
പകരക്കാരനില്ലാത്ത ലിഥിയം അയണ്‍ ബാറ്ററികള്‍
പോകുന്ന വഴികളിലെല്ലാം ഉണ്ണിക്കുട്ടന് കണ്ടതും കേട്ടതുമെല്ലാം ലിഥിയം അയോണ്‍ ബാറ്ററികളുടെ വിശേഷങ്ങളായിരുന്നു
ബാറ്ററിയില്ലാതെ പിന്നെന്തു ജീവിതം-ഭാഗം 3
ലാലേട്ടന് സിനിമ കാണുന്ന ആവേശത്തോടെ കാത്തിരുന്ന ഡോക്യുമെന്ററി കാണാന്‍ ടിവിക്ക് മുന്നില്‍ കുത്തിയിരുന്ന ഉണ്ണി ലിഥിയം അയണ്‍ ബാറ്ററിയെന്ന പേര് എഴുതിക്കാണിച്ചപ്പോള്‍ സിനിമയില്‍ ലാലേട്ടനെ കണ്ട പോലെ കൈയ്യടിച്ചു. ഉണ്ണീടെ കൈയ്യടി കേട്ട് സിനിമയാണെന്ന് കരുതി ഓടിവന്ന ചേച്ചി കണ്ടതാകട്ടെ നമ്മുടെ ഫോണിലും ലാപ്ടോപ്പിലും പിന്നെ കാറിലുമൊക്കെ കാണുന്ന കുറേ ബാറ്ററികളുടെ ചിത്രങ്ങളും. ഇവന്റെ ബാറ്ററി ഭ്രമം ഇതുവരെ തീര്‍ന്നില്ലേ എന്ന് പിറുപിറുത്ത് ചേച്ചി രംഗം വിട്ടു.
നിങ്ങളുടെ വീട്ടില്‍ എത്ര ലിഥിയം അയണ്‍ ബാറ്ററി ഉണ്ട്. ഡോക്യുമെന്ററി ചേച്ചി ചോദിക്കുന്നു. ഉണ്ണി ആലോചിച്ച് നോക്കി. ടിവിയില്‍ കണ്ട ചിത്രങ്ങള്‍ വെച്ചാണെങ്കില്‍ എല്ലാവരുടെയും ഫോണുകളില്‍ ആകെക്കൂടി നാല്, ചേച്ചീടെ ലാപ്ടോപ്പിലെ ഒന്നുകൂടി ചേരുമ്പോള്‍ അഞ്ച്, ഇനി അച്ഛന്റെ കാറിലും ലിഥിയം അയണ്‍ ബാറ്ററിയുണ്ടോ, ഉണ്ണിക്ക് സംശയമായി. അത് ചോദിക്കുന്നതിന് മുമ്പ് ഡോക്ക്യു ചേച്ചി മറ്റൊരു കാഴ്ച കാണിച്ചുകൊടുത്തു.
ലിഥിയം അയണ്‍ ബാറ്ററിയുടെ വികസനത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത് ഒരു മൂവര്‍ സംഘമാണ്-ജോണ്‍ ബി ഗുഡ്ഇനഫ്, എം സ്റ്റാന്‍ലി വിട്ടിന്ഗ്ഹാം, അകിര യോഷിന
ടിവി നിറഞ്ഞ് ഒരു വലിയ ബാറ്ററി. ടിവിയിലെ റിമോട്ടിലൊക്കെ ഉള്ളത് പോലെ ഒരു സാധാരണ ബാറ്ററി തന്നെ. അതിന്റെ ഒരു വശത്ത് നമ്മുടെ ഫോണില്‍ ബാറ്ററിയുടെ ചാര്‍ജ് കാണിക്കുന്നത് പോലെ ഒരു ബോക്സില്‍ കുറേ കട്ടകള്‍ അടുക്കിവെച്ചിട്ടുണ്ട്. മുകളില്‍ ഒരു സുന്ദരന്‍ കാറിന്റെ ചിത്രവും. ബാറ്ററിയുടെ ഉള്‍വശം അക്വേറിയത്തിലെ വെള്ളം പോലെ നീലനിറത്തില്‍ സുതാര്യമായി കാണാം. ഡോക്യു ചേച്ചി ഒന്ന് കൈ തൊട്ടപ്പോള്‍ ബാറ്ററിയുടെ ഒരു വശത്ത് നിന്നും മറുവശത്തേക്ക് വെളിയിലൂടെ ഉള്ള ഒരു വഴിയിലൂടെ കുറേ ഉണ്ടകള്‍ ഒഴുകാന്‍ തുടങ്ങി. ബാറ്ററിക്കുള്ളിലെ നീല വെള്ളത്തില്‍ മീനുകളെ പോലെ പോസിറ്റീവ് ചിഹ്നമുള്ള ബബിളുകള്‍ മറുവശത്തേക്ക് നീന്തി. കാറ് ഓട്ടം തുടങ്ങി. ചാര്‍ജ് കാണിക്കുന്ന കട്ടകള്‍ പതിയെപ്പതിയെ ഒന്നൊന്നായി മാഞ്ഞുതുടങ്ങി. കുറച്ച് നേരം ഇത് തുടര്‍ന്നു. ബാറ്ററിക്കുള്ളില്‍ നീലബബിളുകളെല്ലാം നേരത്തെയുണ്ടായിരുന്നതിന് മറുവശത്തെത്തി. പെട്ടെന്ന് ചാര്‍ജ് കാണിക്കുന്ന കട്ടകളെല്ലാം അപ്രത്യക്ഷ്യമായി ബോക്സ് മാത്രം ബാക്കിയായി. ബാറ്ററിയുടെ വെളിയിലൂടെ ഒരു വശത്ത് നിന്നും മറുവശത്തേക്ക് പാഞ്ഞ ഉണ്ടകളും ഓട്ടം മതിയാക്കി. കാറും നിന്നു. അപ്പോഴതാ കാറിന് മുമ്പില്‍ പെട്രോള്‍ പമ്പിലൊക്കെ കാണുന്നത് പോലെ ഒരു ചാര്‍ജിംഗ് സ്റ്റേഷന് പ്രത്യക്ഷപ്പെട്ടു. അത് കാറിലേക്ക് കണക്ട് ചെയ്തപ്പോള്‍ നേരത്തെ ബാറ്ററിയില്‍ സംഭവിച്ചതിന്റെ നേര്വിപരീതാവസ്ഥയിലുള്ള കാര്യങ്ങള്‍ സംഭവിക്കുന്നു. അതായത് ബാറ്ററിക്ക് വെളിയിലൂടെ പോയ ഉണ്ടകളും ബാറ്ററിക്കുള്ളിലൂടെ പോയ പോസിറ്റീവ് ബബിളുകളും എതിര്‍ദിശയില്‍ സഞ്ചരിക്കുന്നു. ചാര്‍ജ് സൂചിപ്പിക്കുന്ന കട്ടകളും ഓരോന്നായി പ്രത്യക്ഷപ്പെട്ട് തുടങ്ങി. ഒടുവില്‍ എല്ലാ ഉണ്ടകളും ബബിളുകളും പൂര്‍വ്വസ്ഥാനത്ത് എത്തിയപ്പോള്‍ ചാര്‍ജിംഗ് ഫുള്‍ എന്ന മെസേജ് തെളിഞ്ഞു. വണ്ടി പിന്നെയും ഓടിത്തുടങ്ങി.
ബാറ്ററിയില്‍ ആദ്യം സംഭവിച്ച അതേ കാര്യങ്ങള്‍ വീണ്ടും അതേപടി തുടര്‍ന്നു. നേരത്തെ ബാറ്ററിയുടെ പ്രവര്‍ത്തനം അരച്ചുകലക്കി കുടിച്ച ഉണ്ണിക്ക് കാര്യങ്ങള്‍ ഏറെക്കുറെ മനസിലായി. ബാറ്ററിക്ക് പുറത്ത്കൂടി ഒഴുകിയ ഉണ്ടകള്‍ ഇലക്ട്രോണുകള്‍ ആണെന്നും അകത്ത് കൂടി പോയ ബബിളുകള്‍ പോസിറ്റീവ് ചാര്‍ജുള്ള അയണുകളാണെന്നും ഇലക്ട്രോണുകളുടെ പ്രവാഹം മൂലമുണ്ടായ വൈദ്യുതി കൊണ്ടാണ് കാറ് ഓടിയതെന്നുമെല്ലാം. ഈ കാറിന് ഓടാന്‍ പെട്രോളോ ഡീസലോ വേണ്ടേയെന്ന സംശയം ഉണ്ണിയുടെ മനസില്‍ ഉണ്ടായി. ഡോക്യു ചേച്ചി സംഭവം വിശദീകരിച്ചു. ഇതാണ് ഇലക്ട്രിക് കാര്‍. ഈ കാറ് ഓടുന്നത് ഫോസില്‍ ഇന്ധനത്തിലല്ല. പകരം വൈദ്യുതി കൊണ്ടാണ്. ഇലക്ട്രിക് സ്കൂട്ടര്‍ കണ്ടിട്ടില്ലേ. നമ്മുടെ ഫോണൊക്കെ ചാര്‍ജ് തീര്‍ന്നാല്‍ റീചാര്‍ജ് ചെയ്യുന്നത് പോലെ ഇവയും റീചാര്‍ജ് ചെയ്യാം. ബാറ്ററിയാണ് ഇവയുടെ ജീവന്. ലിഥിയം അയണ്‍ ബാറ്ററി എന്ന് പറഞ്ഞാലും തെറ്റില്ല. എന്നാപ്പിന്നെ നമുക്കീ ഇലക്ട്രിക് കാറില്‍ കേറി ലിഥിയം അയണ്‍ ബാറ്ററികളുടെ ലോകം വരെ ഒന്ന് പോയി വന്നാലോയെന്ന് ഡോക്യു ചേച്ചി ചോദിച്ചപ്പോള്‍ പണ്ടേ സഞ്ചാരപ്രേമിയായ ഉണ്ണി ഒന്നും ആലോചിച്ചില്ല. പോരാത്തത്തിന് ഇലക്ട്രിക് കാറും കണ്ണുംപൂട്ടി ഓകെന്ന് പറഞ്ഞു. കാറ് അവരേം കൊണ്ട് പാഞ്ഞു.
ലിഥിയം അയണ്‍ ബാറ്ററി
പോകുന്ന വഴികളിലെല്ലാം ഉണ്ണിക്കുട്ടന് കണ്ടതും കേട്ടതുമെല്ലാം ലിഥിയം അയോണ്‍ ബാറ്ററികളുടെ വിശേഷങ്ങളായിരുന്നു. ലാപ്ടോപ്പുകളും മൊബീല്ഫോണുകളും കൊണ്ടുനടക്കാന്‍ സാധിക്കുന്ന മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഹൈബ്രിഡ്, ഇലക്ട്രിക് കാറുകളും ലിഥിയം അയണ്‍ ബാറ്ററിയുമിട്ട് താനിരിക്കുന്ന കാറിന് ചുറ്റും ചീറിപ്പാഞ്ഞ് നടക്കുന്നത് അവന് കണ്ടു. അവനൊരിക്കല് കൂടി ആത്മഗതം പറഞ്ഞു. ഇന്നത്തെ കാലത്ത് മാറ്റി നിര്‍ത്താന്‍ കഴിയാത്ത കൂട്ടുകാരന് ബാറ്ററി ലി-അയണ്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ലിഥിയം അയണ്‍ ബാറ്ററി തന്നെയാണ്. ഇന്ന് നാം കാണുന്ന തരത്തില്‍ ജോലി ചെയ്യുന്ന രീതിയിലും കൂട്ടുകാരുമായും സഹപ്രവര്‍ത്തകരുമായും സാധനങ്ങള്‍ വാങ്ങിക്കുന്ന കടകളിലെ ഉടമകളുമായും എന്തിന് അപരിചതരുമായി വരെയുള്ള നമ്മുടെ ഇടപെടലുകളില്‍ ഉണ്ടായ വലിയ മാറ്റങ്ങള്‍ക്ക് കാരണം ഇത്തരം ഉപകരണങ്ങളാണല്ലോ, അവയുടെ ജീവനോ നമ്മുടെ ലി-അയണ്‍ ബാറ്ററിയും.
ഉണ്ണിക്കുട്ടന്റെ ചിന്ത മനസിലാക്കിയ ഡോക്യു ചേച്ചി ചോദിച്ചു. ഒന്നാലോചിച്ച് നോക്കൂ. ഇന്നത്തെ കാലത്ത് ആളുകള്‍ എത്രനേരം അവരുടെ മൊബീല്‍ഫോണും ലാപ്ടോപ്പും ഉപയോഗിക്കുന്നുണ്ട്. മണിക്കൂറുകളോളം, അല്ലേ. പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന നികാഡ് ബാറ്ററികളോ നിക്കല്‍ മെറ്റല്‍ ഹൈഡ്രൈഡ് ബാറ്ററിയോ ആയിരുന്നു ലിഥിയം അയണ്‍ ബാറ്ററികളുടെ സ്ഥാനത്തെങ്കില്‍ കൂടിപ്പോയാല്‍ ഒരു മണിക്കൂര്‍ അതിനുള്ളില്‍ ചാര്‍ജ് തീര്‍ന്നു മോനേ എന്ന് പറഞ്ഞ് അവയെല്ലാം കൂര്‍ക്കം വലിച്ചുറങ്ങും. പക്ഷേ ഇന്ന് അങ്ങനെയൊരു അവസ്ഥയുണ്ടോ. ആണ്ടിലും സംക്രാന്തിക്കും ഫോണ്‍ ചാര്‍ജ് ചെയ്യുന്നവര്‍ വരെ മണിക്കൂറുകളോളം കൂട്ടുകാരുമായി ചാറ്റ് ചെയ്യുകയും വീഡിയോ കാണുകയും വ്ളോഗ് എടുക്കുകയും പാട്ട് കേള്‍ക്കുകയും ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുകയും ചറാപറാന്ന് ഫോട്ടോ എടുത്തുകൂട്ടുകയും ചെയ്യും. എന്നിട്ടും ചിലരുടെ ഫോണില്‍ ബാറ്ററി ബാക്കിയായിരിക്കും.
സെല്‍ഫ് ഡിസ്ചാര്‍ജ് റേറ്റ്, അതായത് ഉപയോഗിക്കാതെ കിടന്നാലും ചാര്‍ജ് നഷ്ടമാകുന്നതിന്റെ നിരക്ക് മാസം 1.5 മുതല്‍ 2 ശതമാനം വരെയേ ലി-അയണ്‍ ബാറ്ററിക്കുള്ളൂ...
ലാപ്ടോപ്പ് അടക്കമുള്ള മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങളും അങ്ങനെത്തന്നെ. ശരിയാണെന്ന് ഉണ്ണി തലയാട്ടി. ഇതൊക്കെ സാധ്യമാക്കുന്നത് നമ്മുടെ ലി-അയോണ്‍ ബാറ്ററിയാണ്, അതിന്റെ പവര്‍ ഒന്ന് വേറെ തന്നെയാണ് ഡോക്യു ചേച്ചിയും സിനിമാസ്റ്റൈലില്‍ ഒരു ഡയലോഗ് തട്ടിവിട്ടു. പെട്ടെന്ന് മുന്നിലൊരു ആള്‍ക്കൂട്ടം, എന്താ സംഗതിയെന്ന് ഉണ്ണി തല പുറത്തേക്കിട്ട് നോക്കി. എന്തോ സമ്മാനദാന ചടങ്ങാണെന്ന് ഡോക്യു ചേച്ചി പറഞ്ഞു. സമ്മാനം കിട്ടുന്ന പരിപാടിയല്ലേ എന്നാല്‍ പോയി നോക്കിയിട്ട് വരാമെന്ന് പറഞ്ഞ് ഉണ്ണി ഇറങ്ങി.
നൊബേല്‍ പുരസ്കാരം തേടിയെത്തിയ കണ്ടെത്തല്‍
വേദിയില്‍ മൂന്നുപേര്‍ കൈയ്യിലൊരു പുരസ്കാരവും പിടിച്ച് നില്ക്കുന്ന കാഴ്ചയാണ് ഉണ്ണി കണ്ടത്. സൂക്ഷിച്ച് നോക്കിയപ്പോള്‍ 2019ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരമാണ് അവരുടെ കൈയ്യിലിരിക്കുന്നതെന്ന് ഉണ്ണിക്ക് മനസിലായി. അപ്പോള്‍ ചില്ലറക്കാരല്ല അവര്‍. ലോകത്തെ മുഴുവന്‍ വിസ്മയിപ്പിച്ച വലിയൊരു കണ്ടെത്തല്‍ അവര്‍ നടത്തിയിരിക്കും. ആള്‍ക്കൂട്ടത്തിനിടയില്‍ ഉണ്ണി ഡോക്യു ചേച്ചിയെ കണ്ടെത്തി സംഗതി ചോദിച്ചു. അപ്പോഴാണ് അറിഞ്ഞത് തങ്ങള്‍ യാത്ര തിരിച്ച ലി-അയണ്‍ ലോകം അവരുടെ സമ്മാനമാണെന്ന്. അതായത് ഈ ബാറ്ററിയുടെ വികസനത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച മൂവര്‍ സംഘമാണ് അവര്‍-ജോണ്‍ ബി ഗുഡ്ഇനഫ്, എം സ്റ്റാന്‍ലി വിട്ടിന്ഗ്ഹാം, അകിര യോഷിന. എന്നാലും ഇവര്‍ എങ്ങനെയായിരിക്കും ഇത്ര വലിയ കണ്ടെത്തല്‍ നടത്തിയിരിക്കുക. ഡോക്യു ചേച്ചി ആ കഥ ഉണ്ണിക്ക് പറഞ്ഞുകൊടുത്തു.
നിലവിലുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന എനര്‍ജി ഡെന്‍സിറ്റി ലി-അയണ്‍ ബാറ്ററികള്‍ക്കാണ്
1970കളിലെ ഇന്ധനക്ഷാമത്തിന്റെ സമയം. എക്സോണ്‍ മൊബീല്‍ കമ്പനിയില്‍ രസതന്ത്രജ്ഞനായി ജോലി ചെയ്തിരുന്ന സ്റ്റാന്‍ലി വിട്ടിംഗ്ഹാമിന്റെ മനസ്സില്‍ കുറഞ്ഞ സമയത്തിനുള്ള സ്വയം റീചാര്‍ജ് ആകുന്ന പുതിയൊരു ബാറ്ററി എന്ന ആശയം ഉദിച്ചു. എന്നെങ്കിലുമൊരു കാലത്ത് ഫോസില്‍ രഹിത ഇന്ധനമെന്ന വലിയൊരു വിപ്ലവത്തിന് അത് തുടക്കമിട്ടേക്കുമെന്ന് അദ്ദേഹത്തിന് തോന്നി (ആ തോന്നല്‍ യാഥാര്‍ത്ഥ്യമായ കാലത്താണ് നാം ജീവിക്കുന്നത്). ആദ്യശ്രമത്തില്‍ ലിഥിയം ലോഹവും ടൈറ്റാനിയം ഡൈസള്‍ഫൈഡും ആണ് ബാറ്ററിയിലെ ഇലക്ട്രോഡുകളായി വിട്ടിംഗ്ഹാം ഉപയോഗിച്ചത്. പക്ഷേ നിരവധി സുരക്ഷാവെല്ലുവിളികള്‍ അദ്ദേഹം നേരിട്ടു. പരീക്ഷണത്തിനിടെ തീപിടിത്തം വരെ ഉണ്ടായപ്പോള്‍ തത്കാലത്തേക്ക് ഈ പരീക്ഷണം നിര്‍ത്തിവെക്കാന്‍ എക്സോണ്‍ കമ്പനി തീരുമാനിച്ചു. എന്നാല്‍ ഇപ്പോള്‍ ഓസ്റ്റിനിലെ ടെക്സസ് സര്‍വ്വകലാശാലയില്‍ എഞ്ചിനീയറിംഗ് പ്രഫസറായ ജോണ്‍ ബി ഗുഡ്ഇനഫിന് വേറൊരു ആശയമായിരുന്നു മനസ്സില്‍. 1980കളില്‍ ടൈറ്റാനിയം ഡൈസള്ഫൈഡിന് പകരം ലിഥിയം കൊബാള്‍ട്ട് ഓക്സൈഡ് കാതോഡാക്കി അദ്ദേഹമൊരു ബാറ്ററി നിര്‍മ്മിച്ചു. അത് വന്‍ വിജയമായി. അഞ്ചുവര്‍ഷത്തിന് ശേഷം ജപ്പാനിലെ നഗോയ സര്‍വ്വകലാശാലയില്‍ നിന്നുള്ള അകിര യോഷിനോ ലിഥിയം അയണ്‍ ബാറ്ററി വികസനത്തില്‍ മറ്റൊരു നിര്‍ണ്ണായക ചുവടുവെപ്പ് നടത്തി. ആനോഡില്‍ ലിഥിയം ലോഹത്തിന് പകരം അദ്ദേഹം പെട്രോളിയം കോക്ക് ഉപയോഗിച്ചു. അതും വലിയൊരു ചുവടുവെപ്പ് തന്നെയായിരുന്നു. ലിഥിയം ലോഹം ഉപയോഗിക്കുമ്പോഴുള്ള അപകടസാധ്യത കുറയ്ക്കാമെന്ന് മാത്രമല്ല ബാറ്ററിയുടെ പ്രകടനവും വളരെ മികച്ചതായിരുന്നു. ഈ മൂന്നുപേരുടെയും നിരീക്ഷണങ്ങളും പരീക്ഷണങ്ങളുമാണ് പില്ക്കാലത്ത് നമ്മുടെ നിത്യജീവിതത്തില്‍ വലിയ സ്വാധീനമുണ്ടാക്കിയ ലി-അയണ്‍ ബാറ്ററിയായി എത്തിയത്. ഡോക്യൂ ചേച്ചിയുടെ കഥ കഴിഞ്ഞപ്പോള്‍ പുരസ്കാര ജേതാക്കളെല്ലാം അവരുടെ വീടുകളിലെത്തിക്കഴിഞ്ഞിരുന്നു. അവരെ പരിചയപ്പെടാന്‍ പറ്റാത്തത്തിന്റെ സങ്കടത്തോടെ ഉണ്ണി തിരിച്ച് കാറിലേക്കും കേറി.
എന്താണ് ഈ ബാറ്ററികളുടെ മേന്മ
നൂറ്റാണ്ടുകള്‍ക്കിടെ പല ബാറ്ററികള്‍ പുതിയതായി കണ്ടുപിടിക്കപ്പെട്ടെങ്കിലും ലിഥിയം അയണ്‍ ബാറ്ററി കൂട്ടത്തില്‍ സ്റ്റാറായി മാറിയതെങ്ങനെയാണെന്ന് ചോദിച്ചപ്പോള്‍ എനര്‍ജി ഡെന്‍സിറ്റിയാണ് അതിനുള്ള പ്രധാനകാരണമെന്ന് കാര്‍ ഓടിച്ച ഡ്രൈവര്‍ ചേട്ടന് ഉണ്ണിയോട് മറുപടി പറഞ്ഞു. ശരിയാണെന്ന് ഡോക്യൂ ചേച്ചിയും തലയാട്ടി. പക്ഷേ എനര്‍ജി ഡെന്‍സിറ്റിയെ കുറിച്ച് ഉണ്ണിക്ക് കൂടുതല്‍ പറഞ്ഞ് കൊടുത്തത് ഡോക്യൂ ചേച്ചി തന്നെയാണ്. അതായത് നികാഡ് ബാറ്ററിയുടെ പകുതി വലുപ്പം മാത്രമേ ലി-അയണിനുള്ളൂ, പക്ഷേ പവറോ നികാഡിനോളം തന്നെയും. പച്ചമുളകും കാന്താരിയും പോലെ. ഇന്ന് നിലവിലുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന എനര്‍ജി ഡെന്‍സിറ്റി ലി-അയണ്‍ ബാറ്ററികള്‍ക്കാണ്.
ഉന്നത നിലവാരത്തിലുള്ള, റീചാര്‍ജ് ചെയ്യാവുന്ന മറ്റ് ബാറ്ററി സാങ്കേതികവിദ്യകളെ അപേക്ഷിച്ച് പല മേന്മകളും ഇവയ്ക്കുണ്ട്. നികാഡ്, നി-എംഎച്ച് എന്നിവയെ അപേക്ഷിച്ച് മൂന്നിരട്ടി പവറാണ് ഇവയ്ക്കുള്ളത്. ഉയര്‍ന്ന പവര്‍ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ലി-അയണ്‍ ബാറ്ററികള്‍ക്ക് പകരം വെക്കാന്‍ നിലവില്‍ മറ്റൊരു ബാറ്ററിയില്ലെന്ന് സാരം. ആയുസ്സ് നിലനിര്‍ത്തുന്നതിന് ഇടക്കിടെ അറ്റക്കുറ്റപ്പണികള്‍ ചെയ്യേണ്ടെന്നതാണ് മറ്റൊരു ഗുണം. മാത്രമല്ല ഈ ബാറ്ററിക്ക് മെമ്മറി ഇഫക്ടില്ല. നേരത്തെയുള്ള കുറഞ്ഞ കപ്പാസിറ്റി ഓര്‍ത്തുവെച്ചുകൊണ്ട് ആ കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാനുള്ള ബാറ്ററിയുടെ പ്രവണതയാണ് മെമ്മറി ഇഫക്ടെന്ന് കഴിഞ്ഞ ദിവസം പുസ്തകത്തില്‍ വായിച്ചത് ഉണ്ണി ഓര്‍ത്തു. സെല്‍ഫ് ഡിസ്ചാര്‍ജ് റേറ്റ്, അതായത് ഉപയോഗിക്കാതെ കിടന്നാലും ചാര്‍ജ് നഷ്ടമാകുന്നതിന്റെ നിരക്ക് മാസം 1.5 മുതല്‍ 2 ശതമാനം വരെയേ ഉള്ളൂവെന്നതും ഇവയുടെ മേന്മയാണ്. കാഡ്മിയം പോലെ വിഷമയമായതൊന്നും ഇല്ലാത്തതിനാല്‍ നികാഡ് ബാറ്ററികളെ അപേക്ഷിച്ച് പേടിക്കാതെ ചവറ്റുകൊട്ടയിലിടാമെന്നതും വലിയൊരു മേന്മയാണ്.
കൊണ്ടുനടക്കാവുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളിലെ ബാറ്ററിയായി അതുവരെ വിപണി കയ്യടക്കി വാണിരുന്ന നികാഡ് ബാറ്ററികളെ എളുപ്പത്തില്‍ രണ്ടാംസ്ഥാനത്തേക്ക് തള്ളാന്‍ ലി-അയണ്‍ ബാറ്ററികള്‍ക്ക് ഇതില്‍പ്പരം കാരണങ്ങള്‍ വേണോ. എന്നുകരുതി സ്മാര്‍ട്ട്ഫോണിലും ലാപ്ടോപ്പിലും മാത്രമല്ല അംഗപരിമിതിയുള്ളവര്‍ ഉപയോഗിക്കുന്ന വീല്‍ചെയര്‍, ബൈക്കുകള്‍, സ്കൂട്ടറുകള് എന്നിവയിലും വൈദ്യുതി തടസ്സമുണ്ടാകുമ്പോള്‍ രക്ഷകനായെത്തുന്ന യുപിഎസുകളിലും സംശുദ്ധ ഇന്ധനത്തിനായി വെമ്പല്‍ കൊള്ളുന്ന ഓട്ടോമോട്ടീവ് മേഖലയിലും എയ്റോസ്പേസ് രംഗത്തും സമുദ്ര ഗതാഗത രംഗത്തും പുനരുപയോഗ ഊര്‍ജ സംഭരണ രംഗത്തും ഇന്ന് ലിഥിയം അയണ്‍ ബാറ്ററികള്‍ വ്യാപകമായി ഉപയോഗിച്ച് വരുന്നു. വലുപ്പവും ഭാരവും തീരെ കുറവാണെങ്കിലും പെര്‍ഫോമന്‍സില്‍ ഞാന്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് കാറിനുള്ളിലിരുന്ന് ഒരു ലി-അയണ്‍ ബാറ്ററി മന്ത്രിക്കുന്നത് പോലെ ഉണ്ണിക്ക് തോന്നി.
അടുത്ത ഭാഗം: ഇലക്ട്രിക് കാറും ലിഥിയം അയണ്‍ ബാറ്ററിയും തമ്മിലെന്ത്?