Mar 30 • 13M

മരണം വഴിമാറും ഈ ജീവിക്ക് മുമ്പില്‍, അമരത്വത്തിന്റെ രഹസ്യത്തിലേക്കുള്ള വാതില്‍

ഒരു വൃദ്ധന്‍ പ്രായം കുറഞ്ഞ് പ്രായം കുറഞ്ഞ് വീണ്ടുമൊരു ഭ്രൂണമായി മാറുന്നത് സങ്കല്‍പ്പിച്ച് നോക്കൂ

3
 
1.0×
0:00
-12:51
Open in playerListen on);
Episode details
Comments

ചിത്രശലഭം വീണ്ടും പുഴുവായി മാറുന്നത് സങ്കല്‍പ്പിച്ച് നോക്കൂ. അല്ലെങ്കില്‍ ഒരു കോഴി വീണ്ടും മുട്ടയായി മാറുന്നത്. അതുമല്ലെങ്കില്‍ ഒരു വൃദ്ധന്‍ പ്രായം കുറഞ്ഞ് പ്രായം കുറഞ്ഞ് വീണ്ടുമൊരു ഭ്രൂണമായി മാറുന്നത്. ഇവയൊന്നും നടക്കില്ലെങ്കിലും ചിരഞ്ജീവി ജെല്ലിഫിഷ് മരണം മുന്നില്‍ കണ്ടാല്‍ ശൈശവാവസ്ഥയിലേക്ക് തിരിച്ചുപോകും, മരണത്തെ അതിസമര്‍ത്ഥമായി പറ്റിച്ചുകൊണ്ട്…


ഈ ജീവിതം അവസാനിക്കാതിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ ഉണ്ടാകുമോ? മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ക്ക് മരണത്തെ അതിജീവിക്കാനുള്ള മാര്‍ഗങ്ങള്‍ക്കായുള്ള അവന്റെ അന്വേഷണങ്ങളും ആരംഭിച്ചിട്ടുണ്ടാകണം. പക്ഷേ ഇന്നേവരെ മരണത്തിന്റെ കണ്ണില്‍ പൊടിയിട്ട് കൂടുതല്‍ കാലം ജീവിക്കാനുള്ള ഒരു വിദ്യയും മനുഷ്യന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മതം മുതല്‍ക്ക് അത്യാധുനിക സാങ്കേതികവിദ്യകളെ വരെ കൂട്ട് പിടിച്ച് അങ്ങേയറ്റം പരിശ്രമിച്ച് നോക്കുന്നുണ്ടെങ്കിലും മരണത്തെ തോല്‍പ്പിക്കാനുള്ള രഹസ്യം ഇന്നും അജ്ഞാതമായി തുടരുന്നു. എന്നുകരുതി ഭൂമിയില്‍ ആര്‍ക്കും ഇന്നേവരെ മരണത്തെ അതിജീവിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് കരുതേണ്ട. മരണത്തെ അതിസമര്‍ത്ഥമായി തോല്‍പ്പിക്കുന്ന ഒരു കൂട്ടര്‍ നമുക്കിടയില്‍ തന്നെയുണ്ട്. ഒരുപക്ഷേ അമരത്വത്തിന്റെ രഹസ്യം മനസിലാക്കാന്‍ മനുഷ്യന് മുമ്പിലുള്ള ഏക മാര്‍ഗവും ഈ ജീവി ആയിരിക്കും. കക്ഷിയുടെ ജീവിതരഹസ്യം മനസിലാക്കാന്‍ കഴിഞ്ഞാല്‍ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വരെ ഭേദമാക്കാന്‍ കഴിഞ്ഞേക്കും.

മരണത്തെ തോല്‍പ്പിക്കുന്ന വിദ്യക്കായി നാം സ്വര്‍ഗവും ശാസ്ത്രവും ഭൂമിയിലെ മുക്കും മൂലയും വരെ അരിച്ചുപെറുക്കുമ്പോള്‍ അമരത്വത്തിന്റെ രഹസ്യം ഇക്കാലമത്രയും സമുദ്രത്തിനുള്ളിലൂടെ ഒഴുകി നടക്കുകയായിരുന്നു, ഒരു ജെല്ലിഫിഷിന്റെ രൂപത്തില്‍. ചിരഞ്ജീവി ജെല്ലിഫിഷ്, മരണമില്ലാ ജെല്ലിഫിഷ് (immortal jellyfish) എന്നൊക്കെ അറിയപ്പെടുന്ന ടെറിറ്റോപ്സിസ് ദൊര്‍ണിയ (Turritopsis dohrnii) ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ മരണത്തെ അതിജീവിക്കുന്നവരാണ്. ചിത്രശലഭം വീണ്ടും പുഴുവായി മാറുന്നത് സങ്കല്‍പ്പിച്ച് നോക്കൂ. അല്ലെങ്കില്‍ ഒരു കോഴി വീണ്ടും മുട്ടയായി മാറുന്നത്. അതുമല്ലെങ്കില്‍ ഒരു വൃദ്ധന്‍ പ്രായം കുറഞ്ഞ് പ്രായം കുറഞ്ഞ് വീണ്ടുമൊരു ഭ്രൂണമായി മാറുന്നത്. ഇവയൊന്നും നടക്കുന്ന കാര്യങ്ങളെല്ലെങ്കിലും ഈ ജെല്ലിഫിഷ് മരണം മുന്നില്‍ കണ്ടാല്‍ ശൈശവദശയിലേക്ക് തിരിച്ചുപോകും. പിന്നീട് ഒരിക്കല്‍ കൂടി ജീവിക്കും. അതെങ്ങനെയാണെന്ന് അറിയണമെങ്കില്‍ ജെല്ലിഫിഷിന്റെ ജീവിതചക്രം അറിയണം.

ചിരഞ്ജീവി ജെല്ലിഫിഷ്-ജീവിതം, ജീവിതചക്രം

ഹൈഡ്രോസോവ വിഭാഗത്തില്‍ പെട്ട ടെറിറ്റോപ്സിസ് ദൊര്‍ണിയ ചൂടുള്ള സമുദ്രമേഖലകളാണ് വാസത്തിനായി തെരഞ്ഞെടുക്കുന്നത്. അതേസമയം തണുപ്പ് വെള്ളമുള്ള മേഖലകളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. കരീബിയന്‍, മെഡിറ്ററേനിയന്‍ കടലുകളിലാണ് ഇവ രൂപം കൊണ്ടതെന്ന് കരുതപ്പെടുന്നു. എന്നാല്‍ കഴിഞ്ഞ ദശാബ്ദങ്ങളിലായി ഇവ ലോകമെമ്പാടുമുള്ള സമുദ്രങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. 'നിശബ്ദ അധിനിവേശ'മെന്നാണ് നോട്രഡാം സര്‍വകലാശാലയിലെ ബയോളജി പ്രഫസറായ മരിയ പിയ മിഗ്ലീറ്റ ചിരഞ്ജീവി ജെല്ലിഫിഷിന്റെ ഈ ആഗോള വ്യാപനത്തെ വിശേഷിപ്പിക്കുന്നത്. ചരക്ക് കപ്പലുകളുടെ അടിത്തട്ടില്‍ പറ്റിപ്പിടിച്ചാണ് ഇവ ലോകം മുഴുവന്‍ എത്തിയിരിക്കുന്നത്. അതിജീവനത്തിനുള്ള അസാധാരണ കഴിവ് മൂലം ഭാവിയില്‍ മറ്റ് ജീവജാലങ്ങള്‍ ഇല്ലാതായി സമുദ്രങ്ങളില്‍ ചിരഞ്ജീവി ജെല്ലിഫിഷുകള്‍ മാത്രമാകുന്ന ഒരു സ്ഥിതിവിശേഷവും വന്നുകൂടായ്കയില്ല.

കടലിലെ ചെറുപ്രാണികളും മീനുകളുടെ മുട്ടകളുമാണ് ഇവയുടെ ആഹാരം. വളരെ ചെറിയ, പരമാവധി 4.5 മില്ലിമീറ്റര്‍ നീളവും വീതിയും മാത്രമുള്ള ഒരു ജീവിയാണ് ടെറിറ്റോപ്സിസ് ദൊര്‍ണിയ. ഇവയുടെ ജീവിതചക്രത്തില്‍ രണ്ട് സ്റ്റേജുകളാണ് ഉള്ളത്. എവിടെയെങ്കിലും പറ്റിപിടിച്ച് വളര്‍ന്ന് പോളിപ്സുകളിലൂടെ കോളനി ഉണ്ടാകുന്ന ഹൈഡ്രോയിഡ് സ്റ്റേജും ഒഴുകിനടക്കുന്ന മെഡൂസ സ്റ്റേജും. പൊതുവേ, ജെല്ലിഫിഷിന്റെ മെഡൂസ സ്റ്റേജിലുള്ള രൂപമാണ് എല്ലാവര്‍ക്കും കൂടുതല്‍ പരിചിതം. പാരച്യൂട്ട് ആകൃതിയില്‍ മുകളില്‍ ബലൂണ്‍ പോലുള്ള ഒരു കുടയും അതില്‍ നിന്ന് താഴേക്ക് തൂങ്ങുന്ന തൊങ്ങലുകളും ഉള്ള രൂപം.

പ്ലാനുല എന്ന ലാര്‍വ ആയിട്ടാണ് ജെല്ലിഫിഷ് ജീവിതം ആരംഭിക്കുന്നത്. വളരെ ചെറിയ ചുരുട്ട് രൂപത്തിലുള്ള ഒന്നാണിത്. വെള്ളത്തിനുള്ളില്‍ വളഞ്ഞുപുളഞ്ഞ് ഒഴുകി ഇവ പറ്റിപ്പിടിക്കാന്‍ പറ്റിയ ഇടം കണ്ടെത്തും. ഒരിടത്ത് പറ്റിപ്പിടിച്ചാല്‍ പിന്നെ ലാര്‍വ പോളിപ് ആയി മാറും. പോളിപ്പിന് സ്വയം ക്ലോണ്‍ ചെയ്യാനുള്ള കഴിവുണ്ട്. അങ്ങനെ സ്വയം പകര്‍പ്പുണ്ടാക്കി പോളിപുകളുടെ കോളനി തന്നെ നിര്‍മിക്കപ്പെടും. ദിവസങ്ങള്‍ കൊണ്ട് ഒരു തോണിയുടെ അടിവശം മുഴുവന്‍ കോളനിയാക്കാന്‍ ഇവയ്ക്ക് കഴിയും. സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ പോളിപുകള്‍ പുഷ്പിക്കുകയും ജെല്ലിഫിഷ് കുഞ്ഞുങ്ങള്‍ അതില്‍ നിന്ന് പുറത്തുവരികയും ചെയ്യും. ഇവിടെ മുതല്‍ക്കാണ് ജെല്ലിഫിഷിന്റെ ജീവിത ചക്രത്തിലെ മെഡൂസ സ്റ്റേജ് ആരംഭിക്കുന്നത്.

സാധാരണഗതിയില്‍ ഹെഡ്രോസോവ വിഭാഗത്തില്‍ പെട്ട ജീവികളുടെ മെഡൂസ പൂര്‍ണവളര്‍ച്ചയെത്തിയതിന് ശേഷം അണ്ഡങ്ങളും ബീജങ്ങളും ഉല്‍പ്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. ബീജസംയോഗം നടന്ന അണ്ഡങ്ങള്‍ പ്ലാനുല ആയി മാറുന്നു. പ്ലാനുല വീണ്ടും എവിടെയെങ്കിലും പറ്റിപ്പിടിച്ച് ഹൈഡ്രോയിഡ് കോളനി ഉണ്ടാക്കുന്നു. അതില്‍ നിന്ന് പോളിപുകള്‍ ഉണ്ടാകുകയും അവ കൂടുതല്‍ മെഡൂസകളെ ഉണ്ടാക്കുകയും ചെയ്യുന്നു. ഇതാണ് ജെല്ലിഫിഷിന്റെ സാധാരണ ജീവിതചക്രം. പ്രത്യുല്‍പ്പാദനത്തിന് ശേഷം മെഡൂസ മരിക്കുകയും ചെയ്യും.

മരണത്തെ തോല്‍പ്പിക്കുന്നത് എങ്ങനെ

ജെല്ലിഫിഷിന്റെ ജീവിതത്തിന്റെ തുടക്കം വളരെ സാധാരണമാണെങ്കിലും ഒടുക്കം തീര്‍ത്തും അസാധാരണമാണ്. മരിക്കാറാകുമ്പോള്‍ ചിരഞ്ജീവി ജെല്ലിഫിഷിന്റെ മെഡൂസ സമുദ്രത്തിന്റെ അടിത്തട്ടില്‍ അടിഞ്ഞ് വിഘടിക്കാന്‍ തുടങ്ങും. പക്ഷേ പിന്നീടാണ് ആ അത്ഭുതം നടക്കുന്നത്. അതില്‍ നിന്നും കോശങ്ങള്‍ പുനര്‍ജനിക്കും. അങ്ങനെ അവ ജീവിതത്തിലേക്ക് തിരിച്ചുവരും. പുതിയ മെഡൂസയോ ലാര്‍വയോ ആയിട്ടല്ല. പോളിപുകള്‍ ആയിട്ട്. ആ പോളിപുകളില്‍ നിന്ന് വീണ്ടും പുതിയ ജെല്ലിഫിഷ് പിറക്കും. ലാര്‍വയെന്ന സ്റ്റേജ് ഒഴിവാക്കി നേരെ പോളിപുകള്‍ ആയിട്ടാണ് ഇത്തവണ ജെല്ലിഫിഷിന്റെ ജീവിതാരംഭം.

പുനര്‍ജന്മം എന്ന അത്ഭുതം അവിടെ നില്‍ക്കട്ടെ. എന്താണ് ജെല്ലിഫിഷിന് ഇത് കൊണ്ടുള്ള ഗുണം, എന്തിനാണ് അത് ഇങ്ങനെ ചെയ്യുന്നത്,  ഈ ചോദ്യങ്ങളാണ് ഇവിടെ കൂടുതല്‍ പ്രസക്തം. പ്രായാധിക്യം മൂലമോ, അസുഖം കാരണമോ, അല്ലെങ്കില്‍ ഭക്ഷണം കിട്ടാതെ വരികയോ, അതുമല്ലെങ്കില്‍ മറ്റെന്തിലും ആപത്തുകള്‍ അഭിമുഖീകരിക്കേണ്ടി വരികയോ ചെയ്യുമ്പോഴാണ് ചിരഞ്ജീവി ജെല്ലിഫിഷുകള്‍ തങ്ങളുടെ ഈ അതുല്യ അതിജീവന തന്ത്രം പുറത്തെടുക്കുകയും പുനര്‍ജന്മത്തെ പുല്‍കുകയും ചെയ്യുന്നത്. ഈ പ്രക്രിയ ആരംഭിച്ച് കഴിഞ്ഞാല്‍ ജെല്ലിഫിഷിന്റെ മുകള്‍ഭാഗത്തെ കുട പോലുള്ള ഭാഗവും തൊങ്ങലുകളും നശിച്ച് തുടങ്ങും. അത് പോളിപ് അവസ്ഥയിലേക്ക് തിരിച്ചുപോയി ഏതെങ്കിലും പ്രതലത്തില്‍ പറ്റിപ്പിടിച്ച് വീണ്ടും പുതിയൊരു ജെല്ലിഫിഷായി ജീവിതത്തിലേക്ക് തിരിച്ചുവരും. വീണ്ടും വീണ്ടും ഇത് ആവര്‍ത്തിക്കാന്‍ ജെല്ലിഫിഷിന് കഴിയും.

ഇങ്ങനെ എത്രകാലം ഈ ജെല്ലിഫിഷിന് ജീവിക്കാന്‍ കഴിയും? എത്രകാലം വരെയും എന്നാണ് ഉത്തരം. 66 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിനോസറുകള്‍ക്ക് വംശനാശം സംഭവിച്ചപ്പോഴും ഈ ജെല്ലിഫിഷ് സമുദ്രങ്ങളില്‍ ഉണ്ടായിരുന്നിരിക്കാം. ജീവശാസ്ത്രപരമായി ഒരൊറ്റ ചിരഞ്ജീവി ജെല്ലിഫിഷിന് മരണമില്ലാതെ എത്രകാലം വരെയും ജീവിക്കാന്‍ കഴിയും. സാങ്കേതികമായി അവയ്ക്ക് അതിന് സാധിക്കും. പക്ഷേ അത് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. കാരണം 1980കള്‍ക്ക് ശേഷമാണ് ജെല്ലിഫിഷുകളെ കുറിച്ചുള്ള പഠനം ആരംഭിച്ചത്. അതിനാല്‍ തന്നെ ദശാബ്ദങ്ങളുടെ അറിവ് മാത്രമേ നമുക്ക് ഇവയെ കുറിച്ച് ഉള്ളൂ. മാത്രമല്ല മത്സ്യങ്ങള്‍, കടലാമകള്‍, മറ്റ് ജെല്ലിഫിഷുകള്‍ തുടങ്ങിയ ജീവികള്‍ ആഹാരമാക്കിയാല്‍ തീര്‍ച്ചയായും അവയുടെ ജീവിതം അവിടെ അവസാനിക്കും

അമ്പരപ്പിച്ച ആ കാഴ്ച

1988ല്‍ ക്രിസ്റ്റിയന്‍ സോമര്‍ എന്ന ജര്‍മന്‍കാരനായ മറൈന്‍ ബയോളജി വിദ്യാര്‍ത്ഥി തീര്‍ത്തും അവിചാരിതമായാണ് ജെല്ലിഫിഷിന്റെ ഈ അമരത്വശേഷി കണ്ടെത്തുന്നത്. സോമറും ജിയോര്‍ജിയോ ബാവെസ്ട്രെല്ലോ എന്ന മറ്റൊരു വിദ്യാര്‍ത്ഥിയും ചേര്‍ന്ന് ടൊറിപ്റ്റോസിസ് നൂട്രികുല ആണെന്ന് കരുതി കുറച്ച് ഹൈഡ്രോസോവകളെ ശേഖരിച്ചു. ലാബിനുള്ളില്‍ സൂക്ഷിച്ച് മെഡൂസ പുറത്തുവരുന്നത് വരെ സോമര്‍ അവയെ നിരീക്ഷിച്ചു. പിന്നീട് അദ്ദേഹം അതെക്കുറിച്ച് മറന്നുപോയി. പക്ഷേ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവയെ സൂക്ഷിച്ച ജാര്‍ പരിശോധിച്ച സോമര്‍ അസാധാരണമായ ചിലത് കണ്ടു. ഈ ജെല്ലിഫിഷുകള്‍ ചില അസാധാരണ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നു. അത് എന്തുകൊണ്ടായിരിക്കുമെന്ന് ഊഹിക്കാന്‍ പോലും സോമറിന് കഴിഞ്ഞില്ല. യഥാര്‍ത്ഥത്തില്‍ അവ മരിക്കാന്‍ വിസമ്മതിക്കുന്നത് പോലെയായിരുന്നു സോമറിന് തോന്നിയത്. ജീവിതത്തില്‍ പിന്നോട്ട് നടക്കുന്ന അപൂര്‍വ പ്രതിഭാസം. പ്രായം കുറഞ്ഞ് കുറഞ്ഞ് അവ ശൈശവദശയില്‍ എത്തിയിരിക്കുന്നു. അവിടെ വെച്ച് അത് പുതിയ ജീവിതചക്രം ആരംഭിച്ചിരിക്കുന്നു.

തന്റെ കണ്ടെത്തലിന്റെ പ്രാധാന്യമോ വലുപ്പമോ അന്ന് സോമറിന് മനസിലായില്ല. അതുകഴിഞ്ഞ ഒരു നൂറ്റാണ്ടിന് ശേഷമാണ് ഈ ജീവി വിഭാഗത്തിന് ചിരഞ്ജീവി ജെല്ലിഫിഷ് എന്ന പേര് വന്നതുപോലും. സോമറിന്റെ കണ്ടെത്തല്‍ ജീവശാസ്ത്രജ്ഞര്‍ ഏറ്റെടുത്തു. അവര്‍ ഈ ജീവിവിഭാഗത്തെ കുറിച്ച് കൂടുതല്‍ പഠിച്ചു. പലവട്ടം പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തി. അങ്ങനെ 1996ല്‍ 'Reversing the Life Cycle' എന്ന പേരില്‍ അവര്‍ തങ്ങളുടെ പഠനം പ്രസിദ്ധീകരിച്ചു. ഈ വിഭാഗത്തിലുള്ള ജെല്ലിഫിഷുകള്‍ എങ്ങനെയാണ് വളര്‍ച്ചയുടെ ഏതെങ്കിലും ഘട്ടത്തില്‍ വെച്ച് ആരംഭത്തിലുള്ള പോളിപ് ഘട്ടത്തിലേക്ക് തിരിച്ചുപോകുന്നതെന്ന് പഠനത്തില്‍ അവര്‍ വിശദീകരിച്ചു. അങ്ങനെ അവ മരണത്തില്‍ നിന്ന് രക്ഷപ്പെടുകയാണെന്നും അമരത്വം കൈവരിക്കുകയാണെന്നും ആ പേപ്പറില്‍ പറയുന്നു. ജനിച്ചാല്‍ ഒരിക്കല്‍ മരണമുണ്ടെന്ന ലോകതത്വത്തെ വെല്ലുവിളിക്കുന്നതായിരുന്നു ആ കണ്ടെത്തല്‍.

ആ രഹസ്യം മനുഷ്യന് അമരത്വമേകുമോ

മരണത്തെ മറികടക്കാന്‍ വീണ്ടും ആദ്യം മുതല്‍ക്ക് ജീവിച്ച് തുടങ്ങുക. അമരത്വം, പുനര്‍ജന്മം എന്നീ സങ്കല്‍പ്പങ്ങള്‍ ഏറെക്കുറേ യാഥാര്‍ത്ഥ്യമാക്കിയ ചിരഞ്ജീവി ജെല്ലിഫിഷിന്റെ ഈ ജീവിതരഹസ്യം കണ്ടെത്താന്‍ കഴിഞ്ഞാല്‍ മനുഷ്യനും എന്നെങ്കിലും മരണത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ കഴിയില്ലേ. കഴിയേണ്ടതാണ്. ശരീരത്തിലെ തകരാറുകള്‍ സംഭവിച്ച കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാനും പുനര്‍നിര്‍മ്മിക്കാനുമെല്ലാം കഴിഞ്ഞേക്കും. കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ചികിത്സിച്ച് ഭേദമാക്കുന്നതില്‍ വളരെ നിര്‍ണായകമാകും അത്. പക്ഷേ ക്രിസ്റ്റിയന്‍ സോമര്‍ ആ വലിയ കണ്ടെത്തല്‍ നടത്തിയിട്ട് കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ടും ചിരഞ്ജീവി ജെല്ലിഫിഷിന്റെ പുനര്‍ജന്മത്തിന്റെ രഹസ്യം കണ്ടെത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ല.

പാരിസ്ഥിതിക സമ്മര്‍ദങ്ങളോ ശാരീരികമായ ആഘാതങ്ങളോ വരുമ്പോഴാണ് ചിരഞ്ജീവി ജെല്ലിഫിഷും ഈ വിഭാഗത്തില്‍ പെട്ട മറ്റ് ചില അംഗങ്ങളും ജീവിതത്തില്‍ റിവേഴ്സ് ഗിയര്‍ ഇടുന്നത്. ഈ സമയത്ത് സെല്ലുലാര്‍ ട്രാന്‍സ്ഡിഫറന്‍സിയേഷന്‍ എന്ന പ്രകിയയാണ് ആ ജീവിയില്‍ നടക്കുന്നത്. പൂര്‍ണവളര്‍ച്ചയെത്തിയ മെഡുസ കോശങ്ങള്‍ തിരികെ വളര്‍ച്ചയെത്താത്ത (undifferentiated) കോശങ്ങളായി മാറുകയും അത് ആദ്യത്തേതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ പോളീപ്പ് കോശങ്ങളായി വളരുകയും ചെയ്യുന്ന അപൂര്‍വപ്രതിഭാസത്തെയാണ് ട്രാന്‍സ്ഡിഫറന്‍സിയേഷന്‍ (transdifferentiation) എന്ന് വിളിക്കുക. ലളിതമായി പറഞ്ഞാല്‍, ഒരു പ്രത്യേക പ്രവര്‍ത്തനം മാത്രം ചെയ്യാന്‍ പാകപ്പെടുത്തി വെച്ച കോശങ്ങള്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായി മറ്റു തരത്തിലുള്ള കോശങ്ങള്‍ ആയി മാറുന്നതാണ്  ട്രാന്‍സ്ഡിഫറന്‍സിയേഷന്‍ എന്ന് പയ്യന്നൂര്‍ കോളെജിലെ സുവോളജി പ്രഫസറായ ഡോ.സ്വരണ്‍ പി ആര്‍ വിശദീകരിക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യ മേഖലയിലുള്ള പഠനങ്ങള്‍ക്ക് പ്രത്യേകിച്ചും വിത്തുകോശങ്ങളുടെ പഠനങ്ങള്‍ക്ക് (Stem cell Research)  ഈ പ്രതിഭാസം  വലിയ സാധ്യത തുറന്നു കൊടുക്കുന്നുണ്ട്. അവയവമാറ്റമടക്കമുള്ള വൈദ്യശാസ്ത്രവിഷയങ്ങളില്‍ ഈ അറിവുകള്‍ പ്രയോജനപ്പെട്ടേക്കാമെന്നും ഡോ.സ്വരണ്‍ സയന്‍സ് ഇന്‍ഡിക്കയോട് പറയുന്നു.

ട്രാന്‍സ്ഡിഫറന്‍സിയേഷന്‍ സംഭവിക്കുന്നതോടെ ജെല്ലിഫിഷിന്റെ ശരീരഘടന ആകെപ്പാടെ മാറുന്നു. സിനിമകളില്‍ ഒക്കെ കാണുന്നത് പോലെ. ഒണ്ടോജെനി റിവേഴ്സല്‍, ഇന്‍വേര്‍ട്ടഡ് മെറ്റമോര്‍ഫോസിസ് എന്നൊക്കെയാണ് ഈ പ്രക്രിയയ്ക്ക് പറയുന്ന പേര്. സാധാരണ ജീവിതചക്രത്തിലെ അസാധാരണമായ പിന്‍നടത്തം. ഒരു ജീവജാലത്തെ മൊത്തമായി തന്നെ നിര്‍മിക്കുന്നതിനാവശ്യമായ വിവരങ്ങള്‍ ഓരോ കോശത്തിലും ഉണ്ടായിരിക്കും. പക്ഷേ, ഈ വിവരങ്ങളുടെ ഒരു ഭാഗം മാത്രമേ 'പുനര്‍ജന്മത്തിനായി' ജെല്ലിഫിഷ് ഉപയോഗപ്പെടുത്തുന്നുള്ളു. ഓണ്ടോജെനി റിവേഴ്സലിന് കാരണമാകുന്ന, ശൈശവാവസ്ഥയിലേക്ക് തിരിച്ചുപോകാന്‍ എല്ലാ കോശങ്ങള്‍ക്കും നിര്‍ദേശം നല്‍കുന്ന ജെല്ലിഫിഷിലെ തന്മാത്രാ പ്രവര്‍ത്തനം എന്താണെന്ന് മനസിലാക്കാന്‍ കഴിഞ്ഞാല്‍ 'അമരത്വമെന്ന' മനുഷ്യന്റെ എക്കാലത്തെയും വലിയ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയാകും അത്.