസ്ഥയിലുള്ളതോ അല്ലെങ്കില്‍ അര്‍ദ്ധ ദ്രാവകാവസ്ഥയിലുള്ളതോ ആയ പാറകളാണ് മാഗ്മ) രൂപപ്പെടാന്‍ തക്കവണ്ണമുള്ള ചൂട് ഉണ്ടായിരിക്കും. എന്നാല്‍ ഈ സിദ്ധാന്തത്തിന് ചില പോരായ്മകളും ഉണ്ട്. ഉദാഹരണത്തിന് ഈ മാഗ്മ സമുദ്രങ്ങള്‍ തണുത്തുറയുമ്പോള്‍ അവയ്ക്കെങ്ങനെ മാറ്റമുണ്ടാകുന്നു, ഈ സമുദ്രങ്ങളിലെ ധാതുക്കള്‍ എപ്പോള്‍, എങ്ങനെ ഘനീഭവിക്കുന്നു തുടങ്ങിയവ. മാന്റില്‍ മേഖലയിലെ പാറകളിലെ ഘടകങ്ങള്‍ സംബന്ധിച്ച സൂചന നല്‍കുന്നതിലും എവിടെ തിരഞ്ഞാലാണ് അവ ലഭിക്കുകയെന്ന് മനസിലാക്കുന്നതിലും ഈ പ്രക്രിയകള്‍ വളരെ പ്രധാനപ്പെട്ടതാണ്.

Credit: NASA

ക്രീപ് എന്നറിയപ്പെടുന്ന, പൊട്ടാസ്യം, ഭൂമിയില്‍ അപൂര്‍വ്വമായി കാണപ്പെടുന്ന മൂലകങ്ങള്‍(റീ- റെയര്‍ എര്‍ത്ത് എലമെന്റ്സ്), ഫോസ്ഫറസ് എന്നിവ അടങ്ങിയ പാറകള്‍ ചന്ദ്രോപരിതലത്തില്‍ ഒരുപോലെയല്ല വിന്യസിക്കപ്പെട്ടിരിക്കുന്നത്. അഗ്‌നിപര്‍വ്വത പവര്‍ത്തനങ്ങളുമായി ഇവയ്ക്ക് ബന്ധമുള്ളതിതിനാലാകാം മുമ്പ് അഗ്‌നിപര്‍വ്വത സ്ഫോടനങ്ങള്‍ നടന്നിരുന്ന ചന്ദ്രനിലെ ഭൂമിക്കഭിമുഖമായിട്ടുള്ള വശത്ത് ഇവ കൂടുതലായി കാണപ്പെടുന്നത്. എന്നാല്‍ അഗ്‌നിപര്‍വ്വത പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത എതിര്‍വശത്ത് സ്ഥിതി ചെയ്യുന്ന എസ്പിഎയില്‍ ഇവയെങ്ങനെ എത്തിപ്പെട്ടുുവെന്നത് ശാസ്ത്രലോകത്തിന് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഭൂമിക്ക് അഭിമുഖമായി വരാത്ത മേഖലയില്‍ സ്ഥിതി ചെയ്യുന്ന എസ്പിഎയില്‍ നിന്നും ക്രീപ് കണങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നാണ് പഠനത്തിലൂടെ തങ്ങള്‍ കണ്ടെത്തിയതെന്ന് മൊറിയാര്‍ട്ടി പറയുന്നു. അപ്പോള്‍ ഭൂമിക്ക് അഭിമുഖമായ മേഖലയില്‍ മാത്രമല്ല എല്ലാ മേഖലകളിലും അവയുണ്ടാകാമെന്നും അനുമാനിക്കാം.

എന്തായാലും ചന്ദ്രന്റെ ഉപരിതലവും ഗര്‍ത്തങ്ങളും മാന്റിലിനെ സംബന്ധിക്കുന്ന വിവരങ്ങളും മാന്റില്‍ കഷ്ണങ്ങളുമെല്ലാം കേവലം ചന്ദ്രന്റെ ചരിത്രം മാത്രമല്ല, ഭൂമിയുടെയും ജീവന്റെയും ഉല്‍പ്പത്തിയെക്കുറിച്ചുള്ള രഹസ്യങ്ങളും വിളിച്ചോതാന്‍ ശേഷിയുള്ളവയാണ്. സൗരയൂഥത്തിലും സൗരയൂഥത്തിന് പുറത്തുമായി മനുഷ്യന്‍ നിരവധി ലോകങ്ങളും ഗ്രഹങ്ങളും കണ്ടെത്തിയെങ്കിലും പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചും ഗ്രഹങ്ങളുടെ പരിണാമത്തെ കുറിച്ചും പൊതുവായി മനസിലാക്കാനുള്ള നമ്മുടെ ഏറ്റവും വലിയ സ്രോതസ്സ് സദാ നമ്മെ ചുറ്റിക്കൊണ്ടിരിക്കുന്ന ചന്ദ്രന്‍ തന്നെയാണ്.